അച്ഛന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ ആകെ തളര്‍ത്തിക്കളഞ്ഞു. അച്ഛന്‍ ചിലപ്പോള്‍ ഇതൊക്കെ കണക്കുകൂട്ടിക്കാണും. അതുകൊണ്ടുതന്നെ ആയിരിക്കണം എനിക്കും ജ്യേഷ്ഠനും ഒരു ജോലിയായി കാണാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നതും. ഏതായാലും ജ്യേഷ്ഠന് അച്ഛന്റെ കമ്പനിയില്‍ തന്നെ താല്‍ക്കാലികമായിട്ടെങ്കിലും ഒരു ജോലി വാങ്ങിക്കൊടുക്കുവാന്‍ പറ്റിയത് വളരെ ഉപകാരപ്രദമായി. അമ്മയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം മുഴുവനായും ജ്യേഷ്ഠന്റെ ഉത്തരവാദിത്വത്തിലായി. പഴയ വീട് ഒന്ന് പുതുക്കിപ്പണിയുക, ഇളയ മൂന്നുപേരുടെ വിദ്യാഭ്യാസം, രണ്ട് അനുജത്തിമാരെ കല്യാണം കഴിപ്പിച്ച് അയക്കുക, ഇതൊക്കെ ജ്യേഷ്ഠന്‍ ഒരാളെക്കൊണ്ട് സാധിക്കുന്നതായിരുന്നില്ല. മറ്റുള്ളവര്‍ പറയുന്നതുപോലെ തെക്കും വടക്കും നോക്കി നടന്നിട്ട് കാര്യമില്ല. എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയേ തീരൂ. അച്ഛനുള്ളപ്പോള്‍ ഉണ്ടായിരുന്ന അഞ്ചാംപീടിക വായനശാലയിലെ പത്രവായനയും, ജയഭാരത കലാകേന്ദ്രത്തിലെ നാടകവും  വണ്ണാത്തിപ്പറമ്പിലെ ഫുട്‌ബോള്‍ കളിയും ഇന്നും ഉണ്ടെങ്കിലും ഉത്തരവാദിത്വബോധത്തിനിടയില്‍ അത് പണ്ടത്തെപ്പോലെ ആസ്വദിക്കാന്‍ പറ്റുന്നില്ല.

To advertise here,

അങ്ങനെയിരിക്കുമ്പോഴാണ് കണ്ണൂരില്‍വെച്ച് ആര്‍മിയിലേക്കുള്ള മൂന്ന് ദിവസത്തെ 'റിക്രൂട്ട്‌മെന്റ് റാലി' ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. മുമ്പുണ്ടായിരുന്ന രണ്ട് പരാജയത്തില്‍ നിന്നും ചില പാഠങ്ങളൊക്കെ പഠിച്ചിരുന്നു. മുഖത്തും നെഞ്ചിലും ഉണ്ടായിരുന്ന വെളുത്ത കലകളൊക്കെ മരുന്ന് ഉപയോഗിച്ച് കളഞ്ഞിരുന്നു. കാല്‍മുട്ടുകള്‍ മുട്ടാതെ നില്‍ക്കാന്‍ കുറെ പരിശീലിച്ചു. ദിവസവും രാവിലെ എഴുന്നേറ്റ് കുറെ ദൂരം ഓടി വരുമായിരുന്നു. ആദ്യദിവസം തിരക്ക് കൂടുതലായിരിക്കും എന്ന കണക്കുകൂട്ടലില്‍ രണ്ടാമത്തെ ദിവസത്തെ റാലിയില്‍ പങ്കെടുക്കാന്‍ ഞാന്‍ കണ്ണൂരിലേക്ക് പോയി. കോട്ടമൈതാനം മുഴുവന്‍ യുവാക്കളെക്കൊണ്ട് നിറഞ്ഞിരുന്നു. മത്സരാര്‍ഥികളെ നിയന്ത്രിക്കാന്‍ സൈനികരായ ഉദ്യോഗസ്ഥന്മാര്‍ കുറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇത്തവണ എന്റെ ആത്മവിശ്വാസത്തോടൊപ്പം തന്നെ എല്ലാം നല്ലതായി വരുന്നതുപോലെ തോന്നി. തിരക്ക് കുറയ്ക്കാന്‍വേണ്ടി ഗേറ്റില്‍തന്നെ നിശ്ചിത ഉയരത്തില്‍ ഒരു ചരട് കെട്ടിയിരുന്നു. അത് പട്ടാളത്തില്‍ ചേരാന്‍ പോകുന്ന ഒരാള്‍ക്ക് വേണ്ടുന്ന ഏറ്റവും കുറഞ്ഞ ഉയരത്തിന്റെ  മാനദണ്ഡം ആണെന്ന് മനസ്സിലായി. ചിലരെങ്കിലും കാല്‍പാദം  ഉയര്‍ത്തി അതുവഴി കടക്കാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. എന്നെപ്പോലെയുള്ള കുറച്ചുപേര്‍ മാത്രം അത് വഴി കുനിഞ്ഞ് പോകേണ്ടിവന്നു.

ആദ്യ കടമ്പ കടന്നുകിട്ടി. നിയമന ചുമതലയുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്‍ വന്ന് നല്ല ശരീരപ്രകൃതമുള്ള കുറെ പേരെ അടുത്ത പരിശോധനയ്ക്കായി വിളിച്ചു. പതിനെട്ടാം വയസ്സില്‍ തന്നെ ആറടിയില്‍ മേലെ ഉയരമുണ്ടായിരുന്ന ഞാനും ആ കൂട്ടത്തില്‍  വിളിക്കപ്പെട്ടു. നീളവും തൂക്കവും നെഞ്ചളവും എല്ലാം തിട്ടപ്പെടുത്തി. നെഞ്ചിന്റെ വികസനം കുറഞ്ഞത് അഞ്ച് സെന്റീമീറ്റര്‍ വേണം. അത് കാണിക്കാന്‍ വേണ്ടിയുള്ള ചിലരുടെ പ്രകടനം വളരെ രസകരമായിരുന്നു. അതുംകടന്ന് കിട്ടിയ ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പരിശോധിച്ചു. അതുവരെ എല്ലാം ശരിയായ ഞങ്ങളെ കുറച്ചുപേരെ ഓട്ടത്തിനും വൈദ്യപരിശോധനയ്ക്കുമായി ഡോക്ടര്‍മാരുടെ സംഘത്തിനടുത്തേയ്ക്ക് വിട്ടു. അത് സെന്റ് മൈക്കിള്‍ സ്‌കൂളിലായിരുന്നു. നിശ്ചിത ദൂരം നിശ്ചിത സമയത്തിനുള്ളില്‍ ഓടി തീര്‍ത്തു. കുറച്ചുപേര്‍ ഓട്ടത്തിലും പുറത്തായി. മത്സരാര്‍ഥികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. വിയര്‍പ്പിന്റെ സമ്മിശ്രഗന്ധവും പേറിക്കൊണ്ട് ശരീരത്തോട് ശരീരം മുട്ടി ഉരസി അര്‍ധനഗ്ധരായി ഞങ്ങളെല്ലാം ഡോക്ടറുടെ ഊഴത്തിനായി ഒരു മുറിയില്‍ കാത്തിരുന്നു. അടിവസ്ത്രം മാത്രമിട്ട് സുഹൃത്തുക്കളുടെ മുന്നില്‍ പോലും നില്‍ക്കാതിരുന്ന ഞാന്‍ ഇന്ന് ഗത്യന്തരമില്ലാതെ ഇതുവരെ കാണാത്ത കുറെയേറെ പേരുടെ മുന്നില്‍ അങ്ങനെ നില്‍ക്കുകയാണ്. ഈ സ്ഥിതിയില്‍ നിന്നും പരാജയപ്പെട്ട് വീട്ടിലേക്ക് തിരിച്ചുപോവുക എന്നത് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തതായിരുന്നു.

ആലോചിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഒരു പയ്യന്റെ ദയനീയമായ കരച്ചില്‍ കേട്ടത്. ഹൃദയ പരിശോധനയില്‍ എന്തോ തകരാര്‍ കണ്ടെത്തിയ ഡോക്ടര്‍ അവനെ പുറത്താക്കിയതായിരുന്നു. എന്നെപ്പോലെ തന്നെ അച്ഛന്‍ ഇല്ലാതിരുന്ന അവന്‍ വീട്ടിലെ ദാരിദ്ര്യം പറഞ്ഞു കരഞ്ഞ് അപേക്ഷിക്കുന്നുണ്ടായിരുന്നു. മെഡിക്കലില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നുള്ള ഡോക്ടറുടെ മറുപടി അവന് ഒരു ആഘാതമായിരുന്നു. എന്റെയും വൈദ്യപരിശോധന കഴിഞ്ഞ് പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞു.

ഉച്ചകഴിഞ്ഞു. ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. ഫലം അറിയാനായി കാത്തിരിക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഒരു സര്‍ദാര്‍ജി കൈയില്‍ ഒരു പട്ടികയുമായി വന്നു. അന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ വിളംബരം ചെയ്തു. എന്റെ പേരും വിളിക്കപ്പെട്ടു. സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല. പതിനെട്ടാം വയസ്സില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്ഥിര ജോലി. അതും രാജ്യസേവനം എന്ന മഹത്തായ ജോലി. മനക്കോട്ടകളും സ്വപ്നങ്ങളും കാണുന്നതിനു മുമ്പ് തന്നെ അടുത്ത അറിയിപ്പ് വന്നു. ഈ പറഞ്ഞവരൊക്കെ ഇന്ന് തന്നെ ഹൈദരാബാദിലേക്ക് പോകണം. വീട്ടില്‍നിന്നും ഡ്രസ്സുകളും മറ്റുമായി സാധനങ്ങള്‍ വരുത്തണമെങ്കില്‍ വരുത്താം. ഹൈദരാബാദില്‍ ആര്‍മിയുടെ ആര്‍ട്ടിലറി ട്രെയിനിങ് സെന്ററാണ്. അതായത് പീരങ്കിപ്പട. അറിയാവുന്ന ഇംഗ്ലീഷിലും ഹിന്ദിയിലും ഒക്കെയായി ഞാന്‍ പറഞ്ഞു, 'ഞാന്‍ ഐ.ടി.ഐയില്‍ വെല്‍ഡിങ് പാസായതാണ്. അതുകൊണ്ട് ഇ.എം.ഇ പോലെയുള്ള ആര്‍മിയുടെ ഏതെങ്കിലും സാങ്കേതിക വിഭാഗത്തില്‍ അയച്ചുകൂടെ' എന്ന്. എന്നെ സമാധാനിപ്പിക്കാന്‍ അവര്‍ പറഞ്ഞു; 'ആര്‍ട്ടിലറിയില്‍ നിന്നെപ്പോലെയുള്ള ജവാന്‍മാരെയാണ് ആവശ്യം'എന്ന്.

വീട്ടില്‍ എങ്ങനെയെങ്കിലും വിവരം അറിയിക്കണം. കാരണം രാവിലെ വരുമ്പോള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നുതന്നെ പോകണം എന്നറിഞ്ഞപ്പോള്‍ സന്തോഷത്തോടൊപ്പം ഒരു ഭയവും തോന്നി. ഒരു തയ്യാറെടുപ്പുമില്ലാതെ രാവിലെ ചെരിപ്പ് പോലുമില്ലാതെ വീട്ടില്‍ നിന്നിറങ്ങിയ ആള്‍ വൈകുന്നേരം ഹൈദരാബാദ് എന്ന മഹാനഗരത്തിലേക്ക് പോകണമെന്ന് ഉത്തരവായി. ഏതായാലും വീട്ടില്‍ അറിയിക്കാന്‍ തീരുമാനിച്ചു. വീട്ടിനടുത്ത് ടെലിഫോണ്‍ ഉള്ളത് ഒന്ന് അഞ്ചാംപടിക ബാങ്കിലും മറ്റൊന്ന് ശ്രീറാം ടെക്‌സ്‌റ്റൈല്‍സ് എന്ന് പറയുന്ന ഒരു കൈത്തറി മില്ലിലും ആയിരുന്നു. ജ്യേഷ്ഠന്റെ സുഹൃത്തായ അജിയേട്ടന്‍ ശ്രീരാം ടെക്‌സ്‌റ്റൈല്‍സില്‍ ആണ് ജോലി ചെയ്യുന്നത്. ജ്യേഷ്ഠന്‍  ആണെങ്കില്‍ കമ്പനിയില്‍ നിന്നും ജോലികഴിഞ്ഞ് അതുവഴിയാണ് വരേണ്ടത്. അപ്പോള്‍ അജിയേട്ടനോട് കാര്യങ്ങള്‍ പറഞ്ഞാല്‍ ജ്യേഷ്ഠനെ അറിയിച്ചുകൊള്ളും. അതുപോലെ തന്നെ സുഹൃത്തായ സുരേഷിന്റെ ജ്യേഷ്ഠന്‍ സുഭാഷേട്ടന്‍  കണ്ണൂരില്‍ കേനന്നൂര്‍ ഡ്രഗ് ലൈന്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സുഭാഷേട്ടനോട് പറഞ്ഞാല്‍ അജിയേട്ടനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചോളും. സുഭാഷേട്ടന്റെ കേനന്നൂര്‍ ഡ്രഗ്  ലൈന്‍സിലേക്ക് നടന്നു. അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. സുഭാഷേട്ടനും വലിയ സന്തോഷമായി. കറുത്ത ടെലിഫോണിന്റെ വട്ട മുഖത്തുള്ള ഏതൊക്കെയോ നമ്പറുകളെ  കറക്കിയിട്ട് സുഭാഷേട്ടന്‍ ടെലിഫോണ്‍ എന്റെ കൈയില്‍ തന്നിട്ട് എന്നോട് തന്നെ സംസാരിക്കാന്‍ പറഞ്ഞു. അപ്രതീക്ഷിതമായ ആ ഉത്തരവാദിത്വം ഞാന്‍ പ്രതീക്ഷിച്ചില്ല. ആദ്യമായിട്ടാണ് ടെലിഫോണിലൂടെ സംസാരിക്കുന്നത്. തൊണ്ടയിടറി വാക്കുകള്‍ പുറത്തുവന്നില്ല. സന്തോഷംകൊണ്ടുള്ള ജീവിതത്തിലെ ആദ്യത്തെ കരച്ചില്‍. അജിയേട്ടനെ എങ്ങനെയൊക്കെയോ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചു. എന്റെ ചില ഡ്രസ്സുകളും അത്യാവശ്യ സാധനങ്ങളും പിന്നെ ബ്രിട്ടീഷ് പട്ടാളത്തിലും അതിനുശേഷവും അച്ഛന്‍ ഉപയോഗിച്ചിരുന്ന, വീട്ടില്‍ ഇപ്പോഴുമുള്ള  ഒരു പഴയ ഷേവിംഗ് സെറ്റും ഒക്കെ ഏതെങ്കിലും ഒരു ബാഗ് വാങ്ങി, വൈകുന്നേരം ആകുമ്പോഴേക്കും സെന്റ് മൈക്കിള്‍ സ്‌കൂളിനടുത്തേക്ക് കൊണ്ടുവരാന്‍ ജ്യേഷ്ഠനോട് പറയാന്‍  പറഞ്ഞു.

സുഭാഷേട്ടനോട് യാത്ര പറഞ്ഞ് തിരിച്ചുവന്നപ്പോള്‍ അടുത്ത അറിയിപ്പ് വന്നു. ഞാന്‍ അടക്കം ഏഴുപേര്‍ അടങ്ങുന്ന ഒരു ടീമിനോട് വീടിനടുത്തുള്ളവര്‍ക്ക് വീട്ടില്‍ പോകാമെന്നും രാത്രി 9 മണിക്ക് ഉള്ള ട്രെയിനിനുവേണ്ടി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്നും അറിയിച്ചു. ആരോടോ സമയം ചോദിച്ചു. വീട്ടില്‍ പോയി വരാന്‍ ധാരാളം സമയമുണ്ട്. ജ്യേഷ്ഠന്‍ ബാഗുമായി ഇങ്ങോട്ട് വരുമോ എന്നുള്ള പേടിയേ ഉണ്ടായിരുന്നുള്ളൂ. ഏതായാലും കിട്ടിയ ബസ് പിടിച്ച് കല്ല്യാശ്ശേരിയില്‍ വന്ന് വീട്ടിലേക്ക് നടന്നു. ഇന്നലെവരെ ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന ഞാന്‍ ഇന്ന് ഒരു ദിവസം കൊണ്ട് പട്ടാളക്കാരന്‍ ആയിരിക്കുകയാണ്. നമ്മുടെ കഷ്ടപ്പാടുകള്‍ എല്ലാം ഒരു ദിവസം കൊണ്ട് തീര്‍ന്നു എന്ന ഒരു തോന്നല്‍. ജീവിതത്തെ മാറ്റിമറിച്ച ദിവസം. അറിഞ്ഞവര്‍ക്കൊക്കെ വളരെ സന്തോഷമായി എങ്കിലും ഒരു മുന്നറിയിപ്പും ഇല്ലാതെ സ്വന്തം മകന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നാടും വീടും വിട്ട് ഏതോ അന്യസംസ്ഥാനത്തേക്ക് പോകുകയാണ് എന്നുള്ള  ചിന്ത അമ്മയെ വേദനിപ്പിച്ചു. എനിക്ക് ഒരു ഗ്ലാസ് കാച്ചിയ പാല്‍ തന്നു. കൂട്ടുകാരെല്ലാം വിവരമറിഞ്ഞു. ആദ്യമായി അവരിലൊരാള്‍ കൂട്ടം പിരിയുന്നതിനുള്ള വിഷമം ഉണ്ടെങ്കിലും എനിക്ക് ഒരു ജോലി കിട്ടിയിട്ട് ആണല്ലോ പോകുന്നത് എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സന്തോഷമായി. അവര്‍ക്ക് മാത്രമല്ല ജയഭാരത കലാകേന്ദ്രത്തിനുകൂടി അതൊരു നഷ്ടമായിരുന്നു. ഒരു നടന്റെ ഒഴിവുവന്നപ്പോള്‍ മഹിഷാസുര നിഗ്രഹം എന്ന നൃത്ത നാടകത്തില്‍ പോത്തിന്റെ മുഖത്തോടുകൂടിയുള്ള മഹിഷാസുരനെ അവതരിപ്പിക്കാന്‍ ചെറിയ രീതിയിലുള്ള നൃത്ത പരിശീലനത്തില്‍ ആയിരുന്നു ഞാന്‍. എന്റെ പെട്ടെന്നുള്ള ആര്‍മി പ്രവേശനം അവര്‍ക്ക് മഹിഷാസുരന് വേണ്ടി  മറ്റൊരു നടനെ കണ്ടെത്തേണ്ടി വന്നു.

ചുമലില്‍ തൂക്കാന്‍ പാകത്തിലുള്ള ഒരു ചുവന്ന ബാഗ് ജ്യേഷ്ഠന്‍ വാങ്ങിവന്ന് അതില്‍ എനിക്ക് വേണ്ടുന്ന സാധനങ്ങളൊക്കെ ഒരുക്കിവെച്ചു. കുറേക്കാലത്തെ വിശ്രമത്തിനുശേഷം രണ്ടാമത് ജോലി ലഭിച്ച അച്ഛന്റെ ഷേവിങ് സെറ്റ് ബാഗിനുള്ളിലിരുന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ പല്ല് തേക്കാന്‍ ഉപയോഗിച്ചിരുന്ന മാവിലയ്ക്കും ഈര്‍ക്കലിനും ഒക്കെ ഇനി വിട. ജ്യേഷ്ഠന്‍ പുതുതായി വാങ്ങിയ കോള്‍ഗേറ്റും, ടങ്ങ്ക്ലീനറും ചന്ദ്രിക സോപ്പിനോടൊപ്പം ബാഗിന്റെ മുന്‍വശത്തെ പോക്കറ്റില്‍ സൂക്ഷിച്ചു. യാത്ര  ചിലവിനും മറ്റുമായി ജ്യേഷ്ഠന്‍  കുറച്ച് പണം കൈയില്‍ തന്നു. ട്രെയിനില്‍ കഴിക്കാനായി അമ്മ എന്തൊക്കെയോ പലഹാരങ്ങള്‍ ഉണ്ടാക്കിത്തന്നു. കുറച്ചു ഭക്ഷണവും കഴിച്ച് കണ്ണൂരിലേക്ക് പുറപ്പെട്ടു. അധികം താമസിച്ചാല്‍ പിന്നെ ബസ് കിട്ടില്ല. ഫുട്‌ബോള്‍ കളി നേരത്തെ മതിയാക്കി കൂട്ടുകാരൊക്കെ എന്നെ യാത്രയാക്കാന്‍ വേണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് വന്നു. ഞങ്ങള്‍ ഏഴ് 'പട്ടാളക്കാരും' സമയത്ത് തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തി. അതില്‍ ഒരു ഹിന്ദിക്കാരനും ഉണ്ടായിരുന്നു. പട്ടാളത്തില്‍ ഉള്ള അവന്റ ജ്യേഷ്ഠന്‍ വഴി ആശ്രിത നിയമനത്തിലൂടെ കടന്നുകൂടിയത് ആണെന്ന് തോന്നുന്നു. കൂട്ടത്തില്‍ ഒരു ഹിന്ദിക്കാരന്‍ ഉണ്ടായിരുന്നതുകൊണ്ട്  കാര്യങ്ങള്‍ കുറച്ച് എളുപ്പമായി. ഞങ്ങളുടെ കൂട്ടത്തില്‍ അന്ന് കുറച്ചെങ്കിലും ഹിന്ദി സംസാരിക്കാന്‍ അറിയുന്നത് സുരേഷിനായിരുന്നു. അവന്റെ അച്ഛന്‍ എയര്‍ ഫോഴ്‌സില്‍  മാസ്റ്റര്‍ വാറണ്ട്  ഓഫീസര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ സുരേഷ് അഞ്ചു വയസ്സുവരെ വടക്കേ ഇന്ത്യയിലായിരുന്നു. സുരേഷ് എന്റെ പുതിയ ഹിന്ദി സുഹൃത്തുമായി കുറച്ചൊക്കെ ആശയവിനിമയം നടത്തി. ഞങ്ങളെ എല്ലാവരെയും ഹൈദരാബാദില്‍ എത്തിക്കാനുള്ള ചുമതല ആ ഹിന്ദി സുഹൃത്തിനായിരുന്നു. കണ്ണൂര്‍ തോട്ടടയില്‍ നിന്നുള്ള രമേശന്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉള്ളവരായിരുന്നു. കണ്ണൂരില്‍ നിന്ന് ജോലാര്‍പേട്ട എന്ന സ്റ്റേഷനിലേക്കും പിന്നീട് അവിടുന്ന് മറ്റൊരു ട്രെയിനില്‍ കയറി വേണം ഹൈദരാബാദിലേക്കും എത്താന്‍ എന്ന് സുരേഷ് ഹിന്ദിക്കാരനില്‍ നിന്നും ചോദിച്ച് മനസ്സിലാക്കി.

രാത്രി ഒൻപത് മണി കഴിഞ്ഞു. സ്റ്റേഷന്‍ മാസ്റ്ററുടെ അറിയിപ്പ് വന്നു. ഞങ്ങള്‍ക്ക് പോകാനുള്ള ട്രെയിനും വന്നെത്തി. തോളില്‍ ചുവന്ന ബാഗും തൂക്കിക്കൊണ്ട് എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞുകൊണ്ട് ട്രെയിനിലെ ഏതോ ഒരു ജനറല്‍ കോച്ചില്‍ കയറിക്കൂടി. ജീവിതത്തിലെ ആദ്യത്തെ തീവണ്ടി യാത്രയാണ്. ഒന്നാം ക്ലാസില്‍ രാംമാഷും വീട്ടില്‍ അമ്മയും ഒരുപോലെ പഠിപ്പിച്ച ' കൂ കൂ കൂ കൂ തീവണ്ടി, കൂകി പായും തീവണ്ടി' എന്ന പാട്ട് ഓര്‍മ വന്നു. കിട്ടിയ സീറ്റിന്റെ ഏതോ ഒരു മൂലയില്‍ ബാഗിനെയും മടിയില്‍ വച്ചുകൊണ്ടിരുന്നു. ഉറങ്ങിയെന്ന് പറയാന്‍ പറ്റില്ല. അമ്മ തന്ന പലഹാരത്തിന്റെയും ജ്യേഷ്ഠന്‍ വച്ച സോപ്പിന്റെയും മണമറിഞ്ഞുകൊണ്ട് തല പലപ്പോഴും ബാഗിന് മുകളില്‍ വിശ്രമിക്കുകയായിരുന്നു. രാത്രിയില്‍ പല സ്റ്റേഷനുകളിലും യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ടായിരുന്നു. കാലത്ത് ട്രെയിന്‍ ജോലാര്‍പേട്ട എത്തുമ്പോഴേക്കും കുറെയൊക്കെ തിരക്ക് കുറഞ്ഞിരുന്നു. പുതിയ പേസ്റ്റും ബ്രഷും ഉപയോഗിച്ച് പല്ല് തേച്ചു. ചിലര്‍ എന്റെ പേസ്റ്റും അവരുടെ കൈവിരലും ഉപയോഗിച്ച് കാര്യം നടത്തി. ജനറല്‍ കോച്ചിലെ നിറം മങ്ങിയ കണ്ണാടിയില്‍ നോക്കി മുടി ചീകാന്‍ തുടങ്ങിയപ്പോള്‍ ആരോ പറയുന്നത് കേട്ടു ജോലാര്‍പേട്ട  എത്താറായി എന്ന്. അമ്മ ഉണ്ടാക്കി തന്ന പലഹാരവും മറ്റുള്ളവര്‍ക്കായി വീതിച്ചു കൊടുത്ത് എല്ലാവരുടെയും രാവിലെത്തെ വിശപ്പ് അടക്കി. നാട്ടുകാരന്‍ ആയതുകൊണ്ടോ കൂട്ടുകാരില്‍ രണ്ട് രമേശന്മാര്‍ വേറെ ഉണ്ടായിരുന്നതുകൊണ്ടോ എന്തോ തോട്ടടക്കാരന്‍ രമേശനും ആയിട്ടുള്ള സുഹൃദ്ബന്ധം കൂടാന്‍ തുടങ്ങി.

ട്രെയിന്‍ സ്റ്റേഷനില്‍ എത്തി എല്ലാവരും ഇറങ്ങി. അടുത്ത ട്രെയിന്‍ എപ്പോഴാണെന്നും ഏത് പ്ലാറ്റ്‌ഫോമില്‍ വെച്ചാണെന്നും അന്വേഷിച്ചറിഞ്ഞു. ചുവന്ന കുപ്പായവും ഇട്ട് കുറെ പേര്‍ അവിടെയൊക്കെ ഉണ്ടായിരുന്നു. പണം വാങ്ങി യാത്രക്കാരുടെ ചുമടുകള്‍ എടുക്കാന്‍ സഹായിക്കുന്ന കൂലിമാരാണത്രെ അവര്‍. അവിടുത്തെ റെയില്‍വേ ടൈം ടേബിള്‍ ഏകദേശം മനപ്പാഠമാക്കിയ അവര്‍ ഞങ്ങളെ കുറെ സഹായിച്ചു. അവനവന്റെ സാധനങ്ങളുമായി ഹൈദരാബാദിലേക്കുള്ള  ട്രെയിന്‍ വരാനുള്ള പ്ലാറ്റ്‌ഫോമിലേക്ക് നടന്നു. പുതിയ ലോകം പുതിയ ആള്‍ക്കാര്‍, പലതരം വേഷങ്ങള്‍, പലതരം ഭാഷകള്‍ സംസാരിക്കുന്നു. പ്ലാറ്റ്‌ഫോമിലെ റെയില്‍വേ ബെഞ്ചില്‍ ഞാന്‍ ഇരുന്നതിന് അടുത്തായി പുതിയതരം ഡ്രസ്സ് ധരിച്ച  ഒരു പെണ്‍കുട്ടി വന്നിരുന്നു. അവര്‍ക്ക് അതൊന്നും പുതുമയായിരുന്നില്ല. പക്ഷേ, ഗ്രാമത്തിന്റെ ചട്ടക്കൂട്ടില്‍ വളര്‍ന്ന ഞങ്ങള്‍ക്ക് അതൊന്നും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

ഹൈദരാബാദിലേക്കുള്ള ട്രെയിന്‍ പുറപ്പെട്ടു. ഇപ്പോഴത്തെ യാത്ര പകല്‍ ആയതുകൊണ്ട് അത് കൂടുതല്‍ രസകരമായി തോന്നി. ഞങ്ങള്‍ മുന്നോട്ടുപോകുന്നതാണോ അതോ മുന്നിലുള്ള മരങ്ങളും മറ്റും പുറകോട്ട് ഓടുന്നതാണോ എന്ന് പലപ്പോഴും സംശയിച്ചു പോയി. നഗരങ്ങളും കാടുകളും മണലാരണ്യങ്ങളും എല്ലാം ഒരുപോലെ പുറകോട്ടേക്ക് ഓടിപ്പോയി. ചായ, പലഹാരങ്ങള്‍, പൊതിച്ചോറ് എന്നിവ വിറ്റുകൊണ്ട് പലരും അതുവഴി പോയി. മറ്റുള്ളവരുടെ പറമ്പിലെ കശുവണ്ടി പെറുക്കി വിറ്റ് വിഷുവിന് വാങ്ങിച്ചിരുന്ന  ഓലപ്പടക്കത്തോട് സമാനമായ എന്തോ ഒന്ന് വില്‍പ്പന നടത്തിക്കൊണ്ട് ഒരാള്‍ ഞങ്ങളുടെ സീറ്റിന് അടുത്തേക്കും വന്നു. തിരിയില്ലാത്ത ഓലപ്പടക്കം തന്നെ, പക്ഷേ കുറച്ചുകൂടി വലിപ്പം കാണും. വിശപ്പിന്റെ സമയമായതിനാല്‍ ഹിന്ദിക്കാരന്റെ അഭിപ്രായം കേട്ട്  എല്ലാവരും അത് വാങ്ങി. അതിനുള്ളില്‍ വെടിമരുന്നായിരുന്നില്ല. ഉരുളക്കിഴങ്ങും സവാളയും മറ്റെന്തൊക്കെയോ പച്ചക്കറികളും. ആദ്യമായിട്ടാണ് കഴിക്കുന്നതെങ്കിലും നല്ല സ്വാദ് തോന്നി. ഹിന്ദിക്കാരന്‍  ഹിന്ദിയില്‍ പറഞ്ഞു ഇതിന്റെ പേര് 'സമൂസ' എന്നാണെന്ന്.

അവസാനത്തെ സ്റ്റേഷനാണ്. ട്രെയിന്‍ ഇവിടംവരെയേ ഉള്ളൂ. അതുകൊണ്ടുതന്നെ എല്ലാ സീറ്റിലും ഒരുപോലെ ചലനങ്ങള്‍ ഉണ്ടായി. എല്ലാവര്‍ക്കും ഇവിടെ ഇറങ്ങണം. ഞങ്ങളെപ്പോലെ ദിവസവും ഇങ്ങനെ പുതുതായി വരുന്ന പട്ടാളക്കാരെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന മഹാനഗരം. ആത്മവിശ്വാസത്തിനായി ശുചിമുറിക്ക് പുറത്ത് ഘടിപ്പിച്ച കണ്ണാടിയില്‍ ഒന്നുകൂടി നോക്കാം എന്ന് തീരുമാനിച്ചു. ഓ, രണ്ടുദിവസത്തെ യാത്രയില്‍ വല്ലാതെ മാറ്റം വന്നിരിക്കുന്നു. തീവണ്ടിയില്‍ നിന്നും വന്നുകൊണ്ടിരുന്ന കല്‍ക്കരിപ്പുക, ധരിച്ചിരിക്കുന്ന വസ്ത്രത്തെ മാത്രമല്ല ശരീരത്തിന്റെയും നിറം മാറ്റിയിരിക്കുന്നു. 

ഹിന്ദിക്കാരന്റെ നേതൃത്വത്തില്‍ ഞങ്ങളെല്ലാം സ്റ്റേഷന് പുറത്തേക്ക് വന്നു. ട്രെയിനിന്റെ സമയം നോക്കി വരുന്നതാകാം, പച്ച പെയിന്റടിച്ച ഒരു മിലിട്ടറി വണ്ടി അവിടെ സ്റ്റേഷന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. അതില്‍ കയറാന്‍ ഞങ്ങളെ കൂടാതെ വേറെയും കുറെ പേരുണ്ട്. നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വരുന്ന ചെറുപ്പക്കാരായ പട്ടാളക്കാരും,  ഭാര്യയെയും മക്കളെയും കൂടെ താമസിപ്പിക്കാന്‍വേണ്ടി അവരെയും കൂടെ കൂട്ടി വരുന്ന മുതിര്‍ന്ന പട്ടാളക്കാരും ശൈത്യ മേഖലയില്‍ എവിടെയോ തന്റെ കര്‍ത്തവ്യനിര്‍വഹണവും കഴിഞ്ഞ് കമ്പിളിപ്പുതപ്പും കിടക്കവിരിയുമായി തിരിച്ചുവരുന്ന മറ്റുചില പട്ടാളക്കാരും അതിലുണ്ടായിരുന്നു. പട്ടാളവണ്ടി വളവ് തിരിയുമ്പോള്‍ അവരുടെ സ്റ്റീല്‍ പെട്ടികള്‍ അന്യോന്യം കൂട്ടിമുട്ടുന്നുണ്ടായിരുന്നു. ഇരിക്കാന്‍ സീറ്റുകള്‍ ഒന്നും ഇല്ലാത്ത ആ വണ്ടിയില്‍ ചിലര്‍ അവരുടെ പെട്ടിയുടെ മുകളിലായും മറ്റുള്ളവര്‍ തറയിലുമൊക്കെയായി ഇരുന്നു. ഹൈദരാബാദിലെ ഭാഷ തെലുങ്കാണെങ്കിലും ആര്‍മി ക്യാമ്പില്‍ എല്ലാവരും ഹിന്ദിയാണ് സംസാരിക്കുക എന്ന് വണ്ടിക്കുള്ളിലെ സംസാരം കേട്ടപ്പോള്‍ തന്നെ മനസ്സിലായി. അതുകൊണ്ടുതന്നെ അറിയാവുന്ന ഹിന്ദി വാക്കുകളൊക്കെ ഒന്ന് പുനരവലോകനം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നാലു തൂണ് എന്ന് അര്‍ഥം വരുന്ന 'ചാര്‍മിനാര്‍' ഹൈദരാബാദില്‍ ആണല്ലോ എന്ന് സ്‌കൂളില്‍ ചരിത്ര അധ്യാപകന്‍ പഠിപ്പിച്ചത് ഓര്‍മവന്നത്. പട്ടാളക്കാരെക്കൊണ്ട് നിറഞ്ഞ വണ്ടിയില്‍ നിന്നും, കിട്ടിയ വിടവിലൂടെ പുറത്തേക്ക് നോക്കി. ചാര്‍മിനാര്‍ വഴിയില്‍ എവിടെയെങ്കിലും കണ്ടാലോ!

തിരക്ക് കൂടിയ നഗര പാതകളും, ബഹുനില കെട്ടിടങ്ങളും, തൊഴില്‍ശാലകളിലെ പുക തുപ്പുന്ന ചിമ്മിനിക്കുഴലുകളും കടന്ന് ചെറുതും വലുതുമായ ആര്‍മി വണ്ടികളും, യൂണിഫോം ധരിച്ച വഴിയാത്രക്കാരും മാത്രമുള്ള മറ്റൊരു പാതയിലേക്ക് ഞങ്ങളുടെ വണ്ടി തിരിഞ്ഞു. നഗരമധ്യത്തില്‍ ഇത്രയും മരങ്ങളും അത് തരുന്ന തണലും. മരങ്ങള്‍ക്ക് ചുറ്റും നിര്‍മിച്ച മണല്‍ത്തിട്ടകള്‍, ചുവപ്പും വെളുപ്പും ഇടവിട്ടുള്ള നിറം കൊടുത്ത് അതിനെ ഭംഗിയാക്കിയിരിക്കുന്നു. നീളത്തിലുള്ള ഒറ്റനില കെട്ടിടങ്ങളും അതിനുമുന്നില്‍ ചുവന്ന മണ്ണുകൊണ്ട് ചായം പൂശിയ നിലങ്ങളും. ഡിസംബര്‍ മാസത്തിലും നല്ല പൂന്തോട്ടങ്ങളും പൂക്കളും. ഞങ്ങളുടെ ലക്ഷ്യസ്ഥാനം എത്താറായി എന്ന് തോന്നിയപ്പോഴേക്കും വണ്ടി വലിയ ഒരു ഗേറ്റിനു മുന്നില്‍ ചെന്നുനിന്നു. ശരീരം ഒരു വശത്തേക്ക് ചെരിച്ച് അവിടെ എഴുതിയത് വായിക്കാന്‍ ശ്രമിച്ചു. ഊഹം തെറ്റിയില്ല. ഗേറ്റിന്റെ  കമാനത്തില്‍ വലുതായി എഴുതി വച്ചിരിക്കുന്നു. 'ആര്‍ട്ടിലറി സെന്റര്‍ ഹൈദരാബാദ്'. ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഗേറ്റില്‍ ഉള്ള കാവല്‍ക്കാരന്റെ നോട്ടുബുക്കില്‍ എന്തൊക്കെയോ കുറിക്കുന്നുണ്ടായിരുന്നു. അത് ഞങ്ങളുടെ കണക്കായിരിക്കും.

വണ്ടി നേരെ പോയി വിശാലമായ ഒരു മൈതാനത്തിന്റെ മൂലയില്‍ പല വേഷത്തിലും രൂപത്തിലും ഇരിക്കുന്ന മറ്റൊരു ആള്‍ക്കൂട്ടത്തിനിടയില്‍ ഞങ്ങളെയും ഇറക്കി. ലുങ്കി ഉടുത്ത തമിഴന്‍മാരുടെയും പൈജാമയിലുള്ള ഹരിയാനക്കാരുടെയും കൂട്ടത്തില്‍ മുണ്ടുടുത്ത കുറെ മലയാളികളും ചേര്‍ന്നു.

വേര്‍പാടിന്റെ വേദനയും പരിശീലനത്തിന്റെ കഷ്ടപ്പാടും

കൊമ്പന്‍ മീശക്കാരനായ തമിഴന്‍ 'ഉസ്താദ്' തമിഴ് ചുവയുള്ള ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു. പലതും മനസ്സിലായില്ല. എല്ലാവരും പോകുന്നതിന്റെ പിന്നാലെ ഞാനും പോയി. അത് അവിടുത്തെ ബാര്‍ബര്‍ ഷോപ്പിലേക്ക് ആയിരുന്നു. നിരനിരയായി നിന്ന് മുടിവെട്ടുന്ന കുറെ ബാര്‍ബര്‍മാര്‍, അതുപോലെതന്നെ തന്റെ ഊഴത്തിനായി കാത്തിരിക്കുന്ന കുറേ പുതിയ യുവാക്കള്‍. 'സിവിലിയനില്‍' നിന്നും പട്ടാളക്കാരന്‍ ആകാനുള്ള പരിവര്‍ത്തനത്തിന്റെ  ആദ്യത്തെ ചുവടുവെപ്പ്. രാജ്യത്തിനുവേണ്ടിയുള്ള ആദ്യത്തെ സമര്‍പ്പണം, ഇതുവരെ സ്‌നേഹിച്ച് വളര്‍ത്തിയ സ്വന്തം മുടി. ഹിന്ദി നടന്‍ അമിതാബച്ചനെ അനുകരിച്ചുകൊണ്ടുള്ള അന്നത്തെ 'ബച്ചന്‍ കട്ട്' അല്പസമയത്തിനുള്ളില്‍ നഷ്ടമാകാന്‍ പോവുകയാണ്. ബാര്‍ബര്‍മാര്‍ തൊഴിലിനോട് കാണിക്കുന്ന ഇത്രയും വലിയ ആത്മാര്‍ത്ഥതയും വേഗതയും ഞാന്‍ ഇതിനുമുമ്പ് നാട്ടില്‍ ബീഡി തൊഴിലാളികള്‍ക്ക് മാത്രമാണ് കണ്ടിരുന്നത്. കത്രികകൊണ്ട് നീളമുള്ള മുടികള്‍ വെട്ടാന്‍ ഒരാള്‍, യന്ത്രം വെക്കാന്‍ വേറൊരാള്‍, പൂര്‍ത്തീകരണത്തിന് മറ്റൊരാള്‍ ഇങ്ങനെ ഓരോരുത്തരുടെയും കലാവിരുത് ഞങ്ങളുടെ തലയിലൂടെ കടന്നുപോയപ്പോള്‍ അതൊരു നഷ്ടബോധത്തിന്റെ ദുഃഖവും വരാന്‍ പോകുന്ന ഒരു സ്വപ്നലോകത്തിന്റെ സന്തോഷവുമൊക്കെ ആയിരുന്നു. പല കുട്ടികളുടെയും കണ്ണ് നിറയിച്ച അവിടുത്തെ അഹങ്കാരിയായ കണ്ണാടിയില്‍ ഒന്നുകൂടി നോക്കിയപ്പോള്‍ സ്വയം തിരിച്ചറിയാന്‍ കുറച്ച് പ്രയാസപ്പെട്ടു. ഒറ്റ ശില്പിയാല്‍ നിര്‍മ്മിതമായ കുറേ പ്രതിമകളെപ്പോലെ എല്ലാവരും മാറിയിരിക്കുന്നു.

അവിടുന്ന് നേരെ പോയത് അവിടുത്തെ കാന്റീനിലേക്കാണ്. 'വെറ്റ് കാന്റീന്‍' എന്ന് ബോര്‍ഡ് വെച്ച, ആര്‍മിക്കാര്‍ക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളും കിട്ടുന്ന കട. ആര്‍മി ക്യാമ്പുകള്‍ക്കുള്ളിലുള്ള കാന്റീനുകളെ വെറ്റ് കാന്റീന്‍ എന്നാണ് വിളിച്ചിരുന്നത്. അതിന്റെ നടത്തിപ്പുകാരെ കുറിച്ച് പിന്നീട് അറിയാന്‍ കഴിഞ്ഞ കഥകൂടി പറയാം. മിക്കവാറും എല്ലാ സ്ഥലങ്ങളിലും വെറ്റ് കാന്റീന്‍ നടത്തിയിരുന്നത് രാജസ്ഥാനിലെ 'മാര്‍വാര്‍' എന്ന  പ്രദേശത്ത്  നിന്ന് വരുന്ന മാര്‍വാടി വംശീയ വിഭാഗത്തില്‍പ്പെട്ട വൈശ്യവരായിരുന്നു. വ്യാപാരികളായ ഇവരെ കാലക്രമേണ സംസ്‌കൃതത്തില്‍ നിന്ന് ഉല്‍ഭവിച്ച 'ബനിയ' എന്ന പേരിലും അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വെറ്റ് കാന്റീനുകള്‍ക്ക് 'ബനിയാ കാന്റീന്‍' എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ഉസ്താദ് പറഞ്ഞ സാധനങ്ങളുടെ പട്ടിക ഓര്‍മവെക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്തൊക്കെ സാധനങ്ങളാണ് കൊടുക്കേണ്ടത് എന്ന് അവിടെയുള്ള ബനിയക്കും മറ്റു തൊഴിലാളികള്‍ക്കും അറിയാമായിരുന്നു. ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റ്, ഗ്ലാസ്, ബാത്‌റൂം ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍, ഒരു ചൂല് എന്നിവ അതില്‍ പ്രധാനമായിരുന്നു. പോസ്റ്റ് ഓഫീസില്‍ മാത്രം കിട്ടുന്ന 'ഇന്‍ലന്റ്' അവിടെ കിട്ടുമെന്ന് അറിഞ്ഞപ്പോള്‍ അതുകൂടി വാങ്ങി. വീട്ടിലേക്ക് കത്തെഴുതുക എന്നതാണ് പരമപ്രധാനമായ ദൗത്യം.

സാധനങ്ങളും വാങ്ങി പൈസ കൊടുത്ത് നിര്‍ദിഷ്ട 'ബാരക്കിലേക്ക്' നടക്കാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നും 'സുരേന്ദ്രാ' എന്നുള്ള ഒരു വിളി. നാട്ടില്‍ നിന്നും രണ്ട് ദിവസത്തെ ദൂരത്തില്‍ എവിടെയോ കിടക്കുന്ന ഒരു പട്ടാള ക്യാമ്പില്‍ എന്നെ പേരെടുത്ത് വിളിക്കാന്‍ മാത്രം ഇതാര്. തിരിഞ്ഞുനോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു പോയി. പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച മോറാഴയിലെ വിശ്വനാഥന്‍. പുതിയ 'ഹെയര്‍ സ്‌റ്റൈലുമായി' എന്റെ അടുത്തേക്ക് വന്നു. കാര്യങ്ങള്‍ പറഞ്ഞു. എന്നെക്കാള്‍ ഒരു ദിവസം 'സീനിയര്‍' ആയ പട്ടാളക്കാരന്‍. അതിന്റെ തലേന്നാണ് ഇവിടെ എത്തിയതത്രെ. ഏതായാലും വലിയ സമാധാനമായി. പഴയ ഒരു സുഹൃത്തിനെ കൂടെ കിട്ടിയല്ലോ. കൂടാതെ ക്യാമ്പിലെ ഒരു ദിവസത്തെ അധിക അനുഭവം എനിക്ക് ഒരു സഹായവും ആവും എന്ന് കരുതി. പിന്നീട് പോയത് പട്ടാളത്തിന്റെ സ്റ്റോറിലേക്കാണ്. അവിടെനിന്നും കമ്പിളി, ഡറി (ജവാന്മാര്‍ ഉപയോഗിക്കുന്ന കിടക്കവിരി) കൊതുക് വല തുടങ്ങിയ അത്യാവശ്യ സാധനങ്ങളൊക്കെ  തന്നു. ചൂടി മേഞ്ഞ കുറെ കട്ടിലുകള്‍ നിരത്തിയ ഒരു ബാരക്കില്‍ ഓരോരുത്തര്‍ക്കും ഓരോ സ്ഥലം നിര്‍ദ്ദേശിച്ചു. അങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ അത്യാവശ്യ സാധനങ്ങളോടും കൂടിയ പുതിയ പാര്‍പ്പിടം തയ്യാറായി. പക്ഷേ വീട്ടിലേക്ക് കത്തെഴുതാന്‍ ഇനിയും സമയം കണ്ടെത്താനായില്ല. അവിടുത്തെ പുതിയ അഡ്രസ്സ് വിശ്വനാഥന്‍ തന്നിരുന്നു. അതിനിടയില്‍ കുളിക്കാനും ട്രെയിനിലെ തുണികള്‍ കഴുകാനും കുറച്ച് സമയം കണ്ടെത്തി.

placeholder
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.)
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.) | Photo: Special arrangement 

സന്ധ്യ ആയതോടെ ഒരു ബെല്ലടി ശബ്ദം കേട്ടു. അന്വേഷിച്ചപ്പോള്‍ അത് 'ലങ്കറില്‍' ഭക്ഷണം തയ്യാറായതിന്റെ അറിയിപ്പാണെന്ന് ആരോ പറഞ്ഞു. പ്ലേറ്റുമായി പോയി മറ്റുള്ളവരുടെ പിന്നാലെ വരിയില്‍ ഞാനും നിന്നു. ഭക്ഷണം വിളമ്പുന്ന ആള്‍ ചോദിക്കുന്നുണ്ടായിരുന്നു 'വെജ്' ആണോ 'നോണ്‍ വെജ്' ആണോ എന്ന്. എപ്പോഴും ആശയക്കുഴപ്പം സൃഷ്ടിച്ച രണ്ടു വാക്കുകളായിരുന്നു അത്. നല്ലവണ്ണം ആലോചിച്ച് പറഞ്ഞു 'നോണ്‍വെജ്'. ഒരു വാക്ക് തെറ്റിയാല്‍ പട്ടാളത്തില്‍ നിന്നും കിട്ടുന്ന ആദ്യത്തെ ആട്ടിറച്ചിയാണ് നഷ്ടമാവാന്‍ പോകുന്നത്. ചോറും, ചപ്പാത്തിയും, പരിപ്പുകറിയും, ഉരുളക്കിഴങ്ങ് കറിയും ഒക്കെ പ്ലേറ്റില്‍ വിളമ്പി. അയാള്‍ ചോദിച്ച നോണ്‍വെജ് എവിടെ? അവസാനം പ്ലേറ്റില്‍ തപ്പി നോക്കിയപ്പോള്‍ കറിയുടെ കൂടെ ഒരു  കഷണം ആട്ടിറച്ചി കിട്ടി. അതും മാംസം ഒന്നുമില്ലാത്ത ഒരു എല്ലിന്‍ കഷണം. ആദ്യത്തെ ഭാഗ്യപരീക്ഷണത്തില്‍ തോറ്റിരിക്കുന്നു. ഒരു സ്വാദും ഇല്ലാത്ത ഭക്ഷണം. മഞ്ഞളും മുളകും മാത്രം വേണ്ടുവോളം ഉണ്ടായിരുന്നു. നാട്ടില്‍ ഒരിക്കലും കാണുക പോലും ചെയ്യാത്ത മല്ലിയില എല്ലാ കറികളിലും സുലഭമായി ഉണ്ടായിരുന്നു. അതിന്റെ സ്വാദുമായി പൊരുത്തപ്പെടാന്‍ തീരെ പറ്റിയില്ല. നാട്ടിലെ അമ്മയുടെ സാമ്പാറും അച്ഛന്‍ തരുമായിരുന്ന മത്തി കഷ്ണങ്ങളും, മറക്കണം എന്ന് എത്ര ശ്രമിച്ചിട്ടും വീണ്ടും വീണ്ടും മനസ്സിലേക്ക് ഓടിയെത്തുകയാണ്. ചപ്പാത്തിയുടെ വശങ്ങളിലെ ഉണങ്ങിയതും കരിഞ്ഞതുമായ കഷണങ്ങളോടൊപ്പം ഭക്ഷണത്തില്‍ നിന്നും സംഭരിച്ച മല്ലിയിലകളും അതിനോടൊപ്പം ഏകമാത്ര എല്ലിന്‍ കഷണവും 'യൂസ് മീ' എന്നെഴുതിയ പെട്ടിയില്‍ നിക്ഷേപിച്ച് പ്ലേറ്റ് കഴുകി രമേശനോടും വിശ്വനാഥനോടും ഒപ്പം ബാരക്കിലേക്ക് തിരിച്ചുനടന്നു. അവിടുത്തെ സമയക്രമങ്ങള്‍ ഒന്നും അറിയില്ല. പട്ടാള ബാരക്കിലെ ലൈറ്റുകള്‍ അണയുന്നതിന് മുമ്പ് വീട്ടിലേക്ക് ഒരു കത്തെഴുതണം.

രാവിലെ മൂന്നിനും നാലിനും ഇടയിലുള്ള ഏതോ ഒരു സമയം. ചോക്കലിംഗം സാറിന്റെ കൊലവിളി കേട്ടാണെന്ന് തോന്നുന്നു എല്ലാവരും കൊതുകുവലയ്ക്ക് ഉള്ളില്‍ നിന്നും ചാടി എഴുന്നേറ്റു. ബാരക്കിന് മുന്നില്‍വെച്ച വലിയ സ്റ്റീല്‍ പാത്രത്തില്‍ ചായ തയ്യാറാണ്. തല്‍ക്കാലം പുതിയ ഒരു ശീലം തുടങ്ങേണ്ട എന്ന് കരുതി. 'മാസന്തോഷി, മാ സന്തോഷി' ക്യാമ്പിനുള്ളിലെ അമ്പലത്തില്‍നിന്നും വരുന്ന ഹിന്ദിയിലുള്ള ഭക്തിഗാനം യുക്തിവാദിയായ എന്റെ കാതിന് കുളിര്‍മ തരുന്നുണ്ടായിരുന്നു. ശൗചാലയത്തിന്റെ ഊഴത്തിനായി നല്ല തിരക്കായിരുന്നു. തുറക്കപ്പെടുന്ന വാതിലുകളും നോക്കി കുറേപേര്‍ പുറത്ത് നില്‍പ്പുണ്ട്. കുളിക്കുന്നിടത്ത് വലിയ പ്രശ്‌നമില്ലായിരുന്നു. പൊതു ടാങ്കിന്റെ നാലുവശവും നിന്നുകൊണ്ട് കുളിക്കാമായിരുന്നു. ആദ്യ കപ്പ് വെള്ളം ശരീരത്തില്‍ ഒഴിച്ചപ്പോഴാണ് ഞാനുള്ളത് കേരളത്തിലല്ല മറ്റൊരു സംസ്ഥാനത്താണ് എന്നും ഇത് മാസം ഡിസംബര്‍ ആണെന്നും തിരിച്ചറിഞ്ഞത്. വെള്ളത്തിന് അത്ര തണുപ്പ് പ്രതീക്ഷിച്ചിരുന്നില്ല.

ഇത്രയും രാവിലെ ഉസ്താദ് നമ്മളെ വിളിച്ച് എഴുന്നേല്‍പ്പിച്ചതിന്റെ രഹസ്യം ഇപ്പോഴാണ് പിടികിട്ടിയത്. ക്യാമ്പിലേക്ക് കാലുകുത്തിയപ്പോള്‍ കണ്ട വൃത്തിയുടെയും ശുചിത്വത്തിന്റെയും പിന്നിലെ കരങ്ങള്‍ തിരിച്ചറിഞ്ഞു. തലേന്ന് വാങ്ങിയ ചൂലുകൊണ്ട് നമ്മുടെ പരിസരം വൃത്തിയാക്കണം. പുല്ലുകള്‍ക്കും ചെടികള്‍ക്കും വെള്ളം കൊടുക്കണം. നിറം മാഞ്ഞുപോകുന്ന മണല്‍ തിണ്ണകള്‍ക്കും  ഇഷ്ടിക വരികള്‍ക്കും 'ചുണ്ണയും, ഗേറുവും' എന്ന് ഹിന്ദിയില്‍ വിളിക്കുന്ന ചുണ്ണാമ്പും കാവിപ്പൊടിയും ഉപയോഗിച്ച് വെളുപ്പും ചുവപ്പും നിറം കൊടുക്കണം. ചുവന്ന മണ്ണ് കൊണ്ട് തറ ലേപനം ചെയ്യണം. 'ടീം വര്‍ക്കിന്റെ' ആദ്യപാഠം പഠിച്ചുതുടങ്ങി. രണ്ടുപേര്‍ ചേര്‍ന്ന സംഘം ലങ്കറിലെ പഴയ ഉള്ളിച്ചാക്കുമായി പോയി ചുവന്ന മണ്ണ് കൊണ്ടുവരും. മറ്റുചിലര്‍ തൊട്ടിയില്‍ വെള്ളംകൊണ്ടുവരും. ചിലര്‍ തറയില്‍ മണ്ണ് വിതറുമ്പോള്‍ മറ്റുചിലര്‍ അതിന്റെ മേലെ വെള്ളമൊഴിക്കും. അവസാനത്തെ സംഘം ചുവന്ന മണ്ണും വെള്ളവും ചേര്‍ന്ന മിശ്രിതം തറയില്‍ മെഴുകി ആ പഴയ ഐശ്വര്യം നിലനിര്‍ത്തും. പിന്നീട് കോട്ട സ്റ്റോണ്‍ പാകിയ ബാരക്കിനുള്ളിലും വരാന്തയിലും, കയ്യില്‍ മറ്റൊരു കല്ലിന്റെ കഷ്ണവുമായി നിരന്നിരിക്കണം. അത് ഉപയോഗിച്ച് തറ  മുഴുവന്‍ ഉരസി ചായ വീണതും മറ്റും ആയ കറകള്‍ വൃത്തിയാക്കി നിലത്തിന് തിളക്കം വരുത്തണം. അത് കഴിഞ്ഞ് പഴയ നനച്ച തുണിയോ ചാക്കോ ഉപയോഗിച്ച് നിലം തുടച്ച് വൃത്തിയാക്കണം. 'കണ്ണാടിയുടെ ആവശ്യം വരരുത്, തറയില്‍ നോക്കിയാല്‍ നമ്മുടെ മുഖം കാണണം' എന്നാണ്  ഉസ്താദ് ഹിന്ദിയില്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്ന് മനസ്സിലായി. നാട്ടിലെ എല്ലാ സുഖങ്ങളും ത്യജിച്ച് ആന്ധ്രപ്രദേശിലെ ഇതുവരെ കാണാത്ത ഒരു സ്ഥലത്ത്, ഇതുവരെ കാണാത്ത ചിലരുടെ കൂടെയിരുന്ന് ഒരര്‍ത്ഥവും ഇല്ലെന്ന് തോന്നുന്ന കല്ലിന്മേല്‍ കല്ല് ഉരച്ചുകൊണ്ട് ഇരിക്കുന്നു. ആദ്യമായി അമ്മയെയും സഹോദരങ്ങളേയും വിട്ടതിലുള്ള വിരഹ ദുഃഖത്തോടൊപ്പം ഇതുകൂടി ചേര്‍ന്നപ്പോള്‍ ജോലി കിട്ടേണ്ടിയിരുന്നില്ല എന്ന് ഒരു നിമിഷമെങ്കിലും തോന്നാതിരുന്നിട്ടില്ല.

വെളിച്ചം വന്നുതുടങ്ങി, അമ്പലത്തില്‍ നിന്നുള്ള ഭക്തിഗാനം നിന്നു. അടുത്തുള്ള പരേഡ് ഗ്രൗണ്ടില്‍ നിന്നും വരുന്ന, നാളത്തെ സൈനികന്റെ കായിക പരിശീലനത്തിന്റെയും അവരെ പഠിപ്പിക്കുന്ന കായികാധ്യാപകന്മാരുടെയും മാത്രം ശബ്ദം കേള്‍ക്കാം. ഇതൊക്കെ കഴിയുമ്പോഴേക്കും ലങ്കറില്‍ നിന്നുമുള്ള മണിയടി. ബ്രേക്ക്ഫാസ്റ്റ് സമയമായി. രണ്ട് പൂരിയും ഉരുളക്കിഴങ്ങ് കറിയും. അത് സ്ഥിരമാണത്രെ.

ട്രെയിനിങ്ങ് തുടങ്ങാന്‍ ഇനിയും രണ്ടാഴ്ചയുണ്ട്. ഇനിയങ്ങോട്ട് ഒരുപാട്'ഡോക്യുമെന്റേഷന്‍' ചെയ്യാനുണ്ട്. വളരെ ബുദ്ധിപൂര്‍വ്വം ചെയ്യേണ്ട കാര്യങ്ങളാണ്. കാരണം ഓഫീസില്‍ ഉള്ള പലരും ഉത്തരേന്ത്യക്കാര്‍ ആയതുകൊണ്ട് സുരേന്ദ്രന്‍ സുരേന്ദറും, രവീന്ദ്രന്‍ രവീന്ദറും ഒക്കെയായ കഥകളുണ്ടത്രെ. ഓരോ സ്‌പെല്ലിംഗും തെറ്റാതെ പറഞ്ഞുകൊടുക്കണം. നമുക്ക് കേരളക്കാര്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. ഹിന്ദിയില്‍ മാത്രം മേല്‍വിലാസം എഴുതി ശീലിച്ചിരുന്ന ബീഹാറിക്കും രാജസ്ഥാനിക്കും ഉത്തര്‍ പ്രദേശ്കാരനും ഒക്കെ അത് വലിയ പ്രശ്‌നമായിരുന്നു. അതുകൊണ്ടുതന്നെ എഴുതുന്ന ആളുടെ യുക്തിക്ക് അനുസരിച്ച് സ്ഥലപ്പേരിലെ അക്ഷരങ്ങള്‍ക്ക് മാറ്റം വരുമായിരുന്നു. ഡിസ്ട്രിക്കും, ജില്ലയും ഒന്നുതന്നെയാണെന്ന് അറിയാത്തവര്‍ ആയിരുന്നു അതില്‍ പലരും. മേല്‍വിലാസത്തില്‍ ഒരിക്കലും ഉപയോഗിക്കാതിരുന്നത് കൊണ്ട് തന്നെ പോലീസ് സ്റ്റേഷന്‍ ഏതാണ് എന്ന ചോദ്യത്തിന് മാത്രം എനിക്ക് കുറച്ച് സംശയം തോന്നി. വിദ്യാഭ്യാസം, ജനനതീയതി, വീട്ടിനടുത്ത റെയില്‍വേ സ്റ്റേഷന്‍, അവിടുന്ന് വീട്ടിലേക്കുള്ള ദൂരം, സഹോദരി സഹോദരന്മാര്‍, അവരുടെ വയസ്സ് തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ടായിരുന്നു. ഡോക്കുമെന്റേഷന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും ഓരോ ആര്‍മി നമ്പര്‍ അനുവദിച്ചു. എട്ടക്ക സംഖ്യ. അത് മനപ്പാഠമാക്കണം. ഇനിയങ്ങോട്ട് പേരിനെക്കാളും നമ്പറിലാണ് അറിയപ്പെടുക.

വീട്ടില്‍നിന്നും കത്തിന് മറുപടി ഇതുവരെ എത്തിയില്ല. സമയം കിട്ടിയപ്പോള്‍ കൂട്ടുകാര്‍ക്കും ഓരോരുത്തര്‍ക്കായി കത്തെഴുതിയിരുന്നു. എല്ലാറ്റിനും മറുപടി വരാനുണ്ട്. നാടും വീടും വിട്ടിട്ട് ഒരാഴ്ചയായി. അവിടുത്തെ വിവരങ്ങള്‍ ഒന്നും അറിയുന്നില്ല. വീട്ടില്‍ എല്ലാവര്‍ക്കും സുഖംതന്നെ ആയിരിക്കില്ലേ? അവിടെ ഇപ്പോള്‍ കീറിയ ഫുട്‌ബോള്‍ ആരായിരിക്കും തുന്നുന്നുണ്ടാവുക? മഹിഷാസുരന്റെ വേഷത്തില്‍ പുതിയ നടനെ കണ്ടെത്തിയോ? ആശാരിക്കോട്ടത്തെ തെയ്യത്തിന്റെ സമയമായോ? ഒന്നുമറിയാന്‍ പറ്റുന്നില്ല. അതിനിടയില്‍ ട്രെയിനിങ്ങ് ബാറ്ററി എന്ന് പറയുന്ന മറ്റൊരു സ്ഥലത്തേക്ക് നമ്മളെ മാറ്റി. 'കോര്‍ട്ടര്‍ മാസ്റ്റര്‍ സ്റ്റോറില്‍' നിന്നും യൂണിഫോമിന് വേണ്ടുന്ന സാധനങ്ങളൊക്കെ കിട്ടി. എല്ലാറ്റിനെയും കൂടി 'ക്ലോത്തിങ്ങ്' എന്നാണ് പൊതുവെ വിളിക്കാറ്. പാന്റ്, ഷര്‍ട്ട്, ട്രൗസര്‍, ബനിയന്‍, ബെല്‍റ്റ്, തൊപ്പി, ബൂട്ട്, ഷൂസ്, സോക്‌സ്, ടാവല്‍ തുടങ്ങിയ എല്ലാം. ഇതിനൊക്കെ തീരുമാനിക്കപ്പെട്ട ഒരു 'ലൈഫ്' ഉണ്ടത്രേ. 

ആ സമയം കഴിഞ്ഞാല്‍ മാത്രമേ പുതിയത് കിട്ടൂ. അതും ചില ക്ലോത്തിങ്ങിന്റെ കാര്യത്തില്‍ ലൈഫ് കഴിഞ്ഞത് തിരിച്ചുകൊടുത്താല്‍ മാത്രമേ പുതിയത് കിട്ടുകയുള്ളൂ. ക്ലോത്തിങ്ങിന്റെ  ലൈഫ്, ഒരു ദിവസത്തെ റേഷന്‍ സ്‌കെയില്‍, ശമ്പള സ്‌കെയില്‍ തുടങ്ങിയ എല്ലാം പഠിപ്പിക്കുമത്രെ. യുദ്ധത്തില്‍ മരിച്ചുകഴിഞ്ഞാല്‍ തിരിച്ചറിയാനായി കൈയിലും കഴുത്തിലും കെട്ടാന്‍ വേണ്ടിയുള്ള അലൂമിനിയം തകിടും നൂലും. അതില്‍ ഇനി അവനവന്റെ പേര്, നമ്പര്‍, മതം, രക്ത ഗ്രൂപ്പ് എന്നിവ എഴുതിക്കാനുണ്ട്. യുദ്ധത്തില്‍ വീരമൃത്യു പ്രാപിക്കുന്ന ജവാന്മാരെ തിരിച്ചറിയാനും, വേണ്ടിവന്നാല്‍ അവരുടെ മതാചാരങ്ങള്‍ക്ക് അനുസരിച്ച് ശവസംസ്‌കാരം നടത്താനും, പരിക്കേറ്റവര്‍ക്ക് പെട്ടെന്ന് രക്തം നല്‍കാനും ഒക്കെയുള്ള ജോലികള്‍ എളുപ്പമാക്കാനാണ് ഇത്. യുദ്ധസമയത്ത് ഭക്ഷണം കൊണ്ടുപോകാന്‍ വേണ്ടിയുള്ള ഒരു ചെറിയ അലൂമിനിയ പാത്രം. അത്യന്തരഘട്ടത്തില്‍ ഇത് ഉപയോഗിച്ച് മണ്ണ് മാന്തി കുഴിയെടുത്ത് അതിനുള്ളില്‍ ഒളിച്ചു രക്ഷപ്പെട്ട കഥയുണ്ടത്രെ. പണ്ട് ഐ.ടി.ഐ.യില്‍ ഞാനും ജ്യേഷ്ഠനും ഉപയോഗിച്ചിരുന്ന ചോറ്റുപാത്രങ്ങളാണ് ഓര്‍മവന്നത്. അച്ഛന്‍ ജോലി ചെയ്തിരുന്ന വെസ്റ്റേണ്‍ ഇന്ത്യ കോട്ടന്‍സിന്റെ സഹോദര സ്ഥാപനമായ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡില്‍ ജോലി ചെയ്തിരുന്ന നമ്മുടെ നാട്ടുകാരനായ മൂന്നാം വീട്ടില്‍ സുര എന്ന ആള്‍ പുസ്തകരൂപത്തില്‍ ഉണ്ടാക്കി തന്ന ഒരു ചെറിയ പെട്ടി. മറ്റ് പുസ്തകങ്ങളുടെ കൂടെ ചേര്‍ത്തുപിടിച്ച് കഴിഞ്ഞാല്‍ ഒരു വലിയ നിഘണ്ടുവിനേയോ വിശ്വവിജ്ഞാന കോശത്തെയോ കയ്യിലെടുത്ത് നടക്കുകയാണ് എന്നേ തോന്നൂ. 

ആറടി നീളമുള്ള എന്റെ കാലിനൊത്ത ബൂട്ട് കിട്ടാന്‍ വളരെ പ്രയാസമായിരുന്നു. ഐ.ടി.ഐ. വിട്ടുവരുമ്പോള്‍ തിരക്കേറിയ ബസ്സില്‍ ശരീരത്തെ എങ്ങനെയൊക്കെയോ തിരുകി കയറ്റിയത് മാതിരി കാലുകളെ ബൂട്ടിനുള്ളിലേക്ക് കയറ്റാന്‍ ശ്രമിച്ചു. ഒരു ദിവസം മുഴുവന്‍ ബൂട്ടിനുള്ളില്‍  സോപ്പുവെള്ളം ഒഴിച്ചുവെച്ചാല്‍ അത് അയഞ്ഞുകിട്ടുമെന്ന് സീനിയര്‍മാരും ഉസ്താദും പറഞ്ഞു. തലയുടെ വലിപ്പത്തിനനുസരിച്ച് തൊപ്പി കിട്ടി. ഇനി അതിനെ രൂപപ്പെടുത്തി എടുക്കണം. വലത് ചെവിയുടെ ഭാഗത്തേക്ക് അത് മടക്കി നിവര്‍ത്തണം. അതിനായി അത് തലയില്‍ വച്ച് ആ ഭാഗം മടക്കി നനഞ്ഞ തോര്‍ത്ത് കൊണ്ട് കെട്ടി കുറേനേരം അങ്ങനെ നടക്കണം. ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും ഒക്കെ അത് തലയില്‍ ഉണ്ടായിരുന്നു. നമ്മള്‍ 'സര്‍ദാര്‍' എന്ന് വിളിക്കുന്ന സിക്കുകാരുടെ കാര്യത്തിലാണ് കൂടുതല്‍ കഷ്ടം തോന്നിയത്. നമുക്ക് തൊപ്പി ആണെങ്കില്‍ അവര്‍ക്ക് 'പഗടി' എന്ന് പറയുന്ന തലപ്പാവിന് വേണ്ടി അഞ്ചര മീറ്റര്‍ നീളമുള്ള തുണിയാണ് കൊടുക്കുക. പരേഡിന് പോകുന്നതിനുമുമ്പ് ഇത്രയും നീളമുള്ള തുണിയെ പഗടിയാക്കി കെട്ടിയിട്ട് വേണം പോകാന്‍. അതിനാണെങ്കില്‍ ഒരാളുടെ സഹായമില്ലാതെ നടക്കുകയുമില്ല.

ആദ്യ ദിവസങ്ങളില്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന 'ഹിന്ദി ഇല്ല' അല്ലെങ്കില്‍ 'ഹിന്ദി നഹി' എന്ന വാക്കുകള്‍ക്കപ്പുറം ഹിന്ദി തപ്പി തടഞ്ഞ് കുറെയൊക്കെ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ഹിന്ദി അറിയാത്തിടത്ത് കൂടുതലും ഇംഗ്ലീഷ് വാക്കുകള്‍ വരുമായിരുന്നു. പുതുതായി കാണുന്ന ആരായാലും ചോദിക്കുന്നത് എവിടുന്നു വരുന്നു എന്നും, എത്ര വരെ പഠിച്ചിട്ടുണ്ട് എന്നുമാണ്. കേരളക്കാരോട് അവിടെയുള്ള എല്ലാവര്‍ക്കും നല്ല ബഹുമാനമാണ്. വിദ്യാഭ്യാസമുള്ള ആള്‍ക്കാര്‍, സുന്ദരികളായ പെണ്‍കുട്ടികള്‍ എന്നൊക്കെ അവര്‍ പറയും. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് വരുന്ന മലയാളികളോട് വരുമ്പോള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന രണ്ട് സാധനങ്ങളായിരുന്നു വെളിച്ചെണ്ണയും 'ബനാന ചിപ്‌സും'. എത്ര പഠിച്ചിരിക്കുന്നു എന്ന് ചോദ്യത്തിന് ഉത്തരമായി പണ്ട് എട്ടാം ക്ലാസില്‍ ആരിഫ ടീച്ചര്‍ പഠിപ്പിച്ച ഇംഗ്ലീഷ് ഗ്രാമര്‍ വേണ്ടയിടത്തും വേണ്ടാത്തയിടത്തും ഒക്കെ ഉപയോഗിച്ച് ഇങ്ങനെ പറയുമായിരുന്നു. 'നോട്ട് ഓണ്‍ലി എസ്.എസ്.എല്‍.സി, ബട്ട് ആള്‍സൊ ഐ.ടി.ഐ'. എസ്.എസ്.എല്‍.സി എന്ന് പറഞ്ഞാല്‍ കേരളത്തിലെ പത്താം ക്ലാസ് ആണ് എന്ന് അറിയാത്ത വടക്കേ ഇന്ത്യക്കാരനായ ബാരക്കിന്റെ ചുമതലയുള്ള ഹവല്‍ദാര്‍ ഉസ്താദിന് പിന്നെ അധികം ചോദ്യമുണ്ടാവില്ല. ഷര്‍ട്ടും മുണ്ടും ഒക്കെ മാറി. മുഴുവന്‍ യൂണിഫോം അല്ലെങ്കിലും ഇപ്പോള്‍ എവിടെ പോകുമ്പോഴും കാക്കി പാന്റും, കാക്കി ഷര്‍ട്ടും, ബ്രൗണ്‍ ഷൂവും തന്നെയാണ് വേഷം. ട്രെയിനിങ്ങിനുള്ള തയ്യാറെടുപ്പ് തുടങ്ങി. 'സ്‌ക്വാഡ്' എന്ന പേരിലുള്ള ചെറു സംഘങ്ങളായി തിരിച്ചു. രമേശനും ഞാനും ഒരു സ്‌ക്വാഡിലാണെങ്കിലും  വിശ്വനാഥന്‍ മറ്റൊരു സ്‌ക്വാഡിലായി. രമേശനെ കൂടാതെ മറ്റ് മൂന്നു മലയാളികള്‍കൂടി നമ്മുടെ സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. 20 ആഴ്ചത്തെ ട്രെയിനിങ്ങ് ആണ്. അത് കഴിഞ്ഞാല്‍ നാല് ആഴ്ചത്തെ അവധി കിട്ടും. അതുവരെ അവിടെ കഴിഞ്ഞ രണ്ടാഴ്ച ട്രെയിനിങ്ങിന്റെ  ഭാഗമായി കൂട്ടുമെന്നും ട്രെയിനിങ്ങ് തുടങ്ങുന്നത് മൂന്നാമത്തെ ആഴ്ചയായിട്ടാണ് കണക്കുകൂട്ടുക എന്നും അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. ബി.എ. വരെ പഠിച്ച വേദ് പ്രകാശ് എന്ന വടക്കേ ഇന്ത്യക്കാരനെ സ്‌ക്വാഡിന്റെ ലീഡര്‍ ആക്കിയപ്പോള്‍ ശരിക്കും ഹിന്ദി പോലും അറിയാത്ത എന്നെ രണ്ടാം ലീഡര്‍ ആയി നിയമിച്ചു. ആയിരത്തോളം പേര്‍ ട്രെയിനിങ്ങ് ചെയ്യുന്ന ട്രെയിനിങ്ങ് സെന്ററില്‍ 'റിക്രൂട്ട്‌സിന്റെ' (പുതിയതായി ചേര്‍ന്ന് ട്രെയിനിങ് ചെയ്തുകൊണ്ടിരിക്കുന്നവര്‍) 'സീനിയോറിറ്റി' തിരിച്ചറിയാന്‍ ട്രെയിനിങ്ങ് നടക്കുന്ന ആഴ്ചയുടെ നമ്പര്‍, ലീഡറുടെയോ രണ്ടാം  ലീഡറുടെയോ നെഞ്ചില്‍ ചെസ്റ്റ് നമ്പര്‍ ആയി തുണിയില്‍ കെട്ടിയിട്ട് വേണം എവിടെയും പോകാന്‍. എഴുത്തിലും വരയിലും കലാവാസനയുണ്ടായിരുന്ന എനിക്ക് തന്നെയാണ് ചെസ്റ്റ് നമ്പര്‍ ഉണ്ടാക്കാന്‍ ഉള്ള ചുമതലയും കിട്ടിയത്. ഓരോ ആഴ്ചയും നമ്പര്‍ മാറ്റേണ്ടത് കൊണ്ടും, അതേ തുണി വീണ്ടും കഴുകി ഉപയോഗിക്കേണ്ടതുകൊണ്ടും പണ്ട് കല്യാശ്ശേരി സ്‌കൂളില്‍ മാധവന്‍ മാസ്റ്റര്‍ പഠിപ്പിച്ചത് പോലെ 'സ്റ്റെന്‍സില്‍' മുറിച്ചെടുത്ത് അതില്‍ കറുത്ത ബൂട്ട്‌പോളിഷ്‌കൊണ്ട് നമ്പര്‍ രൂപപ്പെടുത്തിയെടുക്കുമായിരുന്നു.

മൂന്നാമത്തെ ആഴ്ചയെ സൂചിപ്പിക്കുന്ന മൂന്നാം നമ്പര്‍ തയ്യാറായി. രാവിലത്തെ ശുചീകരണ പ്രവൃത്തികള്‍ എല്ലാം കഴിഞ്ഞ് ഒന്നാം ദിവസത്തെ ട്രെയിനിങ്ങിനായി പുറപ്പെട്ടു. ആദ്യം പി.ടി. അഥവാ 'ഫിസിക്കല്‍ ട്രെയിനിങ്ങ്' എന്ന കായികപരിശീലനം, പിന്നെ 'ഡ്രില്‍', അത് കഴിഞ്ഞ് ഡബ്ല്യു.ടി. അഥവാ 'വെപ്പണ്‍ ട്രെയിനിങ്ങ്' എന്ന ആയുധ പരിശീലനം. ഓരോ ക്ലാസ്സ് കഴിയുമ്പോഴും അതിനനുസരിച്ച യൂണിഫോം ധരിക്കണം. ട്രെയിനിങ്ങ് തീരുന്നതുവരെ നടക്കാന്‍ പാടില്ല. എവിടെ പോകുന്നതും ഓടിക്കൊണ്ടുതന്നെ ആയിരിക്കണം. ഓരോ ക്ലാസും ട്രെയിനിങ്ങ് സെന്ററിലെ വിശാലമായ ഓരോ മൈതാനങ്ങളിലാണ് നടക്കുന്നത്. അതിനിടയില്‍ 'കോത്തില്‍' (ആയുധശാല) പോയി തോക്ക് എടുത്തു കൊണ്ടുവരണം. അതുപോലെ അതിന്റെ ക്ലാസ്സ് കഴിഞ്ഞാല്‍ അത് തിരിച്ചേല്‍പ്പിക്കാന്‍ വീണ്ടും അങ്ങോട്ട് ഓടണം. എല്ലാംകൊണ്ടും കഠിനവും തിരക്കുപിടിച്ചതുമായ ജീവിതം. രാവിലെ നാലുമണിക്ക് തുടങ്ങിയ ജീവിതം ഉച്ചയ്ക്ക് ഒരു മണിയായത് അറിഞ്ഞില്ല. അങ്ങനെ ആദ്യദിവസത്തെ ബാലപാഠം കഴിഞ്ഞ് ഉച്ചയ്ക്ക് ഊണിന് പോകുന്നതിന് മുമ്പായി ഞാന്‍ രമേശനോട് പറഞ്ഞു.
'അങ്ങനെ ഒരു ദിവസം കഴിഞ്ഞു'.

ഇനി 18 ആഴ്ചയാണ് ഇങ്ങനെ നീക്കാനുള്ളത്. പണ്ട് വണ്ണാത്തി പറമ്പില്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ക്കുള്ള ബനിയന്‍ വാങ്ങാനായി അമ്മയില്‍ നിന്നും 15 രൂപ കിട്ടാന്‍ വേണ്ടി ദിവസങ്ങള്‍ എടുത്ത് വീട്ടിലേക്ക് അടുപ്പ് കത്തിക്കാന്‍ ആവശ്യമായ മരങ്ങള്‍ വെട്ടി വിറകാക്കി കൊടുത്തത് ഒഴിച്ച്, വേറെ കഠിനാധ്വാനം ഒന്നുംതന്നെ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ പി.ടി. പരേഡ് എനിക്ക് വലിയ ബുദ്ധിമുട്ടുള്ളതായിരുന്നു. പുതുതായി ഇട്ട ബൂട്ടില്‍ നിന്നും പലരുടെയും കാലുകള്‍ പൊട്ടി ചോര വരികയും അത് വ്രണമാവുകയും ഒക്കെ ചെയ്തിരുന്നു. ചിലര്‍ക്കെങ്കിലും ഓടുമ്പോള്‍ വീണിട്ടോ പാദങ്ങള്‍ ചെരിഞ്ഞിട്ടോ ഒക്കെ കാലുകള്‍ ഒടിയുകയോ പൊട്ടുകയോ ഒക്കെ ചെയ്തിട്ടുണ്ട്. തോക്കുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം തന്നു. അച്ചടക്കം പഠിപ്പിക്കുന്നത് ഡ്രില്‍ ഗ്രൗണ്ടില്‍ വച്ചാണ്. പലതരത്തിലുള്ള 'മാര്‍ച്ചിങ്ങും' 'സല്യൂട്ടിങ്ങും' ഒക്കെ പഠിക്കാന്‍ തുടങ്ങി.

ട്രെയിനിങ്ങിന്റെ ഒരാഴ്ച പോയതറിഞ്ഞില്ല. ദിവസങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ വേഗത്തില്‍ ഓടുന്നുണ്ട്. നാട്ടില്‍ നിന്നും കത്തുകള്‍ വരാന്‍ തുടങ്ങിയത് കൊണ്ട് സന്തോഷമായി. കൂട്ടുകാരുടെയും മറുപടി കത്ത് വന്നു. അന്ന് അവരെല്ലാംകൂടി എന്നെ റെയില്‍വേ സ്റ്റേഷനില്‍ വിട്ട് തിരിച്ചുപോകുമ്പോള്‍ നല്ല രസമായിരുന്നു എന്നും രാത്രി 10 മണിക്ക് ശേഷം നാട്ടിലേക്ക് ബസ് ഒന്നും ഇല്ലാതിരുന്നത് കാരണം തിരിച്ചുപോകുമ്പോള്‍ കര്‍ണാടകയില്‍ നിന്നും വന്ന ഏതോ ഒരു ചരക്ക് ലോറിയിലാണ് പോയതെന്നും അവസാനം ഡ്രൈവറെ പറ്റിച്ച് പൈസ കൊടുക്കാതെ ചിലരൊക്കെ ഓടി എന്നും ഒക്കെ എഴുതി. അതൊക്കെ വായിച്ച് മനസ്സില്‍ ചിരിച്ചു. ട്രെയിനിങ്ങിന്റെ കഷ്ടപ്പാടും ഭക്ഷണത്തിന്റെ രുചിയില്ലായ്മയും ഒന്നും അധികം വീട്ടില്‍ അറിയിക്കാറില്ല. ഞായറാഴ്ചകളില്‍ ട്രെയിനിങ്ങിന് അവധി ആണെങ്കിലും ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. എന്റെ പ്രത്യേക ചുമതലയായ ചെസ്റ്റ് നമ്പര്‍ മൂന്നിനെ മാറ്റി നാല് ആക്കണം. സ്വന്തം കാര്യങ്ങള്‍ ചെയ്യാനും വേണ്ടപ്പെട്ടവര്‍ക്ക് കത്തെഴുതാനും ഒക്കെ സമയം കണ്ടെത്തണം. ദിവസവും രാവിലെ എഴുന്നേറ്റ് ഷേവിങ് ചെയ്യാന്‍ മാത്രം താടി വളര്‍ന്നിട്ടില്ലെങ്കിലും ഉസ്താദുമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി റേസറെടുത്ത് മുഖത്ത് ഉരക്കണമായിരുന്നു. കവിളില്‍ ഒന്നുമില്ലെങ്കിലും ഗുരുത്വാകര്‍ഷണം കൂടിയ സ്ഥലമായതുകൊണ്ട് ആയിരിക്കണം താടിയുടെ അടിവശത്തായി കുറച്ച് രോമങ്ങള്‍ കിളിര്‍ക്കാന്‍ തുടങ്ങിയിരുന്നു. 

ട്രെയിനിങ്ങിനിടയില്‍ കൂട്ടിവെച്ച തുണികള്‍ എല്ലാം കഴുകണം. ഞായറാഴ്ചകളില്‍ രസകരമായ മറ്റൊരു പരേഡുണ്ട്. അതിനെ 'കട്ടുമല്‍ പരേഡ്' എന്നാണ് പറയാറ്. ഹിന്ദിയില്‍  കട്ടുമല്‍ എന്ന് പറഞ്ഞാല്‍ മൂട്ട. നമ്മള്‍ കിടക്കുന്ന നാല് കാല് എന്ന് അര്‍ത്ഥം വരുന്ന 'ചാര്‍പ്പായി' എന്ന ഓമനപ്പേരുള്ള എട്ട് കഷണം മരവും ബാക്കി കയറും ഉപയോഗിച്ചുണ്ടാക്കുന്ന കട്ടിലില്‍ മുഴുവന്‍ മൂട്ടയാണ്. എല്ലാ ഞായറാഴ്ചയും അതിനെ ബാരക്കിന് വെളിയില്‍ ഇട്ട് മൂട്ട ഒളിച്ചിരിക്കുന്ന എല്ലാ വിടവുകളിലും തിളക്കുന്ന ചൂടുവെള്ളം ഒഴിക്കണം. എന്നിട്ട് 'ചാര്‍പായി' ഉച്ചവരെ വെയിലത്ത് തന്നെ വെക്കണം.

ഉച്ചയാകുമ്പോഴേക്കും കുറെയൊക്കെ 'കട്ടുമല്‍' ചത്ത്കിട്ടും. ഏതെങ്കിലും ബാക്കി വന്നിട്ടുണ്ടെങ്കില്‍ അത് രാത്രി നമ്മളോട്, അതിന്റെ കുടുംബാംഗങ്ങളെ കൊന്നതിന്റെ പ്രതികാരം വീട്ടും. പിന്നെ തിങ്കളാഴ്ചത്തെ മറ്റ് പരേഡുകള്‍ക്ക് വേണ്ടുന്ന തയ്യാറെടുപ്പ് വേണം. അമ്മ പണ്ട് കഴുകി കൊണ്ടുവരുന്ന തുണികള്‍ കഞ്ഞി വെള്ളത്തില്‍ മുക്കി, ഉണക്കി ഇസ്ത്രി ഇടുന്നത് കാണാമായിരുന്നു. അതുപോലെതന്നെ വസ്ത്രങ്ങളുടെ കഠിനം കൂട്ടാന്‍ നമുക്ക് ഇത് ഇവിടെ ചെയ്യേണ്ടതുണ്ട്. ബനിയാ കാന്റീനില്‍ നിന്നും കിട്ടുന്ന ഒരുതരം പൊടി വെള്ളത്തില്‍ കലക്കി ബൂട്ട് ബ്രഷ് കൊണ്ട് യൂണിഫോമിന്റെ  മുകളില്‍ തേക്കണം. അത് ഉണങ്ങിക്കഴിഞ്ഞ് ഇസ്തിരി ഇട്ടാല്‍ പിന്നെ പറയാനില്ല. ഇസ്തിരി ഇടുന്നത് 'ധോബി' മാരാണ്'. എല്ലാവരുടെയും യൂണിഫോം ഒരുപോലെ ആയതുകൊണ്ട് നമ്മുടേതായ പ്രത്യേക അടയാളമോ നമ്പറോ  എഴുതിക്കൊടുക്കണം. പക്ഷേ അതല്ല രസം. കഴുകി ഇടുന്ന സോക്‌സ് മുതല്‍ തോര്‍ത്ത് വരെയും, കൂടാതെ പ്ലേറ്റ്, ഗ്ലാസ് എന്നിവ മനപൂര്‍വമോ അല്ലാതെയോ ഒന്നു മാറിയാല്‍ മതി, നാട്ടില്‍ അമ്പലത്തിലെ ചെരിപ്പ് മോഷണം പോലെ തന്നെ പിന്നത്തെ സ്ഥിതി. ഈ പറഞ്ഞ സാധനങ്ങളൊക്കെ തന്നെ ട്രെയിനിങ്ങ് കഴിയുമ്പോഴേക്കും പല ഉടമസ്ഥരുടെയും കയ്യിലൂടെ മാറിമറിഞ്ഞിരിക്കും. കൈയില്‍ വരുന്ന സാധനത്തിന് പുതിയ നമ്പര്‍ എഴുതി പിന്നെ അത് നമ്മുടെ സ്വന്തമായി. പിന്നെ ബെല്‍റ്റുകള്‍ക്കും ഡബ്ല്യു.ടി പരേഡ് സമയത്ത് ധരിക്കേണ്ട പൗച്ചുകള്‍ എന്ന് പറയുന്ന പല വലിപ്പത്തിലുള്ള സഞ്ചികള്‍ക്കും പച്ച കളര്‍ കൊടുക്കണം. മങ്ങി തുടങ്ങുന്ന തൊപ്പിക്ക് നീല കളര്‍ കൊടുക്കണം. ബെല്‍റ്റിലെ  പിച്ചള ഭാഗങ്ങള്‍ക്ക് പോളിഷ് ചെയ്യണം. ബൂട്ടുകള്‍ക്ക് പോളിഷ് ചെയ്ത് നല്ല തിളക്കം വരുത്തണം. അന്ന് ചോക്കലിംഗം ഉസ്താദ് പറഞ്ഞതുപോലെ തന്നെ ബൂട്ടിന്റെ അറ്റത്ത് നോക്കിയാല്‍ മുഖം കാണണമത്രെ. ഇതൊക്കെ കഴിഞ്ഞ് വെയിലത്ത് വച്ച ചാര്‍പ്പായി ബാരക്കിനുള്ളില്‍ വച്ച് കുറച്ച് വിശ്രമിക്കുമ്പോഴേക്കും 'നൈറ്റ് ഡ്യൂട്ടിക്ക്' ഉള്ള തയ്യാറെടുപ്പ് തുടങ്ങും.

കഷ്ടപ്പാടുകള്‍ നിറഞ്ഞതും അതുപോലെ തന്നെ തിരക്കുപിടിച്ചതുമായ ജീവിതം ആയതുകൊണ്ട് ദിവസങ്ങള്‍ കടന്നു പോകുന്നത് പെട്ടെന്നായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ള വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ച കുറെ ചെറുപ്പക്കാരെ ഏതാനും ആഴ്ചകള്‍ കൊണ്ട് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റുക എന്നത് അത്ര എളുപ്പമുള്ള ജോലി ആയിരുന്നില്ല. എന്റെ സ്‌ക്വാഡില്‍ നൂറന്തപ്പ എന്ന് പേരുള്ള ഒരു കര്‍ണാടകക്കാരന്‍ ഉണ്ടായിരുന്നു. വെറും പാവമാണ്. അവന്‍ എന്റെ കൂട്ടുകാരനായി തുടങ്ങിയിരുന്നു. കിട്ടുന്ന സമയത്തൊക്കെ ഞാന്‍ അവനില്‍ നിന്നും പുതുതായി പഠിക്കുന്ന ഓരോ ഹിന്ദി വാക്കിന്റെയും കന്നടയില്‍ ഉള്ള വാക്ക് ചോദിച്ച് പഠിക്കും. ഞാന്‍ പണ്ടുമുതലേ സമയം നന്നായി പ്രയോജനപ്പെടുത്തുന്ന ഒരു വ്യക്തിയായിരുന്നു. ട്രെയിനിങ്ങ് കഴിയുമ്പോഴേക്കും കന്നട ഭാഷ വശത്താക്കണം.

സുഹൃത്ത് ഹരിയുടെ എയര്‍ഫോഴ്‌സില്‍ ഉള്ള  ജ്യേഷ്ഠന്‍ അവധിക്ക് വന്നാല്‍ പാടാറുള്ള ഒരു രണ്ടുവരി കവിത ഓര്‍മ വന്നു. 'പട്ടാളം പരമസുഖം, പട്ടിണിയാണതിലും ഭേദം.' പലപ്പോഴും കണ്ണില്‍നിന്നും വെള്ളം വീണിട്ടുണ്ടെങ്കിലും ട്രെയിനിങ്ങ് കഴിഞ്ഞാല്‍ കിട്ടുന്ന ഇടക്കാല അവധിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു സന്തോഷം കിട്ടും. ചെസ്റ്റ് നമ്പറിലെ സംഖ്യ 15 ഉം 16 ഉം ഒക്കെയായി. സന്തോഷത്തിന്റെ ആധിക്യം കൂടിക്കൂടി വന്നു. നെഞ്ചില്‍  മൂന്നും നാലും ചെസ്റ്റ് നമ്പര്‍ തൂക്കിയിട്ട് ഓടിപ്പോകുന്ന സ്‌ക്വാഡുകളെ കാണുമ്പോള്‍ വല്ലാത്ത സഹതാപം തോന്നി. ഞങ്ങളാണെങ്കില്‍ അവധിക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി.

(തുടരും)