ന്യൂഡൽഹി: 'ഇനി എന്റെ ഊഴമാണ്, എന്റെ ജീവിതം ഞാൻ തന്നെ പറയട്ടെ'-നവംബർ 10-ന് പുറത്തിറങ്ങുന്ന ആത്മകഥാ പുസ്തകത്തിന്റെ വരവിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ സോണിയ സംസാരിക്കുന്നു. പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ അടുത്തിടെ പുറത്തിറക്കിയ രണ്ടാമത്തെ വീഡിയോയിലാണ് ഈ പ്രതികരണം.

To advertise here,

മറ്റുള്ളവർ എഴുതിയ വരികളിലൂടെ പുറത്തറിഞ്ഞ തന്നെക്കുറിച്ച്, താൻ തന്നെ എഴുതട്ടെയെന്നാണ് ചൊവ്വാഴ്ച സോണിയ പറഞ്ഞത്. മനസ്സിലെ പ്രണയത്തിന്റെയും നോവിന്റെയും ഓർമ്മകളിലേക്കാണ് വീഡിയോയിൽ അവർ വാതിൽ തുറക്കുന്നത്.

പുസ്തകത്തിന്റെ താളുകൾ സാവധാനം മറിച്ചുനോക്കുന്ന സോണിയയെ ഒന്നര മിനിറ്റോളമുള്ള വീഡിയോയിൽ കാണാം. ഇടയ്‌ക്കൊന്ന് നിർത്തി -മുഴുവൻ കാര്യങ്ങളും ഞാൻ പറയണോ എന്ന് എനിക്കറിയില്ലെന്നും സോണിയ സംശയിക്കുന്നു.

പിന്നെ ഒരു നിമിഷത്തെ മൗനത്തിനു ശേഷം പഴയ ഓർമ്മകളിലേക്ക് തിരിയുന്നു: 'എന്റെ ഭർത്താവിനോട് പ്രധാനമന്ത്രിയാകാൻ ആവശ്യപ്പെട്ട ആ നിമിഷം. എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു അതിനോട്. എന്നെക്കുറിച്ച് പലരും പലതും എഴുതിക്കൂട്ടിയിട്ടുണ്ട്. അതിൽ വലിയൊരുവോളും ശരിയായിരുന്നില്ല. പലതും അതിശയോക്തിയോ സ്വയം കണ്ടെത്തലുകളോ ആയിരുന്നു. കാര്യങ്ങൾ യഥാർത്ഥത്തിൽ എന്തായിരുന്നെന്ന് ലോകത്തോട് പറയേണ്ടത് എന്റെ ബാധ്യതയാണ്. ഇതെന്റെ ഭാഷ്യമല്ല, എന്റെ കഥയാണ്. പൊതുജീവിതത്തിൽ നിൽക്കുന്ന ഒരാളെക്കുറിച്ച് ആളുകൾക്ക് പല അഭിപ്രായങ്ങളുണ്ടാകാം. പുസ്തകം പുറത്തിറങ്ങുമ്പോൾ, ചിലരുടെ ധാരണകൾ മാറിേക്കാം. മറ്റു ചിലർക്ക് തന്നോടുള്ള വെറുപ്പ് കൂടിയേക്കാം. നിങ്ങളവിടെയൊക്കെ പറയാറുള്ളതുപോലെ, ചില 'തമാശകൾ' ഉണ്ടാകാൻ സാധ്യതയുണ്ട്' -ചിരിയോടെ സോണിയ പറയുന്നു.

ഇറ്റലിയിലെ വെനെറ്റോ ഗ്രാമത്തിൽനിന്ന് കേംബ്രിജിൽ പഠിക്കാൻ എത്തിയപ്പോൾ രാജീവ് ഗാന്ധിയെ 1965-ൽ കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ചും മറ്റും സോണിയ തന്റെ ആദ്യ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. സഞ്ജയ് ഗാന്ധിയുടെ അപ്തീക്ഷിത വിയോഗം, അമ്മയെപ്പോലെ സ്‌നേഹിച്ച ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലപാതകം, ഒടുവിൽ നെഞ്ചുപിളർത്തിയ മേയ് 21 രാത്രിയിലെ രാജീവ് ഗാന്ധിയുടെ വേർപാട് ഒക്കെ അതിലവർ വിശദീകരിച്ചിരുന്നു.

ഇറ്റലിയിലെ കുട്ടിക്കാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവിൽ നിന്ന പതിറ്റാണ്ടുകൾ വരെയുള്ള സോണിയാ ഗാന്ധിയുടെ യാത്രയാണ് ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ നിർണായക നിമിഷങ്ങളായ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം, കുടുംബത്തെ ബാധിച്ച ദുരന്തങ്ങൾ, 2004-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം വിജയിച്ചതിനുശേഷം പ്രധാനമന്ത്രി പദം നിരസിക്കാനുള്ള അവരുടെ തീരുമാനം എന്നിവയെല്ലാം വീണ്ടും ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 10-നാണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.