തൃശ്ശൂര്‍: നൃത്താധ്യാപകരും ആസ്വാദകരും നൃത്തത്തിന് ആണ്‍, പെണ്‍ വേര്‍തിരിവില്ലെന്ന് ഉറപ്പിച്ചുപറയുമ്പോഴും മോഹിനിയാട്ടം തറവാടായ കലാമണ്ഡലത്തില്‍ ഇന്നും ആണ്‍കുട്ടികള്‍ക്ക് പ്രവേശനവിലക്ക്. കലാമണ്ഡലംശൈലി പിന്തുടരുന്ന തലമുതിര്‍ന്ന നൃത്താധ്യാപകര്‍ പലരും മോഹിനിയാട്ടം ആണ്‍കുട്ടികള്‍ പഠിക്കുന്നതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതാണ് കാരണം.

To advertise here,

കലാമണ്ഡലം ഭരണസമിതിയില്‍ പലതവണ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുവന്നെങ്കിലും പിന്തുണ കിട്ടിയിരുന്നില്ലെന്ന് രജിസ്ട്രാറും സെക്രട്ടറിയും ഭരണസമിതിയംഗവുമായി പ്രവര്‍ത്തിച്ച ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് പറഞ്ഞു.

1933-ല്‍ പഠിപ്പിച്ചുതുടങ്ങിയെങ്കിലും അന്‍പതുകളിലാണ് മോഹിനിയാട്ടത്തിന് കലാമണ്ഡലംശൈലി രൂപപ്പെട്ടത്. മോഹിനിയാട്ട ഗുരുക്കന്മാരായി കളമൊഴി കൃഷ്ണമേനോനും അപ്പരേടത്ത് കൃഷ്ണപ്പണിക്കരും മറ്റും കലാമണ്ഡലത്തിലുണ്ടായെങ്കിലും ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നില്ല.

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേതന്നെ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. കാലടി സര്‍വകലാശാലയിലും ആണ്‍, പെണ്‍ ഭേദമില്ലാതെയാണ് മോഹിനിയാട്ടപഠനം.

പെണ്‍കുട്ടികള്‍ക്ക് കഥകളിയില്‍ പ്രവേശനംനല്‍കിയ ഘട്ടത്തിലും ഈ വിഷയം ചര്‍ച്ചയായിരുന്നു. കലാമണ്ഡലം ഗോപിയാശാന്‍ ഉള്‍പ്പെടെയുള്ളവര്‍ കഥകളിക്ക് പെണ്‍കുട്ടികളുമാകാം എന്ന നിലപാടെടുത്തിട്ടും തീരുമാനമെടുക്കാന്‍ അധികൃതര്‍ പിന്നെയും ഏറെനാളെടുത്തു.