
കാൻസറിനെക്കുറിച്ച് നമ്മൾ കേൾക്കാത്ത ദിവസങ്ങളില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഓരോ ദിവസവും അത്രയധികം കാൻസർ കേസുകൾ സമൂഹത്തിൽ കണ്ടുപിടിക്കപ്പെടുന്നുണ്ട്. കാൻസർ ആയിരിക്കാമെന്ന് അറിഞ്ഞിട്ടും പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഉദാസീനത കാണിക്കുന്ന ആളുകളുടെ എണ്ണം കുറയുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരം. അത്തരം രണ്ടു ജീവിതങ്ങളാണ് ഇന്ന് എന്റെ ഓർമയിലേക്ക് കടന്നുവരുന്നത്.
ആദ്യ സംഭവം ഏകദേശം ഒരു വർഷം മുമ്പാണ് നടക്കുന്നത്. കോവിഡൊക്കെയൊന്ന് തണുത്ത സമയം..
Also Read
പ്രായമായുള്ള ഒരു ഉമ്മയും അവരുടെ മകനും കൂടിയാണ് ഒ. പി യിൽ വന്നത്. ആമിനയുമ്മയും മകൻ മുഹമ്മദും. മകന് ഏകദേശം 40 വയസ്സ് പ്രായമുണ്ട്.
ഉമ്മയുടെ വായിൽ ചെറിയൊരു മുറിവ്, അതായിരുന്നു പ്രശ്നം, ഹിസ്റ്ററി എടുത്തപ്പോൾ ഏകദേശം എട്ടുമാസമായുള്ള മുറിവാണ്. വായ തുറന്നു പരിശോധിച്ചപ്പോഴാണ് മനസ്സിലായത് അത് വലിയൊരു അൾസറായി മാറിക്കഴിഞ്ഞിരുന്നു.
ഇതൊക്കെ ഇത്ര ദിവസമായിട്ടും കാണിക്കാതിരുന്നത് എന്തേയെന്ന ചോദ്യത്തിന് മറുപടിയായി സാധാരണയിൽ നിന്നും വ്യത്യസ്തമായ ഉത്തരമാണ് ഉമ്മ പറഞ്ഞത്. അധികംപേരും പറയുക പേടിച്ചിട്ട് പറഞ്ഞില്ല, അറിയില്ലായിരുന്നു എന്നൊക്കെയാണ്, എന്നാൽ ആമിനയുമ്മ പറഞ്ഞത് ഞാൻ എല്ലാവരോടും പറയുന്നുണ്ടായിരുന്നു ഡോക്ടറെ, പക്ഷേ എന്റെ മോൻ നാട്ടിൽ ഇല്ലായിരുന്നു എന്നാണ്.
എന്തോ കുറ്റം ചെയ്ത പോലെ മുഹമ്മദ് പറഞ്ഞു തുടങ്ങി.
കോവിഡ് സമയമായതുകൊണ്ട് വിദേശത്തു നിന്ന് എനിക്ക് വിചാരിച്ചതുപോലെ എത്തിപ്പെടാൻ പറ്റിയില്ല, ഭയങ്കര നിയന്ത്രണങ്ങളായിരുന്നു. എല്ലാ തവണ വിളിക്കുമ്പോഴും ഉമ്മയെ നോക്കുന്ന ഞങ്ങളുടെ കുടുംബക്കാരുണ്ട് അവരോട് ഡോക്ടറെ കാണിക്കാൻ പറയാറുണ്ടായിരുന്നു.
നീയൊന്നു മിണ്ടാതിരിക്കൂ മുഹമ്മദ് എന്ന് പറഞ്ഞ് ഏതെങ്കിലും ഒരു ഓയിന്റ്മെന്റ് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിക്കൊണ്ടു കൊടുക്കും. അതു തേച്ചാൽ പിന്നെ രണ്ട് ദിവസത്തേക്ക് ഉമ്മയ്ക്ക് വായ മൊത്തം മരവിപ്പാണ്. പിന്നെയും പറയുമ്പോൾ വേറെ ഏതേലും മരുന്ന് കൊണ്ടുക്കൊടുക്കും. അങ്ങനെ സുഹൃത്ത് ജബ്ബാറിന്റെ കല്യാണത്തിന് പോയപ്പോൾ അവിടുന്ന് മുറിവെണ്ണ വരെ തേച്ചു കൊടുത്തുവത്രെ.
പരിശോധന ചെയ്യുന്നതിന്റെ ഇടയ്ക്കാണ് ഈ സംഭാഷണങ്ങൾ മുഴുവനും.
ഞാൻ palpate (തൊട്ടു നോക്കിയുള്ള പരിശോധന)ചെയ്തു നോക്കുമ്പോഴാണ് കണ്ടത് നല്ല മൂർച്ഛയുള്ള രണ്ട് അണപ്പല്ല് ഉണ്ട് അകത്ത്, പല്ല് നാവിൽ തട്ടിയിട്ടുണ്ടായതാണ് ആ മുറിവ്. നല്ല വലിപ്പം വച്ചിട്ടുണ്ടായിരുന്നു ആ അൾസർ. ഏകദേശം മൂന്ന് സെന്റീമീറ്റർ. കഴുത്തിൽ കയലകളും ഉണ്ട്. അന്ന് തന്നെ ബയോപ്പ്സി പ്ലാൻ ചെയ്തു, മകനും എങ്ങനെയെങ്കിലും ചികിത്സ തുടങ്ങിയാൽ മതിയെന്ന് ആയിട്ടുണ്ടായിരുന്നു.
റിപ്പോർട്ട് ഒരു ആഴ്ചക്കകം വന്നു. സ്ക്വാമസ് സെൽ കാർസിനോമ ഓഫ് ദ ടങ് (നാവിൽ ബാധിച്ചിട്ടുള്ള ഒരു കാൻസർ).
എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് നോക്കാനായി ടെസ്റ്റുകൾ ഒക്കെ ചെയ്തപ്പോഴാണ് അറിഞ്ഞത് സ്റ്റേജ് 3 ആയിക്കഴിഞ്ഞിരുന്നു. ചികിത്സ ചെറിയ രീതിയിൽ ചെയ്തെങ്കിലും ആമിനയുമ്മയെ രക്ഷിക്കാനായില്ല..,ഒന്നും ചെയ്യാനാവാതെ നിസ്സഹനായി നിന്ന മുഹമ്മദിൻ്റെ മുഖം ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല..
പിന്നീട് മുഹമ്മദ് എന്നെ കാണാൻ വന്നിരുന്നു .
"ഞാൻ എല്ലാരോടും പറഞ്ഞതാ ഡോക്ടറെ,
എനിക്ക് വരാനും സാധിച്ചില്ല.. ആരെങ്കിലും ഒരാൾ കൃത്യസമയത്ത് ഉമ്മായെ ഡോക്ടറെ കാണിച്ചിരുന്നെങ്കിൽ, ഉമ്മ ഇപ്പോൾ എന്റെ കൂടെ ഉണ്ടാവുമായിരുന്നു.."
അവൻ അതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു..
പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus
അടുത്ത ജീവിതകഥയും ഏതാണ്ട് ആ കാലഘട്ടത്തിൽ തന്നെയാണ്..
ഡോക്ടറേ... മാറിൽ ചെറിയ മുഴയുണ്ട്, അഞ്ചാറു മാസമായി കണ്ടുതുടങ്ങിയിട്ട്. ഇപ്പോ ഇത്തിരി വണ്ണം വെച്ച പോലുണ്ട്- ആ അമ്മ പറഞ്ഞു തുടങ്ങി.
മകളുടെ കുട്ടിയെ നോക്കാൻ വേണ്ടി വിദേശത്ത് പോയതാണ് അമ്മയും അച്ഛനും. അവിടെ മോൾക്കും ഭർത്താവിനും നല്ല ജോലിയാണ്. തിരക്കോട് തിരക്ക്.. അമ്മയും അച്ഛനും ഉള്ളത് കൊണ്ട് തന്നെ കുട്ടിയെ കുറിച്ചുള്ള ആധി രണ്ടുപേർക്കും ഇല്ല.
അല്ലേലും കുട്ടികളെ നോക്കാൻ രക്ഷിതാക്കളെ കൊണ്ടുപോവുന്നത് ഒരു ട്രെൻഡ് ആണല്ലോ. ആ അച്ഛൻ കൂട്ടിചേർത്തു. അന്ന് ഞങ്ങളുടെ കൊച്ചുമകൾക്ക് രണ്ട് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ, ഞാൻ മോൾടെ അടുത്ത് സൂചിപ്പിച്ചിരുന്നു ഇതിനെപ്പറ്റി..അപ്പോയ്മെൻ്റ് എടുക്കാൻ അവൾ നോക്കിയതുമാണ്. അവിടെ ഡോക്ടറുടെ അപ്പോയ്മെൻ്റ് കിട്ടാൻ ബുദ്ധിമുട്ടാണത്രേ..
പ്രസവസമയത്ത് എല്ലാം നന്നായി നടന്നല്ലോ. അതെങ്കിലും സമാധാനം എന്ന് ഞാൻ ആശ്വസിച്ചു. അവൾ കുറെ ശ്രമിച്ചിരുന്നു.. വളരെ വൈകിയാണ് ഒരു അപ്പോയ്മെൻ്റ് തരപ്പെട്ടത്. പക്ഷേ അപ്പോയ്ൻമെൻറ് കിട്ടിയ ദിവസം ചിന്നു മോൾക്ക് നല്ല പനി ആയിരുന്നു. മോൾ നിർബന്ധിച്ചെങ്കിലും അന്ന് ഞാൻ പോവാൻ കൂട്ടാക്കിയില്ല. പിന്നീട് അടുത്ത അപ്പോയന്റ്മെൻ്റ് കിട്ടാൻ ഒരുപാട് ലേറ്റ് ആയി.
മോൾ ഇടയ്ക്ക് മുഴയുടെ കാര്യം ചോദിച്ചിരുന്നുവെങ്കിലും അവരുടെ തിരക്ക് കാണുമ്പോ എനിക്ക് ഒന്നും പറയാൻ തോന്നാറില്ല. സത്യത്തിൽ മോളും അവൾടെ ഭർത്താവും പരസ്പരം കാണുന്നത് തന്നെ കുറവാണ്. രണ്ടുപേർക്കും വേറെ വേറെ സമയങ്ങളിലാണ് ജോലി, അവൻ ജോലി കഴിഞ്ഞ് വരുമ്പോൾ ആണ് മോള് പോവാറുള്ളത്. പിന്നെ പുറംനാട്ടിലൊക്കെ മിക്കവരും അങ്ങനെ തന്നെയല്ലേ .
കൊച്ചു മോളുടെ പിറന്നാളിന് അവളുടെ അച്ഛമ്മയും അച്ഛച്ഛനും വന്നപ്പോഴാണ് ഞങ്ങൾ രണ്ടുപേരും തിരിച്ച് നാട്ടിലേക്കു വന്നത്. അവർ ഉണ്ടാവും ഒരു ആറുമാസതേക്ക് , അതു കഴിയുമ്പോഴേക്കും ഞങ്ങൾക്ക് വീണ്ടും പോകണം.
"ഡോക്ടറെ ഇത് അപ്പോഴേക്കും മാറുമല്ലോ? അല്ലെ?"
ആ അമ്മ വളരെ പ്രതീക്ഷയോടെ ആണ് ചോദിച്ചതെങ്കിലും..അധികം പ്രതീക്ഷയ്ക്ക് വകയില്ലാത്ത പോലെ വളർന്നിരുന്നുആ മുഴ. തൊലിപ്പുറത്ത് വ്യത്യാസങ്ങൾ വന്നിരുന്നു.
നമുക്ക് നോക്കാം എന്നു മാത്രമേ എനിക്ക് പറയാൻ കഴിഞ്ഞുള്ളൂ,..
അടുത്ത ആറു മാസത്തിനുശേഷം ഈ കൊച്ചു മകളെ നോക്കാൻ പോവാൻ ആ അമ്മ ഉണ്ടായില്ല.
ജീവിതം മുഴുവൻ ഏകമകൾക്ക് വേണ്ടി ജീവിച്ച ആ അമ്മ വല്ലാത്തൊരു മനോവിഷമം തന്നാണ് പോയത്.
ഇതുപോലെ ഇനിയും ഒരുപാടു ജീവിതങ്ങൾ കൺമുന്നിൽ വന്നു പോയിട്ടുണ്ട്. പലപ്പോഴും നിസ്സഹയായി നോക്കി നിൽക്കാനേ കഴിയു..
കാൻസർ പരിചരണം ആരോഗ്യപ്രവർത്തകരിലോ ഡോക്ടർമാരിലോ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല, മറിച്ച് സമൂഹം മൊത്തം സഹകരിച്ചു കാൻസർ പരിചരണത്തിലെ പരിമിതികൾ മാറ്റണം. അതു ആരോഗ്യ മേഖലയിലേക്ക് എത്താനുള്ള വാഹനം ക്രമീകരിക്കലോ കൂട്ടിരിപ്പുകാരനായി പോകലോ, അവബോധം സൃഷ്ടിക്കലോ എന്തുമാവാം.
ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നു, ക്ലോസ് ദ് കെയർ ഗ്യാപ് നമ്മൾ 3 വർഷത്തോളം നീണ്ട കാമ്പയിൻ ആണ് (2022 -2024 ). മികച്ച കാൻസർ പരിചരണത്തിലേക്ക് നമ്മുടെ മുന്നേറ്റത്തിന് ഊർജം പകരാൻ ആണിത്.
എല്ലാ വർഷവും ഫെബ്രുവരി നാലിനാണ് ലോക അർബുദ ദിനം ആചരിക്കുന്നത്. 1993 ഇൽ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര അർബുദ നിയന്ത്രണ സംഘം (യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ യു ഐ സി സി) 2000 മുതൽ ഫെബ്രുവരി 4 ലോക അർബുദ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്.
ഒരു പരിധിവരെ തടയാനാവുന്ന മാരക രോഗത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക, ആളുകൾക്ക് വ്യക്തമായ അവബോധം നൽകുക, ആഗോളതലത്തിൽ, കാൻസറിനെ പ്രതിരോധിക്കാ൯ വേണ്ടി എല്ലാവരെയും ഒരുമിച്ചു നിർത്തുക, ലോകത്തിലെ വിവിധ സർക്കാരുകളെയും, വ്യക്തികളെയും രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാ൯ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ ദിനം ആചരിക്കുക വഴി ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലെ കാൻസർ കണക്കുകൾ
നാഷണൽ കാൻസർ രെജിസ്റ്ററി കണക്കുകൾ പ്രകാരം 2022-ൽ ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം 14,61,427 ആണ്.
ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് അവൻ്റെ/അവളുടെ ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ് . കുട്ടിക്കാലത്തെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിലുള്ളത്. 2020 നെ അപേക്ഷിച്ച് 2025 ൽ കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെൻ്റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.
നേരത്തെ കണ്ടുപിടിച്ചാലുള്ള ഗുണങ്ങൾ
- മെച്ചപ്പെട്ട രോഗഫലവും അതിജീവനവും.
- രോഗാവസ്ഥ/മരണനിരക്ക് കുറയുന്നു.
- ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ മൊത്തത്തിലുള്ള ഭാരം കുറയുന്നു.
കാൻസറില്ലാത്ത ലോകത്തിനു വേണ്ടി നമുക്ക് ഓരോരുത്തർക്കും ഒരുമിച്ച് പ്രവർത്തിക്കാം.
പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus
Content Highlights: doctors diary column on world cancer day
Published: 04 Feb 2024, 12:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented