പുതിയ കാലത്ത് കല്യാണങ്ങളും ഗൃഹപ്രവേശനങ്ങളുമാണ് കുടുംബാംഗങ്ങളുമായുള്ള ഒത്തുകൂടലുകൾക്കുള്ള വേദിയാകുന്നത്. നാട്ടിലുള്ളവരും വിദേശത്തുള്ളവരുമൊക്കെ കണ്ടുമുട്ടുമ്പോൾ പറയാൻ ഒരുപാട് വിശേഷങ്ങളുമുണ്ടാകും. ഓരോ പ്രായക്കാർക്കും ഓരോ തരം വിഷയങ്ങളാകും താല്പര്യം. അമ്പതു വയസ്സുകഴിഞ്ഞവർ ആരോഗ്യ കാര്യങ്ങളാവും കൂടുതലും ചർച്ച ചെയ്യുന്നത്. ഞാനൊരു ഡോക്ടറായതു കൊണ്ടു തന്നെ ഈ വിഷയത്തിലുളള സംശയങ്ങളും പ്രശ്നങ്ങളും സംസാരിക്കാൻ ആർക്കാർ കൂടും. അങ്ങനെ കഴിഞ്ഞദിവസം ഒരു ചടങ്ങിനിടെ ഭക്ഷണം കഴിക്കുന്നതിനിടയിൽ കിട്ടിയ സമയത്ത് വർഷങ്ങളായി വിദേശത്ത് താമസമാക്കിയ എന്റെ ഒരു ബന്ധു അദ്ദഹത്തിന്റെ ഒരു പ്രശ്നം അവതരിപ്പിച്ചു. അദ്ദേഹം കുറച്ചു കാലമായി പ്രഷറിനും പ്രമേഹത്തിനും മരുന്നു കഴിക്കുന്നുണ്ട്. ഇപ്പോൾ വയസ്സ് അറുപത് കഴിഞ്ഞു. ഒരു പത്ത് മിനിറ്റ് തുടർച്ചയായി നടന്നാൽ കിതയ്ക്കുന്നു. കുറച്ചുനേരം നിന്ന് ദീർഘ നിശ്വാസം വിട്ടു കഴിഞ്ഞാൽ പിന്നെ എല്ലാം നോർമൽ ആകും. ഇതായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. കേട്ടുകഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളാവാമെന്നാണ് തോന്നിയത്. പ്രായവും പ്രമേഹവും പ്രഷറും കൂടെ ചേരുമ്പോൾ ഹൃദ്രോഗത്തിനുള്ള സാധ്യതയേറെയാണ്.
നിർബന്ധമായും ഒരു കാർഡിയാക് ഹെൽത്ത് ചെക്കപ്പ് ചെയ്യാൻ ഞാൻ ഉപദേശിച്ചു. ഇതുവരെ നെഞ്ചുവേദനയൊന്നുമില്ലാത്തതു കൊണ്ടു തന്നെ അദ്ദേഹത്തിന് അതിന്റെ ആവശ്യമുണ്ടോ എന്ന സംശയമായി. നെഞ്ചുവേദന മാത്രമല്ല, അമിതമായ കിതപ്പ്,ശ്വാസം മുട്ടൽ, ക്രമാതീതമായ നെഞ്ചിടിപ്പ് തുടങ്ങിയവയൊക്കെ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാമെന്ന എന്റെ ഭീഷണിയ്ക്കു മുന്നിൽ അദ്ദേഹം ഒന്ന് ചിന്താമഗ്നനായി. ലീവ് അധികമില്ലാത്തതു കൊണ്ട് അടുത്ത വരവിലാക്കാം ചെക്കപ്പുകൾ എന്ന അദേഹത്തിന്റെ തീരുമാനത്തെ ഞാൻ ശക്തിയായി എതിർത്തു. ഒരുപാട് രോഗികൾ ഇങ്ങനെപരിശോധനകൾ പിന്നെയാവാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോയി അപകടാവസ്ഥയിലായതായി കണ്ടിട്ടുണ്ട്. ബന്ധത്തിന്റെ അടുപ്പം കൊണ്ടോ എന്റെ നിർബന്ധത്തിന്റെ ശക്തികൊണ്ടോ എന്താണെന്നറിയില്ല അദ്ദേഹം ടെസ്റ്റുകൾ ചെയ്യാൻ സമ്മതിച്ചു.
രക്തപരിശോധനകൾക്കു പുറമേ ഇസിജി,എക്സറേ, എക്കോ കാർഡിയോഗ്രാം,ട്രെഡ്മിൽ ടെസ്റ്റുകളുമാണ് കാർഡിയാക് ഹെൽത്ത് ചെക്കപ്പിൽ പെടുന്നത്.
Also Read
ട്രെഡ് മില്ലിൽ നടത്തത്തിന്റെ അല്ലെങ്കിൽ ഓട്ടത്തിന്റെ വേഗത ക്രമാനുഗതമായി കൂട്ടി കൊണ്ടു വരുമ്പോൾ ഹൃദയത്തിനു പ്രവർത്തനഭാരം കൂടുന്നു. സാധാരണ ജീവിതത്തിൽ ഓട്ടം, ചാട്ടം, കയറ്റം കയറൽ തുടങ്ങിയ ശാരീരികാദ്ധ്വാനം കൂടുതലുള്ള പ്രവർത്തനത്തിലേർപ്പെടുമ്പോൾ ഹൃദയത്തിനും കൂടുതൽ ജോലിഭാരം അനുഭവപ്പെടുന്നു. ഹൃദയത്തിന്റെ രക്തക്കുഴലുകളായ കോറോണറി ആർട്ടറികളിൽ തടസ്സം ഉണ്ടെങ്കിൽ തത്സമയത്ത് ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപെടാം.അതാണ് ട്രെഡ്മിൽ ടെസ്റ്റ് ചെയ്യുന്ന സമയത്ത് നിരീക്ഷിക്കുന്നതും. ഏതാണ്ട് പത്തു മിനിറ്റ് സമയമാണ് ഓട്ടത്തിനു വേണ്ടി വരിക. ഇത്തരം സന്ദർഭങ്ങളിൽ രോഗിയ്ക്ക് നെഞ്ചുവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾക്കു പുറമേ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഇ.സി.ജി എന്നിവയിലുളള വ്യതിയാനങ്ങളും പഠന വിധേയമാക്കുന്നു. അങ്ങനെ പ്രശ്നമുള്ളവരെ തുടർ പരിശോധനയായ ആൻജിയോഗ്രാമിന് നിർദേശിക്കും.
എന്റെ ബന്ധു ടി.എം.ടി ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കി. പക്ഷേ ടെസ്റ്റിന്റെ അവസാനം ഇ.സി.ജിയിൽ ചെറിയ വ്യതിയാനങ്ങൾ കണ്ടു. ഒമ്പതു മിനിറ്റിൽ കൂടുതൽ ഓടിയതു കൊണ്ട് അദ്ദേഹം തനിക്ക് പ്രശ്നമൊന്നുമില്ല എന്ന ധാരണയിലാണ്. രോഗലക്ഷണങ്ങളില്ലെങ്കിൽ പലരും ടെസ്റ്റുകളെയും ചികിത്സകളെയും കാര്യമായെടുക്കാറില്ല എന്നതാണ് സത്യം. ഇ.സി.ജിയിലെ ചെറിയ വൃതിയാനങ്ങൾ ഗൗരവമായി അദ്ദേഹം കാണാതിരുന്നതും അതുകൊണ്ടാവാം. തിരിച്ച് വിദേശത്തേയ്ക്ക് പോകുന്നതിനു മുമ്പ് രോഗമൊന്നുമില്ല എന്നുറപ്പാക്കി സമാധാനമായി പോകാമല്ലോ എന്ന എന്റെ വാദത്തെ അദ്ദേഹം മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു.
അധികം വൈകാതെ തന്നെ ആൻജിയോഗ്രാം ടെസ്റ്റിന് അദ്ദേഹത്തെ വിധേയനാക്കി. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ തൊണ്ണൂറു ശതമാനത്തിൽ കൂടുതൽ തടസ്സമുണ്ട്. അതീവ ഗുരുതരമായ അവസ്ഥയാണിത്. നെഞ്ചിനുള്ളിൽ എപ്പോഴും പൊട്ടാൻ പാകത്തിലുള്ള ബോംബ് വെച്ച് നടക്കുന്നവരാണിവർ എന്ന് ചുരുക്കം രോഗി ഇതറിയുന്നില്ലെന്ന് മാത്രം. ഇങ്ങനെയുള്ള രോഗികളാണ് അപ്രതീക്ഷിതമായി കുഴഞ്ഞു വീണ് മരിക്കാനിടയാകുന്നത്.
എന്റെ ബന്ധുവിന് അപ്പോൾ തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്തു. വലിയൊരു അപകടത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷപെടുത്താനായി .
വെറുമൊരു ഇ.സി.ജിയാേ, രക്തപരിശോധനയോ നടത്തിയാൽ ഈ രോഗം കണ്ടെത്താനാവില്ല. രക്തസമ്മർദ്ദം, പ്രമേഹം, പാരമ്പര്യമായി ഹൃദോഗ മുളളവർ തുടങ്ങിയവരിൽ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ട്രെഡ്മിൽ ടെസ്റ്റ് ചെയ്യുന്നത് വൈദഗ്ദ്ധ്യം നേടിയ ടെക്നീഷ്യന്റെ സാന്നിധ്യത്തിലാണ്. ടെസ്റ്റ് ചെയ്യുന്ന സമയത്ത് ഉണ്ടാകാവുന്ന ഹാർട്ട് അറ്റാക്ക്, ഹൃദയാഘാതം തുടങ്ങിയവ ചികിത്സിക്കാൻ പര്യാപ്തമായ സജ്ജീകരണങ്ങൾ ഒരുക്കിയതിനു ശേഷമാണ് ഈ ടെസ്റ്റ് നടത്തുന്നത്. കാർഡിയോളജിസ്റ്റ് ഈ ടെസ്റ്റ് റിപ്പോർട്ട് ചെയ്യുമ്പോൾ രോഗിയുടെ മറ്റസുഖ വിവരങ്ങൾ കൂടി കണക്കിലെടുക്കും.ഇതിന്റെയടിസ്ഥാനത്തിലാണ് ടി.എം.ടി കഴിഞ്ഞ് രോഗിയ്ക്ക് തുടർ പരിശോധനയും ചികിത്സയും നിശ്ചയിക്കുന്നത്. രോഗസാധ്യത ഏറിയവരിൽ വർഷത്തിലൊരിക്കൽ കാർഡിയാക് ഹെൽത്ത് ചെക്കപ്പിന്റെ ഭാഗമായി ഈ ടെസ്റ്റ് ചെയ്യുന്നത് അഭികാമ്യമാണ്.
പലരുടെയും മറ്റൊരു സംശയം എന്നും നടക്കുന്ന ആൾക്കാരിൽ ടി.എം.ടി ചെയ്യണമോയെന്നാണ്. ഈ ടെസ്റ്റിൽ കൃത്യമായ വേഗതയും കയറ്റവും കൃത്യമായ സമയത്തേക്ക് ക്രമീകരിച്ചിരിക്കുന്നതു കൊണ്ട് സാധാരണ നടത്തവുമായി ഇതിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഹൃദ്രോഗ ബാധിതരായവർ വിദഗ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഈ ടെസ്റ്റ് ചെയ്യുക. മുൻകരുതലുകൾ ജീവിതത്തിൽ അനിവാര്യമാണ്.
Content Highlights: Importance of cardiac health checkups, Treadmill Test, early detection of heart problems
Published: 12 Dec 2024, 02:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented