
NSS (നാഷണൽ സർവീസ് സ്കീം ) സംഘടിപ്പിച്ച ഒരു കാൻസർ ബോധവൽക്കരണ ക്ലാസ്സായിരുന്നു അത്.. പെൺകുട്ടികളാണ് കൂടുതലും ഉണ്ടായിരുന്നത്, കൂട്ടത്തിൽ വിരലിലെണ്ണാവുന്ന കുറച്ച് ആൺകുട്ടികളും. എല്ലാവരും കേൾക്കേണ്ട ക്ലാസാണെന്നു പറഞ്ഞുതന്നെയാണ് തുടങ്ങിയത്. എങ്കിൽപോലും സ്തനപരിശോധനയുടെ ഭാഗമൊക്കെയായപ്പോൾ ആൺകുട്ടികളുടെ മുഖത്ത് അസ്വസ്ഥതയും ചമ്മലുമൊക്കെ കാണാമായിരുന്നു. ആൺകുട്ടികളും കേൾക്കേണ്ട ക്ലാസ്സാണെന്ന് വീണ്ടും ഓർമപ്പെടുത്തിക്കൊണ്ട് അവരോട് ഒരു കാര്യംകൂടി പറഞ്ഞു. "നിങ്ങൾ വീട്ടിൽ പോയി അമ്മയോടും ചേച്ചിമാരോടും അനിയത്തിമാരോടുമൊക്കെ ഈ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. അവർക്കൊക്കെ ഈ ലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് കൃത്യമായി ചോദിക്കണം.. അതുപോലെ തന്നെ സ്വയം സ്തനപരിശോധനാരീതികൾ പറഞ്ഞു കൊടുക്കുകയും വേണം...."
പുരുഷന്മാരിലും മാറിലെ കാൻസർ വരാനുള്ള സാധ്യത ഉണ്ടെന്നൊക്കെ പറഞ്ഞത് വിശ്വസിക്കാൻ അവർക്ക് മടിയുള്ളതുപോലെ തോന്നി. ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങാൻ നിൽക്കുമ്പോൾ ഒരാൺകുട്ടി എന്തോ പറയാനുണ്ടെന്ന ഭാവത്തിൽ ഞങ്ങളുടെ അടുത്തേക്ക് വന്നു. ക്യാമ്പുകൾ കഴിഞ്ഞാൽ ഇതു പലപ്പോഴും സംഭവിക്കുന്ന കാഴ്ചയാണ്. ആ കുട്ടിയെ ഞാൻ ആദ്യമേ ശ്രദ്ധിച്ചിരുന്നു. ശ്രദ്ധിച്ചു കേട്ടിരിക്കുന്നുണ്ടെങ്കിലും ഒന്നിനോടും കൂടുതലായി പ്രതികരിക്കുന്നുണ്ടായിരുന്നില്ല. അവന്റെ കണ്ണുനിറഞ്ഞിരുന്നു. ഉള്ളിലെ സങ്കടവും വെപ്രാളവും അടക്കിപിടിച്ചുകൊണ്ട് അവൻ പറഞ്ഞു തുടങ്ങി. "ഡോക്ടർ എൻ്റെ അമ്മയ്ക്ക് എന്നും മാറിൽ വേദനയാണ് എന്നു പറയുന്നുണ്ട്. ഞാൻ കുറെ ദിവസമായി ഇത് കേൾക്കുന്നു. അച്ഛൻ കള്ളുകുടിച്ചുവന്ന് എന്നും വഴക്കാണ്. അമ്മ ചിലപ്പോഴൊക്കെ ഇരുന്നു കരയുന്നതുകാണാറുണ്ട്. നല്ല വേദനയുണ്ടെന്നു പറഞ്ഞാണ് കരയുന്നത്. എൻ്റെ അമ്മയ്ക്ക് എന്തോ കുഴപ്പമുണ്ട്. ഞാൻ ഇനി എന്താ ചെയ്യുക എന്നവൻ ചോദിക്കുന്നുണ്ടായിരുന്നു. ക്ലാസ് കേട്ട് അവൻ എല്ലാം ഉറപ്പിച്ചപോലെയാണ് പറഞ്ഞത്. അമ്മയ്ക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല, വിഷമിക്കണ്ട എന്നുപറഞ്ഞു ഞങ്ങൾ അവനെ സമാധാനിപ്പിച്ചെങ്കിലും ആ കണ്ണുകളിൽ അപ്പോഴും ആസ്വസ്ഥയുടെ നനവ് ബാക്കിയായിരുന്നു. നാളെ അമ്മയെ കൂട്ടി ഹോസ്പിറ്റലിലേക്കു വരാൻ പറഞ്ഞ് ഞങ്ങൾ അവിടെ നിന്നിറങ്ങി. പക്ഷേ ഒരുപാടുദിവസങ്ങൾ പിന്നിട്ടിട്ടും അവർ ഹോസ്പിറ്റലിലേക്ക് വന്നില്ല.
കുറേകാലത്തിനുശേഷം മറ്റൊരു ക്യാമ്പിൽ വെച്ച് ആ കുട്ടിയെ ഞങ്ങൾ കണ്ടു. കൂടെ അവന്റെ അമ്മയുമുണ്ടായിരുന്നു. ക്ലിനിക്കൽ പരിശോധനയിൽ ആ അമ്മയുടെ സ്തനത്തിൽ വലിയൊരു മുഴ കണ്ടു. മാമ്മോഗ്രാഫി ടെസ്റ്റ് ചെയ്യാൻ നിർദേശിച്ചു. അതിനെത്ര പൈസയാകും എന്ന അവരുടെ സംശയത്തിൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് നിഴലിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ. ക്യാമ്പ് ആയതുകൊണ്ട് അതിന് ചെലവില്ല എന്നൊക്കെ പറഞ്ഞു സമ്മതിപ്പിച്ചു. മാമ്മോഗ്രാഫി, നീര് കുത്തി പരിശോധന, ബയോപ്സി തുടങ്ങിയവയെല്ലാം കഴിഞ്ഞപ്പോൾ സ്തനാർബുദമാണെന്ന് സ്ഥിരീകരിച്ചു. പക്ഷെ വീണ്ടും കുറച്ചുകാലത്തേക്ക് അവരെ കണ്ടില്ല.
പിന്നീടൊരിക്കൽക്കൂടി ആ മകൻ അമ്മയ്ക്കൊപ്പം ഹോസ്പിറ്റലിൽ വരികയുണ്ടായി. കാര്യം തിരക്കിയപ്പോൾ ചികിത്സയ്ക്കുള്ള പൈസയ്ക്കായി ആ കുട്ടി എറണാകുളത്തു ജോലിക്ക് പോയിരിക്കുകയായിരുന്നുവത്രേ. കുറച്ചു പണമായപ്പോൾ അമ്മയേയും കൂട്ടി അവൻ വന്നതാണ്. ഒരുപക്ഷേ നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽ അവർക്കു ചികിത്സാരീതികളും ചികിത്സാചെലവും നല്ലതുപോലെ കുറയുമായിരുന്നു.
വൈകിയ ആ സ്റ്റേജിൽ അസുഖം പൂർണമായി സുഖപ്പെടുത്താനുള്ള സാധ്യത വളരെ കുറവായിരുന്നു. ഞങ്ങൾ കാര്യങ്ങളൊക്കെ മകനെ പറഞ്ഞു മനസ്സിലാക്കി. ഒരുപക്ഷെ ആ അമ്മ ആദ്യമേ ഈ കാര്യങ്ങളൊക്കെ ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ, അല്ലെകിൽ മകനോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവരെ പൂർണമായും സുഖപ്പെടുത്താമായിരുന്നു. ഒരുപക്ഷേ ഇത്തരം ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുവന്നതുകൊണ്ടുതന്നെ ഒന്നു മാത്രമാണ് പറയാനുള്ളത്. ഏതു രോഗത്തേയും പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം അതു നേരത്തെ കണ്ടെത്തുക എന്നതാണ്.
എന്താണ് സ്തനാർബുദ സ്ക്രീനിംഗ് ?
സ്തനാർബുദ സ്‌ക്രീനിംഗ് എന്നതുകൊണ്ട് അർഥമാക്കുന്നത് രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് തന്നെ സ്തനങ്ങളിൽ കാൻസറുണ്ടോ എന്നു പരിശോധിക്കുക എന്നതാണ്. കാൻസർ നേരത്തേ കണ്ടെത്തുന്നതിനൊപ്പം ചികിത്സ എളുപ്പമാക്കാൻ കൂടി സഹായിക്കും.
സ്ക്രീനിംഗ് രീതികൾ
ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ
ഒരു ഡോക്ടറോ ട്രെയിൻഡ് നഴ്‌സോ നടത്തുന്ന പരിശോധനയാണ് ക്ലിനിക്കൽ ബ്രെസ്റ്റ് എക്‌സാമിനേഷൻ, കൈകൾ ഉപയോഗിച്ച് മാറ് പരിശോധിക്കുന്നു, മൂന്ന് മുതൽ ആറുമാസം കൂടുമ്പോൾ ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ ചെയ്യേണ്ടതാണ്.
മാമോഗ്രാം
സ്തനത്തിന്റെ എക്സ്-റേ ചിത്രമാണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഡോക്ടർമാർ മാമോഗ്രാം ഉപയോഗിക്കുന്നു. മാമോഗ്രാം ചെയ്യുന്നത് സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. 40 വയസ്സു കഴിഞ്ഞ സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു.
സ്തനാർബുദസാധ്യത കൂടുതലുള്ളവർ, കുടുംബത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തിന് സ്തനാർബുദം സ്ഥിരീകരിച്ചതിന്റെ 10 വർഷം മുമ്പ് മാമ്മോഗ്രാം ചെയ്യാൻ ആരംഭിക്കേണ്ടതാണ് , ഇത് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ടതാണ്. (30 വയസിനു ശേഷം മാത്രം )
സ്‌ക്രീനിംഗ് മാമോഗ്രാം 40നു ശേഷമേ ചെയ്യേണ്ടതുള്ളൂ. 40 വയസ്സിന് മുമ്പ് മാമോഗ്രാം എടുക്കാൻ തുടങ്ങണോ എന്നു തീരുമാനിക്കുമ്പോൾ സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ നേട്ടങ്ങളും അപകടസാധ്യതകളും ശ്രദ്ധിക്കേണ്ടതാണ്.
മാമോഗ്രാം എങ്ങനെയാണ് ചെയ്യുന്നത്?
നിങ്ങൾ ഒരു പ്രത്യേക എക്സ്-റേ മെഷീന്റെ മുന്നിൽ നിൽക്കും. ഒരു ടെക്‌നീഷ്യൻ നിങ്ങളുടെ സ്തനങ്ങൾ ഒരു പ്ലാസ്റ്റിക് പ്ലേറ്റിൽ സ്ഥാപിക്കും. മറ്റൊരു പ്ലേറ്റ് മുകളിൽ നിന്ന് നിങ്ങളുടെ സ്തനങ്ങൾ അമർത്തും. എക്സ്-റേ എടുക്കുമ്പോൾ പ്ലേറ്റുകൾ സ്തനത്തെ നിശ്ചലമാക്കും. എല്ലാ സ്തനങ്ങളും അല്പം വ്യത്യസ്തമായതിനാൽ ഓരോ സ്ത്രീയുടെയും മാമോഗ്രാം അല്പം വ്യത്യസ്തമായി കാണപ്പെടാം. മാമോഗ്രാം എടുക്കാൻ ഏകദേശം 10 മിനിറ്റാണെടുക്കുക.
മാമോഗ്രാം എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടത്
ആർത്തവം വരുന്നതിന് മുമ്പുള്ള ആഴ്‌ചയോ ആർത്തവ സമയത്തോ മാമോഗ്രാം ചെയ്യാതിരിക്കാൻ ശ്രമിക്കുക. ആ സമയത്തു സ്തനങ്ങൾ മൃദുവായതോ വീർത്തതോ ആകാം.
മാമോഗ്രാം ചെയ്യുന്ന ദിവസം, ഡിയോഡറന്റ്, പെർഫ്യൂം, പൗഡർ എന്നിവ ധരിക്കരുത്. ഈ ഉൽപ്പന്നങ്ങൾ എക്സ്-റേയിൽ വെളുത്ത പാടുകളായി കാണിച്ചേക്കാം
ബ്രെസ്റ്റ് മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എം ആർ ഐ)
ബ്രെസ്റ്റ് എംആർഐ കാന്തങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് സ്തനത്തിന്റെ ചിത്രങ്ങൾ എടുക്കുന്നു. സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലുള്ള സ്ത്രീകളെ പരിശോധിക്കാൻ മാമോഗ്രാമിനൊപ്പം ബ്രെസ്റ്റ് എംആർഐയും ഉപയോഗിക്കുന്നു.
ചികിത്സ എങ്ങനെ?
സ്തനാർബുദം പല വിധത്തിലാണ് ചികിത്സിക്കുന്നത്. ഇത് സ്തനാർബുദത്തിന്റെ തരത്തെയും അത് എത്രത്തോളം വ്യാപിച്ചു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പലപ്പോഴും ഒന്നിലധികം ചികിത്സകൾ വേണ്ടി വരുന്നു .
- ശസ്ത്രക്രിയ
- കീമോതെറാപ്പി: ക്യാൻസർ കോശങ്ങളെ ചുരുക്കാനോ നശിപ്പിക്കാനോ പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നു
- ഹോർമോൺ തെറാപ്പി. കാൻസർ കോശങ്ങൾക്ക് വളരാൻ ആവശ്യമായ ഹോർമോണുകൾ ലഭിക്കുന്നത് തടയുന്നു.
- റേഡിയേഷൻ തെറാപ്പി. കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഉയർന്ന ഊർജരശ്മികൾ (എക്‌സ്-റേയ്ക്ക് സമാനമായി) ഉപയോഗിക്കുന്നു.
സ്തനാർബുദ ചികിത്സയ്ക്കായി വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഡോക്ടർമാർ പലപ്പോഴും ഒരുമിച്ചു പ്രവർത്തിക്കുന്നു. ഓപ്പറേഷൻ നടത്തുന്ന ഡോക്ടർമാരാണ് സർജന്മാർ. കാൻസറിനെ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുന്ന ഡോക്ടർമാരാണ് മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ. റേഡിയേഷൻ ഉപയോഗിച്ച് ക്യാൻസറിനെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് റേഡിയേഷൻ ഓങ്കോളജിസ്റ്റുകൾ.
എന്താണ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം?
ട്രിപ്പിൾ-നെഗറ്റീവ് ബ്രെസ്റ്റ് ക്യാൻസർ എന്നത് സ്തനാർബുദത്തിൽ സാധാരണയായി കാണപ്പെടുന്ന റിസപ്റ്ററുകളൊന്നും ഇല്ലാത്ത തരം സ്തനാർബുദമാണ്. സാധാരണ കാൻസറുകളിൽ റിസപ്റ്ററുകൾ എന്ന് വിളിക്കപ്പെടുന്ന മൂന്ന് തരം ലോക്കുകൾ ഉണ്ടായിരിക്കാം-
സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, ഹ്യൂമൻ എപിഡെർമൽ ഗ്രോത്ത് ഫാക്ടർ (HER2) എന്ന പ്രോട്ടീൻ ഇവയൊക്കെയാണ് ആ ലോക്കുകൾ.
ശരീരത്തിൽ ബാധിച്ചിരിക്കുന്ന കാൻസറുകൾക്ക് ഈ മൂന്ന് ലോക്കുകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ, അത്തരം ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഡോക്ടർമാർക്ക് താക്കോലുകളുമുണ്ട്. ഹോർമോൺ തെറാപ്പി അല്ലെങ്കിൽ മറ്റ് മരുന്നുകൾ എന്നിവയാണ് ആ താക്കോലുകൾ.
എന്നാൽ ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം ഉണ്ടെങ്കിൽ, അതിനർഥം ആ മൂന്നു ലോക്കുകൾ അവിടെയില്ല എന്നാണ്. അതിനാൽ ചികിത്സയ്ക്കായി ഡോക്ടർമാർക്ക് താക്കോലുകൾ കുറവാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കീമോതെറാപ്പി ഒരു ഫലപ്രദമായ ഓപ്ഷനാണ്.
ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം എങ്ങനെയാണ് ചികിത്സിക്കുന്നത്?
ട്രിപ്പിൾ-നെഗറ്റീവ് രോഗികൾക്ക് ആദ്യം മുഴ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള പ്രധാന സർജറികൾ ലംപക്ടമിയും മാസ്റ്റക്ടമിയും ആണ്.
ലംപെക്ടമി
ഒരു ശസ്ത്രക്രിയാ വിദഗ്ധൻ സ്തനത്തിൽ നിന്ന് മുഴ നീക്കം ചെയ്യുന്നു. അർബുദം പടർന്നിട്ടുണ്ടോ എന്നറിയാൻ അടുത്തുള്ള ലിംഫ് നോഡുകളും നീക്കം ചെയ്യുന്നു.
മാസ്റ്റെക്ടമി
മിക്ക മാസ്റ്റക്ടമി സർജറികളിലും മുഴുവൻ സ്തനവും എടുത്തു കളയുകയാണ് ചെയ്യുന്നത്. മാസ്റ്റെക്ടമിയിൽ ശരീരത്തിൽ ക്യാൻസർ പടർന്നിട്ടുണ്ടോ എന്നറിയാൻ സർജൻ അടുത്തുള്ള ലിംഫ് നോഡുകളും നീക്കം ചെയ്യുന്നു. ഇത്തരം ശസ്ത്രക്രിയയ്ക്കിടെ സ്തന പുനർനിർമാണവും ചെയ്യാറുണ്ട്.
എന്നിട്ടും ചികിത്സിക്കാൻ കഴിയാത്ത ഏതെങ്കിലും കാൻസർ കോശങ്ങൾ ഉണ്ടെങ്കിൽ അത് ടാർഗെറ്റു ചെയ്യാൻ കീമോതെറാപ്പി ചികിത്സയുണ്ട് - ഇങ്ങനെ ചെയ്തില്ലെങ്കിൽ സ്തനത്തിൽ അവശേഷിക്കുന്ന മറ്റ് കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാച്ചേക്കാം. ചിലപ്പോൾ കാൻസർ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർമാർ കീമോതെറാപ്പി ശുപാർശ ചെയ്യാറുണ്ട്.
റേഡിയേഷൻ
ലംപെക്ടമിക്ക് ശേഷം സാധാരണയായി റേഡിയേഷൻ തെറാപ്പി നടത്തുന്നു. ശരീരത്തിൽ ഏതെങ്കിലും കാൻസർ കോശങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവയെ നശിപ്പിക്കാനാണ് റേഡിയേഷൻ തെറാപ്പി ചെയ്യുന്നത്. ഇതിനായി പ്രതിദിനം 20 മിനിറ്റ് സമയമെടുക്കും. ഈ ചികിത്സ എടുക്കുന്ന ഭൂരിഭാഗം പേരും ആഴ്ചയിൽ നാലോ അഞ്ചോ ദിവസം എന്ന കണക്കിൽ ഏകദേശം ആറാഴ്ചത്തേക്ക് ഈ ചികിത്സ എടുക്കാറുണ്ട് .
Content Highlights: column on breast cancer awareness
Published: 02 Nov 2023, 03:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented