ഈണത്തിനനുസരിച്ചാണ് പാട്ടെഴുതേണ്ടതെന്നറിഞ്ഞപ്പോൾ പരിഭവിച്ചു നാട്ടിലേക്ക് തിരിച്ചുപോകാനൊരുങ്ങിയ വയലാർ രാമവർമ്മയെ കുറിച്ച് സംഗീത സംവിധായകൻ ശ്യാം പറഞ്ഞുകേട്ടിട്ടുണ്ട്. വയലാറിനെ അനുനയിപ്പിക്കുക എന്ന ദൗത്യം സംവിധായകൻ രാമു കാര്യാട്ടും സംഗീതസംവിധായകൻ സലിൽ ചൗധരിയും ചേർന്ന് ഏൽപ്പിച്ചത് "ചെമ്മീനി"ന്റെ (1966) റീറെക്കോർഡിംഗിൽ വയലിൻ വായിക്കാനെത്തിയ ശ്യാമിനെ. "കവിയുമായി അതിനകം സൗഹൃദം സ്ഥാപിച്ചിരുന്നു ഞാൻ. എന്നാൽ വയലാറുണ്ടോ വഴങ്ങുന്നു. ആ രീതി മുൻപ് പരീക്ഷിച്ചിട്ടില്ലായിരുന്നു അദ്ദേഹം. ചെരുപ്പിനൊത്ത് കാൽ മുറിക്കുന്ന വിദ്യയോട് യോജിക്കാനാവില്ല എന്നായിരുന്നു വയലാറിന്റെ നിലപാട്. ഒരു ദിവസം മുഴുവൻ വേണ്ടിവന്നു അദ്ദേഹത്തെ ഒന്ന് സമ്മതിപ്പിച്ചെടുക്കാൻ. ശ്രമിച്ചുനോക്കാം എന്നേ പറഞ്ഞുള്ളൂ വയലാർ." - ശ്യാമിന്റെ ഓർമ്മ. ബാക്കിയുള്ളത് ചരിത്രമാണ്.

To advertise here,

ആദ്യ ഗാനത്തിന്റെ ഈണം കേൾക്കേണ്ട താമസം പാട്ടിന്റെ പല്ലവി എഴുതി വയലാർ: "മാനസ മൈനേ വരൂ, മധുരം നുള്ളിത്തരൂ." കൃത്യമായി ഈണത്തിന്റെ സ്കെയിലിൽ ഒതുങ്ങിനിൽക്കുന്ന വരികൾ... ചരണങ്ങളിലുമുണ്ടായിരുന്നു കവിതയുടെ പരാഗരേണുക്കൾ : "നിലാവിന്റെ നാട്ടില് നിശാഗന്ധി പൂത്തല്ലോ കളിക്കൂട്ടുകാരനെ നീ മറന്നുപോയോ.." കൂടുതൽ ഹൃദ്യവും ആകർഷകവുമായി തോന്നിയത് അടുത്ത വരികളാണ് : "കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ലാ." മന്നാഡേയുടെ വികാരാർദ്രമായ ശബ്ദത്തിൽ 'മാനസമൈന' അനശ്വരതയിലേക്ക് ചിറകടിച്ചുയർന്നത് പിൽക്കാല ചരിത്രം.

അതായിരുന്നു തുടക്കം. ഈണങ്ങളും പാട്ടുകളും വഴിക്കുവഴിയായി പിറകെ വന്നു. കടലിനക്കരെ പോണോരേ, പുത്തൻവലക്കാരേ, പെണ്ണാളേ പെണ്ണാളേ.... വയലാറിലെ ഗാനരചയിതാവിന്റെ 'പ്രൊഫഷണൽ' മുഖം വെളിപ്പെടുകയായിരുന്നു അന്ന്. മലയാളഗാനങ്ങളുടെ സുവർണകാലവുമായി ചേർന്നുനിൽക്കുന്ന മുഖം.

സമകാലീനരായ മറ്റു ഗാനരചയിതാക്കൾക്കും അധികം വൈകാതെ ഇതേ മാതൃക പിന്തുടരേണ്ടി വന്നുവെങ്കിലും ഈണത്തിനനുസരിച്ച് വയലാർ കുറിച്ച വരികളുടെ ലാളിത്യവും കാവ്യഭംഗിയും ഒന്ന് വേറെ. വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട രചന 'രാഗ'ത്തിലെ പാട്ടാണ്: "ഇവിടെ കാറ്റിന് സുഗന്ധം, ഇതിലെ പോയത് വസന്തം, വസന്തത്തിൻ തേരിലേറി വരുന്നതാര് വാസരസ്വപ്നത്തിൻ തോഴിമാര്..." അതേ പാട്ടിന്റെ ചരണത്തിൽ ഇവിടെ തേര് നിർത്താതെ, ഇതു വഴി ഒന്നിറങ്ങാതെ എനിക്കൊരു പൂ തരാതെന്തേ പോയ് പോയ് പൂക്കാലം എന്നുചോദിക്കുന്നുണ്ട് വയലാറിലെ കാമുകൻ. മനോഹരമായ ഒരു മൗനപ്രാർഥനയാണ് കാഴ്ചപരിമിതിയുള്ള കാമുകിയുടെ മറുപടി: "ചിരിക്കും ചെണ്ടുമല്ലിക്കും ചിറകുള്ള നൊമ്പരങ്ങൾക്കും തിളങ്ങുന്ന കണ്ണുകൾ നൽകാൻ വാവാ വിശ്വശില്പി..."

സലിൽദായുമായി ഒന്നിച്ച രണ്ടാമത്തെ ചിത്രമായ 'ഏഴു രാത്രികളി'ൽ (1968) ഈണത്തെ അനായാസം ചൊൽപ്പടിക്ക് നിർത്തുന്ന വയലാറിനെ കണ്ടുമുട്ടുന്നു നമ്മൾ. നാലുവർഷം മുൻപ് പുറത്തിറങ്ങിയ "ലാൽ പഥോർ" എന്ന ബംഗാളി ചിത്രത്തിൽ ശ്യാമൾ മിത്രയും സബിതാ ചൗധരിയും ചേർന്ന് പാടിയ "ദേകോ നാ മോരെ" എന്ന ഗാനത്തിന്റെ ഈണത്തെ രചനയിലെ കയ്യൊതുക്കം കൊണ്ട് മറ്റൊരു തലത്തിലെത്തിക്കുകയായിരുന്നു വയലാർ: "കാടാറുമാസം നാടാറുമാസം കണ്ണീർക്കടൽക്കരെ താമസം." യേശുദാസിന്റെ യൗവനദീപ്തമായ ആലാപനം കൂടി ചേർന്നപ്പോൾ ആസ്വാദ്യതയിൽ ഒരു ചുവട് മുന്നിൽ നിന്നു മലയാളം പതിപ്പ്.

ദാർശനിക മാനങ്ങളുള്ള വരികളാണ് വയലാർ മലയാളഗാനത്തിനു വേണ്ടി കുറിച്ചത്; അതും തെല്ലും അർത്ഥഭംഗമില്ലാതെ. "വിളക്കുകൾ കൊളുത്താത്ത വീഥികൾ നിങ്ങൾ വിളിച്ചാലും മിണ്ടാത്ത ദൈവങ്ങൾ, യദുകുലമെവിടെ മെക്കയെവിടെ യരൂശലേമെവിടെ ഇടയൻ എവിടെ?" പിൽക്കാലത്ത് നീലപ്പൊന്മാന് വേണ്ടി എഴുതിയ "കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്ന വീട്" എന്ന പാട്ടിനുമുണ്ട് ഇതേ ദാർശനികമാനം: "എന്നും പ്രഭാതമെന്നോടു കൂടി ഇതിൽ ജനിക്കും, എന്നും ത്രിസന്ധ്യ ചിതയൊരുക്കും, യുഗരഥമിതുവഴി കടന്നുപോകും.."

ഈണത്തിനനുസരിച്ചെഴുതുമ്പോൾ പൊതുവേ ലളിത പദങ്ങളിൽ പാട്ട് തുടങ്ങുന്ന രീതിയാണ് വയലാറിന്റേത്. ഓമനത്തിങ്കൾ പക്ഷി, നാടൻ പാട്ടിലെ മൈന, ആ കയ്യിലോ ഈ കയ്യിലോ, മനയ്ക്കലെ തത്തേ, നീലപ്പൊന്മാനേ, ആയില്യം പാടത്തെ പെണ്ണേ, കല്യാണപ്രായത്തിൽ, നിശാസുരഭികൾ എന്നിങ്ങനെ ഉദാഹരണങ്ങൾ നിരവധി. അപൂർവമായേ ആ പതിവ് തെറ്റിച്ചിട്ടുള്ളു അദ്ദേഹം. 'തുലാവർഷ'ത്തിലെ "കേളീനളിനം വിടരുമോ ശിശിരം പൊതിയും കുളിരിൽ നീ, വ്രീളാവതിയായ് മയങ്ങും മനസ്സിൻ സരസ്സിൽ നീ..." ഓർമ്മ വരുന്നു. അസമിയ ഭാഷയിൽ സലിൽദാ സ്വരപ്പെടുത്തിയ ഓ ഫാഗുൻ രേ (സബിത ചൗധരി) എന്ന ഒറിജിനൽ ഗാനത്തിന്റെ തെല്ല് കടുപ്പമുള്ള ഈണത്തെ വയലാർ മലയാളീകരിച്ചപ്പോൾ നമുക്ക് ലഭിച്ചത് മറ്റൊരു സൂപ്പർഹിറ്റ് ഗാനം:

"നിശാനൃത്ത സോപാനത്തിൽ തുഷാരാർദ്ര ശിൽപ്പം പോലെ

ഒരിക്കൽ ഞാൻ കണ്ടു നിന്നെ ഒരു വജ്രപുഷ്പം പോലെ

തുടുത്തുവോ തുടിച്ചുവോ തളിർത്ത നാണം,

വിടരുമോ ശിശിരം പൊതിയും

കുളിരിൽ നീ വ്രീളാവതിയായ് ഉണരുമോ..."

ഇതേ ചിത്രത്തിൽ തന്നെ "യമുനേ നീയൊഴുകൂ" എന്ന പാട്ടിന്റെ ചരണത്തിൽ സലിൽദായുടെ ചടുലതയാർന്ന ഈണത്തിന്റെ സഞ്ചാരപഥത്തിനൊത്ത് വയലാർ കുറിച്ച വരികളും ഏറെ പ്രിയങ്കരം:

"കുളിർതെന്നൽ നിന്റെ നേർത്ത മുണ്ടുലച്ചിടുമ്പോൾ
കവിളത്ത് മലർക്കുടങ്ങൾ ചുവന്നു വിടർന്നിടുമ്പോൾ
തുളുമ്പുന്ന സോമരസത്തിൻ തളിർക്കുമ്പിൾ നീട്ടിക്കൊണ്ടീ
തേർ തെളിക്കും പൗർണ്ണമാസി
പഞ്ചശരൻ പൂക്കൾ നുള്ളും കാവിൽ
അന്തപ്പുരവാതിൽ തുറക്കൂ നീ
വിലാസിനി സ്വപ്നവിഹാരിണി.."

"തോമാശ്ലീഹ"യിലെ "ധൂം തന ധൂം തന നനനന ധൂം ന ധൂം ന ചിലങ്കേ" എന്ന ചടുല നൃത്തഗാനത്തിന്റെ വരികൾ കുറിക്കുക എളുപ്പമായിരുന്നിരിക്കില്ല കവിക്ക്. വാണിജയറാമിന്റെ ആലാപനമാണ് ഈ ഗാനത്തെ ജനപ്രിയമാക്കിയ പ്രധാന ഘടകം. അതേ സമയം കടംകഥകൾ കൊണ്ട് മിനഞ്ഞെടുത്ത 'ഓമനത്തിങ്കൾപ്പക്ഷി' (രാഗം) ഈണത്തിനൊത്ത് പിറന്നതാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. "ഇളംതെന്നൽ ഉറങ്ങുമ്പോൾ ഇലക്കിങ്ങിണിക്കുടിലിൽ, തൂവെള്ള പുടവ ചുറ്റി തുളസിപ്പൂമ്പടവിൽ ഉറങ്ങാത്ത മിഴികളുമായ് ഉപവസിക്കുവതാരോ..." ഒരു തലമുറയുടെ സ്നേഹവാത്സല്യങ്ങൾ മുഴുവൻ ഏറ്റുവാങ്ങിയ പാട്ട്.

മൊഴിമാറ്റ ചിത്രങ്ങൾക്ക് വേണ്ടി വയലാർ പാട്ടെഴുതിത്തുടങ്ങിയത് 'വിധി' (1968) യോടെയാവണം. അത്തരം ചിത്രങ്ങളിൽ ഒറിജിനൽ രചനയുടെ അർത്ഥതലങ്ങൾ അതേപടി അനുകരിക്കാനാണ് പൊതുവെ പാട്ടെഴുത്തുകാർ ശ്രമിക്കാറ്. പദാനുപദ തർജ്ജമ. കഥാപാത്രങ്ങളുടെ ലിപ് മൂവ്മെന്റുമായി മലയാളം ഉച്ചാരണം ഇണങ്ങിനിൽക്കുകയും വേണം. കബൂത്തർ ജാ ജാ ജാ എന്ന പാട്ടിനെ കപോതമേ പോയ് വാ വാ എന്ന് മൊഴിമാറ്റാൻ നമ്മുടെ ഗാനരചയിതാക്കളിലൊരാൾ നിർബന്ധിതനായത് അതുകൊണ്ടാണ്.

എന്നാൽ 'വിധി'യിൽ ഈ നിബന്ധനകളൊന്നും വയലാർ പിന്തുടർന്നതായി തോന്നുന്നില്ല. ഒറിജിനൽ ഹിന്ദി ചിത്രമായ തക്ദീറിന് വേണ്ടി ആനന്ദ് ബക്ഷി എഴുതിയത് ഇങ്ങനെ: "ജബ് ജബ് ബഹാർ ആയേ ഔർ ഫൂൽ മുസ്‌ക്കുരായേ മുജേ തും യാദ് ആയേ..." വസന്തം വിരുന്നിനെത്തുമ്പോൾ, പൂക്കൾ പുഞ്ചിരി തൂകുമ്പോൾ നിന്നെ ഓർമ്മവരും എനിക്ക്...

മലയാളം പതിപ്പിൽ ഇതേ ഈണത്തിനൊത്ത് വയലാർ കുറിച്ച വരികൾ തീർത്തും വ്യത്യസ്തം: "അമൃതം പകർന്ന രാത്രി, അനുഭൂതി പൂത്ത രാത്രി വിടരും നീ അഴകേ..." രണ്ടും വ്യക്തിത്വമാർന്ന രചനകൾ. "വിധി"യിൽ ഹിറ്റായത് ഈ പാട്ടാണെങ്കിലും, അതേ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ വരികളാണ് എനിക്ക് കൂടുതലിഷ്ടം: "പ്രിയേ പൂക്കുകില്ലേ നിശാഗന്ധികൾ, വിധി നുള്ളിയെറിയും വനജ്യോത്സ്‌നകൾ...." പാടിയത് യേശുദാസ്.

സലിൽദായുടെ ഈണച്ചിറകിലേറി വയലാറിലെ കവി പാടിക്കൊണ്ടേയിരിക്കുന്നു; വിടവാങ്ങി അര നൂറ്റാണ്ട് പിന്നിട്ടിട്ടും: "കണ്ണീരിലെന്റെ മൺതോണി വീണ്ടുമൊഴുകി വരും അന്നെന്റെ നീലക്കിളി വരുമോ, ഒരു പുനർജനനത്തിലൊരുമിക്കുമോ...."