
കഴിഞ്ഞ ദിവസം എന്റെ ക്ലാസ്സ്‌മേറ്റ് ഡോ. സലിം ഒരു യൂട്യൂബ് ലിങ്ക് അയച്ചു തന്ന് പ്രൊമോട്ട് ചെയ്യണമെന്നഭ്യര്‍ഥിച്ചു. പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ സ്‌കൂള്‍ പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ആണ്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ഉപയോഗിക്കാനുള്ള മെന്‍സ്ട്രൽ കപ്പിനേക്കുറിച്ചാണ് പറയുന്നത്. പണ്ട് ഒളിച്ചും പാത്തും മാത്രം സംസാരിച്ചു കൊണ്ടിരുന്ന വിഷയമാണ് ഈ കൗമാരക്കാരി സങ്കോചമില്ലാതെ അവതരിപ്പിക്കുന്നത്.
ഞാന്‍ എന്റെ കുട്ടിക്കാലത്ത് കണ്ടതും കേട്ടതുമൊക്കെ ഓര്‍ത്തു. ഭക്തിയും വ്രതനിഷ്ഠകളും സത്യസന്ധമായി കൊണ്ടുനടന്നിരുന്ന അച്ഛന്‍ ആഴ്ചയിലൊരിക്കലേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അച്ഛന്റെ തറവാട്ടില്‍ നിന്നുള്ള മോരും വെണ്ണയും പഴവുമൊക്കെയായിട്ടാവും വരവ്. അങ്ങനെ വരുമ്പോഴും ചില ദിവസങ്ങളില്‍ സ്‌കൂള്‍ ടീച്ചറായ അമ്മ തൊട്ടടുത്തുള്ള തറവാട്ടില്‍ താമസിക്കാന്‍ പോകുന്നതെന്തിനാണെന്ന് എനിക്കു മനസ്സിലായിരുന്നില്ല. ആ ദിവസങ്ങളില്‍ അവിടെ നിന്ന് അമ്മമ്മ ഞങ്ങളുടെ വീട്ടില്‍ വന്നു താമസിക്കുമായിരുന്നു. ആ ദിവസങ്ങളില്‍ തറവാട്ടിലെ ചായ്പ്പിനോടു ചേര്‍ന്ന മുറ്റത്ത് ചൂടിക്കയറിട്ടു കെട്ടിയ അയലില്‍ കുറേ വെളുത്ത തുണിക്കഷണങ്ങള്‍ കാറ്റിലാടുന്നതും കാണാം. നാലഞ്ച് ദിവസം കഴിഞ്ഞാല്‍ അമ്മ തിരിച്ചു വരും. അന്നേരം അച്ഛന്‍ പോയിട്ടുമുണ്ടാകും. ഇത്രയും ദൂരെ നിന്ന് അച്ഛന്‍ വന്നിട്ടും അമ്മ കാണാതെ മാറി നിന്നതെന്തിനാവാം.? എന്റെ കുഞ്ഞു മനസ്സിന് ഒട്ടും മനസ്സിലായിരുന്നില്ല. ചോദിച്ചപ്പോള്‍ അച്ഛമ്മ പറഞ്ഞു.'' മോന്റമ്മയ്ക്ക് അശുദ്ധിയാ. അതോണ്ടാ അമ്മ മാറിനിന്നത്. അച്ഛന് വ്രതമല്ലേ. ' മുറ്റത്ത് കളിച്ച് നടന്ന് മണ്ണു പറ്റിയ എന്റെ കാലിലേക്ക് നെറ്റിയിൽ നിന്ന് വീണ വിയര്‍പ്പുകണങ്ങള്‍ അവിടവിടെയായി വസൂരിക്കല പോലെ തെളിഞ്ഞു നിന്നു. എന്നിട്ടും എന്നെ ചേര്‍ത്തുപിടിക്കാന്‍ അച്ഛന്‍ മടിച്ചില്ല. എന്നും രാവിലെ കുളിച്ചു വൃത്തിയായി നടക്കുന്ന അമ്മയ്ക്ക് എന്തിനാവാം. അയിത്തം?
ഞാന്‍ വലുതായി വന്നപ്പോള്‍ എനിക്കും ചേച്ചിയ്ക്കും കൂടി കുപ്പായങ്ങള്‍ വെയ്ക്കാന്‍ ഒരലമാരയാണുണ്ടായിരുന്നത്. അതിന്റെ പല തട്ടുകള്‍ ഞങ്ങള്‍ വീതം വെച്ചെടുത്തു. ഒരിക്കല്‍ അലമാര തുറന്നപ്പോള്‍ താഴേക്ക് വീണ വെളുത്ത തൂവാല മടക്കിവെച്ചതു പോലെയുള്ള സാധനം മുമ്പവിടെ കണ്ടിരുന്നില്ല. ഞാനതെടുത്ത് തിരിച്ചും മറച്ചും നോക്കുമ്പോള്‍ പുറകിലൂടെ വന്ന ചേച്ചി അത് പിടിച്ചുവാങ്ങി അലമാരയുടെ അകത്ത് മടക്കിവെച്ച തുണികളുടെ പിറകിലേയ്ക്ക് തള്ളി മാറ്റി ഒളിച്ചു വെച്ചു.
മധ്യവേനലവധിക്കാലത്ത് ചേലേരിയിലുള്ള അച്ഛന്റെ തറവാട്ടിലേക്ക് ഞങ്ങള്‍ പോകും. അവിടെ കളിക്കാന്‍ പ്രദീപനും പ്രകാശനും പ്രമീളയുമൊക്കെയുണ്ടാവും. സ്‌കൂളില്ലാത്ത സമയമായതുകൊണ്ട് എന്നും പലതരത്തിലുളള കളികളാണ്. അച്ഛന്റെ മൂത്ത പെങ്ങള്‍ അമ്മാളു അമ്മാരത്തമെന്നാല്ലാവരും വിളിക്കുന്ന വല്യമ്മയാണ് സ്ഥിരതാമസക്കാരി. അക്കുറി പോയപ്പോള്‍ പ്രമീളയെ കാണാനില്ല. വല്ല്യമ്മയോട് ചോദിച്ചപ്പോള്‍ പറയുകയാണ്.'' ഓളെ തെരണ്ടു കല്യാണമാണ്.''
അതിനവള്‍ ചെറിയ കുട്ടിയല്ലേ. എന്നോടൊന്നും പറഞ്ഞില്ലല്ലോയെന്ന് പറഞ്ഞ് ഞാന്‍ പിണങ്ങിയപ്പോള്‍ വല്യമ്മ നല്ല നെയ്മണമുള്ള ഉണ്ണിയപ്പം തന്നിട്ട് പറഞ്ഞു.'' ഓള്‍ക്ക് വയസ്സറിയിച്ചു. ഇനി ശുദ്ധം നോക്കണം. നിങ്ങളുടെ കൂടെയൊന്നും കളിക്കാന്‍ പാടില്ല.''
ഞങ്ങള്‍ക്കൊന്നുമില്ലാത്ത എന്തശുദ്ധിയാണ് പാവം പ്രമീളയ്ക്കുണ്ടായതെന്ന് അന്നും എനിക്ക് മനസ്സിലായില്ല. പിറ്റേന്ന് പ്രമീളയെ കണ്ടപ്പോള്‍ മഞ്ഞള്‍ പൂശിയതിന്റെ ബാക്കിയ്ക്കാപ്പം ഞങ്ങളോടൊപ്പം കൂട്ടുകൂടാന്‍ പറ്റാത്തതിന്റെ ഒരു വിഷാദച്ഛവി കൂടി ആ മുഖത്തു കണ്ടു
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പ്രത്യുല്പാദനാവയവങ്ങളെക്കറിച്ചു പഠിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്കൊരുപാട് സംശയങ്ങളുണ്ടായിരുന്നു. ടീച്ചറെ പേടിച്ച് ചോദ്യമൊന്നും ചോദിച്ചില്ല. പക്ഷേ, പെണ്‍കുട്ടികള്‍ക്ക് എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെന്ന് മനസ്സിലായി. കൂട്ടത്തില്‍ ഞങ്ങള്‍ക്കും. പക്ഷേ, ബിന്ദുവിനും സിന്ധുവിനുമൊക്കെ കൃത്യമായ ഇടവേളകളില്‍ വന്നുപോകുന്ന വയറുവേദന എനിക്കും അനൂപിനും ജോണ്‍സണുമൊന്നുമില്ലല്ലോയെന്ന് സമാധാനിച്ചു.
പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോഴാണ് ഇംഗ്ലീഷും സയന്‍സു പഠിപ്പിക്കുന്ന സമയം മാത്രമല്ല പീരിയഡ് എന്ന് മനസ്സിലായത്. പെണ്‍കുട്ടികള്‍ ലീവായപ്പോഴും പീരിയഡ്‌സ് പ്രോബ്ലമാണെന്ന് പറഞ്ഞു കേട്ടു. അന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അത്രയധികം ഇടപഴകി നടക്കുന്ന കാലമല്ലല്ലോ. ടി.വിയിലെ പരസ്യത്തില്‍ ഉയര്‍ന്നുചാടുന്ന പെണ്‍കുട്ടികളെ കാട്ടി ഇനി കറയുടെ പേടി വേണ്ട എന്ന് പറഞ്ഞു കാണിച്ച സാധനത്തെ ഞാന്‍ തിരിച്ചറിഞ്ഞു. അതേ സാധനമാണ് അഞ്ചാറു വര്‍ഷം മുമ്പ് അലമാരയില്‍ ചേച്ചിയുടെ തട്ടില്‍ കണ്ടത്.
പ്രീഡിഗ്രി കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു ചേര്‍ന്നു. അവിടെ കാമ്പസ്സിനകത്ത് ഒരു മൂലയിലുള്ള മില്‍മ ബൂത്തില്‍ പോയി ഞങ്ങള്‍ കാപ്പിയും പാലും വെള്ളവും സംഭാരവുമൊക്കെ കുടിച്ചിരിക്കുമ്പോഴാണ് മാവൂരിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നുവരുന്ന റഫീഖ് അവിടെ നിരനിരയായി അടുക്കി വെച്ചിരിക്കുന്ന പായ്കറ്റുകള്‍ നോക്കി ചോദിച്ചത്.'' ചേട്ടാ . ഈ പായ്ക്കറ്റ് ബ്രഡ് സ്വീറ്റാണോ ?'' കടയ്ക്കാരന്‍ മാത്രമല്ല അവിടെ നിന്ന പെണ്‍കുട്ടികളും പൊട്ടിച്ചിരിച്ചു. ഓറഞ്ച് നിറത്തിലുളള സ്റ്റേഫ്രീയുടെ പായ്ക്കറ്റുകള്‍ ക്യാമ്പസിലെ പെണ്‍കുട്ടിളെ ലക്ഷ്യമാക്കി വില്പനയ്ക്കു വെച്ചതാണയാള്‍. റഫീഖിന്റ മുഖത്തെ ചമ്മല്‍ കണ്ടപ്പോള്‍ ഈ സാധനം ഞാന്‍ നേരത്തെ കണ്ടതാണല്ലോ എന്ന് അല്പം ഗര്‍വോടെ ഞാനാര്‍ത്തു
അനസ്തീഷ്യയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങിയതിനുശേഷമാണ് ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായത്. കുട്ടികള്‍ വളര്‍ന്നു തുടങ്ങി. ഭാര്യ ജീന കോളേജ് ടൂര്‍ പോയ ദിവസം ഞാനും കുട്ടികളും മാത്രമേ വീട്ടിലുള്ളൂ. വൈകുന്നേരം സ്‌ക്കൂള്‍ വിട്ട് വന്ന ഏഴാം ക്ലാസ്സുകാരി കുഞ്ചാലിനെയും കൂട്ടി പത്താം ക്ലാസുകാരി ഇച്ചു എന്റെയടുത്ത് വന്നു പറഞ്ഞു'' അച്ഛാ, ഷീ സ്റ്റാര്‍ട്ടഡ് ഹെര്‍ പിരിയഡ്‌സ് ഞാന്‍ എന്റെ കൈയ്യിലുളള പാഡ് കൊടുത്തിട്ടുണ്ട്. ബട്ട് ദേര്‍ ഈസ് ഷോര്‍ട്ടേജ് . ക്യാന്‍ യൂ ബയ്?''
ഞാന്‍ ഇറങ്ങാന്‍ നേരത്ത് കുഞ്ചാല്‍ വിളിച്ചു പറയുന്നു.'' അച്ഛാ, യു ഷുഡ് ബയ് സം ചോക്ലേറ്റ്‌സ് ഫോര്‍ മീ. ബാക്കി ഗിഫ്റ്റ് അമ്മ വന്നിട്ടു മതി''. രണ്ട് ദശകങ്ങള്‍ക്കിപ്പുറം വന്ന മാറ്റങ്ങള്‍ തലമുറകള്‍ തമ്മിലുള്ള അന്തരം മാത്രമല്ല കാലത്തിന്റെ വളര്‍ച്ചയെ കൂടിയല്ലേ കാട്ടുന്നത്.
എന്റെ സുഹൃത്ത് ഡോ.സലീം അയച്ചു തന്ന വീഡിയോയില്‍ സാനിറ്ററി നാപ്കിനുകള്‍ക്കു പകരം മെന്‍സ്ട്രൽ കപ്പ് ഉപയോഗിച്ചാലുളള ഗുണങ്ങള്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. ഇടയ്ക്കിടെ മാറ്റേണ്ടുന്ന പാഡുകളെക്കാള്‍ ദീര്‍ഘനേരം ഉപയോഗിക്കാമെന്നതിനു പുറമേ തുടര്‍ന്നും കപ്പുകള്‍ ഉപയോഗിക്കാമെന്നതും ചെലവു കുറവാണെന്നതും ശ്രദ്ധിച്ചുപയോഗിച്ചാല്‍ ലീക്കുണ്ടാവില്ല എന്നതിനേക്കാളൊക്കെയുപരി പാഡുകളെക്കാള്‍ പ്രകൃതി സൗഹൃദമാണെന്നുമൊക്കെ എടുത്തു പറയാം. റീല്‍സും ഹാഷ്ടാഗും മാത്രമല്ല ജീവിതമെന്ന് തിരിച്ചറിയുന്ന പുതിയ തലമുറ നൂതനാശയങ്ങള്‍ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും കൂടി മുന്നിലാണ്. സ്ത്രീത്വം മൂടുപടങ്ങളില്‍ തളച്ചിടപ്പെടാനാ വരാഗ്രഹിക്കുന്നില്ല. അതായത് തിരണ്ടു കല്യാണങ്ങളില്‍ നിന്ന് സേവ് ദ പിരിയഡ് ഡേറ്റിലേയ്ക്ക് അധിക ദൂരമില്ല.
Content Highlights: dr muraleedharan column about periods and menstrual health
Published: 01 Feb 2025, 02:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented