ഉള്ളിലൊരു സ്വപ്നജീവിയുണ്ട് പണ്ടുമുതലേ. പതിനഞ്ചുകാരിയായ സ്കൂൾ കുട്ടിയെക്കൊണ്ട് കവിതയും പാട്ടും എഴുതിച്ചത് ആ സ്വപ്‌നജീവിയല്ലാതെ മറ്റാര്? അന്ന് കുറിച്ച പാട്ടുകളിലൊന്ന് സിനിമയിൽ വരുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല ശശികല മേനോൻ. പി. ഭാസ്കരനും ഒ.എൻ.വിയും യൂസഫലി കേച്ചേരിയും ശ്രീകുമാരൻ തമ്പിയും ബിച്ചു തിരുമലയും പൂവച്ചൽ ഖാദറുമൊക്കെ നിറഞ്ഞുനിൽക്കുകയാണല്ലോ സിനിമാലോകത്ത്. പക്ഷേ, വിധി പനയപ്പള്ളി സ്വദേശിയായ ആ പത്താംക്ലാസ്‌ വിദ്യാർത്ഥിനിയെ പാട്ടെഴുത്തുകാരിയാക്കി. അര നൂറ്റാണ്ട് പിന്നിട്ട ഒരു സർഗ്ഗയാത്രയുടെ തുടക്കം.

To advertise here,

ജേസി സംവിധാനം ചെയ്ത 'സിന്ദൂര'ത്തിന് (1976) പാട്ടെഴുതുമ്പോൾ എറണാകുളം ഗവ ഗേൾസ് ഹൈസ്‌കൂളിൽ പഠിക്കുകയാണ് ശശികല. "അന്നേ കവിതകൾ വായിക്കും, എഴുതും. ആ ശീലമായിരിക്കണം യദുകുല മാധവ യശോദാനന്ദന എന്ന ചലച്ചിത്രഗാനമായി മാറിയത്.'' ഒരു കൗതുകം കൂടി പങ്കുവെക്കുന്നു ശശികല: "എന്റെ ആദ്യ ചലച്ചിത്രഗാനത്തിന്റെ സംഗീതസംവിധായകനായ എ.ടി ഉമ്മറിനെ നേരിൽ കണ്ടിട്ടേയില്ല ഞാൻ. ആ പാട്ടുപോലും അപൂർവമായേ പിന്നീട് കേട്ടിട്ടുള്ളൂ.''

'യദുകുല മാധവ'യിൽ തുടങ്ങിയ ശശികല പിന്നെയും പതിനഞ്ചോളം സിനിമകൾക്ക് പാട്ടെഴുതി. മലയാള സിനിമയിലെ അപൂർവം വനിതാ ഗാനരചയിതാക്കളിൽ ഒരാൾ എന്ന പദവിക്ക് പുറമെ, ഏറ്റവും പ്രായം കുറഞ്ഞ പാട്ടെഴുത്തുകാരി എന്ന ബഹുമതി കൂടി സ്വന്തമാക്കി.

അച്ഛന്റെ ഉറ്റ സുഹൃത്തായിരുന്ന പ്രശസ്ത സംവിധായകൻ വിൻസെൻറാണ്‌  പതിനഞ്ചുകാരിയായ ശശികലയിൽ  പാട്ടെഴുത്തുകാരിയെ കണ്ടെത്തിയത്. സിനിമയിൽ ഒരു കൈ നോക്കിക്കൂടെ എന്ന് ആദ്യം ചോദിച്ചതും അദ്ദേഹം തന്നെ. എന്നാൽ, വിൻസെന്റിന്റെ ചിത്രത്തിന് വേണ്ടി പാട്ടെഴുതാൻ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു ശശികലക്ക്.

"പുതിയ ചിത്രത്തിൽ യുവഗാനരചയിതാക്കളെ ക്ഷണിച്ചു കൊണ്ട് സിന്ദൂരത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തുമൊക്കെയായ ഡോ. ബാലകൃഷ്ണന്റെ പരസ്യം ആയിടക്ക് പത്രത്തിൽ വന്നു. വെറുതെ ഒരു കൗതുകത്തിന് എന്റെ രണ്ടുമൂന്ന് ഗാനങ്ങൾ അച്ഛൻ അദ്ദേഹത്തിന് അയച്ചുകൊടുത്തു."- ശശികലയുടെ ഓർമ്മ. "അവയിലൊന്ന് സിനിമയിലേക്ക് തെരഞ്ഞെടുത്തതായി ചെന്നൈയിൽനിന്ന് കത്തു വന്നപ്പോൾ ശരിക്കും അന്തം വിട്ടുപോയി. ഭാസ്കരൻ മാഷും ഒ.എൻ.വിയുമൊക്കെ സജീവമായി രംഗത്തുള്ള കാലമല്ലേ?''

ഡോ. ബാലകൃഷ്ണന് വേണ്ടി അന്ന് എഴുത്തുകുത്തുകൾ നടത്തിക്കൊണ്ടിരുന്ന അന്തിക്കാട്ടുകാരൻ യുവാവുമുണ്ടായിരുന്നു 'സിന്ദൂര'ത്തിൽ ഗാനരചയിതാവായി. "ഒരു നിമിഷം തരൂ നിന്നിലലിയാൻ" എന്ന അതീവഹൃദ്യമായ പ്രണയഗാനമെഴുതിയ ആ ചെറുപ്പക്കാരൻ പിൽക്കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി; നമ്മളറിയുന്ന സത്യൻ അന്തിക്കാടായി. ഭരണിക്കാവ് ശിവകുമാർ, അപ്പൻ തച്ചേത്ത്, കോന്നിയൂർ ഭാസ് എന്നിവരായിരുന്നു സിന്ദൂരത്തിലെ മറ്റ് പാട്ടെഴുത്തുകാർ.

ശശികലയുടെ ആദ്യഗാനത്തിന് ശബ്ദം പകർന്നത് നടി കൂടിയായ ശ്രീലത നമ്പൂതിരി. "പാട്ട് റെക്കോർഡ് ചെയ്ത് കാസറ്റിലാക്കി അയച്ചുതന്ന ശേഷമാണ് ഞാൻ കേൾക്കുന്നത്. ശരിക്കും വിസ്മയം തോന്നി. വരികൾ അത്ര കേമമൊന്നും അല്ലായിരുന്നു. തീരെ ചെറുപ്പമല്ലേ? ഇന്നോർക്കുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും.''

കേമമല്ല എന്ന് ശശികല പറഞ്ഞാലും പാട്ടത്ര മോശമല്ല എന്നതാണ് സത്യം; സമകാലീനരായ ഏത് ഗാനരചയിതാവിന്റെ സൃഷ്ടിക്കും ഒപ്പം നിൽക്കുന്ന ഒന്ന്: "നിലവിളക്കിൻ സ്വർണ്ണക്കതിരൊളിയിൽ, നിറമാല തോരണ പ്രഭാകാന്തിയിൽ, തിളങ്ങുന്നൊരഞ്ജന തിരുരൂപ സന്നിധിയിൽ, അഞ്ജലിപ്പൂക്കളായ് നിൽക്കുന്നു ഞങ്ങൾ നിൽക്കുന്നു..." ചെറുപ്രായക്കാരിയായ ഒരു പെൺകുട്ടിയുടെ സങ്കൽപ്പത്തിലെ ഉണ്ണിക്കണ്ണനെയാണ് ശശികല ലളിതമായ വാക്കുകളാൽ വരച്ചിട്ടത്.

ഗവണ്മെന്റ് പ്രസ് ഉദ്യോഗസ്ഥൻ വിശ്വനാഥ മേനോന്റെയും മാലതിയുടേയും മകൾ പിന്നീട് പാട്ടെഴുതിയത് വിൻസന്റ് സംവിധാനം ചെയ്ത 'അഗ്നിനക്ഷത്ര'ത്തിൽ. മഞ്ഞിലാസിന്റെ പടം. സംഗീത സംവിധായകൻ സാക്ഷാൽ ദേവരാജൻ. "അന്നു ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. കമ്പോസിംഗിനിടെ ഒരിക്കൽ അച്ഛനോടൊപ്പം ചെന്നൈയിൽ ദേവരാജൻ മാസ്റ്ററുടെ വീട്ടിൽ പോയത് ഓർമ്മയുണ്ട്. വരികളിൽ ചെറിയ തിരുത്തുകൾ വേണമെന്ന് ആവശ്യപ്പെട്ടതാണ് കാരണം. പാട്ട് നന്നായിട്ടുണ്ടെന്നും ഇനിയും എഴുതണമെന്നും സ്നേഹപൂർവ്വം പറഞ്ഞപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷം തോന്നി.''

യേശുദാസും പി. ലീലയും സുശീലയും മാധുരിയുമൊക്കെ ഉണ്ടായിരുന്നു 'അഗ്നിനക്ഷത്ര'ത്തിൽ ഗായകരായി. യേശുദാസും മാധുരിയും പാടിയ സ്വർണ്ണമേഘത്തുകിൽ, സുശീലയുടെ നിത്യസഹായ മാതാവേ എന്നീ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

അടുത്ത പടവും വിൻസന്റിന്റേത് തന്നെ- വയനാടൻ തമ്പാൻ (1978). കമൽ ഹാസൻ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് വേണ്ടി ശശികല എഴുതി ദേവരാജൻ ഈണമിട്ട അഞ്ചു ഗാനങ്ങളിൽ സുശീല പാടിയ 'ഏകാന്തസ്വപ്നത്തിൽ' ആയിരുന്നു ഏറ്റവും ശ്രദ്ധേയം. പതിനേഴുകാരിയായ ഗാനരചയിതാവിന്റെ വരികളിൽനിന്ന് ദേവരാജൻ മെനഞ്ഞെടുത്ത ഗാനം ഇന്നുമുണ്ട് ഓർമ്മയിൽ:

"ഏകാന്തസ്വപ്നത്തിൻ മരതകദ്വീപിൽ
ഏതോ ശരത്കാല നീലിമയിൽ
മുന്തിരിത്തേൻകിണ്ണം ചുണ്ടിലൊതുക്കി
മാലാഖയായ് നീ വന്നു എന്നിൽ
ആദ്യരോമാഞ്ചമായ് വിടർന്നൂ ..."

'താരാട്ടി' (1981) ലെ 'ആലോലം പൂമുത്തേ ആരാരിരോ' (സുശീല) പിന്നാലെ വന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന രവീന്ദ്രൻ ആയിരുന്നു സംഗീത ശില്പി. ശശികലയുടെ ചലച്ചിത്ര രചനകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിൽ ഒന്ന്.

'മൂകം വിതുമ്പുന്ന മോഹവുമായ്
ആത്മാവിനുള്ളിലെ താരാട്ടുമായ്
പിഞ്ചിളം മെയ്യിൽ പുഞ്ചിരിച്ചുണ്ടിൽ
ഒന്ന് തഴുകുവാൻ ഓമലേ വാ..."

കെ. രാഘവനു വേണ്ടിയാണ് അടുത്ത പടത്തിൽ എഴുതിയത്. മറ്റൊരു അസുലഭ സൗഭാഗ്യം. എന്നാൽ പടം വെളിച്ചം കണ്ടില്ല. പാട്ട് ആരും കേട്ടതുമില്ല. "തിര ഞൊറിയും കായലിന്റെ മാറില് തീരം തേടി തുഴയുമെന്റെ ഉള്ളില്'' എന്നു തുടങ്ങുന്ന ആ ഗാനം പുറത്തുവന്നിരുന്നെങ്കിൽ ഒരു പക്ഷേ എന്റെ ഏറ്റവും മികച്ച രചനയായേനെ."- മുതിർന്ന കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ പത്നിയായ ശശികല പറയുന്നു.

ദീർഘകാലത്തെ ഇടവേള അവസാനിപ്പിച്ച് സിനിമയിൽ ശശികല തിരിച്ചെത്തിയത് 2013-ൽ ഗുഡ് ബാഡ് ആൻഡ് അഗ്ലിയിൽ പാട്ടെഴുതിക്കൊണ്ടാണ്. എം.ജി. ശ്രീകുമാർ ആയിരുന്നു സംഗീത സംവിധായകൻ. തുടർന്ന് ജിലേബി (ബിജിബാൽ), കുക്കിലിയാർ (എം. ജയചന്ദ്രൻ) തുടങ്ങി കുറച്ചു ചിത്രങ്ങൾകൂടി. കുക്കിലിയാറിൽ ജയചന്ദ്രൻ പാടിയ "മതിലേഖ മിഴി ചാരി" ഇറങ്ങിയ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടായിരുന്നു. ഭാവഗായകനും പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന്.

ജനപ്രിയ ആൽബം ഗാനങ്ങളുമുണ്ട് ശശികലയുടെ വകയായി. പുതുതലമുറയുടെ ഹരമായ ആര്യ ദയാലിന്റെ ശബ്ദത്തിൽ കുറച്ചു കാലം മുൻപ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായ "അങ്ങനെ വേണം" എന്ന ഗാനത്തിന്റെ വരികൾ ഓർമ്മവരുന്നു: "എന്തു കഴിക്കണമെന്തു ധരിക്കണം എന്നുള്ളതെല്ലാം എന്റെയിഷ്ടം, മോഹങ്ങളായിരം ഞങ്ങൾക്കുമുണ്ടേ പാറിപ്പറക്കാൻ ചിറകുമുണ്ടേ പൊന്നിൽ പൊതിയണ്ട പട്ടും ചുറ്റണ്ട ഞങ്ങളെ ഞങ്ങളായ് കണ്ടാ മതി..."

ഗാനരചനയിലേക്കുള്ള തിരിച്ചുവരവിന് നിമിത്തമായത് രണ്ടു പതിറ്റാണ്ടോളം മുൻപ് "കലാകൗമുദി"യിൽ ഞാൻ എഴുതിയ ലേഖനമാണെന്ന് ശശികല പറഞ്ഞുകേൾക്കുമ്പോൾ സന്തോഷം. എഴുതുന്ന വാക്കുകൾ ആരുടെയൊക്കെയോ ജീവിതത്തെ ചെന്നു തൊടുന്നു എന്നത് എഴുത്തുകാരന് ആഹ്ളാദിക്കാൻ വകയുള്ള കാര്യമാണല്ലോ. അവരുടെ ജീവിതത്തെതന്നെ അത് മാറ്റിമറിക്കുകയാണെങ്കിൽ വിശേഷിച്ചും.

അഭിനന്ദനങ്ങൾ, പാട്ടെഴുത്തിൽ സുവർണ്ണ ജൂബിലിയുടെ നിറവിലെത്തിനിൽക്കുന്ന ശശികലയ്ക്ക്.