അങ്ങനെ ജീവിതത്തിലെ ആദ്യത്തെ കടമ്പ കടന്നുകിട്ടി. പക്ഷേ ഇനിയങ്ങോട്ട് എന്താണെന്നുള്ള ഒരു തീരുമാനമായില്ല. എട്ടാം ക്ലാസ് മുതല്‍ സൂക്ഷിച്ചുവച്ചിരുന്ന സയന്‍സ് നോട്ടുബുക്ക് അടക്കം എല്ലാം പഴയ കടലാസുകള്‍ എടുക്കാന്‍ വരുന്നവര്‍ക്ക് തൂക്കി വിറ്റു. പാഠപുസ്തകങ്ങള്‍ പുതുതായി പത്താം ക്ലാസിലേക്ക് വന്ന ആവശ്യക്കാരായ കുട്ടികള്‍ക്ക് നല്‍കി. പത്ത് മാസം ചുമന്ന് നടന്ന അമ്മമാരെക്കാളും സന്തോഷത്തോടെ പത്തുവര്‍ഷം ചുമന്ന് നടന്ന വിദ്യാഭ്യാസം എന്ന ഭാരത്തെ തല്‍ക്കാലത്തേക്ക് എങ്കിലും മാറ്റിവെച്ച് ഞങ്ങള്‍ കുട്ടികളെല്ലാം ഒരു വലിയ ദീര്‍ഘശ്വാസം വിട്ടു. ചങ്ങാതിമാരായ ഞങ്ങള്‍ മൂന്നുപേര്‍ക്കും മോശമില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. പക്ഷേ, ഫീസ് കുറഞ്ഞ സര്‍ക്കാര്‍ കോളേജുകളില്‍ പ്രീ ഡിഗ്രിക്ക് പ്രവേശനം ലഭിക്കത്തക്ക മാര്‍ക്ക് ഇല്ലാത്തതുകൊണ്ട് തന്നെ താരതമ്യേന ഫീസ് കൂടിയ പ്രൈവറ്റ് കോളേജുകളിലേക്ക് പോകേണ്ട സ്ഥിതിയായി. ഏതായാലും എന്റെ വീട്ടില്‍ നിന്നും ഒരു തീരുമാനമായി.
കോളേജിലേക്ക് വിടുന്നില്ല. പുതിയ ഒരു കീഴ്‌വഴക്കം വേണ്ടെന്ന് അച്ഛന്‍ തീരുമാനിച്ചു. സാമ്പത്തികം തന്നെയായിരുന്നു പ്രധാന വിഷയം. ജ്യേഷ്ഠനെയും പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം അടുത്തുള്ള സ്ഥാപനത്തില്‍ ടൈപ്പ് റൈറ്റിങ് പഠിക്കാനാണ് ചേര്‍ത്തിരുന്നത്. അച്ഛന് പെട്ടെന്ന് ഒരു താങ്ങും തണലും ആവാന്‍ വേണ്ടി തന്നെ ജ്യേഷ്ഠനെ പോലെ എന്നെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ചേര്‍ക്കാന്‍ തീരുമാനിച്ചു.
Also Read
കണ്ണൂര്‍ തോട്ടടയിലുള്ള ഐ.ടി.ഐ.യില്‍ നിന്നും അപേക്ഷാ ഫോറം വരുത്തിച്ചു. ടൈപ്പ് റൈറ്റിങ്ങിൽ ലോവറും ഹയറും ഒക്കെ പാസായ എന്നെക്കാള്‍ മൂന്നു വയസ്സ് മൂത്ത എന്റെ ജ്യേഷ്ഠന്‍ ഒരു പരീക്ഷണം എന്നപോലെ എന്റെ കൂടെ പുള്ളിയുടെ പേരിലും ഒരു അപേക്ഷ കൊടുത്തു. ഐ.ടി.ഐ.യെ പറ്റി ഒരു മുന്നറിവും ഇല്ലായിരുന്നു ഞങ്ങള്‍ എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യത വേണ്ടുന്ന നോണ്‍മെട്രിക് വിഭാഗത്തില്‍ പെടുന്ന വെല്‍ഡര്‍ ട്രേഡിന് അപേക്ഷിച്ചു. വെല്‍ഡിങ് എന്താണെന്ന് അറിഞ്ഞിട്ട് ഒന്നുമല്ല, പേര് കേട്ടപ്പോള്‍ എന്തോ നല്ലതാണെന്ന് തോന്നി. മെട്രിക് ട്രേഡുകള്‍ക്കും അപേക്ഷിച്ചിരുന്നെങ്കില്‍ കിട്ടുമായിരുന്നേനെ. മാത്രമല്ല, വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രവേശനത്തിന് സംവരണവും ഉണ്ടായിരുന്നു. ഐ.ടി.ഐ.യിലെ നോട്ടീസ് ബോര്‍ഡില്‍ പേര് വന്നപ്പോള്‍ എന്റെയും ജ്യേഷ്ഠന്റെയും പേര് വെല്‍ഡിങ് ക്ലാസിലേക്ക്. വീട്ടില്‍ ചര്‍ച്ചയായി, പലരുടെയും ഉപദേശം തേടി. അവസാനം രണ്ടു മക്കളെയും ഐ.ടി.ഐ.യില്‍ വിട്ടു പഠിപ്പിക്കാന്‍ അച്ഛന്‍ തയ്യാറായി.
കൂടെ പഠിച്ച കൂട്ടുകാരെല്ലാം കോളേജിലേക്ക് പോകാന്‍ തീരുമാനിച്ചു. ഒരാള്‍ക്ക് മാത്രം എന്നെക്കാളും മൂന്ന് മാര്‍ക്ക് കൂടുതലുണ്ടായിരുന്നു. ആ സമയത്താണ് കണ്ണൂരില്‍ ചിന്മയ മിഷന്‍ കോളേജ് ആരംഭിച്ചത്. അവരൊക്കെ അവിടെ ചേര്‍ന്നു. വൈകുന്നേരമാകുമ്പോള്‍ പുതിയ യൂണിഫോമും ഇട്ട് കോളേജ് ബാഗും തൂക്കി അവര്‍ എന്റെ വീട്ടുമുറ്റത്ത് കൂടിയായിരുന്നു പോയിരുന്നത്. എന്റെ പഴയ വീട്ടിലെ ഒന്നാം നിലയിലുള്ള ഇരുട്ടുമുറിയില്‍ ഇരുന്നുകൊണ്ട് എപ്പോഴും ഞാന്‍ അവരെ നോക്കി എന്റെ നഷ്ടപ്പെട്ടുപോയ കോളേജ് ജീവിതത്തെ ഓര്‍ത്ത് കരയുമായിരുന്നു. അതുവരെയും എന്റെ തുടര്‍ വിദ്യാഭ്യാസം ആരംഭിച്ചിരുന്നില്ല. അവര്‍ പുതിയ കോളേജ് ജീവിതത്തെക്കുറിച്ചും പുതുതായി ചേര്‍ന്ന പെണ്‍കുട്ടികളെ കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്നു.
കലാലയ ജീവിതത്തിന്റെ സ്വപ്നങ്ങളും ആസ്വാദനവും നഷ്ടപ്പെട്ട ഞാന്‍ ഐ.ടി.ഐ.യില്‍ പോകാന്‍ തുടങ്ങി. അഞ്ച് ശതമാനം പോലും പെണ്‍കുട്ടികള്‍ ഇല്ലാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനം. അവിടെയും സ്വന്തം ക്ലാസില്‍, വീട്ടില്‍ എന്നപോലെ സ്വന്തം ജ്യേഷ്ഠന്‍. എന്തിനും ഒരു സ്വാതന്ത്ര്യമില്ലായ്മ. ബസിന്റെ മുന്‍വാതിലിലൂടെ കയറി പെണ്‍കുട്ടികളുടെ സൗന്ദര്യം ആസ്വദിക്കാം എന്ന് വിചാരിച്ചാലും തിരിഞ്ഞുനോക്കുമ്പോള്‍ അവിടെയും ജ്യേഷ്ഠന്‍. ആ ബസ് മനപ്പൂര്‍വം ഒഴിവാക്കിയാലും കണ്ണൂരില്‍ നിന്നും മറ്റൊരു ബസ്സിലേക്ക് മാറിക്കയറേണ്ടതുകൊണ്ട് അവിടെയും രക്ഷയില്ല. ഞങ്ങള്‍ സഹോദരങ്ങളാണ് എന്ന് ക്ലാസില്‍ ആരെയും അറിയിച്ചിരുന്നില്ല. എങ്കിലും ചുരുക്കപ്പേരിലെ സാമ്യത കൊണ്ടും മുഖസാദൃശ്യം കൊണ്ടും ആ രഹസ്യം കുറേക്കാലം നിന്നില്ല.
വെല്‍ഡിങ്ങിന്റെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ആദ്യകാലങ്ങളില്‍ വലിയ വിഷമമുള്ളതായിരുന്നു. വെല്‍ഡിങ് ചെയ്തു തുടങ്ങിയ കാലങ്ങളില്‍ അതില്‍ നിന്നും വരുന്ന പ്രകാശം കണ്ണില്‍ തട്ടി കണ്ണ് ചുവന്നു വീര്‍ക്കുകയും രാത്രികാലങ്ങളില്‍ മുഴുവന്‍ വേദനയും ആയിരുന്നു. രണ്ടു മക്കളുടെയും കരച്ചില്‍ കേട്ടിട്ട് അമ്മയ്ക്ക് പലപ്പോഴും വല്ലാത്ത സങ്കടം തോന്നിയിട്ടുണ്ട്. അമ്മ രാത്രികാലങ്ങളില്‍ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിക്കുകയും കണ്ണില്‍ മരുന്ന് ഒഴിച്ച് തരികയും ചെയ്തിരുന്നു. വെല്‍ഡിങ് മെഷീനില്‍ നിന്നും വരുന്ന പ്രകാശവുമായി ഒത്തുപോരാന്‍ മാസങ്ങള്‍ എടുത്തു. ഒരു വര്‍ഷം കടന്നുപോയത് അറിഞ്ഞില്ല. രണ്ടുപേരും ഓരോ സര്‍ട്ടിഫിക്കറ്റുമായി വീട്ടിലേക്ക് വന്നു.
ഇനിയങ്ങോട്ട് ജോലിക്കുള്ള അന്വേഷണമായി. അച്ഛനും വിരമിക്കലിനോടടുത്തു. അതിനുമുമ്പ് രണ്ടു മക്കളെയും എന്തെങ്കിലും ഒരു വരുമാന മാര്‍ഗത്തിലേക്ക് എത്തിക്കണം. ഞങ്ങള്‍ രണ്ടുപേരും പലയിടത്തുമായി ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ടൈപ്പ് റൈറ്റിങ്ങും പാസായത് കാരണം ജോലിക്കുള്ള സാധ്യത കൂടുതലായിരുന്നു. പക്ഷേ, ക്ഷമയില്ലാത്ത അച്ഛന്‍ അവനെ കൊണ്ടുപോയി അച്ഛന്റെ കമ്പനിയില്‍ തന്നെ ജോലി വാങ്ങിച്ചുകൊടുത്തു. എനിക്ക് കുറച്ചു കാലത്തേക്ക് സമാധാനം കിട്ടിയെങ്കിലും 'നിന്നെ വളര്‍ത്തിയ സമയം കൊണ്ട് രണ്ട് വാഴ വെച്ചിരുന്നെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്‌തേനെ' എന്ന് അച്ഛന്‍ ഇടയ്ക്കിടയ്‌ക്കേ പറയുമായിരുന്നു. അത് പല അച്ഛനമ്മമാരുടെയും സംസാരശൈലിയാണെന്ന് മനസ്സിലാക്കിയ ഞാന്‍ അത് കാര്യമായി എടുത്തില്ല. പക്ഷേ, ഒരു ജോലിക്ക് വേണ്ടിയുള്ള പ്രയത്‌നം തുടര്‍ന്നുകൊണ്ടേയിരുന്നു. അതിനിടയില്‍ കോഴിക്കോട്ടു വെച്ച് നേവിയില്‍ യുവാക്കളെ എടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഞാനും എന്നെപ്പോലെ തന്നെ ഐ..ടി.ഐ യില്‍ പഠിച്ചിരുന്ന കൂട്ടുകാരനായ സി.വി.രമേശനും ചേര്‍ന്ന് കോഴിക്കോട്ടേക്ക് പോയി. (ആ സുഹൃത്ത് ഇന്ന് ജീവിച്ചിരിപ്പില്ലെന്നുള്ള കാര്യം വ്യസനപൂര്‍വം അറിയിക്കട്ടെ). ബസ്സില്‍ നിന്നും പരിചയപ്പെട്ട മറ്റൊരു കുട്ടി കൂടി നമ്മുടെ കൂടെ കൂടി. മൂന്നുപേരും ചേര്‍ന്ന് അവിടെ ഒരു ഹോട്ടല്‍ മുറിയെടുത്തു.
പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് എല്ലാവരും ചെയ്യുന്നതുപോലെ തന്നെ കുറച്ച് വാഴപ്പഴവും വാങ്ങിക്കഴിച്ച് വെള്ളവും കുടിച്ച് ശരീരത്തിന്റെ തൂക്കം കുറച്ചുകൂടി കൂടി എന്ന ആത്മവിശ്വാസത്തോടെ നിയമന സ്ഥലത്തേക്ക് പോയി. പ്രതീക്ഷിച്ചതിലേറെ കുട്ടികള്‍. അടിവസ്ത്രം മാത്രം ഇട്ട് ഞങ്ങളും വരിയില്‍ നിന്നു. അധികസമയം വേണ്ടിവന്നില്ല, മുഖത്തും കഴുത്തിലും ഒരു വെളുത്ത കല ഉണ്ട് എന്ന് പറഞ്ഞു അവര്‍ എന്നെ പുറത്താക്കി. രമേശന്റെ ഊഴത്തിനു വേണ്ടി ഞാനും കാത്തിരുന്നു. കുറച്ചു കഴിയുമ്പോള്‍ മുണ്ടും ഷര്‍ട്ടും കയ്യില്‍ ചുരുട്ടിപ്പിടിച്ച് അവനും എന്റെ അടുത്തേക്ക് വന്നു. ചോദിച്ചപ്പോള്‍ പറഞ്ഞു, അവന്റെ രണ്ട് കാല്‍മുട്ടുകളും തമ്മില്‍ കൂട്ടിമുട്ടിയത് അയോഗ്യതയ്ക്ക് കാരണമായത്രേ. മറ്റൊരു അവസരത്തില്‍ കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്ന ആര്‍മിയിലേക്കുള്ള നിയമനത്തിലേക്കും ഞാന്‍ പോയി നോക്കി. അന്ന് രമേശനെ പുറത്താക്കിയ കാല്‍മുട്ടുകള്‍ കൂട്ടിമുട്ടുന്നു എന്ന കാരണം ഇന്ന് എനിക്കാണ് വിനയായി വന്നത്. പട്ടാളത്തില്‍ ചേരാന്‍ പോയ എന്റെ ഫലം കാത്തിരുന്ന അച്ഛന്‍ എന്നെ വൈകുന്നേരം വീട്ടില്‍ തിരിച്ചുവരുന്നത് കണ്ടപ്പോള്‍ എനിക്ക് ആ ജോലി കിട്ടാത്തതില്‍ വിഷമിച്ചില്ല. എത്രതന്നെ ചീത്ത പറഞ്ഞാലും അച്ഛന്റെ മനസ്സിനുള്ളിലെ സ്‌നേഹം അന്നാണ് ഞാന്‍ കണ്ടത്. അച്ഛന്‍ സഹിച്ച ആ പട്ടാളത്തിലെ കഷ്ടപ്പാടുകള്‍ ഏതായാലും മകന് സഹിക്കേണ്ടല്ലോ എന്നൊരു സമാധാനം ആയിരുന്നു ആ മുഖത്ത്.
ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് വച്ചുകൊണ്ട് റെയില്‍വേ തുടങ്ങിയ പല സ്ഥലങ്ങളിലേക്കും തൊഴിലിനും തൊഴില്‍ പരിശീലനത്തിനും ഒക്കെയായി അപേക്ഷിച്ചു. പക്ഷേ, ക്ഷമയില്ലാത്ത അച്ഛന്‍ എന്നെ അച്ഛന്റെ കമ്പനിയില്‍ തന്നെ ഒന്ന് ശ്രമിക്കാമെന്ന് വിചാരിച്ചു. കമ്പനിയുടെ മാനേജര്‍ അച്ഛനോട് പറഞ്ഞു: 'ഇവന്‍ ചെറിയ കുട്ടിയല്ലേ, 18 വയസ്സ് എങ്കിലും കഴിയട്ടെ അപ്പോള്‍ നോക്കാം' എന്ന്. അച്ഛന് പരിചയമുള്ള തയ്യല്‍ കടക്കാരനോടും സുഹൃത്തായ കച്ചവടക്കാരനോടും ഒക്കെ എന്നെ എവിടെയെങ്കിലും ഒന്ന് 'തരപ്പെടുത്താന്‍' അച്ഛന്‍ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു.
സ്വസ്തികിന്റെയോ ആനക്കൊമ്പിന്റെയോ ചെറിയ രൂപങ്ങള്‍ കറുത്ത ചരടില്‍ കോര്‍ത്ത് കഴുത്തില്‍ കെട്ടി, നീട്ടി വളര്‍ത്തിയ മുടിയുമായി 'ഹിപ്പി സ്‌റ്റൈല്‍' ആയിരുന്നു അന്ന് കൗമാരക്കാരുടെ ഇടയിലെ ഫാഷന്‍. ഞാനും അത് അനുകരിച്ചു. രാവിലെ എഴുന്നേറ്റ് തയ്യാറായി പ്രാതലൊക്കെ കഴിച്ചതിന് ശേഷം ഉച്ചവരെ അഞ്ചാംപീടികയിലെ വായനശാലയില്‍ ആയിരിക്കും. എല്ലാ വാര്‍ത്താപത്രങ്ങളും വായിച്ചു തീരുമ്പോഴേക്കും ഉച്ചയാകും. പിന്നെ ഗ്രന്ഥാലയത്തില്‍ മോഹനന്‍ അംഗത്വമെടുത്ത് തന്നതുകൊണ്ട് അവിടുന്ന് ഇടയ്ക്കിടയ്ക്ക് ഓരോ ബുക്ക് കൊണ്ടുവരും. വൈകുന്നേരം ആകുമ്പോള്‍ കൂട്ടുകാരെല്ലാം കൂടി 'വണ്ണാത്തി പറമ്പില്‍' ഫുട്‌ബോള്‍ കളിക്കാനായി ഒത്തുകൂടും. ഞങ്ങള്‍ കൂട്ടുകാര്‍ 10 പേരും ചേര്‍ന്ന് ഉണ്ടാക്കിയ 'ഹീറോ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന്റെ' ഒത്തുചേരല്‍ അവിടെയാണ്. യുപി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരൊന്നും ഇല്ലാതിരുന്ന എനിക്ക് മറ്റുള്ളവരുടെ കളി കാണുകയും അവര്‍ കളിക്കുമ്പോള്‍ പുറത്തുപോകുന്ന പന്ത് എടുത്തുകൊണ്ടു കൊടുക്കുന്നതുമായിരുന്നു ജോലി.

പിന്നീട് സര്‍ക്കാര്‍ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനെ പോലെ, കളി കളത്തില്‍ ഒഴിവ് വന്നപ്പോള്‍ എനിക്ക് ഫുട്‌ബോള്‍ കളിയിലെ ഗോള്‍കീപ്പറായിട്ട് സ്ഥാനക്കയറ്റം കിട്ടി. അന്നുമുതല്‍ ഞങ്ങളുടെ ക്ലബ്ബിന്റെ ഗോള്‍കീപ്പര്‍ ഞാന്‍ തന്നെയായിരുന്നു. കലാവാസന പണ്ടേ ഉണ്ടായിരുന്നതുകൊണ്ട് കളിക്കുമ്പോള്‍ കീറിപ്പോകുന്ന ഫുട്‌ബോള്‍ റിപ്പയര്‍ ചെയ്യുന്നത് ഞാന്‍ തന്നെയായിരുന്നു. പക്ഷേ ഇതുവരെ ഒരു ക്ലബ്ബുമായിട്ടും കളിച്ചിട്ട് ഞങ്ങള്‍ ജയിച്ചിട്ടില്ല. ഫുട്‌ബോളില്‍ തോറ്റപ്പോള്‍ കബഡി പരീക്ഷിച്ചു. അടുത്ത ക്ലബ്ബുമായി കബഡിയിലും തോറ്റപ്പോള്‍ ഏതിലെങ്കിലും അവരെയാെന്ന് തോല്‍പ്പിക്കണമെന്ന ആഗ്രഹത്തില്‍ ചെസ്സ് ചാമ്പ്യന്‍ എന്ന് ഞങ്ങള്‍ കരുതിയിരുന്ന മോഹനനെ വച്ച് ചെസ്സ് മത്സരവും നടത്തി. അതിലും മോഹനന്‍ പ്രതിനിധിയായ ഞങ്ങളുടെ ക്ലബ്ബ് തോറ്റു.
കല്യാശ്ശേരിയില്‍ അന്ന് ജയഭാരത കലാകേന്ദ്രം എന്ന പേരില്‍ പ്രശസ്തമായ ഒരു കലാകേന്ദ്രം ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ സഹോദരപുത്രന്‍ കുട്ടികൃഷ്‌ണേട്ടന്‍ ആയിരുന്നു അവിടുത്തെ പ്രസിഡന്റ്. ഞങ്ങളില്‍ കുറച്ചുപേര്‍ അതിലും അംഗങ്ങളായി. ഐ.ടി.ഐയില്‍ ജ്യേഷ്ഠന്‍ എന്റെ കൂടെയാണ് ചേര്‍ന്നിരുന്നെങ്കില്‍ ജയഭാരത കലാ കേന്ദ്രത്തില്‍ പുള്ളിക്കാരന്‍ ആദ്യമേ ഉണ്ടായിരുന്നു. ജ്യേഷ്ഠനും ശശിയും പി.വി. രമേശനും ഒക്കെ നൃത്തനാടകങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും ഞാന്‍ പിന്നണിയിലും രംഗ സജ്ജീകരണത്തിലും ആയിരുന്നു. കൂടാതെ കരകൗശലത്തില്‍ താല്പര്യമുണ്ടായിരുന്ന ഞാന്‍ നാടകത്തിലെ നടീനടന്മാരുടെ വേഷത്തിനു വേണ്ട പല അടയാഭരണങ്ങളും മറ്റും ഉണ്ടാക്കുമായിരുന്നു. മുണ്ടക്കൈ എന്നുപറയുന്ന മുള്‍ച്ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന നാരുകള്‍ ഉപയോഗിച്ച് മഹര്‍ഷിമാര്‍ക്ക് വേണ്ടുന്ന തലമുടിയും കടലാസ് വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചെടുത്ത പള്‍പ്പിൾ, മുത്തുകളും കണ്ണാടി കഷണങ്ങളും സീക്വന്‍സും ചേര്‍ത്ത് ദേവന്മാര്‍ക്ക് വേണ്ടുന്ന കിരീടങ്ങളും ഞാന്‍ ഉണ്ടാക്കിയിരുന്നു. ഉത്സവകാലങ്ങളില്‍ അമ്പലങ്ങളിലെ വേദികളില്‍ അവതരിപ്പിക്കാന്‍ നൃത്തനാടകങ്ങളായ 'മഹിഷാസുര നിഗ്രഹവും' 'പ്രഹ്ളാദചരിതവും' ഒക്കെയായിട്ട് ഞങ്ങള്‍ പോകുമായിരുന്നു. കലാകേന്ദ്രത്തിന്റെ ബോര്‍ഡ് വെച്ചു കൊണ്ടുള്ള പ്രത്യേക വാഹനത്തിലെ യാത്രയും അവിടെ എത്തിയാല്‍ ക്ഷേത്രക്കമ്മിറ്റി തരുന്ന പ്രത്യേക ബഹുമാനവുമൊക്കെ വളരെ ആസ്വാദ്യകരമായിരുന്നു.
അത് വേദിയിലെ നാടകം. എന്നാല്‍ ജീവിതമെന്ന നാടകം നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമാണ്. അവിടെ 'മേക്കപ്പ്' ചെയ്യാനും 'റിഹേഴ്‌സല്‍' ചെയ്യാനും ഒന്നും സമയം കിട്ടില്ല. കഴിഞ്ഞുപോയ രംഗം പിന്നെ ഒരിക്കലും വീണ്ടും അവതരിപ്പിക്കപ്പെടുന്നില്ല. അവസാന തിരശ്ശീല വീണുകഴിഞ്ഞാല്‍ പിന്നെ എന്ത് നടക്കുന്നു എന്ന് നമ്മള്‍ അറിയുന്നില്ല.
ഞാനും അച്ഛനും ആ കാലങ്ങളില്‍ ഒന്നിച്ചായിരുന്നു ഉറങ്ങിയിരുന്നത്. കമ്പനി ഷിഫ്റ്റ് കഴിഞ്ഞ് വരുന്ന അച്ഛന്‍, വരുന്നതും പോകുന്നതുമൊക്കെ പാതിയുറക്കത്തില്‍ ഞാനറിയുമായിരുന്നു. വേനല്‍ക്കാലങ്ങളില്‍ ഞങ്ങള്‍ മിക്കവാറും പുറത്ത് വരാന്തയിലാണ് കിടന്നിരുന്നത്. നിലാവും നക്ഷത്രങ്ങളും നിറഞ്ഞ ആകാശക്കാഴ്ചയായാലും കറുത്ത വാവുകളിലെ കൂരിരുട്ടില്‍ പണ്ടെനിക്ക് കോഴിയിറച്ചിയുടെ സ്വാദ് അറിയാന്‍ തന്ന കുറുക്കന്റെ ഇന്നത്തെ തലമുറക്കാരുടെ കൂട്ടംചേര്‍ന്നുള്ള കൂക്കിവിളി ശബ്ദം ആയാലും ഇതെല്ലാം കണ്ടും കേട്ടും കൊണ്ട്, വിശ്രമമില്ലാതെ വീശിക്കൊണ്ടിരിക്കുന്ന ചെറിയ കാറ്റിനെയും ആസ്വദിച്ച് നേരിയ പുതപ്പ് പുതച്ചുകൊണ്ടുള്ള ആ ഉറക്കം നല്ല സുഖമുള്ളതായിരുന്നു. ഏപ്രില്‍ മാസത്തിലെ ആ രാത്രി ഞാന്‍ കീച്ചേരി പാലോട്ട് കാവിലെ തെയ്യം കഴിഞ്ഞ് വെടിക്കെട്ടൊക്കെ കണ്ട് വന്ന് കുറച്ച് താമസിച്ചാണ് ഉറങ്ങിയത്. അന്ന് തന്നെയാണ് അച്ഛന്‍ കമ്പനിയില്‍ നിന്ന് വിരമിച്ചതും. തൊഴില്‍ ഭാരങ്ങളും ഉത്തരവാദിത്വങ്ങളും എല്ലാം ഇറക്കിവെച്ച് സ്വതന്ത്ര മനസ്സോടുകൂടിയുള്ള അച്ഛന്റെ ആദ്യത്തെ രാത്രി. ഇത്രയും കാലം കുടുംബത്തിനുവേണ്ടി അധ്വാനിച്ച് ഇനിയങ്ങോട്ടുള്ള വിശ്രമജീവിതം. വിരമിക്കുമ്പോള്‍ കിട്ടിയ പണത്തില്‍ നിന്നും നല്ലൊരു ഡോക്ടറെ കണ്ട് വിട്ടുമാറാത്ത ചുമയ്ക്കുള്ള ചികിത്സ നേടണം. കൂടെ കിടക്കുന്ന അച്ഛന്റെ കണക്കുകൂട്ടലുകള്‍ എനിക്ക് മനസ്സിലാക്കാമായിരുന്നു.
അച്ഛന്റെ നിര്‍ത്താതെയുള്ള ചുമ കേട്ടാണ് ആദ്യ യാമത്തില്‍ എപ്പോഴോ ഞാന്‍ ഞെട്ടി ഉണര്‍ന്നത്. ഇത്തവണ സാധാരണയില്‍ കവിഞ്ഞുള്ള ചുമയായിരുന്നു. ചുമക്കുമ്പോള്‍ വരുന്ന കഫം തുപ്പാന്‍ തലയണക്കടുത്ത് 'കോളാമ്പി'യെന്ന് പേരുള്ള ഒരു ഓട്ടുപാത്രം വയ്ക്കുമായിരുന്നു. നിലാവെളിച്ചത്തില്‍ കഫത്തിന്റെ നിറം ഞാന്‍ കണ്ടു. അത് വെളുപ്പിന് പകരം ചുവപ്പായിരുന്നു. അച്ഛന്‍ എന്നോട് വെള്ളം ചോദിച്ചു. ഞാന്‍ വാതിലില്‍ തട്ടി വിളിച്ച് അമ്മയോട് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അമ്മ കൊണ്ടുവന്ന സ്റ്റീല്‍ ഗ്ലാസിലെ വെള്ളം ഞാന്‍ അച്ഛന്റെ ചുണ്ടിനോട് അടുപ്പിച്ചു. ഞാന്‍ കൊടുത്ത വെള്ളം കുടിച്ച അച്ഛന്‍ അവിടെത്തന്നെ കുഴഞ്ഞുവീണു. കൂര്‍ക്കം വലിയോ, ചുമയോ ഒന്നുമില്ലാതെയുള്ള അച്ഛന്റെ ആ കിടപ്പ് കണ്ടപ്പോള്‍ ഞാന്‍ കൊടുത്ത ആ വെള്ളം അച്ഛന്റെ അവസാനത്തെ വെള്ളം കുടിയായിരുന്നെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലായി. അയല്‍ക്കാരൊക്കെ ഒത്തുകൂടി. അടുത്തുള്ള ഡോക്ടറെ വിളിക്കാന്‍ ആരോ പോയെങ്കിലും നേരം വെളുക്കാത്തത് കാരണം സ്ത്രീയായ ആ ഡോക്ടര്‍ വന്നില്ല. പിന്നീട് നേരം പുലര്‍ന്നതിനുശേഷം ഡോക്ടര്‍ വന്ന് അച്ഛന്റെ മരണം സ്ഥിരീകരിച്ചു.
Content Highlights: Lieutenant Colonel Surendran M.K.'s autobiography titled Jeevitham enna theekkadal Chapter five
Published: 26 Feb 2024, 10:30 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented