പ്രശസ്ത നാടകകൃത്തും സംവിധായകനും ചലച്ചിത്ര തിരക്കഥാകൃത്തുമായ എസ് എൽ പുരം സദാനന്ദനെക്കുറിച്ചു മകൻ എസ് എൽ പുരം ജയസൂര്യയുമായി നടത്തിയ അഭിമുഖം.

മലയാളനാടകത്തിന്റെ സുവർണകാലഘട്ടത്തിൽ ജ്വലിച്ചുനിന്ന പേരായിരുന്നു എസ്.എൽ പുരം സദാനന്ദൻ. തൊട്ടതും കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം അക്ഷരങ്ങളാക്കിക്കൊണ്ട് സാധാരണക്കാരന്റെ ജീവിതസമസ്യകളെ നാടകത്തിലൂടെ അവതരിപ്പിച്ചു എസ്.എൽ പുരം. നാടകം പതുക്കേ സിനിമയ്ക്ക് വേദി മാറിക്കൊടുക്കുന്ന, സിനിമയുടെ ഇളംപ്രായത്തിൽ തന്റെ സംഭാഷണവും തിരക്കഥയും കൊണ്ട് മലയാളിമനസ്സിലെ വലിയ കാൻവാസിലേക്ക് പറിച്ചുനടുവാനും എസ്.എൽ പുരത്തിന് കഴിഞ്ഞു. തന്റെ എഴുത്തിലൂടെ തൊഴിലാളി- വിപ്ലവപ്രസ്ഥാനങ്ങളുടെ ആശയപ്രചാരണത്തിനായി നിലകൊണ്ടിരുന്ന എസ്.എൽ പുരം അർഹമായി രീതിയിൽ പരിഗണിക്കപ്പെട്ടിരുന്നോ എന്ന് മകനുമായുള്ള ഈ സംഭാഷണം വ്യക്തമാക്കുന്നു.
നാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന എസ്.എൽ പുരം സദാനന്ദന്റെ മകനും സംവിധായകനുമായ എസ്.എൽ പുരം ജയസൂര്യയുമായുള്ള അഭിമുഖം.
1. മലയാള തിരക്കഥയ്ക്ക് ആദ്യമായി ദേശീയപുരസ്‌കാരം ലഭിക്കുന്നത് എസ്.എൽ പുരം സദാനന്ദനിലൂടെയാണ്. അദ്ദേഹം ഓർമയായിട്ട് 21 വർഷം കഴിഞ്ഞിരിക്കുന്നു. കാട്ടുകുതിര, വില കുറഞ്ഞ മനുഷ്യൻ, യാഗശാല, എന്നും പറക്കുന്ന പക്ഷി, കാക്കപ്പൊന്ന്, കല്ലുകൊണ്ടൊരു പെണ്ണ് തുടങ്ങി നാൽപ്പതിലധികം നാടകങ്ങൾ, നാടകങ്ങളെ അധികരിച്ചുള്ള സിനിമകൾ, സ്വതന്ത്ര തിരക്കഥകൾ... മലയാളനാടകത്തിലെ വലിയ പേരുകളിലൊന്നായിരുന്നു എസ്.എൽ പുരം സദാനന്ദൻ എന്നത്.
-അതെ. മലയാള സിനിമയ്ക്കല്ല, ഇന്ത്യയിൽ ആദ്യമായിട്ട് തിരക്കഥയ്ക്ക് നാഷണൽ അവാർഡ് കിട്ടുന്നത് അച്ഛനാണ്. കാരണം അച്ഛന് പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പത്തെ വർഷംവരെ ദേശീയപുരസ്‌കാരം എന്നൊരു സങ്കല്പമില്ലായിരുന്നു. നാഷണൽ അവാർഡ് ബൃഹത്തായി ആരംഭിച്ചപ്പോൾ തിരക്കഥയ്ക്ക് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ദേശീയ പുരസ്‌കാരത്തിന് അച്ഛൻ അർഹനായി. 1967-ൽ അഗ്നിപുത്രി എന്ന സിനിമയുടെ തിരക്കഥയ്ക്കായിരുന്നു പുരസ്‌കാരം. എം. കൃഷ്ണൻനായരായിരുന്നു അഗ്നിപുത്രി സംവിധാനം ചെയ്തത്. പ്രേം നസീറും ഷീലയുമായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥയും തിരക്കഥയും സംഭാഷണവും അച്ഛൻ തന്നെയായിരുന്നു നിർവ്വഹിച്ചിരുന്നത്. വയലാറിന്റെ വരികൾക്ക് എം.സ് ബാബുരാജും ടി.സ്് മുത്തയ്യയും ചേർന്നുള്ള സംഗീതം. പി. സുശീലയുടെ ആലാപനം. അഗ്നിപുത്രിയിലെ ഗാനങ്ങളൊക്കെ ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. അഗ്നിപുത്രി ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു ദർപ്പൺ എന്ന പേരിൽ. ഇത്രയൊക്കെ തന്റെ മേഖലയിൽ സംഭാവന ചെയ്തിട്ടും അച്ഛന് സ്വന്തം നാട്ടിൽ നിന്നും അർഹിക്കുന്ന പരിഗണന കിട്ടിയിരുന്നു എന്നു ഞാൻ കരുതുന്നില്ല. പക്ഷേ അച്ഛന്റെ കാണികൾ അദ്ദേഹത്തെ എക്കാലവും ആഘോഷിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.
2. എസ്.എൽ പുരം പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് താങ്കൾ പറയാൻ കാരണമെന്താണ്?
അച്ഛന്റെ ഒരു ഡയലോഗാണ് എനിക്ക് ഇതിനു മറുപടിയായി ആദ്യം പറയാനുള്ളത്.് 'സിംഹം ജനിക്കുന്നതുതന്നെ ജയിക്കാനായിട്ടാണ്. തോൽക്കുന്നവരുടെ കൂട്ടത്തിൽ മുയലുകളും കണ്ടേക്കാം. പക്ഷേ സിംഹം അത് ശ്രദ്ധിക്കാറില്ല.' ഒരു പെണ്ണിന്റെ കഥ എന്ന സിനിമയിൽ സത്യന്റെ കഥാപാത്രം ഷീലയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗ് ആണിത്. പക്ഷേ എനിക്ക് തോന്നുന്നു അച്ഛന്റെ ജീവിതത്തിൽ അച്ഛന്റെ ഒരു രീതി ഇത് തന്നെയായിരുന്നു.
അച്ഛൻ ഭയങ്കര ധിക്കാരിയായിരുന്നു. അതിനൊരുപാട് കാരണങ്ങളുണ്ട്്. പറയാനുള്ള കാര്യങ്ങൾ ആരുടെ മുഖത്ത് നോക്കിയും എവിടെയും പറയും. അച്ഛന്റെ മുമ്പിൽ നിൽക്കുന്നത് എത്ര വലിയ വടവൃക്ഷമാണെങ്കിലും അച്ഛൻ പറഞ്ഞിരിക്കും. പല സ്ഥലത്തുവെച്ചും പല പ്രമുഖർക്കുമുമ്പിൽ വെച്ചും അച്ഛന് പറയേണ്ടത് അദ്ദേഹം പറയുന്നത്് ഞാൻ കേട്ടിട്ടുമുണ്ട്. അച്ഛന്റെ സാഹിത്യസംഭാവനകളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം അച്ഛൻ ഒരു കാലത്തിനു മുന്നേ ചിന്തിക്കുകയും സഞ്ചരിക്കുകയും ചെയ്തിരുന്ന ഒരാളാണ്. പക്ഷേ അച്ഛൻ അത് പറഞ്ഞിരുന്നത് സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലായി പോയതാണ് കുഴപ്പം.
3. സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയെങ്ങനെയാണ് കുഴപ്പമാവുക?
എല്ലാവരും ആസ്വദിക്കുന്ന നാടകങ്ങൾ എഴുതിയിരുന്ന, സാധാരണക്കാരുടെ ഭാഷയും ജീവിതവും ആവിഷ്‌കരിച്ചിരുന്ന അച്ഛനെ ചെറുതാക്കി കാണാൻ കുറേ ആളുകൾ ശ്രമിച്ചിരുന്നു. വളരെ ലളിതമായിട്ടായിരുന്നു അച്ഛൻ പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്നത്. നാടകം എന്നൊക്കെ പറഞ്ഞാൽ അക്കാലത്ത് ഒരുതരം ബൗദ്ധികതയും താത്വികാവലോകനങ്ങളുമൊക്കെ കൊണ്ടുനടക്കുന്ന സംഗതികൂടിയായിരുന്നു. കെ.ടി മുഹമ്മദും തോപ്പിൽ ഭാസിയും അച്ഛനുമായിരുന്നു അക്കാലത്തെ പ്രധാന നാടകകൃത്തുക്കളായി അന്ന് കണ്ടിരുന്നത്. പക്ഷേ പലയിടങ്ങളിലും മനഃപൂർവ്വമായ ഒരു ഒഴിവാക്കൽ അച്ഛൻ നേരിട്ടിരുന്നു. സിനിമയിൽ കമേഴ്‌സ്യൽ തിരക്കഥാകൃത്തുമായിട്ടാണ് അഡ്രസ് ചെയ്യപ്പെട്ടിരുന്നത്. അച്ഛന്റെ രചനകളെല്ലാം തന്നെ സാമ്പത്തികമായി വലിയ ഹിറ്റുകൾ സമ്മാനിച്ചപ്പോഴും അതിന് ഒരു ബൗദ്ധികതയുടേയോ ജീവിതസിദ്ധാന്തങ്ങളുടെയോ ആഖ്യാനം നൽകാൻ ആരുമുണ്ടായിരുന്നില്ല. അക്കാലത്ത് നാടകങ്ങൾക്കൊക്കെ ആശയപരമായ സ്വാധീനം വല്ലാതെയുണ്ടായിരുന്നു. സാധാരണക്കാർക്കുവേണ്ടി അവതരിപ്പിക്കപ്പെടുമ്പോഴും അതിൽ ചർച്ച ചെയ്യുന്ന പ്രമേയം വിശാലബൗദ്ധിക ഇടങ്ങളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു. പക്ഷേ അച്ഛന്റെ കൃതികളിൽ അക്കാലത്ത് അതു സംഭവിച്ചില്ല.
ബുദ്ധിജീവിനാടകങ്ങളുടെ പട്ടികയിൽ സ്വന്തം നാടകങ്ങൾ ഇടംപിടിക്കുന്നത് അച്ഛന് താൽപര്യവുമില്ലായിരുന്നു. ജീവിതത്തിന്റെ ഗന്ധം തന്റെ രചനകളിൽ ഉണ്ടോ എന്ന് അദ്ദേഹം നിരന്തരം തന്റെ കാണികളുടെ പ്രതികരണങ്ങളിലൂടെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുമായിരുന്നു. ഒരു വേദിയിലോ, സദസ്സിലോ ആൾക്കൂട്ടത്തിന് നടുവിലോ അച്ഛൻ ഉണ്ടെങ്കിൽ കൂടുതൽ സംസാരിക്കാൻ പ്രത്യേക താൽപര്യമെടുക്കുന്നത് വളരെ ചെറുപ്പംതൊട്ടേ ഞാൻ ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹം കൂടുതൽ സംസാരിച്ചിരുന്നത് ചെറുപ്പക്കാരോടായിരുന്നു. യൗവനത്തിന്റെ അടരുകൾ അവരിൽ നിന്നും പിടിച്ചെടുത്ത് തന്റെ സൃഷ്ടിയിൽ പ്രതിഷ്ഠിക്കാൻ അച്ഛൻ ബദ്ധശ്രദ്ധനായിരുന്നു. അപ്‌ഡേഷനായിരുന്നു അച്ഛന്റെ പ്രധാന തുറുപ്പുചീട്ട്. അപ്‌ഡേഷൻ ലഭിക്കണമെങ്കിൽ ചെറുപ്പക്കാരുമായി ബന്ധം സ്ഥാപിക്കണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കാലത്തിന്റെ ഗതിവിഗതികളെ അദ്ദേഹം തൊട്ടറിഞ്ഞത് ചെറുപ്പക്കാരുമായുള്ള സംസാരത്തിലൂടെയും സംവാദത്തിലൂടെയുമാണ്. അച്ഛന്റെ നാലിലൊന്ന് പ്രായമുള്ള ആളുകളുമായി എത്രനേരം വേണമെങ്കിലും ഇരുന്ന് സംസാരിക്കുമായിരുന്നു. ഏതുപ്രായക്കാരുമായും ആസ്വദിച്ച് സംഭാഷണം നടത്താൻ അച്ഛന് കഴിയുമായിരുന്നു. അച്ഛൻ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടേയിരുന്നു. അത് അച്ഛന്റെ കൃതികളിൽ പ്രതിഫലിച്ചു. വ്യത്യസ്ഥ കാലഘട്ടങ്ങളിലായി ഇറങ്ങിയ അദ്ദേഹത്തിന്റെ നാൽപതിലധികം നാടകങ്ങൾ ശ്രദ്ധിച്ചാൽ ഇതു കാണാൻ സാധിക്കും. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, അച്ഛനെ അദ്ദേഹം വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിലുള്ള ആൾക്കാർ പോലും, അതായത് പൊളിറ്റിക്കൽ പ്രസ്ഥാനത്തിലുള്ള ആൾക്കാർ പോലും, പ്രോപ്പർ ആയിട്ട് മനസ്സിലാക്കിയിട്ടില്ല എന്നാണ്. പാർശ്വവത്ക്കരിക്കുക എന്നൊക്കെ പറഞ്ഞാൽ എവ്വിധമായിരിക്കുമെന്ന് അച്ഛനൊക്കെ നന്നായി അനുഭവിച്ചുതന്നെ അറിഞ്ഞിട്ടുണ്ടാവണം. അച്ഛൻ ആരാണെന്ന യാഥാർഥ്യം പാടേ നിഷേധിക്കാൻ ആർക്കും സാധിക്കാതാവുകയും എന്നാൽ ക്ഷണിക്കപ്പെടേണ്ടയിടങ്ങളിൽ നിന്നും അവഗണിക്കപ്പെടുക... ഇതൊക്കെ പക്ഷേ അച്ഛൻ നേരത്തേ പറഞ്ഞ സിംഹത്തിന്റെ മനോഭാവത്തിലായിരുന്നു കണ്ടിരുന്നത്.
4. പതിമൂന്നാമത്തെ വയസ്സ് മുതൽ വിപ്ലവഗാനങ്ങളെഴുതിക്കൊണ്ട് തൊഴിലാളി-കർഷക പ്രസ്ഥാനത്തിനൊപ്പം ചേർന്നുനടന്നയാളായിരുന്നല്ലോ എസ്.എൽ പുരം
അക്കാലത്തെക്കുറിച്ചെല്ലാം അച്ഛൻ പറയുമായിരുന്നു. കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾക്കുവേണ്ടി നാടകങ്ങൾ രചിച്ചു. തൊഴിലാളികൾ അവരുടെ ആവശ്യവും അവകാശവും നേടിയെടുക്കുന്നതിനായി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നകാലത്ത് പ്രസ്ഥാനത്തിന് പ്രചാരണം ലഭിക്കാനായി വിപ്ലവഗാനങ്ങൾ എഴുതിക്കൊടുത്തു. സമരക്കാർ അതേറ്റുപാടി. ആ വിപ്ലവഗാനങ്ങളുടെ ചുവടുപിടിച്ചാണ് അച്ഛൻ നാടകരചനയിലേക്ക് കടക്കുന്നത്. നാൽപ്പത് -അമ്പത് കാലഘട്ടങ്ങളിലൊക്കെ ഏറ്റവും കൂടുതൽ ആളുകളിലേക്ക് ജനപ്രിയമായൊരു ഒരു കലയെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പുന്നപ്ര -വയലാർ സമരത്തിലൊക്കെ അദ്ദേഹം പങ്കെടുത്തിരുന്നു. ശക്തമായിട്ടുള്ള ഒരു പ്രോലിറ്റേറിയൻ ബാക്ക്ഗ്രൗണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികളിലും കാണാം. അതായത് ഒരു കാലത്ത് പുരോഗമന പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊണ്ടു എന്നതിന്റെ ഉത്തരം കൂടിയാണ് അച്ഛന്റെ നാടകങ്ങൾ. അച്ഛൻ പ്രസംഗിക്കാൻ പോകുമ്പോൾ വളരെ ചെറുതിലേ ഒപ്പം കൂട്ടുമായിരുന്നു. രണ്ടുമിനിറ്റുകൊണ്ട് കാണികളെ കയ്യിലെടുക്കുന്നവിദ്യ അദ്ദേഹത്തിന്റെ ഭാഷയ്ക്കറിയാമായിരുന്നു. അച്ഛനൊപ്പം എത്ര അറിവുള്ള മനുഷ്യർ വേദിയിൽ ഇരിക്കുന്നുണ്ടെങ്കിലും കാണികളെ രസിപ്പിക്കാൻ അദ്ദേഹം തന്റെ പ്രസംഗഭാഷയെയും വിപ്ലവഗാനങ്ങളെയുമൊക്കെ ഉപയോഗിച്ചിരുന്നു. അങ്ങനെ കാണികളെ തന്റെ പക്ഷത്തെത്തിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റുകാരനാണ് എന്നറിഞ്ഞാൽ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന കാലഘട്ടത്തിലാണ് പ്രസ്ഥാനവുമായി അച്ഛൻ അടുപ്പത്തിലാവുന്നത്. ഗാനങ്ങളിലൂടെയും ജീവിതഗന്ധിയായ നാടകാവതരണങ്ങളിലൂടെയും ആളുകളിലേക്ക് കമ്മ്യൂണിസ്റ്റ് ചിന്തയും കമ്മ്യൂണിസ്റ്റ് ആശയങ്ങളും എത്തിക്കാനുള്ള പരിപാടികളുടെ ഭാഗമായിട്ടാണ് ഈ ഗാനരചനകളൊക്കെ നടത്തുന്നതും പ്രചരിപ്പിക്കുന്നതും. നാടകമെഴുത്തിലും അച്ഛന് അത് ഗുണമായി. അച്ഛന്റെ നാടകങ്ങളിലൊക്കെ മിക്ക പാട്ടുകളും അച്ഛൻ തന്നെയാണ് എഴുതിയത്. അച്ഛൻ കുറെ പാർട്ടിക്ക് വേണ്ടിയും എഴുതി. എസ്.എൽ പുരം തിരക്കഥാകൃത്ത് ആയില്ലായിരുന്നെങ്കിൽ വയലാറിനൊപ്പം നിൽക്കുന്ന ഒരു പാട്ടെഴുത്തുകാരനാവുമെന്ന് സിനിമയിൽത്തന്നയുള്ളവർ പറഞ്ഞിരുന്നു. അച്ഛന്റെ ഗാനങ്ങൾക്ക് ഒരുപാട് അർഥതലങ്ങളുണ്ടായിരുന്നു, ഉദ്ദേശ്യശുദ്ധിയും വ്യക്തമായിരുന്നു. ആദ്യകാല നാടകങ്ങളും അച്ഛൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിനുവേണ്ടിയുള്ള രചനകളായിരുന്നു. അച്ഛന്റെ മികച്ച നാടകങ്ങളിൽ ഒന്നാണ് പുന്നപ്ര-വയലാർ. ആ വലിയ സംഭവം സ്റ്റേജിൽ അക്കാലത്തെ പരിമിതമായ സജ്ജീകരണങ്ങളോടെ അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ചു. അതൊക്കെ അച്ഛന്റെ ജീവരക്തം കൊടുത്ത് പൂർണമാക്കിയ രചനയാണ്. പക്ഷേ അച്ഛന്റെ നാടകങ്ങളിൽ ഏറ്റവും കുറച്ച് കളിച്ചതും ഇതേ നാടകമാണ്! അതിന്റെ അർത്ഥം അച്ഛന്റെ പ്രസ്ഥാനത്തിലുള്ളവർ പോലും പിന്തുണച്ചിരുന്നില്ല എന്നല്ലേ. വലിയ പ്രത്യയശാസ്ത്രമാണ് അച്ഛൻ അതിനകത്ത് പറഞ്ഞിരിക്കുന്നത്. ഒരു വലിയ സംഭവമാണ് കാണിച്ചിരിക്കുന്നത്. അന്ന് അച്ഛന്റെ പ്രസ്ഥാനം അച്ഛന്റെ കൂടെ നിന്നിരുന്നെങ്കിൽ ഒരുപാട് നാടകം കളിക്കുമായിരുന്നു. ഒരുപാട് ആൾക്കാർ അത് കാണുമായിരുന്നു.
അതേ സമയം 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി' പോലുള്ള നാടകങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടാൻ പ്രസ്ഥാനം കൂടെ നിന്നിരുന്നു. അതാണ് ഞാൻ പറഞ്ഞത് അച്ഛനെ അദ്ദേഹത്തിന്റെ പ്രസ്ഥാനം മനസ്സിലാക്കിയിരുന്നില്ല എന്ന്.
5. അങ്ങനെ ഒരു കോൺഫ്‌ളിക്ട് ഉണ്ടായിരുന്നോ തോപ്പിൽ ഭാസിയുമായിട്ട്?
തോപ്പിൽ ഭാസി തീർച്ചയായും ഒരു മഹാനായ എഴുത്തുകാരൻ തന്നെയാണ്. അവർ തമ്മിൽ ഒന്നിനും വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞത് അദ്ദേഹത്തിന് കൊടുത്ത സപ്പോർട്ട് പാർട്ടിയിൽ നിന്നും അച്ഛന് കിട്ടിക്കാണില്ല എന്നാണ്. അതിന് കാരണവുമുണ്ട്. അച്ഛന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പാർട്ടിക്കാർ പറഞ്ഞാലും അവരോട് തർക്കിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വിധേയനായിരുന്നില്ല അദ്ദേഹം ആർക്കും. വലിയൊരു നേതാവുമായി ഒരിക്കൽ നേർക്കുനേർ നിന്ന് വാക് തർക്കങ്ങൾ നടന്നിരുന്നു.
6. പി കൃഷ്ണപിള്ളയുടെ വേണ്ടപ്പെട്ടയാളായിരുന്നല്ലോ?
സമകാലീനരായിരുന്നു അവർ. സഖാവ് കൃഷ്ണപിള്ള മരിക്കുന്ന സമയത്ത് അച്ഛൻ അവിടെയുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനൊക്കെ അച്ഛനൊപ്പമുണ്ടായിരുന്നു. അച്ഛന്റെ കുട്ടിക്കാലത്തെ സഹനങ്ങളൊക്കെ ഞങ്ങളോട് പറയുമായിരുന്നു. കമ്മ്യൂണിസ്റ്റുകാർക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത സമയം. ഇവർ ഓരോ വീടുകളിൽ വന്ന് ഒളിച്ചിരിക്കും. അച്ഛൻ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്്. കർഷക കുടുംബം ആകുമ്പോൾ ഭക്ഷണത്തിന് കുഴപ്പം കാണില്ലല്ലോ. ഒമ്പത് കിലോമീറ്റർ നടന്നിട്ടുവേണം അച്ഛന് സ്‌കൂളിലെത്താൻ. അങ്ങനെ പോകുമ്പോൾ പാർട്ടിയുടെ ഒരാൾ വന്നിട്ട് അച്ഛനോട് ചോദിച്ചുവത്രേ: വിശന്നിരിക്കുന്ന ഒരാൾക്ക് നിന്റെ ഭക്ഷണം പങ്കുവെക്കാമോ എന്ന്. അച്ഛന് സമ്മതമായിരുന്നു. ഒളിവിലിരിക്കുന്നവർക്ക് അച്ഛൻ എല്ലാ ദിവസവും വീട്ടിൽ നിന്ന് ഭക്ഷണപ്പൊതി കൊണ്ടുപോയി കൊടുത്തു. യു.പി ക്ലാസുകാരനായ ഒരു കുട്ടി ഭക്ഷണം പാർട്ടിക്കാർക്കുകൊടുത്ത് പൈപ്പിലെ വെള്ളം കുടിച്ച് സ്‌കൂളിലിരിക്കുന്നത് ആലോചിച്ചുനോക്കൂ. അങ്ങനെയൊക്കെ ഒരു കാലഘട്ടം അച്ഛനുണ്ടായിരുന്നു. അങ്ങനെയായിരിക്കാം പ്രസ്ഥാനം അച്ഛന്റെയുള്ളിലും വളർന്നത്.
7.മാരാരിക്കുളം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യത്തെ പ്രസിഡന്റും അദ്ദേഹം ആയിരുന്നല്ലോ.
അതെ ആയിരുന്നു.
8.അതും പാർട്ടിയുടെ തീരുമാനമായിരുന്നല്ലോ?
അദ്ദേഹത്തിന് പാർട്ടി അംഗത്വം ഉണ്ടായിരുന്നു. എല്ലാ കാലത്തും ഈ കാലത്തും ഉള്ള പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് അന്നും ഇല്ലായിരുന്നിരിക്കാം. അച്ഛൻ അത് മാനിച്ചിരുന്നില്ല. എനിക്ക് പൊളിറ്റിക്‌സിനെ കുറിച്ച് അത്ര ധാരണയില്ല. അതുകൊണ്ട് കൂടുതൽ പറയാനില്ല. പാർട്ടി എടുത്ത ഒരു തീരുമാനമായിരിക്കാം അച്ഛൻ പ്രസിഡണ്ടാവണമെന്ന്.
ഞാനും അനിയനും കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം തന്ന ഒരു ഉപദേശമുണ്ട്- നിങ്ങൾ ഇപ്പോൾ കോളേജിലൊക്കെ പോവുകയാണ്. നിങ്ങൾക്ക് സ്വന്തമായിട്ട് രാഷ്ട്രീയം ഒക്കെ ഉള്ളതാണ്. പക്ഷേ ഒരു കാര്യം ഞാൻ പറയാം. നമ്മൾ എവിടെ പോയാലും നമ്മളുടെ ബേസ് എന്ന് പറയുന്നത് കമ്മ്യൂണിസം ആണ്. അതിന്റെ പെൻഷൻ എനിക്ക് കിട്ടുന്നുണ്ട്. അതും കൂടെ വാങ്ങിച്ചിട്ടാണ് നമ്മൾ ജീവിക്കുന്നത്. അച്ഛൻ അതിന്റെ കൂടെ ഒരു വാചകം കൂടി പറഞ്ഞു. അത് ഞങ്ങൾക്ക് അപ്പോൾ മനസ്സിലായില്ല, പക്ഷേ വളരെ വർഷങ്ങൾക്കുശേഷമാണ് മനസ്സിലായത്. 'കമ്മ്യൂണിസ്റ്റ്. പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവരെല്ലാം കമ്മ്യൂണിസ്റ്റുകാരല്ല.' അന്ന് നമുക്കത് ചിന്തിക്കാൻ തോന്നിയില്ല.
അച്ഛൻ ഒറ്റ കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു 'നിങ്ങൾക്ക് ആവശ്യത്തിന് വിദ്യാഭ്യാസം ഉണ്ടായിരിക്കണം പിന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ ചെയ്‌തോളൂ' അത് എന്നോടും അനിയനോടും അത് പറയുമായിരുന്നു. അദ്ദേഹം കർക്കശക്കാരനായ ഒരു അച്ഛനല്ലായിരുന്നു. നല്ല സൗഹൃദം പുലർത്തിയിരുന്നു. അച്ഛന്റെ കാര്യങ്ങൾക്ക് അച്ഛന്റെ ആ രീതികളും രാഷ്ട്രീയവും ഒക്കെയുണ്ട്. അത് ഞങ്ങളോടാണെങ്കിലും ഉണ്ടായിരുന്നു.
9. 40-ൽ അധികം നാടകങ്ങൾ എഴുതുക സംവിധാനം ചെയ്യുക എന്നുപറയുമ്പോൾ ഒരു ജന്മം മുഴുവൻ നാടകത്തിനും ചലച്ചിത്രത്തിനും സർഗാത്മകതയുടെ രീതികളുമായി ജീവിച്ച ഒരാൾ എന്നുകൂടിയാണ്.
പതിനേഴാമത്തെ വയസ്സിലാണ് ആദ്യത്തെ നാടകമായ 'കുടിയിറക്ക'് എഴുതുന്നത്. സംവിധാനവും അച്ഛൻ തന്നെയായിരുന്നു. പിന്നീട് യൗവനാരംഭത്തിലായിരിക്കണം കൽപന തിയേറ്റേഴ്‌സിന്റെ പിറവി. മധ്യകേരളത്തിൽ നാടകം ഒരു ലഹരിയായി മനുഷ്യർക്കിടയിൽ പടർന്നിറങ്ങുന്ന കാലം കൂടിയാണ് കൽപനയുടെ കാലം. കേരളമുടനീളം സാധാരണക്കാരുടെ ജീവിതം പറയുകയാണ്. നാടകം സാധാരണക്കാരുടെ കലയായിരുന്നു. സിനിമയ്ക്ക് മുമ്പേ പോപ്പുലർ ആയിട്ടുള്ള ഒരു കലാരൂപം. സാധാരണക്കാരുടെ ജീവിതത്തിൽ നിന്നായിരുന്നു അച്ഛനുവേണ്ടിയിരുന്ന സ്റ്റഫ് കിട്ടിയിരുന്നത്. സമൂഹവുമായുള്ള ഇടപെടലുകൾ അച്ഛനെ നിരന്തരം നവീകരിച്ചുകൊണ്ടേയിരുന്നു. അച്ഛന്റെ ഗ്രാമം അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു. അച്ഛൻ താമസിച്ചിരുന്ന വീടും സ്ഥലവുമൊക്കെ അച്ഛന്റെ വൈകാരിക സ്വത്തായിരുന്നു. രാവിലെയും വൈകിട്ടുമൊക്കെ ഗേറ്റിന്റെ മുമ്പിൽ നിന്ന് വഴിയേ പോകുന്നവരോട് വിശേഷങ്ങൾ പറയുന്നത് അച്ഛന്റെ പതിവായിരുന്നു. അവിടെ നിൽക്കും. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ എല്ലാവരോടും സംസാരിക്കുക, അവരുടെ കാര്യങ്ങൾ അറിയുക. അതിൽ നിന്നൊക്കെ അദ്ദേഹത്തിന് വേണ്ട ക്യാരക്ടറൈസേഷന് വേണ്ട റോമെറ്റീരിയൽസ് അദ്ദേഹം ശേഖരിച്ചിരുന്നു. മറ്റൊന്നായിരുന്നു വായന. മരിക്കുന്നതിന് ഒരുമാസം മുമ്പുവരം രാവിലെ മൂന്നുമണിക്ക് എഴുന്നേൽക്കുമായിരുന്നു. 5.30 ന് പത്രം വരുന്നതുവരെ പുസ്തകവായനയാണ്. അതു കഴിഞ്ഞിട്ടാണ് അച്ഛന്റെ ഒരു ദിവസം തുടങ്ങുന്നത്. അച്ഛന്റെ സംഭാവനകളെ കേരള സാഹിത്യ അക്കാദമിയും കേന്ദ്രസാഹിത്യ അക്കാദമിയും ഒരുപോലെ പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പും നൽകി ആദരിച്ചിട്ടുണ്ട്.
10. ചെമ്മീൻ സിനിമയുടെ സംഭാഷണം അദ്ദേഹമാണല്ലോ നിർവഹിച്ചത്. നാടകരംഗത്തുനിന്നും സിനിമയിലേക്കുള്ള പാലമായിരുന്നു ചെമ്മീൻ.
ചെമ്മീൻ അച്ഛൻ സംഭാഷണം നിർവ്വഹിക്കുന്ന ആദ്യത്തെ സിനിമയല്ല. അതിനുമുമ്പ് പ്രത്യാശ എന്നൊരു സിനിമയ്ക്ക് സംഭാഷണമെഴുതിയിരുന്നു. ചെമ്മീനിലെ സംഭാഷണത്തിന് അച്ഛന് പ്രസിഡണ്ടിന്റെ സ്വർണമെഡൽ ലഭിച്ചിരുന്നു. അന്ന് ദേശീയപുരസ്‌കാരം എന്ന വിശാലമായ സങ്കല്പം ഇല്ലായിരുന്നു. 1967-ലാണ് ദേശീയപുരസ്‌കാരം സ്ഥാപിക്കപ്പെട്ടപ്പോൾ ഇന്ത്യയിൽ ആദ്യമായി തിരക്കഥയ്ക്ക് പുരസ്‌കാരം ലഭിക്കുന്ന മലയാളത്തിനാണ്. അഗ്നിപുത്രിയുടെ തിരക്കഥയ്ക്ക് അച്ഛനുതന്നെ അത് ലഭിച്ചു. അതിനുമുമ്പ് 1965-ൽ അച്ഛനെഴുതിയ കാവ്യമേള എന്ന സിനിമയ്ക്ക് പ്രാദേശികഭാഷാവിഭാഗത്തിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. മറ്റാളുകളുടെ കഥകൾക്ക് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സംഭാഷണം നൽകിയതും അച്ഛനായിരിക്കാം. അന്ന് തിരക്കഥ എന്നൊന്നില്ല. തിരക്കഥയും സംഭാഷണവും എഴുതുന്നതിനും സംഭാഷണം എന്നുമാത്രമേ പറയുമായിരുന്നുള്ളൂ. ചെമ്മീന്റെ കാര്യത്തിൽ അച്ഛൻ സിനിമയെഴുതി പോപ്പുലറായതിനുശേഷമാണ് നോവൽ പ്രശസ്തമായത്. നെല്ലും യവനികയും ഒക്കെ അതേപോലെ അദ്ദേഹം സഹകരിച്ച സിനിമകളാണ്.
അത്തരത്തിൽ മലയാളസിനിമയിൽ തിരക്കഥ എന്നൊരു പ്രൊഫഷൻ കൊണ്ടുവന്നതും അച്ഛനാണ്. അദ്ദേഹത്തിന്റെ തലമുറയാണ് തിരക്കഥ എന്നൊരു സങ്കേതം സിനിമയിൽ ശക്തമാക്കിയത്. ആദ്യകാലങ്ങളിൽ നാടകവുമായി വളരെയടുത്ത ബന്ധം പുലർത്തിയിരുന്നു സിനിമ. അക്കാലത്തെ സിനിമകൾ ശ്രദ്ധിച്ചാലറിയാം, സംഭാഷണങ്ങൾ ആയിരുന്നു സിനിമയിൽ കൂടുതൽ. അത് നാടകത്തിന്റെ സംഭാവനയായിരുന്നു.
കാലം പുരോഗമിക്കേയാണ് സിനിമയ്ക്ക് സ്വന്തമായി ഒരു ഭാഷ ഉണ്ടെന്നും അത് ക്യാമറയുടെ ഭാഷയാണെന്നുമൊക്കെ അണിയറപ്രവർത്തകർ മനസ്സിലാക്കിയതും പ്രാവർത്തികമാക്കിയതും. അക്കാലത്തൊക്കെ നേരിട്ട് ജീവിതത്തിലേക്കും കഥാപാത്രങ്ങളിലേക്കുമായിരുന്നു ഫോക്കസ്. സംഭാഷണമായിരുന്നു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരുന്നത്. പിന്നീടത് ഇന്നത് ദൃശ്യാവിഷ്‌കാരങ്ങൾ ഏറ്റെടുത്തു.
11. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും പ്രവാസി നഴ്‌സുമാർ ഒന്നാകെ ഏറ്റെടുത്തതുമായിരുന്ന ഒരു നാടകമായിരുന്നല്ലോ കല്ലുകൊണ്ടൊരു പെണ്ണ്.
പ്രവാസികൾക്കിടയിൽ ഏറ്റവും ഹിറ്റ് ആയിട്ടുള്ള നാടകമായിരുന്നു കല്ലുകൊണ്ടൊരു പെണ്ണ്. ഒരു ദിവസം നാല് നാടകം കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഉച്ചയ്ക്ക് രണ്ടുമണിക്ക് വൈകിട്ട് ആറുമണിക്ക് രാത്രി ഒമ്പത് മണിക്ക് പിന്നെ പന്ത്രണ്ട് മണിക്ക് അങ്ങനെ കളിച്ചിട്ടുണ്ട് ആ നാടകം. അത്രയും ഹിറ്റ് ആയിട്ട് പോയിക്കൊണ്ടിരുന്ന നാടകമാണ്. ഒരേ ടീം തന്നെ പലയിടങ്ങളിൽ വേഷമഴിച്ചുവെക്കാൻ നേരമില്ലാതെ ഓടിനടന്നു കളിച്ച നാടകമായിരുന്നു.
12. മികച്ച നാടകപ്രവർത്തകനുള്ള എസ്.എൽ പുരം സദാനന്ദൻ നാടകപുരസ്‌കാരം ആദ്യം നേടുന്നത് അദ്ദേഹത്തിന്റെ സമകാലികനായിരുന്ന കെ.ടി മുഹമ്മദിനാണ്. പ്രായത്തിൽ സീനിയർ കെ.ടി ആയിരുന്നു.
അച്ഛനെക്കാളും ഒരു വയസ്സ് മുതിർന്ന കെ ടി മുഹമ്മദിനായിരുന്നു ആദ്യത്തെ പുരസ്‌കാരം. അത് വലിയൊരു കോ ഇൻസിഡൻസ് ആയിട്ട് തോന്നി. ഇവരൊക്കെ നാടക രംഗത്ത് വ്യത്യസ്ത രീതിയിൽ വലിയ ആചാര്യന്മാരായിട്ട് നിൽക്കുന്നതാണല്ലോ. അവരൊക്കെ നല്ല സുഹൃത്തുക്കളുമായിരുന്നു. യവനിക എഴുതാൻ ആദ്യം സമീപിച്ചത് കെ.ടി മുഹമ്മദ് സാറിനെയായിരുന്നു. അദ്ദേഹം എഴുതി കഴിഞ്ഞപ്പോൾ ഡയറക്ടറുമായിട്ട് അഭിപ്രായവ്യത്യാസങ്ങളുണ്ടായി. പിന്നെയാണ് അച്ഛനെ അവർ സമീപിക്കുന്നത്. അച്ഛൻ കാര്യങ്ങളെല്ലാം കേട്ടിട്ട് പറഞ്ഞു: 'ഞാൻ എഴുതാം പക്ഷേ കെ ടി മുഹമ്മദ് സമ്മതിക്കണം.' അവർ വിളിച്ച് സംസാരിക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അച്ഛൻ കെ.ടിയെ നേരിട്ട് വിളിച്ച് സംഭവം വിവരിച്ചു. കെ.ടിക്ക് സമ്മതമായിരുന്നു. അച്ഛൻ ഒരു നിബന്ധനകൂടി വെച്ചു. കെ ടി മുഹമ്മദ് എഴുതിയ ഒരു വരി പോലും തന്നെ കാണിക്കരുത്. അങ്ങനെയാണ് യവനികയൊക്കെ പുറത്തുവരുന്നത്.
13. പക്ഷേ അദ്ദേഹത്തിന് കൂടുതൽ താല്പര്യം നാടകത്തിലായിരുന്നോ?
'നാടകം എന്റെ തറവാടാണ് സിനിമ എന്റെ സത്രവുമാണ്' എന്ന് അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. നാടകം അച്ഛന്റെ ഭാഷയാണ്. അച്ഛന്റെ ശവകുടീരത്തിൽ എഴുതി വെച്ചിരിക്കുന്നത് അച്ഛന്റെ തന്നെ ഒരു വാചകമാണ്.
'എന്റെ ഗ്രാമമാണ് എന്റെ സർവ്വകലാശാല.' അച്ഛൻ ഒരു നാടകം എഴുതികൊടുത്തുകഴിഞ്ഞാൽ അത് അത് എങ്ങനെയെങ്കിലും കളിച്ചോളും, അതൊന്നും തന്റെ ബാധ്യതയല്ല എന്ന മനോഭാവം അല്ലായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് ഒരു നാടകം അന്ന് 300-350 സ്റ്റേജ് കളിക്കുമായിരുന്നു.
എല്ലാ ദിവസവും ഈ നാടകത്തിന്റെ കൂടെ പോകുന്ന സെക്രട്ടറി തിരിച്ചുവരുന്നത് പാതിരായ്ക്ക് എത്ര മണിക്കാണെങ്കിലും ഒരു മണിക്കാണെങ്കിലും രണ്ടുമണിക്കാണെങ്കിലും മൂന്നുമണിക്കാണെങ്കിലും അച്ഛനെ വിളിച്ചിട്ട് അന്നത്തെ നാടകം എങ്ങനെ ഉണ്ടായിരുന്നു അതിന്റെ പെർഫോമൻസ് എങ്ങനെ ഉണ്ടായിരുന്നു എന്ന് അച്ഛനോട് പറയണമായിരുന്നു. അത് മുഴുവൻ ചോദിച്ച് മനസ്സിലാക്കുന്നതുവരെ അച്ഛന് വിശ്രമവുമില്ല.
ഇന്ന ഡയലോഗ് അവിടെ പറഞ്ഞിട്ട് എങ്ങനെ ഉണ്ടായിരുന്നു, ആ ഡയലോഗിൽ ചിരിയുണ്ടായിരുന്നോ, ഈ ഡയലോഗ് പറയുമ്പോൾ ആളുകളുടെ പ്രതികരണമെന്തായിരുന്നു... അങ്ങനെ നീളുമായിരുന്നു അച്ഛന്റെ ചോദ്യങ്ങൾ. അച്ഛൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്: 'ഞാൻ എഴുതുന്ന കാര്യങ്ങളിൽ ചിലപ്പോൾ മോശം ഉണ്ടായിരിക്കാം. പക്ഷേ ഞാൻ എഴുതിയ കാര്യം മനസ്സിലായില്ല എന്ന് എന്റെ പ്രേക്ഷകൻ പറയരുത്. അങ്ങനെ പറഞ്ഞാൽ എനിക്ക് ഉറങ്ങാൻ പറ്റില്ല.' അച്ഛന് നാടകമായിരുന്നു എല്ലാം. എത്ര മഹത്തരമായ കാര്യവും വളരെ ലാളിത്യമുള്ള ഭാഷ ഉപയോഗിച്ച് സാധാരണക്കാരന് മനസ്സിലാവുന്നവിധത്തിലായിരുന്നു അദ്ദേഹം എഴുതിയത്. എസ്.എൽ പുരം സദാനന്ദൻ എന്റെ അച്ഛനാണ് എന്നു പറയുമ്പോൾ ആ മേൽവിലാസം നമ്മളിൽ ഏൽപിച്ചിരിക്കുന്ന പ്രതിബദ്ധതകൾ മനസ്സിലേക്കുവരാറുണ്ട്.
Published: 19 Sept 2026, 04:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented