ഇറാനും യുഎഇയ്ക്കും ഇടയിൽ ഇന്ത്യ മധ്യസ്ഥരാകാൻ സാധ്യതയില്ലെന്നും ടി.പി. ശ്രീനിവാസൻ പറയുന്നു

പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടി സെപ്തംബർ പതിമൂന്നിന് ഡൽഹിയിൽ അവസാനിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വെറും ഒരു സാമ്പത്തിക കൂട്ടായ്മയ്ക്കപ്പുറം ഇന്നത്തെ ലോകം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്തു. ഉച്ചകോടിയുടെ നേട്ടങ്ങളെക്കുറിച്ചും ഇന്ത്യയുടെ സംഘാടനത്തെക്കുറിച്ചും സംസാരിക്കുന്നു മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ.
പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഡൽഹിയിൽ അവസാനിച്ചു. ഇന്ത്യൻ കാഴ്ചപ്പാടിൽ എങ്ങനെ ഇതിനെ വിലയിരുത്താം?
ബ്രിക്‌സ് ഉണ്ടായിട്ട് 20 കൊല്ലമായി. ഇക്കാലയളവിൽ ബ്രിക്‌സ് മാത്രമല്ല, ലോകം മുഴുവൻ വളരെയധികം മാറിയിരിക്കുന്നു. ബ്രിക്‌സ് ഉണ്ടായ സമയത്ത് അതൊരു ഇക്കണോമിക് ഗ്രൂപ്പിങ് ആയിരുന്നു. ഏറ്റവും വേഗത്തിൽ വളരുന്ന വികസ്വരരാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലക്കാണ് ബിആർഐസി രൂപപ്പെടുന്നത്. അതിനോട് സൗത്ത് ആഫ്രിക്ക കൂടി ചേർന്നപ്പോൾ ബ്രിക്‌സ് ആയി. തികച്ചും സാമ്പത്തികാടിസ്ഥാനത്തിലെ കൂട്ടായ്മ ആയിരുന്നു അത്. പിന്നീട് ചൈന അതിന്റെ സ്ഥാപനവത്കരണത്തിൽ (പ്രത്യേകിച്ച് ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് സ്ഥാപിക്കുന്നതിൽ) പ്രധാന പങ്ക് വഹിച്ചു. ബാങ്കിന്റെ ആസ്ഥാനം ഷാങ്ഹായിൽ ആക്കി. പക്ഷേ, ലോകം മാറിയപ്പോൾ ബ്രിക്‌സിനും മാറ്റംവന്നു.
2024-25 കാലയളവിൽ അധികരാജ്യങ്ങൾ ചേർന്ന് ഇപ്പോൾ പതിനൊന്ന് അംഗങ്ങളുള്ള ഗ്രൂപ്പായി മാറി. ബ്രിക്‌സിനോട് അസോസിയേറ്റ് ചെയ്യുന്ന രാജ്യങ്ങളും കൂടിയായപ്പോൾ 21 രാജ്യങ്ങളുടെ കൂട്ടായ്മയായി ബ്രിക്‌സ് വളർന്നിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടന ഒട്ടും ഫലപ്രദമല്ലാതായതാണ് ബ്രിക്‌സിന് പ്രാധാന്യം വർധിക്കാൻ കാരണമായത്. ഒരുകാര്യത്തിലും തീരുമാനം എടുക്കാനോ നടപ്പാക്കാനോ ഇടപെടാനോ കഴിയാത്ത സ്ഥിതിയിൽ ആയിരിക്കുകയാണല്ലോ യുഎൻ. ലോകത്ത് സംഘർഷങ്ങളും ഒരുപാട് വർധിച്ചു. മൂന്ന് വലിയ യുദ്ധങ്ങളും ഏകദേശം 59 സംഘർഷങ്ങളും നടക്കുന്നു എന്നാണ് ഇപ്പോഴത്തെ കണക്ക്. അവയിൽ ഒന്നുംചെയ്യാൻ ഐക്യരാഷ്ട്ര സംഘടനയ്ക്ക് കഴിയുന്നില്ല. ചില രാജ്യങ്ങൾക്ക് വീറ്റോ പവർ ഉള്ളതാണ് കാരണം. വീറ്റോ പവർ ഉള്ള രാജ്യം തന്നെ ആക്രമണം നടത്തുമ്പോൾ യുഎന്നിന് പ്രസക്തി ഇല്ലാതാകുന്നു.
നടന്ന സമയത്തിന്റെ പ്രത്യേകത കൊണ്ട് ഈ കാര്യങ്ങളൊക്കെ ചർച്ചചെയ്യാനുള്ള ഒരു അവസരമായി ബ്രിക്‌സിന്റെ ഡൽഹി ഉച്ചകോടി. അതിനെ ഒരു പാശ്ചാത്യേതര കൂട്ടായ്മ എന്നാണ് ഇന്ത്യ വിളിക്കുന്നത്, പാശ്ചാത്യവിരുദ്ധമെന്നല്ല. ഡൽഹി ഉച്ചകോടി അതിന് കുറച്ചുകൂടി വ്യക്തത നൽകി. കൂടാതെ നമ്മൾ ജി 20യുടെ ആതിഥേയരായിരുന്നപ്പോൾ ഗ്ലോബൽ സൗത്ത് (വികസ്വര രാജ്യങ്ങൾ) എന്നുള്ള ഒരു സങ്കൽപ്പം വികസിപ്പിച്ചിരുന്നല്ലോ. അന്നേരം അതിൽ റഷ്യയും ചൈനയും ഉണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറിയിരിക്കുകയാണ് ബ്രിക്‌സ്. റഷ്യയും ചൈനയും ഉള്ളത് വൈരുദ്ധ്യമാണെങ്കിലും.
തുടക്കത്തിൽ ഒരു സംയുക്ത പ്രസ്താവന ഉണ്ടാക്കാൻ പറ്റുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, ഇന്ത്യൻ നയതന്ത്രത്തിന്റെ മിടുക്കുകൊണ്ട് യോഗം തുടങ്ങുന്നതിനു മുമ്പുതന്നെ ഏവർക്കും സ്വീകാര്യമായ സംയുക്തപ്രസ്താവന ഇറക്കാൻ കഴിഞ്ഞു. സംഘർഷങ്ങൾ വളരെ മൃദുവായി കൈകാര്യം ചെയ്‌തെങ്കിലും പ്രശ്‌നങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലും റഷ്യയും ഉൾപ്പെടെ ആരുടെയും പേര് പറയാതെ സമാധാനം സ്ഥാപിക്കണമെന്ന നിർദ്ദേശം വെച്ചു. അതോടെ ബ്രിക്‌സിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഇപ്പോൾ ഗ്ലോബൽ സൗത്തിന്റെ വക്താവായതോടെ ബ്രിക്‌സ് പ്രധാനപ്പെട്ട രാഷ്ട്രീയസംഘടന കൂടി ആയിരിക്കുകയാണ്.
യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസും ഉച്ചകോടിയിൽ പങ്കെടുത്തു. ഇനിയും കൂടുതൽ രാജ്യങ്ങൾ ബ്രിക്‌സിൽ അംഗങ്ങളായാൽ അത് യുഎന്നിന് ബദലാവുമോ?
എല്ലാവരും ചേർന്നുകഴിഞ്ഞാൽ പിന്നെ ആഗോളസമിതിയാവും. ഏതാണ്ട്, പഴയ ചേരിചേരാപ്രസ്ഥാനം (നാം) പോലെ. എന്നാൽ, അങ്ങനെ യൂണിവേഴ്‌സൽ ആയാൽ പിന്നെ യുഎന്നും ബ്രിക്‌സും തമ്മിലുള്ള വ്യത്യാസം എന്താണ്? 141 രാജ്യങ്ങൾ ചേർന്നപ്പോൾ നാം അപ്രസക്തമായില്ലേ?
ചൈനയുടെ പങ്കാളിത്തവും ഇന്ത്യ-ചൈന ബന്ധങ്ങളും എങ്ങനെ കാണുന്നു?
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുത്തത് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ വരവ് ഇന്ത്യയും ചൈനയും തമ്മിൽ ചില പ്രധാന ചർച്ചകൾ നടന്നതിന്റെ സൂചനയാണ്. ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ 26 വർഷമായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും അതിർത്തി പ്രശ്‌നത്തിൽ ഇതുവരെ യഥാർത്ഥ ചർച്ച നടന്നിട്ടില്ല. ബ്രിക്‌സിന് തൊട്ടുമുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശമന്ത്രി വാങ് യിയും രണ്ടുതവണ സംസാരിച്ചു. വാർത്തകളനുസരിച്ച് അരുണാചൽ പ്രദേശിനടുത്തുവെച്ച് ഇരുരാജ്യങ്ങളുടെയും സൈനികസംഘം അതിർത്തിക്കാര്യം ചർച്ചചെയ്തതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. അത് ഒരു മുന്നേറ്റമാണ്. പ്രത്യേകിച്ച് ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അരുണാചലിൽ യോഗം നടന്നത് പ്രതീകാത്മകമാണ്. ഇന്ത്യ-ചൈന ബന്ധം അഴിച്ചുപണിഞ്ഞാൽ, അതായിരിക്കും ഈ ഉച്ചകോടിയുടെ ഏറ്റവുംവലിയ നേട്ടം.
ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ 'റൂൾ ടേക്കേഴ്‌സിൽ നിന്ന് റൂൾ മേക്കേഴ്‌സിലേക്ക്' (ചട്ടങ്ങൾ പാലിക്കുന്നവരിൽ നിന്നും ചട്ടങ്ങൾ നിർമിക്കുന്നവരിലേക്ക്) മാറണമെന്ന് പറഞ്ഞു. ലോകത്തെയാകെ സ്വാധീനിക്കുന്ന തീരുമാനങ്ങളെടുക്കുന്നതിൽ വികസിതരാജ്യങ്ങളുടെ കൂട്ടായ്മയായ ജി സെവൻ പോലുള്ളവയുടെ മേൽക്കൈയ്‌ക്കെതിരായ വിമർശനമായി ആ വാക്കുകളെ കാണാമോ?
തീർച്ചയായും. അത് ഇന്ത്യ മുമ്പും പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, മോദി പറഞ്ഞത് ഒരു ആഗ്രഹം മാത്രമാണ്. പുതിയ ലോകക്രമം എന്താണെന്ന് നിർവചിക്കപ്പെട്ടിട്ടില്ല. പഴയ ലോകമായിരുന്നു നല്ലത് എന്ന ചിന്തയെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഖണ്ഡിച്ചത് ആരുടെ ലോകക്രമായിരുന്നു അതെന്ന് ചോദിച്ചാണ്. പഴയ ലോകക്രമം മാറുന്നതിൽ സങ്കടപ്പെടുന്നതിനെക്കാളും പുതിയതിനെ നമുക്ക് സൗകര്യപ്രദമായ രീതിയിൽ വികസിപ്പിക്കുക എന്നതാണ് പ്രധാനം.
ഈ ഉച്ചകോടിയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന് മോദിയും ഇറാൻ പ്രസിഡന്റ് പെസെഷ്‌കിയാനും കൈകോർത്തു പിടിച്ചുനിൽക്കുന്ന ഒന്നാണ്. ഇസ്രയേലുമായി നമ്മളുടെ ബന്ധങ്ങൾ വളരെ ശക്തിപ്പെടുന്ന സമയത്ത് ഈ പടം കൊടുക്കുന്ന സന്ദേശം?
ഇറാനുമായി നമുക്ക് പണ്ടേതന്നെ വളരെനല്ല ബന്ധമല്ലേ ഉണ്ടായിരുന്നത്. ഇറാൻ-യുഎസ് യുദ്ധം കഴിഞ്ഞാൽ പിന്നെ നമുക്ക് പ്രശ്‌നം ഒന്നുമില്ലല്ലോ. കിർഗിസ്താനിലെ ബിഷ്‌കെക്കിൽ നടന്ന എസ്‌സിഒ മീറ്റിങ്ങിൽവെച്ച് ഇറാൻ പ്രസിഡന്റ് നമ്മളോട് യുദ്ധം തീർക്കുന്ന കാര്യത്തിൽ സഹായം അഭ്യർഥിച്ചു എന്നാണ് പറയുന്നത്. പക്ഷെ, മധ്യസ്ഥനാവുന്നതിൽ നമുക്ക് താല്പര്യമില്ലല്ലോ.
പിന്നെ, ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഇസ്രയേലിനെ പേരുപറഞ്ഞു വിമർശിച്ചിട്ടില്ല. ഇസ്രായേലിന്റെ പരാമർശം ഉണ്ടെങ്കിലും അത് വേറൊരു സാഹചര്യത്തിലാണ്. ഇന്ത്യയ്ക്ക് പലസ്തീൻ രാഷ്്രടം വേണമെന്ന് പറയാതിരിക്കാൻ പറ്റില്ലല്ലോ. അപ്പോൾ ആരെയും ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കാത്ത സൃഷ്ടിപരമായ സംയുക്ത പ്രസ്താവനയാണ് ഇന്ത്യ സാധിച്ചെടുത്തത്. എല്ലാവരും അതംഗീകരിച്ചത് തീർച്ചയായിട്ടും നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
ആരെയും വിഷമിപ്പിക്കാത്ത സംയുക്ത പ്രസ്താവന കൊണ്ടുവന്ന ഇന്ത്യയുടെ പ്രധാനമന്ത്രി സാങ്കേതികവിദ്യയും നിർണായക ധാതുവിഭവങ്ങളും ആയുധമാക്കുന്നതിനെതിരെ പ്രസംഗിച്ചു. ചൈനയെ തന്നെയാണ് ലക്ഷ്യംവെച്ചതെന്ന് വ്യക്തമാണല്ലോ?
അതെ. അതുകേട്ട് ഞാനും അത്ഭുതപ്പെട്ടു. ചൈനയ്‌ക്കെതിരായ വ്യക്തമായ വിമർശനമാണത്. വിഭവങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ നമുക്കെതിരെയും പറയാവുന്ന വിമർശനമാണത്. ന്യൂക്ലിയർ എനർജിയുടെ ഉപയോഗം ഉദാഹരണം. അതുപോലെ, നമ്മൾ സിന്ധുനദിയിലെ ജലത്തെ ആയുധമാക്കുന്നുവെന്നല്ലേ പാകിസ്താൻ പറയുന്നത്. അതിനകത്ത് ശരിക്കും നമുക്കെതിരായ ഒരു വിമർശനമുണ്ട്.
അതുപോലെ, ഇറാനും യുഎഇയും തമ്മിലുള്ള സംഭാഷണത്തിന് ഇന്ത്യ സൗകര്യം ചെയ്തുകൊടുത്തു എന്ന് വാർത്തയുണ്ടായിരുന്നു.
സ്ഥലം കൊടുത്തു, മുറി കൊടുത്തു എന്നേയുള്ളൂ. അതിൽ കൂടുതൽ നമുക്ക് അതിനകത്ത് റോൾ ഇല്ല.
ഇന്ത്യയുടെ മധ്യസ്ഥതയ്ക്ക് സാധ്യത ഇല്ലേ?
ഇല്ല, ഒരു സാധ്യതയില്ല. നമുക്കത് ഇഷ്ടമല്ലല്ലോ. നമ്മൾ അതിന് പോകാറുമില്ല. താഷ്‌കെന്റിനു ശേഷം നമ്മൾ ആരുടെയും മധ്യസ്ഥത സ്വീകരിക്കുന്നില്ല. അതുകാരണം നമുക്ക് ഒരു പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടു. ലാൽബഹദൂർ ശാസ്ത്രിയെ. കാരണം സോവിയറ്റ് യൂണിയൻ ഇന്ത്യയെ ഒരുപാട് നിർബന്ധിച്ച് പാകിസ്താന് ഒരുപാട് സൗജന്യങ്ങൾ കൊടുപ്പിച്ചു. അതുകഴിഞ്ഞ് ഇന്ത്യയിലേക്ക് വരുമ്പോൾ എന്തുസംഭവിക്കും എന്ന ഭയത്തിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
(1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധം അവസാനിപ്പിക്കാൻ 1966 ജനുവരി 10-ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും പാക് പ്രസിഡന്റ് അയൂബ് ഖാനും സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്റെ മധ്യസ്ഥതയിൽ താഷ്‌കെന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും 1965 ഓഗസ്റ്റ് 5-ന് മുമ്പുള്ള സ്ഥാനങ്ങളിലേക്ക് സൈന്യത്തെ പിൻവലിക്കുകയും നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് കരാർ വ്യവസ്ഥ ചെയ്തു; ഇന്ത്യയ്ക്ക് ഹാജി പീർ ചുരം പോലുള്ള തന്ത്രപ്രധാന പ്രദേശങ്ങൾ തിരിച്ചുനൽകേണ്ടി വന്നു.)
ശാസ്ത്രിയുടെ മരണം കൊലപാതകമായിരുന്നു എന്നും പിന്നിൽ റഷ്യൻ, അമേരിക്കൻ ചാരസംഘടനകളായിരുന്നു എന്നൊക്കെ ഗൂഢാലോചനാ സിദ്ധാന്തങ്ങളുണ്ടല്ലോ?
റഷ്യൻ സമ്മർദ്ദം കാരണം 1965-ലെ നമ്മുടെ യുദ്ധവിജയത്തിന്റെ മെച്ചങ്ങൾ മുഴുവൻ കളഞ്ഞുകുളിച്ച് പിടിച്ചെടുത്ത ഭൂമി തിരിച്ചുകൊടുക്കാൻ നിർബന്ധിതമായത് അദ്ദേഹത്തിന് വലിയ ആഘാതമായി. തിരിച്ചുവരുമ്പോൾ ഇന്ത്യയിലെ പ്രതികരണം എന്താവുമെന്ന് സങ്കടപ്പെട്ട് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി എന്നുള്ളതാണ് കൂടുതൽ വിശ്വസനീയമായത്. അദ്ദേഹത്തിനെ കൊന്നിട്ട് റഷ്യക്കാർക്ക് എന്ത് കിട്ടാനാണ്? സിഐഎക്ക് എന്താണ് പ്രാധാന്യം? കരാർ പാകിസ്താനെ സംബന്ധിച്ചിടത്തോളം വിജയമായിരുന്നു. ആ ഭൂമി മുഴുവൻ തിരിച്ചു കൊടുത്തില്ലേ? അതുവെച്ച് യഥാർത്ഥ നിയന്ത്രണരേഖ (എൽഒസി) ചർച്ചചെയ്യാം എന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ, അതിനു മുമ്പേ താഷ്‌കെന്റ് പ്രഖ്യാപനത്തിൽ നമ്മൾ അത് തിരിച്ചങ്ങു കൊടുത്തു. അതുകൊണ്ട് മറ്റു രാജ്യങ്ങളെ ഇടപെടുത്താനോ, അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ ഇടപെടാനോ ഉള്ള താല്പര്യം നമുക്കില്ല. യുഎൻ അടക്കം ജമ്മു കശ്മീരിൽ ഇടപെടാൻ താൽപ്പര്യമുള്ള ഒരുപാട് പേരുണ്ട്, നമ്മൾ അതൊക്കെ നിഷേധിക്കുകയല്ലേ ചെയ്യുന്നത്?
അതിനൊരു അപവാദമുണ്ടല്ലോ. ഈയിടെ ജയശങ്കർ പറഞ്ഞിരുന്നു, യുക്രൈൻ യുദ്ധം സംബന്ധിച്ച് ഇരുരാജ്യങ്ങളുമായും സംസാരിക്കുന്നണ്ടെന്ന്.
പക്ഷേ, മധ്യസ്ഥത എന്ന് പറഞ്ഞില്ല. ഇന്ത്യ നിഷ്പക്ഷമല്ല, സമാധാനത്തിന്റെ പക്ഷത്താണ് എന്നല്ലേ പ്രധാനമന്ത്രി പറയുന്നത്. സമാധാനം സൃഷ്ടിക്കാൻ വേണ്ട സഹായം ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ, മധ്യസ്ഥതയ്ക്ക് ഒരു മൂന്നാംകക്ഷിയെ കൊണ്ടുവന്ന് ചർച്ചചെയ്യുന്നത് നമുക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല.
ബ്രിക്‌സിന്റെ വിജയത്തെ അമേരിക്ക കാണുന്നത്?
പ്രസിഡന്റ് ട്രംപിന് ഏറ്റവും പ്രയാസമുള്ള കാര്യം ഡീഡോളറൈസേഷനാണ് (വിനിമയ കറൻസിയായി ഡോളറെ ഉപയോഗിക്കാതിരിക്കൽ). ബ്രിക്‌സിന്റെ ഒരു നയം ഡോളറിനെ ആശ്രയിക്കാതെ വ്യാപാരം ചെയ്യുകയാണ്. അതുകൊണ്ടാണ് അദ്ദേഹം ബ്രിക്‌സിനെ അമേരിക്കാ വിരുദ്ധ ഗ്രൂപ്പിങ് എന്ന് വിളിച്ചത്. ഇത്തവണ ബ്രിക്‌സ് ഡീഡോളറൈസേഷൻ മുന്നോട്ടു വെച്ചതേ ഇല്ല. എന്നാൽ, ബ്രിക്‌സ് രാജ്യങ്ങൾ ഇടപാടുകൾ അവരവരുടെ കറൻസിയിൽ നടത്തുന്ന രീതി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. റഷ്യയുമായി റൂബിൾ-റുപ്പി വിനിമയം പണ്ടേ ഉണ്ട്, യുഎഇയുമായി ദിർഹത്തിലും. അമേരിക്കയ്ക്ക് അത് ഇഷ്ടപ്പെടില്ല എന്നറിയുന്നതു കൊണ്ടാണ് ബ്രിക്‌സ് അതിൽ നിർബന്ധം പിടിക്കാത്തത്. ഇതുവരെ ട്രംപ് ബ്രിക്‌സ് യോഗത്തെ പറ്റി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെ കാഴ്ചപ്പാടിൽ നോക്കിയാൽ ഈ ബ്രിക്‌സ് സമ്മേളനം വിജയകരമായിരുന്നു?
അതെ. പ്രധാനമായും റഷ്യൻ, ചൈനീസ് പ്രസിഡന്റുമാർ അടക്കമുള്ള പ്രമുഖർ പങ്കെടുത്തതിലും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യത വർധിച്ചതിലും. ഇവരെല്ലാം വന്നതിന് നാം എന്തൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു എന്നറിയില്ല, എന്തൊക്കെ ഉറപ്പുകളാണ് കൊടുത്തത് എന്നറിയില്ല. പക്ഷേ, അവർ വന്നത് പ്രധാനമാണ്. വിശേഷിച്ചും പുതിൻ. എന്തായാലും ഇന്ത്യ ഭംഗിയായി ഉച്ചകോടി ആസൂത്രണം ചെയ്തു, നടത്തി. ഇന്ത്യ-ചൈന ബന്ധം പുതുക്കിപ്പണിഞ്ഞാൽ അതാവും ഈ കോൺഫറൻസിന്റെ ഏറ്റവും വലിയ നേട്ടം എന്ന് പറയാം.
Content Highlights: Former Ambassador TP Sreenivasan highlights the outcomes of the 18th BRICS Summit in Delhi under India's presidency, focusing on Global South representation, joint consensus, and improving India-China diplomatic relations.
Published: 16 Sept 2026, 06:19 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented