പണ്ട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് രണ്ടാഴ്ചയാണ് സൈക്കിയാട്രി ഒ.പിയില്‍ പോസ്റ്റിങ്. ഞങ്ങള്‍ കുട്ടി ഡോക്ടര്‍മാര്‍ കൂടി തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഒ.പിയിലേക്ക് വരുന്ന രോഗികളോട് പ്രൊഫസര്‍ അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ആവശ്യപ്പെടുമ്പോള്‍ ചിലര്‍ കൂസലില്ലാതെ സംസാരിച്ചു തുടങ്ങും. എന്നാല്‍ വലിയൊരു വിഭാഗവും ഇത്രയും ആര്‍ക്കാരെ കാണുമ്പോള്‍ രഹസ്യമായി പറയാന്‍ പറ്റാതെ കഷ്ടപ്പെടുന്നതു കാണാം. അപ്പോള്‍ പ്രൊഫസര്‍ കുഞ്ഞാമന്‍ ശബ്ദമുയര്‍ത്തി ചോദിക്കും. വന്ന രോഗിയുടെ പേര് അബ്ദു എന്നാണെങ്കില്‍ അദ്ദേഹത്തിന്റെ ചോദ്യമിങ്ങനെയായിരിക്കും.
'അബ്ദു, അബ്ദുവിന് മാനസിക രോഗമാണെന്ന് ഞാന്‍ പറഞ്ഞാല്‍ അബ്ദു അംഗീകരിക്കുന്നുണ്ടോ അബ്ദു?'' പല തവണ ചോദ്യത്തില്‍ രോഗിയുടെ പേര് ചേര്‍ത്തുവെച്ചു പറയുന്നതോടെ അദ്ദേഹത്തിന് ഒഴിഞ്ഞുമാറാന്‍ പറ്റാത്ത തരത്തില്‍ ചോദ്യം വരിഞ്ഞു മുറുകി കഴിയും. മിക്കവാറും ആള്‍ക്കാര്‍ മാനസിക രോഗമുണ്ടെന്ന് സമ്മതിച്ചു തരാറില്ല. പ്രൊഫസറുടെ ചോദ്യം ക്രൂരമായി തോന്നുമ്പോഴും അദ്ദേഹത്തിന്റെ അടുത്ത പ്രസ്താവന കാര്യമാത്രപ്രസക്തമാണെന്ന് തോന്നി. 'എന്ന് പനിയും ചുമയും പോലെ ഉത്കണ്ഠയും ഡിപ്രഷനും ഒരു രോഗമായി അംഗീകരിക്കുന്നുവോ അന്ന് ചികിത്സ നടത്താം.''
Also Read
ഏതൊരാളുടെയും ജീവിതത്തില്‍ ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാവാം. പലരും അത്തരം സന്ദര്‍ഭങ്ങളെ പല രീതിയില്‍ മറി കടന്നേക്കാം. എന്നാല്‍ ചിലര്‍ക്ക് മരുന്നിന്റെയും സൈക്കോളജിക്കല്‍ കൗണ്‍സലിംഗിന്റെയും സൈക്കോതെറാപ്പിയുടെയും സഹായത്തോടെ മാത്രമേ അത്തരം മാനസിക പ്രശ്‌നങ്ങളെ പിടിച്ചു നിര്‍ത്താനാവൂ. തുടര്‍ച്ചയായി മരുന്നു കള്‍ കഴിക്കേണ്ട മാനസിക രോഗങ്ങളുമുണ്ടാവും, പ്രഷറും പ്രമേഹവുമൊക്കെ പോലെ. എന്നാല്‍ അസുഖവിവരം പുറത്തു പറയാന്‍ പലര്‍ക്കും മടിയാണ്.
സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യരായി പോകുമെന്ന ഭയം കൂടിയുണ്ട്. പല സിനിമകളിലും മനോരോഗിളെ അവതരിപ്പിച്ചിരിക്കുന്നത് അക്രമാസക്തരും തികച്ചും അവജ്ഞ തോന്നിപ്പിക്കുന്ന രീതിയിലുള്ള വേഷവിധാനത്തോടു കൂടിയ കഥാപാത്രങ്ങളായാണ്. പൊതുസമൂഹത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. മാനസികാസ്വാസ്ഥ്യങ്ങളെ വരെ ഭ്രാന്ത് എന്ന ഭീതിതമായ പേരു നല്കി അകറ്റി നിര്‍ത്തുന്ന ദയനീയമായ അവസ്ഥയിലെത്തിയിരിക്കുന്നു.
കഴിഞ്ഞൊരു ദിവസം ഞങ്ങളുടെ സുഹൃദ് സംഗമത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സൈക്ക്യാട്രിസ്റ്റ് കൂടിയായ എന്റെ കൂട്ടുകാരന്‍ ഡോക്ടര്‍ മുസ്തഫ പറഞ്ഞു. ''ഞങ്ങള്‍ സൈക്യാട്രിസ്റ്റുകളും സെക്‌സ് വര്‍കേഴ്‌സും ഒരേ തരത്തിലുളള പ്രശ്‌നം നേരിടുന്നവരാണ്. ഒരു ലൈംഗിക തൊഴിലാളിയോട് അങ്ങോട്ട് ചിരിച്ചാലും ലൈംഗിക തൊഴിലാളി നിങ്ങളെ നോക്കി ചിരിച്ചാലും നാട്ടുകാര്‍ സംശയത്തോടെ നോക്കും. അതുപോലെ തന്നെയാണ് സൈക്ക്യാട്രിസ്റ്റുകളെയും പുറത്ത് വെച്ചു കണ്ടാല്‍ പരിചിതഭാവം നടിക്കാന്‍ പലര്‍ക്കും പേടിയാണ്. കല്യാണത്തിനും ഗൃഹപ്രവേശനത്തിനുമൊക്കെ ക്ഷണിക്കാന്‍ മടിയാണ്. ക്ഷണിക്കപ്പെട്ട് ഞങ്ങള്‍ ചെന്നാല്‍ പേടിയുമാണ്. സൈക്ക്യാട്രി ഡോക്ടര്‍മാരെ പരിചയമുണ്ടെന്ന് പറഞ്ഞാല്‍ കുടുംബത്തിലെ കല്യാണം വരെ മുടങ്ങി പോകുമോയെന്ന ഭയമാണ് നാട്ടുകാര്‍ക്ക്.'' ഇത് കേട്ടപ്പോള്‍ പണ്ട് ഒ.പിയില്‍ പ്രൊഫസര്‍ ചോദിച്ച ചോദ്യത്തിന്റെ പ്രസക്തി വ്യക്തമായി. പക്ഷേ കാലങ്ങള്‍ക്ക് ശേഷവും മാനസിക രോഗങ്ങളെല്ലാം ഭ്രാന്തിന്റെ രൂപങ്ങളായി തന്നെ കാണുന്നു.
ഒന്നിനെയും പേടിയില്ലാതെ വളര്‍ന്നു വന്ന എന്നെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഭയം പിടികൂടി. കുടുസ്സായ മുറികളില്‍ കുടുങ്ങി പോകുമോയെന്ന ഭയം ( ക്ലോസ്‌ട്രോഫോബിയ) വളര്‍ന്നു തുടങ്ങി. വീട്ടില്‍ വന്ന അനിയത്തിയുടെ ചെറിയ മകള്‍ ഞാന്‍ കയറിയ ടോയ്‌ലെറ്റിന്റെ വാതില്‍ കുറ്റി പുറത്തു നിന്ന് അബദ്ധവശാല്‍ പൂട്ടിപ്പോയി. കുറച്ചു സമയം അതിനുള്ളില്‍ കുടുങ്ങിപ്പോയ എന്നെ ഈയൊരു ചിന്ത പിന്നെ ഇത്തരമിടങ്ങളില്‍ കയറുമ്പോള്‍ ജാഗരൂകനാക്കാന്‍ തുടങ്ങി. രണ്ടാമതൊരിക്കല്‍ കൂടി ഇത്തരമൊരു അനുഭവം വന്നതോടെ ഒരു പരിധിവരെ ഉള്ളില്‍ ഭയം വളരാന്‍ തുടങ്ങി. പക്ഷേ അതെന്നെ അലോസരപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞെന്ന് മനസ്സിലാക്കാന്‍ കുറേക്കഴിഞ്ഞു.
അടഞ്ഞു കിടക്കുന്ന എം.ആര്‍.ഐ സ്‌കാന്‍ യൂണിറ്റില്‍ കൊച്ചു കുട്ടികള്‍ക്ക് ഏകനായി നിന്ന് അനസ്‌തേഷ്യ കൊടുത്തിട്ടുള്ള ഒരു സോക്ടറായ എനിക്ക് ഈ ക്ലോസ്‌ട്രോഫോബിയ നിസ്സാരമായ കാര്യമായിട്ടുകൂടി അതിനെ മറികടക്കാന്‍ പറ്റാത്തത് എന്നെത്തന്നെ അത്ഭുതപെടുത്തി. പക്ഷേ ഇതിനേക്കാള്‍ ഭീകരമായ രീതിയില്‍ ക്ലോസ്‌ട്രോഫോബിയ അനുഭവിക്കുന്ന പല സുഹൃത്തുക്കളെയും ഞാന്‍ കണ്ടു. ഇതു കാരണം ജീവിതത്തില്‍ ഒരിക്കല്‍പോലും ലിഫ്റ്റിലും ഫ്‌ളൈറ്റിലും കയറാത്തവരെയും എനിക്കറിയാം. എന്തിന് ബാര്‍ബര്‍ ഷോപ്പില്‍ പോയാല്‍ മുടി വെട്ടും മുമ്പേ കഴുത്തില്‍ കുടുക്കിയിടുന്ന ഗൗണിനെപ്പോലും പേടിയ്ക്കുന്നവരുണ്ട്.
അവര്‍ക്ക് അസുഖമുണ്ടെന്നുള്ളത് എനിക്കാശ്വാസമാവില്ലല്ലോ. എന്റെ സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റ് ജോര്‍ജേട്ടനുമായി പ്രശ്‌നം പങ്കുവെച്ചു. ഇത് നിസ്സാരമായി പൂവിറുത്തു മാറ്റും പോലെ കളയാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റ ഒരു മണിക്കൂര്‍ സൈക്കോതെറാപ്പിയില്‍ പറഞ്ഞു തന്ന കാര്യങ്ങളൊക്കെ ചെയ്തു. ചികിത്സയുടെ ഫലം ഉടന്‍ തന്നെ അറിയാനുള്ള സാഹചര്യമുണ്ടായി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പാതിരാത്രി ഒരു ഹോട്ടലിലെ ലിഫ്റ്റില്‍ ഞങ്ങള്‍ ആറുപേര്‍ കുടുങ്ങിപ്പോയി. ലിഫ്റ്റ് തുറക്കുമ്പോഴൊക്കെ അടഞ്ഞു കിടക്കുന്ന ചുമര്‍ മാത്രം കാണാം. കൂടെയുള്ളവര്‍ നിലവിളിക്കുമ്പോഴും ഞാന്‍ കൂസാതെ നിന്നു. അതിനുശേഷം ഈ പ്രശ്‌നം എന്നെ അലട്ടിയില്ല.
പലപ്പോഴും നമ്മള്‍ രോഗങ്ങളോ രോഗലക്ഷണങ്ങളോ അവഗണിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. ഈയിടെയുണ്ടായ ഒരു സംഭവം ഓര്‍മ്മ വരുന്നു. എന്റെ പ്രീ അനസ്തീഷ്യ ക്ലിനിക്കില്‍ തട്ടമിട്ടു വന്ന വന്ന സുന്ദരിയായ പെണ്‍കുട്ടിയ്ക് പ്രായം 25 വയസ്സ്. ഒരു ഓര്‍ത്തോ സര്‍ജറിയ്ക്ക് വന്നതാണവര്‍. പേര് പറഞ്ഞ് പരിചയപ്പെടുത്തിയ അവര്‍ പിന്നീട് പറഞ്ഞതിങ്ങനെ.'' ഡോക്ടര്‍, ഞാനൊരു ബൈപോളാര്‍ പേഷ്യന്റാണ്. സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഡോക്ടറുടെ എഴുത്തുകള്‍ വായിച്ചതിലൂടെ എന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അനസ്തീഷ്യ നല്‍കും എന്ന പ്രതീക്ഷയിലാണ് സര്‍ജറിയ്ക്ക് ഞാനിവിടെ വന്നിരിക്കുന്നത്.''ആത്മവിശ്വാസം തുളുമ്പുന്ന യുവജനങ്ങളുടെ പ്രതീകമായി ഈ പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. തന്റെ മനോരോഗം ഒളിയും മറയുമില്ലാതെ തുറന്നു പറഞ്ഞ പെണ്‍കുട്ടിയെ ഞാന്‍ അഭിനന്ദിച്ചു.
അവരെ സമാധാനിപ്പിച്ച് അടുത്ത ദിവസം സര്‍ജറിയ്ക്ക് വിധേയയാക്കി. പ്രശ്‌നങ്ങളൊന്നുമില്ലാതെ സര്‍ജറി കഴിഞ്ഞു. രോഗിയെ ഐ.സിയുവിലേക്ക് മാറ്റി. ഒന്നു രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഐ.സി.യുവില്‍ നിന്ന് നഴ്‌സിന്റെ ഫോണ്‍ കോള്‍. നേരത്തെ പറഞ്ഞ രോഗിയുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുന്നു. തങ്ങള്‍ പറയുന്നതൊന്നും രോഗി ഒട്ടും അനുസരിക്കുന്നില്ലെന്ന് നഴ്‌സുമാര്‍ക്ക് പരാതി. ഞാന്‍ ഉടന്‍ ഐ.സി.യുവില്‍ ചെന്നു രോഗിയെ കണ്ടു. നോക്കിയപ്പോള്‍ ബി.പി ഇരട്ടിയോളം കൂടി ഇരുന്നൂറിനു മേലെ എത്തിയിരിക്കുന്നു. അവരെന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. ദയനീയമായും എന്നാല്‍ പ്രതീക്ഷയോടെയും എന്നെ നോക്കി സംസാരിച്ചു തുടങ്ങി.''ഡോക്ടര്‍ എനിക്ക് ആരോടെങ്കിലും സംസാരിച്ചു മാത്രമേ കിടക്കാനാവൂ. അല്ലെങ്കില്‍ ഞാന്‍ ഉറക്കെ പ്രാര്‍ത്ഥിച്ചു കിടക്കും. ഇവിടെ ഈ നഴ്‌സുമാരാണെങ്കില്‍ എന്നോട് മിണ്ടാതെ കിടക്കാന്‍ പറയുന്നു. സംസാരിക്കുന്നതിന് വഴക്കു പറയുന്നു. ഒരു സൈക്യാട്രി പേഷ്യന്റിനെ എങ്ങനെ പരിചരിക്കണമെന്നവര്‍ക്കറിയുന്നില്ല.''
അവര്‍ പറഞ്ഞത് ശരിയാണ്. എല്ലാ രോഗികളും ഒരു പോലെയല്ലല്ലോ. ഐ.സി.യുവിലെ മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന് കരുതി നഴ്‌സുമാര്‍ പെയ്തതും ശരിയാണ്. മരുന്നു കൊടുത്ത് ഇവരുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ അതേ നിലയില്‍ തുടര്‍ന്നാല്‍ അത് അപകടവുമാണ്. പുറത്ത് നില്‍ക്കുന്ന അവരുടെ ചേച്ചിയെ കുറച്ചുനേരം കൂടെ നിര്‍ത്തി. പെണ്‍കുട്ടി പലതും പറഞ്ഞു കൊണ്ടേയിരുന്നു. പതിയെ അവരുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായി. മനസ്സിന് നല്‍കുന്ന സമാധാനവും സാന്ത്വനവും മരുന്ന് കൂടിയാണ്. മനോരോഗവും മറ്റേതൊരു അസുഖവുംപോലെ ചികിത്സയും പരിചരണവും വേണ്ടതാണെന്നും അതില്‍ മാനക്കേടിന്റെ കാര്യമില്ലെന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
Content Highlights: importanace of mental health and treatment
Published: 25 Jan 2025, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented