ഫീസിലേക്കാണ് വിളി വന്നത്. ഫോണ്‍ കണക്റ്റ് ചെയ്യുമ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു: 'ഏതോ വല്യമ്മയാണെന്ന് തോന്നുന്നു. സാറിന്റെ ഒരു ലേഖനത്തെപ്പറ്റി സംസാരിക്കാനാണത്രേ..'

To advertise here,

അത്ഭുതം തോന്നിയില്ല. എഴുതുന്നത് വായിച്ച് വിളിക്കാറുണ്ട് പലരും. മൊബൈല്‍ നമ്പര്‍ കയ്യിലില്ലാത്തവര്‍ ഓഫീസിലേക്കാണ് വിളിക്കുക. ചിലരൊക്കെ ആഹ്‌ളാദം പങ്കുവെക്കാന്‍, ചിലര്‍ വിമര്‍ശിക്കാന്‍, മറ്റു ചിലര്‍ പരിഭവിക്കാന്‍, ഇനിയും ചിലര്‍ വെറുതെ പാട്ടിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍. എന്താവും ഈ വല്യമ്മയുടെ ഉദ്ദേശ്യം?

വിളിച്ചയാള്‍ ആകാംക്ഷാഭരിതമായ ശബ്ദത്തില്‍ ചോദിക്കുന്നു: 'രവിയല്ലേ?' അപരിചിതത്വത്തിന്റെ എല്ലാ മറയും ആ വിളിയില്‍ മാഞ്ഞുപോയ പോലെ. ചിരപരിചിതയെപ്പോലെയാണ് സംസാരം. 'പേര് വിളിച്ചതില്‍ പരിഭവമില്ലല്ലോ? ഉണ്ടെങ്കില്‍ ക്ഷമിച്ചേക്കൂ. വയസ്സ് എഴുപത്തഞ്ചാകാറായി എനിക്ക്. അത്രയും പ്രായമായിട്ടില്ല രവിക്ക് എന്നാണെന്റെ ഊഹം.' ആ തുറന്നുപറച്ചില്‍ ഇഷ്ടപ്പെട്ടു. കൊള്ളാം. അല്പം നര്‍മ്മബോധമൊക്കെ ഉള്ള ആളാണ്.

അടുത്ത ചോദ്യമാണ് അമ്പരപ്പിച്ചത്: 'എന്നെ അറിയില്ലേ?'

ട്രെയിനിലൊക്കെ യാത്ര ചെയ്യുമ്പോള്‍ പതിവായി അഭിമുഖീകരിക്കാറുള്ള ചോദ്യം. സാമൂഹ്യമാധ്യമ സുഹൃത്തുക്കളായിരിക്കും മിക്കപ്പോഴും ചോദ്യകര്‍ത്താക്കള്‍. അല്ലെങ്കില്‍, എഴുതിയത് വായിച്ചു മുന്‍പെപ്പോഴെങ്കിലും വിളിച്ചിട്ടുള്ളവര്‍. ഇതിലേത് വിഭാഗത്തില്‍ പെട്ടയാളായിരിക്കും ഈ മഹതി? എന്തായാലും സ്വയം വെളിപ്പെടട്ടെ. അതുവരെ കാത്തിരിക്കാം.

അധികം വൈകിയില്ല വെളിപ്പെടാന്‍: 'രവി കുറച്ചു കാലം മുന്‍പ് ഒരു പാട്ടിന് പിന്നിലെ കഥ എഴുതിയില്ലേ -  നമ്മെ വിട്ടുപോയ ഒരു പാട്ടെഴുത്തുകാരന്റെ ഒരിക്കലും സഫലമാകാത്ത നിശ്ശബ്ദ പ്രണയമൊക്കെ വിവരിച്ചു കൊണ്ട്? ആ ഗാനരചയിതാവിന്റെ ബന്ധുവാണ് ഞാന്‍....'

ഇത്തവണ ശരിക്കും ഞെട്ടി. ചെറിയൊരു ആശങ്കയും തോന്നി. പറഞ്ഞത് സത്യമാണ്. പ്രശസ്തമായ തന്റെ ഗാനത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കവേ കവി തന്നെയാണ് ആ രഹസ്യം വെളിപ്പെടുത്തിയത്. അയല്‍ക്കാരിയോട് തോന്നിയ ഇഷ്ടത്തിന്റെ കഥ. കൗമാരകാലത്ത് തോന്നിയ ആകര്‍ഷണമായിരുന്നു. സഫലമാകാതെ പോയ ആ സ്‌നേഹം ഓര്‍മ്മയില്‍ വെച്ചുകൊണ്ടെഴുതിയതാണത്രേ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ഗാനം. ഒന്നുകൂടി പറഞ്ഞു അദ്ദേഹം: 'ഇക്കഥ ഞാന്‍ ആദ്യമായാണ് ഒരാളോട് തുറന്നു പറയുന്നത്. കഥാനായികയ്ക്ക് പോലും അറിയാനിടയില്ല...'

കാതോരത്തിന്റെ മുൻലക്കങ്ങൾ വായിക്കാം

ഇതെഴുതിയാല്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമോ? - എന്നിലെ സംശയാലുവായ പത്രപ്രവര്‍ത്തകന്റെ ചോദ്യം. ഏയ് ഇല്ല, ധൈര്യമായി എഴുതിക്കൊള്ളൂ എന്ന് കവി. 'പത്തറുപത് വര്‍ഷം മുന്‍പത്തെ കാര്യമല്ലേ. കൗതുകം കലര്‍ന്ന ഓര്‍മ്മയായി തള്ളിക്കളയുകയേ ഉള്ളൂ ആരും. എങ്കിലും ആ പാട്ട് കേള്‍ക്കുമ്പോള്‍ അന്നത്തെ അവരുടെ രൂപം എനിക്ക് ഓര്‍മ്മ വരാറുണ്ട് എന്നത് സത്യമാണ്. ചെറുപ്പത്തിലെ ചില അനുഭവങ്ങള്‍, ആകര്‍ഷണങ്ങള്‍ മനസ്സിന്റെ അടിത്തട്ടിലങ്ങനെ മായാതെ കിടക്കും. അതങ്ങിനെ കിടന്നോട്ടെ എന്ന് വിചാരിക്കും നമ്മള്‍. ആര്‍ക്കും ഒരു ചേതവുമില്ലല്ലോ...'

കവിമനസ്സ് ഉള്‍ക്കൊള്ളാനാകുമായിരുന്നു എനിക്ക്. നമ്മളും കടന്നുപോയിരിക്കാമല്ലോ അത്തരം അവസ്ഥകളിലൂടെ. 

അപ്പോള്‍പ്പിന്നെ ഈ വിളിക്കുന്ന ബന്ധുസ്ത്രീയുടെ ലക്ഷ്യം എന്താവണം? ലേഖനത്തില്‍ സൂചിപ്പിച്ച നിശ്ശബ്ദ പ്രണയകഥ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും രുചിക്കാതെ പോയിരിക്കുമോ എന്നായിരുന്നു സംശയം. കവി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ വിശദീകരണം നല്‍കാന്‍ സ്‌കോപ്പുമില്ല. എങ്കിലും സമാധാനമുണ്ട്. വെറുമൊരു ആകര്‍ഷണമെന്നതിനപ്പുറത്ത് മറ്റേതെങ്കിലും തലത്തിലേക്ക് വളര്‍ന്ന ബന്ധമല്ലല്ലോ. അതും വണ്‍വേ പ്രേമം.  എഴുത്തു വായിച്ചു ആര്‍ക്കെങ്കിലും രോഷം തോന്നാന്‍ വലിയ സാധ്യതയില്ല; ഭാര്യയ്ക്കും മക്കള്‍ക്കും പോലും. അറിയേണ്ടത് ഇത്ര മാത്രം: ആ കഥയും ഈ വിളിക്കുന്ന ആളും തമ്മിലെന്ത് ബന്ധം?

ഉത്തരം കിട്ടാന്‍ വൈകിയില്ല. പതിഞ്ഞ ശബ്ദത്തില്‍ ഫോണില്‍ വീണ്ടും ആ ശബ്ദം: 'രവി എഴുതിയ കഥയിലെ നായിക ഞാനാണ്.... അദ്ദേഹത്തിന്റെ സ്വപ്നകാമുകി.'

ഞെട്ടിയോ എന്ന് ചോദിച്ചാല്‍ ഞെട്ടി. എന്നാല്‍ ആ ഞെട്ടലിനൊരു സുഖമുണ്ടായിരുന്നു. വിചിത്രമായ ഒരു പ്രണയകഥയിലെ നായികയാണ് എഴുത്തുകാരന് മുന്നില്‍ സ്വമേധയാ അവതരിച്ചിരിക്കുന്നത്. ഒരിക്കലും കാണുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ലാത്ത ഒരാള്‍.

placeholder
പ്രേംനസീറും ജയഭാരതിയും

'എന്നോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന്റെ കഥ ഞാനറിഞ്ഞത് വളരെ വളരെ വൈകിയാണ്.' - കവിയുടെ ആരാധനാപാത്രം പറഞ്ഞു. 'രവി മുന്‍പൊരിക്കല്‍ എഴുതിയത് വായിച്ചിരുന്നെങ്കിലും അതിലെ നായികാ കഥാപാത്രം നമ്മളാണെന്ന് സങ്കല്പിച്ചിട്ടില്ലല്ലോ. തികച്ചും യാദൃച്ഛികമായി നാല് വര്‍ഷം മുന്‍പ് ആ വെളിപ്പെടുത്തല്‍ ബന്ധു കൂടിയായ അദ്ദേഹത്തില്‍ നിന്നു തന്നെ ഉണ്ടായപ്പോള്‍ അന്തംവിട്ടു പോയി. ജീവിതം നമുക്കുവേണ്ടി കരുതിവെക്കുന്ന അത്ഭുതങ്ങളെ കുറിച്ച് എന്തുപറയാന്‍? യുക്തിക്കൊന്നും ഒരു സ്ഥാനവുമില്ല അവിടെ. നമ്മളറിയാതെ ഒരാള്‍ നമ്മളെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു എന്ന അറിവ് പകരുന്ന  സന്തോഷമുണ്ടല്ലോ. അതിന് പകരംവെക്കാന്‍ മറ്റൊന്നുമില്ല...'

വളരെ ചെറുപ്പത്തില്‍ വിവാഹിതയായി പുറംനാട്ടിലേക്ക് യാത്രയായതോടെ അവരുടെ  ജീവിതം മാറിമറിഞ്ഞിരുന്നു. മുന്‍ഗണനകളും മാറി. കുടുംബത്തിന് വേണ്ടിയായിരുന്നു പിന്നത്തെ ജീവിതം. അതും സന്തോഷത്തോടെ തന്നെ നിറവേറ്റി. ഭര്‍ത്താവിന്റെ വിയോഗമാണ് ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ നിഴല്‍ പടര്‍ത്തിയത്. ആ ഏകാന്തതയിലേക്ക് തെല്ലും നിനച്ചിരിക്കാതെ പഴയൊരു 'ആരാധകന്‍' വന്നണഞ്ഞപ്പോള്‍ ചിന്തകള്‍ വീണ്ടും പ്രസാദാത്മകമായി. നഷ്ടപ്പെട്ടെന്ന് കരുതിയ ഒരു കാലം പുനര്‍ജ്ജനിക്കുകയായിരുന്നു ഉള്ളില്‍. 

പിന്നേയും വിളിച്ചു കവി. എഴുത്തിലും വായനയിലും തല്പരയായതിനാല്‍ സംസാരവിഷയം മിക്കപ്പോഴും സാഹിത്യമായിരിക്കും. കുട്ടിക്കാലത്ത് അത്യാവശ്യം എഴുതിയിരുന്നു. അത് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. 'അക്ഷരങ്ങളോടുള്ള എന്റെ സ്‌നേഹം വീണ്ടെടുക്കാന്‍ ആ പുനഃസമാഗമം ഏറെ സഹായിച്ചു എന്ന് പറഞ്ഞേ പറ്റൂ. വൈകിയാണെങ്കിലും വീണ്ടും എഴുതിത്തുടങ്ങി; അധികവും കവിതകള്‍. പ്രസിദ്ധീകരിക്കാന്‍ വേണ്ടിയൊന്നുമല്ല. സ്വയം ആസ്വദിക്കാനും ആനന്ദിക്കാനും വേണ്ടി.'

കൂടുതൽ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക
 
ഏറ്റവുമൊടുവില്‍ എഴുതിയ കവിതയിലെ ചില വരികള്‍ എന്നെ മൂളിക്കേള്‍പ്പിക്കുന്നു അവര്‍. ജീവിതഗന്ധിയായ വരികള്‍:

'ആര്‍ക്കും ഗ്രഹിക്കുവാനൊക്കാത്ത മട്ടിലൊ -
രാത്മബന്ധത്തിന്‍ സമര്‍പ്പണ സംഗമം 
തമ്മിലിരുവരും നിര്‍മ്മിച്ചൊരുക്കിയ 
നിര്‍മ്മല സ്വപ്ന പരിരംഭണോത്സവം...'

ഒട്ടും പ്രതീക്ഷിക്കാതെ ഒരു നാള്‍ ആ നിഷ്‌കളങ്ക സൗഹൃദത്തിന് വിധി തിരശ്ശീല വീഴ്ത്തുമെന്ന് ആരോര്‍ത്തു? വൈകിയെത്തിയ സുഹൃത്തിനെ അകാലത്തില്‍ മരണം കവര്‍ന്നതോടെ വീണ്ടും ഏകാകിതയിലേക്ക് ഉള്‍വലിഞ്ഞിരിക്കണം നായിക.

രവി മേനോൻ എഴുതിയ പുസ്തകങ്ങൾ വാങ്ങാം

വിടപറയും മുന്‍പ് അവര്‍ ഒന്നുകൂടി പറഞ്ഞു: 
 
'വിശ്വസിക്കാനാവുന്നില്ല രവിക്ക്, അല്ലേ? അത്ഭുതമില്ല. എനിക്ക് തന്നെ അവിശ്വസനീയമായി തോന്നുന്ന ഒരനുഭവം എങ്ങനെ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാനാകും?' ഒരു നിമിഷം നിര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു അവര്‍: 'ഒരു കാര്യത്തില്‍ ആഹ്ളാദവും അഭിമാനവുമുണ്ട്; പ്രശസ്തമായ ഒരു ഗാനത്തിന്റെ പിറവിക്ക് നിമിത്തമാകാന്‍ കഴിഞ്ഞല്ലോ. ഇങ്ങനേയും ചില അത്ഭുതങ്ങള്‍ ജീവിതം നമുക്ക് വേണ്ടി കാത്തുവെക്കും എന്ന് വായനക്കാരെ അറിയിക്കാന്‍ വേണ്ടിയെങ്കിലും രവിക്ക് ഈ അനുഭവം എഴുതാം; പേരുകള്‍ വെളിപ്പെടുത്താതെ. അല്ലെങ്കിലും പേരുകളില്‍ എന്തു കാര്യം? അനുഭവമല്ലേ പ്രധാനം?'

ഫോണ്‍ വെച്ചുകഴിഞ്ഞപ്പോള്‍ കാതുകളില്‍ ആ പഴയ സൂപ്പര്‍ ഹിറ്റ് ഗാനം ആരോ മൂളുന്ന പോലെ. നിഗൂഢമായ പ്രണയം ഒളിച്ചുവെച്ച പാട്ട്.  ഈശ്വരാ, ഇതുവരെ കേട്ട പോലെയാവില്ലല്ലോ ഇനിയീ പാട്ടിന്റെ കേള്‍വി എനിക്ക്...