
മോഹിച്ചത് പാട്ടുകാരനാകാന്‍. ആയിത്തീര്‍ന്നതോ? കൊള്ളക്കാരന്‍, കുതന്ത്രജ്ഞന്‍, കൊലപാതകി, ബലാല്‍സംഗവീരന്‍... അങ്ങനെ പലതും. വെള്ളിത്തിരയില്‍ പ്രതിനായകവേഷങ്ങള്‍ പകര്‍ന്നാടുമ്പോഴും ഉള്ളിലെ സംഗീതം കെടാതെ സൂക്ഷിച്ചു ജോസ് പ്രകാശ്. സമയം കിട്ടുമ്പോഴെല്ലാം സൈഗളിലേക്കും സുരേന്ദ്രയിലേക്കും പങ്കജ് മല്ലിക്കിലേക്കും മുഹമ്മദ് റഫിയിലേക്കും ഒഴുകിക്കൊണ്ടിരുന്നു ആ മനസ്സ്. അഭിനേതാക്കളെക്കാള്‍ ആരാധന പാട്ടുകാരോടാണെന്ന് അഭിമുഖങ്ങളില്‍ തുറന്നുപറയാന്‍ മടിച്ചില്ല.
ജോസ് പ്രകാശ് എന്ന പേരിനൊപ്പം ഇന്നും മനസ്സില്‍ തെളിയുക 'ലവ് ഇന്‍ കേരള'യിലെ സില്‍വര്‍ ഹെഡ് മുതലിങ്ങോട്ടുള്ള കണ്ണില്‍ ചോരയില്ലാത്ത ദുഷ്ട മുഖങ്ങളല്ല. അദ്ദേഹം അഭിനയിച്ചനശ്വരമാക്കിയ മനോഹര ഗാനരംഗങ്ങളാണ്:
'കാട്ടുകുരങ്ങി'ലെ നാദബ്രഹ്‌മത്തിന്‍ സാഗരം നീന്തിവരും..
'നിഴലാട്ട'ത്തിലെ സ്വര്‍ഗ്ഗപുത്രീ നവരാത്രി...
'അച്ഛന്റെ ഭാര്യ'യിലെ വാഹിനി പ്രേമവാഹിനി...
കുട്ടിക്കാലം മുതല്‍ കൂടെയുണ്ട് സംഗീതം. സൈഗളിന്റെയും പങ്കജ് മല്ലിക്കിന്റെയും പാട്ടുകള്‍ മൂളി നടന്ന 'ബേബിച്ചനി'ലെ സംഗീത വാസന ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അയല്‍ക്കാരനും സുഹൃത്തുമായ കോട്ടയം ജോസഫ് ആണ്. കോട്ടയത്ത് ചാന്ദ്‌സണ്‍ മൈക്ക് സിസ്റ്റം എന്ന പേരില്‍ മൈക്കും ഉച്ചഭാഷിണിയും വാടകക്ക് കൊടുക്കുന്ന കട നടത്തിയിരുന്നു അക്കാലത്ത് ജോസഫ്. വൈകുന്നേരങ്ങളില്‍ അവിടെ ചെന്നിരിക്കും ബേബിച്ചന്‍ എന്ന കുന്നേല്‍ ജോസഫ്. മൈക്ക് ടെസ്റ്റ് ചെയ്യാന്‍ ബേബിച്ചന്റെ ശബ്ദമാണ് കടയുടമ ഉപയോഗിക്കുക. അങ്ങനെ ചെറുപ്പം മുതലേ മൈക്കില്‍ പാടാന്‍ ഭാഗ്യമുണ്ടായ ആളാണ് താനെന്ന് പറയും ജോസ് പ്രകാശ്. മൈക്രോഫോണും സ്പീക്കറുമൊന്നും സര്‍വ്വസാധാരണമല്ലല്ലോ അന്ന്.
ആദ്യം പൊതുവേദിയില്‍ പാടിയത് സ്വരാജ് മോട്ടോര്‍സ് ബസ് സര്‍വീസുകാര്‍ മുന്‍കൈയെടുത്ത് കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന വാഹനറാലിയില്‍. ഹിന്ദി സിനിമാപ്പാട്ടുകളാണ് അവതരിപ്പിച്ചത്. ജീവിതത്തിലാദ്യമായി പ്രതിഫലം ലഭിച്ചതും ആ പാട്ടുകളുടെ പേരില്‍ തന്നെ - പത്ത് രൂപ.
അധികം വൈകാതെ സോഷ്യലിസ്റ്റ് നേതാവ് രാം മനോഹര്‍ ലോഹ്യ പങ്കെടുത്ത സമ്മേളനത്തിലും പാടാന്‍ അവസരം ലഭിച്ചു. ആദ്യമായി വണ്‍സ് മോര്‍ വിളി കേട്ടതും, അത്ര മോശമല്ല സ്വന്തം പാട്ട് എന്ന് സ്വയം തോന്നിയതും അന്നു തന്നെ.
പുതിയ സിനിമയില്‍ പാടാന്‍ ഒരാളെ തേടി സാക്ഷാല്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ കോട്ടയത്ത് തമ്പടിക്കുന്ന കാര്യം യുവഗായകനെ അറിയിച്ചത് സുഹൃത്ത് കോട്ടയം ജോസഫ് ആണ്. തിക്കുറിശ്ശിയെ ചെന്ന് കാണാന്‍ ധൈര്യം തോന്നിയില്ല ജോസ് പ്രകാശിന്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലല്ലോ. എന്നാല്‍ ജോസഫുണ്ടോ വിടുന്നു? സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ കോട്ടയത്തെ ടി.കെ ഗോപാലകൃഷ്ണപ്പണിക്കരുടെ വീട്ടില്‍ ചെന്ന് തിക്കുറിശ്ശിയെ കാണുന്നു ജോസ് പ്രകാശ്.
കേള്‍ക്കട്ടെ തന്റെ പാട്ട് എന്ന് തിക്കുറിശ്ശി. ജോസ് പ്രകാശ് ആദ്യം പാടിയത് സൈഗളിന്റെ സോജാ രാജകുമാരി. ഇനിയുള്ള കഥ തിക്കുറിശ്ശിയുടെ വാക്കുകളില്‍. 'പാടിക്കേള്‍പ്പിച്ചതൊക്കെ സൈഗളിന്റെ പാട്ടുകള്‍. ഇനിയൊരു മലയാളം പാട്ട് പാടൂ എന്നായി ഞാന്‍. ഏതോ ഒരു നാടകഗാനമാണ് പാടിത്തന്നത്. പക്ഷേ ഒരു പ്രശ്‌നം. മലയാളം പാടുമ്പോഴും സൈഗളിന്റെ പ്രേതം ഒഴിഞ്ഞുപോകുന്നില്ല.'
'താന്‍ നന്നായി പാടുന്നുണ്ട്.' -പുതുഗായകനോട് തിക്കുറിശ്ശി പറഞ്ഞു. 'എന്നാല്‍ സൈഗളിനെ അനുകരിക്കരുത്. സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തണം. എന്നാലേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ..'
തിക്കുറിശ്ശിയ്ക്ക് പിന്നാലെ സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയും ഓക്കേ പറഞ്ഞതോടെ, 'ശരിയോ തെറ്റോ' (1953) എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറുന്നു ജോസ് പ്രകാശ്. സ്വതന്ത്രമായ ഒരു ആലാപന ശൈലി രൂപപ്പെടുത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും സൈഗള്‍ സ്വാധീനത്തില്‍ നിന്ന് പുറത്തുകടക്കുക എളുപ്പമായിരുന്നില്ല.
രേവതി സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ ചെന്നുനിന്ന് ആദ്യം പാടി റെക്കോര്‍ഡ് ചെയ്തത് ഒരു വിരഹഗാനം: 'താരമേ താണു വരൂ, ദൂരവേ സഖി പോകയോ നീ...' തുടര്‍ന്ന് ആറു പാട്ടുകള്‍ കൂടി.

ആദ്യഗാനം മുഴുവന്‍ അശുഭ ചിന്തകളായിരുന്നു:
'ഇരവില്‍ ഞാന്‍ കണ്ട സുഖസ്വപ്നമെല്ലാം ഇരുളില്‍ മറഞ്ഞു പ്രാണസഖീ
മഴമുകില്‍ കണ്ടെന്‍ മനമയിലാടി മഴപെയ്തതില്ല പ്രാണസഖീ...'
വരികള്‍ക്ക് അറം പറ്റുമോ എന്നായിരുന്നു അരങ്ങേറ്റക്കാരന്റെ ഭയം. എന്നാല്‍ വിധി ആ ഭയം അസ്ഥാനത്താക്കി. മഴമുകില്‍ കണ്ടു മതിമറന്ന കാമുകന് നിരാശനാകേണ്ടി വന്നില്ല. അവസരങ്ങളുടെ പെരുമഴയായിരുന്നു പിന്നെ. കുറച്ചു പടങ്ങളില്‍ കൂടി പാടിയ ശേഷം തിരക്കേറിയ അഭിനേതാവായി വെള്ളിത്തിരയില്‍ നിറയുന്നു ജോസ് പ്രകാശ്. (ജോസഫ് എന്ന ബേബിച്ചനെ അതിനിടെ ജോസ് പ്രകാശ് ആയി ജ്ഞാനസ്‌നാനം ചെയ്യിച്ചിരുന്നു തിക്കുറിശ്ശി). സ്ഥിരം വില്ലന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം ഇടക്കും തലയ്ക്കും നന്മ നിറഞ്ഞ വ്യത്യസ്ത വേഷങ്ങളും. എല്ലാ കഥാപാത്രങ്ങളും സവിശേഷമായ ഒരു ജോസ് പ്രകാശ് ടച്ച് നല്‍കി അവിസ്മരണീയമാക്കി അദ്ദേഹം.
പാട്ടുരംഗങ്ങളിലാണ് ഏറ്റവും ആസ്വദിച്ച് അഭിനയിച്ചിട്ടുള്ളതെന്ന് പറഞ്ഞിട്ടുണ്ട് ജോസ് പ്രകാശ്. പാടി മതിവരാത്ത ഒരു ഗായകന്‍ കൂടി ഉള്ളിലുള്ളതുകൊണ്ടാവും.
കാട്ടുകുരങ്ങിലെ നാദബ്രഹ്‌മത്തിന്‍ സാഗരം നീന്തിവരും എന്ന രാഗമാലികയുടെ ചിത്രീകരണം കാണാനെത്തിയവരില്‍ പാട്ടിന് ശബ്ദം പകര്‍ന്ന യേശുദാസും ഉണ്ടായിരുന്നു. 'കണ്ടുനിന്നപ്പോള്‍ ഞാനല്ല, സാറാണ് ആ പാട്ട് പാടിയതെന്ന് തോന്നി' എന്ന യേശുദാസിന്റെ അഭിനന്ദന വചസ് ആയുഷ്‌കാലം മുഴുവന്‍ അഭിമാനത്തോടെ മനസ്സില്‍ സൂക്ഷിച്ചു ജോസ് പ്രകാശ്.
'അല്ല പരാജിതനല്ല ഞാന്‍ സംഗീത സ്വര്‍ലോക ഗംഗയിതില്‍ മുങ്ങിടുമ്പോള്‍' എന്നെഴുതിയ ഭാസ്‌കരന്‍ മാഷിന് നന്ദി. വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്കായിരുന്നല്ലോ പിന്നീടങ്ങോട്ട് നടന്റേയും ഗായകന്റേയും യാത്ര....
Content Highlights: actor jose prakash birth anniversary, ravi menon
Published: 14 Apr 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented