രു ഫോളോ അപ് ക്ലിനിക്കിലാണ് ഞാൻ ലതികേച്ചിയെ കാണുന്നത്. കാൻസർ ചികിത്സ കഴിഞ്ഞ ആളുകൾക്ക് സാധാരണ ഫോളോ അപ് പറയാറുണ്ട്. ആവശ്യമെങ്കിൽ ടെസ്റ്റുകളും ചെയ്യാറുണ്ട്. കാൻസർ  ബാധിച്ച് ചികിത്സ എടുത്തുകഴിഞ്ഞ ആളുകൾക്കു വേണ്ടിയുള്ള  ഒരു കൂട്ടായ്മ കൂടിയാണ് കാൻസർ  ഫോളോ ക്ലിനിക്കുകൾ. മറ്റാരും വന്നില്ലെങ്കിലും ലതികേച്ചി കൃത്യസമയത്ത് അവിടെ എത്തിയിരിക്കും.

To advertise here,

ചേച്ചിക്ക് ഒ.പിയിൽ വരാൻ ഫോളോഅപ്പ് ക്ലിനിക് ദിവസമാവണമെന്നൊന്നുമില്ല. വെറുതെവന്ന് അവിടുത്തെ ഡോക്ടർമാരെയും ജീവനക്കാരെയുമൊക്കെ കണ്ടുപോകുന്നത് തന്നെ കക്ഷിക്ക് ഒരു സമാധാനമാണ്. ലതികേച്ചിയുടെ വരവും ഒരു സംഭവമാണ്. കൈ നിറയെ പലഹാരങ്ങളുമായാണ് ഓരോ പ്രാവശ്യവും വരിക. ഉണ്ണിയപ്പം, കല്ലുമ്മക്കായ, ഉന്നക്കായ, പഴംപൊരി എന്നുപറയേണ്ട, പായസം വരെ... 

ഓരോ ഫോളോ അപ്പിനു വരുമ്പോഴും പുതിയ കുറെ കഥകളുമുണ്ടാവും ലതികേച്ചിക്കു പറയാൻ. രാവിലത്തെ തിരക്കൊന്ന് മാറിയപ്പോൾ ഒപി യിൽ ഒരു വിസിറ്റ് കൂടെ നടത്തി. സംസാരിക്കാൻ ഒരുപാടിഷ്ടമുള്ള ലതികേച്ചി വാചാലയായിത്തുടങ്ങി. കാൻസർ ചികിത്സ കഴിഞ്ഞ് ഇത്രയും വർഷമായിട്ടും മൂന്ന് മാസം കൂടുമ്പോൾ ലതികേച്ചി ഫോളോ അപ്പ് കൃത്യമായി ചെയ്യും. ലതികേച്ചിയുടെ അഭിപ്രായത്തിൽ ആൾ സ്വയമാണ്  അസുഖം കണ്ടുപിടിച്ചത്. കാൻസർ സ്വന്തമായി കണ്ടുപിടിച്ച കഥ എത്ര തവണ പറയാനും ചേച്ചിക്ക് ഒരു മടിയുമില്ല.

ചേച്ചി ഒരു ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റായി വർക്ക് ചെയ്യുന്ന കാലത്താണ് രോ​ഗമുണ്ടെന്ന സംശയം തോന്നുന്നത്. മാറിൽ ചെറുതായൊരു തടിപ്പ്, കണ്ടയുടനെ അവിടുത്തെ ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞെങ്കിലും ചെറിയ കുട്ടിക്ക് പാലു കൊടുക്കുന്ന സമയമായതു കൊണ്ട് തന്നെ വലിയ കാര്യമാക്കേണ്ടതില്ല എന്നും പേടിക്കേണ്ട എന്നും പറഞ്ഞ് ഡോക്ടർ ആദ്യം പറഞ്ഞയച്ചു. എന്നിട്ടും ചേച്ചിക്ക് സംശയം തീർന്നില്ല. ഹോസ്പിറ്റൽ കാര്യങ്ങളും രീതികളും പരിചിതമായതു കൊണ്ടാണ്  ഡോക്ടറാേട് FNAC (Fine Needle Aspiration Cytology) ചെയ്യാമോ എന്നുചോദിക്കുന്നത്. ലതികേച്ചിയുടെ സമാധാനത്തിനു വേണ്ടി പരിശോധിച്ചപ്പോഴാണ് അറിയുന്നത് ബ്രെസ്റ്റ് കാൻസർ ആയിരുന്നുവെന്ന്.‌
 
അന്നുതന്നെ രണ്ടു മക്കളേയും കൂട്ടി കോയമ്പത്തൂരിലേക്ക് വണ്ടി  കയറി. കോയമ്പത്തൂരിൽ അനിയത്തിയുടെ വീടുണ്ട്. ഈ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ അവരെ ഏൽപ്പിച്ചു ധൈര്യസമേതം ചേച്ചി ചികിത്സക്കൊരുങ്ങി. കുടുംബക്കാരുടെയും നാട്ടുകാരുടേയുമൊക്കെ കുറ്റപ്പെടുത്തലുകൾക്ക് ലതികേച്ചിക്ക്  ഒറ്റ മറുപടിയേ ഉണ്ടായിട്ടുള്ളൂ "ഞാനിതു ചെയ്യുന്നത് എന്റെ മക്കൾക്കും കൂടെ വേണ്ടിയാണ് ". അവർക്ക് രോഗമുള്ള അമ്മയെക്കാളും ആരോഗ്യമുള്ള അമ്മയേയാണ് വേണ്ടത്, എന്തുസംഭവിച്ചാലും ഞാൻ ചികിത്സയെടുക്കും.

സത്യത്തിൽ ലതികേച്ചി ചിന്തിച്ചത് തന്നെയാണ് ശരി... മക്കൾക്ക്‌ എന്നും ഒരു വേദനയാകുന്നതിനേക്കാൾ നല്ലത്... അവരുടെ പുഞ്ചിരിയാകുന്നതാണ്.. അവരുടെ താങ്ങാകുന്നതാണ്... ഡോക്ടർമാർ പറഞ്ഞത്രേ "ഇന്ത മാതിരി പെൺപിള്ളയെ പാത്തതേയില്ല "  

കാലം ഇത്ര മുന്നോട്ടുവന്നിട്ടും ഇപ്പോൾപ്പോലും പലരും രോഗം തിരിച്ചറിഞ്ഞാലും സർജറി ചെയ്യാൻ പേടിക്കുകയും ഉൾവലിയുകയും ചെയ്യുന്ന  കാലഘട്ടത്തിൽ ലതികേച്ചി സ്വയം രോഗം കണ്ടെത്തുകയും സർജറിക്കു തയ്യാറാകുകയും ചെയ്തത് അക്കാലത്തു വലിയ സംഭവമായിരുന്നു
 
ലതികേച്ചി എല്ലാവർക്കും വലിയ ഒരു മാതൃകയായിരുന്നു. രോഗം കണ്ടുപിടിച്ചത്  മുതൽ കൃത്യമായി ഫോളോ അപ്പ് ചെയ്യുന്നത് വരെ. കൃത്യമായി മനസിലാക്കി കൃത്യസമയത്തു ചികിത്സിച്ചാൽ കാൻസറിനെ  പേടിക്കാതെ കീഴടക്കാം എന്നതിന് ജീവിക്കുന്ന തെളിവാണ് ലതികേച്ചി.

ലതികേച്ചിയുടെ അസുഖം സ്തനാർബുദമായിരുന്നു. തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന ഒരു അസുഖമാണ് സ്തനാർബുദം.

ഇതിനായി  വിവിധതരം ശസ്ത്രക്രിയകളും ചികിത്സാരീതികളും ലഭ്യമാണ്.

സ്തനാർബുദം എങ്ങനെയാണ് ചികിത്സിക്കുന്നത്?

  • സ്തനാർബുദം പല വിധത്തിലാണ് ചികിത്സിക്കുന്നത്. ഇത് സ്തനാർബുദത്തിന്റെ തരത്തേയും അത് എത്രത്തോളം വ്യാപിച്ചു എന്നതിനേയും ആശ്രയിച്ചിരിക്കുന്നു. പലപ്പോഴും  ഒന്നിലധികം ചികിത്സകൾ വേണ്ടി വരുന്നു .
  • ശസ്ത്രക്രിയ,കീമോതെറാപ്പി,റേഡിയോതെറാപ്പി ,ഇമ്മ്യൂണോതെറാപ്പി എന്നിവയാണ് പ്രധാനപ്പെട്ടവ
  • കീമോതെറാപ്പി: കാൻസർ കോശങ്ങളെ ചുരുക്കാനോ നശിപ്പിക്കാനോ പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നു.
  • ഹോർമോൺ തെറാപ്പി. കാൻസർ കോശങ്ങൾക്ക് വളരാൻ ആവശ്യമായ ഹോർമോണുകൾ ലഭിക്കുന്നത് തടയുന്നു.
  • റേഡിയേഷൻ തെറാപ്പി. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉയർന്ന ഊർജരശ്മികൾ (എക്‌സ്-റേയ്ക്ക് സമാനമായി) ഉപയോഗിക്കുന്നു.

സ്തനാർബുദ ചികിത്സയ്ക്കായി വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഡോക്ടർമാർ പലപ്പോഴും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. കാൻസർ ഓപ്പറേഷൻ നടത്തുന്ന ഡോക്ടർമാരാണ് സർജന്മാർ. കാൻസറിനെ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുന്ന ഡോക്ടർമാരാണ് മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ. റേഡിയേഷൻ ഉപയോഗിച്ച് കാൻസറിനെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് റേഡിയേഷൻ ഓങ്കോളജിസ്റ്റുകൾ. ഇവരുടെ ഏകോപനത്തിലൂടെയാണ് ചികിത്സ നിശ്ചയിക്കുന്നത്.

പ്രധാന സർജറികൾ ലംപക്ടമിയും മാസ്റ്റക്ടമിയും  ആണ്.

ലംപെക്ടമി

ഒരു ശസ്ത്രക്രിയാ വിദഗ്ധൻ സ്തനത്തിൽ നിന്ന് മുഴ നീക്കം ചെയ്യുന്നു. അർബുദം പടർന്നിട്ടുണ്ടോ എന്നറിയാൻ അടുത്തുള്ള ലിംഫ് നോഡുകളും നീക്കം ചെയ്യുന്നു.

മാസ്റ്റെക്ടമി

മിക്ക മാസ്റ്റക്ടമി സർജറികളിലും മുഴുവൻ സ്തനവും എടുത്തു കളയുകയാണ് ചെയ്യുന്നത്. മാസ്റ്റക്ടമിയിൽ ശരീരത്തിൽ  കാൻസർ പടർന്നിട്ടുണ്ടോ എന്നറിയാൻ സർജൻ അടുത്തുള്ള ലിംഫ് നോഡുകളും നീക്കം ചെയ്യുന്നു. ഇത്തരം  ശസ്ത്രക്രിയയ്ക്കിടെ സ്തനപുനർനിർമാണവും ചെയ്യാറുണ്ട്.

എന്നിട്ടും  ചികിത്സിക്കാൻ  കഴിയാത്ത ഏതെങ്കിലും കാൻസർ കോശങ്ങൽ ഉണ്ടെങ്കിൽ അത് ടാർഗെറ്റുചെയ്യാൻ കീമോതെറാപ്പി ചികിത്സയുമുണ്ട് - ഇങ്ങനെ ചെയ്തില്ലെങ്കിൽ സ്തനത്തിൽ അവശേഷിക്കുന്ന മറ്റ് കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം.ചിലപ്പോൾ  കാൻസർ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർമാർ കീമോതെറാപ്പി ശുപാർശ ചെയ്യാറുണ്ട്.

റേഡിയേഷൻ

ലംപെക്ടമിക്ക് ശേഷം സാധാരണയായി റേഡിയേഷൻ തെറാപ്പി നടത്തുന്നു. ശരീരത്തിൽ ഏതെങ്കിലും കാൻസർ കോശങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവയെ നശിപ്പിക്കാനാണ് റേഡിയേഷൻ തെറാപ്പി ചെയ്യുന്നത്. ഇതിനായി പ്രതിദിനം 20 മിനിറ്റ് സമയമെടുക്കും. ഈ ചികിത്സ എടുക്കുന്ന ഭൂരിഭാഗം പേരും  ആഴ്ചയിൽ നാലോ അഞ്ചോ ദിവസം എന്ന കണക്കിൽ ഏകദേശം ആറാഴ്ചത്തേക്ക് ഈ ചികിത്സ എടുക്കാറുണ്ട്.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ എന്തുചെയ്യാൻ കഴിയും?

നിത്യജീവിതത്തിൽ പല ഘടകങ്ങളും സ്തനാർബുദ സാധ്യതയെ സ്വാധീനിക്കും. പ്രായമാകൽ അല്ലെങ്കിൽ പാരമ്പര്യ ഘടകങ്ങൾ  എന്നിവ മാറ്റാൻ നമുക്ക് കഴിയില്ല, എന്നാൽ ഇനിപ്പറയുന്ന വഴികളിലൂടെ നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിലൂടെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സാധിക്കും.

  • ആരോഗ്യകരമായ ഭാരം നിലനിർത്തുക.
  • ശാരീരികമായി സജീവമായിരിക്കുക.
  • മദ്യവും പുകവലിയും ഒഴിവാക്കുക.
  • ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി അല്ലെങ്കിൽ ഓവർ ദി കൗണ്ടർ ഗർഭനിരോധന ഗുളികകൾ  പരമാവധി ഒഴിവാക്കുക .
  • നിങ്ങൾക്ക് സ്തനാർബുദത്തിന്റെ ഫാമിലി ഹിസ്റ്ററിയോ BRCA1, BRCA2 ജീനുകളിൽ പാരമ്പര്യമായ മാറ്റങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മറ്റ് വഴികളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക.
  • ആരോഗ്യത്തോടെ ചിട്ടയായുള്ള ജീവിതം കാൻസർ  വരാനുള്ള സാധ്യത കുറയ്ക്കും, അഥവാ കാൻസർ വന്നാലും അത് എളുപ്പത്തിൽ അതിജീവിക്കാൻ ചിട്ടയായ ജീവിതക്രമം സഹായിക്കും.

നേരത്തെ  കണ്ടുപിടിക്കുന്നതിന്റെ ഗുണങ്ങൾ

  • മെച്ചപ്പെട്ട ചികിത്സാഫലവും അതിജീവനവും 
  • മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ പലപ്പോഴും വേണ്ടിവരില്ല അതുവഴി അംഗവൈകല്യം ചെറുക്കാം
  • റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയുടെ ഡോസിലും കുറവ് വരുത്താൻ കഴിയും
  • സ്തനാർബുദം തുടക്കത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് തുടർ ചികിത്സകളും..
  • ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്നെ തുടർചികിത്സകൾ ശരിയായ രീതിയിൽ ചെയ്തു കഴിയുന്നതു വഴി (recurrence chance) രണ്ടാമതും രോഗം വരാനുള്ള സാധ്യത കുറയുന്നു.
  • ആറുമാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ  തുടർചികിത്സ നിർബന്ധമായും ചെയ്യണം.

അതിജീവനത്തിനു ശേഷം

സ്തനാർബുദത്തെ അതിജീവിച്ചവർ ജീവിതത്തെ കൂടുതൽ അടുത്തറിയുന്നു. ഇവർക്കായി ലോകമെമ്പാടും നിരവധി കൂട്ടായ്മകൾ ഉണ്ട്. ചിലരെങ്കിലും  വിഷാദാവസ്ഥയിലൂടെ  കടന്നുപോകാറുണ്ടെങ്കിലും കൂടുതൽ പേരും കൂട്ടായ്മയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നവരാണ്. ചില രാജ്യങ്ങളിലൊക്കെ  സ്തനാർബുദ അതിജീവിതർ ഫോട്ടോ ഷൂട്ട് ഒക്കെ നടത്തിയാണ്  ഇത്തരം തിരിച്ചുവരവുകൾ ആഘോഷിക്കാറുള്ളത്. സ്തനാർബുദ അതിജീവിതർക്കു നമ്മുടെ നാട്ടിലും ഒട്ടേറേ കൂട്ടായ്മകൾ നിലവിലുണ്ട്. ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരും  നല്ല സുഹൃത്തുക്കളായി അവരുടെ' കൂടെ ഉണ്ടാവാറുണ്ട്. യോഗ, നൃത്തം, സംഗീതം, കൃത്യമായ വ്യായാമം എന്നിവ അവരെ  ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായിക്കുന്ന ഘടകങ്ങളാണ്. കാൻസറിനെ പേടിക്കാതെ എന്നാൽ മനസിലാക്കി കൊണ്ട്  കാൻസർ ഇല്ലാത്ത ലോകത്തേക്ക്  നമുക്ക് മുന്നേറാം.