അവധി കഴിഞ്ഞ് വീണ്ടും ഹൈദരാബാദില്‍ തിരിച്ചെത്തി. ഇനി അടുത്ത ട്രെയിനിങ്ങിനുള്ള തയ്യാറെടുപ്പാണ്. അത് അത്ര കഠിനമല്ലെന്നാണ് കേട്ടത്. കഴിഞ്ഞ 20 ആഴ്ചത്തെ 'ബേസിക് ട്രെയിനിങ്ങ്' എല്ലാവര്‍ക്കും ഒന്നാണെങ്കിലും ഇനിയങ്ങോട്ട് ഓരോരുത്തരുടെയും 'ട്രേഡ്' സംബന്ധമായ ട്രെയിനിങ്ങ് ആണ്. എന്റെ ട്രേഡ് 'ഗണ്ണര്‍' അഥവാ പീരങ്കി ഭടന്‍ ആണ്. യുദ്ധകാലത്ത് പീരങ്കിയെ നയിക്കേണ്ട സംഘത്തിലെ ഒരാള്‍. പീരങ്കികളെ ഏതുസമയത്തും തയാറാക്കി വെയ്ക്കണം. ഇവിടെനിന്നും വെയ്ക്കുന്ന പീരങ്കിവെടി കിലോമീറ്ററുകള്‍ക്കപ്പുറം എവിടെയോ കിടക്കുന്ന ശത്രുവിന്റെ താവളത്തില്‍ പോയി ചെന്നെത്തണം. അതിന് പല കണക്കുകളും ഉണ്ട്. അതൊക്കെ പഠിച്ചെടുക്കണം. മറ്റ് തോക്കുകളും കാര്‍ബെയിനും ചെറിയ മെഷീന്‍ ഗണ്ണും ഒക്കെ ഉപയോഗിച്ചുള്ള ഫയറിങ്ങില്‍ നൈപുണ്യം നേടണം. ഇതിനൊക്കെയായി ഇനിയും ആറുമാസത്തെ ട്രെയിനിങ്ങ് ഉണ്ട്. നാട്ടില്‍ പോയി വന്നതിനുശേഷമാണ് കൂടുതല്‍ പ്രയാസം തോന്നിയത്. വീണ്ടും അവിടുത്തെ പരിസ്ഥിതിയുമായി ഒത്തുപോരാന്‍ വളരെ പ്രയാസപ്പെട്ടു. എപ്പോഴും വീട്ടിലെയും നാട്ടിലെയും ഓര്‍മ മാത്രം.
ട്രേഡ് സംബന്ധമായ 'അഡ്വാന്‍സ് ട്രെയിനിങ്ങ്' തുടങ്ങി. ഇപ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു ദിവസം എന്നെ കാണാന്‍ സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചിരുന്ന മറ്റൊരു സുഹൃത്തായ ശശി അവിടെ വന്നു. ശശി നാട്ടുകാരനും ഞങ്ങളുടെ ക്ലബ്ബിനോട് എപ്പോഴും മത്സരിച്ച് ജയിക്കാറുള്ള ക്ലബ്ബിലെ ഒരു മെമ്പറുമായിരുന്നു. ശശിയുടെ ജ്യേഷ്ഠന് ഹൈദരാബാദില്‍ ആയിരുന്നു ജോലി. ശശി അങ്ങനെ ജോലി അന്വേഷിച്ച് അവിടെ എത്തിയതാണ്. എന്നെക്കാളും നാലുമാസം മുമ്പ് അവന്‍ ഹൈദരാബാദില്‍ വന്നിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അവന്‍ ഒരു ദിവസം ആര്‍മിയില്‍ ആളെ എടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് അതിനായി വന്നതാണ്. ഞാന്‍ ഹൈദരാബാദ് സെന്ററില്‍ ഉണ്ടെന്ന കാര്യം അറിഞ്ഞിട്ട് എന്നെ കാണാന്‍ വേണ്ടി അങ്ങോട്ട് വന്നു. വൈകുന്നേരം ആയതിനാല്‍ തിരിച്ചുപോകാനുള്ള അസൗകര്യം ആലോചിച്ച് ഞാന്‍ എന്റെ മേലുദ്യോഗസ്ഥരോട് അനുവാദം വാങ്ങി ശശിയെ അന്ന് രാത്രി അവിടെ തന്നെ താമസിക്കാന്‍ അനുവദിച്ചു.
Also Read
കുക്ക് ഹൗസ് അഥവാ ലങ്കറില്‍ രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനായി നൂറുകണക്കിന് പൂരി ഉണ്ടാക്കേണ്ടതുകൊണ്ട് ഓരോ ദിവസവും ഓരോ സ്‌ക്വാഡിനെ അവിടെ സഹായത്തിന് വിടും. അങ്ങനെ വരുന്ന ദിവസങ്ങളില്‍ ഇഷ്ടംപോലെ പൂരി കഴിക്കാം, ബാരക്കിലേക്ക് എടുത്തു കൊണ്ടുവരാം. ശശി അവിടെ താമസിച്ച രാത്രി കുക്ക് ഹൗസില്‍ സഹായത്തിന് പോകേണ്ടുന്നത് ഞങ്ങളുടെ സ്‌ക്വാഡിനായിരുന്നു. അതുകൊണ്ടുതന്നെ രാവിലെ ശശിയെ നല്ലവണ്ണം ബ്രേക്ക്ഫാസ്റ്റ് കഴിപ്പിച്ചിട്ടാണ് വിട്ടത്. അതുപോലെതന്നെ ഒരു ദിവസം ഹൈദരാബാദിന്റെ സഹോദരനഗരമായ സെക്കന്ദരാബാദില്‍ ആര്‍മിയില്‍ എടുക്കുന്നുണ്ട് എന്നറിഞ്ഞ് നാട്ടില്‍ സീനിയര്‍ ആയി പഠിച്ച രവിയും പപ്പനും അവിടെ വന്നിരുന്നു.
പപ്പന്റെ ജ്യേഷ്ഠനും ഹൈദരാബാദിലായിരുന്നു ജോലി. ആര്‍മിയിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ അവര്‍ രണ്ടുപേരും തിരിച്ചുപോകുമ്പോള്‍ എന്നെ കാണാനായി ബാരക്കിലേക്ക് വന്നു. അവരെയും പട്ടാളഭക്ഷണം കഴിപ്പിച്ചാണ് വിട്ടത്. കഠിനമായ ട്രെയിനിങ്ങിനിടയില്‍ പരിചയക്കാരായ ഇവരുടെ വരവ് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്.
മുഴുവന്‍ ട്രെയിനിങ്ങിനിടയില്‍ ആകെ ഒരു പ്രാവശ്യം പുറത്തുപോകാനുള്ള അനുമതി കിട്ടിയിരുന്നു. അതും ഭാഗ്യംകൊണ്ട് മാത്രം വന്നതാണ്. നാട്ടില്‍നിന്നുള്ള ഒരു നാടക ട്രൂപ്പ് മലയാള നാടകവുമായി ഹൈദരാബാദില്‍ വന്നിരുന്നു. ഹൈദരാബാദ് മലയാളി അസോസിയേഷനോ മറ്റോ സംഘടിപ്പിച്ചതാണ്. 'ബാറ്ററി കമാന്‍ഡര്‍' മേജര്‍ സാബ് മലയാളിയായതിനാല്‍ അതിന്റെ കുറച്ച് പാസ് അദ്ദേഹത്തിന് കിട്ടിയിരുന്നു. വെറുതെ കളയേണ്ട എന്നുകരുതി മലയാളികളായ ഞങ്ങള്‍ക്ക് ആ പാസ് തന്ന് നാടകം കാണാന്‍ പോകാന്‍ അനുവദിച്ചു. ഞായറാഴ്ചകളിലെ 'മന്ദിര്‍ പരേഡ്' കൂടാതെ കുറേക്കാലത്തിനുശേഷം സിവില്‍ വസ്ത്രം ധരിക്കാന്‍ ലഭിച്ച ഏക അവസരം. മന്ദിര്‍ പരേഡ് എന്ന് പറഞ്ഞത് മനസ്സിലായോ. ആര്‍മിയില്‍ എല്ലാം പരേഡ് ആണ്. എല്ലാ ഞായറാഴ്ചകളിലും മന്ദിര്‍ അഥവാ അമ്പലം ഉണ്ടാകും. മന്ദിര്‍, പള്ളി, ചര്‍ച്ച്, ഗുരുദ്വാര തുടങ്ങിയ എല്ലാ മതത്തില്‍ പെട്ടവര്‍ക്കും വേണ്ടുന്ന ആരാധനാലയങ്ങള്‍ ഉണ്ട്. അവിടെ പോകുന്നതും ഒരു പരേഡ് ആയിട്ട് തന്നെയാണ് കണ്ടിരുന്നത് എന്ന് മാത്രമല്ല അത് നിര്‍ബന്ധവുമാണ്.

രമേശന്‍ നാട്ടില്‍ നല്ല ഫുട്‌ബോള്‍ കളിക്കാരന്‍ ആയിരുന്നു. അതുകൊണ്ടുതന്നെ അവന്‍ അവിടുത്തെ ഫുട്‌ബോള്‍ ടീമില്‍ ചേര്‍ന്നു. വൈകുന്നേരങ്ങളില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോകേണ്ടതുകൊണ്ട് പരേഡ് കഴിഞ്ഞതിനുശേഷമുള്ള, പരിസരം വൃത്തിയാക്കുക തുടങ്ങിയ മറ്റ് ജോലികളില്‍ ഒന്നും അവന് പോകേണ്ടിയിരുന്നില്ല. ട്രെയിനിങ്ങിനിടയില്‍ ഒന്നുരണ്ട് ആഴ്ച എനിക്കും കുറച്ച് വിശ്രമം കിട്ടി. അതിന് കൂട്ടുനിന്നത് എന്റെ കലാപരമായ വാസനയാണ്. സെന്ററിന്റെ വാര്‍ഷികാഘോഷത്തിനുവേണ്ടി തയാറെടുക്കുന്ന കലാകാരന്മാരുടെ ഗ്രൂപ്പില്‍ സ്‌ക്വാഡില്‍നിന്ന് ഞാനും മറ്റൊരു മലയാളിയായ ഷാജിയും ചേര്‍ന്നു. ഭാഷ അറിയാത്തതുകൊണ്ട് നാടകമൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ശരീരം മുഴുവന്‍ കരിവാരിത്തേച്ച്, മരക്കൊമ്പുകള്‍ വെട്ടി വസ്ത്രമാക്കി, കാട്ടാളന്മാരുടെ വേഷത്തില്‍ പശ്ചാത്തല സംഗീതത്തോടുകൂടി 'ടേബ്ലോ' പോലുള്ള എന്തൊക്കെയോ കാട്ടിക്കൂട്ടി. പക്ഷേ നല്ല കലാപ്രകടനങ്ങളൊന്നും കണ്ട് ശീലമില്ലാത്ത ഹിന്ദിക്കാര്‍ക്ക് അത് വളരെ ഇഷ്ടപ്പെട്ടു.
അങ്ങനെ ആറുമാസത്തെ അഡ്വാന്‍സ് ട്രെയിനിങ്ങ് തീരാറായി. അവസാന നാളുകളില്‍ 'കസം പരേഡിന്' അഥവാ സത്യപ്രതിജ്ഞ ചടങ്ങിനുവേണ്ടിയുള്ള തയാറെടുപ്പാണ്. അത് വലിയ ഒരു ആചാരപരമായ ചടങ്ങാണ്. ഡ്രില്‍ ഗ്രൗണ്ടില്‍, പൊരിയുന്ന വെയിലത്ത് വിയര്‍പ്പൊഴുക്കി അതിനുവേണ്ട പരിശീലനം ആരംഭിച്ചു. നാട്ടില്‍നിന്നു പോലീസിന്റെ സ്വഭാവ സ്ഥിരീകരണം വന്നാല്‍ മാത്രമേ അത് നടക്കൂ. എന്റെ കാര്യത്തില്‍ അത് സമയത്ത് തന്നെ വന്നതുകൊണ്ട് കുഴപ്പമില്ലായിരുന്നു. ഓരോരുത്തരും വിശ്വസിക്കുന്ന മതഗ്രന്ഥങ്ങളെ സാക്ഷിയാക്കിക്കൊണ്ട് പ്രതിജ്ഞ എടുക്കണം.
'ഞാന്‍ ഗണ്ണര്‍ സുരേന്ദ്രന്‍ എം.കെ., സ്ഥാപിതമായ നിയമമനുസരിച്ച് ഇന്ത്യന്‍ ഭരണഘടനയോടുള്ള യഥാര്‍ത്ഥ വിശ്വാസവും വിധേയത്വവും വഹിക്കുകയും കര്‍ത്തവ്യം പോലെ, സത്യസന്ധതയോടെയും വിശ്വസ്തതയോടെയും പതിവ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചുകൊണ്ട് ഉത്തരവിടുന്നിടത്തെല്ലാം, അത് കരയായാലും, വെള്ളമായാലും വായുവായാലും, പോവുകയും ചെയ്യുമെന്ന് ദൈവത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.' അങ്ങനെ മഹത്തായ ആ ചടങ്ങും അഡ്വാന്‍സ് ട്രെയിനിങ്ങും കഴിഞ്ഞു. ഇന്ന് മുതല്‍ യഥാര്‍ത്ഥ പട്ടാളക്കാരനായി കഴിഞ്ഞു. ട്രെയിനിങ്ങിന്റെ ആദ്യദിവസം ഉച്ചക്ക് 'അങ്ങനെ ഒരു ദിവസം കഴിഞ്ഞു' എന്ന് ഞാന്‍ രമേശനോട് പറഞ്ഞത് അവനെ ഒന്നുകൂടി ഓര്‍മിപ്പിച്ചു. എത്ര ക്ഷണമാണ് ദിവസങ്ങള്‍ പോയിരിക്കുന്നത്. 'കൂറ കപ്പലില്‍ പോയതുപോലെ' എന്ന് പറയാറില്ലേ. അതുപോലെയായിരുന്നു സ്ഥിതി. ഇവിടേക്ക് വരുമ്പോള്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ചാര്‍മിനാര്‍ അടക്കം ചരിത്രപ്രധാനമായ പല സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഉള്ള ഹൈദരാബാദില്‍ അതൊന്നും കാണാതെ തന്നെ ഞങ്ങള്‍ ഓരോരുത്തരുടെയും സ്ഥലമാറ്റം വന്നു.
പുതുതായി പോകേണ്ടുന്ന സൈന്യവ്യൂഹത്തിന്റെ അഥവാ 'റെജിമെന്റിന്റെ' പേര് വന്നു. ഞങ്ങളുടെ സ്‌ക്വാഡില്‍നിന്നും 5 പേര്‍ ഉണ്ടായിരുന്നു. തുടക്കം മുതലേ കൂടെ ഉണ്ടായിരുന്ന രമേശനും അതേ റെജിമെന്റിലേക്ക് തന്നെ. കൂട്ടുകാരന്‍ നൂറന്തപ്പ മറ്റെവിടേക്കോ ആണ് പോകുന്നത്. എങ്കിലും ഞാന്‍ കന്നട ഭാഷ ഒരുവിധം കൈകാര്യം ചെയ്യാന്‍ പഠിച്ചുകഴിഞ്ഞിരുന്നു. സ്ഥലം എവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞു. ദേവലാലി എന്ന് പറയുന്ന സ്ഥലം. മഹാരാഷ്ട്രയില്‍, ബോംബെയില്‍നിന്നു നാല് മണിക്കൂര്‍ ട്രെയിന്‍ യാത്ര. ഈ സമയത്തിനുള്ളില്‍ തന്നെ എല്ലാവരും ഓരോ 'സ്റ്റീല്‍ ബോക്‌സ്' വാങ്ങിയിരുന്നു. ബനിയ കാന്റീനില്‍നിന്നു കറുത്ത പെയിന്റും ബ്രഷും വാങ്ങി ബോക്‌സിന് പെയിന്റടിച്ചു. ബോക്‌സിന് പേരെഴുതാനായി ക്യാമ്പിലേക്ക് വരുന്ന പെയിന്ററെക്കൊണ്ട് വെളുത്ത പെയിന്റുകൊണ്ട് നമ്പറും റാങ്കും പേരും ഒക്കെ എഴുതിച്ചു. സാധനങ്ങളെല്ലാം പെട്ടിയിലും ബാഗിലുമായി ഒതുക്കിവെച്ചുകൊണ്ട് പുതിയ ഉത്തരവാദിത്വത്തിലേക്കുള്ള യാത്ര.
രാത്രി ഏകദേശം 8 മണിയായിക്കാണും. ട്രെയിന്‍ ദേവലാലി സ്റ്റേഷനില്‍ എത്താറായി. അതിന്റെ വേഗത കുറഞ്ഞു. 'എലൈറ്റ് ഹിയര്‍ ഫോര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലറി'. ആര്‍ട്ടിലറി സ്‌കൂളിലേക്ക് പോകാന്‍ ഇവിടെ ഇറങ്ങുക എന്ന 'ബോര്‍ഡ്' ആണ് ആദ്യം കണ്ടത്. അവിടെ ഇറങ്ങിയവരില്‍ പകുതിയും പട്ടാളക്കാര്‍ തന്നെയായിരുന്നു. ആ കൂട്ടത്തില്‍ ഞങ്ങള്‍ പുതിയ അഞ്ചുപേരും ഞങ്ങളുടെ അഞ്ച് പെട്ടികളും മറ്റ് ബാഗുകളുമായി ഇറങ്ങി. എല്ലാവരും ചേര്‍ന്ന് പെട്ടികളും മറ്റ് യാത്രാസാധനങ്ങളും ഒരു വശത്തായി ഒതുക്കിവെച്ചു. ഞങ്ങളെ കൊണ്ടുപോകാന്‍ 'മിലിറ്ററി ട്രക്ക്' വരുമത്രേ. പുതിയ പട്ടാളക്കാരുമായി കുശലം പറയാനും ഉപദേശം നല്‍കുവാനുമായി മറ്റുള്ളവര്‍ വന്നു. നാട്ടിലെ സര്‍വകലാശാലകള്‍ മാതിരി ആര്‍ട്ടിലറിക്ക് വേണ്ടുന്ന എല്ലാ ഉപരിപഠന ക്ലാസുകളും മറ്റ് ട്രെയിനിങ്ങുകളും നടക്കുന്നത് ഇവിടെയാണത്രേ. ആര്‍ട്ടിലറി ട്രെയിനിങ്ങ് സെന്ററില്‍ നിന്നും ആര്‍ട്ടിലറി സ്‌കൂളിന്റെ നാട്ടിലേക്ക്.
നല്ലവണ്ണം പഠിച്ചവര്‍ക്ക് ദേവലാലിയിലെ പോസ്റ്റിങ്ങ് ഒരു അനുഗ്രഹമാണെന്നും കൂടുതല്‍ ഉന്നതിയില്‍ എത്താന്‍ സാധിക്കും എന്നും അറിഞ്ഞപ്പോള്‍ സന്തോഷമായി. റോക്കറ്റ് റെജിമെന്റിലേക്കാണ് ഞങ്ങള്‍ പോസ്റ്റിങ്ങ് ആയിരിക്കുന്നത് എന്നും അത് ഇന്ത്യന്‍ ആര്‍മിയിലെ അപൂര്‍വം ചില റെജിമെന്റുകളില്‍ ഒന്നാണെന്നും അവര്‍ പറഞ്ഞു. അവിടുത്തെ പ്രധാന ആയുധം റഷ്യന്‍ നിര്‍മിതമായ റോക്കറ്റ് ലോഞ്ചര്‍ എന്ന 40 ബാരലുകള്‍ അഥവാ കുഴലുകള്‍ ഉള്ള ഒന്നാണെന്നും 20 സെക്കന്‍ഡിനുള്ളില്‍ 40 റോക്കറ്റുകള്‍ വെടിവെക്കാന്‍ കഴിയുമെന്നുമൊക്കെ അവര്‍ പറഞ്ഞപ്പോള്‍ അഭിമാനം തോന്നി. എത്ര പഠിച്ചിട്ടുണ്ട് എന്ന അവരുടെ ചോദ്യത്തിന് വീണ്ടും അതേ ഉത്തരം നല്‍കി. നോട്ട് ഓണ്‍ലി.., ബട്ട് ആള്‍സോ...
റെജിമെന്റില്‍ എത്തിയപ്പോള്‍ രാത്രിയായതു കാരണം അധികം ഒന്നും കാണാന്‍ പറ്റിയില്ല. നേരം വെളുത്തപ്പോഴാണ് രാത്രിയുടെ നിശബ്ദതയുടെ അര്‍ത്ഥം മനസ്സിലായത്. റെജിമെന്റ് മുഴുവന്‍ രാജസ്ഥാനില്‍ ക്യാമ്പിന് അഥവാ യുദ്ധ പരിശീലനം ചെയ്യാന്‍ പോയിരിക്കുകയാണ്. ഏതാനും ചിലര്‍ മാത്രമേ ഇവിടെയുള്ളൂ. അടുത്തദിവസം ഞങ്ങളെയും അങ്ങോട്ടേക്ക് വിടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. രാജസ്ഥാനില്‍ എത്തുമ്പോഴും ഇതുപോലെ ഒരു രാത്രി സമയമായിരുന്നു. മിലിറ്ററി ട്രക്ക് പോയി നിന്നത് ഒരു ലങ്കറിന്റെ മുന്നിലായിരുന്നു. ജനുവരി മാസത്തെ സഹിക്കാന്‍ പറ്റാത്ത തണുപ്പ്. തണുപ്പിന് വേണ്ടുന്ന കോട്ടുകളും മറ്റ് വസ്ത്രങ്ങളുമൊക്കെ ധരിച്ചിരുന്നുവെങ്കിലും അതിനൊന്നും പിടിച്ചുനില്‍ക്കാന്‍ പറ്റാത്തത്ര തണുപ്പ്.
'ഇന്‍കോ പഹലേ ഖാന ഖിലാവോ'
ആരോ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ക്ക് ആദ്യം ഭക്ഷണം തന്നു. മറ്റെല്ലാവരും കഴിച്ച് കഴിഞ്ഞിരുന്നു. പുസ്തകങ്ങളില്‍ വായിച്ചുകേട്ടിരുന്ന രാജസ്ഥാനിലെ താര്‍ മരുഭൂമിയിലെ ഏതോ ഒരു സ്ഥലം. 'പോക്കറണ്‍' ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആറേഴ് വര്‍ഷം മുമ്പ് ആദ്യത്തെ അണുബോംബ് പരീക്ഷണം നടത്തിയത് ഇതിനടുത്ത് എവിടെയോവെച്ചാണ്. ചെറുതും വലുതുമായ മിലിറ്ററി ട്രക്കുകള്‍ പ്രകാശം അണച്ചുകൊണ്ട് മരുഭൂമിയിലെ മണല്‍ക്കൂനകളില്‍ ഒന്നിച്ച് കയറിയിറങ്ങുന്നതിന്റെ ഒരുതരം ഭീതിപ്പെടുത്തുന്ന ശബ്ദം.
അന്ന് പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ സ്‌കൂളില്‍ എത്താന്‍ താമസിച്ചാല്‍, എല്ലാം അചഞ്ചലം എന്ന് തോന്നിക്കുന്ന ആ അന്തരീക്ഷത്തില്‍ ഹൈവേയിലൂടെ കടന്നുപോകുന്ന അന്യസംസ്ഥാന ചരക്ക് ലോറികളുടെ ശബ്ദവും ഇതേ അനുഭൂതിയായിരുന്നു തന്നിരുന്നത്. ട്രക്കുകളുടെ ശബ്ദത്തിന് പുറമേ കേള്‍ക്കാന്‍ പറ്റുന്ന ഏക ശബ്ദം മണ്‍വെട്ടികളും മറ്റ് ആയുധങ്ങളും ചേര്‍ന്ന് മണ്ണിനെ കീറി മുറിക്കുന്നതാണ്. സ്വന്തം സുരക്ഷയ്ക്ക് വേണ്ടി താമസിക്കുന്ന ടെന്റുകള്‍ക്കും വണ്ടികള്‍ക്കും അടുത്തായി 'ട്രെഞ്ചുകള്‍' അഥവാ കിടങ്ങുകള്‍ നിര്‍മിക്കണം. ആകാശത്തില്‍ നിന്നായാലും ശത്രുവിന്റെ ഭാഗത്തു നിന്നായാലും 'ഷെല്ലാക്രമണം' വരുമ്പോള്‍ ഈ കുഴികള്‍ക്കുള്ളില്‍ കയറി വേണം രക്ഷപ്പെടാന്‍.
ഞങ്ങള്‍ക്ക് വേണ്ട ട്രെഞ്ചുകള്‍ നിര്‍മിക്കാനായി ഞങ്ങളുടെ കൈയിലും പണിയായുധങ്ങള്‍ തന്നു. കിടക്കുന്ന ടെന്റിനുള്ളില്‍ പാമ്പ് കയറാതിരിക്കാന്‍ അതിനുചുറ്റും 'സ്‌നേക് ട്രെഞ്ച്' എന്ന് പറയുന്ന നീളത്തിലുള്ള കുഴികള്‍ വെട്ടണം. കൂടാതെ ശത്രു സൈന്യത്തിന് ഞങ്ങള്‍ ഉള്ള സ്ഥലം തിരിച്ചറിയാതിരിക്കാന്‍ വലിയ കുഴികള്‍ എടുത്ത് ഗണ്ണുകള്‍ അതിനുള്ളില്‍ ഇറക്കി മുകളിലൂടെ നെറ്റ് വലയിട്ട് 'കാമോഫ്‌ലാഗ്' ചെയ്ത് മറച്ചുവെക്കണം. ശത്രുസൈന്യം ആകാശത്തില്‍ നിന്നും നിരീക്ഷിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്താല്‍ പുതുതായി വന്ന യൂണിറ്റിന്റെ ചലനം മനസ്സിലാക്കാതിരിക്കാന്‍ വേണ്ടി, മിലിട്ടറി ട്രക്കുകള്‍ പല വഴിയിലൂടെ ഓടി പുതുതായി നിര്‍മിക്കപ്പെട്ട റോഡുകളുടെ അടയാളങ്ങള്‍ ഇല്ലാതാക്കണം. പുതുതായി വിരിച്ച ടെലിഫോണ്‍ വയറുകള്‍ മണ്ണിനടിയില്‍ മൂടണം. ഒരു രാത്രികൊണ്ട് എന്തൊക്കെയോ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞു. ഗണ്ണുകളെ മണ്ണിനടിയിലാക്കാന്‍ പറ്റിയ വലിയ കുഴികള്‍ വെട്ടാന്‍ അവിടുത്തെ തദ്ദേശവാസികള്‍ സഹായിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ അവരുടെ കൃഷി ഭൂമിയാണ്. കൃഷിക്കാരായ അവര്‍ പട്ടാളക്കാര്‍ക്ക് കുടിക്കാന്‍ വീട്ടില്‍ നിന്നും 'ലസ്സി' ഉണ്ടാക്കിക്കൊണ്ടുവന്ന് കൊടുക്കുന്നുണ്ടായിരുന്നു. ഇതൊക്കെ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. യുദ്ധം ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ നാട്ടുകാരോട് ലീവിന് പോയാല്‍ ഈ കഥകളൊക്കെ പറയാനുണ്ട്.
തണുത്ത് മരവിച്ച ആ രാത്രി, ഞങ്ങള്‍ക്ക് ആര്‍ക്കും തന്നെ ഉറങ്ങാന്‍ പറ്റിയില്ല. നേരം വെളുത്തപ്പോഴാണ് അവിടുത്തെ ക്യാമ്പിന്റെ ശരിയായ രൂപം കണ്ടത്. ശരിയായ മരുഭൂമി തന്നെ. കണ്ണെത്താദൂരത്ത് കിടക്കുന്ന രണ്ടോ മൂന്നോ വൃക്ഷങ്ങളോ വൃക്ഷത്തൈകളോ മാത്രം. രാത്രി തണുപ്പാണെങ്കില്‍ പകല്‍ ചൂടുകൊണ്ട് സഹിക്കാന്‍ പറ്റുന്നില്ല. കൂടാതെ ഇടയ്ക്കിടെ വരുന്ന ചുഴലിക്കാറ്റുകള്‍ ശരീരത്തെ മണ്ണുകൊണ്ട് കുളിപ്പിക്കുകയായിരുന്നു. കുടിവെള്ളത്തിനുപോലും ക്ഷാമമാണ്. കൈയിലുള്ള വാട്ടര്‍ബോട്ടിലെ വെള്ളം പെട്ടെന്ന് തീരും. വെള്ളം വെളിയില്‍നിന്നും വണ്ടിയില്‍ കൊണ്ടുവരേണ്ടതാണ്.
പുതുതായി വന്നവര്‍ക്കൊക്കെ ഓരോ ജോലി കിട്ടി. എന്നെ ഭാഗ്യം സഹായിച്ചു. റെജിമെന്റിന്റെ സ്റ്റോറില്‍ ആണ് ഞാന്‍ നിയമിതനായത്. അത് കുറച്ച് സുഖമുള്ള ജോലിയാണ്. കുറഞ്ഞപക്ഷം ക്യാമ്പിനുള്ളിലെ ശ്വാസം മുട്ടിക്കുന്ന ദിനചര്യകളില്‍ നിന്നും വ്യത്യസ്തമാണ്. ക്യാമ്പിനുള്ളിലെ ഭക്ഷണ വിതരണത്തിന് വേണ്ട സാധനങ്ങള്‍ കൊണ്ടുവരാന്‍ ഉത്തരവാദിത്തപ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ പലപ്പോഴും ക്യാമ്പിന് വെളിയില്‍ പോകാനുള്ള സൗകര്യം കിട്ടി. കഴിഞ്ഞവര്‍ഷം ഈ സമയം വരെ ലോകം എന്താണെന്ന് അറിയാതിരുന്ന ഞാന്‍ ഇന്നിപ്പോള്‍ ജീവിക്കാന്‍ പഠിച്ചുകഴിഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും പൗഡര്‍ ഉപയോഗിക്കില്ല എന്ന് പറഞ്ഞിരുന്ന ഞാന്‍, ഇന്നിപ്പോള്‍ രാജസ്ഥാന്‍ മരുഭൂമിയിലെ വെളുപ്പും ചുവപ്പും കലര്‍ന്ന പൊടിമണ്ണുകൊണ്ട് ശരീരമാസകലം പൗഡര്‍ പൂശിയിരിക്കുകയാണ്. അന്ന് പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ ലൂയി പാസ്റ്റര്‍ എന്ന കഥാപാത്രമാക്കി മാറ്റാനായി ആര്‍ട്ടിസ്റ്റ് ശ്രീധരന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ വേഷം കെട്ടാതെ തന്നെ ലൂയി പാസ്റ്ററുടെ തലമുടിയുമായി നടക്കുകയാണ്. ഇടയ്ക്ക് വരുന്ന ശക്തി കൂടിയ ചുഴലിക്കാറ്റുകള്‍ നമ്മള്‍ താമസിക്കുന്ന ടെന്റുകളെ തന്നെ തൂണുകളടക്കം പിഴുതെറിഞ്ഞ് മറ്റൊരിടത്ത്‌കൊണ്ടിടും. പിന്നെ അത് പെറുക്കി എടുത്തുകൊണ്ടുവന്ന് വീണ്ടും ക്യാമ്പ് പഴയതുപോലെ ഒരുക്കണം. കഴുകി ഉണക്കാന്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങളില്‍ വീണ്ടും മണ്ണ് വന്നു നിറയും. ഭക്ഷണത്തില്‍ പലപ്പോഴും മണ്ണിന്റെ അംശമുണ്ടാകും. അതുകൊണ്ട് വയറ് ശുദ്ധിയാക്കാന്‍ പലപ്പോഴും ഭക്ഷണം കഴിഞ്ഞാല്‍ ശര്‍ക്കര കഴിക്കുന്ന ശീലം മറ്റുള്ളവരെ പോലെ ഞാനും തുടങ്ങി. എവിടെ നോക്കിയാലും ഒരുപോലെ തോന്നിക്കുന്ന വിശാലമായ ആ പ്രദേശത്ത് പലപ്പോഴും വഴിതെറ്റാറുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. നാട്ടില്‍ സൂര്യാസ്തമയം കാണാന്‍ ഞങ്ങള്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ പോകാറുണ്ട്. ഈ മരുഭൂമിയില്‍ സൂര്യോദയവും സൂര്യാസ്തമയവും നിത്യകാഴ്ചകളാണ്.
ഓരോ ചെറിയ ചെറിയ വിഭാഗങ്ങളായി ടെന്റുകളിലോ വണ്ടികളിലോ ആയിട്ടാണ് താമസം. അതിരാവിലെ ലങ്കറില്‍ ചായ തയാറാകും. കൂട്ടത്തില്‍ ഒരാള്‍ അത് വാങ്ങിക്കാന്‍ പോകും. ലങ്കറിലെ അടുപ്പില്‍ നിന്നും വരുന്ന തീയും 'കെറോസിന്‍ സ്റ്റൗവിന്റെ' ശബ്ദവും കാരണം ലങ്കറിലേക്ക് എത്താന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. എന്നാല്‍ ചായ വാങ്ങി തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ വന്ന ടെന്റിലേക്കുള്ള വഴി മറക്കും. ചെറിയ ചിമ്മിനി വിളക്കിന്റെ പ്രകാശത്തെ ലക്ഷ്യംവെച്ചുകൊണ്ട് തിരിച്ച് നടക്കും. പക്ഷേ പലപ്പോഴും ചെന്നെത്തുന്നത് മറ്റുള്ളവരുടെ ടെന്റിലായിരിക്കും. അങ്ങനെ നടന്നുനടന്ന് തണുത്ത ചായയുമായി നേരം വെളുക്കുമ്പോഴായിരിക്കും സ്വന്തം ടെന്റില്‍ എത്തുക. കാത്തിരുന്ന് മടുത്ത, ചായ കുടിക്കാതെ ദിനചര്യ തുടങ്ങാന്‍ പറ്റാത്ത പലരും അന്നത്തെ ചായ ഉപേക്ഷിച്ച് തല്‍ക്കാലം തന്റെ ബീഡിയും തീപ്പെട്ടിയും എടുത്ത് പുതിയൊരു ദിവസത്തിനുവേണ്ട തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരിക്കും. ചൂടുകൊണ്ടും അശ്രദ്ധകൊണ്ടും പല ടെന്‍ഡുകളിലും തീപിടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
റേഷന്‍കടയിലെ മണ്ണെണ്ണപോലെ കുളിക്കാനും കുടിക്കാനും കിട്ടുന്ന വെള്ളത്തിന് പോലും ഉണ്ട് ഒരു കണക്ക്. 'വാട്ടര്‍ പോയിന്റില്‍' നിന്നാണ് വണ്ടികളില്‍ ക്യാമ്പിലേക്ക് വേണ്ടുന്ന വെള്ളം കൊണ്ടുവന്നിരുന്നത്. പക്ഷേ ഞാന്‍ റേഷന്‍ വണ്ടിയില്‍ ആയതുകൊണ്ട് വെള്ളത്തിന്റെ കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. 'ആര്‍മി സപ്ലൈയില്‍' നിന്നും റേഷന്‍ വാങ്ങിവരുന്ന വഴിയിലാണ് വാട്ടര്‍ പോയിന്റ്. വരുന്ന വഴിയില്‍ പലപ്പോഴും അവിടെ നിന്നുതന്നെ കുളിച്ചിട്ടാണ് വരിക.
അങ്ങനെ ആ ജീവിതവുമായി പൊരുത്തപ്പെട്ട് തുടങ്ങുമ്പോഴേക്കും ജീവിതാവസാനം വരെ ഒരു ദുഃസ്വപ്നമായി കൂടെകൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ട ഒരു സംഭവമുണ്ടായി. ഒരു ദിവസം സപ്ലൈ പോയിന്റില്‍നിന്നു വരുന്ന വഴി വാട്ടര്‍ പോയിന്റില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ എല്ലാവരും അവിടെനിന്നു കുളിക്കാനും കൈയിലുള്ള പാത്രങ്ങളിലെല്ലാം വെള്ളം നിറയ്ക്കാനും തീരുമാനിച്ചു. വസ്ത്രങ്ങള്‍ അടങ്ങുന്ന 'ബെഡ്ഡിങ്ങ്' പലപ്പോഴും വണ്ടിയില്‍ തന്നെ കാണും. കുളികഴിഞ്ഞ് പഴയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡും പണവും ഒക്കെ പുതിയ ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് മാറ്റാന്‍ നോക്കുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്. പോക്കറ്റില്‍ ഉണ്ടായിരുന്ന പണം ആരോ മോഷ്ടിച്ചിരിക്കുന്നു.
4060 രൂപ കൈയിലുണ്ടായിരുന്നില്‍ ഒരു രൂപപോലും ഇപ്പോഴില്ല. കണ്ണില്‍ ഇരുട്ട് കയറി. വലിയ ശബ്ദത്തോടുകൂടി ടാങ്കുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിന്റെയോ, മണല്‍കൂനകള്‍ കയറിയിറങ്ങി, സ്വയം ഉണ്ടാക്കിയ വഴിയിലൂടെ താളത്തിനനുസരിച്ച് നീങ്ങുന്ന 'ശക്തിമാന്‍' ട്രക്കുകളുടെ ശബ്ദമോ ചെവിയില്‍ പതിഞ്ഞില്ല. ഒരു നിമിഷത്തേക്ക് ഭൂമി സൂര്യനെ ചുറ്റുന്നതുതന്നെ നിര്‍ത്തിവെച്ചതുപോലെ തോന്നി. അത് ഒരു ചെറിയ പൈസയൊന്നുമായിരുന്നില്ല. ഒരു ചെറുപ്പക്കാരനായ പട്ടാളക്കാരന്റെ ആറേഴു മാസത്തെ ശമ്പളമാണ് അത്. രണ്ടായിരം കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള ഒരു ആറംഗ കുടുംബത്തിലേക്ക് എത്തേണ്ടതായിരുന്നു ആ പണം. അനുജത്തിമാര്‍ക്ക് വേണ്ടി മൂന്ന് പവന്‍ എങ്കിലും സ്വര്‍ണം വാങ്ങാമായിരുന്നു. വീട് പുതുക്കിപ്പണിയാമായിരുന്നു. വീട്ടിലേക്ക് സ്വന്തമായി ഒരു കിണര്‍ കുഴിക്കാമായിരുന്നു. എല്ലാ സ്വപ്നങ്ങളുമാണ് ചെറിയ ഒരു സമയത്തിനുള്ളില്‍ ആരോ നശിപ്പിച്ചു കളഞ്ഞത്.
ഹൈദരാബാദില്‍നിന്നു പോസ്റ്റിങ്ങ് വരുമ്പോള്‍ അതുവരെയുള്ള എല്ലാ കണക്കുകളും തീര്‍ത്ത് അതുവരെ പിടിച്ചുവെച്ചിരുന്ന എല്ലാ ശമ്പളവും ഒന്നിച്ച് തന്നതാണ്. അവിടുന്ന് ദേവലാലിയില്‍ എത്തിയതിന്റെ പിറ്റേന്ന് തന്നെ ഇങ്ങോട്ട് വരേണ്ടതുകൊണ്ടും ഇവിടെ മണിയോര്‍ഡര്‍ അയക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടും, അല്ലെങ്കില്‍ അതിനെപ്പറ്റി അറിവില്ലായ്മകൊണ്ടും ആ പണം വീട്ടിലേക്ക് അയക്കാന്‍ പറ്റിയിരുന്നില്ല. നമ്മുടെ വണ്ടിയുടെ ഡ്രൈവര്‍ തമിഴ്‌നാട്ടുകാരനായ നായക്ക് ബാലകിശന്‍ എന്നോട് 30 രൂപ കടം വാങ്ങിയിരുന്നു. അതുമാത്രമാണ് ഇനിയെന്റെ സമ്പാദ്യം. കാര്യം സീനിയര്‍മാരോട് പറഞ്ഞെങ്കിലും ആരും അത് വേണ്ടത്ര ഗൗരവമായി എടുത്തില്ല. കാരണം കളവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എല്ലാവര്‍ക്കും ഒന്നിച്ച് 'പണിഷ്‌മെന്റ്' കിട്ടും. അത് ഭയന്ന് ആരുംതന്നെ കാര്യം മേലുദ്യോഗസ്ഥരോട് പറഞ്ഞില്ല. എന്നെ ഉപദേശിക്കാനോ എനിക്കുവേണ്ടി പ്രവര്‍ത്തിക്കാനോ ആരുമുണ്ടായില്ല.
മൈലുകള്‍ക്കപ്പുറമുള്ള അമ്മയേയോ ജ്യേഷ്ഠനെയോ ഒന്ന് കെട്ടിപ്പിടിച്ച് കരയണമെന്ന് ആഗ്രഹിച്ച നിമിഷം. 'ഐഡന്റിറ്റി കാര്‍ഡ് പോക്കറ്റില്‍ തന്നെ ഉണ്ടല്ലോ, അതുതന്നെ ഒരു സമാധാനം, അതുപോയിട്ടുണ്ടെങ്കില്‍ അറിയുമോ' എന്നൊക്കെ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാനാണ് കൂടെയുള്ളവര്‍ ശ്രമിച്ചത്. പിന്നീട് കുറച്ച് ദിവസങ്ങള്‍ക്കുശേഷമാണ് എനിക്ക് കാര്യങ്ങള്‍ മനസ്സിലായത്. അത് നമ്മുടെ ലങ്കറിലെ പാചകക്കാരനും മറ്റും പറഞ്ഞ് അറിഞ്ഞതാണ്. ആ കള്ളന്‍ നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള ഒരാളായിരുന്നത്രെ. ജവാന്മാരുടെ കീറിപ്പോകുന്ന ബൂട്ട്, ബെല്‍റ്റ് തുടങ്ങി തോലുകൊണ്ടും മറ്റുമുള്ള സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന 'ബൂട്ട് റിപ്പയര്‍' എന്ന വിഭാഗത്തില്‍പ്പെട്ട ഉത്തര്‍പ്രദേശുകാരനായ ഒരു നായക്ക് ഉണ്ടായിരുന്നു. അയാളാണ് എന്റെ പണം മോഷ്ടിച്ചിരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അന്ന് എന്റെ കൂടെ ഉണ്ടായിരുന്നവര്‍ ശ്രമിച്ചിരുന്നെങ്കില്‍ കള്ളനെ കൈയോടെ പിടിക്കാമായിരുന്നു. പട്ടാളത്തിലേക്ക് കാലെടുത്തുവെച്ചിട്ട് മാത്രം ഉണ്ടായിരുന്ന എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ദുഃഖം പങ്കിടാന്‍ പോലും അവിടെ ആരുമില്ല.
(തുടരും)
Content Highlights: Lieutenant Colonel Surendran M.K.'s autobiography Jeevitham enna theekkadal
Published: 12 Mar 2024, 05:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented