റ്റുള്ളവർക്ക് വേണ്ടി ഓടിനടക്കുന്ന ഒട്ടേറെ പേരെ നമ്മൾ കാണാറുണ്ട്. അവർ പലർക്കും പ്രിയപ്പെട്ടവരുമായിരിക്കും. എല്ലാവർക്കും  വേണ്ടി അവർ എല്ലാം ചെയ്യും. പക്ഷേ തിരക്കുകൾക്കിടയിൽ മിക്കപ്പോഴും അവർ അവരുടെ കാര്യം മറക്കും. ഇന്ന് പറയാനുള്ളത് അനുവിന്റേയും ബിനുവിന്റേയും ജീവിതമാണ്.

To advertise here,

ഡിസംബർ മാസം. അത്യാവശ്യം തിരക്കുള്ള ദിവസമായിരുന്നു അന്ന്. ഇരട്ടകളാണെന്ന്  തോന്നിപ്പിക്കുന്ന രണ്ട് സഹോദരിമാർ ക്ലിനിക്കിലേക്ക് വന്നു. ഒരാൾ വളരെ ആത്മധൈര്യത്തോടുകൂടിയും മറ്റേയാൾ എന്തോ കുറ്റം ചെയ്തത് പോലെയുള്ള മുഖഭാവത്തിലുമാണ് കയറിവന്നത്.

അനു, ബിനു എന്നാണ് തങ്ങളുടെ പേരെന്ന്‌ അവർ പറഞ്ഞു. നിങ്ങൾ ഇരട്ടകൾ ആണോ എന്ന് ചോദിച്ചപ്പോൾ, എല്ലാവരും ഈ ചോദ്യം ചോദിക്കാറുണ്ടെന്നും തങ്ങൾ ചേച്ചിയും അനിയത്തിയുമാണെന്നും അവർ പറഞ്ഞു. രണ്ടു പേരും തമ്മിൽ ഏകദേശം നാലു വയസ്സിന്റെ വ്യത്യാസമുണ്ട്. മൂത്തയാൾ അനു പ്രസിൽ വർക്ക് ചെയ്യുകയാണ്. ബിനു സ്കൂൾ  ടീച്ചറും.

ചേച്ചിയെ പിടിച്ചുവലിച്ച് കൊണ്ടുവന്നതിന്റെ ക്ഷീണം അനിയത്തിയിൽ പ്രകടമായിരുന്നു. ഇവളെക്കൊണ്ട് ഞാൻ തോറ്റു എന്നൊരു  മുഖഭാവം ആയിരുന്നു ചേച്ചിക്ക്. 'ചേച്ചിയുടെ മാറിൽ ഒരു മുഴ കാണുന്നുണ്ട് എന്നു പറഞ്ഞിട്ട് കുറച്ചു ദിവസങ്ങളായി  ഡോക്ടറേ,' ബിനു പറഞ്ഞു തുടങ്ങി.

അനു ആണെങ്കിലോ താനെന്തോ തെറ്റ് ചെയ്തിരിക്കുന്നു എന്ന ഭാവത്തിലാണ് ഇരിപ്പ്. ഞാൻ അനുവിന്റെ അടുത്തുനിന്ന് ഹിസ്റ്ററി ചോദിച്ചറിഞ്ഞു. ഏകദേശം മൂന്നാഴ്ച  മുമ്പാണ് മുഴ ശ്രദ്ധിച്ചു തുടങ്ങിയത്. കണ്ടിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ അനിയത്തിയോട് പറഞ്ഞു.‌ ബിനു കുറച്ചു ദൂരെയാണ് ജോലി ചെയ്യുന്നത് അതുകൊണ്ടുതന്നെ  ആഴ്ചയിലൊരിക്കൽ വരുന്നതാണ് പതിവ്. പറഞ്ഞപ്പോൾ തന്നെ വേഗം റെഡിയായി ഹോസ്പിറ്റലിൽ പോകാം എന്ന് അവൾ എന്നെ നിർബന്ധിച്ചെങ്കിലും എനിക്ക് ധൈര്യം വന്നില്ല. തിങ്കളാഴ്ച പരീക്ഷ  ഡ്യൂട്ടിയുള്ളതുകൊണ്ടുതന്നെ അവൾ പോയി. പിന്നെ ഒരാഴ്ചത്തെ ലീവ് എടുത്താണ് അവൾ വന്നത്. അങ്ങനെ പിടിച്ചുവലിച്ച് കൊണ്ടു വന്നതാണെന്നേ...

ഈ കഥകളൊക്കെ കേട്ട് ഞാൻ അനുവിനെ ക്ലിനിക്കൽ എക്സാമിനേഷൻ ചെയ്തപ്പോൾ തന്നെ ഏകദേശം രണ്ടു സെന്റി മീറ്റർ വരുന്ന ഹാർഡ്  ലംപ് കാണുന്നുണ്ടായി. മൂന്നാഴ്ചയേക്കാൾ കൂടുതലായി അവിടെ ഉണ്ടായിരുന്നിരിക്കാം, ശ്രദ്ധിക്കാതെ പോയതാവാം.

കുറച്ചു കട്ടിയുള്ളതും ഇളകാത്തതുമായതു കൊണ്ട് തന്നെ ഏകദേശം കാൻസർ ആണെന്ന് തോന്നിയെങ്കിലും സ്കാൻ ചെയ്തതിനുശേഷം നോക്കാമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. മാറിന്റെ സ്കാനിങ്ങും എക്സ്-റേ റിപ്പോർട്ടും വന്നപ്പോൾ ഏകദേശം കാൻസർ പോലെ ഉള്ളതായിട്ട് തന്നെ കണ്ടു(BIRADS 4). അന്നുതന്നെ മാമോഗ്രാം ചെയ്യാനും നിർദേശിച്ചു. മൂന്നു ദിവസം കഴിഞ്ഞ് റിപ്പോർട്ട് വരുമെന്ന് പറഞ്ഞ് അവരെ മടക്കി.

റിപ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ പ്രതീക്ഷിച്ചതു പോലെ തന്നെ " infiltrating ductal carcinoma" (ഒരു തരം സ്തനാർബുദം ). ബയോപ്സിക്ക് അഡ്വൈസ് ചെയ്തിട്ടുണ്ട്.

റിസപ്ഷനിൽ നിന്ന് ബിനുവിനെയാണ് വിളിച്ചത്. ചേച്ചിയെ കൂട്ടാതെയാണവൾ വാങ്ങാൻ വന്നത്. റിപ്പോർട്ടുമായി വന്ന് എല്ലാ കാര്യങ്ങളും ഞാൻ വിശദമായി പറഞ്ഞു കൊടുത്തു. 'ചേച്ചി ഒരു പാവമാണ് ഡോക്ടർ, ഇതൊക്കെ താങ്ങാൻ പറ്റുമോ എന്നെനിക്കറിയില്ല, പക്ഷെ ഞങ്ങളിത് ഒരുമിച്ച് അതിജീവിക്കും. ഡോക്ടർ, എനിക്ക് നല്ല വിശ്വാസമുണ്ട്, ഡോക്ടറുടെ ഉറപ്പുകൂടെ തന്നാൽ മതി'. കുഴപ്പമില്ലലോ എന്ന് പിന്നെയും പിന്നെയും ചോദിക്കുമ്പോഴും ആ അനിയത്തിക്കുട്ടിയുടെ നെഞ്ച് പിടയുന്നതെനിക്ക് കാണാമായിരുന്നു.

വളരെ ബോൾഡ് ആയി എല്ലാ കാര്യങ്ങളും ചേച്ചിക്ക് വേണ്ടി ചെയ്യാൻ തയ്യാറായുള്ള ഒരു അനിയത്തിക്കുട്ടി.. അതായിരുന്നു ബിനു. ചെറുപ്പം മുതലേ അവൾ തന്നെയാണ് കാര്യങ്ങളൊക്കെ ചെയ്യാറുള്ളത്.. പെട്ടെന്നുതന്നെ ചികിത്സയെടുക്കാം ഡോക്ടറെ, ചേച്ചിയെ ഡോക്ടറൊന്നു  പറഞ്ഞു മനസിലാക്കിയാൽ മതി, ബാക്കി ഞാൻ നോക്കിക്കോളാം-അവൾ പറഞ്ഞു.

പൈസയുടെ കാര്യമൊന്നും ഞാൻ ആലോചിക്കുന്നില്ല. അത്യാവശ്യം തരക്കേടില്ലാത്ത  ജോലിയുണ്ടല്ലോ, പിന്നെ കുറച്ചൊക്കെ ഞങ്ങൾ സേവ് ചെയ്തിട്ടുണ്ട്. കിട്ടുന്നത്ര ഇൻഷുറൻസ് എടുക്കകയും ചെയ്യാം. ആ ചെറിയ കുട്ടി ഇത്രയും കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്നതു കണ്ട്  എനിക്ക് അഭിമാനം തോന്നി, ചേച്ചിയെ കൂട്ടി വന്ന ദിവസം അന്നുതന്നെ  അഡ്മിറ്റ് ചെയ്യാൻ പോവാനായുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയാണവർ വന്നത്, എത്രകാലം വേണ്ടിവരും ആശുപത്രിയിൽ എന്ന അങ്കലാപ്പ് ഒഴിച്ചാൽ അവർ എന്തും നേരിടാൻ തയ്യാറായിരുന്നു.

അമ്മയെ നോക്കാൻ അപ്പുറത്തെ വീട്ടിലെ ഒരു ചേച്ചിയെ ഏൽപിച്ചിട്ടുണ്ട്. വേറെ ആരും ഇല്ല, അമ്മയോട് കാൻസറിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. ഒരു സാധാരണ മുഴ മാറിലുണ്ടെന്നും ചെറിയ സർജറി വേണ്ടിവരുമെന്ന് മാത്രമേ പറഞ്ഞുള്ളു.

ഞാനെന്റെ ഒരു സുഹൃത്തിനു തന്നെയാണ് റെഫറൽ ലെറ്റർ എഴുതിയത്. അവിടെ എത്തിക്കിട്ടിയാൽ അനു രക്ഷപ്പെടും എന്ന ഉറപ്പു എനിക്കുണ്ടായിരുന്നു. പിന്നീട് ചേച്ചിയുടെ സർജറിയ്ക്കും ബാക്കി ചികിത്സകൾക്കുമായി അവൾ ഓടിനടന്നു. ഒരിക്കൽ പോലും ആ മുഖത്ത് പരിഭവമോ ക്ഷീണമോ പ്രകടമായിരുന്നില്ല.

ചികിത്സകളൊക്കെ  കഴിഞ്ഞ് അത്രമേൽ സന്തോഷത്തോടെയാണ് അവർ അവിടെ നിന്നും പോയത്. പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം യാദൃച്ഛികമായി ഞാൻ അനുവിനെ കണ്ടു. വിശേഷങ്ങൾ ചോദിക്കുമ്പോൾ ബിനു എവിടെ. സുഖമായി ഇരിക്കുന്നോ എന്ന് ചോദിച്ചപ്പോൾ അനുവിന്റെ കണ്ണുകൾ കലങ്ങി. ഇടറിയ വാക്കുകളോടെ അവൾ പറഞ്ഞു: 'ബിനു. ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല...'

എന്തുപറ്റി അവൾക്ക്... എന്ന ചോദ്യം മനസ്സിൽ തങ്ങിനിന്നെങ്കിലും  ഒന്നും ചോദിച്ചില്ല.. കുറച്ചുനേരത്തെ മൗനത്തിനുശേഷം അനു പറഞ്ഞു തുടങ്ങി...

"എന്റെ രോഗത്തിനും ചികിത്സയ്ക്കും പിറകെ നടന്നു നടന്ന്... അവൾ അവളെ ശ്രദ്ധിക്കാൻ മറന്നു. ഒരുപക്ഷേ അറിയാമായിരുന്നിട്ടും... അവളുടെ രോഗവിവരം പുറത്തു പറഞ്ഞില്ല. പിന്നെ തീരെ വയ്യാതായി. ഞങ്ങളോട് എല്ലാം പറയുമ്പോഴേക്കും ഒരുപാടു വൈകിയിരുന്നു. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

തുടക്കത്തിൽ ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും വേദന അസഹ്യമായപ്പോഴാണ് ബിനു അതേക്കുറിച്ചു തുറന്നുപറഞ്ഞത്. കാൻസറാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും വേദന ഇല്ലാതെ മരിച്ചാൽ മതിയെന്ന് മാത്രമാണ് ആ​ഗ്രഹമെന്നും അവൾ പറഞ്ഞിരുന്നുവത്രേ. അടുത്തുള്ള പാലിയേറ്റീവ് കെയറിൽ നിന്ന് വേദന ഇല്ലാതിരിക്കാനുള്ള ചികിത്സ മാത്രം സ്വീകരിച്ചു. ചേച്ചിക്കു വേണ്ടി തന്റെ ചികിത്സപോലും അവൾ വേണ്ടെന്നുവെക്കുകയായിരുന്നു. അമ്മയ്ക്കും ചേച്ചിക്കും വീടിനും വേണ്ടി ഓടി ഓടി... അവൾ അവളെ മറന്നു...". അപ്പോഴേക്കും അനു ആകെ തളർന്നിരുന്നു.
എത്ര ആശ്വസിപ്പിച്ചാലും വേദന കുറയില്ലെന്ന് അറിയാമായിരുന്നിട്ടും ഞാൻ അവരെ ആശ്വസിപ്പിച്ചു.

ഓരോ ദിവസവും ഞങ്ങൾ കാണുന്നതും കേൾക്കുന്നതും ഇത്തരത്തിലുള്ള പല ജീവിതങ്ങളാണ്. എല്ലാം അറിഞ്ഞിട്ടും ഒന്നും ആരോടും പറയാതെ ജീവിതം തള്ളിനീക്കി അവർ മുന്നോട്ടുപോകുന്നു.

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. വളരെ എളുപ്പത്തിൽ കണ്ടെത്താൻ പറ്റുന്ന കാൻസറാണെങ്കിൽ പോലും സ്തനാർബുദം കൊണ്ട് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. സ്തനാർബുദ സ്ക്രീനിങ് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്

സ്തനാർബുദ സ്‌ക്രീനിങ്ങിലൂടെ സ്തനാർബുദ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ സ്തനങ്ങളിൽ കാൻസറുണ്ടോ എന്ന് പരിശോധിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ കാൻസർ നേരത്തെ തിരിച്ചറിയാനും താരതമ്യേന എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയുകയും ചെയ്യും. ഇതിലൂടെ ചികിത്സാച്ചെലവ് കുറയ്ക്കാനും രോഗത്തിൽ നിന്നും പെട്ടെന്ന് മുക്തരാവാനും കഴിയും.

സ്തനാർബുദ ലക്ഷണങ്ങൾ

  • സ്തനത്തിലുണ്ടാകുന്ന അസാധാരണമായ മുഴകൾ
  • സ്തനത്തിന്റെ ആകൃതിയിൽ വരുന്ന മാറ്റങ്ങൾ
  • സ്തനത്തിന്റ്റെ തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങൾ
  • മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക
  • മുലക്കണ്ണിൽ നിന്നുള്ള വിവിധ സ്രവങ്ങൾ
  • മുലക്കണ്ണിനുണ്ടാകുന്ന നിറംമാറ്റം
  • കക്ഷത്തിലുണ്ടാകുന്ന കയലവീക്കം

സ്ക്രീനിങ് രീതികൾ

സ്വയം പരിശോധന

ഇരുപതു വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിൽ ഒരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തേണ്ടതാണ്. ആർത്തവമുള്ള സ്ത്രീകൾ ആർത്തവചക്രം കഴിഞ്ഞ് 7 -10 ദിവസത്തിനുള്ളിൽ സ്വയം സ്തനപരിശോധന ചെയ്യുന്നതാണ് ഉത്തമം. ആർത്തവം ഇല്ലാത്ത സ്ത്രീകൾ, ഗർഭിണികൾ, മുലയൂട്ടുന്നവർ തുടങ്ങിയവർ എല്ലാമാസവും ഒരു ദിവസം മാർക്ക് ചെയ്ത് സ്വയം പരിശോധന നടത്തണം. എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ ഉടൻ ഡോക്ടറെ കാണണം.

1. കൈകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ചും അരയിൽ കൈ വെച്ചും  കണ്ണാടിയുടെ മുന്നിൽനിന്ന് സ്തനങ്ങളിൽ വലിപ്പ വ്യത്യാസം ഉണ്ടോ എന്നും നിറവ്യത്യാസമുണ്ടോ എന്നും നോക്കുക.
2. കണ്ണാടിയുടെ മുന്നിൽനിന്ന് കൈകൾ ഉയർത്തി സ്തനത്തിലും ചർമത്തിലും നിറവ്യത്യാസം ഉണ്ടോയെന്നും രണ്ടു സ്തനങ്ങളും ഒരേ ലെവലിൽ ആണോ എന്നും നോക്കുക.
3. കിടന്നുകൊണ്ട് ഇടതുസ്തനം വലതുകരം കൊണ്ട് അമർത്തി മുഴകൾ ഉണ്ടോ എന്നു പരിശോധിക്കുക.
4. തിരിച്ച് വലത് സ്തനവും പരിശോധിക്കുക. വലതുകൈകൊണ്ട് ഇടതുകക്ഷവും ഇടതുകൈ കൊണ്ട് വലതു കക്ഷവും പരിശോധിക്കുക (ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ എന്നിവയുടെ മധ്യഭാഗമാണ് ഉപയോഗിക്കേണ്ടത്).
5. വിരലുകളുടെ ഉൾഭാഗം കൊണ്ട് വൃത്താകൃതിയിൽ മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കണം.
6. സ്തന ഞെട്ട് അമർത്തി സ്രവം ഉണ്ടോ എന്നു നോക്കുക.

ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ

ഒരു മെഡിക്കൽ പ്രൊഫഷണൽ, അതായത് ഒരു ഡോക്ടറോ ട്രെയ്ൻഡ് നഴ്‌സോ നടത്തുന്ന പരിശോധനയാണ് ക്ലിനിക്കൽ ബ്രെസ്റ്റ് എക്‌സാമിനേഷൻ. ക്ലിനിക്കൽ ബ്രെസ്റ്റ് എക്‌സാമിനേഷനിൽ കൈകൾ ഉപയോഗിച്ചാണ് സ്തനങ്ങൾ പരിശോധിക്കുന്നത്. ഇങ്ങനെ പരിശോധിക്കുന്നതിലൂടെ സ്തനാർബുദം ഒരുപരിധിവരെ തിരിച്ചറിയാൻ കഴിയും. ആറു മാസം കൂടുമ്പോൾ ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ ചെയ്യുന്നതാണ് നല്ലത്.
 
മാമോഗ്രാം

സ്തനത്തിന്റെ എക്സ്-റേ ചിത്രമാണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഡോക്ടർമാർ മാമോഗ്രാം ഉപയോഗിക്കുന്നു.  മാമോഗ്രാം ചെയ്യുന്നത്  സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു.

കുടുംബത്തിൽ സ്തനാർബുദം കണ്ടെത്തിയാൽ ബാക്കിയുള്ളവർ പരിശോധന നടത്തുന്നത് നല്ലതാണ്. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ 10 വർഷം മുമ്പ് മാമോഗ്രാം ചെയ്യാൻ ആരംഭിക്കേണ്ടതാണ്. ഇത് വർഷത്തിൽ ഒരിക്കലാണ്  ചെയ്യേണ്ടത്. (30 വയസിനു ശേഷം). മാമോഗ്രാം എടുക്കാൻ ഏകദേശം 10 മിനിറ്റാണ് എടുക്കുക.

ബ്രെസ്റ്റ് മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എം.ആർ.ഐ.)

ബ്രെസ്റ്റ് എംആർഐ കാന്തങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് സ്തനത്തിന്റെ ചിത്രങ്ങൾ എടുക്കുന്നു. സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലുള്ള സ്ത്രീകളെ പരിശോധിക്കാൻ മാമോഗ്രാമിനൊപ്പം ബ്രെസ്റ്റ് എം.ആർ.ഐയും ഉപയോഗിക്കുന്നു.

ഏതെങ്കിലും തരത്തിലുള്ള  ലക്ഷണങ്ങൾ  കണ്ടാൽ ഉടൻ തന്നെ നിങ്ങളുടെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലോ ഏർളി കാൻസർ ഡിറ്റക്ഷൻ സെന്ററുകളിലോ എത്തുക. നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സ വളരെ എളുപ്പമാണ്. ഒപ്പം സാമ്പത്തിക സാമൂഹിക ബാധ്യതകളും കുറയും.