മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കണ്ടും അറിഞ്ഞും കുറേയധികം കേട്ടുമൊക്കെ അനുഭവവേദ്യമായ ആ ജീവിതം പുസ്തകരൂപത്തിൽ കൈകളിലേക്ക് ലഭിക്കുന്നത്. പലപ്പോഴും മാഡവും രാഹുൽജിയും പുസ്തകത്തേക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളും ഈ കാത്തിരിപ്പിന് ആക്കം കൂട്ടുന്നുണ്ടായിരുന്നു. ആദ്യമണിക്കൂറുകളിൽതന്നെ യാത്രയിൽ പരമാവധി വായിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം.

To advertise here,

'Belonging: A Journey of Love': അനിതരസാധാരണമായ ഒരു ജീവിതമാണ് ഇവിടെ പുസ്തകമായിരിക്കുന്നത്. അതിൽ പ്രണയമുണ്ട്, ജീവിതമുണ്ട്, ദുരന്തമുണ്ട്, ത്യാഗമുണ്ട്, അതിജീവനവുമുണ്ട്. തികച്ചും സ്വകാര്യമായൊരു പ്രണയബന്ധം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക അധ്യായങ്ങളിലൊന്നായി മാറിയത് അത്ര എളുപ്പമായിരുന്നില്ല. അത്ര അനായാസമായിരുന്നിരിക്കില്ല ഈ എഴുത്തും. ഉള്ളിൽ സൂക്ഷിച്ചിരുന്ന വേദനകളും അനുഭവങ്ങളും പോരാട്ടവുമെല്ലാം ഒരു പുസ്തകമായി പകർത്തിയെഴുതുമ്പോൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് സോണിയാജി തന്നെ പറഞ്ഞുകഴിഞ്ഞു. അത് ആ വരികളിലും തെളിഞ്ഞുനിൽപ്പുണ്ട്.

മുപ്പത്തെട്ടിൽനിൽക്കെ ആദ്യമുറിവായി ഭർത്താവിന്റെ അമ്മയുടെ വധം അധികമൊന്നും അകലെയല്ലാതെ അറിയേണ്ടിവന്ന വേദനയും അതിൽനിന്ന് അതിജീവനം സാധ്യമാകുംമുൻപേ ഭർത്താവിന്റെതന്നെ ആകസ്മിക മരണവും തെല്ലൊന്നുമാവില്ല അവരെ തളർത്തിയിട്ടുണ്ടാവുക. രാജീവ്ജിയുടെ ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ അടക്കംചെയ്ത ഒരു പെട്ടി മാത്രമാണ് അവർക്ക് ശേഷിപ്പായി മുന്നിലുണ്ടായിരുന്നത്. അന്ത്യചുംബനം നൽകാൻ മുഖം പോലും ബാക്കിയാക്കാതെ ക്രൂരമായി ഭർത്താവിനെ കൊന്നുകളഞ്ഞ പ്രതികളോട് പിൽക്കാലത്ത് ക്ഷമിക്കാൻ അവർക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ, ഒരേയൊരു സോണിയാജിക്ക്.

ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന പ്രസ്ഥാനം ബാക്കിയാക്കി ഇരുവരും കടന്നുപോയപ്പോൾ, രാഷ്ട്രീയത്തിൽനിന്ന് അകലം പാലിച്ച സോണിയാജി, അച്ഛനില്ലാത്ത തന്റെ മക്കളെ വളർത്തിയെടുക്കുന്നതിലേക്ക് മാത്രം മാറിനിൽക്കാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ, വിധി മറ്റൊന്നായിരുന്നു. പ്രസ്ഥാനവും ഈ രാജ്യത്തെ ജനാധിപത്യ, മതേതര വിശ്വാസികളും തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി ഒടുവിൽ അവർത്തന്നെ മാറ്റിനിർത്തിയ രാഷ്ട്രീയത്തെ പുണരാൻ തീരുമാനിക്കുകയായിരുന്നു, 1998-ൽ. പിന്നീട്ടിങ്ങോട്ട് കണ്ടതൊക്കെയും ഞങ്ങളുടെ പ്രിയ നേതാവ് നടത്തിയ അതിജീവനത്തിന്റെ സമാനതകളില്ലാത്ത കാഴ്ചകളും അവർക്ക് മാത്രം വഴങ്ങുന്ന നിശ്ചയദാർഢ്യവും ഓർമക്കുറിപ്പുകളിൽ നമുക്ക് വായിച്ചെടുക്കാം.

പിന്നീട്, പ്രതിസന്ധികളിൽ തളരാതെ കോൺഗ്രസ് പ്രസ്ഥാനത്തെ ജനാധിപത്യ, മതേതര മൂല്യങ്ങൾ നഷ്ടപ്പെടാതെ അധികാര രാഷ്ട്രീയത്തിലേക്ക് സോണിയാജി നയിച്ചു. 2004-ൽ നിരന്തര സമ്മർദങ്ങൾ പ്രസ്ഥാനത്തിൽനിന്നും അഭ്യുദയകാംകക്ഷികളിൽ നിന്നുമുണ്ടായിട്ടും പ്രധാനമന്ത്രി പദം വേണ്ടെന്ന് ഉറച്ച നിലപാടോടെ പ്രഖ്യാപിക്കാൻ അവർക്ക് കഴിഞ്ഞത്, ഇന്ത്യയുടെ അധികാര രാഷ്ട്രീയത്തിലെ നിഷേധിക്കാൻ കഴിയാത്ത ഏടായി എന്നും ഇവിടെ നിലനിൽക്കും. യഥാർത്ഥത്തിൽ സോണിയാജി നടത്തിയ ആ അധികാര നിരാസം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർക്ക് മാത്രം സാധ്യമായ ഒന്നായി ഇന്നും നിലകൊള്ളുകയാണ്.

അവർ എന്നും അങ്ങനെ തന്നെയായിരുന്നു. ഉപമിക്കാൻ കഴിയാത്തവിധമുള്ള സഹാനുഭൂതിയും വിമർശനങ്ങൾക്ക് നേരെയുള്ള പക്വമായ സമീപനവും അധികാരരാഷ്ട്രീയം ഭ്രമിപ്പിക്കാത്ത മനസ്സും എന്നും വേറിട്ടുനിർത്തി. ഇന്ത്യയിൽ ഇത്രകാലം ജീവിച്ചിട്ടും, സ്വന്തം ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയിട്ടും, ഏറ്റവും അരക്ഷിതമായ സ്വകാര്യജീവിതം നയിക്കേണ്ടി വന്നിട്ടും, തരംകിട്ടുമ്പോഴൊക്കെ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ആക്രമിച്ചിട്ടും വേട്ടയാടിയിട്ടും നിർമമമായി അതിനെയൊക്കെ അവഗണിക്കുകയായിരുന്നു, അവർ.

അധികാരത്തിലേക്കുള്ള കേവലയാത്രയായിരുന്നില്ല ആ ജീവിതം. വിദേശജന്മം രാഷ്ട്രീയായുധമാക്കപ്പെട്ട ഒരു ജനാധിപത്യത്തിൽ അംഗീകാരത്തിനും വിശ്വാസത്തിനും വേണ്ടി നടത്തിയ പോരാട്ടം കൂടിയുണ്ട് ആ വാക്കുകളിൽ. ഇറ്റലിയിലെ ബാല്യകാലത്തിന്റെ ലാളിത്യത്തിൽനിന്ന് ഇന്ത്യയിലെ രാഷ്ട്രീയ ജീവിതത്തിന്റെ സങ്കീർണതകളിലേക്കുള്ള യാത്രയിൽ താൻ കടന്നുപോയ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉറപ്പുള്ള പാലങ്ങളാണ് പുസ്തകത്തിലുടനീളം കാണാൻ കഴിയുക. ദുരന്തവും നഷ്ടവും തുടരെത്തുടരെ വന്നിട്ടും സ്വയം പുനർനിർമ്മിക്കാനും ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിച്ചുനിർത്താനും സോണിയാജി നടത്തിയ ശ്രമങ്ങൾ ഈ രാജ്യത്തിന് മറക്കാവുന്നതല്ല. അതുകൊണ്ടുതന്നെയാണ്, അനന്യമായ ആ ജീവിതം ഈ മഹാരാജ്യത്തിന്റെ അനുപമമായ ചരിത്രത്തിൽ സ്വന്തം ഇടം കണ്ടെത്തിയത്. ആർക്കും നിഷേധിക്കാനും തമസ്‌കരിക്കാനും കഴിയാത്ത ഇടം. തനിക്ക് പൂർണ്ണമായും അന്യമായ ഒരു സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും അതുകൊണ്ടുതന്നെയാണ് 544 പേജുള്ള ഒരു ഓർമപ്പുസ്തകം മായ്ച്ചുകളയാൻ കഴിയാത്ത വിധം ഇന്ത്യയുടെ ചരിത്രത്തിൽ അവശേഷിക്കുക.

ഈ രാഷ്ട്രത്തിന്റെ ചരിത്രത്തെ വരച്ചിടുന്നൊരു ജീവിതം എല്ലാ മതേതര, ജനാധിപത്യ വിശ്വാസികളും വായിക്കണം. അനന്യമായ ആ ജീവിതത്തിലെ കാൽപ്പനികമായ ഓർമകളുടെ വീണ്ടെടുപ്പ് എന്നതിനപ്പുറം, സാധാരണക്കാരിയായ ഒരു സ്ത്രീ ഒരു മഹാരാജ്യത്തിന്റെ അനുപമമായ ചരിത്രത്തിൽ സ്വന്തം ഇടം കണ്ടെത്തിയതിന്റെ വൈകാരികവും രാഷ്ട്രീയവുമായ സാക്ഷ്യം കൂടിയാണിത്. വർത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീയുടെ ജീവിതം.