യുദ്ധ പരിശീലന ക്യാമ്പ് കഴിഞ്ഞ് രാജസ്ഥാനില്‍ നിന്നും ദേവലാലിയില്‍ തിരിച്ചെത്തി. ദേവലാലിയിലെ വെറും ഒരു ദിവസത്തെ പരിചയംകൊണ്ട് അന്ന് ആ സ്ഥലത്തെപ്പറ്റി മനസ്സിലാക്കാന്‍ കൂടുതല്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ശരിക്കുള്ള സൗന്ദര്യം കാണുന്നത്. ഒന്നാന്തരം കാലാവസ്ഥ. വൈകുന്നേരങ്ങളില്‍ ഉള്ള ചെറിയ കാറ്റ്, മുമ്പ് നാട്ടില്‍ കൂട്ടുകാരോടൊത്ത് കണ്ടന്‍ചിറ പാലത്തില്‍ ഇരിക്കുമ്പോള്‍ അടിക്കുന്ന അതേ കാറ്റ് തന്നെ.   'മൂക്കില്ലാ നാട്ടില്‍ മുറിമൂക്കന്‍ വമ്പന്‍'എന്ന് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ടല്ലോ. സ്വതവേ വിദ്യാഭ്യാസം കുറഞ്ഞ വടക്കേ ഇന്ത്യക്കാരുടെ ഇടയില്‍ നമുക്ക് ഒരു പ്രാധാന്യമുണ്ട്. മാത്രമല്ല നമ്മള്‍ കേരളക്കാര്‍ പൊതുവേ വിദ്യാഭ്യാസവും കഴിവും ഉള്ളവരാണ് എന്നുള്ള ഒരു മുന്‍വിധി മറ്റുള്ളവരുടെ ഇടയിലുണ്ട്. അതുകൊണ്ടുതന്നെ ദേവലാലിയില്‍ തിരിച്ച് വന്നതിനുശേഷവും എനിക്ക് നല്ലൊരു ഡ്യൂട്ടി തന്നെ കിട്ടി. 'പരേഡ് സ്റ്റേറ്റ്' ഉണ്ടാക്കുക,  മറ്റുള്ളവര്‍ക്ക് രാത്രികാല ഡ്യൂട്ടികള്‍ തരംതിരിച്ചുകൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് ഞാനായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സമയവും ലഭ്യമായിരുന്നു. 

To advertise here,

പിന്നെ മറ്റൊരു രസകരമായ കാര്യമുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ലങ്കറില്‍ രാത്രി ഭക്ഷണത്തിന്റെ കൂടെ ഇറച്ചിക്കറി ഉണ്ടായിരുന്നു. പിന്നീട് നിര്‍ത്തിയെങ്കിലും ആ കാലങ്ങളില്‍ ഈ മൂന്ന് ദിവസം ജവാന്മാര്‍ക്ക് സൗജന്യമായി ഓരോ പെഗ് വീതം മദ്യവിതരണം ഉണ്ടായിരുന്നു. എന്നെപ്പോലെ അപൂര്‍വം ചില 'നോണ്‍ ഡ്രിങ്കര്‍' മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എന്റെ വിഹിതത്തിലുള്ള ആ ഒരു പെഗ് മദ്യം കിട്ടാന്‍ വേണ്ടി എന്റെ സീനിയേഴ്‌സ് ഒക്കെ എന്നോട് നല്ല രീതിയില്‍ പെരുമാറുമായിരുന്നു.  ഞാനുമായി അടുത്ത് ബന്ധപ്പെട്ട സീനിയേഴ്‌സിന് ഞാന്‍ എന്റെ വിഹിതം മാറി മാറി കൊടുത്തിരുന്നതുകൊണ്ട് അവര്‍ക്ക് എന്നോട് നല്ല സ്‌നേഹവും. എനിക്കത് ഗുണവും ചെയ്തിട്ടുണ്ട്.

നാട്ടില്‍വെച്ച് കൂടുതല്‍ പഠിക്കാന്‍ കഴിയാത്തതിന്റെ വിഷമം പണ്ടേയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പട്ടാളത്തില്‍ ചേര്‍ന്നതിനുശേഷം പഠിത്തം തുടരണമെന്ന് അന്നുതന്നെ ആഗ്രഹിച്ചിരുന്നു. രാജസ്ഥാനില്‍ ഉള്ളപ്പോള്‍ തന്നെ അതിനുവേണ്ടു തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. ജ്യേഷ്ഠന് കത്തെഴുതിയിട്ട് നാട്ടില്‍ നിന്നും 'റാപ്പിഡെക്‌സ് ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്‌സ്' എന്ന മലയാളത്തിലൂടെ ഇംഗ്ലീഷ് പഠിക്കാനും സംസാരിക്കാനും സഹായിക്കുന്ന ഒരു ബുക്ക് വരുത്തി. കാരണം മലയാളം മീഡിയത്തില്‍ പഠിച്ച എനിക്ക് ഇനിയങ്ങോട്ട് പഠിക്കണമെങ്കില്‍ ഇംഗ്ലീഷ് നല്ലവണ്ണം വശത്താക്കണം. കൂടാതെ നാട് വിടുമ്പോഴാണ് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം മനസ്സിലാകുന്നത്.

ബുക്കില്‍ പറഞ്ഞതുപോലെ ഓരോ ദിവസം ഓരോ അധ്യായം പഠിച്ച് മനസ്സിലാക്കി. എത്ര പഠിച്ചാലും സംസാരിക്കാത്തിടത്തോളം ആ ഭാഷ നമുക്ക് ഒഴുക്കോടെ പറയാന്‍ പറ്റില്ല. അതിനായി അങ്ങനെയുള്ള കൂട്ടുകാരെ തേടിപ്പിടിച്ചു. വിക്രമന്‍ നായര്‍ എന്ന മലയാളിയെയും മാജിറാം എന്ന ബീഹാറിയേയും ഇതിനായി സുഹൃത്തായി തിരഞ്ഞെടുത്തു. സമയം കിട്ടുമ്പോഴൊക്കെ ഞങ്ങള്‍ തട്ടിമുട്ടി ഇംഗ്ലീഷ് സംസാരിച്ച് തുടങ്ങി. എം.എസ്.സിക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന സുഹൃത്ത് രാധാകൃഷ്ണന് ഇംഗ്ലീഷില്‍ ആദ്യത്തെ കത്ത് എഴുതി. നമ്മുടെ കൂട്ടത്തില്‍ കണ്ണട വെക്കുന്ന ഏക സുഹൃത്ത് അവനായിരുന്നു. മുഖത്ത് നോക്കിയാല്‍ തന്നെ ഒരു പഠിത്തക്കാരന്റെ എല്ലാ ലക്ഷണങ്ങളും കാണാം. വാചകങ്ങളെ കഴിയാവുന്നിടത്തോളം ചുരുക്കി പറയുന്നതായിരുന്നു അവന്റെ രീതി. 

ഒരു ദിവസം അവന്‍ പഠിക്കുന്ന കോളേജില്‍ പ്രീഡിഗ്രിക്ക് പ്രവേശനം കിട്ടിയവരുടെ ലിസ്റ്റ് ഇട്ടുവോ എന്നും, അതില്‍ തന്റെ പേര് ഉണ്ടോ എന്നും അന്വേഷിച്ച ഒരു സുഹൃത്തിനോട്  'ഇട്ടു, ഇല്ല' എന്ന ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞത് ഓര്‍മയുണ്ട്. ഡിഗ്രിക്ക് പ്രവേശനം കിട്ടിയവരുടെ ലിസ്റ്റ് ഇട്ടു എന്നും, പക്ഷേ അതില്‍ നിന്റെ പേര് ഇല്ല എന്നുമാണ് അവന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. എന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച രമേശന്റെ കൈയക്ഷരം കണ്ടിട്ട് ഞാന്‍ പലപ്പോഴും അതിശയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ഇവിടുത്തെ ബനിയാ കാന്റീനില്‍ നിന്നും നാലുവരിയുള്ള ഇംഗ്ലീഷ് കോപ്പി ബുക്ക് വാങ്ങി ദിവസവും ഓരോ പേജ് കോപ്പി എഴുതാന്‍ തുടങ്ങി. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലീഷ് മാഷിനെ ഭയന്നിട്ടാണ് കോപ്പി എഴുതിയിരുന്നതെങ്കില്‍ ഇന്ന് സ്വയം ഇഷ്ടത്തിന് എഴുതുകയാണ്. 

കോപ്പിയെഴുത്ത് തുടര്‍ന്നുകൊണ്ടിരുന്നു. റാപ്പിഡെക്സ് ബുക്ക് പഠിച്ചുകഴിഞ്ഞു. കൂട്ടുകാര്‍ക്ക് പുറമേ ആരുമില്ലാത്ത സമയത്ത് ഇംഗ്ലീഷില്‍ സ്വയം സംസാരിക്കും. അത് മുന്നിലുള്ള ചുമരുകളോടൊ കുന്നുകളോടൊ ഒക്കെ ആയിരിക്കും. ഓഫീസര്‍ മെസ്സിലും മറ്റും പോയാല്‍ ഓഫീസര്‍മാര്‍ തമ്മില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് അവരറിയാതെ ശ്രദ്ധിച്ച് കേള്‍ക്കും. ഒരു ദിവസം ഇവരെപ്പോലെ എനിക്കും ഓഫീസര്‍ ആകണം. അതിനുവേണ്ടുന്ന പരിശ്രമം തുടങ്ങിയേ പറ്റൂ. പ്രാഥമികമായി  ഇംഗ്ലീഷ്  കൈകാര്യം ചെയ്യാന്‍ പഠിച്ചെങ്കിലും റാപ്പിഡെക്സ് തന്ന രണ്ടുമാസത്തെ ശിക്ഷണം പര്യാപ്തമായിരുന്നില്ല. വീണ്ടും ജ്യേഷ്ഠന് കത്തെഴുതി ഒരു ഇംഗ്ലീഷ്- ഇംഗ്ലീഷ്- മലയാളം നിഘണ്ടു നാട്ടില്‍ നിന്നും വരുത്തി. പിന്നീടുള്ള മത്സരം അതുമായിട്ടായിരുന്നു. 

പനിയോ മറ്റ് അസുഖങ്ങളോ വന്നാല്‍ ദിവസവും മൂന്നോ നാലോ നേരം മരുന്നു കഴിക്കുന്നത് പോലെ ഞാന്‍ ഇംഗ്ലീഷിനുവേണ്ടുന്ന മരുന്ന് കഴിക്കാന്‍ തുടങ്ങി. വിശ്വാസികള്‍ ബൈബിളിന്റെ ഏതെങ്കിലും പേജ് തുറന്ന് വായിക്കുന്നതുപോലെ രാവിലെ എഴുന്നേറ്റ ഉടനെ എന്റെ ബൈബിള്‍ ആയ നിഘണ്ടു തുറക്കും. ഏതെങ്കിലും ഒരു പേജില്‍ നിന്നും അധികം കഠിനമല്ലാത്ത ഒരു ഇംഗ്ലീഷ് വാക്കും അതിന്റെ മലയാളം അര്‍ത്ഥവും പഠിച്ചുകൊണ്ടായിരിക്കും ശൗചാലയത്തില്‍ പോകുന്നതും മറ്റും. ഉച്ചവരെയുള്ള പരേഡ് ഒക്കെ കഴിഞ്ഞുവരുമ്പോഴേക്കും ആ വാക്ക് ഹൃദ്യമായിരിക്കും. അതുകഴിഞ്ഞ് ഉച്ച ഊണിന് പോകുന്നതിന് മുമ്പുതന്നെ അടുത്ത വാക്ക് മനസ്സില്‍ നിക്ഷേപിക്കും. വൈകുന്നേരം വന്നാല്‍ മറ്റൊരു വാക്ക്, രാത്രി കിടക്കാന്‍ നേരത്ത് വേറൊന്ന്. അങ്ങനെ കുറഞ്ഞത് ഒരു ദിവസം 4 ഇംഗ്ലീഷ് വാക്ക് എങ്കിലും പഠിക്കുക എന്നത് ശീലമാക്കി മാറ്റി. അങ്ങനെ രണ്ടുവര്‍ഷത്തെ തുടര്‍ച്ചയായ പരിശ്രമത്തില്‍ ഏകദേശം ഒരു മൂവായിരത്തിന് അടുത്ത് ഇംഗ്ലീഷ് വാക്കുകള്‍ പഠിച്ചെടുത്തു.

അതിനിടയില്‍ ദേവലാലിയില്‍ നിന്നുമുള്ള സ്ഥലംമാറ്റം വന്നു. ആര്‍ട്ടിലറിയില്‍ രണ്ട് തരത്തിലുള്ള സ്ഥലംമാറ്റമുണ്ട്. ഒന്ന് 'ഇന്റീജ്വല്‍ പോസ്റ്റിങ്ങ്' അഥവാ ഒറ്റയ്ക്കുള്ള സ്ഥലംമാറ്റം. മറ്റേത് മുഴുവന്‍ റെജിമെന്റ് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എല്ലാ സാധനസാമഗ്രികളുമായോ അല്ലാതെയോ പോവുക. ഇപ്പോള്‍ വന്നിരിക്കുന്നത് രണ്ടാമത് പറഞ്ഞതുപോലെയുള്ള ഒരു മാറ്റമാണ്. ഏതായാലും ദേവലാലി വിടുന്നതിന് മുമ്പ് അടുത്തുള്ള പ്രധാന സ്ഥലങ്ങള്‍ ഒക്കെ ഒന്ന് കാണാം എന്നുകരുതി. പ്രസിദ്ധമായ ഷിര്‍ദ്ദി സായിബാബ മന്ദിര്‍ അവിടുന്ന് 40 കിലോമീറ്റര്‍ അകലെയാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ആരാധിക്കുന്ന തങ്ങളുടെ ദിവ്യ പുരുഷനും ഫക്കീറുമായിരുന്നു ഷിര്‍ദ്ദിയിലെ സായിബാബ. 

1918-ല്‍ അദ്ദേഹം സമാധി ആകുകയും അതിന്റെ എട്ട് വര്‍ഷത്തിനുശേഷം ആന്ധ്രപ്രദേശിലെ പുട്ടുപര്‍ത്തിയില്‍ ജനിച്ച ശ്രീ സത്യസായിബാബ ഇദ്ദേഹത്തിന്റെ അവതാരം ആയിട്ടുമാണ് വിശ്വസിച്ചുപോരുന്നത്. നമ്മുടെ വീട്ടിനടുത്തുള്ള ബാലാമണിയേച്ചി സത്യസായിബാബയുടെ ഒരു വലിയ ഭക്തയാണ്. അവര്‍ പലപ്പോഴും ആന്ധ്രയിലെ പുട്ടുപര്‍ത്തിയില്‍ പോവുകയും അദ്ദേഹത്തെ ദര്‍ശിച്ച കാര്യങ്ങളും മറ്റ് മഹാത്ഭുതങ്ങളും പറയാറുണ്ടായിരുന്നു. എനിക്ക് ഇനി ഇവിടുത്തെ കാര്യങ്ങള്‍ അവരോടും പറയാമല്ലോ. ഏതായാലും ഞങ്ങള്‍ കൂട്ടത്തോടെതന്നെ ആര്‍മി വണ്ടിയുമായി പോയി ഷിര്‍ദ്ദിസായിബാബ മന്ദിര്‍ കണ്ട് തിരിച്ചുവന്നു.

പുതിയ സ്ഥലംമാറ്റം രാജസ്ഥാനിലെ നസീറാബാദ് എന്നുപറയുന്ന സ്ഥലത്തേക്കാണ്. 'ആര്‍മി കണ്ടോണ്‍മെന്റ്' ഉണ്ട് എന്നതൊഴിച്ചാല്‍ അത് തീരെ അറിയപ്പെടാത്ത ഒരു സ്ഥലമാണ്. മിക്കവാറും ജനങ്ങള്‍ ജീവിച്ചുപോകുന്നത് അവിടെ ആര്‍മി ഉള്ളതുകൊണ്ട് തന്നെയാണ്. ടെലിഫോണ്‍ ബൂത്തുകള്‍, ഫോട്ടോ സ്റ്റുഡിയോകള്‍, യൂണിഫോമിന്റെയും അല്ലാതെയുമുള്ള തുണി ഷോപ്പുകള്‍, ആര്‍മി സ്റ്റോറുകള്‍, ചെരുപ്പ് കടകള്‍, മിഠായി ഷോപ്പുകള്‍, തണുപ്പുകാലത്ത് പുതയ്ക്കാന്‍ ഉപയോഗിക്കുന്ന പരുത്തി നിറച്ചുണ്ടാക്കുന്ന 'രജായിയും' തലയണയും, ബെഡ്ഷീറ്റുകളും വില്‍ക്കുന്ന കടകള്‍. ഇതൊക്കെതന്നെയാണ് ആ പ്രദേശത്തുള്ളവരുടെ ഉപജീവനമാര്‍ഗം. നമ്മുടെ നാടിനെയൊക്കെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒരു ചുറ്റുപാട്. മരുഭൂമി അല്ലെങ്കിലും അതിനുസമാനമായ വിശാലമായ ഭൂമിയും ദൂരങ്ങളിലായി ചെറിയ ചെറിയ ഗ്രാമങ്ങളും. നമ്മുടെ നാട് കുറേ വര്‍ഷം പിന്നോട്ട് പോയാല്‍ എങ്ങനെ ഇരിക്കും, അതുപോലെയാണ് എനിക്ക് തോന്നിയത്. 

എന്റെ ഗ്രാമത്തില്‍ അന്നുണ്ടായിരുന്നതുപോലെയുള്ള ചെറിയ കുടിലുകള്‍. അതിനുമുന്നില്‍ ഇട്ടിരിക്കുന്ന മരക്കട്ടിലില്‍ ദോത്തിയും തലപ്പാവും ഒക്കെയായി കാലുകള്‍ മുകളില്‍ കയറ്റിയിരിക്കുന്ന മധ്യവയസ്‌കര്‍. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ ധരിക്കുന്ന പാവാടയുടെയും ബ്ലൗസിന്റെയും വകഭേദം എന്ന് തോന്നിപ്പിക്കുന്ന ഒരുതരം വസ്ത്രം ധരിച്ച സ്ത്രീകള്‍. ഗാംഗരെയും ച്ചോലിയും ആണത്രേ അതിന്റെ പേര്. രണ്ടര മീറ്റര്‍ തുണിയില്‍ തുന്നിച്ച ഗാംഗരെ. ച്ചോലി എന്ന് പേരുള്ള അരയ്ക്ക് മുകളില്‍ ധരിക്കുന്ന വസ്ത്രത്തിന്റെ സിംഹഭാഗവും പവിഴം, മുത്ത്, ചിപ്പി, കണ്ണാടിക്കഷണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് തുന്നി മോഡി പിടിപ്പിച്ചവയാണ്. പലതരത്തിലുള്ള ആഭരണങ്ങള്‍. വലിയ വലിയ മാലകളും കമ്മലുകളും മൂക്കുത്തികളും കൂടാതെ കൈയിലും കാലിലും ധരിക്കാനുള്ള ചെമ്പിലോ വെള്ളിയിലോ അല്ലെങ്കില്‍ വെളുത്ത ലോഹത്തിലോ തീര്‍ത്തെടുത്ത വള പോലുള്ള വലിയ വളയങ്ങള്‍. അരയില്‍ കെട്ടാന്‍ മറ്റൊന്ന്. കാലുകളിലെയും കൈകളിലേയും വിരലുകള്‍ക്ക് മോതിരങ്ങള്‍. ഇത്രയും ആഡംബര പൂര്‍ണമായ വസ്ത്രം ധരിച്ചിട്ടും 'ഗുങ്കട്ട്' എന്ന് പറയുന്ന മറ്റൊരു തുണികൊണ്ട് മുഖം മറച്ചിരിക്കുന്നു. വീട്ടില്‍ ആയാലും പുറത്തായാലും ഇവര്‍ക്ക് അതുതന്നെ വേഷം. 

സ്ത്രീകളില്‍ പലരും ചാണകം കൈയിലെടുത്ത് അത് അവരുടെ വീടിന്റെ ചുമരില്‍ പരത്തി ഒട്ടിക്കുകയാണ്. മരങ്ങളും വിറകുകളും അപൂര്‍വം മാത്രമുള്ള ഈ ഗ്രാമങ്ങളില്‍ ഇത് ഉണക്കി എടുത്തിട്ട് വേണം അവര്‍ക്ക് ഭക്ഷണം പാകംചെയ്യാനും തണുപ്പുകാലത്ത് തീ ഇടാനുമൊക്കെ. ഉണങ്ങിയ ചാണകക്കട്ടകളില്‍ അവരുടെ കൈയടയാളം ശരിക്ക് കാണാമായിരുന്നു. ഞാന്‍ പറഞ്ഞില്ലേ, മുമ്പ് 20 വര്‍ഷത്തിനു മുമ്പ് ഞാന്‍ ജനിച്ച അടുത്തില ഗ്രാമത്തില്‍ വീടുകളില്‍ ഒക്കെ ഇങ്ങനെ ചെയ്യുന്നത് കണ്ടിരുന്നു. ഗ്രാമത്തിനടുത്തുകൂടെ വണ്ടി നീങ്ങിയപ്പോള്‍ പശുത്തൊഴുത്തില്‍ നിന്നും വരുന്ന ചാണകത്തിന്റെയും മൂത്രത്തിന്റെയും സമ്മിശ്രഗന്ധം രാജസ്ഥാനില്‍ എപ്പോഴും അടിച്ചുകൊണ്ടിരിക്കുന്ന കാറ്റ് പെട്ടെന്ന് മൂക്കിനുള്ളിലേക്ക് എത്തിച്ചു. അവരുടെ ചുമരുകളും ചാണകം പൂശിയതാണ്. പ്രായമായിട്ടും അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന കുട്ടികള്‍. മണ്ണിന്റെ നിറവും മണവും ഉള്ള അവര്‍ തന്റെ മൂക്കൊലിപ്പുകള്‍ തുടച്ച മുഖവുമായി, വല്ലപ്പോഴും അതുവഴി പോകുന്ന വണ്ടികളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

വണ്ടി കുറച്ചുകൂടി മുന്നോട്ട് പോയപ്പോള്‍ ഒരു കൂട്ടം ചെമ്മരിയാട്, കുറച്ചൊന്നുമല്ല കുറഞ്ഞത് ഒരു 200 എങ്കിലും കാണും, റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങിയിരിക്കുന്നു. റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ പോകുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുപോലെ നമുക്ക് അവിടെ കാത്തുനില്‍ക്കേണ്ടി വന്നു. കൂട്ടത്തില്‍ ഒരു കഴുതയെയും ഏറ്റവും പിന്നിലായി ഇതിനെ നിയന്ത്രിച്ചുകൊണ്ട് കൈയിലെ റേഡിയോയില്‍ പാട്ടും കേട്ടുകൊണ്ട് മധ്യവയസ്‌കന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനേയും കണ്ടു. ഒരിക്കല്‍ അവധിക്ക് പോകുമ്പോള്‍ നാട്ടില്‍ എവിടെയോവെച്ച് താറാവ് കൂട്ടങ്ങള്‍ ഇങ്ങനെ പോകുന്നത് ട്രെയിനില്‍ നിന്നും കണ്ടിട്ടുണ്ട്. എന്തിനാണ് കഴുതയെ കൂടെകൊണ്ടുനടക്കുന്നത് എന്ന്  അന്വേഷിച്ചറിഞ്ഞപ്പോള്‍ വണ്ടിയില്‍ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍കാരനായ ലാന്‍സ് നായക്ക് ഷേക്കാവത്ത് ചില പുതിയ അറിവുകള്‍ നല്‍കി. 

കൂട്ടത്തില്‍ കഴുതയെകൊണ്ട് നടക്കുന്നതുകൊണ്ട് രണ്ടുമൂന്നു ഗുണങ്ങളുണ്ടത്രെ. ഏതെങ്കിലും ഒരു ആടിന് എന്തെങ്കിലും അസുഖം വന്നാല്‍ അത് എല്ലാ കൂട്ടത്തെയും ബാധിക്കും. കഴുതക്ക് ആടിനെക്കാള്‍ പ്രതിരോധശക്തി കൂടുതലായതിനാല്‍ ആടുകള്‍ക്ക് വരാന്‍ സാധ്യതയുള്ള അസുഖങ്ങളൊക്കെ കഴുത നിര്‍വീര്യമാക്കുമത്രേ. പിന്നെ ഏതെങ്കിലും ഒന്നോ രണ്ടോ ആടുകള്‍ ഇര തേടുന്നതിനിടയില്‍ കൂട്ടംതെറ്റിയാല്‍ കഴുതയുടെ കഴുത്തിലെ മണി ശബ്ദം കേട്ട് അത് ഓടി കൂട്ടത്തിലേക്ക് തിരിച്ചെത്തും. കൂടാതെ ഗൃഹനാഥനായ ആട്ടിടയന്റെ ഭക്ഷണം, വെള്ളം തുടങ്ങിയ സാധനങ്ങളൊക്കെ കഴുതയുടെ പുറത്തുവെച്ച് കെട്ടുകയും ചെയ്യാം. 'നാളെ നമ്മുടെ കുക്ക് ഹൗസില്‍ വരേണ്ടവരാണ് ഇവരൊക്കെ' എന്ന ഒരു തമാശകൂടി ലാന്‍സ് നായക്ക് ഷേക്കാവത്ത് കൂട്ടിച്ചേര്‍ത്തു.

ദേവലാലിയില്‍ വേണ്ടപ്പെട്ട സൗകര്യമില്ലാതിരുന്ന ഞങ്ങള്‍ക്ക് നസീറാബാദില്‍ പുതിയതായി ഒരു സ്ഥലം കണ്ടെത്തി നമ്മുടെ മുഴുവന്‍ റജിമെന്റിനെയും അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. പുതുതായി നിര്‍മിക്കപ്പെട്ടതാണ് ബാരക്കുകളും ഓഫീസുകളും ഫാമിലി കോര്‍ട്ടേഴ്‌സും എല്ലാം. പഴയ വീട്ടില്‍ നിന്നും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശവും പാലുകാച്ചലുമൊക്കെപോലെ തന്നെ. പുതിയ നിര്‍മിതി ആയതുകൊണ്ടുതന്നെ ഒരുപാട് പണികളും ചെയ്തുതീര്‍ക്കാന്‍ ഉണ്ടായിരുന്നു.

അവിടെനിന്നും ലീവിന് വരാനുള്ള പ്രധാന വഴി ബോംബെ വന്നിട്ടാണെങ്കിലും, ഒരു പ്രാവശ്യം അഹമ്മദാബാദ് വഴി വന്നു. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. പുതിയ ഓരോ സ്ഥലങ്ങള്‍ കാണുക എന്നത് ഇപ്പോള്‍ വിനോദമായി കഴിഞ്ഞിരിക്കുന്നു. കൂടാതെ അഹമ്മദാബാദില്‍ കൂടുതല്‍ നല്ലതും വിലകുറഞ്ഞതുമായ തുണികള്‍ കിട്ടുമെന്ന് ആരോ പറഞ്ഞിട്ടുള്ള അറിവുണ്ടായിരുന്നു. അതുവഴി വന്ന് എനിക്കും ജ്യേഷ്ഠനും വേണ്ടുന്ന പാന്റിനും ഷര്‍ട്ടിനുമുള്ള തുണികളും അനുജത്തിമാര്‍ക്കും അനുജനും വേണ്ടുന്ന മിഡി, പാവാട, ഷര്‍ട്ട്, ട്രൗസര്‍ തുടങ്ങിയ റെഡിമെയ്ഡ് വസ്ത്രങ്ങളും വാങ്ങി. എന്റെ അനുജത്തിമാരും ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങട്ടെ.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ വരുന്ന, പഠിക്കാന്‍ താല്‍പര്യമുള്ള യുവാക്കള്‍ക്കായി ആര്‍മിയില്‍ തന്നെ 10,11,12 എന്നീ ക്ലാസുകള്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. അതറിഞ്ഞ് ഞാനും അതിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ ഒഴിവുകള്‍ വളരെ കുറവായതുകൊണ്ട് എന്റെ കാത്തിരിപ്പിന് ഒരു ഫലം കണ്ടില്ല. അങ്ങനെ നാട്ടില്‍ ഒരു ആനുവല്‍ ലീവിന് വന്നപ്പോഴാണ് ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. ആ വര്‍ഷം മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസത്തിലൂടെ 21 വയസ്സ് കഴിഞ്ഞ ആര്‍ക്കും പ്രീഡിഗ്രി അടിസ്ഥാനമാക്കിയുള്ള ഒരു പ്രവേശന പരീക്ഷയിലൂടെ നേരിട്ട് ഡിഗ്രി പഠിക്കാം എന്ന വാര്‍ത്ത. 

'തേടിയ വള്ളി കാലില്‍ ചുറ്റി' എന്ന് പറഞ്ഞതുപോലെ ഞാന്‍ ആഗ്രഹിച്ചതുതന്നെ സംഭവിച്ചിരിക്കുന്നു. എനിക്കുശേഷം മധ്യപ്രദേശില്‍ ദേവാസ് എന്ന സ്ഥലത്ത് എസ്. കുമാര്‍ കമ്പനിയില്‍ ജോലി കിട്ടി പോയ സുഹൃത്ത് മോഹനന്‍ ആ സമയത്ത് അവധിക്ക് നാട്ടിലുണ്ടായിരുന്നു. അവന്‍ പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അങ്ങോട്ട് പോയിരുന്നത്. പഠിക്കുന്ന കാര്യത്തില്‍ എപ്പോഴും മത്സരിച്ചുകൊണ്ടിരുന്ന ഞങ്ങള്‍ ഇവിടെ വീണ്ടും ഒന്നിച്ച് ഒരു തീരുമാനമെടുത്തു. മോഹനന്‍ ബികോമിനും ഞാന്‍ ബി.എ.ക്കും വേണ്ടുന്ന അപേക്ഷയും ബാങ്ക് ഡ്രാഫ്റ്റുമൊക്കെ അയച്ചു. ഹിസ്റ്ററി എന്റെ ഇഷ്ട സബ്ജക്ട് അല്ലെങ്കിലും ആര്‍മിയിലെ ജോലിക്കിടയില്‍ അതായിരിക്കും പഠിക്കാന്‍ സുഖം എന്ന് ഞാന്‍ കണക്കു കൂട്ടി. പ്രവേശന പരീക്ഷകള്‍ക്കുള്ള ബുക്കുകള്‍ വന്നു. അതുമായി ഞാന്‍ വീണ്ടും ജോലി സ്ഥലത്തേക്ക് തിരിച്ചു. ആറുമാസം കഴിഞ്ഞാല്‍ പ്രവേശന പരീക്ഷയാണ്. ആ സമയത്ത് വീണ്ടും ലീവ് ചോദിച്ച് വാങ്ങണം.

പ്രവേശന പരീക്ഷ കഴിഞ്ഞു. ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്. ആറുമാസത്തിനുള്ളില്‍ എല്ലാം പഠിച്ചെഴുതി. റിസള്‍ട്ട് വന്നു. രണ്ടുപേര്‍ക്കും ഡിഗ്രിക്കുള്ള പ്രവേശനം ലഭിച്ചിരിക്കുന്നു. വലിയ സന്തോഷമായി. ഈ വര്‍ഷത്തിനിടയില്‍ ഹിന്ദി നല്ലവണ്ണം പഠിച്ചത് കാരണം സെക്കന്‍ഡ് ലാംഗ്വേജ് മലയാളത്തിനേക്കാളും ഹിന്ദിയാണ് എടുക്കുന്നത് ഉചിതം എന്ന് തോന്നി. ഇനി അടുത്ത മൂന്ന് വര്‍ഷം പരീക്ഷാസമയത്ത് തന്നെ ലീവിന് വരണം. ലീവ് കിട്ടും എന്നുള്ള ഉറപ്പില്‍ തന്നെ ആ പ്രയാണം തുടങ്ങി. പണമില്ലാത്തത് കാരണം കോളേജില്‍ അയക്കാതിരുന്ന അച്ഛനെപ്പറ്റി ഓര്‍ത്തുപോയി. പക്ഷേ സ്വയം അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടുതന്നെ വിദ്യാഭ്യാസം തുടരുക എന്നത് വലിയ സംതൃപ്തി തരുന്ന ഒരു കാര്യമാണ്.

placeholder
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.)
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.) | Photo: Special arrangement 

നസീറാബാദില്‍ അധികകാലം താമസിക്കേണ്ടി വന്നില്ല. പെട്ടെന്നുതന്നെ അവിടെ നിന്നും പോസ്റ്റിങ്ങ് വന്നു. ഇത്തവണ കൂട്ടത്തോടെയുള്ള സ്ഥലമാറ്റമല്ല. രണ്ട് റോക്കറ്റ് റജിമെന്റുകള്‍  കൂടി ആര്‍മിയില്‍ പുതുതായി രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അതിലേക്ക് പല സ്ഥലങ്ങളില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ജവാന്‍മാര്‍ക്ക് പോകേണ്ടി വന്നു. അക്കൂട്ടത്തില്‍ ഞങ്ങള്‍ കുറച്ചുപേരുടെ പേരുകള്‍ വന്നു. തുടക്കം മുതലേ കൂടെയുണ്ടായിരുന്ന രമേശനും എന്റെ കൂടെ പുതിയ യൂണിറ്റിലേക്ക് സ്ഥലംമാറ്റമായി. നസീറാബാദില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ ഒന്നുമില്ലെങ്കിലും അവിടുന്ന് 20 കിലോമീറ്റര്‍ അകലെയുള്ള പ്രശസ്തമായ അജ്മീര്‍ ശരീഫ് ദര്‍ഗ കാണാന്‍ പോകാമെന്ന് തീരുമാനിച്ചു. സിരഡി സായിബാബ മന്ദിര്‍ പോലെ, ഇസ്ലാം മതവിശ്വാസികള്‍ മാത്രമല്ല മറ്റ് മതക്കാരും ആരാധിക്കുന്ന ഒരു ദേവാലയമാണ് അജ്മീര്‍ ശരീഫ് ദര്‍ഗ. 

ദൈവവിശ്വാസത്തിനും ജാതിമതവിശ്വാസങ്ങള്‍ക്കും അതീതമായി യുക്തിവാദിയായി വളര്‍ന്ന എനിക്ക് ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കാണാനും കാര്യങ്ങള്‍ മനസ്സിലാക്കാനും ഒരു പ്രത്യേക അഭിരുചിയുണ്ടായിരുന്നു. മുഗള്‍ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഈ ദര്‍ഗ, സുന്നി മുസ്ലിം മതപണ്ഡിതനും വിശുദ്ധനും തത്വചിന്തകനുമൊക്കെ ആയിരുന്ന മൊയ്നുദ്ദീന്‍ ചിസ്തിയുടെ ശവകുടീരം ഇതിനുള്ളിലാണെന്നും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഇതൊരു മതപരമായ സന്ദര്‍ശന കേന്ദ്രമാണെന്നും കേട്ടറിഞ്ഞിട്ടുണ്ട്. വിശ്വാസത്തിന്റെ ഭാഗമായി അര്‍പ്പിക്കപ്പെട്ട നൂറുകണക്കിന് പുതപ്പുകളും എത്രയോ കിലോ കണക്കിന് റോസാപ്പൂക്കളും അവിടെ കണ്ടു. ഇവിടേക്ക് വരുന്ന ചന്ദനവും മറ്റ് സുഗന്ധദ്രവ്യങ്ങളുമൊക്കെ കൊല്ലാകൊല്ലമായി ഹിന്ദു കുടുംബത്തില്‍ നിന്നാണത്രേ വരുന്നത്. ഹിന്ദു, മുസ്ലിം, സിക്ക് തുടങ്ങി പല മതത്തില്‍പ്പെട്ട തീര്‍ത്ഥാടകരെയും അവിടെ കാണാന്‍ സാധിച്ചു. സിഖ് മതക്കാര്‍ക്കായി ഒരു പ്രത്യേക ദേവാലയം അതിനുള്ളില്‍ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓര്‍മ. 

ഏതായാലും നാലുവര്‍ഷത്തെ സര്‍വീസിനിടയില്‍ നാലാമത്തെ പോസ്റ്റിങ്ങ് വന്നിരിക്കുകയാണ്. ഇതുവരെ കേള്‍ക്കാത്ത താല്‍ബട്ട് എന്ന് പറയുന്ന സ്ഥലത്തേക്കാണ് പോകേണ്ടത്. ഉത്തര്‍പ്രദേശില്‍ ഝാന്‍സിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണത്രെ സ്ഥലം. ഏതായാലും ഝാന്‍സി റാണിയെപ്പറ്റി സ്‌കൂളില്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. സ്‌കൂള്‍  സാഹിത്യസമാജത്തില്‍ അവരെ കുറിച്ചുള്ള പ്രസംഗം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ ചരിത്രമുറങ്ങുന്ന നാട്ടിനടുത്തേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍ വലിയ വിഷമം തോന്നിയില്ല. എങ്കിലും ഇത്രയും കാലം ഒരു യൂണിറ്റില്‍ അഥവാ റെജിമെന്റില്‍ ഒന്നിച്ച് ജീവിച്ച്, ഇന്നിപ്പോള്‍ അവരെയൊക്കെ വിട്ട് പുതിയൊരു സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോവുക എന്ന് പറയുന്നത് വിഷമവും അതുപോലെ ഭീതിയും തരുന്ന ഒരു കാര്യമായിരുന്നു. രാവും പകലും ഒന്നിച്ച് ഒരു ബാരക്കില്‍ കഴിഞ്ഞവര്‍. 

നാട്ടിലുള്ളപ്പോള്‍ ഒരാള്‍ കുടിച്ച ഗ്ലാസില്‍ അത് കഴുകാതെ വെള്ളംപോലും കൊടുക്കാതിരുന്ന ആള്‍ ഇന്നിപ്പോള്‍ ഒരേ കപ്പിലെ ചായയും ഒരേ പ്ലേറ്റിലെ ഭക്ഷണവും പങ്കിട്ട് കഴിക്കാന്‍ ശീലിച്ചുകഴിഞ്ഞിരുക്കുന്നു. നാളെ യുദ്ധമുഖത്തെ എങ്ങനെയായിരിക്കും നേരിടേണ്ടത് എന്ന തിരിച്ചറിവിന്റെ ഫലമായിരിക്കണം അത്. പുതിയ സ്ഥലത്തേക്ക് പോകാന്‍ രമേശനടക്കം ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നെങ്കിലും പലര്‍ക്കും പല സമയത്തായിട്ടാണ് പോകാനുള്ള അനുമതി കിട്ടിയത്. ഓരോ സ്റ്റേഷനും മിലിറ്ററിക്കാര്‍ക്കായി അനുവദിച്ച വിഹിതത്തിന് അനുസരിച്ച് മാത്രമേ ട്രെയിനില്‍ റിസര്‍വേഷന്‍ ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന കാരണത്താല്‍തന്നെ കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് ഒരു ദിവസം പോകാനും പറ്റില്ലായിരുന്നു. രണ്ട് ട്രെയിനുകള്‍ മാറി കയറാന്‍ ഉണ്ടായിരുന്നെങ്കിലും ആദ്യത്തെ ട്രെയിനിന് മാത്രമേ റിസര്‍വേഷന്‍ ചെയ്യാന്‍ പറ്റൂ.

നാലുവര്‍ഷത്തെ സര്‍വീസിനിടയില്‍ കൈയില്‍ സാധനങ്ങള്‍ കുറെ വന്നുചേര്‍ന്നു. ചുവന്ന ബാഗിന്റെ കാലം കഴിഞ്ഞു. ഇന്നിപ്പോള്‍ ഒരു നീല സൂട്ട്‌കേസ് ആണ് കൈയിലുള്ളത്. കമ്പിളി, കൊതുക് വല, ഡറി, രജായി, തലയണ ഒക്കെ ആയി ഇപ്പോള്‍ സാധനങ്ങള്‍ കുറേ ആയി. അതൊക്കെ സൂക്ഷിക്കാനും കൊണ്ടുനടക്കാനുമായി മറ്റെല്ലാ പട്ടാളക്കാരെയും പോലെ തന്നെ ഒരു 'ബെഡ്ഡ്‌റോളും' വാങ്ങിയിരുന്നു. യാത്രയയപ്പ് പാര്‍ട്ടി ഒക്കെ കഴിഞ്ഞു. കഴുത്തില്‍ പൂമാലകള്‍ വന്ന് വീണു. സെക്ഷനില്‍ ഉള്ളവരെല്ലാം ചേര്‍ന്ന് അവരുടെ ഓര്‍മയ്ക്കായി ഒരു സമ്മാനം തന്നു. ഒരുപാട് പ്രശംസിച്ച് സംസാരിച്ച സീനിയേഴ്‌സിന്റെ മുന്നില്‍ ആദ്യമായി ഒരു മറുപടി പ്രസംഗം നല്‍കേണ്ടി വന്നു. അങ്ങനെ ഹൈദരാബാദില്‍ നിന്നും വാങ്ങിയ സ്റ്റീല്‍ ബോക്‌സും, ബെഡ്ഡ് റോളും, സൂട്ട്‌കേസും എല്ലാം എടുത്ത് പുതിയ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടങ്ങി.

തുടരും