
പോലീസുകാരല്ലേ, ഫിസിക്കലി ഏറ്റവും ഫിറ്റായ ആളുകളല്ലേ എന്നാണ് അധികപേരും ചിന്തിക്കുക. ഒരുപാട് പരീക്ഷയെല്ലാം എഴുതി ഫിസിക്കൽ ടെസ്റ്റ് ഒക്കെ പാസായി വന്നവരാണല്ലോ, അതുകൊണ്ടുതന്നെ തങ്ങൾക്കൊന്നും വരില്ല എന്ന ധാരണ എന്നെ കാണാൻ വന്ന രാജേഷിനും (പേര് യഥാർഥമല്ല) ഉണ്ടായിരുന്നു.
കവിളിൽ ചെറിയൊരു മാറ്റം കണ്ടപ്പോഴാണ് ഭാര്യ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്നത്. പരിശോധിച്ചു നോക്കിയപ്പോൾ ചുവന്ന പാട് മാത്രമല്ല ചെറിയൊരു പുണ്ണ് കൂടെയായിട്ടുണ്ട് . എന്താണെങ്കിലും ബയോപ്സി ചെയ്യണം എന്നു പറഞ്ഞപ്പോൾ, അതൊട്ടും അംഗീകരിക്കാൻ പറ്റാത്ത പോലെയായിരുന്നു രാജേഷിന്റെ നിൽപ്പ്.
Also Read
പരിശോധനാസമയത്തുതന്നെ പുകവലിശീലത്തെ പറ്റി ഞാൻ ചോദിച്ചിരുന്നു... അപ്പോൾ ഭാര്യയാണ് ഉത്തരം പറഞ്ഞത് " അയ്യോ മാഡം അങ്ങനെ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല " വീണ്ടും അതെ ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ ഭാര്യയെ നോക്കി സമാധാനിപ്പിക്കാൻ എന്ന പോലെ പറഞ്ഞു... എപ്പോഴെങ്കിലും ഉണ്ടായിരുന്നോ എന്നറിയാൻ വേണ്ടിയാണ് ചോദിച്ചത്.
ഭാര്യയുടെ മുഖം നോക്കാതെ താഴെ നോക്കികൊണ്ട് അയാൾ പറഞ്ഞു. "മാഡം, സർവീസിൽ കേറുന്നതുവരെ എനിക്ക് യാതൊരു ദുശ്ശീലവും ഉണ്ടായിരുന്നില്ല, പിന്നീട് നൈറ്റ് ഡ്യൂട്ടി വരുമ്പോൾ ഉറക്കം മാറാൻ വേണ്ടി വലിച്ചു തുടങ്ങിയതാണ്. പിന്നീട് അതൊരു ശീലമായി. വീട്ടിലുള്ളപ്പോൾ വലിക്കാറില്ല.
ഭാര്യയ്ക്ക് അതൊരു ഞെട്ടലായിരുന്നെങ്കിലും ഞാനവരെ സമാധാനിപ്പിച്ചു. അവരുടെ രണ്ടുപേരുടെയും ആ മൗനം എന്നെ വിഷമിപ്പിച്ചു. അന്നുതന്നെ ബയോപ്സി ചെയ്തു.
റിപ്പോർട്ട് വന്നപ്പോൾ കവിളിലെ കാൻസറാണ് ( സ്ക്വാമസ് സെൽ കാർസിനോമ ). ഉടനെ മലബാർ കാൻസർ സെന്ററിലേക്ക് അയച്ചു.
സിടി സ്കാൻ റിപ്പോർട്ട് കണ്ടപ്പോൾ കാൻസർ ശരീരത്തിൽ വ്യാപിച്ചിട്ടുണ്ട്. വേഗം തന്നെ സർജറിയും നെക്ക് ഡിസക്ഷനും ( കഴുത്തിൽ നിന്നും കയലകൾ എടുത്തു കളയുന്ന പ്രക്രിയ ) ചെയ്തു.
കുറച്ചു കാലങ്ങൾക്ക് ശേഷം അദ്ദേഹം വീണ്ടും എന്നെ കാണാൻ വന്നു. "ഡോക്ടർ എന്നെപ്പോലെ രാത്രി ഡ്യൂട്ടി എടുക്കുന്നത് കൊണ്ട് മാത്രം ഇതുപോലെ പുകവലിക്ക് അടിമയായവർ കുറേയുണ്ട് . ഞാൻ എനിക്ക് പറ്റുന്ന വിധം അവരെ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. ഒരു ക്യാമ്പ് എന്തെങ്കിലും വെച്ചാൽ നല്ലതായിരിക്കും. നമുക്ക് അതെല്ലാം ചെയ്യാമെന്ന് സമാധാനിപ്പിച്ച് ഞാൻ അദ്ദേഹത്തെ പറഞ്ഞയച്ചു. പിന്നീട് അദ്ദേഹം തന്നെ സഹപ്രവർത്തകർക്ക് വേണ്ടി ഒരു ക്യാമ്പും നടത്തി. ആ ക്യാമ്പിലും ഇത്തരം കേസുകൾ കണ്ടെത്താനാകുകയും ചെയ്തു.
പോലീസിൽ നിന്നുതന്നെ എന്റെ അടുത്തുവന്ന സഫ്‌വാന്റെ (പേര് യഥാർഥമല്ല) ജീവിതവും ഏറെക്കുറെ ഇങ്ങനെത്തന്നെയായിരുന്നു. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തായിരുന്നു സഫ്‌വാൻ. വായിൽ ഉണങ്ങാത്ത മുറിവുമായിട്ടാണ് സഫ്‌വാൻ എന്റെ അടുത്തെത്തിയത്. കണ്ണൂരിൽ നിന്നുള്ള പോലീസുദ്യോഗസ്ഥനായിരുന്നു. സഫ്‌വാൻ പോയ സ്പെഷ്യൽ ഓപ്പറേഷൻ കേസുകളെക്കുറിച്ചായിരുന്നു കൂടുതൽ പറഞ്ഞതെല്ലാം. മറ്റ് സംസ്ഥാനങ്ങളിലൊക്കെ പോയി കുറ്റവാളികളെ പിടിക്കുന്ന ടീമിലെ സമർഥനായ പോലീസ് ഓഫീസറായിരുന്നു സഫ്‌വാൻ.
വായിലെ മുറിവിന് ചെറിയ ചെറിയ പൊടിക്കൈകളെല്ലാം നോക്കി പരാജയപ്പെട്ടപ്പോഴാണ് എന്റെ അടുത്തെത്തിയത്. ഞാൻ കാര്യങ്ങൾ ഓരോന്നായി ചോദിച്ചു മനസ്സിലാക്കി. ജോലിയുടെ സമ്മർദം സഫ്‌വാനെ നന്നായി ബാധിച്ചിരുന്നു. ടീമിലെ സീനിയർ ഓഫീസർമാർ രണ്ടു പേർ ചെയിൻ സ്മോക്കർമാരായിരുന്നു. അവരുടെ കൂടെക്കൂടിയാണ് സഫ്‌വാൻ പുകവലിശീലം തുടങ്ങിയത്. ചെറുതായി തുടങ്ങിയെങ്കിലും ടെൻഷനും കൂടി, ജോലി സമ്മർദ്ദവും കൂടിക്കൂടി വന്നു. അതിന്റെ കൂടെ പുകവലിയും കുറക്കാൻ പറ്റാത്ത വിധം കൂടി. ബാക്കിയുള്ളവരെല്ലാം ജോലി മാറിപ്പോയെങ്കിലും സഫ്‌വാന്റെ പുകവലി മാത്രം മാറിയില്ല. അങ്ങനെയാണ് വായിൽ ഒരു മുറിവ് ഉണ്ടായത്. ചില മുറിവുകൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടെങ്കിലും സാവധാനം മാറുകയാണ് പതിവ്. പക്ഷെ ഇപ്രാവശ്യത്തെ മുറിവ് അങ്ങനെയായിരുന്നില്ല. അന്ന് തന്നെ ബയോപ്സി എടുത്തു. റിസൾട്ട് പോസിറ്റീവ് ആയിരുന്നു. അത് ക്യാൻസറിന്റെ തുടക്കമായിരുന്നു. സഫ്‌വാനെയും മലബാർ കാൻസർ സെന്ററിലേക്കാണ് തുടർചികിത്സക്കായി അയച്ചത്.
പിന്നീട് ചികിത്സയിലൂടെ സഫ്‌വാനും ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഇപ്പോഴും സ്ഥിരമായി പരിശോധനകൾക്കായി സഫ്‌വാൻ എത്താറുണ്ട്. അന്ന് ഞാൻ വന്നത് നന്നായല്ലേ ഡോക്ടറേ എന്ന് എപ്പോഴും സഫ്‌വാൻ പറയും. ശരിയാണ് സഫ്‌വാൻ വരാൻ വൈകിയിരുന്നെങ്കിൽ...
മറ്റൊരു അനുഭവം പറയട്ടെ…
ഇന്റർ സ്റ്റേറ്റ് ബസ് ഓടിക്കുന്ന ഷിബു ചേട്ടന്റെ ജീവിതം( യഥാർഥ പേരല്ല ).. അദ്ദേഹത്തിന് സിഗരറ്റ് ആയിരുന്നില്ല മറിച്ച് പാൻ ആയിരുന്നു ശീലം. മുൻപ് കിളി ആയി ലോറിയിൽ പോയപ്പോൾ അന്നത്തെ ആശാൻ പഠിപ്പിച്ച ശീലം. ചുണ്ടിന്റെ അടിഭാഗത്തായിരുന്നു വെക്കുന്നത്. ടൊബാക്കോ പൗച്ച് കെരാടോസിസ്(ചുണ്ടിന്റെ ഭാഗത്തായി വരുന്ന പാട് ) വന്നിട്ട് പിന്നീട് അൾസറായാണ് എന്റെ അടുത്തുവന്നത്.
ഹിസ്റ്ററി ചോദിച്ചപ്പോൾ അദ്ദേഹവും പറഞ്ഞത് രാത്രി ഡ്യൂട്ടിയുടെ പ്രശ്നങ്ങൾ തന്നെയായിരുന്നു... "ചുരം അല്ലേ മാഡം ഭയങ്കര വളവാണ് ചെറുതായൊന്ന് കണ്ണടച്ചു പോയാൽ തീർന്നില്ലേ? എന്നെ വിശ്വസിച്ച് ആ ബസ് മുഴുവൻ ആളുകളല്ലേ .. അവരുടെ ജീവന്റെ കൂടെ ഉത്തരവാദിത്വം എനിക്കുണ്ടല്ലോ .. അവരുടെ ജീവൻ ഞാൻ കാരണം അപകടത്തിൽ പെട്ടാൽ അതൊന്നുമെനിക്ക് താങ്ങാനാവില്ല ഡോക്ടർ..."
അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു .. അപ്പോൾ നിങ്ങളുടെ ജീവനോ? മറുപടിയൊന്നും പറയാതെ അദ്ദേഹം തലതാഴ്ത്തി. കുറച്ചു കഴിഞ്ഞ് അദ്ദേഹം പറഞ്ഞത് എന്റെകൂടെ എത്രയോ കാലങ്ങളായി സിഗരറ്റ് വലിക്കുന്ന അവർക്കൊന്നും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല, ഇതിന് സിഗരറ്റിന്റെ അത്ര പ്രശ്നം ഉണ്ടാവില്ല എന്ന് കരുതിയത്രെ.
ഞാൻ കുറച്ചുകാലമായിട്ടേയുള്ളൂ രാത്രി ഡ്രൈവിംഗ് തുടങ്ങിയിട്ട്. ഇത് വലിയ പ്രശ്നക്കാരൻ അല്ല എന്ന് വിചാരിച്ചാണ് ഉപയോഗിച്ചു തുടങ്ങിയത്.
സ്മോക്കേലെസ് ഫോം ഓഫ് ടൊബാക്കോ സാധാരണ സ്മോക്ക് ഫോം ഓഫ് ടൊബാക്കോയെക്കാൾ ഭീകരനാണെന്ന സത്യം ഒന്നുകൂടെ മനസ്സിലാക്കിത്തന്ന ഒരു കേസായിരുന്നു അത്. നേരത്തെ കണ്ടെത്തിയതു കൊണ്ടുതന്നെ ചികിത്സിക്കാൻ എളുപ്പമായിരുന്നു എന്നത് സത്യമാണ്. എങ്കിലും എപ്പോഴും അങ്ങനെ ആകണമെന്നില്ലല്ലോ...
വായിലെ അർബുദം നേരത്തെ കണ്ടെത്താം, ചികിത്സിക്കാം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധമാസമായി ആചരിച്ചുവരുന്നു. വായിലെ കാൻസർ ലക്ഷണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വരാൻ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്നതിനെപ്പറ്റി അറിയാനും നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാനും സ്ക്രീനിങ്ങിനെപ്പറ്റി അറിയാനും വേണ്ടിയാണ് ഈ ദിനാചരണം നടത്തുന്നത്.
ഇന്നു നമ്മുടെ നാട്ടിൽ സ്ത്രീകളിൽ നാലാം സ്ഥാനത്തും പുരുഷന്മാരിൽ രണ്ടാം സ്ഥാനത്തും നിൽകുന്ന അർബുദമാണ് വദനാർബുദം.
വായിലെ അർബുദത്തെ പ്രിവന്റബിൾ ക്യാൻസർ അഥവാ വിചാരിച്ചു കഴിഞ്ഞാൽ തടയാൻ കഴിയുന്ന കാൻസർ എന്നാണ് വിശേഷിപ്പിക്കുന്നത്.
എന്നാൽ പോലും തിരിച്ചറിയാൻ വൈകുന്നത് കൊണ്ട് ഇതൊരു അപകടകരമായ കാൻസറായി കണക്കാക്കപ്പെടുന്നു. ലക്ഷണങ്ങൾ തിരിച്ചറിയാതിരിക്കുക എന്നതിലുപരി ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് ഈ രോഗത്തെ കൂടുതൽ അപകടകരമാക്കുന്നത്.
മിക്കപ്പോഴും ഇത്തരം കാൻസർ ഒരു സുപ്രഭാതത്തിൽ പൊട്ടിപ്പുറപ്പെടുന്നതല്ല. കാൻസറിന് മുന്നോടിയായി വായിൽ ഒരുപാട് മാറ്റങ്ങൾ കാണാൻ സാധിക്കും. ഇത്തരം അവസ്ഥകളെ പൂർവാർബുദ അവസ്ഥകൾ അഥവാ Potentially Malignant Disorders എന്നാണ് വിശേഷിപ്പിക്കുന്നത്..
പ്രധാനമായി കാൻസറിന് മുന്നോടിയായി കാണപ്പെടുന്ന ഒന്നാണ് ധവളദേഹം അഥവാ ല്യൂക്കോപ്ലാക്കിയ. വായിലെ ഉൾഭാഗത്ത് കവിളിൽ അല്ലെങ്കിൽ നാവിൻ്റെ വശങ്ങളിൽ കാണപ്പെടുന്ന നേർത്ത വരകൾ ആയിട്ടാണ് ഇവ കാണാറുള്ളത്.. വേദനാരഹിതമായത് കൊണ്ടുതന്നെ ഇത് അവഗണിക്കപ്പെടുകയും അത് പിന്നീട് കാൻസർ ആവുകയും ചെയ്യാറാണ് സാധാരണ.
ഇതുപോലെ വായ്ക്കകത്തു എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ അടുത്ത് പോയി പരിശോധിക്കേണ്ടതതാണ്. വായ്ക്കകത്തു കാണുന്ന ചുവന്ന പാടയാണ് Erythroplakia/ശോണരേഖ..ചില ആളുകളിൽ ഇത് രണ്ടും ഒരുമിച്ചും വരാറുണ്ട്. വായ്പുണ്ണ് ഇടക്കിടെ കാണപ്പെടുന്ന മറ്റൊന്നാണ്. വായിലെ ഒരുവിധം എല്ലാ മുറിവുകളും വായ്പുണ്ണും സാധാരണ ഗതിയിൽ രണ്ടു മൂന്നാഴ്ച കൊണ്ടുതന്നെ ഉണങ്ങാറുണ്ട്. അങ്ങനെ ഉണങ്ങുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്.
വായിലെ ഇത്തരത്തിലുള്ള മുറിവുകൾ മൂന്നാഴ്ചയിൽ കൂടുതൽ ഉണങ്ങാതെ നിൽക്കുകയാണെങ്കിൽ അതീവശ്രദ്ധ കൊടുക്കേണ്ടതാണ്. എന്തെങ്കിലും തട്ടിയിട്ടുള്ള മുറിവുകൾ, കവിളിനോട് ചേർന്നുനിൽക്കുന്ന പല്ലുകൾ തട്ടിയുണ്ടാകുന്ന മുറിവുകൾ, വായിലെ നിരതെറ്റിയ പല്ലുകൾ നേരെയാക്കാനുള്ള കമ്പികൾ, എന്നിങ്ങനെ സ്ഥിരമായി ഒരു സ്ഥലത്തു തന്നെ മുറിവുകൾ വന്നാൽ കാൻസറിനുള്ള സാധ്യതകൾ കൂടുതലാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ എടുത്തു കളയുകയോ അല്ലെങ്കിൽ രാകി കളയുകയോ ചെയ്യേണ്ടതാണ്.
മറ്റൊന്ന് ഓറൽ സബ് മ്യൂക്കസ് ഫൈബ്രോസിസ് ആണ്. ഇത് പലപ്പോഴും ഉണ്ടാകുന്നത് പാക്ക്/അടക്ക/പുകയില എന്നിവയുടെ ഉപയോഗം കൊണ്ടാണ്. ഇവയിൽ അടങ്ങിയിട്ടുള്ള രാസസംയുക്തങ്ങൾ ആണ് ഓറൽ സബ് മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് വഴി തെളിക്കുന്നത്. അതിനകത്ത് അടങ്ങിയിട്ടുള്ള ചില ആൽക്കലോയിഡിന്റെ ഫലമായാണ് ഈ അവസ്ഥ കണ്ടുവരുന്നത്.
ഈ അവസ്ഥയിൽ വായ തുറക്കാൻ ഉള്ള ബുദ്ധിമുട്ട്, നാവു പുറത്തേക്ക് നീട്ടാനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടുവരാറുണ്ട്. ഏതെങ്കിലും രീതിയിലുള്ള മുഴ വായിലോ കഴുത്തിലോ കാണുക, വായിലോ താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക, ഭക്ഷണം ചവക്കാനോ ഇറക്കാനോ ബുദ്ധിമുട്ടു ഉണ്ടാവുക, പല്ലുകൾ ഇളകുക, വായിൽ നിന്ന് അകാരണമായി രക്തസ്രാവം ഉണ്ടാവുക, ശബ്ദത്തിലുള്ള വ്യതിയാനം, ശരീരഭാരം കുറയുക ഇവയെല്ലാം വായിലെ കാൻസറിന്റെ ലക്ഷണങ്ങൾ ആവാം.
ചവക്കുന്ന പുകയിലയാണ് വലിക്കുന്നതിനേക്കൾ കൂടുതൽ അപകടകാരി. ചവക്കുന്ന പുകയിലയിൽ പുകയില മാത്രമല്ല ഉണ്ടാകുന്നത് കൂടാതെ പല രാസവസ്തുക്കളും കുപ്പിചില്ലുപോലെയുള്ള ഘടകങ്ങളും ഉണ്ടാവാറുണ്ട്. ഇവ രക്തത്തിലേക്ക് കലരാൻ എളുപ്പമായതു കൊണ്ടുതന്നെ കാൻസർ വരാനുള്ള സാധ്യത കൂടുന്നു. പലപ്പോഴും ആളുകൾ pouch pole അഥവാ ചുണ്ടിൻ്റെയോ കവിളിൻ്റെയോ ഉൾഭാഗത്ത് ആണ് പുകയില വെക്കാറ്..
ഇതു പിന്നീട് tobacco pouch keratosis ആയി മാറുകയും അത് പിന്നീട് കാൻസർ ആയി മാറുകയും ചെയ്യുന്നു..
എല്ലാ ദിവസവും ബ്രഷ് ചെയ്യുന്ന സമയത്ത് ദിവസവും ഒരു ഒന്നര മിനിറ്റെടുത്ത് സ്വയം പരിശോധന നടത്തുകയാണെങ്കിൽ വായിലെ കാൻസർ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയും. ചുണ്ടിൻ്റെ വശങ്ങൾ ചുണ്ടിൻ്റെ പുറമെ കാണുന്ന ഭാഗങ്ങൾ നാവിൻ്റെ വശങ്ങൾ നാവിൻ്റെ അടിഭാഗം കവിളിന്റെ ഉൾഭാഗം, അണ്ണാക്കിന്റെ ഉൾഭാഗം, ടോൺസിൽസ് വായിൻ്റെ പുറകുവശം എന്നീ ഭാഗങ്ങൾ പരിശോധിച്ച് വെളുത്ത/ചുവന്ന പാടുകൾ ഉണങ്ങാത്ത മുറിവുകൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പുവരുത്തണം..
അഥവാ വല്ല ലക്ഷങ്ങളും കണ്ടാൽ ഡോക്ടറെ കാണാവുന്നതാണ്. ഇത്തരം കേസുകളിൽ ബയോപ്സി ചെയ്യാറാണുള്ളത്. ഇതിലൂടെ ചില കോശങ്ങളെ എടുത്തു പരിശോധിക്കുകയാണ് ചെയ്യുന്നത്. കോശങ്ങളിൽ ഉള്ള വ്യതിയാനങ്ങൾ ഈ ടെസ്റ്റിലൂടെ മനസ്സിലാകും. എല്ലാ ബയോപ്സി റിസൽട്ടും കാൻസർ ആവണം എന്നില്ല.. ഇത്തരം സാഹചര്യങ്ങളിൽ ബയോപ്സി എത്രയും നേരത്തെ തന്നെ ചെയ്യുകയാണ് നല്ലത്. ഇതിലൂടെ ചികിത്സ നേരത്തെ ആക്കുകയും കാൻസർ മറ്റ് സഥലങ്ങളിലേക്ക് പടരുന്നത് തടയാൻ കഴിയുകയും ചെയ്യും.
Content Highlights: oral cancer awareness month, symptoms and treatment
Published: 12 Apr 2024, 05:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented