
സങ്കല്‍പം മാത്രമായിരുന്നു ഒരിക്കല്‍ ഗുരുവായൂര്‍ കേശവന്‍. വായിച്ചറിഞ്ഞ ഐതിഹ്യങ്ങളിലൂടേയും ബന്ധുജനങ്ങളുടെ അതിശയോക്തി കലര്‍ന്ന വിവരണങ്ങളിലൂടേയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ നെറ്റിപ്പട്ടം കെട്ടിനിന്ന പ്രൗഢഗംഭീര സങ്കല്‍പം. പതിനൊന്നടിയോളം ഉയരമുണ്ടായിരുന്നു സ്വപ്നത്തിലെ ആ കേശവന്‍. കണ്ണുകളില്‍ കുസൃതിയും. ഗുരുവായൂരപ്പന്റെ ഇഷ്ട തോഴനെ എന്നെങ്കിലും നേരില്‍ കാണണമെന്നും തൊടണമെന്നും ആശിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. ഒരിക്കലൂം നടക്കാതെ പോയ ഒരു സ്വപ്നം. പില്‍ക്കാലത്ത്, അമ്പലനടയില്‍ ശ്രീവത്സം കോമ്പൗണ്ടിലുള്ള കേശവന്റെ ശില്‍പം ചൂണ്ടിക്കാണിച്ച് 'അതാ നീ കാണാന്‍ കൊതിച്ച ആള്‍' എന്ന് അച്ഛന്റെ ജ്യേഷ്ഠത്തിയായ വല്യമ്മ പറഞ്ഞപ്പോള്‍ അന്നത്തെ ചെറുപ്രായത്തില്‍ തോന്നിയ നഷ്ടബോധത്തിന് അതിരില്ല. അതിനും വര്‍ഷങ്ങള്‍ മുന്‍പ്, 1976 ല്‍, കഥാവശേഷനായിക്കഴിഞ്ഞിരുന്നു ഗജരാജന്‍; സത്യവും മിഥ്യയും ഭാവനയുമൊക്കെ ഇടകലര്‍ന്ന ഒരുപാട് കഥകള്‍ ബാക്കിവെച്ചുകൊണ്ട്.
കേശവന്‍ കഥാവശേഷനായതിന്റെ പിറ്റേന്ന് മാതൃഭൂമിയില്‍ അച്ചടിച്ചുവന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഓര്‍മ്മയുണ്ട്. ആദ്യമായി കണ്മുന്നില്‍ കാണുകയാണ് കേശവന്റെ തനി സ്വരൂപം. പത്രത്തിന്റെ മുന്‍പേജില്‍ നിന്ന് വെട്ടിയെടുത്ത പടത്തില്‍ ഭക്തിപൂര്‍വ്വം തൊട്ടു തൊഴുത ശേഷം 'ഗുരുവായൂരപ്പന്‍' മാസികയുടെ ബൈന്‍ഡ് ചെയ്ത ശേഖരത്തിനുള്ളില്‍ ഭദ്രമായി അത് സൂക്ഷിച്ചുവെച്ചു അടിയുറച്ച കൃഷ്ണഭക്തയായ വല്യമ്മ. 'എന്താ ഒരു തലയെടുപ്പ്. ആ കൊമ്പും ചെവീം നെറ്റീം.... ആരായാലും തൊഴുത് പോവില്ല്യേ കേശവനെ? 'വല്യമ്മയുടെ ആത്മഗതം. 'ഇനി ണ്ടാവില്ല്യാന്ന് ഓര്‍ക്കുമ്പോ സങ്കടം.'
സര്‍വ പ്രൗഢിയോടെയും ഗജരാജനെ ക്യാമറയില്‍ പകര്‍ത്തിയ ആളെ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് സങ്കല്‍പിച്ചിട്ടില്ല; അര നൂറ്റാണ്ടിനിപ്പുറം സ്വന്തം ചിത്രശേഖരത്തില്‍ നിന്ന് രാജന്‍ പൊതുവാള്‍ ആ ചരിത്രനിമിഷത്തിന്റെ കോപ്പിയെടുത്ത് അയച്ചുതരും വരെ. 'ജീവിതത്തിന്റെ വഴിതിരിച്ചുവിട്ട പടമാണ്.' പൊതുവാള്‍ പറഞ്ഞു. 'പത്രപ്രവര്‍ത്തന ജീവിതത്തിലെ ആദ്യത്തെ ബൈലൈന്‍ നേടിത്തന്ന ചിത്രം..'ഒറ്റപ്പാലത്തെ സ്റ്റുഡിയോ ഉടമയും പ്രമുഖ ഫോട്ടോഗ്രാഫറുമായ രാമന്‍ പൊതുവാളിന്റെ മകന്‍ രാജഗോപാലനെ രാജന്‍ പൊതുവാള്‍ ആയി ന്യൂസ് എഡിറ്റര്‍ വിംസി ജ്ഞാനസ്‌നാനം ചെയ്യിച്ചതും അന്നുതന്നെ.

വര്‍ഷം 1974. ഒറ്റപ്പാലം എന്‍എസ് എസ് കോളേജിലെ ബിരുദ പഠനത്തോടൊപ്പം അലപസ്വല്‍പം ഫോട്ടോഗ്രാഫി പരിശീലനവുമുണ്ട് അക്കാലത്ത്. രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണല്ലോ പടമെടുപ്പ് കമ്പം. ഫോട്ടോഗ്രാഫറും ചിത്രകാരനുമായ അച്ഛന്‍ ഒറ്റപ്പാലത്ത് നടത്തിവന്ന യുണൈറ്റഡ് സ്റ്റുഡിയോ ആണ് രാജന്റെ പരിശീലനക്കളരി. കലാസാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പലരും സ്റ്റുഡിയോയില്‍ പതിവുകാര്‍. 'ഗുരുവായൂരമ്പലത്തിലെ കല്യാണങ്ങള്‍ക്ക് പതിവായി പടമെടുക്കാന്‍ എന്നെ അയക്കും അച്ഛന്‍. വണ്‍ ട്വന്റി ഫിലിം ക്യാമറയാണ് അന്നത്തെ നമ്മുടെ ആയുധം. ഒരു റോളില്‍ 12 ഫോട്ടോ വരെ എടുക്കാം. പരമാവധി രണ്ടോ മൂന്നോ റോളേ അച്ഛന്‍ തരൂ. സൂക്ഷിച്ചു വേണം പടമെടുക്കാന്‍. ഒരു ഫ്രെയിം പോലും പാഴാക്കിക്കൂടാ.'
കല്യാണ ഫോട്ടോ എടുത്തു കഴിഞ്ഞ ശേഷവും രണ്ട് ഫ്രെയിം ബാക്കി വന്ന ഒരു ദിവസം, മനോഹരമായ ഒരു കാഴ്ച്ച കണ്ണില്‍ പെടുന്നു. ഇന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസ് നില്‍ക്കുന്നിടത്താണ് അന്നത്തെ ഗുരുവായൂര്‍ ആനക്കൊട്ടില്‍. അവിടെ ഏറ്റവും മുന്നിലായി തലയെടുപ്പോടെ നില്‍ക്കുന്നു സാക്ഷാല്‍ ഗുരുവായൂര്‍ കേശവന്‍. ബാക്കിയുള്ള രണ്ട് സ്റ്റില്ലും കേശവന് വേണ്ടിയാകട്ടെ എന്ന് മനസ്സ് പറഞ്ഞു. ആദ്യം ഗജരാജന്റെ നേരെ മുന്നില്‍ നിന്ന് ഒരു ഫുള്‍ സൈസ് ക്ലിക്ക്. മറ്റൊന്ന് ഒരു വശത്തു നിന്നും. അങ്ങ് ദൂരെ നിന്നിരുന്ന മറ്റൊരു ആനയെ കൂടി ആ ഫ്രെയിമില്‍ ഉള്‍പ്പെടുത്താനായി. കേശവന്റെ ഉയരവും (പത്തടി ഒന്‍പതിഞ്ച്) തലയെടുപ്പും ഒരു സാധാരണ ആനയുമായി ആര്‍ക്കും താരതമ്യം ചെയ്യാന്‍ കഴിയും വിധമാണ് ആ പടമെടുത്തത്. അപൂര്‍വമായ രണ്ടു പടങ്ങളും ഭദ്രമായി സൂക്ഷിച്ചുവെച്ചു പൊതുവാള്‍.
മാതൃഭൂമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി ചേര്‍ന്നത് 1976-ല്‍. അതേവര്‍ഷം ഡിസംബര്‍ രണ്ടിന് അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു പൊതുവാളിന്. ന്യൂസ് എഡിറ്റര്‍ വിംസി എന്ന വിഎം ബാലചന്ദ്രനാണ് മറുതലയ്ക്കല്‍; 'നമ്മുടെ ഗുരുവായൂര്‍ കേശവന്‍ ചെരിഞ്ഞു. ഒന്നാം പേജില്‍ വാര്‍ത്തക്കൊപ്പം കൊടുക്കാന്‍ നല്ല ഫോട്ടോ ഒന്നും ഇല്ല. നിന്റെ കയ്യില്‍ വല്ലതുമുണ്ടോ?'
ഭാഗ്യവശാല്‍ സ്റ്റുഡിയോ ജീവിതകാലത്ത് എടുത്ത പ്രധാനപ്പെട്ട പടങ്ങളുടെ നെഗറ്റീവുകള്‍ എല്ലാം ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്നു തുടക്കക്കാരനായ ഫോട്ടോഗ്രാഫര്‍. 'കേശവന്റെ പഴയ പടം തപ്പിയെടുത്ത് അപ്പോള്‍ത്തന്നെ 12:10 സൈസില്‍ പ്രിന്റിട്ട് വിംസിക്ക് കൊണ്ടുകൊടുത്തു. പടം കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞ ചിരി മറക്കാനാവില്ല. 'ടോ, കലക്കീട്ടോ..'പടത്തിലേക്കും പടമെടുത്തയാളുടെ മുഖത്തേക്കും മാറിമാറി നോക്കി വിംസി പറഞ്ഞു.
ഒപ്പം ഒരു തീരുമാനം കൂടി പ്രഖ്യാപിച്ചു അദ്ദേഹം: 'ഇവിടെ മാതൃഭൂമിയില്‍ നിറയെ രാജഗോപാലന്മാരാണ്. അക്കൂട്ടത്തില്‍ നീ മുങ്ങിപ്പോകേണ്ട. ആ പേരൊന്ന് മാറ്റിക്കളയാം നമുക്ക്. രാജന്‍ പൊതുവാള്‍ എന്നാക്കിയാലോ? അച്ഛന്റെ പേരിന്റെ ഒരംശം കൂടി വരുമല്ലോ അതില്‍...'ഒന്നും മിണ്ടാതെ ചിരിച്ചുനിന്നു ഫോട്ടോഗ്രാഫര്‍. ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളില്‍ ഒന്നായിരുന്നു അതെന്ന് രാജന്‍ പൊതുവാള്‍. 'പത്രത്തില്‍ എന്റെ ആദ്യത്തെ ബൈലൈന്‍. അതും മുന്‍ പജില്‍. വിംസിയോടുള്ള കടപ്പാട് എങ്ങനെ മറക്കാനാകും എനിക്ക്?'
ഗുരുവായൂര്‍ ഏകാദശിനാള്‍ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു എഴുപത്തിരണ്ടാം വയസ്സില്‍ കേശവന്റെ വിയോഗം. ഐതിഹ്യങ്ങള്‍ പലതുണ്ട് കേശവനെ കുറിച്ച്. നിലമ്പൂര്‍ വലിയ തമ്പുരാനാണ് 1922 ജനുവരി ആറിന് കേശവനെ ഗുരുവായൂരില്‍ നടക്കിരുത്തിയത്. ഗുരുവായൂര്‍ പൗരാവലിയും സേവന സുവര്‍ണജൂബിലി ആഘോഷക്കമ്മിറ്റിയും ദേവസ്വവും ചേര്‍ന്ന് കേശവന് ഗജരാജപട്ടം സമ്മാനിച്ചത് 1973 സെപ്റ്റംബര്‍ 10-ന്.
മുപ്പത്തെട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ഫോട്ടോ എഡിറ്ററായി 2014ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ച രാജന്‍ പൊതുവാളിന്റെ തിരുവനന്തപുരത്തെ വീടിന്റെ പൂമുഖച്ചുമരില്‍ ഇന്നുമുണ്ട് തലയെടുപ്പോടെ കേശവചിത്രം. 'ഇങ്ങനേയും ഒരു കാലമുണ്ടായിരുന്നു നമ്മുടെ ജീവിതത്തില്‍ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു ആ ചിത്രം.' പൊതുവാളിന്റെ വാക്കുകള്‍.
Content Highlights: The story of Guruvayur Keshavan, a legendary elephant, and the photographer who captured his image f
Published: 07 Apr 2025, 05:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented