ന്യൂഡൽഹി: രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് തനിക്ക് പൂർണമായും എതിർപ്പായിരുന്നുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. ‘ബിലോഗിങ്: എ ജേണി ഓഫ് ലവ്’ എന്ന പേരിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയിൽ സ്വന്തം നിരീക്ഷണങ്ങളാണ് പങ്കുവെച്ചിട്ടുള്ളതെന്നും ഇത് വലിയൊരു ബഹളത്തിന് വഴിവെച്ചേക്കാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു.

To advertise here,

താൻ അനുഭവിച്ചറിഞ്ഞ സംഭവങ്ങൾ അതുപോലെ രേഖപ്പെടുത്താനുള്ള അവസരമാണ് ഈ പുസ്തകം നൽകിയതെന്ന് സോണിയ പറഞ്ഞു. ‘ചില ആളുകൾക്ക് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയേക്കാം. ചിലരുടെ കാഴ്ചപ്പാട് കൂടുതൽ വഷളായേക്കാം. ഒരു പുസ്തകമെഴുതുമ്പോഴോ പൊതുജീവിതത്തിൽ നിൽക്കുമ്പോഴോ സംഭവിക്കുന്നത് ഇതാണ്; ഇവിടെ പറയാറുള്ളതുപോലെ ഒരു ബഹളം ഉറപ്പായും ഉണ്ടാകും’, അവർ പറഞ്ഞു.

ഇറ്റലിയിലെ കുട്ടിക്കാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവിൽ നിന്ന പതിറ്റാണ്ടുകൾ വരെയുള്ള സോണിയാ ഗാന്ധിയുടെ യാത്രയാണ് ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നിർണായക നിമിഷങ്ങളായ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം, കുടുംബത്തെ ബാധിച്ച ദുരന്തങ്ങൾ, 2004-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം വിജയിച്ചതിനുശേഷം പ്രധാനമന്ത്രി പദം നിരസിക്കാനുള്ള അവരുടെ തീരുമാനം എന്നിവയെല്ലാം വീണ്ടും ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 10-നാണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.