
ആകാംക്ഷയും ആഹ്ളാദവും നെടുവീര്‍പ്പും നിലവിളികളും എല്ലാം നിറഞ്ഞതാണ് ലേബര്‍ റൂമും അതിനു പുറത്തെ വരാന്തയും. ഒരു സ്ത്രീ ഗര്‍ഭിണിയായിക്കഴിഞ്ഞ് അമ്മയാകുന്നതിന് മാനസികമായും ശാരീരികമായും തയ്യാറെടുക്കേണ്ടതുണ്ട്. പ്രസവിക്കുന്നതിലൂടെ കുഞ്ഞ് മാത്രമല്ല ജനിക്കുന്നത്. അമ്മയും അച്ഛനും അമ്മൂമ്മയും മുത്തശ്ശനുമൊക്കെ ഇതിലൂടെ പിറവിയെടുക്കുന്നു. അതുപോലെ മറ്റൊരുപാട് ബന്ധുജനങ്ങള്‍ക്ക് കൂടി സ്ഥാനക്കയറ്റം കിട്ടുന്നു. അമ്മാവനും അമ്മായിയും ചേട്ടനും ചേച്ചിയുമൊക്കെ പിറവിയെടുക്കുന്നത് ഈ കുഞ്ഞിന്റെ ജനനത്തോടെയാവും. അതുകൊണ്ടുതന്നെ പ്രസവത്തില്‍ അമ്മയാകാന്‍ പോകുന്ന സ്ത്രീക്ക് മാത്രമല്ല കുടുംബക്കാര്‍ക്കും ആകാംക്ഷയും പിരിമുറുക്കങ്ങളും ഉണ്ടായേക്കാം.
പണ്ട് ചികിത്സാസൗകര്യങ്ങളും യാത്രാ സൗകര്യങ്ങളുമൊന്നുമില്ലാത്ത കാലത്ത് സ്ത്രീകള്‍ വീട്ടില്‍ തന്നെയായിരുന്നു പ്രസവിച്ചിരുന്നത്. അന്ന് ഒരമ്മയ്ക്ക് അഞ്ചും പത്തും കുട്ടികള്‍ സര്‍വ്വസാധാരണമായിരുന്നു. എന്റെ അമ്മ പറയുമായിരുന്നു, ഞാന്‍ ജനിച്ച് ഇരുപതെട്ടു ദിവസമായപ്പോള്‍ നാട്ടിലെ ആചാരപ്രകാരം പാലു കൊടുക്കലും പേരു വിളിക്കലും നടന്നുവെന്ന്. അടുത്ത ബന്ധുമിത്രാദികളെയൊക്കെ വിളിച്ച് നടത്തുന്ന ചടങ്ങില്‍ അമ്മയുടെ അനിയത്തിയും പങ്കെടുത്തിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ക്ക് സദ്യ കഴിഞ്ഞതോടെ പ്രസവവേദന തുടങ്ങി. രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് നടന്നുവേണം പോകാന്‍. പോകുന്ന വഴിയില്‍ വെച്ചു തന്നെ വേദന കലശലായതോടെ വഴിവക്കില്‍ കണ്ട വീട്ടില്‍ കയറി പ്രസവിച്ചു. ഇതൊക്കെ ഇത്രയേയുള്ളൂ എന്ന് എല്ലാവരും സമാധാനിച്ചിരിക്കുമ്പോഴാണ് മറുപിള്ള (പ്ലാസന്റ) പുറത്തു വരുന്നില്ല എന്നറിയുന്നത്. തുടര്‍ന്ന് രക്തസ്രാവം മൂര്‍ച്ഛിച്ച് ആരോഗ്യനില വഷളായി. അവരെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയാണ് ജീവന്‍ രക്ഷിക്കാനായത്. പ്രസവം സാധാരണ സംഭവമാണെങ്കിലും അത് എപ്പോൾ വേണമെങ്കിലും അപകടത്തിലേക്ക് മാറി മറിയാം. പട്ടിയും പൂച്ചയും പശുവുമൊന്നും പ്രസവിക്കുമ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ലല്ലോയെന്ന് തര്‍ക്കിക്കുന്നവരുണ്ട്. എന്റെ സുഹൃത്ത് വെറ്റിനറി ഡോക്ടര്‍, കിടാവ് പുറത്തു വരാത്തതു കൊണ്ട് പശുവിന് അടിയന്തര സിസേറിയന്‍ ചെയ്തതും നീണ്ട കൈയ്യുറകളണിഞ്ഞ് കുട്ടിയെ പുറത്തെടുത്ത കാര്യവുമൊക്കെ പറഞ്ഞതോര്‍ക്കുന്നു.
മുമ്പ് മാതൃശിശുമരണനിരക്ക് ഏറെയായിരുന്നു. പിന്നീട് വൈദ്യശാസ്ത്ര രംഗത്തുണ്ടായ പുരോഗതിയും ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടുന്ന ചികിത്സാസംഘത്തിന്റെ ലഭ്യതയും ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തുമുണ്ടാകുന്ന അപകട സാധ്യതകളും മാതൃശിശു മരണനിരക്കും കുറയുന്നതിന് ഗണ്യമായി സഹായിച്ചിട്ടുണ്ട്.
ഡോ. മുരളീധരന്റെ കൂടുതൽ ലേഖനങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈയടുത്ത ദിവസങ്ങളില്‍ കണ്ടൊരു വാര്‍ത്ത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. വിവരവും വിദ്യാഭ്യാസവുമുണ്ടെന്ന് അവകാശപ്പെടുന്ന ദമ്പതിമാര്‍ തന്നെ പ്രസവം വീട്ടിലാക്കിയെന്നും ഭാര്യയുടെ പ്രസവം ഭര്‍ത്താവ് തന്നെ നടത്തിക്കൊടുത്തുവെന്നും കുട്ടി പുറത്തുവന്നപ്പോള്‍ പൊക്കിള്‍ക്കൊടി ഷേവിങ് ബ്ലേഡ് കൊണ്ട് അറുത്തുമാറ്റിയെന്നും അഭിമാനപൂര്‍വ്വം പറയുന്നത് കണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. പ്രസവസമയത്ത് പലതരത്തിലുമുള്ള അപകടസാധ്യതകളുണ്ട്. അതിനെക്കുറിച്ചുള്ള അജ്ഞത അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. മാസം തികയുന്നതിന് മുമ്പേയുള്ള പ്രസവത്തില്‍ കുഞ്ഞിന് പ്രത്യേക പരിചരണം ലഭിച്ചില്ലെങ്കില്‍ ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ചിലപ്പോള്‍ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലായേക്കാം.
മാസം തികഞ്ഞുള്ള പ്രസവത്തില്‍ പ്രസവവേദനയാരംഭിച്ച് ദീര്‍ഘനേരം നീണ്ടുനിന്നാല്‍ കുട്ടിയുടെയും അമ്മയുടെയും ആരോഗ്യനില വഷളാകാം. ഗര്‍ഭപാത്രത്തില്‍ നിന്ന് കുട്ടിക്ക് പുറത്തു വരാന്‍ പാകത്തില്‍ അമ്മയുടെ യോനീമുഖം വികസിച്ചില്ലെങ്കില്‍ അടിയന്തിരമായി സിസേറിയന്‍ ചെയ്ത് പുറത്തെടുക്കേണ്ടി വരും. കുട്ടിയുടെ തല താഴെ ആദ്യം വരുന്നതാണ് സാധാരണ പ്രസവം. കുട്ടി തിരിഞ്ഞോ വിലങ്ങനെയോ കിടക്കുമ്പോഴും ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുമ്പോഴും മറുപിള്ള സ്ഥാനം തെറ്റി നില്‍ക്കുമ്പോഴും ഇത്തരത്തിലുള്ള സ്വാഭാവിക പ്രസവം തടസ്സപ്പെടാം. നേരത്തെയുളള പരിശോധനയിലൂടെയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയും ഒരു പരിധിവരെ പ്രസവത്തിന്റെ സ്വഭാവം പ്രവചിക്കാനാവുമെങ്കിലും ചിലയവസരങ്ങളില്‍ അവസാന നിമിഷമുള്ള ഗര്‍ഭസ്ഥശിശുവിന്റെ സ്ഥാനത്തിനനുസരിച്ച് അതിലും മാറ്റങ്ങള്‍ വരാം.
പൊക്കം കുറഞ്ഞവരും ഇടുപ്പെല്ലിനു വിസ്താരം കുറഞ്ഞവരുമായ അമ്മമാര്‍, വണ്ണം കൂടുതലുളളതും കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതുമായ ഗര്‍ഭസ്ഥ ശിശുക്കള്‍ തുടങ്ങിയവരില്‍ സാധാരണ പ്രസവം ബുദ്ധിമുട്ടാണ്. ഇത്തരം ഘട്ടങ്ങളില്‍ കുട്ടിയുടെ മഷി (മെക്കോണിയം എന്നറിയപ്പെടുന്ന മഷി ഗര്‍ഭസ്ഥ ശിശുവിന്റെ വിസര്‍ജ്ജ്യം തന്നെയാണ്) ഇളകി കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കയറിയാലും അപകടമാണ്. ജനിച്ചയുടന്‍ കുഞ്ഞിന് ശ്വാസംമുട്ടലിന് ഇതിടയാക്കാം. ചില സമയങ്ങളില്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ ശ്വാസം നല്‍കേണ്ടിയും വന്നേക്കാം. അമ്മയുടെ പ്രസവവേദനയുടെ സമയത്ത് കുഞ്ഞിന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി കുറയുമ്പോഴും അടിയന്തരശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കേണ്ടി വരും. ഗര്‍ഭിണികളില്‍ കാണാറുള്ള പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ തന്നെ അപകടത്തിലായേക്കാം. കൃത്യമായ പരിശോധനകളും അതീവ ജാഗ്രതയോടെയുള്ള മോണിറ്ററിങ്ങും അത്യന്താപേക്ഷിതമാണ്. വീട്ടിലെ പ്രസവത്തില്‍ ഇതൊന്നും സാധ്യമല്ലെന്ന് നമുക്കറിയാവുന്നതല്ലേ.
കൂടുതൽ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വാല്‍വ് സംബന്ധമായ ഹൃദ്രോഗങ്ങള്‍ ചിലപ്പോള്‍ കണ്ടുപിടിക്കുന്നതു തന്നെ അത്തരം സ്ത്രീകള്‍ ഗര്‍ഭിണികളാവുമ്പോള്‍ മാത്രമാവാം. പ്രത്യേകിച്ച് ശാരീരിക പ്രയാസങ്ങളൊന്നുമില്ലാത്ത അവസരത്തില്‍ രോഗത്തെ അവഗണിക്കുന്നവരാണ് ബഹുഭൂരിഭാഗവും. പ്രസവസമയത്താവും ഹൃദ്രോഗം മൂര്‍ച്ഛിക്കുന്നതും ശ്വാസതടസ്സവും ഹൃദയാഘാതവുമൊക്കെ സംഭവിക്കുന്നതും. സാധാരണ പ്രസവം നടന്നുകഴിഞ്ഞാല്‍ ഗര്‍ഭപാത്രം ചുരുങ്ങുകയും രക്തസ്രാവം നിലയ്ക്കുകയും ചെയ്യും. എന്നാല്‍ അങ്ങനെ സംഭവിക്കാതെ വന്നാല്‍ അമിതമായി രക്തം വാര്‍ന്ന് അമ്മയ്ക്ക് ജീവഹാനി തന്നെ സംഭവിക്കാം. പ്രസവസമയത്ത് യോനീമുഖത്തുണ്ടാകുന്ന മുറിവുകള്‍ രക്തസ്രാവത്തോടൊപ്പം വേദനയ്ക്കും അണുബാധയ്ക്കുമിടയാക്കുന്നു. ആശുപത്രിയില്‍ തന്നെ പ്രസവം നടക്കുമ്പോള്‍ ഇത്തരത്തിലുണ്ടാകുന്ന രക്തസ്രാവം തടയാന്‍ പല മരുന്നുകള്‍ നല്‍കുന്നതോടൊപ്പം രക്തം കയറ്റുകയും ചെയ്യാറുണ്ട്. വളരെ അപൂര്‍വ്വമായി അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്ത അവസരത്തില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. നേരത്തെ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയ അമ്മമാരില്‍ ഗര്‍ഭിണിയായിരിക്കെ തന്നെയോ പ്രസവ സമയത്തോ ഗര്‍ഭപാത്രം പൊട്ടി അമ്മയും കുഞ്ഞും മരണമടയാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെയുള്ള പല അടിയന്തര സാഹചര്യങ്ങളും കണ്ടുപിടിക്കാനും തക്കതായ ചികിത്സ നല്‍കാനും ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രസവത്തിനേ സാധിക്കൂ. ഇതൊന്നുമല്ലാതെയുള്ള മറ്റൊരു അപകടാവസ്ഥയാണ് അമ്‌നിയോട്ടിക്ക് ഫ്‌ളൂയിഡ് എംബോളിസം. ഗര്‍ഭസ്ഥ ശിശുവിനെ പൊതിഞ്ഞുനില്‍ക്കുന്ന വെള്ളം അമ്മയുടെ രക്തത്തില്‍ കലര്‍ന്ന് അമ്മയ്ക്ക് ശ്വാസതടസ്സമുണ്ടാകുന്ന അവസ്ഥയാണിത്. നാല്‍പത് ശതമാനത്തോളം മരണസാധ്യതയുള്ള അതീവ ഗുരുതരമായ സ്ഥിതിയാണിത്. വിദഗ്ധ ചികിത്സ അനിവാര്യമാണിവിടെ. പലപ്പോഴും ബന്ധുക്കള്‍ അംമ്‌നിയോട്ടിക്ക് ഫ്‌ളൂയിഡ് എംബോളിസത്തെ ചികിത്സാ പിഴവായി തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടാക്കുന്ന എത്രയോ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിരിക്കുന്നു. അനസ്തീഷ്യാ ഡോക്ടര്‍മാര്‍ നല്‍കുന്ന ലേബര്‍ അനാള്‍ജീസിയയിലൂടെ പ്രസവം വേദനാരഹിതമാക്കാനും ശരിയായ സുഖപ്രസവമാക്കാനും സാധിക്കുന്നു. ആശുപത്രിവാസം കൊണ്ടുമാത്രമേ ഇതൊക്കെ സാധ്യമാവൂ.
ഇക്കഴിഞ്ഞ ദിവസം ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് നേരിട്ട് ഫോണില്‍ വിളിച്ചപ്പോഴേ എന്തോ അടിയന്തരാവശ്യമുണ്ടെന്ന് തോന്നി. മൂന്നാമത്തെ പ്രസവത്തിന് ലേബര്‍ റൂമില്‍ കയറ്റിയ സ്ത്രീക്ക് പ്രസവം പുരോഗമിച്ചു കൊണ്ടിരിക്കെ കുഞ്ഞ് പുറത്ത് വരുന്നില്ല. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞ് ജീവന്‍ അപകടത്തിലാവുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു. എന്നാല്‍ ആദ്യത്തെ രണ്ട് പ്രസവവും സാധാരണയായതുകൊണ്ട് ഇതും അങ്ങനെ തന്നെ വേണമെന്ന നിര്‍ബന്ധത്തിലാണ് പുറത്ത് നില്ക്കുന്ന അമ്മായിയമ്മയും നാത്തൂന്‍മാരും . പ്രസവിക്കാന്‍ കിടക്കുന്ന സ്ത്രീ ദയനീയമായി ഞങ്ങളെ നോക്കി. തീര്‍ത്തും അവശയായിരുന്നു അവര്‍. ഒരു കണക്കിനു ബന്ധുക്കളെ സമ്മതിപ്പിച്ച് ഓപ്പറേഷന്‍ നടത്തി. സിസേറിയനിലൂടെ പോലും കുട്ടിയെ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ക്കൊടി അഞ്ച് തവണ ചുറ്റി മുറുകി നില്‍ക്കുന്ന അവസ്ഥയിലായതു കൊണ്ടാണ് കുട്ടിയിറങ്ങി വരാതിരുന്നത്. പൊക്കിള്‍ക്കൊടി മുറുകുന്നതോടെ കുഞ്ഞിലേക്കുള്ള രക്തയോട്ടം തടസ്സപെട്ട് ഹൃദയമിടിപ്പ് കുറയുന്നു. കുട്ടിയെ പുറത്തെടുത്ത് ഹൃദയ പുനരുജ്ജീവന പ്രവര്‍ത്തനവും കൃത്രിമ ശ്വാസോച്ഛാസവും നല്‍കിയാണ് ജീവന്‍ തിരിച്ചു കിട്ടിയത്. ഗൈനക്കോളജിസ്റ്റ്, അനസ്തീഷ്യോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, നഴ്‌സുമാര്‍ എന്നിവരുടെ ടീം വര്‍ക്കിന്റെ മികവാണ് ഈ വിജയം. ജനിച്ചയുടന്‍ കുഞ്ഞ് കരഞ്ഞില്ലെങ്കില്‍ അടിയന്തര ചികിത്സ വേണം. അത് വൈകുന്നത് കുട്ടി മരിക്കാനിടയാക്കാം. അതിലും ദയനീയമാകുന്നത് ശാരീരികവും ബുദ്ധിപരവുമായ വൈകല്യം സംഭവിച്ച് കുട്ടി ജീവച്ഛവമായി വളരുന്നതാണ്. അംഗപരിമിതിയോടെ വളരുന്ന കുട്ടിക്ക് മുഴുവന്‍ സമയവും പരിചരണം ആവശ്യമാണ്. അതോടെ ആ കുടുംബത്തിന്റെ ജീവിതരീതി തന്നെ മാറിപ്പോകും. റീല്‍സിലും സോഷ്യല്‍ മീഡിയയിലും റീച്ച് കിട്ടാന്‍ വീട്ടിലെ പ്രസവം വാര്‍ത്തയാക്കി കൊണ്ടാടുന്നവര്‍ ഇത്തരം കുട്ടികളെ കൂടി ഓര്‍ക്കണം. ആരുടെ പിഴവാണ് ഈ കുട്ടിയുടെ നരക ജീവിതം എന്ന് !
Content Highlights: Explore the risks and benefits of home vs. hospital childbirth.
Published: 21 Mar 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented