
കഴിഞ്ഞ ദിവസം പലരും ആകാംക്ഷയോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചൊരു ചിത്രമുണ്ട്. അസുഖബാധിതനായ ഒരു സിനിമാതാരത്തിന്റെ. ചിലർ ഒരുപടികൂടി കടന്നു. അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം തങ്ങൾക്കറിയാവുന്ന അല്പവിവരം വെച്ച് മെഡിക്കൽ ബുള്ളറ്റിൻ തന്നെയിറക്കി. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സിനിമാ താരങ്ങളുടെയും കായിക താരങ്ങളുടെയും പൊതുപ്രവർത്തകരുടെയും വ്യക്തിജീവിതം ഒട്ടും സ്വകാര്യമല്ലെന്നും അതിലിടപെടാൻ നാട്ടുകാർക്ക് അധികാരമുണ്ടെന്ന മട്ടിലുമാണ് ഇത്തരം അഭിപ്രായപ്രകടനങ്ങൾ. എന്നാൽ, സിനിമാനടനോ കുടുംബാംഗങ്ങളോ ഒരു രീതിയിലും ഈ വാർത്തകളോട് പ്രതികരിച്ചില്ല. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ വ്യക്തി സ്വകാര്യത എന്താണെന്നും അതിന്റെ ലംഘനം എത്രത്തോളം അപകടകരമാണെന്നും അറിയാത്തവരാണെന്ന് ചുരുക്കം.
സോഷ്യൽ മീഡിയ യുഗത്തിൽ ഒന്നും സ്വകാര്യമല്ലെന്ന് വാദിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഒരാളുടെ അസുഖവും ചികിത്സയും അയാളുടെ മാത്രം സ്വകാര്യതയാണ്. ആശുപത്രിയിൽ ചികിത്സയ്ക്കായി രോഗി അഡ്മിറ്റ് ചെയ്യപ്പെടുമ്പോൾ പോലും ആ വ്യക്തിയുടെ സമ്മതമില്ലാതെ ഒരു തരത്തിലുള്ള പരിശോധനകളും ടെസ്റ്റുകളും സാധ്യമല്ല. ഓപ്പറേഷൻ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ എഴുതി ഒപ്പിട്ടു നൽകിയ സമ്മതപത്രവും ആവശ്യമാണ്. സ്വന്തം ശരീരത്തിൽ രക്തം കയറ്റുന്നത് മതവിശ്വാസത്തിനെതിരാണെന്ന പറഞ്ഞ് മുഖംതിരിക്കുന്നവരുണ്ട്. അത്തരക്കാരെ ചികിത്സിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. പക്ഷേ, സമ്മതം മറികടന്ന് അവരെയും ചികിത്സിക്കാനാവില്ല. അത്രത്തോളം കർശനമാണ് ചികിത്സയിൽ രോഗിയുടെ സമ്മതപത്രം. അതുപോലെ പ്രധാനമാണ് രോഗിയുടെ സ്വകാര്യതയും.
Also Read
കഴിഞ്ഞ ദിവസം ഹെർണിയ ഓപ്പറേഷൻ ചെയ്യാനായി തീയേറ്ററിൽ കയറ്റിയ അറുപതുകാരൻ ചുറ്റും കൂടിനിന്ന സുന്ദരിമാരായ സ്ക്രബ്ബ് നഴ്സുമാരെ കണ്ട് അസ്വസ്ഥനായി. പിന്നെ എന്റെ കൈപിടിച്ച് പതുക്കെ പറഞ്ഞു.” ഡോക്റെ, ഭാര്യയല്ലാതെ മറ്റൊരു പെണ്ണും എന്റെ ലൈംഗികാവയവം ഇതുവരെ കണ്ടിട്ടില്ല. ഞാൻ മയ്യത്താവുന്നവരെ അങ്ങനെ വേണമെന്നുണ്ട്. ഈ പെൺകുട്ടികളും അത് കാണാൻ പാടില്ല. സാറ് സഹായിക്കണം.” ഹെർണിയയുടെ സ്ഥാനം അടിവയറിനു ഇടതുഭാഗത്തായതു കൊണ്ട് തീയേറ്റർ ഗൗൺ വകഞ്ഞുമാറ്റുമ്പോൾ അദ്ദേഹം പറഞ്ഞ പോലെ ശരീരഭാഗം കാണാനിടയുണ്ട്. ആ ആവശ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഓപ്പറേഷൻ സമയത്ത് അസ്വസ്ഥമായാൽ ഹൃദയമിടിപ്പും രക്തസമ്മർദവുമൊക്കെ ഉയരാനിടയാക്കും. അതിനുവേണ്ടി പല മരുന്നുകളും ഉപയോഗിക്കേണ്ടിയും വരും. അതിനൊക്കെ ഉപരിയായി ഈ ഓപ്പറേഷൻ ഉണ്ടാക്കുന്ന മാനസികാഘാതം അദ്ദഹത്തിന്റെ ശിഷ്ടകാലം മുഴുവൻ വേട്ടയാടിക്കൊണ്ടുമിരിക്കാം. അതുകൊണ്ട് ഓപ്പറേഷൻ സമയത്ത് ശരീരം മറയ്ക്കുന്ന ലിനൻ അടുത്ത തീയേറ്ററിൽ നിന്ന് വിളിച്ചുവരുത്തിയ മെയിൽ നഴ്സും ഡോക്ടറും ചേർന്ന് വിരിച്ചതിനുശേഷം മാത്രമേ തീയേറ്ററിലെ സ്ത്രീ ജീവനക്കാരെ പ്രവേശിപ്പിച്ചുള്ളൂ. അത്രത്തോളം ഗൗരവമേറിയതാണ് രോഗിയുടെ സ്വകാര്യത. അതേ പോലെ ലേബർറൂമുകളിൽ ഫീമെയിൽ നഴ്സുമാരെ മാത്രമേ നിയോഗിക്കാറുള്ളൂ. പുരുഷന്മാരായ ഗൈനക്കോളജിസ്റ്റുകളെ രോഗികൾ തിരഞ്ഞെടുത്താൽ അവർക്കും പ്രവേശനമുണ്ടാകും. അങ്ങനെയിരിക്കുമ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സെലിബ്രിറ്റികളുടെ ഫോട്ടോയടക്കം സകല വിവരങ്ങളും ആഘോഷപൂർവം പ്രദർശിപ്പിക്കപ്പെടുന്നത്. സിനിമയിൽ വെട്ടിത്തിളങ്ങുന്ന സുന്ദരികളും സുന്ദരന്മാരുമായ സിനിമാതാരങ്ങളുടെ രോഗാവസ്ഥയിൽ ക്ഷീണിച്ചവശരായ സമയത്തെ ഫോട്ടോ എങ്ങനെയെങ്കിലും കൈയ്യിലാക്കി അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്നത് ക്രൂരവിനോദമാണ് ചിലർക്ക്.
ചികിത്സാസംബന്ധമായ ഒരു രേഖകളും പ്രസ്തുത രോഗിയുടെ സമ്മതമില്ലാതെ ആരുമായും പങ്കുവെയ്ക്കാൻ പാടില്ല എന്നതാണ് നിയമം. അതിനി എത്ര അടുത്ത ബന്ധു ചോദിച്ചാൽ പോലും കൊടുക്കാൻ അനുവാദമില്ല. ആശുപത്രിയിൽ അധികാരത്തോടെ അക്രോശിക്കുന്നവരിൽ ഭൂരിഭാഗവും ആ രോഗിയുമായി ഒരു ബന്ധമില്ലാത്തവരാവും. റീൽസുകൾ വൈറലാക്കാൻ സ്മാർട്ട് ഫോണുമായി ചുറ്റിത്തിരിയുന്നവർ ഉടൻ ലൈവിലേക്കു പോകുമ്പോൾ ഒരുപാടുപേരുടെ സ്വകാര്യതയിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ് നടത്തുന്നത്.
രോഗിയുടെ സമ്മതപ്രകാരമോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീഷണിയാവുന്ന അവസരത്തിലോ മാത്രമേ രോഗത്തിന്റെ അവസ്ഥയും ചികിത്സയുടെ വിശദാംശങ്ങളും അടുത്ത ബന്ധുക്കളുമായിപ്പോലും പങ്കുവെയ്ക്കാൻ പാടുള്ളൂ. മൈനറായ കുട്ടികളുടെ കാര്യത്തിൽ ലീഗൽ ഗാർഡിയനുമായി വിവരങ്ങൾ പങ്കുവെയ്ക്കാം. സമൂഹത്തിനു തന്നെ ഭീഷണിയായേക്കാവുന്ന സാംക്രമിക രോഗങ്ങൾ വ്യക്തി സ്വകാര്യതയുടെ പരിധിയിൽ വരുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ബന്ധപ്പെട്ട അധികാരികളെയും ബന്ധുക്കളെയും വിവരങ്ങൾ അറിയിക്കാൻ ആരോഗ്യ പ്രവർത്തകർ ബാധ്യസ്ഥരാണ്. എന്നാൽ, രോഗിയുടെ സമ്മതമില്ലാതെ എയ്ഡ്സ് ടെസ്റ്റ് ചെയ്യാനോ ചികിത്സിക്കാനോ ആ വിവരങ്ങൾ ആരുമായി പങ്കുവെക്കാനോ പാടുള്ളതല്ല എന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കോടതിയുടെ ഉത്തരവുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അതിൽ നിർദ്ദേശിക്കുന്ന കേന്ദ്രത്തിൽ മാത്രം രോഗവിവരങ്ങൾ നൽകാം. അപ്പോഴും അത് ദൃശ്യ ശ്രാവ്യ സാമൂഹികമാധ്യമങ്ങളിൽ എടുത്തിടാൻ അനുവാദമില്ല.
കുറച്ചുമുമ്പ് ഞങ്ങളുടെയൊപ്പം ജോലി ചെയ്തിരുന്ന സീനിയർ ഗൈനക്കോളജിസ്റ്റ് കാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിയ്ക്കു വേണ്ടി കുറച്ചുദിവസം അവധിയിലായിരുന്നു. പോരാട്ടത്തിന്റെ ആൾരൂപമായിരുന്നു അവർ. ചെറുപ്പത്തിലെ പോളിയോ ബാധിച്ച തളർന്ന കാലുകൾ വലിച്ചു നീട്ടി അവർ ഓടിനടന്ന് രോഗികളെ ചികിത്സിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവരുടെ എഴുപത്തിയഞ്ചാം വയസ്സിലും എത്രയോ സങ്കീർണമായ പ്രസവകേസുകൾ ലവശേലം ക്ഷീണം കാണിക്കാതെ കൈകാര്യം ചെയ്തു. ഒരുപാട് കുഞ്ഞുങ്ങൾ അവരുടെ കൈകളിലൂടെ ഈ ഭൂമിയിലേക്ക് ഇറങ്ങിവന്നു. ഇതിനിടയിൽ രണ്ടു തവണ വന്ന കാൻസറിനേയും ഹാർട്ട് അറ്റാക്കിനേയും അവർ പടിക്കു പുറത്തുനിർത്തി കർമനിരതയായിരുന്നു. എന്നോട് എന്നും പറയും, ജീവിതത്തിന്റെ അവസാന നിമിഷം വരെയും എനിക്ക് ഡോക്ടറായി ജോലി ചെയ്യണമെന്ന്. ഞാൻ പറയും മാഡം ഒരത്ഭുത പ്രതിഭാസമാണ്. അതുകൊണ്ട് ആഗ്രഹം പോലെ നടക്കും. കീമോതെറാപ്പി കഴിഞ്ഞ രാത്രി മാഡം എന്നെ ഫോണിൽ വിളിച്ചപ്പോൾ ആ ശബ്ദം വല്ലാതെ വിതുമ്പുന്നുണ്ടായിരുന്നു. “ഡോക്ടററെ, ഇന്ന് എനിക്കൊരു മെസ്സേജ് കിട്ടി. തീയേറ്റർ വേഷത്തിലുള്ള എന്റെ ഫോട്ടോയ്ക്കു താഴെ ആദരാഞ്ജലികൾ എന്നെഴുതിയ എന്റെ ചരമക്കുറിപ്പ്. അപ്പോൾ ഞാൻ മരിച്ചു എന്ന് നാട്ടുകാർ ഉറപ്പിച്ചു.. ഇനി എനിക്കും പ്രതീക്ഷ വേണ്ട അല്ലേ..“.
ജീവിതത്തിലെ പ്രതിസന്ധികളെ ഇത്രയും കരുത്തോടെ നേരിട്ട മാഡമാണിങ്ങനെ തളർന്ന ശബ്ദത്തിൽ സംസാരിച്ചത്. ഞാൻ പറഞ്ഞു., “മാഡം,അപൂർവ്വം ആൾക്കാർക്കു മാത്രമേ സ്വന്തം ചരമക്കുറിപ്പ് വായിക്കാൻ യോഗമുണ്ടാവൂ. പേരും പ്രശസ്തിയുമുളളവരുടെ മരണവാർത്ത അവർ ജീവിച്ചിരിക്കെ തന്നെ പല തവണ നമ്മൾ വായിച്ചതല്ലേ. അതുകൊണ്ട് ഈ വാർത്ത വന്നതോടെ മാഡവും ഒരു സെലിബ്രിറ്റിയാണെന്ന് തെളിഞ്ഞില്ലേ.” എന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ച മാഡം പിന്നെയും കുറച്ചു കാലം ജീവിച്ചു. മനസ്സുകൂടി തളരുമ്പോൾ രോഗം ബാധിച്ച ശരീരം മരണത്തെ വേഗത്തിൽ തേടിപ്പോകുമായിരിക്കും. അവനവനിലേക്ക് നോക്കുന്നതിനു പകരം അന്യന്റെ സ്വകാര്യതയിലേക്ക് നമ്മൾക്ക് ഒളിഞ്ഞു നോക്കാതെയിരിക്കാം.
Content Highlights: importance of respecting personal health information, sharing medical information without consent
Published: 11 Apr 2025, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented