
നാലാഴ്ച കഴിഞ്ഞാല്‍ ട്രെയിനിങ്ങ് തീരും. അവസാനത്തെ ആഴ്ച എല്ലാം പരീക്ഷകളാണ്. അതിലൊക്കെ ജയിച്ചാല്‍ മാത്രമേ നാട്ടിലേക്ക് വിടൂ. അതുകൊണ്ടുതന്നെ ട്രെയിനിങ്ങിന്റെ കാഠിന്യവും കൂടി. മുണ്ട് ഉടുത്ത് നഗ്‌നപാദനായി നാട്ടില്‍നിന്ന് വന്ന എനിക്ക് ഇനി അങ്ങനെ തിരിച്ച് പോകാന്‍ പറ്റില്ലല്ലോ. ബനിയാ കാന്റീനിനടുത്ത് തന്നെയാണ് തയ്യല്‍ കടയും. കാന്റീനില്‍നിന്നും ഒരു പാന്റിന് വേണ്ടുന്ന തുണിയെടുത്ത് തയ്യല്‍ക്കാരന് തയ്ക്കാന്‍ കൊടുത്തു. ജീവിതത്തിലെ ആദ്യത്തെ പാന്റ് ആണ്, മോശമാകരുത്. ഷര്‍ട്ട് പുതുതായി തുന്നിയില്ല. പകരം ചുവപ്പും വെള്ളയും കലര്‍ന്ന ഒരു ടീഷര്‍ട്ട് വാങ്ങി. പാന്റിന്റെ തുണിയുമായി ഒത്തുനോക്കി. മോശമില്ല, യോജിക്കുന്നുണ്ട്. ട്രെയിനിങ്ങ് കഴിയുമ്പോഴേക്കും പാന്റ് തയ്ച്ചു കിട്ടും..
ഇരുപതാഴ്ച വിയര്‍പ്പൊഴുക്കിയതിന്റെ പരിണിതഫലം. പട്ടാളത്തില്‍ ഒരു ചൊല്ലുണ്ട്. 'സമാധാനകാലത്ത് എത്രയും കൂടുതല്‍ വിയര്‍ക്കുന്നുവോ യുദ്ധകാലത്ത് അത്രയും കുറവേ രക്തം കളയേണ്ടതുള്ളൂ.' എല്ലാവര്‍ക്കും അവധിക്ക് പോകാനുള്ള അനുമതിപത്രം കിട്ടി. ട്രെയിനിങ്ങ് സമയത്ത് അടിസ്ഥാന ശമ്പളം 175 രൂപയായിരുന്നു. മറ്റു വേതനങ്ങളൊക്കെ ചേര്‍ത്ത് മാസശമ്പളം 400 രൂപയോളം വരും. അവധിക്ക് വരുമ്പോള്‍ ഒന്നിച്ച് തരാനായി അതിന്റെ ഒരു ഭാഗം പിടിക്കുന്നുണ്ടായിരുന്നു. എങ്കിലും എല്ലാമാസവും കിട്ടുന്നതിന്റെ ഒരു ഭാഗം അമ്മയ്ക്ക് മണിയോര്‍ഡര്‍ അയക്കുമായിരുന്നു. ഇന്നിപ്പോള്‍ നാട്ടില്‍ പോകുന്നതുകൊണ്ട് 1000 രൂപയോളം ഒന്നിച്ച് കൈയില്‍ തന്നു. നേരെ പോയത് സി.എസ്.ഡി. എന്ന മിലിറ്ററി കാന്റീനിലേക്കാണ്. അവിടെ നമുക്ക് സാധനങ്ങള്‍ക്ക് നികുതി ഇളവുണ്ട്. വീട്ടില്‍ എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങണം. ജ്യേഷ്ഠനുവേണ്ടി ഒരു 'കോഹിനൂര്‍' വാച്ച് വാങ്ങി. അത് കൈയില്‍ കെട്ടിനോക്കി. നല്ല തിളക്കം, ജ്യേഷ്ഠന് അത് നന്നായി ചേരും.
Also Read
വാച്ച് നടക്കണമെങ്കില്‍ ഓരോ 24 മണിക്കൂറിലും അതിന് താക്കോല്‍ കൊടുക്കണം. പുതിയ വാച്ചില്‍ സമയം കൃത്യപ്പെടുത്തി താക്കോല്‍ കൊടുത്തു. എനിക്ക് ട്രെയിനിങ്ങ് സമയത്ത് വാച്ച് ഉപയോഗിക്കാന്‍ പാടില്ല. അതുപോലെ വിലകൂടിയ സാധനങ്ങള്‍ ഒന്നും തന്നെ കയ്യില്‍ വെക്കാന്‍ പാടില്ല. വീട്ടിലേക്ക് ഒരു ഫിലിപ്‌സ് റേഡിയോയും നാല് വലിയ ബാറ്ററിയും വാങ്ങി അതിലിട്ട് പാടിച്ചുനോക്കി. ദാരിദ്ര്യംമാത്രം കണ്ടിരുന്ന എന്റെ അമ്മ ഇനിമുതല്‍ പണക്കാരുടെ പട്ടികയില്‍ പെടാന്‍പോവുകയാണ്. അനുജത്തിമാര്‍ക്കും അനുജനുംവേണ്ടി ചില വസ്ത്രങ്ങളൊക്കെ വാങ്ങി. അധികം ചെലവിട്ടുകൂട. ശമ്പളത്തിന്റെ നല്ലൊരു വിഹിതം അമ്മയുടെ കൈയില്‍ കൊടുക്കണം. വരുന്ന സമയത്ത് ജ്യേഷ്ഠന്‍ വാങ്ങിച്ചുതന്നിരുന്ന അതേ ബാഗില്‍ സാധനങ്ങളൊക്കെ നിറച്ച് ടീഷര്‍ട്ടിനെ, യൂണിഫോം അല്ലാതെ ധരിക്കുന്ന ആദ്യത്തെ പാന്റിനുള്ളില്‍ ഇന്‍സൈഡ് ചെയ്ത്, ഒന്നുകൂടി കണ്ണാടിക്ക് മുന്നില്‍ പോയിനിന്നു. കുറെയൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വെയിലത്തുള്ള ട്രെയിനിങ്ങ്, ശരീരം കറുപ്പിച്ചിട്ടുണ്ടെങ്കിലും കൈയിലെ മാംസപേശികള്‍ കണ്ടപ്പോള്‍ അഭിമാനം തോന്നി. നമ്മുടെ നാട്ടില്‍ മറ്റൊരു പട്ടാളക്കാരന്‍കൂടി ജന്മമെടുത്തിരിക്കുന്നു.
മിലിറ്ററിക്കാര്‍ക്ക് ട്രെയിനില്‍ സൗജന്യയാത്രയ്ക്കുള്ള 'വാറണ്ട്' തന്നിരുന്നു. കണ്ണൂരിലേക്ക് തന്നെ, തോട്ടടക്കാരനായ സുഹൃത്ത് രമേശനും കൂടെയുണ്ടായിരുന്നു. പോകേണ്ട ട്രെയിന്‍ ഒക്കെ ചോദിച്ച് മനസ്സിലാക്കിയിരുന്നു. ഏതോ ജനറല്‍ കോച്ചില്‍ കയറിക്കൂടി. വന്നതുപോലെ തന്നെ പോകുമ്പോഴും ഒരു ട്രെയിന്‍ മാറിക്കയറണം. അങ്ങനെ വെസ്റ്റ് കോസ്റ്റില്‍ ആണോ ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ ആണോ എന്ന് ഓര്‍മയില്ല, രണ്ടാമത്തെ ദിവസം പുലര്‍ച്ചെ നാലുമണിക്കോ മറ്റോ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ബസ്സുകളുടെ സമയം ഒന്നും ആയിട്ടില്ല. ആരോ പറഞ്ഞു രാവിലത്തെ ദിനപത്രം വിതരണം ചെയ്യാന്‍ പോകുന്ന വാനുകള്‍ ഉണ്ടാകുമെന്ന്. അതും കണ്ടില്ല. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ പോയാല്‍ ആദ്യത്തെ ബസ് കിട്ടും. ബാഗും തൂക്കി അങ്ങോട്ടേക്ക് നടന്നു.
കല്യാശ്ശേരിയില്‍ ബസ്സിറങ്ങുമ്പോഴേക്കും നേരം വെളുക്കാന്‍ തുടങ്ങിയിരുന്നു. പക്ഷികളൊക്കെ അവരുടെ ദിനചര്യ തുടങ്ങി കഴിഞ്ഞു. ചില വീടുകളിലെ പൂവന്‍ കോഴികള്‍ വീട്ടുകാരെ ഉണര്‍ത്താനുള്ള രാവിലത്തെ ജോലിയും കഴിഞ്ഞ് തന്റെ ഇര തേടി നടക്കുന്നത് കണ്ടു. സ്ത്രീകള്‍ എഴുന്നേറ്റ് മുറ്റമടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത്യാവശ്യം ചില പാല്‍ വില്പനക്കാരനെയോ, പത്ര വില്പനക്കാരനെയോ മാത്രം വഴിയില്‍ കണ്ടു. വീട്ടിലേക്കുള്ള ധൃതികൂടിയ നടത്തം തലേന്ന് പെയ്ത മഴയില്‍ കുതിര്‍ന്ന ഇടവഴികളിലെ മണ്ണില്‍ എന്റെ കാല്‍പ്പാടുകള്‍ വരച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പണ്ട് സ്‌കൂളിലേക്ക് പലവട്ടം പോയി വന്നിരുന്ന അതേ വഴിയിലൂടെ തോളില്‍ ബാഗും തൂക്കിക്കൊണ്ട് ഇന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗമയില്‍ നടക്കുകയാണ്. എന്തൊരു ആഹ്ലാദം.
അരമണിക്കൂര്‍ കഴിഞ്ഞാല്‍ എന്റെ വീട്ടിലും ഒരു റേഡിയോ പാടി തുടങ്ങും. ഞാന്‍ വീട്ടില്‍ എത്തുന്ന തീയതിയോ സമയമോ ഒന്നും കൃത്യമായി വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ലായിരുന്നു. പോകുന്ന വഴിയില്‍ തന്നെയാണ് സുഹൃത്ത് അരുണിന്റെ വീട്. നമ്മുടെ കൂട്ടത്തിലെ ജീനിയസ് അവനാണ്. എന്നെക്കാള്‍ രണ്ടുവയസ്സ് ഇളയതാണ്. അവന്റെ ചേച്ചി ഉഷ എന്റെ കൂടെ പഠിച്ചതാണ്. അവന്റെ വീട്ടുകാര്‍ കണ്ടാല്‍ അവിടെ കയറാതിരിക്കാന്‍ പറ്റില്ല. അരൂണിന്റെ വീട്ടുകാര്‍ക്ക് എന്നോട് നല്ല ഇഷ്ടമാണ്. പണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ പുതിയാണ്ടി കുളത്തില്‍ നീന്തിക്കൊണ്ടിരിക്കുമ്പോള്‍ കരയില്‍ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടിയ അരുണിന്റെ കൈയെല്ല് പൊട്ടിയപ്പോള്‍ അവനെയും കൂട്ടി ശ്രീറാം ടെക്‌സ്‌റ്റൈല്‍സിന്റെ ടെമ്പോ വാനില്‍ അവന്റെ അച്ഛന്റെകൂടെ ഞങ്ങള്‍ കൂട്ടുകാര്‍ കൂവോട്ട് വൈദ്യരുടെ അടുത്ത് പോയതും, രാത്രിയില്‍ മറ്റുള്ളവരെ മുഴുവന്‍ തിരിച്ചയച്ച് ഞാന്‍ മാത്രം അവന് കൂട്ടായി നിന്നതും അവന്റെ വീട്ടുകാര്‍ക്ക് എന്നോടുള്ള മതിപ്പ് കൂട്ടിയിരുന്നു. അവന്റെ വീട്ടിലെ തെങ്ങില്‍നിന്നു വീണു കിടക്കുന്ന തേങ്ങ വെറും പല്ല് മാത്രം ഉപയോഗിച്ച് ഞാന്‍ ഉരിച്ചു കൊടുക്കുന്നത് അവന്റെ അമ്മ അത്ഭുതത്തോടുകൂടി നോക്കുമായിരുന്നു.

കുളത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ മറ്റൊരു കാര്യം കൂടി ഓര്‍മിച്ചുപോയി. ഒരു ദിവസം ഞങ്ങള്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുളം ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ ഉടമയുടെ ഏറ്റവും ഇളയതും ഏക മകനുമായ രാജു കുളത്തില്‍ വന്നിട്ട് കുറച്ചുനേരമായി കാല് കഴുകിക്കൊണ്ടേയിരിക്കുകയായിരുന്നു. മുഖഭാവത്തില്‍ എന്തോ പന്തികേട് തോന്നിയ ഞങ്ങള്‍ അവനോട് കാര്യം തിരക്കി. അപ്പോള്‍ പറഞ്ഞു വീട്ടില്‍ ആരുമില്ല, അവനെ വീട്ടില്‍നിന്നും എന്തോ ഒന്ന് കടിച്ചു എന്ന്. കാലില്‍ നോക്കിയപ്പോള്‍ അത് പാമ്പിന്റെ കടിയേറ്റതാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. പണ്ട് പഠിപ്പിച്ചത് പ്രകാരം ഞാന്‍ ഉടുത്തിരുന്ന തോര്‍ത്ത് മുണ്ടിന്റെ അറ്റം കീറി മുറിവിന് മുകളില്‍ വച്ചുകെട്ടി പാമ്പ് കടിക്കുള്ള പ്രഥമ ശുശ്രൂഷ നല്‍കി. കൊല്ലന്‍ ദാമോദരന്റെ വാടകക്കെടുത്ത സൈക്കിള്‍ ഞങ്ങളുടെ കൈയിലുണ്ടായിരുന്നു. ഉണ്ടായിരുന്നു.
തല മാത്രം തോര്‍ത്തി അവനെയും പിന്‍സീറ്റില്‍ ഇരുത്തി ഞങ്ങള്‍ അടുത്തുള്ള പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ അവനെ അവിടെ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടങ്ങി. മണിക്കൂറുകള്‍ക്കുശേഷമാണ് ജോലിക്ക് പോയിട്ടുണ്ടായിരുന്ന അവന്റെ അച്ഛനും അമ്മയും ഈ കാര്യങ്ങള്‍ അറിയുന്നത്. അവര്‍ അങ്ങോട്ടേക്ക് പാഞ്ഞെത്തി. മുടിയൊന്നും ചീകാതെ ഉണങ്ങി കിടക്കുന്ന തലമുടിയും നമ്മുടെ വസ്ത്രവും കണ്ടിട്ട് അവന്റെ അച്ഛനും അമ്മയും നമ്മളോട് ഒരുപാട് നന്ദി പറഞ്ഞു. ഡോക്ടര്‍ പറഞ്ഞു 'സാരമില്ല വിഷമില്ലാത്ത പാമ്പാണ്' എന്ന്. അപ്പോഴാണ് അവന്റെ അമ്മയ്ക്കും അച്ഛനും ചേച്ചിമാര്‍ക്കും അതുപോലെ ഞങ്ങള്‍ക്കും സമാധാനമായത്. അതിനുശേഷം അവന്റെ അമ്മ ചിന്താമണി ടീച്ചര്‍ക്കും നമ്മളോട് വലിയ കാര്യമാണ്. പക്ഷേ ചെറിയ ക്ലാസില്‍ ഏതിലോ പഠിക്കുന്ന രാജുവിന്റെ ആത്മധൈര്യം ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.
ചിന്തകള്‍ക്കും അതോടൊപ്പം നടത്തത്തിനും വേഗത കൂടിയത് അറിഞ്ഞില്ല. ആറുമാസംകൊണ്ട് നാടിന് മാറ്റമൊന്നും വന്നിട്ടില്ല. അരുണിന്റെ വീടെത്തി. അവന്റെ പറമ്പിന്റെ കിളവക്കില്‍ പണ്ട് ഓണത്തിന് പൂവിടാന്‍ വേണ്ടി എത്തി പറിക്കുന്ന കോളാമ്പി പൂക്കള്‍ ഇന്ന് അതുപോലെതന്നെ കൈയെത്തും ദൂരത്ത് പൂത്തുനില്‍ക്കുന്നുണ്ട്. വെറുതെ ഒന്ന് വലതുവശത്തേക്ക് നോക്കി. പിടിക്കപ്പെട്ടു. അവന്റെ ചേച്ചിയും അമ്മയും പുറത്തുണ്ടായിരുന്നു. പാന്റും ടീഷര്‍ട്ടും ധരിച്ചിട്ട് അവര്‍ എന്നെ ആദ്യമായി കാണുകയാണ്. ഓ, എം.കെ.സുര അല്ലേ ഇത്. അവര്‍ എന്നെ അങ്ങനെയാണ് വിളിക്കാറ്. വരുന്ന വഴിയാണോ, എങ്ങനെ ഉണ്ട് എന്ന് തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ഒന്നിച്ചുവന്നു. അവര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
എന്റെ റേഡിയോയില്‍ നിന്നുമുള്ള ആദ്യത്തെ മലയാളം പാട്ട് കേള്‍ക്കാനുള്ള ആകാംക്ഷയും ഉള്ളില്‍ ഒതുക്കി ഞാന്‍ അവരുടെ ക്ഷണം സ്വീകരിച്ചു. ശബ്ദംകേട്ട് അരുണും അവന്റെ അച്ഛനും പുറത്തേക്ക് വന്നു. ഞാന്‍ കറുത്തിട്ടുണ്ടെന്നും മെലിഞ്ഞിട്ടുണ്ടെന്നും ഒക്കെയുള്ള അഭിപ്രായങ്ങള്‍ വന്നു. വിശേഷങ്ങളൊക്കെ കൈമാറി. ഞങ്ങള്‍ ഹീറോ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ കൂട്ടുകാരെല്ലാം ചേര്‍ന്ന് അരുണിന്റെ മൂത്ത ചേച്ചിയായ ഷീലേച്ചിയുടെ കല്യാണത്തിന് കൊടുത്ത 'നവദമ്പതികള്‍ക്ക് മംഗളാശംസകള്‍' എന്നെഴുതിയ, കണ്ണാടിക്കൂട്ടില്‍ രണ്ട് പക്ഷികളോടുകൂടിയ ആ സമ്മാനം അവരുടെ ഷോക്കേസില്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളുടെ കുടുംബത്തിലെ ആദ്യത്തെ കല്യാണമായിരുന്നു അത്. ക്ലബ്ബിന്റെ പ്രസിഡണ്ട് എന്ന നിലയില്‍ ഞാനായിരുന്നു അത് ചേച്ചിക്ക് അത് കൈമാറിയിരുന്നത്. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനുള്ളില്‍ വെള്ളയും നീലയും കലര്‍ന്ന പ്ലാസ്റ്റിക് പക്ഷികള്‍ എന്നെ ഒന്ന് ചെരിഞ്ഞുനോക്കിയത് പോലെ സംശയിച്ചു. ചായസല്‍ക്കാരമൊക്കെ കഴിഞ്ഞ് അവിടുന്ന് വീട്ടിലേക്ക് തിരിച്ചു.
'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍' വീട്ടിലെ പുതിയ റേഡിയോ പ്രഭാതവാര്‍ത്ത വായിച്ചു തുടങ്ങി. സ്റ്റേഷന്‍ മാറ്റാന്‍ ഉള്ളതും ശബ്ദം കൂട്ടാനും കുറയ്ക്കാനും ഉള്ളതുമായ സ്വിച്ചുകള്‍ എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. ആദ്യ ദിവസമല്ലേ നല്ല ഉച്ചത്തില്‍ തന്നെ ആയിക്കോട്ടെ. വീട്ടില്‍ അനക്കവും ശബ്ദവുംകേട്ട് അയല്‍ക്കാര്‍ക്കൊക്കെ ഞാന്‍ നാട്ടില്‍വന്ന കാര്യം മനസ്സിലായി. അമ്മ സന്തോഷവും അഭിമാനവുംകൊണ്ട് കരഞ്ഞെന്ന് തോന്നുന്നു. പുതിയ പട്ടാളക്കാരനെ കാണാന്‍ അടുത്ത വീട്ടിലെ കമലേച്ചിയും മധുവേട്ടനും ഒക്കെ വന്നു. കാന്റീനില്‍നിന്നു വാങ്ങിയ മിഠായിയില്‍നിന്നും അവര്‍ക്കൊക്കെ കൊടുത്തു. മാസങ്ങള്‍ക്ക് ശേഷം ഞാന്‍ അമ്മ ഉണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കഴിച്ച് വയറുനിറച്ചു. എല്ലാറ്റിനും ഒരു പ്രത്യേക സ്വാദ്. റേഡിയോയില്‍ സ്റ്റേഷന്‍ മാറ്റി ഹിന്ദി പാട്ടുകള്‍വെച്ചു. വൈകുന്നേരം വണ്ണാത്തി പറമ്പില്‍ പോയാല്‍ കൂട്ടുകാരെ എല്ലാം ഒന്നിച്ചുകാണാം. അവരുടെ ഫുട്‌ബോള്‍ കളി ഇപ്പോഴുമുണ്ട്. വലിയ മൈതാനം ഒന്നുമല്ല. സ്ഥലപരിമിതി മൂലം ഗോള്‍ പോസ്റ്റ് തന്നെ രണ്ട് മൂലകളിലായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരുവശത്തുവെച്ച് മാത്രമേ 'കോര്‍ണര്‍ കിക്ക്' അടിക്കാന്‍ പറ്റൂ. എങ്ങനെ ആയാലും നമ്മളെയൊക്കെ കളിക്കാരാക്കി മാറ്റിയത് ഈ വണ്ണാത്തി പറമ്പാണ്. വൈകുന്നേരം അങ്ങോട്ട് പോയി കൂട്ടുകാരെ എല്ലാം ഒന്നിച്ച് കണ്ട് സന്തോഷം പങ്കിട്ടു. പിറ്റേന്ന് മുതല്‍ ഓരോരുത്തരുടെയും വീട്ടില്‍ പോയി അവരുടെ അച്ഛനമ്മമാരെ കണ്ടു. കഴിഞ്ഞ അഞ്ചാറുമാസത്തെ കഷ്ടപ്പാടുകള്‍ ഈ ദിവസങ്ങള്‍ക്ക് വേണ്ടി ആണല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എല്ലാ വേദനകളും മനസ്സില്‍ നിന്നും മാഞ്ഞുപോയി.
പിന്നീടങ്ങോട്ട് ഒത്തുചേരലിന്റെ ആഘോഷ ദിവസങ്ങളായിരുന്നു. കൂട്ടുകാരെല്ലാം കൂടി കണ്ണൂരില്‍ പോയി. പയ്യാമ്പലം ബീച്ചില്‍ കറങ്ങി, സായി സ്റ്റുഡിയോയില്‍ പോയി ഗ്രൂപ്പ് ഫോട്ടോ എടുത്തു. ബെല്‍ ബോട്ടം പാന്റും അതിനുതാഴെ പട്ടാളത്തില്‍നിന്നു കിട്ടിയ ബൂട്ടും ധരിച്ച് കൂട്ടുകാരുടെ മധ്യത്തില്‍ ഇരുന്നുകൊണ്ടുള്ള ആ ഫോട്ടോ എന്നും ഓര്‍മിക്കത്തക്കതായിരുന്നു. മറ്റൊരു ദിവസം ഞങ്ങള്‍ അമ്മയും മക്കളും ചേര്‍ന്ന് ചിറക്കല്‍ ധനരാജ് ടാക്കീസില്‍ പോയി മോഹന്‍ലാലിന്റെ ആദ്യ സിനിമയായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' കണ്ടു. അതുകഴിഞ്ഞ് അടുത്തുള്ള സ്റ്റുഡിയോയിലേക്ക് പോയി. സ്റ്റുഡിയോയിലെ മേക്കപ്പ് റൂമില്‍ പോയി അവരുടെ ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് മീശയുടെ കടുപ്പം കൂട്ടി എല്ലാവരും ചേര്‍ന്ന് ഫോട്ടോ എടുത്തു.
മീശ കുറഞ്ഞ പട്ടാളക്കാരന്‍ ആകാന്‍ പാടില്ലല്ലോ. അതുകഴിഞ്ഞ് പുറത്തുവന്നപ്പോള്‍ അനുജത്തി സൂരജ 'കൊട്ട' എന്ന് പേരുള്ള പ്ലാസ്റ്റിക് വയറുകൊണ്ട് മടഞ്ഞ ബാഗ് വേണമെന്ന് പറഞ്ഞുകരഞ്ഞു. അവള്‍ക്ക് അത് വാങ്ങിക്കൊടുത്ത് ബസ്സില്‍ നാട്ടിലേക്ക് തിരിച്ചു. മറ്റൊരു ദിവസം, പണ്ട് കാക്കയെയും കുയിലിനെയും തിരിച്ചറിഞ്ഞ അടുത്തിലയിലുള്ള അമ്മയുടെ തറവാട്ടില്‍ പോയി. അവിടെയുള്ള മുത്തശ്ശിമാര്‍ക്കൊക്കെ എന്നെക്കൊണ്ട് സാധിക്കുന്നത് കൊടുത്തു. അവരെന്നെ അനുഗ്രഹിച്ചു. എന്നെ ഒരു പട്ടാളക്കാരനായി കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച എന്റെ അച്ഛന്‍ ഇന്ന് വിശ്രമിക്കുന്ന കുടുംബ ശ്മശാനം വഴി പോയപ്പോള്‍ അവിടെനിന്ന് അച്ഛനോട് ആത്മഗതം നടത്തി. അച്ഛന്‍ മരിച്ച് എട്ടുമാസത്തിനുശേഷം അച്ഛന്റെ ആഗ്രഹം നിറവേറ്റിയതായി അറിയിച്ചു. കുറച്ചുദിവസം വീണ്ടും കൂട്ടുകാരോടൊത്ത് കുളത്തില്‍ പോയി, ഫുട്‌ബോള്‍ കളിച്ചു, സിനിമകളും നാട്ടിലെ നാടകങ്ങളും കാണാന്‍ പോയി. അങ്ങനെ ആഘോഷങ്ങള്‍ നീണ്ടു. തോട്ടടയിലെ രമേശന്റെ വീട്ടില്‍ പോയി അവന്റെ വീട്ടുകാരുമായി പരിചയപ്പെട്ടു. അവന്‍ എന്റെ വീട്ടില്‍ വന്നു.
ആറുമാസം കൊണ്ട് എന്റെ മൂല്യം വര്‍ധിച്ചിരിക്കുന്നു. ജയഭാരത കലാകേന്ദ്രത്തില്‍ നിന്നും കുട്ടികൃഷ്‌ണേട്ടന്റെ ക്ഷണം വന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ശ്രീ. കരുണാകരന്റെ സഹോദര പുത്രനാണ് അവിടുത്തെ പ്രസിഡണ്ടായിരുന്ന കുട്ടികൃഷ്‌ണേട്ടന്‍. മുമ്പ് അവരുടെ ഭാഗമായിരുന്ന എന്നെ ഇന്ന് അവര്‍ ഓണാഘോഷപരിപാടിയുമായി ബന്ധപ്പെട്ട പൂക്കള മത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളാവാന്‍ വേണ്ടി ക്ഷണിച്ചിരിക്കുന്നു. നാട്ടിലെ അറിയപ്പെടുന്ന കലാകാരന്മാരായ കാടന്‍ കരുണാകരന്‍ മാസ്റ്റര്‍, ലക്ഷ്മണന്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം മൂന്നാമതായി ഞാനും. പണ്ട് അവരുടെ പ്രച്ഛന്നവേഷ മത്സരത്തില്‍ എന്റെ മൂന്നു വയസ്സുള്ള അനിയന്‍ രഞ്ജിത്തിനെ ഒരു തോര്‍ത്ത് മുണ്ടും ഉടുപ്പിച്ച്, മാലയും ഇട്ട്, ഞാന്‍ തന്നെ ഉണ്ടാക്കിയ താടിയും മുടിയുംവെച്ച് സ്റ്റേജിലേക്ക് ഉന്തിവിട്ടതും അവന്‍ ഒന്നാം സ്ഥാനം വാങ്ങി വന്നതും ഓര്‍മയുണ്ട്. ഇന്ന് അവരുടെ പരിപാടിയില്‍ ഞാന്‍ ഒരു വിധികര്‍ത്താവാണ്. പൂക്കളമത്സരത്തില്‍ പങ്കെടുത്ത കല്ല്യാശ്ശേരി പ്രദേശത്തെ എല്ലാ വീടുകളിലും സംഘടനകളിലും ഞങ്ങള്‍ പൂക്കളം പോയി കണ്ടു. നമ്മുടെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെട്ടു. ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ മാര്‍ക്കില്‍ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നു. മറ്റൊരു മുന്‍ മുഖ്യമന്ത്രിയും കല്യാശ്ശേരിക്കാരനുമായിരുന്ന ശ്രീ. ഇ.കെ. നായനാരുടെ മകന്‍ രണ്ടാം സ്ഥാനം കിട്ടിയ സംഘത്തിലെ ഒരു അംഗമായിരുന്നു.
അന്ന് രാത്രി കല്ലാശ്ശേരി ഹൈസ്‌കൂളില്‍ ഒരു നാടകം ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരുടെ പിന്‍ബലം ഉള്ളതുകൊണ്ട് രണ്ടാംസ്ഥാനം കിട്ടിയ സംഘത്തിലെ അംഗങ്ങള്‍ വിധികര്‍ത്താക്കളായ ഞങ്ങളെ അവിടെവെച്ച് ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്നൊക്കെ ഒരു കിംവദന്തി വന്നുതുടങ്ങി. കൂട്ടുകാരന്‍ സുരേഷ് പറഞ്ഞു:'നിന്റെ ഇത്ര വലിയ ശരീരം കണ്ടാല്‍ നിന്നെ ഒന്നും ആരും അടിക്കാന്‍ വരില്ല, ഞങ്ങള്‍ക്കല്ലേ അറിയൂ ഈ ബോഡിയെ ഉള്ളൂ, ആള് വെറും പാവമാണ് എന്ന്.' അവര്‍ക്ക് അതുപറയാന്‍ ഒരു കാരണമുണ്ട്. ഓണത്തിനും വിഷുവിനുമൊക്കെ ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് സിനിമ കാണാന്‍ അടുത്തുള്ള കണ്ണപുരം മണികണ്ഠന്‍ ടാക്കീസില്‍ പോകും. ഉയരം പരിഗണിച്ച് എന്നെ ആയിരിക്കും ടിക്കറ്റ് എടുക്കാന്‍ പലപ്പോഴും ഏല്‍പ്പിക്കുന്നത്. ടിക്കറ്റ് കൗണ്ടറില്‍ ഏറ്റവും മുന്നില്‍ ഉണ്ടായിരിക്കുന്ന ഞാന്‍, ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുമ്പോഴേക്കും ആള്‍ക്കാര്‍ ഉന്തി തള്ളി എന്നെ പിന്നിലാക്കി ഞങ്ങള്‍ക്ക് ടിക്കറ്റ് പോലും കിട്ടാതെ വന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാടകസ്ഥലത്ത് ഞങ്ങള്‍ വിചാരിച്ചതുപോലെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞത് അറിഞ്ഞില്ല. നാലാഴ്ചയില്‍ നാലുദിവസം ട്രെയിനില്‍ തന്നെയാണല്ലോ.
അമ്മ ഉണ്ടാക്കി തന്ന ഉണ്ണിയപ്പവും ചക്ക വറുത്തതും, പിന്നെ ബനാന ചിപ്‌സും വെളിച്ചെണ്ണയും ഒക്കെയായി ഹൈദരാബാദിലേക്കുള്ള ട്രെയിന്‍ പുറപ്പെട്ടു.
(തുടരും)
Content Highlights: Lieutenant Colonel Surendran M.K.'s autobiography Jeevitham enna theekkadal
Published: 05 Mar 2024, 12:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented