തൃശ്ശൂർ: കലാമണ്ഡലത്തിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അനന്തമായി നീളുന്നതിനാൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ. 2023 ബാച്ചിന്റെ അവസാന സെമസ്റ്റർ പരീക്ഷ കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത്. പരീക്ഷാഫലം വന്ന് അന്തിമ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഇനിയും സമയമെടുക്കും. 2025-ൽ തീരേണ്ട കോഴ്‌സാണിത്. 2024-ബാച്ചിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയും കഴിഞ്ഞ ദിവസങ്ങളിലാണ് നടന്നത്. ഈ ബാച്ചിനും കുറഞ്ഞത് ഒരു വർഷം നഷ്ടമാകും. 2025 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷ ഇനിയും നടന്നിട്ടില്ല.
ബിരുദത്തിനു സഹപാഠികളായിരുന്നവർ മറ്റു സർവകലാശാലയിൽനിന്ന് ബിരുദാനന്തര പഠനം പൂർത്തിയാക്കി തങ്ങളെ പഠിപ്പിക്കാൻവരുന്ന സാഹചര്യംവരെയുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.
കർണാടകസംഗീത വിഭാഗം ബിരുദാനന്തര ക്ലാസിലെ വിദ്യാർഥികൾക്ക് ഈ അക്കാദമിക വർഷം അതിഥി അധ്യാപകനായെത്തിയത് അവർക്കൊപ്പം ബിരുദ ക്ലാസിൽ പഠിച്ച കൂട്ടുകാരനായിരുന്നു. കേരളത്തിനു പുറത്തുള്ള സർവകലാശാലയിൽ സമയനിഷ്ഠയോടെ കോഴ്‌സ് പൂർത്തിയാകുന്നുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. കലാമണ്ഡലത്തിൽത്തന്നെ തുടർപഠനം നടത്താൻ തീരുമാനിച്ച വിദ്യാർഥികൾക്കാണ് ഈ ഗതി.
ഗവേഷണമുൾപ്പെടെയുള്ള തുടർപഠനത്തെയും തൊഴിലവസരങ്ങളെയും ഇത് ബാധിക്കുകയാണ്. കൃത്യസമയത്ത് കോഴ്‌സ് പൂർത്തിയാക്കാനാകാത്തതിനാൽ മിടുക്കരായ പലരും ഇവിടെ പ്രവേശനത്തിന് മടിക്കുന്നു.
നൃത്തവിഭാഗത്തിന് ഒഴികെ ബാക്കിയുള്ളവയിൽ ബിരുദാനന്തര പഠനത്തിന് നാലു സീറ്റ് മാത്രമാണുള്ളത്. എന്നിട്ടും കുട്ടികളുടെ എണ്ണം കുറവാണ്. ചിലതിൽ ഒരു കുട്ടിപോലും പ്രവേശനം നേടാത്ത സാഹചര്യമുണ്ട്. വിവിധ കലകളിൽ വിദഗ്ധരായവരുടെയും പുറത്തുനിന്നുള്ള അധ്യാപകരുടെയും ക്ലാസുകൾ സിലബസിന്റെ ഭാഗമാണ്. ഇത്തരം ക്ലാസുകൾ നടത്തുന്നതിലുള്ള കാലതാമസമുൾപ്പെടെ കോഴ്‌സ് നീളാനുള്ള കാരണമായി അധികൃതർ പറയുന്നു.
പരിഹരിക്കാൻ ശ്രമം
‘സെമസ്റ്റർ സംവിധാനം വന്നതുമുതലുള്ള കാലതാമസമാണിത്. പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചുവരുന്നു. കോഴ്സ് നീളുന്നതിനാലാണ് പരീക്ഷ വൈകുന്നത്’- കലാമണ്ഡലം പരീക്ഷാവിഭാഗം കൺട്രോളർ പി.വി. ഷിനോജ് പറഞ്ഞു.
Content Highlights: Chronic delays in conducting examinations and publishing results for Postgraduate courses at Kerala Kalamandalam are severely disrupting students' higher education and career prospects
Published: 19 Sept 2026, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented