എൻജിനീയറിങ് കഴിഞ്ഞ് ജോലി തേടി ബോംബെ എന്ന മഹാനഗരത്തിൽ എത്തിയ പൂങ്കുന്നത്തുകാരൻ കല്യാണരാമൻ എന്ന ചെറുപ്പക്കാരൻ ലോകമറിയുന്ന ഗുഡ്‌നെറ്റ് മോഹൻ എന്ന മേൽവിലാസത്തിലേക്കു വളർന്ന അസാധാരണമായ ജീവിതകഥയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മോഹനം.’ ഗുരുദത്ത്, ബാൽ താക്കറെ, അമിതാഭ് ബച്ചൻ, ആർ.ഡി. ബർമൻ, എ.ആർ. റഹ്‌മാൻ, യേശുദാസ്, കെ. കരുണാകരൻ, പത്മരാജൻ തുടങ്ങിയ വ്യക്തികളെക്കുറിച്ചുള്ള ഓർമകളും കിലുക്കം, ഞാൻ ഗന്ധർവൻ, സ്പടികം, ചാന്ദ്‌നി ബാർ തുടങ്ങിയ സിനിമകളുടെ പിറവിക്കുപിന്നിലെ അനുഭവങ്ങളും അദ്ദേഹം തന്റെ ആത്മകഥയിൽ പങ്കുവെക്കുന്നു. ‘മോഹന’ത്തിൽനിന്നും ഒരു അധ്യായം.

To advertise here,

നിർമിച്ച സിനിമകളൊന്നും സ്വന്തം ആശയങ്ങളായിരുന്നില്ല. മറ്റൊരാൾ എഴുതുന്ന കഥ, വേറൊരാളുടെ നിയന്ത്രണത്തിൽ സിനിമയാക്കുന്നു. അതിന് എത്ര പണം വേണമെന്നു വെച്ചാൽ അതിറക്കി ഞാൻ നിർമാതാവിന്റെ സ്ഥാനത്തിരിക്കുന്നു. എന്റെ സജഷൻസ് പറയാം, പക്ഷേ, അത് സംവിധായകനോ തിരക്കഥാകൃത്തോ അംഗീകരിക്കണം എന്നില്ല. കാരണം, സിനിമയുടെ മൊത്തം ചുക്കാൻ പിടിക്കുന്നത് അവരാണ്. സിനിമ എങ്ങനെ വേണമെന്നത് അവരൊക്കെക്കൂടിയാണ് നിശ്ചയിക്കുന്നത്.

നിർമാതാവിന്റെ റോൾ സിനിമയ്ക്കുവേണ്ടി പൈസ ഇറക്കുക എന്നതാണ്. ഇത്തരം ഒരവസ്ഥയിൽനിന്ന് മാറിച്ചിന്തിച്ചതിന്റെ ഫലമായി, ഒത്തൊരുമയുള്ള ഒരു ടീമിനെവെച്ച് ഹിന്ദിയിൽ ഒരു സിനിമ നിർമിച്ചതാണ് ‘ചാന്ദ്നി ബാർ.’ ഞാൻ കഥാകൃത്തല്ല. സംവിധായകനുമല്ല. പക്ഷേ, പ്രതിഭയുള്ളവരെ കോർത്തിണക്കി സ്വന്തം അഭിപ്രായത്തിനൊത്ത് ഒരു സിനിമ നിർമിക്കുകയും അത് ചരിത്രമാവുകയും ചെയ്തു. ചാന്ദ്നി ബാർ എന്ന സിനിമ അങ്ങനെ സംഭവിച്ചതായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ സിനിമ എന്റെ ജീവിതത്തിലെ അഭിമാനമായി നിലകൊള്ളുന്നു. എന്റെ സ്വന്തം സിനിമ അതു മാത്രമാണെന്നും തോന്നുന്നു.

ഗുഡ്നൈറ്റ് ഉണ്ടാക്കിയപോലെ പരിപൂർണമായ ഒരർപ്പണംതന്നെ ആയിരുന്നു ആ സിനിമ. പറഞ്ഞാൽ ആരും ഇന്നു വിശ്വസിക്കാൻ തയ്യാറാവാത്ത ഒരുപാടു കാര്യങ്ങൾ ആ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ട്. ഓർത്തുരസിക്കാൻ വക നല്കുന്നത്. ആ സിനിമയുമായി സഹകരിച്ചവർക്കെല്ലാം ഓർക്കാവുന്നത്. മകന്റെ ഒരു കൂട്ടുകാരനാണ് മധുർ ഭണ്ഡാർകർ. രാംഗോപാൽ വർമയുടെകൂടെ പ്രവർത്തിച്ച ആളാണ്. മധുർ ചിലപ്പോഴെല്ലാം സിഡികൾ എടുക്കാൻ വീട്ടിൽ വരും. ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ പുള്ളി ചുറ്റിപ്പറ്റി നില്ക്കും. അപ്പോഴൊക്കെ തനിക്കൊരു സിനിമ ചെയ്യണം എന്ന ആഗ്രഹം പറയും.

ഒരിക്കൽ ഞാൻ പറഞ്ഞു, 'ഇങ്ങനെ പറഞ്ഞാൽ സിനിമ ഉണ്ടാവുമോ മധുർ, കഥ കൊണ്ടുവാ.'

താമസിയാതെ അയാളൊരു കഥ കൊണ്ടുവന്നു. വിഷയം അധോലോകവും വെടിവെപ്പും ഒക്കെയാണ്.

'ഇതൊക്കെ രാംഗോപാൽ വർമ നന്നായിട്ടു ചെയ്ത വിഷയമല്ലേ മധുർ.' ഞാൻ പറയും.

പിന്നെയും ഒരെണ്ണം കൊണ്ടുവരും, അതും കഥ മേല്പറഞ്ഞ വിഷയംതന്നെയാവും. അധോലോകം, അടിയും ഇടിയും തുടങ്ങിയ ഹിന്ദിയിലെ സാധാരണ മസാലകൾ.

അയാൾക്കതിൽനിന്ന് ഒരിഞ്ചു മുന്നോട്ടു പോവാനാവില്ല. അതിനപ്പുറം അറിയില്ല. രാംഗോപാൽ വർമ മാത്രമാണ് അയാൾക്ക് തലയിൽ.

'എന്നാപ്പിന്നെ ബാർ ഗേളുകളെക്കുറിച്ചാവാം.' കഥയിൽ വഴിമുട്ടിയ മധുർ പറഞ്ഞു.

'എന്നാൽ കഥ ഉണ്ടാക്കൂ.' ഞാൻ പറഞ്ഞു.

പുള്ളി ബാർ ഗേളിൽ കഥ തുടങ്ങി അധോലോക ബന്ധത്തിലേക്കുതന്നെ പോയി.

ഇവിടെയാണ് ഞാനൊന്ന് ചലഞ്ച് ചെയ്തത്. അപ്രതീക്ഷിതമാണ്.

സാന്താക്രൂസിലെ കലീനയിൽ സുഹൃത്ത് ഷെട്ടിക്ക് ഒരു ബാറുണ്ട്.

ഷെട്ടിയെ പിടികൂടി കാര്യങ്ങൾ അവതരിപ്പിച്ചു. അയാൾ പറഞ്ഞു, 'മോഹൻജി, ഇവിടെ പതിനൊന്നു പേരുണ്ട്. ഉത്തരപ്രദേശങ്ങളിൽനിന്ന് വന്നവർ. ഞാൻ അവരെ പരിചയപ്പെടുത്തിത്തരാം.'

ഷെട്ടി ഒരു കാര്യംകൂടി കൂട്ടിച്ചേർത്തു. 'അവരൊക്കെ അവരുടെ കഥകൾ സത്യമായിട്ടു പറഞ്ഞെന്നുവരില്ല. നിത്യവും നിങ്ങൾ ബാറിൽ വരാൻ തുടങ്ങിയാൽ അപവാദവും കേൾക്കേണ്ടി വരും, കാരണം, നിങ്ങൾ വളരെ അറിയപ്പെടുന്ന ഒരാളാണ്.'

ആശയക്കുഴപ്പം ചർച്ചചെയ്തു വന്നപ്പോൾ ഷെട്ടി മറ്റൊരു നിർദേശം മുന്നോട്ടു വെച്ചു.

'ബാർ ഗേളായിരുന്ന ഒരു തള്ളയുണ്ട്. ഇപ്പോൾ പണി ചീട്ടുകളിക്കുന്നവരുടെ ബിനാമി ആയിട്ട് കളിക്കുക എന്നതാണ്. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞേ അവർ ഫ്രീ ആവൂ. അവരെ ഏർപ്പാടാക്കാം. അത് പറ്റുമോ?'

ഞാൻ സമ്മതിച്ചു. 'പക്ഷേ, സിനിമയ്ക്കുവേണ്ടിയാണ് സംസാരിക്കുന്നത് എന്ന് പറയരുത്. അത് സംഗതികൾ ഏടാകൂടമാക്കും. ഞാൻ ഒരു പത്രക്കാരനാണ് എന്നു പറഞ്ഞാൽ മതി.'

അങ്ങനെ കക്ഷിയെ കണ്ടു. അവർ ചീട്ടുകളി കഴിഞ്ഞു വന്നപ്പോൾത്തന്നെ മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു. ഒരു അൻപത്തഞ്ചു വയസ്സുണ്ടാവും. പഴയ പ്രതാപത്തിന്റെ മങ്ങിയ രേഖകൾ ശോകമായി മുഖത്തുണ്ട്. നഷ്ടപ്പെട്ടുപോയ ഇന്നലെകളുടെ രാത്രികൾ കൺതടങ്ങളിൽ കറുത്ത പാടുകൾ വീഴ്ത്തിയിരിക്കുന്നു. എന്നെ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു എന്ന ഒരു കൂസലില്ലായ്മ പ്രകടമായുണ്ട്. ഞാൻ ഇത്തരമൊരു അവസരം ജീവിതത്തിൽ അഭിമുഖീകരിച്ചിട്ടില്ല. അതിന്റെ പരിഭ്രമം ഉണ്ട്. പക്ഷേ, ഞാൻ സ്വയം താക്കീത് ചെയ്തു. ഞാൻ പത്രക്കാരനായിട്ടാണല്ലോ വന്നിരിക്കുന്നത്. പതറരുത്.

തള്ള പെട്ടെന്ന് ഇടപെട്ടു, 'ഷെട്ടി സേട്ട് പറഞ്ഞു എന്തോ സംസാരിക്കാൻ ഉണ്ടെന്ന്.' അവർ തുടർന്നു, 'സംസാരിക്കാം, അതിനുവേണ്ടി മനസ്സൊന്നുണരാൻ ഒരു മൂന്നെണ്ണം അകത്തു ചെല്ലണം. അരിസ്റ്റോക്രാറ്റ് മതി. സോഡാ വേണ്ട. വായയിൽ ഇടാൻ കടലയും കൂടെ ബോംബിൽ ഫ്രൈയും മതി.'

തുടർന്ന് അവർ പടപടാ മൂന്നെണ്ണം അകത്താക്കി. ബോംബിൽ ഫ്രൈയുടെ വൃത്തികെട്ട മണവുമായി അവർ തയ്യാറായി. ഞാൻ നേരിയ ഭയപ്പാടോടെ ചിലതൊക്കെ ചോദിച്ചുതുടങ്ങി.

ഈ സ്ത്രീയുടെ മനസ്സിൽ ജീവിതത്തിന്റെ മയിൽപ്പീലികളുണ്ടോ? ഇറച്ചിവെട്ടുകാരന്റെ ഉള്ളിലെ ചോരയുടെ സംഹാരംപോലെ ഇവരുടെ മനം അപ്പാടേ അലർച്ചകളും ജീവിതരൗദ്രതകളും മാത്രമാണോ?

ആദ്യത്തെ ദിവസം അവർ ഉള്ളിൽ ക്ഷോഭത്തിന്റെ കനൽ നിറച്ചു പകയോടെ നോക്കിനോക്കി ഇരുന്നു വിറകൊണ്ടതേയുള്ളൂ. ഞാൻ പിന്മാറിയില്ല. ദിവസവും കണ്ടുതുടങ്ങിയപ്പോൾ അവരുടെ മനസ്സിലെ അഗ്‌നിരേഖകൾ തെളിഞ്ഞുതെളിഞ്ഞു വന്നു. അത് കരയാനും വിലപിക്കാനും തുടങ്ങി, പതിനാലാം ദിവസം അവർ അവരുടെ ഏകദേശ ജീവിതകഥ പൂർത്തിയാക്കി സോഫയിൽ വീണു പൊട്ടിപ്പൊട്ടി കരഞ്ഞു.

പേരു പറയുന്നില്ല. ആ സ്ത്രീയുടെ കഥയായിരുന്നു ചാന്ദ്നി ബാർ.

മധുർ ഭണ്ഡാർകറിന് സിനിമ എഴുതാൻ അറിയില്ല. എനിക്കും. കഥയുടെ സമഗ്രമായ മുഴുവൻ ചിത്രങ്ങളും എന്റെ മനസ്സിലുണ്ട്. അത് സീനുകളാക്കണം. അതും എന്റെ മകന്റെ ഒരു കൂട്ടുകാരനെക്കൊണ്ട് ചെയ്യിപ്പിക്കാം എന്നായി. കുറച്ചു സീരിയലുകളും നാടകവുമൊക്കെയായി നടന്നിരുന്ന മോഹൻ ആസാദ് എന്നൊരു ചെറുപ്പക്കാരനെ കണ്ടെത്തി. അയാൾക്കൊരു സഹായിയായി മിർസാ എന്നൊരു പയ്യനും. അനുഭവതീവ്രതയ്ക്കുവേണ്ടി മധുറിനെയും മോഹൻ ആസാദിനെയും കൂട്ടി ഞാൻ ഷെട്ടിയുടെ ബാറിൽ പോയി. ഷോ കാണാനല്ല. എന്താണവിടെ നടക്കുന്നത്, എങ്ങനെയാണ് അവർ രംഗത്തും അണിയറയിലും പെരുമാറുന്നത് എന്നൊക്കെ കണ്ടുമനസ്സിലാക്കാൻ.

ബിയർ ബാറിൽ പോവാനുള്ള തുറന്ന ലൈസൻസ് എന്റെ വീട്ടിൽനിന്നു കിട്ടിയിട്ടുണ്ട്. സിനിമയ്ക്ക് കഥ ഉണ്ടാക്കാനായി. എനിക്കതിൽ വലിയ രസം തോന്നി. ബാർ ഗേൾസിന്റെ ഗ്രീൻ റൂമിൽ നടക്കുന്ന പരസ്പരമുള്ള സംഭാഷണങ്ങൾ ഒരുമാതിരിപ്പെട്ടവർക്കൊന്നും സഹിക്കാൻ പറ്റുമോ എന്നത് സംശയമാണ്. നമ്മളൊന്നും കേൾക്കാത്ത തരം പൊട്ട തെറികളും ഞെട്ടിക്കുന്നതരം ലൈംഗികധ്വനിയുള്ള അംഗവിക്ഷേപങ്ങളുംകൊണ്ട് ഗ്രീൻ റൂം ഉടയാടയില്ലാതെ കിടക്കുംപോലെ തോന്നി. അധികസമയം അവിടെ നില്ക്കാനാവില്ല. മനം മടുക്കും. ആ വൃത്തികെട്ട സംസാരങ്ങളും വില കുറഞ്ഞ സെന്റിന്റെ മണവും പാതിയും നഗ്‌നമായ അറപ്പിക്കുന്ന അവരുടെ ശരീരചേഷ്ടകളും ഒക്കെക്കൂടിയുള്ള ഒരു ചുവന്ന തെരുവാണത്. എന്നാൽ അരങ്ങിൽ വരുമ്പോൾ, എല്ലാവരെയും സുഖിപ്പിക്കുന്നതിന്റെ ഭാഗമായി അവർ അണിയുന്നത് മറ്റൊരു മുഖമായിരിക്കും.

ആദ്യം ഞാൻ ബാറിൽനിന്ന് റിട്ടയർ ചെയ്ത ആ തള്ളയുടെ ജീവിതകഥ എഴുതിച്ചു. വൺലൈൻ സ്റ്റോറി അല്ല. വിശദമായിട്ടുതന്നെ. എന്നിട്ടത് വീണ്ടും വീണ്ടും വായിച്ചു പരിശോധിച്ച് വേണ്ട തിരുത്തലുകൾ നടത്തി. കഥയുടെ വ്യക്തമായ രൂപരേഖ ഉണ്ടാക്കിക്കഴിഞ്ഞ് സീനുകൾ എഴുതാൻ തുടങ്ങി. അപ്പോഴും ഓരോ സീനിലും നടക്കുന്ന കാര്യങ്ങൾ വ്യക്തമായി ചർച്ച ചെയ്തു. മോഹൻ ആസാദ് മിടുക്കനായിരുന്നു എഴുതാൻ. പുള്ളിയുടെ സിനിമയുമായിട്ടുള്ള മധുവിധുവുമാണ്. തിരുത്തിയും എഴുതിയും വന്നപ്പോൾ അതിന് അതിന്റെതായ ഒരു പൊലിമ വന്നു.

സദാസമയവും ഇതിന്റെ പിന്നാലെ ആയപ്പോൾ എന്റെ മൂഡ് ആകെ മാറി.

എന്റെ ഈ ഭാവമാറ്റം വീട്ടിൽ ചർച്ചയായി. മകനാണ് ചോദിച്ചത്. 'അല്ല ഡാഡീ, വീണ്ടും നിങ്ങൾ ഗുഡ്നൈറ്റ് ഉണ്ടാക്കുന്നോ?'

'ശരിക്കും. ഗുഡ്നൈറ്റ് അല്ല, ചാന്ദ്നി ബാർ എന്ന സിനിമ.' ഞാനതിന് ഇങ്ങനെയാണ് പ്രതികരിച്ചത്.

അവൻ എന്നെ നോക്കി കുറെ നേരം ഇരുന്നു.

'അല്ല ഡാഡീ, സ്‌ക്രിപ്റ്റ് ഒക്കെ റെഡിയാവുന്നു. അപ്പൊ ആരായിരിക്കും സംവിധായകൻ?'

ഞാൻ പറഞ്ഞു, 'സംവിധായകന് ഇതിൽ വലിയ റോളില്ല.'

'എങ്കിൽ എന്റെ കൂട്ടുകാരനെ സംവിധാനം ഏല്പിച്ചുകൂടേ? പാവം രക്ഷപ്പെടട്ടെ.'

എന്റെ മൗനസമ്മതം കണക്കിലെടുത്ത് അവൻ മധുറിനോട് ഈ കാര്യം പറഞ്ഞു.

മധുർ ഭണ്ഡാർകർ സന്തോഷത്തിന്റെ തേരിലേറിയാണ് എന്റെ മുൻപിൽ വന്നത്. നന്ദിയും വിനയവും കൊണ്ട് വാക്കുകൾ പലപ്പോഴും തൊണ്ടയിൽ തടയുന്നുണ്ടായിരുന്നു അയാൾക്ക്. തന്റെ സിനിമാജീവിതത്തിലെ അപൂർവസംഭവമാണിത്, അയാൾക്ക്.

സ്വതന്ത്രമായി ആദ്യം ചെയ്യാൻ പോണ സിനിമ. അവസരങ്ങൾ നോക്കിനോക്കി ഇരുന്നവനേ അതിന്റെ വില അറിയൂ. മധുർ ഭണ്ഡാർകറിനെവെച്ച് പടമെടുക്കുന്നുവെന്നറിഞ്ഞ രാംഗോപാൽ വർമ എന്നെ വിളിച്ചു.

'മോഹൻജി, ഞാൻ വിചാരിച്ചു നിങ്ങൾ ഒരു സെൻസുള്ള പ്രൊഡ്യൂസറാണെന്ന്.'

'എന്തുപറ്റി?' ഞാൻ വിനയത്തോടെ ചോദിച്ചു.

'ഞാൻ കേട്ടു നിങ്ങൾ മധുറിനെവെച്ചൊരു ഫിലിം ചെയ്യാൻ പോണെന്ന്. ഇഫ് യൂ ആർ ടേക്കൻ ദാറ്റ് ഡിസിഷൻ, ഇറ്റ് വിൽ കോസ്റ്റ് എ ലോട്ട്. മോഹൻജി, എന്റെ എല്ലാ സഹസംവിധായകർക്കും ഞാൻ ഓരോ ചിത്രങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കൊടുത്തു, മധുറിനെ ഒഴിച്ച്, വൈ?'

എനിക്ക് അതിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല.

ഇപ്രകാരമുള്ള ആശങ്കകൾക്കും ഉത്കണ്ഠകൾക്കും എന്റെ ആശയവീര്യം കെടുത്താൻ കഴിഞ്ഞില്ലെന്നതാണ് സത്യം.

ഞാൻ ഉദ്ദേശിച്ചവിധം സിനിമ ചിത്രീകരിക്കാൻ രാജീവ് രവി എന്ന ക്യാമറാമാന്റെ സംഭാവന കുറച്ചൊന്നുമായിരുന്നില്ല. മറ്റൊരു ഘടകം രാജീവ് രവിയുടെ ആദ്യചിത്രമായിരുന്നു ഇത്. അയാളുടെ ഊർജം അപാരമാംവിധം ഇതിൽ സന്നിവേശിപ്പിക്കാൻ അയാൾ ശ്രമംകൊണ്ടിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും എനിക്ക് ഞാൻ ഉണ്ടാക്കിയ കഥയിൽ ഒരു സന്ദേഹം. ശരിക്കു പറഞ്ഞാൽ ഇത് വർക്ക് ആവുമോ എന്ന് എന്റെ ഉള്ളിലൊരു സംശയം. അതു പലപ്പോഴും എന്നെ ചിന്തിപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആശ്വാസം തേടി, അടുത്തറിയുന്ന സിനിമാരംഗത്തെ പലരെയും സമീപിച്ചു.

ആദ്യം ലോഹിതദാസിനെ വിളിച്ചു. അദ്ദേഹം എന്റെ ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും വളരെ അടുപ്പമുള്ള ആളാണ് എനിക്ക്. ഞാൻ എറണാകുളത്ത് ലോഹിയെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി. എന്നിട്ട് ഈ കഥ ലോഹിക്കു മുൻപിൽ വള്ളിപുള്ളി വിടാതെ നരേറ്റ് ചെയ്തു. രണ്ടു മണിക്കൂർ ഒരക്ഷരം മിണ്ടാതെ ലോഹി കഥ കേട്ടിരുന്നു. കഥ കഴിഞ്ഞ് ഞാൻ നിശ്ശബ്ദനായി ലോഹിയുടെ മുഖത്തേക്കു നോക്കി.

'മോഹൻ സാർ, ഇത് നൂറു ശതമാനം വർക്ക് ആവും.' ഒരു സംശയവും പ്രകടിപ്പിക്കാതെയാണ് ലോഹി ഇതു പറഞ്ഞത്.

അതെങ്ങനെ പറയാനാവും എന്ന മുഖഭാവത്തോടെ ഞാൻ ലോഹിയെ നോക്കി.

'ഇത് കിരീടമാണ്, മോഹൻസാർ...'

ഞാൻ ഒന്ന് സ്തംഭിച്ചു.

'കിരീടമോ?'

ലോഹിതദാസ് പറഞ്ഞു, 'കഥയുടെ മനഃശാസ്ത്രമാണ് ഞാൻ പറഞ്ഞത്. കിരീടത്തിൽ മോഹൻലാലിനു സംഭവിക്കുന്ന ജീവിതം. അതിൽ പുരുഷനാണ് പ്രധാന ക്യാരക്റ്റർ. ഇവിടെ വലിയൊരു മാറ്റത്തോടെ ഒരു പെൺനായികയും. ഇത് കൂടുതൽ വർക്ക് ആവും സാർ. ഉറപ്പാണ്.'

ഞാൻ എന്റെ ഈ പരീക്ഷണം പിന്നെയും തുടർന്നു.

പ്രിയദർശനോടും രഞ്ജിത്തിനോടും ജയരാജിനോടും ഒക്കെ ഈ കഥ പറഞ്ഞുകേൾപ്പിച്ചു. അവരെല്ലാംതന്നെ കഥയിൽ ഏക അഭിപ്രായംതന്നെയാണ് പറഞ്ഞത്.

ജയരാജ് പറഞ്ഞു, 'മോഹനേട്ടാ, ഈ കഥ നൂറ്റിയൊന്ന് ശതമാനം വിജയിക്കും. ഉറപ്പാണത്.'

കഥയുടെ കാര്യത്തിൽ എനിക്കൊരു സമാധാനമായി.

ഹിന്ദിയിൽ ഒരു സിനിമ എടുക്കുന്നതിന് ബഡ്ജറ്റ് വളരെ വലുത് വേണം. ഹീറോതന്നെ കോടികൾ വാങ്ങും.

ഇതിൽ ആ ശല്യം ഇല്ലല്ലോ!

പാട്ടുകളില്ലാതെ ഒരു ഹിന്ദി ഫിലിം സങ്കല്പിക്കാനാവില്ല. അത് തിരുത്തിക്കുറിച്ചു. പ്രത്യേകിച്ച് ഇതിൽ പാട്ടുകളൊന്നും ഇല്ല. എന്നാൽ, ഹിന്ദി സിനിമയിലെ പഴയ പല സുവർണഗാനങ്ങളുടെയും ശകലങ്ങൾ കഥയുടെ മുഹൂർത്തം ആവശ്യപ്പെടുന്നപോലെ ചേർക്കുവാൻ തീരുമാനിച്ചു. അതിനുള്ള അനുമതികളും വാങ്ങി.

നായികയാണ് ഈ സിനിമയിലെ ഹീറോ. അത് ആര് വേണം?

മധുർ എപ്പോഴും ഉരുവിട്ടുകൊണ്ടിരുന്ന പേര് രവീണാ ടണ്ടൻ ആയിരുന്നു.

ഒരുപാട് ആലോചനകൾക്കുശേഷം എന്റെ മനസ്സിൽ ബാർഗേളായി രൂപാന്തരം പ്രാപിച്ചത് തബു ആയിരുന്നു.

'മോഹൻസാർ, ഇത്രയും വലിയൊരു നടി എന്നെപ്പോലൊരാളുടെ ചിത്രത്തിൽ അഭിനയിക്കാൻ കൂട്ടാക്കുമോ?' മധുർ ഭണ്ഡാർകർ സംശയിച്ചു.

'നീ അതൊന്നും ചിന്തിച്ചു ബേജാറാവേണ്ട.'

അപ്പോൾത്തന്നെ ഞാൻ തബുവിനെ വിളിച്ചു. അവർ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു.

തബു എന്റെ ചിത്രമായ കാലാപാനിയിൽ അഭിനയിച്ചതാണല്ലോ. ആ ബന്ധമാണ് ഇങ്ങനെ ഒരു ഫോൺകോൾ ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നത്.

സ്നേഹത്തോടെ തബു ഞങ്ങളെ സ്വീകരിച്ചു.

'മോഹൻജി ഇത്ര കാലമായിട്ടും എന്റെ വീട്ടിൽ വന്നിട്ടില്ല. ഈ ആദ്യവരവിലെ ഉദ്ദേശ്യം പറഞ്ഞാലും.' തബു പറഞ്ഞു.

കൃത്യമായ വാക്കുകളാണ് തബുവിനോടു പറയാൻ ഞാൻ മനസ്സിൽ ഒരുക്കി വെച്ചിരിക്കുന്നത്.

'തബു, ഞാൻ ഹിന്ദിയിലൊരു സിനിമയെടുക്കുന്നു. അസാധാരണമായൊരു കഥയാണ്. നായികയാണ് ലീഡ് റോളിൽ. സാധാരണ ഹിന്ദി സിനിമയിലെപ്പോലെ നായകനായിരിക്കില്ല ഈ സിനിമ നയിക്കുന്നത്.'

തബു ഞാൻ എന്താണ് പറയാൻ പോവുന്നതെന്ന് അറിയാനുള്ള ആകാംക്ഷയോടെ എന്നെ നോക്കി.

'ഞാൻ കഥ പറയട്ടെ.'

'പറയൂ മോഹൻജി, കേൾക്കട്ടെ ആ അസാധാരണ കഥ.'

ഞാനല്ല തബുവിന് മുൻപിൽ. കഥയുടെ നക്ഷത്രങ്ങൾ ഉള്ളിൽ പിടയുന്ന ഒരു കഥാകാരനായി ഞാൻ പരിണമിക്കുകയാണ്.

കഥ കേട്ടുകൊണ്ടിരിക്കുമ്പോൾ തബു, കേൾക്കുന്ന കഥയുടെ കണ്ണാടിയാണ് എനിക്ക് മുൻപിൽ. അവരുടെ മുഖം നിറയെ ഞാൻ പറയുന്ന കഥയുടെ തിരയിളകുന്നു.

ഞാൻ എന്നെത്തന്നെ മറന്ന് കഥ പറയുകയാണ്...

ഇടയ്ക്ക് തബു അസ്വസ്ഥയായി പറഞ്ഞു, 'മോഹൻജി പ്ലീസ്... മതി... ഞാൻ പടം ചെയ്യാം.'

 

മധുർ നാവിൽ വെള്ളം വറ്റി സോഫയിൽ ഇരിപ്പുണ്ട്.

ഞാൻ പറഞ്ഞു, 'തബു, നിങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നതിന് ഞാൻ കാശൊന്നും തരില്ല. ഹിന്ദിയിൽ ബഡ്ജറ്റ് കാര്യമായില്ലാതെ ഒരു സിനിമ എടുക്കാനുള്ള എന്റെ ശ്രമം ആണ്. ബട്ട്, നിങ്ങൾക്ക് ഇതിലെ അഭിനയത്തിന് ഒരു അവാർഡ് തീർച്ചയായും പ്രതീക്ഷിക്കാം.'

'അയ്യോ മോഹൻജി, അവാർഡ് മാത്രംകൊണ്ട് മതിയാവുമോ? എന്റെ അടുക്കളയിലും തീ കത്തണ്ടേ. അതുകൊണ്ട്...' തബു ചിരിച്ചുകൊണ്ട് പറഞ്ഞു.

'ഈ പ്രശ്നത്തിന് ഞാനൊരു വാക്ക് തരാം തബു...'

ഉത്കണ്ഠയോടെ തബു എന്നെ നോക്കി.

'ഉത്തരപ്രദേശ്, ദില്ലി ടെറിട്ടറിയിൽ കിട്ടുന്ന കളക്ഷൻ നിങ്ങൾക്കെടുക്കാം. അതും വില്ക്കാൻ പറ്റിയാൽ.'

ഞാൻ മേലും കീഴും നോക്കാതെ വാക്കുകൊടുത്തു. ആ വാക്കിന്റെ പുറത്ത് തബു പിന്നൊന്നും പറഞ്ഞില്ല.

പടം ഹിറ്റാവുകയും നല്ലൊരു ലാഭശതമാനം തബുവിനു കിട്ടുകയും ചെയ്തു.

ഞങ്ങൾ ഇറങ്ങുമ്പോൾ തബു വാതിലിൽനിന്ന് ചോദിച്ചു, 'മോഹൻജി, ആരാണ് ഈ കഥ എഴുതിയത്?'

'കഥ എഴുതിയതല്ല. ഒരു പെണ്ണിന്റെ ജീവിതമാണ് ഇത്. കലീനയിൽ ഉണ്ട് ഇപ്പോഴും ആ ജീവിതം.'

വാതിലിൽ വിറങ്ങലിച്ച ഒരു നോട്ടവുമായി തബു നിന്നുപോയി.

ഷൂട്ടിങ് പുരോഗമിക്കുംതോറും മധുർ എന്റെ ഓഫീസിൽ മുടങ്ങാതെ വരും. ഒരു പാട്ടുസീനെങ്കിലും വേണം.

'അതെന്തിനാ മധുർ, അനാവശ്യമായൊരു പാട്ട്?' ഞാൻ അയാളെ നിരുത്സാഹപ്പെടുത്തും. 'പാട്ടുകൾക്ക് നമ്മൾ സന്ദർഭത്തിനൊത്ത് പഴയ ഗാനങ്ങൾ ചേർക്കുന്നുണ്ടല്ലോ. നായിക ആടിപ്പാടേണ്ട ഒരു കഥയല്ല ഇത്.'

'എന്നാലൊരു ടൈറ്റിൽ സോങ്?' മധുർ ഹിന്ദി സിനിമയിൽനിന്ന് കിട്ടിയ വികലമായ പാഠമാണ് ഉരുവിടുന്നത്.

ഈ സിനിമയുടെ ചിത്രീകരണം ഉജ്ജ്വലമാക്കിയതിൽ രാജീവ് രവിക്കുള്ള പങ്ക് നിസ്സാരമല്ല.

സത്യത്തിൽ ചാന്ദ്നി ബാറിന്റെ ക്യാമറാമാനായി നിശ്ചയിച്ചിരുന്നത് വേണുവിനെയായിരുന്നു. ആ സമയത്ത് അദ്ദേഹം മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നതിനാൽ, വേണുവാണ് രാജീവ് രവിയെ സജസ്റ്റ് ചെയ്തത്.

രാജീവ് രവിയുടെ ആദ്യത്തെ സിനിമയാണ് ചാന്ദ്നി ബാർ. വേണു ധൈര്യസമേതം അദ്ദേഹത്തെ റെക്കമെൻഡ് ചെയ്തതിന്റെ പിന്നിൽ രാജീവ് രവിയുടെ കഴിവു മാത്രമല്ല പരിഗണിച്ചത്. ഒരാളുടെ ആദ്യസിനിമയാവുമ്പോൾ, അത് അയാൾക്ക് സിനിമാരംഗത്തേക്കു പിടിച്ചുകയറാനുള്ള പിടിവള്ളികൂടിയാണ്. ശ്രദ്ധകൊണ്ടും ത്യാഗംകൊണ്ടും തന്നെത്തന്നെ അവതരിപ്പിക്കാൻ അതുകൊണ്ട് ഉത്സാഹം കൂടും.

രാജീവ് രവിയെ തീരുമാനിച്ച് ചിത്രീകരണം ആരംഭിക്കാൻ തുടങ്ങുമ്പോൾ വേണുവിന്റെ പ്രോജക്ട് മാറ്റിവെക്കപ്പെട്ടിരുന്നു. അങ്ങനെ വേണുവിനെത്തന്നെ ക്യാമറ ഏല്പിക്കാൻ തുനിഞ്ഞപ്പോൾ, വേണു സ്വയം അതിൽനിന്ന് ഒഴിഞ്ഞുമാറി, രാജീവ് രവിയുടെ ആദ്യസംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും അനുഗ്രഹിക്കുകയുമാണ് ചെയ്തത്.

സിനിമയിൽ ഇത്തരം സംഭവങ്ങൾ വിരളമാണ്. വേണുവിന്റെ മഹത്ത്വമാണിതെന്നു പറയാതിരിക്കാനാവില്ല.

മധുറിനെ കുറച്ചുകാണിക്കയല്ല. ഒരു സംവിധായകന്റെ കൃത്യമായ സ്വന്തം ബോധം അയാൾക്ക് തീരേ ഇല്ലായിരുന്നു.

അമേരിക്കയിൽ പോയി സിനിമ പഠിച്ച എന്റെ മകൻ അമിത്തിന്റെ ഒരു വലിയ പങ്ക് ഈ സിനിമയിൽ ഉണ്ട്. അവനും അവന്റെ കൂട്ടുകാരൻ ഹേമൽ കോത്താരിയും ചേർന്നാണ് ഈ ഫിലിം എഡിറ്റ് ചെയ്തത്; ക്രെഡിറ്റിൽ അവന്റെ പേര് വെച്ചിട്ടില്ലെങ്കിലും.

പടം തീർത്തു കണ്ടപ്പോൾ എനിക്കതിന്റെ ക്ലൈമാക്സ് ശരിയായി തോന്നിയില്ല.

മൊത്തം ടീമിനെ വിളിച്ചിരുത്തി ഞാൻ ഈ കാര്യം ചർച്ച ചെയ്തു. ആർക്കും മറ്റൊരു ക്ലൈമാക്സ് സജസ്റ്റ് ചെയ്യാനും ഇല്ല. അവസാനം എന്റെ മനസ്സിൽ നിറഞ്ഞു വിങ്ങിനില്ക്കുന്ന ആ സീൻ ഞാൻ ശരിക്കും അഭിനയിച്ചുതന്നെ കാണിച്ചു. എല്ലാ ആശകളും കൈവിട്ട് ജീവിതം കഠോരമായിത്തന്നെ വീണ്ടും മുൻപിൽ നിവരുന്ന നിമിഷം അവൾ പൊട്ടിപ്പൊട്ടി കരഞ്ഞ് താഴേക്ക് മെല്ലെ ഇരുന്നുപോവുന്ന സീൻ.

എല്ലാവരും ശരിക്കും എന്റെ അവതരണത്തിലും ക്ലൈമാക്സിന്റെ പുതിയ മാറ്റത്തിലും കൂട്ടമായിത്തന്നെ അഭിനന്ദിച്ചു.

വെർസോവ മീൻ മാർക്കറ്റിൽവെച്ച് ക്ലൈമാക്സ് വീണ്ടും ചിത്രീകരിച്ചു.

മൂന്നു ദിവസം എടുത്തു ആ സീൻ പൂർത്തിയാക്കാൻ. ആദ്യത്തെ ദിവസത്തെ ഷൂട്ടിങ് കൊണ്ടുതന്നെ ആ മീൻ മാർക്കറ്റിലെ വൃത്തികെട്ട അന്തരീക്ഷംമൂലം തബുവിന് അസുഖംപിടിച്ചു. പക്ഷേ, പിറ്റേന്നും അതിന്റെ പിറ്റേന്നും അവർ ഷൂട്ടിങ്ങിൽ സഹകരിച്ചു. ആ സിനിമയിൽ എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഒന്നാംതരമാക്കി. ടൈറ്റിലിൽപ്പോലും എന്റെ പേരു വെക്കാൻ മകൻ സമ്മതിച്ചില്ല. ഒരു സ്ത്രീപക്ഷസിനിമ എന്ന നിലയിലാണ് നിർമാണം ലതാമോഹൻ എന്നു വെച്ചതെന്ന് മകൻ പറഞ്ഞു.

പുണ്യം എന്റെ ഭാര്യയ്ക്കു കിട്ടി. പ്രസിഡന്റ് അബ്ദുൽ കലാമിന്റെ കൈയിൽനിന്ന് അവാർഡ്; നാലു ദേശീയ അവാർഡുകളുടെ കൂട്ടത്തിൽ.

ചാന്ദ്നി ബാർ സിനിമ ഹിന്ദി സിനിമാചരിത്രത്തിൽ ഒരു രജതരേഖയായി. തെക്കേ ഇന്ത്യക്കാർക്ക് അപ്രാപ്യമായ വിഷയമായിരുന്നു ചാന്ദ്നി ബാർ എന്നതുകൊണ്ട് അവിടെ കാര്യമായ ചലനങ്ങൾ ഒന്നും ഉണ്ടായില്ല.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അത് വമ്പിച്ച ചലനങ്ങൾ ഉണ്ടാക്കി. പ്രത്യേകിച്ച് ബിഹാറിലും ഉത്തരപ്രദേശിലും. ആർട്ട് സിനിമയും കച്ചവടസിനിമയും എന്നുള്ള കൂറ്റൻസങ്കല്പം അത് തകർത്തു. നായകനില്ലാത്ത, പാട്ടുകൾ ഇല്ലാത്ത സിനിമയും ഹിന്ദിയിൽ വിജയിക്കുമെന്ന് അതു കാണിച്ചു തന്നു.

ചാന്ദ്നി ബാറിന്റെ ആദ്യത്തെ പ്രീമിയർ ഷോ വളരെ വിദഗ്ധമായിട്ടായിരുന്നു സംഘടിപ്പിച്ചത്. അത് എന്റെതന്നെ ആശയമായിരുന്നു. ബോംബെയിലുള്ള ഒട്ടുമിക്ക ബാറുകളിൽനിന്നുമായി അവിടെ പണിയെടുക്കുന്ന പത്തുപത്തു പെൺകുട്ടികളെ പ്രത്യേകം ക്ഷണിച്ചിട്ടാണ് ഷോ വെച്ചത്. അവരുടെ സമയത്തിന്റെ സൗകര്യം നോക്കി രാവിലെയാണ് ചിത്രം പ്രദർശിപ്പിച്ചത്.

വളരെ താത്പര്യപൂർവം അഞ്ഞൂറോളം പെൺകുട്ടികൾ ആ സിനിമ കാണാൻ വന്നു. ഈ വാർത്തയറിഞ്ഞ് നിരവധി ചാനലുകൾ ഈ അപൂർവസംഭവം റിപ്പോർട്ട് ചെയ്യാനെത്തിയത് വലിയ പരസ്യമായി. ബാറിൽ പണിയെടുക്കുന്ന ഓരോ പെൺകുട്ടിയോടും ചാനലുകാർ അഭിപ്രായങ്ങൾ ചോദിച്ചു. അവരുടെ വികാരപ്രകടനങ്ങൾതന്നെ ചാന്ദ്നി ബാർ എന്ന സിനിമ അവരെയൊക്കെ എങ്ങനെ സ്പർശിച്ചു എന്നും, പ്രേക്ഷകർ ആ സിനിമയെ എങ്ങനെ സ്വീകരിക്കാൻ പോകുന്നുവെന്നും തെളിയിക്കുന്നതായിരുന്നു.

ഷോ കഴിഞ്ഞ് ഞാൻ ഒരതിശയം കണ്ടു, സിനിമ കാണാൻ വന്ന ഓരോ പെൺകുട്ടിയും അവിടെ സന്നിഹിതയായിരുന്ന, അഭിനയംകൊണ്ട് ആ കഥാപാത്രമായി ജീവിച്ച തബുവിനെയല്ല പോയി കണ്ടത്. അതുൽ കുൽക്കർണിയെയാണ് അവർ ഹൃദയപൂർവം നെഞ്ചിലേറ്റിയത്. കാരണം, ഒരു ബാറിൽ ജോലി ചെയ്യുന്നവളായിട്ടും അവളെ അതുൽ കുൽക്കർണി കല്യാണം കഴിച്ച വലിയ മനസ്സാണ് അവരുടെ ഹൃദയം കവർന്നത്. ഗുണ്ടയായ കഥാപാത്രത്തെയാണ് അതുൽ കുൽക്കർണി അതിൽ അവതരിപ്പിച്ചിരുന്നത്.

ഒരു സിനിമയെ പ്രേക്ഷകർ അവരവരുടെ രീതികളിലായിരിക്കും കാണുന്നതെന്ന വലിയൊരു സത്യവും ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാം. സിനിമാപ്രേക്ഷകരുടെ പോയിന്റ് ഓഫ് വ്യൂ എന്നെ അമ്പരപ്പിച്ചു കളഞ്ഞു. എന്തൊരു സ്വാധീനമാണ് സിനിമ മനുഷ്യരിൽ ചെലുത്തുന്നത്?

ഈ സിനിമയെപ്പറ്റിയറിഞ്ഞ് മാധുരി ദീക്ഷിത് പടം കാണണം എന്ന് എന്നോടു പറഞ്ഞു.

ഞാൻ പറഞ്ഞു, 'പടം കണ്ടിട്ട്, നിങ്ങളുടെ അഭിപ്രായത്തിന്റെ ഒരു ബൈറ്റ് ഷൂട്ട് ചെയ്യാൻ അനുവദിക്കണം.' അവരതിന് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. എന്നാൽ പടം കണ്ടുകഴിഞ്ഞ് ഒരക്ഷരം പറയാതെ അവർ പോയി.

ഞാൻ ഇതറിഞ്ഞ് അവരുടെ സെക്രട്ടറിയെ വിളിച്ചു.

'സാർ, മാധുരി മാഡം സിനിമ കണ്ടു കരഞ്ഞ് നാശമായി മുഖത്തെ മേക്കപ്പ് മുഴുവൻ പടർന്നതിനാലാണ് ക്യാമറയെ അഭിമുഖീകരിക്കാതെ സ്ഥലം വിട്ടത്.'

വീട്ടിൽ വന്ന് അഭിപ്രായം ഷൂട്ട് ചെയ്തോളാൻ അവർ പറഞ്ഞു. പക്ഷേ, അത് വേണ്ടിവന്നില്ല. അപ്പോഴേക്കും ചാന്ദ്നി ബാർ സർവ ഇടങ്ങളിലും ഹിറ്റായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മാധുരിയെ വിളിച്ച് നന്ദി പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു, ആ വിഷയം.

സിനിമാതാരങ്ങളായാലും മനസ്സിൽത്തട്ടുന്ന സിനിമ കണ്ടാൽ കരയും എന്നും ഇതിനാൽ അറിയാൻ കഴിഞ്ഞു.

എന്തായാലും ചാന്ദ്നി ബാർ ഹിന്ദി സിനിമയിലെ പല ചരിത്രവും തിരുത്തി എഴുതിച്ചു. ഹിന്ദി സിനിമയുടെ നൂറു വർഷത്തെ ചരിത്രം എഴുതുമ്പോൾ ഈ ചിത്രത്തെ ഉൾപ്പെടുത്താതെ ചരിത്രകാരന്മാർക്ക് കടന്നുപോവാൻ കഴിയില്ല എന്നത് തർക്കമറ്റ കാര്യമാണ്.

അങ്ങനെ കർട്ടന്റെ പിന്നിൽ ഇരുന്നും ഞാൻ എന്റെ സ്വപ്നം സഫലമാക്കി.

എന്റെ സ്വന്തം സിനിമ.

ഗുണപാഠം ഇതിൽനിന്ന് കിട്ടിയത്: പണ്ട് പല സിനിമകൾക്കും എനിക്കു തോന്നുന്ന സജഷനുകൾ പറയുമായിരുന്നു. അപ്പോഴെല്ലാം എനിക്കൊരു അപകർഷബോധം ഉണ്ടായിരുന്നു. ഞാൻ എഴുത്തുകാരനല്ല. സംവിധായകനുമല്ല. എന്നെക്കാൾ അറിയാവുന്നവർ പറയുന്നതായിരിക്കും ശരി എന്ന്. അത് എന്റെ മനസ്സിൽ മാറ്റിയെഴുതാൻ ചാന്ദ്നി ബാർ എന്ന സിനിമ സഹായകമായി.

സിനിമയിൽ എന്നോട് എനിക്ക് നല്ല വിശ്വാസം വന്നു.

'ഇപ്പോൾ മനസ്സിലായില്ലേ ഈ സിനിമ വർക്ക് ആയെന്ന് മോഹനേട്ടാ,' ജയരാജ് വിളിച്ചുചോദിച്ചപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു, 'കൺവിക്ഷനും ഇൻവോൾവ്മെന്റും പരമപ്രധാനം. അതിനുമപ്പുറം ഒന്നുകൂടിയുണ്ട്, ഡിസിഷൻ മേക്കിങ്.'

ഒരു കോമഡികൂടി: ഞാനൊരു ദിവസം ചാനലുകൾ മാറ്റി മാറ്റി ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ഏതോ ഒരു ചാനലിൽ മധുറിനെ ആരോ ഇന്റർവ്യൂ ചെയ്യുന്നു.

ചോദ്യം: 'നിങ്ങൾക്ക് എങ്ങനെ ഒറ്റ പാട്ടുപോലും ഇല്ലാതെ ഒരു ഹിന്ദി സിനിമ എടുക്കാൻ കറേജുണ്ടായി?'

'എന്റെ പ്രൊഡ്യൂസർ നിരന്തരം എന്നോട് വഴക്കിടുമായിരുന്നു ഇതിന്. അറ്റ്ലീസ്റ്റ് രണ്ടു പാട്ടെങ്കിലും വേണമെന്ന് അദ്ദേഹം പറയുമ്പോൾ ഞാൻ ശക്തമായി ഉറച്ചുനിന്നു. ഇല്ല. ഇല്ല, ഒരു പാട്ടും ഇതിൽ കേറ്റില്ല ഞാൻ, എന്ന നിലപാടിൽ. പാട്ടില്ലാതെതന്നെ ആ സിനിമ ഭയങ്കരമായി വിജയിച്ചില്ലേ?'

ഞാൻ ഉടൻ മധുറിനെ ഫോണിൽ വിളിച്ചു.

'ഡയറക്ടർ സാറിന്റെ ഇന്റർവ്യൂ ഞാൻ കാണുന്നുണ്ട്. ഞാനും ഒരു ഇന്റർവ്യൂ കൊടുക്കട്ടെ വിശദമായി.'

'അയ്യോ മോഹൻജി, അങ്ങനൊന്നും ചെയ്യല്ലേ. ഈ പാവം ഇങ്ങനൊക്കെ കുറെ കള്ളങ്ങളൊക്കെ തട്ടിവിട്ടു ജീവിച്ചുപോവട്ടെ. എനിക്ക് മാപ്പു തരണം. ഞാൻ കാലുപിടിക്കുന്നു.'

ഞാൻ മന്ദഹസിച്ചു.