
'കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി'' എന്ന സ്‌തോത്രമില്ലാതെ മലയാളികള്‍ക്കെന്ത് വിഷു?തലമുറകളില്‍ നിന്ന് തലമുറകളിലേക്കൊഴുകി അനശ്വരത നേടിയ ഈ ലളിതസുന്ദര ഭക്തിഗീതം പാടുമ്പോള്‍ അതിന് ഈണമിട്ട ഈശ്വരവിശ്വാസിയല്ലാത്ത ഒരു മഹാസംഗീതകാരനെയും നമുക്കോര്‍ക്കാം- ജി ദേവരാജനെ. പൂന്താനം രചിച്ചതെന്ന് കരുതപ്പെടുന്ന ഈ കൃഷ്ണസ്തുതി ഇന്ന് പാടിക്കേള്‍ക്കുന്ന മട്ടില്‍ ചിട്ടപ്പെടുത്തിയത് ദേവരാജന്‍ മാസ്റ്ററാണ് - 1964 ല്‍ പുറത്തിറങ്ങിയ 'ഓമനക്കുട്ടന്‍ '' എന്ന ചിത്രത്തിനു വേണ്ടി. കുട്ടിക്കാലത്ത് ദിവസവും വെളുപ്പിന് അമ്മ ചൊല്ലിക്കേട്ടിരുന്ന സ്‌തോത്രം ഈണവും താളവും ചെറുതായി മാറ്റി 'തേച്ചുമിനുക്കി'' സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു മാസ്റ്റര്‍.
'അമ്മ വലിയ ദൈവഭക്തയായിരുന്നു. സംഗീതബോധവും താളബോധവും കുറവെങ്കിലും സ്‌തോത്രങ്ങളും ശ്ലോകങ്ങളും മറ്റും അവരുടേതായ രീതിയില്‍ ചൊല്ലും. അക്കാലത്ത് അമ്മ പാടിക്കേട്ട ഒരു സ്‌തോത്രത്തിന്റെ ഓര്‍മ്മയിലാണ് ഞാന്‍ 'കണികാണും നേരം'' ചിട്ടപ്പെടുത്തിയത്. ചടുലതാളത്തിലാണ് അമ്മ ആ സ്തുതി ചൊല്ലുക. ഭക്തിഗാനത്തിനിണങ്ങും വിധം സിനിമക്കുവേണ്ടി ഞാനത് കുറച്ചു മന്ദതാളത്തിലാക്കി.'' - ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മ. 'ഓമനക്കുട്ട''നില്‍ പി ലീലയും രേണുകയും ചേര്‍ന്നാണ് ഈ ഗാനം പാടിയത്.
പാടിപ്പതിഞ്ഞ വേറെയും ഭക്തിഗീതങ്ങളില്‍ ദേവരാജന്റെ മാന്ത്രിക സംഗീതസ്പര്‍ശം നിറഞ്ഞുനില്‍ക്കുന്നു: ഹരിവരാസനം, ചെത്തി മന്ദാരം തുളസി, അമ്പാടി തന്നിലൊരുണ്ണി, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശബരിമലയില്‍ തങ്ക സൂര്യോദയം, നവകാഭിഷേകം കഴിഞ്ഞു, ദേവീ കന്യാകുമാരി, ദേവീ അംബികേ... അമ്മ കൊച്ചുകുഞ്ഞ് നാടന്‍ ശൈലിയില്‍ പാടിക്കേട്ട ഒരു സ്തുതിയുടെ ഓര്‍മയിലാണ് ചെത്തി മന്ദാരം തുളസി എന്ന ഗാനം മാസ്റ്റര്‍ സ്വരപ്പെടുത്തിയത്. 'അര്‍ക്കസൂര്യ ദിവാകര'' എന്ന ശ്ലോകവും അമ്മ പാടിക്കേട്ടതു തന്നെ. ഈ ഗാനം പിന്നീട് മാസ്റ്റര്‍ ക്വയറില്‍ എടുത്തുചേര്‍ത്തു.
'കുട്ടിക്കാലത്ത് ഞങ്ങളെ വളര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് അമ്മ. ''- ദേവരാജന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു. 'സംഗീതക്കച്ചേരികള്‍ക്കും നാടകത്തിനും മറ്റും മൃദംഗം വായിച്ചുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ അച്ഛന്‍ പ്രയാസപ്പെട്ടിരുന്ന കാലം. പത്തു രൂപക്ക് ചില്ലറ സാധനങ്ങള്‍ വാങ്ങി കമ്പോളത്തില്‍ കൊണ്ടുചെന്ന് വിറ്റ് ക്ഷീണിതയായി നടന്നുവരുന്ന അമ്മയുടെ ചിത്രം ഇന്നുമുണ്ട് മനസ്സില്‍. ദിവസം രണ്ടോ മൂന്നോ രൂപ ലാഭം ലഭിച്ചാലായി. ഈ തുച്ഛമായ വരുമാനം കൊണ്ട് അക്കാലത്ത് അമ്മ വീട്ടുചെലവ് നടത്തിക്കൊണ്ടു പോയതെങ്ങനെ എന്നോര്‍ത്ത് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ ഭക്തി അവരെ സഹായിച്ചിരിക്കാം.''
മലയാളികള്‍ ഭക്തിപുരസ്സരം ഏറ്റുപാടുന്ന എത്രയോ സ്തുതിഗീതങ്ങള്‍ ചിട്ടപ്പെടുത്തിയത് ഭക്തനല്ലാത്ത ഒരാളാണെന്നോര്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അത്ഭുതം തോന്നാം. അവയില്‍ ഭൂരിഭാഗവും എഴുതിയതാകട്ടെ വിശ്വാസിയല്ലാത്ത വയലാര്‍ രാമവര്‍മ്മയും. ഹിന്ദു ഭക്തിഗാനങ്ങള്‍ മാത്രമല്ല ജനലക്ഷങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ക്രിസ്തീയ ഗാനങ്ങളുമുണ്ട് അക്കൂട്ടത്തില്‍. 'ഭാര്യ' (1962) യില്‍ നിന്ന് തുടങ്ങുന്നു ആ ഗാനപ്രവാഹം. കഥാപശ്ചാത്തലവുമായി പൂര്‍ണമായും ഇണങ്ങിച്ചേര്‍ന്നു നിന്ന രചനകളായിരുന്നു വയലാറിന്റേത്. മുള്‍ക്കിരീടമിതെന്തിന് നല്‍കി സ്വര്‍ഗസ്ഥനായ പിതാവേ, ഓമനക്കയ്യില്‍ ഒലീവിലകൊമ്പുമായ് ഓശാനപ്പെരുന്നാള് വന്നു (സുശീല), ദയാപരനായ കര്‍ത്താവേ (യേശുദാസ്) എന്നീ പാട്ടുകള്‍ ഓര്‍മ്മവരുന്നു. ബൈബിളില്‍ നിന്നുള്ള പദങ്ങളും ആശയങ്ങളും ഇമേജറികളും സുലഭമായി ഉപയോഗിക്കപ്പെട്ടിട്ടുള്ള രചനകള്‍. ആ ഗാനങ്ങള്‍ അവയുടെ അര്‍ത്ഥദീപ്തിക്ക് തെല്ലും പോറലേല്‍പ്പിക്കാതെ സ്വരപ്പെടുത്തിയ ദേവരാജന്‍ മാസ്റ്റര്‍ക്ക് നന്ദി.
'നാടന്‍ പെണ്ണി'ലെ ആകാശങ്ങളിലിരിക്കും ഞങ്ങടെ, 'മണവാട്ടി'യിലെ ഇടയകന്യകേ പോകുക നീ, 'നദി'യിലെ നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപ്പെടട്ടേ, 'പേള്‍വ്യൂ'യിലെ വിശുദ്ധനായ സെബാസ്ത്യാനോസേ, 'നിലയ്ക്കാത്ത ചലനങ്ങ'ളിലെ ദുഃഖ വെള്ളിയാഴ്ചകളേ, 'അവളല്‍പ്പം വൈകിപ്പോയി'യിലെ വെള്ളിക്കുടക്കീഴേ, 'മകനേ നിനക്കു വേണ്ടി'യിലെ ബാവാക്കും പുത്രനും പരിശുദ്ധാത്മാവിനും, 'മയിലാടുംകുന്നി'ലെ ഈശോ മറിയം ഔസേപ്പേ ഈയപേക്ഷ കൈക്കൊള്ളേണമേ, 'നഖങ്ങളി'ലെ മാതാവേ മാതാവേ, 'ചുക്കി'ലെ യരുശലേമിലെ സ്വര്‍ഗദൂതാ, 'ചലന'ത്തിലെ അത്യുന്നതങ്ങളില്‍ ഇരിക്കും ദൈവമേ, 'പ്രിയമുള്ള സോഫിയ'യിലെ ഓശാന ഓശാന ദാവീദിന്‍ പുത്രന്നോശാന, ആദമോ ഹവ്വയോ..... എല്ലാം വയലാര്‍ - ദേവരാജന്‍ ടീമിന്റെ കയ്യൊപ്പ് പതിഞ്ഞ ക്രിസ്തീയ ഗാനങ്ങള്‍. ഭക്തി മാത്രമല്ല പ്രണയവും വാത്സല്യവും വിരഹവുമെല്ലാം വന്നു നിറയുന്നു ഈ പാട്ടുകളില്‍. ചെറുപ്പത്തില്‍ കേട്ടു മനസ്സില്‍ പതിഞ്ഞ ക്വയര്‍ സംഗീതത്തിന്റെ സ്വാധീനമുണ്ട് ഈ പാട്ടുകളിലെന്ന് മാസ്റ്റര്‍ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. വാദ്യവിന്യാസത്തിലും കോറസ്സിലുമെല്ലാം നാം അനുഭവിച്ചറിയുന്നു സവിശേഷമായ ആ ദേവരാജന്‍ സ്പര്‍ശം.
മലയാളികള്‍ എക്കാലവും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന ഭക്തിഗാനങ്ങള്‍ സൃഷ്ടിക്കാന്‍ ഭക്തരല്ലാത്ത വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടിന് കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം ന്യായം. ദേവരാജന്‍ മാസ്റ്ററുടെ മറുപടി ഇങ്ങനെ: 'ഭക്തിഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഭക്തനാവണമെന്ന് നിര്‍ബന്ധമില്ല. ഭക്തന്റെ മാനസികാവസ്ഥയിലേക്ക് താല്‍ക്കാലികമായി കൂടുമാറണം എന്നേയുള്ളൂ. ഗാനസൃഷ്ടി നിര്‍വഹിച്ചു കഴിഞ്ഞാല്‍ ആ കുപ്പായം നമ്മള്‍ ഉപേക്ഷിക്കുന്നു.' തികച്ചും പ്രൊഫഷണല്‍ ആയ സമീപനം. മദ്യപിച്ചു പാടുന്ന പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ നമ്മള്‍ മദ്യപാനിയാവേണ്ട കാര്യമില്ലല്ലോ എന്ന് കൂട്ടിച്ചേര്‍ക്കുക കൂടി ചെയ്യുന്നു അദ്ദേഹം.
എങ്കിലും ഭക്തിയുടേയും ആസ്വാദനത്തിന്റെയും അതിര്‍വരമ്പുകള്‍ നേര്‍ത്തുനേര്‍ത്ത് വന്ന അനുഭവങ്ങള്‍ കുറവല്ല മാസ്റ്ററുടെ ജീവിതത്തില്‍. സംഗീതത്തിന് മാത്രം കഴിയുന്ന ഇന്ദ്രജാലമാവാം. 'മധുരൈ മണി അയ്യര്‍ വേദിയിലിരുന്ന് തായേ യശോദ ഉന്തന്‍ ആയര്‍കുലത്തുദിത്ത മായന്‍ ഗോപാലകൃഷ്ണന്‍ സെയ്യും ജാലത്തൈ കേളടി എന്ന കൃതി പാടിക്കേള്‍ക്കുമ്പോള്‍ കണ്മുന്നില്‍ ഉണ്ണികൃഷ്ണന്‍ വന്നു കുഴലൂതി നൃത്തം ചെയ്യുന്ന പോലെ തോന്നും. ഇതേ അനുഭൂതി പര്‍വീണ്‍ സുല്‍ത്താനയുടെ ഭജന്‍സ് കേള്‍ക്കുമ്പോഴും എംഎസ് സുബ്ബുലക്ഷ്മിയുടെ കീര്‍ത്തനങ്ങള്‍ കേള്‍ക്കുമ്പോഴും ഉണ്ടായിട്ടുണ്ട്. സംഗീതം മനസ്സില്‍ വരച്ചിടുന്ന ചിത്രങ്ങള്‍ എന്നാണ് അത്തരം അനുഭവങ്ങളെ കുറിച്ച് പറയേണ്ടത്.'
ആ വര്‍ണ്ണചിത്രങ്ങള്‍ക്ക് നന്ദി പറഞ്ഞേ പറ്റൂ. അവയില്‍ നിന്ന് പിറവിയെടുത്തതാണല്ലോ മലയാളികള്‍ ഏറ്റുപാടുന്ന അനശ്വര ഭക്തിഗാനങ്ങള്‍ പലതും.
Content Highlights: The story behind iconic Malayalam devotional songs composed by G. Devarajan, a non-believer
Published: 12 Apr 2025, 09:40 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented