രാവിലെ തന്നെ ഹോസ്പിറ്റലിലെ  മാക്സില്ലോ ഫേഷ്യൽ സർജൻ വിളിച്ചു പറഞ്ഞു. “ഉച്ചയ്ക്ക് ഒരു പേഷ്യൻ്റ് വരും. 38 ഇയർ ഓൾഡ് ലേഡി . ആൽവിയോളാർ അബ്സസ്സ്  ആണ്. പസ് ഡ്രെയിൻ ചെയ്യണം. അനസ്തീഷ്യയിലെ ചെയ്യാൻ പറ്റൂ. സാറ് കണ്ടിട്ട് തീരുമാനിക്കാം.” ഞാൻ സമ്മതിച്ചു. ഉച്ചയായിട്ടും ആ രോഗി എത്തിയില്ല. അവർ മറ്റെങ്ങോ പോയിക്കാണുമെന്നത് കൊണ്ട് ഞാൻ പിന്നെ അന്വേഷിക്കാൻ നിന്നില്ല. രാത്രി വീട്ടിലെത്തിയപ്പോഴുണ്ട് ഹോസ്പിറ്റലിൽ നിന്ന് ഫോൺ കാേൾ. പ്രസ്തുത രോഗിയും ഭർത്താവും കാഷ്വാലിറ്റിയെത്തിയിട്ടുണ്ട്. അവർക്ക് പല്ലുവേദന തുടങ്ങിയിട്ട് കുറച്ചു ദിവസമായി. വായ തുറക്കാനാവുന്നില്ല. അവരെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കാനും വേദന സംഹാരികളായ ഇഞ്ചക്ഷനുകൾ നൽകാനും നിർദ്ദേശം നൽകി.

To advertise here,

പിറ്റേദിവസം രാവിലെ ഓപ്പറേഷനു വേണ്ട വിശദമായ പരിശോധന നടത്തി. സർജറിയ്ക്കും അനസ്തീഷ്യയ്ക്കും മുമ്പുള്ള പ്രാഥമിക പരിശോധനയാണ് പ്രീ അനസ്തീഷ്യ ചെക്കപ്പ് . രോഗിക്ക് എന്തൊക്കെ പ്രശ്നങ്ങളുണ്ടെന്നും അതിൻ്റെയടിസ്ഥാനത്തിൽ എന്തൊക്കെ മുൻകരുതലുകൾ വേണമെന്നും തീരുമാനമാവുന്നതിവിടെയാണ്. അവർക്ക് വായ തുറന്ന് ഒന്നും പറയാനാകാത്തതിനാൽ ഭർത്താവാണ് കാര്യങ്ങൾ വിശദീകരിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് പല്ലുവേദന തുടങ്ങി കുറച്ചു ദിവസമായി. സാമ്പത്തിക ഞെരുക്കം കാരണം ഡോക്ടറെ കാണാൻ ചെന്നതു തന്നെ ഒരാഴ്ച കഴിഞ്ഞാണ്. അതിനിടയിൽ മരുന്നുഷോപ്പിൽ നിന്ന് വേദന കുറയാനുള്ള ഒന്നുരണ്ടു ഗുളികൾ കഴിച്ചു നോക്കിയെങ്കിലും ഫലം കിട്ടിയില്ല. ഇന്നിപ്പോൾ ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് ആശുപത്രിയിലെത്തിയത്.
 
ഈ സ്ത്രീയ്ക്ക് പല്ലു കേടായി പഴുപ്പ് ബാധിച്ച് വലത്തു കണ്ണുൾപ്പെടെ നീരുബാധിച്ച് വീർത്തു കെട്ടിയിരിക്കുകയാണ്. വായ തുറന്നു പരിശോധിക്കാൻ പറ്റാത്തത് കൊണ്ട് അതിനുള്ളിലെ അവസ്ഥ അറിയാനും മാർഗ്ഗമില്ല. കൂട്ടത്തിൽ അവർക്ക് മൂക്കൊലിപ്പും ഉണ്ട്. ഇത്തരം അവസ്ഥയിൽ ജനറൽ അനസ്തീഷ്യ അപകടകരമാണ്. മയക്കം നൽകിയതിനു ശേഷം മൂക്കിലൂടെയോ വായയിലൂടെയോ ശ്വാസകോശത്തിൽ ട്യൂബിറക്കി വേണം ശസ്ത്രക്രിയ സമയത്ത് രോഗിയുടെ ശ്വാസം നിലനിർത്താൻ. അനസ്തീഷ്യയ്ക്ക് മുമ്പേ നിർബന്ധമായും നടത്തേണ്ട രോഗിയുടെ വായ തുറന്നുള്ള പരിശോധന ഇവിടെ സാദ്ധ്യമല്ല. ഓപ്പറേഷൻ ചെയ്ത് പഴുപ്പു നീക്കിയില്ലെങ്കിൽ നീർക്കെട്ട് കഴുത്തിലേക്കു കൂടി ഇറങ്ങി ശ്വാസം തടസ്സമുണ്ടാകാനും രോഗി മരണപ്പെടാനും സാധ്യതയുണ്ട്. മാത്രമല്ല ഈ പഴുപ്പ് സൈനസൈറ്റിസിനും മെനിഞ്ചൈറ്റിസിനും (തലയിലെ പഴുപ്പ് ) കാവേർണസ് സൈനസ് ത്രോംബോസ്സിസിനും  (തലച്ചോറിലെ രക്തക്കുഴലിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ)ഒക്കെ കാരണമായേക്കാം.

മുമ്പ് പരിചയത്തിലൊരാൾക്ക് പറ്റിയ അപകടം മനസ്സിലേക്കോടി വന്നു. ഊണിൻ്റെ കൂടെ കഴിച്ച മീൻ കറിയിലെ മുള്ള് തൊണ്ടയിൽ തറച്ചപോലെ അദ്ദേഹത്തിനു തോന്നി. അദ്ദേഹവും വീട്ടുകാരും അതത്ര കാര്യമാക്കിയില്ല. സാമാന്യം നല്ല ശരീരവണ്ണമുള്ള അദ്ദേഹത്തിന് മൂന്നാമത്തെ ദിവസമായപ്പോൾ വെള്ളമിറക്കാനോ ശ്വാസമെടുക്കാനോ പറ്റാത്ത സ്ഥിതിയായി. ആശുപത്രിയിലെത്തും മുമ്പേ അദ്ദേഹം മരണമടഞ്ഞു. അസുഖത്തിൻ്റെ സ്വഭാവവും ഗൗരവവും കൂടെ വന്ന ഭർത്താവിന് പറഞ്ഞു കൊടുത്തു. ദാരിദ്ര്യവും ദൈന്യതയും നൽകിയ നിസ്സഹായതയുടെ ആൾ രൂപമായി അയാൾ നിലകൊണ്ടു. ഞങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം ചെയ്തുകൊടുക്കാമെന്ന ഉറപ്പിൽ അവർ ഓപ്പറേഷന് സമ്മതിച്ചു.

ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയ രോഗിയ്ക്ക് മയക്കത്തിനുള്ള ഇഞ്ചക്ഷനുകളും വാതകങ്ങളും നൽകിയതോടൊപ്പം വേദനാസംഹാരികളും നൽകി. അതോടെ വായ തുറന്നു കിട്ടുമെന്നായിരുന്നു ഞാൻ  പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇവരുടെ വായ തുറക്കാൻ പറ്റുന്നില്ല. പഴുപ്പും നീരും  മുഖത്തിലെ പേശികൾ വലിഞ്ഞു മുറുകി നില്ക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.

ഫൈബർ ഓപ്ടിക്ക് ബ്രോങ്കോസ്കോപ്പി എന്ന ചെറിയ ട്യൂബ് മൂക്കിലൂടെ ഇട്ട് ശ്വാസകോശത്തിലെത്തിച്ച് ശ്വസനം നൽകുന്നതാണ് ഇനിയൊരു മാർ​ഗം. പക്ഷേ ഈ രോഗിക്ക് ജലദോഷവും മൂക്കിന്റെ പാലത്തിനുള്ള വളവും ആ സാധ്യത ഇല്ലാതാക്കി. പല ആശുപത്രികളിലും ഈ സംവിധാനവും ലഭ്യമായെന്നു വരില്ല. ഇനി ചെയ്യാനുള്ളത് തൊണ്ടയിൽ ഒരു തുളയുണ്ടാക്കി ശ്വാസകോശത്തിൽ ട്യൂബിറക്കി (ട്രക്കിയോസ്റ്റോമി)പ്രാണവായു നൽകിയാലേ ജീവൻ നിലനിർത്താനാവൂ. പക്ഷേ പല്ലിൻ്റെ പഴുപ്പ് നീക്കാൻ ഇങ്ങനെയൊരു സർജറി കൂടി വേണമെന്ന് പറയുമ്പോൾ സാധാരണക്കാരന് അതൊന്നും ഉൾക്കൊള്ളാനാവില്ല. മാത്രമല്ല അതിൻ്റെ അധിക സാമ്പത്തിക ബാദ്ധ്യതയും ഒരു പ്രശ്നമാണ്. അനസ്തീഷ്യ ഡോക്ടർമാരും നിസ്സഹായരായി പോകുന്ന അവസ്ഥ. രണ്ടു മുന്ന് പരിശ്രമങ്ങൾക്കു ശേഷം വായ ചെറുതായൊന്നു തുറന്നു കിട്ടിയപ്പോൾ വളരെ നേർത്തൊരു ട്യൂബ് (വെൻ്റിലേറ്റിംഗ് ബൂജി) ശ്വാസകോശത്തിലിറക്കി അതിനു മുകളിലുടെ മറ്റൊരു ട്യൂബിറക്കി കൃത്രിമശ്വാസം നല്കി. താടിയെല്ലിൻ്റെ പുറമേ കൂടി കുറേ പഴുപ്പ് നീക്കം ചെയ്തു. ചില രോഗികളിൽ ഓപ്പറേഷനു ശേഷവും  വെൻ്റിലേറ്റർ സഹായം വേണ്ടി വരാം.ഈ രീതിയിൽ കൂടി വിജയിക്കാനായില്ലെങ്കിൽ ആ രോഗി മരണപ്പെട്ടു പോയേനെ. പല്ല് പറിക്കാൻ പോയ രോഗി മരണപ്പെട്ടു എന്നാവില്ലേ വാർത്ത പരക്കുക. നമ്മൾ നിസ്സാരമായി കാണുന്ന ഒരസുഖം എത്രത്തോളം ഭീകരമായി മാറുന്നു അല്ലേ. ഓപ്പറേഷനു ശേഷം കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ തന്നെ വായയിലുടെ വെള്ളമിറക്കാൻ കഴിഞ്ഞ ആ രോഗിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.