ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വിരമിച്ച കര്‍ക്കശക്കാരനായ അച്ഛന്‍. ഉള്ളില്‍ സ്നേഹം ഉണ്ടെങ്കിലും ചെയ്യുന്ന പ്രവര്‍ത്തികളിലെല്ലാം കുറ്റം കണ്ടിരുന്നു. മാറിമാറി വരുന്ന മൂന്ന് ഷിഫ്റ്റ്കളിലേക്കും, അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന ചോറും സാമ്പാറും മീന്‍കറിയും വറവും ഒക്കെ ചേര്‍ന്ന നാല് തട്ടുള്ള ചോറ്റുപാത്രം ഒരു കൈയിലും, നീളമുള്ള ഒരു ടോര്‍ച്ച് മറ്റേ കൈയിലുമായി അഞ്ച് കിലോമീറ്റര്‍ കമ്പനിയിലേക്കും അഞ്ച് കിലോമീറ്റര്‍ തിരിച്ചും നടക്കുന്ന അച്ഛനെയാണ് എന്നും ഓര്‍മ വരിക. പലപ്പോഴും ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ മാത്രമായിരിക്കും അച്ഛന്റെ വരവ്. 25 പൈസയ്ക്ക് ഒരുപാട് മത്സ്യം കിട്ടുമായിരുന്നു. മത്തിയാണ് പലപ്പോഴും ലഭ്യം. അച്ഛന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇരുന്നാല്‍ മത്തിയുടെ മുള്ള് വേര്‍തിരിച്ച് മാംസം മാത്രം എടുത്ത് എന്റെയും അനുജത്തിയുടെയും പാത്രത്തില്‍വെച്ചുതരും. അതുകാരണം എന്റെ പണി കുറവായി എന്ന് മാത്രമല്ല മത്തി മുള്ള് തൊണ്ടയില്‍ കുടുങ്ങുകയും ഇല്ല. പലപ്പോഴും ഇറച്ചി കഴിക്കാന്‍ അച്ഛന്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ ഇഷ്ടമായിരുന്നില്ല.

To advertise here,

വീട്ടില്‍ അമ്മക്ക് പശുവിനെ കൂടാതെ ചിലപ്പോള്‍ അത്യാവശ്യം മുട്ടയ്ക്ക് വേണ്ടി കോഴിയെ വളര്‍ത്തുന്ന ശീലവും ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ആള്‍താമസം ഇല്ലാത്ത പറമ്പിലെ കാട്ടിനുള്ളില്‍ കുറെ കുറുക്കന്മാര്‍ ഉണ്ടായിരുന്നു എന്നറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഇത്. കുറുക്കന്മാര്‍ പലപ്പോഴും നമ്മുടെ കോഴിയെ പിടിച്ച് കാട്ടിലേക്ക് ഓടുമായിരുന്നു. കോഴിയുടെ കരച്ചില്‍ കേട്ടാല്‍ നമുക്കത് മനസ്സിലാവുകയും നമ്മളെല്ലാവരും കുറുക്കന്റെ പിന്നാലെ ഓടുകയും ചെയ്യും. അഗ്നിശമന വകുപ്പുകാരുടെ വേഗതയില്‍ പ്രവര്‍ത്തിച്ചാല്‍ കുറുക്കന്റെ വായില്‍ നിന്നും കോഴി താഴെ വീഴും. പിന്നെ തൊണ്ടിമുതലിനായി കാട്ടില്‍ തപ്പി നടന്നാല്‍ ഇത്രയും നേരം കളിച്ചുനടന്ന നമ്മുടെ പാവം കോഴിയെ ജീവന്‍ ഇല്ലാതെ നമുക്ക് തിരിച്ചു കിട്ടും. സൗജന്യമായി കൊന്നു കിട്ടിയ ആ കോഴി ആയിരിക്കും നമ്മുടെ അന്നത്തെ ഭക്ഷണം. വീട്ടില്‍ വളര്‍ത്തിയ കോഴി ആയതുകൊണ്ടോ, അതല്ല കുറുക്കന്‍ കടിച്ചതായതുകൊണ്ടോ എന്തോ ഞാന്‍ കോഴിക്കറി കഴിച്ചിരുന്നില്ല. ഒരു ദിവസം അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ചട്ടിയില്‍ ബാക്കി വന്ന കുറച്ച് കറി മാത്രം എടുത്ത് എന്താണ് സ്വാദ് എന്നറിയാന്‍ മനസ്സില്ലാമനസ്സോടെ കഴിച്ചു നോക്കി. ഹാ നല്ല രസം. ഇറച്ചി കഷ്ണത്തിനായി ഒന്നുകൂടി വെറുതെ ചട്ടിയില്‍ നോക്കിയെങ്കിലും ആഗ്രഹിച്ചതുപോലെ നടന്നില്ല. ഇത്രയും കാലം ഞാന്‍ തിരസ്‌കരിച്ചുകൊണ്ടിരുന്ന കോഴിയിറച്ചിയുടെ സ്വാദ് അറിഞ്ഞപ്പോള്‍ വല്ലാതെ ദുഃഖബോധം തോന്നി. ഇനി എപ്പോഴായിരിക്കും കുറുക്കന്റെ അടുത്ത വരവ് എന്നറിയില്ലല്ലോ

ആദ്യമായി ഐസ്‌ക്രീം കഴിച്ചതും സിനിമ കണ്ടതുംകൂടി പറയട്ടെ. നമ്മുടെ നാട്ടിലെ വലിയ രണ്ട് അമ്പലങ്ങളാണ് ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രവും, തുച്ഛബരം ശ്രീകൃഷ്ണ ക്ഷേത്രവും. കൊല്ലത്തിലൊരിക്കല്‍ യഥാക്രമം ഒരാഴ്ചയും രണ്ടാഴ്ചയും നീണ്ടുനില്‍ക്കുന്ന ഉത്സവ പരിപാടികള്‍ ഈ ക്ഷേത്രങ്ങളില്‍ ഉണ്ടാകും. ചെറുകുന്നില്‍ ആനപ്പുറത്തുള്ള ഉത്സവത്തിനും വെടിക്കെട്ടിനുമൊക്കെയാണ് പ്രാധാന്യമെങ്കില്‍ തൃച്ചംബരത്ത് ഇത് നിഷേധ്യമായതിനാല്‍ തിടമ്പ് നൃത്തം മാത്രമാണ്. കണ്‍മഷി, ചാന്തുപൊട്ട്, വളകള്‍ കൂടാതെ സ്ത്രീകളുടെ തലമുടി നീളം കൂട്ടിക്കാണിക്കാനുള്ള കൃത്രിമ മുടികള്‍ വരെ ഉത്സവചന്തകളില്‍ ലഭ്യമാണ്. ഒരു കൊല്ലത്തിനിടയില്‍ അടുക്കളയില്‍ വീണുടഞ്ഞതും തേയ്മാനം സംഭവിച്ചതും ആയ വീട്ടുപകരണങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി കൊണ്ട് വീട്ടമ്മമാര്‍ ഈ ഉത്സവത്തിനായി കാത്തിരിക്കും. 

നെല്ല്, അരി, ഉഴുന്ന് തുടങ്ങിയവ വൃത്തിയാക്കാനും സൂക്ഷിക്കാനും ഉള്ള തടുപ്പ, മുറം, കൂട്ട എന്നീ വിളിപ്പേരുകളുള്ള, മുളകൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ക്ക് പുറമേ അടുക്കളയിലേക്ക് വേണ്ടുന്ന കത്തികളും, ചൂലുകള്‍ പോലും പലപ്പോഴും വാങ്ങുന്നത് ഈ ചന്തയില്‍ വച്ചാണ്. മണ്‍ചട്ടികള്‍ക്ക് പുറമെ കരിങ്കല്ലില്‍ കൊത്തിയെടുത്ത 'കല്ലുമരി' എന്ന് പേരുള്ള കറിവെക്കാന്‍ ഉപയോഗിക്കുന്ന പ്രധാന പാത്രമാണ് ഏറ്റവും വലിയ ആകര്‍ഷണം. അത് അവിടെയേ ലഭ്യമാകുകയുള്ളൂ. നല്ല ഘനമുള്ളതാണെങ്കിലും വീട്ടിലേക്ക് വേണ്ടുന്ന വലുപ്പത്തിനനുസരിച്ചുള്ള കല്ലുമരിയും വാങ്ങി അമ്മമാര്‍ ബസ്സിലോ അല്ലെങ്കില്‍ നടന്നിട്ടോ വീട്ടിലേക്ക് വരും. അടുത്ത വീട്ടിലെ അച്ഛന്റെ മരുമക്കള്‍ അടക്കം ഞങ്ങള്‍ കുടുംബസമേതം അച്ഛന്റെ നേതൃത്വത്തില്‍ പലപ്പോഴും തൃച്ചംബരം ഉത്സവം കാണാന്‍ പോകും. ഐസ്‌ക്രീം മോശമാണ് എന്ന് പറഞ്ഞു പഠിപ്പിച്ചത് കാരണം എനിക്ക് അതിനോട് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ മരുമക്കള്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അച്ഛന്‍ എല്ലാവര്‍ക്കും ഐസ്‌ക്രീം വാങ്ങി കൊടുത്ത കൂട്ടത്തില്‍ എന്നെ ഒഴിവാക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ ഒരു ദിവസം കിട്ടിയ   ഐസ്‌ക്രീമിന്റെ കാലില്‍ പിടിച്ചുകൊണ്ട് അതിനെ നാവിന് വിട്ടുകൊടുത്തപ്പോഴാണ് ഇതുവരെ എന്നില്‍ നിന്നും മറച്ചുവച്ച മറ്റൊരു സ്വാദിനെ പറ്റി അറിയുന്നത്. കോഴിയിറച്ചിക്ക് കാരണക്കാരനായ കുറുക്കനെ പോലെ ഇതിന് നിമിത്തമായ തൃച്ചംബരം ക്ഷേത്രത്തിനോടും മനസ്സില്‍ നന്ദി പറഞ്ഞു. ക്ഷേത്രം ഒരിടത്തും ഉത്സവം നടക്കുന്നത് പൂക്കോത്ത് നട എന്ന് പറയുന്ന റോഡിലും ആണ്. ബസ് സൗകര്യത്തിന് അനുസരിച്ച് രാത്രി ആദ്യം പോകുന്നത് അമ്പലത്തിലേക്കാണ്. അമ്പലപ്രദക്ഷിണം ഒക്കെ കഴിഞ്ഞ്, പ്രാര്‍ത്ഥനയുടെയും ചടങ്ങിന്റെയും ഭാഗമായി അതിനുള്ളിലെ അമ്പലക്കുളത്തില്‍ അച്ഛനോ അമ്മയോ തരുന്ന 25 പൈസയുടെയോ, 50 പൈസയുടെയോ നാണയം നിക്ഷേപിക്കുമായിരുന്നു. കുളത്തിലേക്ക് എറിയുന്ന ഈ പൈസ ഒക്കെ ആരാണ് എടുക്കുക എന്ന് ഒരുപാട് വട്ടം ചിന്തിച്ചിട്ടുണ്ട്. അതും കഴിഞ്ഞ് അമ്പലച്ചന്തയിലെ സാധനങ്ങളും വാങ്ങി, പുലര്‍ച്ചെ മാത്രം പൂക്കോത്ത് നടയിലേക്ക് വരുന്ന ശ്രീകൃഷ്ണന്റെയും ജ്യേഷ്ഠന്‍ ബലരാമന്റെയും തിടമ്പ് നൃത്തത്തിനായി പിന്നെയും കുറെ സമയം കാത്തിരിക്കണം. അതുകൊണ്ടുതന്നെ ആ സമയങ്ങളില്‍ അവിടെയുള്ള സിനിമാതിയേറ്ററുകളില്‍ രാത്രി കാലങ്ങളില്‍ 'സെക്കന്‍ഡ് ഷോ' 'തേര്‍ഡ് ഷോ' എന്നീ പേരുകളില്‍ രാത്രി 12 മണിക്ക് ശേഷവും സിനിമ പ്രദര്‍ശിപ്പിക്കും. ഉത്സവസമയത്ത് പലപ്പോഴും ഭക്തി സിനിമകള്‍ ആണ് ഉണ്ടാകാറുള്ളത്. അങ്ങനെ തളിപ്പറമ്പിലെ ആലിങ്കില്‍ ടാക്കീസില്‍ വെച്ച് ആദ്യത്തെ സിനിമ കണ്ടു. അത് 'ആദിപരാശക്തി' എന്ന ഒരു തമിഴ് സിനിമ ആയിരുന്നു. ഭാഷ മനസ്സിലായില്ലെങ്കിലും കഥയൊക്കെ മനസ്സിലായി. എല്ലാ സിനിമകളും സംസാരിക്കുന്നത് തമിഴില്‍ ആയിരിക്കും എന്നും കരുതി.

placeholder
ചിത്രീകരണം: ബാലു
ചിത്രീകരണം: ബാലു

അച്ഛന് മദ്യപാനം തീരെ ഇല്ലായിരുന്നെങ്കിലും പുകവലി ഒരു ശീലമായിരുന്നു. ചെറിയ എന്തെങ്കിലും കാരണത്തിനുതന്നെ ഞങ്ങളെ അച്ഛന്‍ നന്നായി അടിക്കുമായിരുന്നു. കല്യാശ്ശേരി ഹൈസ്‌കൂളില്‍ നിന്നും യുവജനോത്സവത്തിന്റെ നാടകം കണ്ട് വന്ന ദിവസം താമസിച്ച് വീട്ടില്‍ വന്നതിന് നല്ല അടി കിട്ടാന്‍ തുടങ്ങി. അപ്പോള്‍ അന്നത്തെ ഒരു നാടകത്തില്‍ കേട്ട 'ഡയലോഗ്' തന്നെ അങ്ങോട്ട് തട്ടി വീശി. 
'അടിക്കൂ, ഇനിയും അടിക്കൂ, അച്ഛന്റെ കൈക്കൊണ്ടു തന്നെ ഞാന്‍ മരിക്കട്ടെ'.
വികാരത്തിന് അടിമയായ അച്ഛന്‍ അതോടെ അടി നിര്‍ത്തി.

പിന്‍കാലത്ത് ഇതുവഴി ബസ് വന്നപ്പോള്‍ ബസ് സ്റ്റോപ്പിന് ബാലന്‍ മുക്ക് എന്ന പേര് വീഴാന്‍ കാരണമായ ഒരു ബാലന്‍ എന്നയാളുടെ കട ഉണ്ടായിരുന്നു. അവിടെനിന്നായിരുന്നു വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങളൊക്കെ വാങ്ങിയിരുന്നത്. ഞാന്‍ പഠിക്കുകയാണോ കളിക്കുകയാണോ എന്നൊന്നും നോക്കാതെ തന്നെ, അച്ഛന്‍ എന്നെ പലപ്പോഴായി ബീഡിയും തീപ്പെട്ടിയും വാങ്ങാന്‍ ബാലന്റെ കടയിലേക്ക് അയക്കുമായിരുന്നു. അച്ഛന്റെ കയ്യിലെ ബീഡി പാക്കറ്റ് തീരുന്നതിന്റെയും എന്നെ കടയില്‍ അയക്കുന്നതിന്റെയും സമയക്രമം കാലക്രമേണ മനസ്സിലാക്കിയെടുത്ത ഞാന്‍, പിന്നീട് കടയില്‍ അയക്കുമ്പോള്‍ രണ്ട് പാക്കറ്റ് ബീഡി വാങ്ങിയിട്ട് ഒന്ന് എന്റെ കയ്യില്‍ തന്നെ സൂക്ഷിക്കും. അടുത്ത ദിവസം എന്നെ കടയിലേക്ക് വിടുമ്പോള്‍ എന്റെ കയ്യില്‍ തന്നെ സാധനം ഉണ്ട് എന്ന് പറഞ്ഞിട്ട്  അച്ഛന് കൊടുത്തിട്ട് കടയിലേക്കുള്ള പോക്ക് വരവിന്റെ എണ്ണം കുറക്കുമായിരുന്നു. വാങ്ങുന്ന സാധനങ്ങളുടെ കണക്ക് വെച്ചിട്ട് മാസാവസാനം പണം നല്‍കിയിരുന്നതിനാല്‍ എന്റെ ജോലി എളുപ്പമായിരുന്നു. പക്ഷേ ആ സമയത്ത് പോലും അച്ഛന്‍ ഒന്ന് ചിരിച്ചിട്ട് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മറ്റ് കളിക്കൂട്ടുകാരൊക്കെ വീട്ടില്‍ വരുന്നതും വളരെ കുറവായിരുന്നു.

പല ഭയാനകമായ കഥകളും പറഞ്ഞുകേട്ട കുപ്രസിദ്ധമായ ഒരു പനമരം ഉണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ആ പനമരത്തില്‍ യക്ഷിയെ കണ്ടതും അച്ഛനെ പിടിക്കാന്‍ വന്ന കഥയും ഒക്കെ പറയുമായിരുന്നു. പുനര്‍ജന്മത്തിലും ആത്മാവിലും ദൈവത്തിലും ഒന്നും വിശ്വാസമില്ലാതെ യുക്തിവാദിയായി വളരാന്‍ ശ്രമിച്ച ഞാന്‍ അതിലൊന്നും ചെവി കൊടുത്തിരുന്നില്ല. ഒരിക്കലും മുറിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞിരുന്ന ആ പനമരം നിന്നിരുന്ന സ്ഥലത്ത് ഇന്ന് വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വീടുകളും വന്നുകഴിഞ്ഞു. ജീവിതത്തില്‍ സത്യസന്ധത എന്നത് എവിടെയോ കണ്ടുപഠിച്ചതോ കേട്ടുപഠിച്ചതോ അല്ല. സ്വന്തം വീട്ടില്‍ നിന്നും അനുഭവിച്ചറിഞ്ഞതാണ് അതിന്റെ വില. കറന്നെടുത്ത് പാല് ഒരു തുള്ളി വെള്ളം ചേര്‍ക്കാതെ കൊടുത്തിരുന്ന അമ്മയുടെ സത്യസന്ധതയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു അച്ഛന്റേത്. ഒരു സംഭവം ഓര്‍മ വരുന്നത് പറയാം. നാട്ടില്‍ അച്ഛന്റെ ഒരു ഉറ്റ സുഹൃത്ത് ഉണ്ടായിരുന്നു. തല്‍ക്കാലം ഞാന്‍ അദ്ദേഹത്തിന് മിസ്റ്റര്‍ ശശാങ്കന്‍ എന്ന് പേരിടുന്നു. അച്ഛനും ശശാങ്കനും ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അച്ഛന്‍ കമ്പനിയിലെ വാച്ച്മേനും ശശാങ്കന് അവിടുത്തെ കാന്റീനിലും ആയിരുന്നു ജോലി.    

ചെറുപയറും പഞ്ചസാരയും മൈദമാവിനുള്ളില്‍ ചേര്‍ത്തുണ്ടാക്കുന്ന മലബാറിലെ പ്രത്യേക വിഭവമായ 'സുഖിയനും', മൈസൂര്‍ പാക്കും ഒക്കെ ഞങ്ങള്‍ തിന്നാന്‍ തുടങ്ങിയത് ശശാങ്കനിലൂടെ ആയിരുന്നു. ഈ സുഹൃത്ത് ഒരു ദിവസം അച്ഛന്‍ കാവല്‍ നിന്നിരുന്ന ഗേറ്റിലൂടെ ഒരു തൊട്ടിയില്‍ അരി കഴുകിയതോ ചോറ് വെച്ചതോ ആയ നിറമുള്ള വെള്ളം, വെളിയില്‍ കളയാന്‍ എന്ന പോലെ അതുവഴി പോയത്രേ. സുഹൃത്ത് നാരായണന്‍ ആണല്ലോ ഗേറ്റില്‍ എന്ന ധൈര്യത്തോടെ ഗേറ്റ് കടക്കാന്‍ ശ്രമിച്ച ശശാങ്കന്റെ കൈയിലുള്ള തൊട്ടിയിലെ വെള്ളത്തില്‍ അച്ഛന്‍ കൈ ഇട്ട് ഇളക്കി നോക്കിയപ്പോള്‍ അതില്‍ നിന്നും കിട്ടിയത്, അവിടുത്തെ തൊഴിലാളികള്‍ കമ്പനിക്ക് വേണ്ടി നെയ്തെടുത്ത തുണിയുടെ ഒരു ഭാഗം. കളവ് മുതല്‍ പിടിക്കപ്പെട്ടു. ഉത്തരവാദത്തിനും കര്‍ത്തവ്യബോധത്തിനും സുഹൃത്ത് ബന്ധത്തെക്കാള്‍ വില കല്‍പ്പിച്ച ആ വിമുക്തഭടന്‍, കാര്യം മേലധികാരികളെ അറിയിച്ചു. വിഷയം കമ്പനിക്കുള്ളിലും പുറത്തും കാട്ടുതീ പോലെ പടര്‍ന്നു. അങ്ങനെ ഉറ്റ ചങ്ങാതിമാര്‍ ഒരു ദിവസം കൊണ്ട് ഉറ്റ ശത്രുക്കളായി മാറി. അച്ഛന്‍ ആദരിക്കപ്പെട്ടു, ശശാങ്കനെ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടു. രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധം നിലച്ചു.

ബന്ധുക്കളായ അയല്‍വാസികളോട് പോലും അച്ഛന്‍ നല്ല സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ല. ചെറുപ്പത്തിലെ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട അച്ഛന് മറ്റ് സഹോദരി സഹോദരന്മാര്‍ ഒന്നും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസമൊന്നുമില്ലാതെ ചെറിയ പ്രായത്തില്‍ തന്നെ പട്ടാളത്തില്‍ പോയി ചേര്‍ന്ന അച്ഛന്‍ തിരിച്ചുവരുമ്പോഴേക്കും കുടുംബ സ്വത്തായി വീതിച്ചുകിട്ടിയത് കണക്കില്‍ കുറവായിരുന്നു എന്നാണ് എപ്പോഴും പറയാറുള്ളത്. സ്വത്തുമായി ബന്ധപ്പെട്ട് എന്തോ ഒരു അഭിമാന പ്രശ്നത്തിന്റെ പേരില്‍ അച്ഛന്‍ തന്റെ തറവാട്ടുകാര്‍ക്ക് എതിരായിട്ട് കോടതിയില്‍ പോയിരുന്നു. സത്യവാദിയായ അച്ഛന്‍ അവിടെയും തോല്‍ക്കുകയായിരുന്നു. കാരണം വക്കീല്‍ പറഞ്ഞുപഠിപ്പിച്ചുവിട്ട കാര്യം നീതിപീഠത്തിനുമുന്നില്‍ പറയാതെ സ്വന്തം മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് വിളിച്ചുപറയുകയായിരുന്നു.

ഞങ്ങളുടെ വീടിനോട് തൊട്ട് അതിന്റെ പടിഞ്ഞാറുവശത്ത് താമസിച്ചിരുന്നത് അച്ഛന്റെ ബന്ധത്തിലുള്ള ഒരു മരുമകനായിരുന്നു. കുഞ്ഞിരാമന്‍മാഷ്. അദ്ദേഹം ഞാന്‍ പഠിച്ച മോറാഴ യു.പി. സ്‌കൂളിലെ അധ്യാപകന്‍ ആയിരുന്നു. ഞാന്‍ മൂന്നാം ക്ലാസിലേക്ക് എത്തിയപ്പോള്‍ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ഒരു ദിവസം അദ്ദേഹം എന്റെ ക്ലാസില്‍ വന്നു. അന്യോന്യം മിണ്ടാത്ത, ശത്രുത മാത്രം പുലര്‍ത്തിപ്പോന്ന അമ്മാവന്റെ മകന്റെ കഴിവിനെ ഒന്ന് പരീക്ഷിക്കാം എന്ന് മാഷ് കരുതി കാണും. ആദികവിയുടെ ആദ്യത്തെ കാവ്യാനുഭവത്തെപ്പറ്റി പഠിപ്പിച്ചിരുന്ന കാലം. വയലാര്‍ രാമവര്‍മയുടെ 'മാ നിഷാദ'യെക്കുറിച്ച് ഒരു ഉപന്യാസം എഴുതുവാന്‍ കുട്ടികളോട് പറഞ്ഞു. നോട്ടുബുക്കിലേക്കുള്ള മാറ്റം തുടങ്ങിയിട്ടേ ഉള്ളൂ. സ്ലേറ്റും പെന്‍സിലും തന്നെയായിരുന്നു അന്ന് പ്രധാനം. കിളികളില്‍ ഒന്നിനെ കാട്ടാളന്‍ അമ്പെയ്ത് വീഴ്ത്തിയപ്പോള്‍ ഉണ്ടായ ഇണയുടെ രോദനം കവിമനസ്സില്‍ ഉണ്ടാക്കിയ ശോകം ശ്ലോകമായി മാറിയ ആദ്യ കാവ്യം. പഠിപ്പിച്ചതെല്ലാം തന്നെ ഇമ വെട്ടാതെ സ്ലേറ്റിന്റെ രണ്ടുപുറവും എഴുതി നിറച്ചു. പക്ഷേ മാഷിനെ കാണിക്കാന്‍ ഒരു പേടി. അതുകൊണ്ട് സ്ലേറ്റിലേക്ക് തന്നെ നോക്കി എഴുതുന്നതുപോലെ അഭിനയിച്ചുകൊണ്ടേയിരുന്നു. ഞാന്‍ ഒന്നും എഴുതുന്നില്ലെന്ന് മനസ്സിലാക്കിയ കുഞ്ഞിരാമന്‍ മാഷ്, ബന്ധുവാണെങ്കിലും ബന്ധമില്ലാത്ത അമ്മാവന്റെ മകന്റെ കഴിവില്ലായ്മയെ തെളിക്കാന്‍ കിട്ടിയ അവസരം. എന്റെ സ്ലേറ്റ് പിടിച്ചു വാങ്ങിയ മാഷ് അത് കണ്ട് അത്ഭുതപ്പെട്ടുപോയി. രണ്ടു വശവും നിറയെ കഥ എഴുതിവച്ചിരിക്കുന്നു. എഴുതിയ കുട്ടികളൊക്കെ അത് കാണിക്കൂ എന്ന് പറഞ്ഞപ്പോള്‍ വേറെ കുട്ടികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ കുടുംബവഴക്കിന് പ്രതികാരം ചെയ്യുമെന്ന് കൊച്ചുമനസ്സില്‍ കണക്കുകൂട്ടിയിരുന്ന എന്നെ നിര്‍ത്തിയിട്ട് മാഷ് നല്ലവണ്ണം അഭിനന്ദിച്ചു. പഠിപ്പിന്റെ കാര്യത്തില്‍ കിട്ടുന്ന ആദ്യത്തെ അഭിനന്ദനം. അതും പ്രതീക്ഷിക്കാത്ത ഒരു മാഷില്‍ നിന്ന്. ആ 'മാ നിഷാദ' സംഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു. ഇത് ഒരു ചെറിയ സംഭവമായി തോന്നാമെങ്കിലും എന്റെ ജീവിതത്തില്‍ ഇത് ഒരു വലിയ വഴിത്തിരിവായിരുന്നു. പഠിച്ചു പഠിച്ച് മറ്റുള്ളവരുടെ പ്രശംസ നേടണമെന്നും നല്ല നിലയില്‍ എത്തണമെന്നും കൊച്ചു മനസ്സില്‍ മുളയിട്ട സംഭവം.

placeholder
വര: മദനന്‍
വര: മദനന്‍

ഇതേ ക്ലാസില്‍വെച്ചുതന്നെ ഉണ്ടായ വേദനിപ്പിക്കുന്ന മറ്റൊരു സംഭവം പറയട്ടെ. ചിത്രരചനയിലും എനിക്ക് നല്ല താല്പര്യമുണ്ടായിരുന്നു. ഒരു ഹരിദാസന്‍ മാഷ് ആയിരുന്നു നമ്മുടെ ഡ്രോയിങ് മാഷ്. ആദ്യവരകളായ പക്ഷിയും, അണ്ടിയും മാങ്ങയും, വഴുതനങ്ങയുമൊക്കെ വരക്കാനും കളര്‍ ചെയ്യാനും ഒക്കെ പഠിച്ചത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരുന്നു. നല്ല ചിത്രകാരന്‍ ആയതുകൊണ്ട് തന്നെ മാഷിന് എന്നെ നല്ല ഇഷ്ടമായിരുന്നു. കണക്കിന്റെ മാഷ് ലീവിലായിരുന്ന ഒരു ദിവസം മാഷ് നമ്മുടെ ക്ലാസ്സില്‍ വന്നു. ഡ്രോയിങ് മാഷിനെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം ആയെങ്കിലും കുട്ടികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് മാഷ് കണക്ക് വിഷയത്തിലേക്ക് തന്നെ വന്നു. എല്ലാവര്‍ക്കുമായി മാഷ് ഒരു 'കൂട്ടിക്കിഴിക്കല്‍' ചെയ്യാന്‍ തന്നു. അതായത് രണ്ട് സംഖ്യകള്‍ തമ്മില്‍ കൂട്ടിയിട്ട് പിന്നെ മറ്റൊരു സംഖ്യ അതില്‍ നിന്നും കുറച്ചിട്ട് ഉത്തരം എഴുതണം. അത്ര കഠിനമായ ചോദ്യം ഒന്നുമായിരുന്നില്ലെങ്കിലും സമര്‍ത്ഥനായി പഠിച്ചിരുന്ന എന്റെ ഉത്തരം തെറ്റ്. എല്ലാ കുട്ടികളും അവരുടെ സ്ലേറ്റുകളില്‍ ശരി മാര്‍ക്കുമായി വന്നപ്പോള്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് ഒരേ ഉത്തരം തന്നെ. അതാണെങ്കില്‍ തെറ്റ് എന്ന് വിധിയെഴുതപ്പെട്ടു. എന്റെ ഇഷ്ടവിഷയമായ കണക്കില്‍ ചെറിയ ഒരു ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഇന്ന് പരാജയപ്പെടുകയാണ്. നാലാം ക്ലാസ് വരെ മാത്രം പഠിച്ചിരുന്ന അമ്മ പഠിപ്പിച്ച്    തന്നിരുന്ന ഗണിതശാസ്ത്രം ഒന്നുകൊണ്ടുമാത്രം തന്നെ കണക്ക് മാഷിന്റെ ക്ലാസ്സില്‍ ഞാന്‍ എപ്പോഴും ഒന്നാമന്‍ തന്നെയായിരുന്നു. ഇന്ന് ഇതെന്തുപറ്റി.

അറിയപ്പെട്ട ഗ്രീക്ക് ഗണിത ശാസ്ത്ര തത്ത്വചിന്തകനായിരുന്ന പൈതഗോറസിന്റെയും, ജര്‍മന്‍ ഗണിത ശാസ്ത്രജ്ഞനായ കാള്‍ ഫ്രെഡറിക് ഗൗസിന്റെയും കഥ ഒരിക്കല്‍ കണക്ക് മാഷ് പറഞ്ഞു തന്നപ്പോള്‍ അവരോടുള്ള ആരാധനയും കണക്കിനോടുള്ള താല്പര്യവും കൂടുകയായിരുന്നു. പഠിക്കുന്ന കാലത്ത് കൂടെക്കൂടെ ചോദ്യം ചോദിച്ചുകൊണ്ടിരുന്ന കാള്‍ ഫ്രെഡറിക് ഗൗസിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ കണക്ക് മാഷ് കുട്ടികള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചെയ്യാന്‍ കൊടുത്തു. 1 മുതല്‍ 100 വരെയുള്ള സംഖ്യകളെ കൂട്ടിയാല്‍ കിട്ടുന്ന മൊത്തസംഖ്യ എത്ര എന്ന് പറയണം. മറ്റു കുട്ടികളൊക്കെ കണക്ക് കൂട്ടുവാന്‍ വേണ്ടി 1,2,3,4-- എന്ന് എഴുതി തീരുന്നതിനു മുമ്പ് തന്നെ ഗൗസ് എന്ന ബാലന്‍ ഉത്തരം കണ്ടെത്തി. 100 ഉം 1 ഉം കൂട്ടിയാല്‍ 101. 99 ഉം 2 ഉം കൂട്ടിയാല്‍ 101. 98 ഉം 3 ഉം കൂട്ടിയാല്‍ 101. അങ്ങനെ വരുമ്പോള്‍ 100 ന്റെ പകുതിയായ 50 നൂറ്റൊന്നുകള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ഗോസ് നൂറ്റൊന്നിനെ 50 കൊണ്ട് ഗുണിച്ച് 5050 എന്ന ഉത്തരം കണ്ടെത്തി.

ഡ്രോയിങ് മാഷ് എന്നെ നോക്കി പറഞ്ഞു 'ചിത്രം വരയ്ക്കാന്‍ മാത്രമേ ഉഷാറുള്ളൂ, പഠിത്തത്തില്‍ മോശമാണ് അല്ലേ'. പഠിക്കുന്ന കുട്ടികളോട് മറ്റുള്ളവര്‍ക്ക് തോന്നുന്ന വികാരം, അത് മറ്റുള്ളവരെ സംതൃപ്തരാക്കി. അവസാനം എന്നെപ്പോലെ തന്നെ തെറ്റിയവര്‍ക്കായി മാഷ് ആ കണക്ക്, ക്ലാസിലെ ബോര്‍ഡില്‍ ചെയ്തു കാണിക്കാന്‍ തുടങ്ങി. അപ്പോഴാണ് എന്റെ അബദ്ധം ഞാന്‍ മനസ്സിലാക്കിയത്. ചോദ്യം എഴുതിയെടുത്തപ്പോള്‍ ഞാന്‍ ചെയ്ത തെറ്റായിരുന്നു എന്റെ ഉത്തരം തെറ്റിലേക്ക് എത്തിച്ചത്. ആ കാര്യം മാഷിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി, സുരേന്ദ്രന്‍ ചിത്രം വരയ്ക്കാന്‍ മാത്രമല്ല പഠിക്കാനും കേമന്‍ തന്നെ ആണെന്ന്. ചോദ്യം തെറ്റിയതാണ് ഉത്തരം തെറ്റാന്‍ കാരണം എന്ന് മനസ്സിലാക്കിയപ്പോള്‍ എല്ലാം ശരിയായി, ഞാനും സന്തോഷിച്ചു. 

കലാസാഹിത്യവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാനും മറ്റുമായി ക്ലാസ്സുകളിലും സ്‌കൂളില്‍ മൊത്തമായും സാഹിത്യസമാജം വെക്കാറുണ്ടായിരുന്നു. പ്രസംഗ മത്സരത്തില്‍ എനിക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം കിട്ടിയിരുന്നത്. മഹാത്മാഗാന്ധിജിയെക്കുറിച്ചും, സ്വാതന്ത്രസമരത്തെക്കുറിച്ചും, ശ്രീ വിവേകാനന്ദനെ കുറിച്ചും ഒക്കെ ഒരുപാട് കാര്യങ്ങള്‍ മനപ്പാഠമാക്കിയിട്ട് സഭാകമ്പമില്ലാതെ അവതരിപ്പിക്കുമായിരുന്നു. സ്‌കൂളിലെ ഹിന്ദി ടീച്ചറുടെ മകള്‍ പ്രസംഗരംഗത്തേക്ക് വരുന്നതുവരെ ഞാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി പോയിരുന്നു. പിന്നീട് രണ്ടാം സ്ഥാനം ആയപ്പോള്‍ അത് കൂട്ടുകാരിയായ ടീച്ചറോട് മറ്റ് അധ്യാപകര്‍ കാണിക്കുന്ന ബഹുമാനത്തിന്റെ ഭാഗമല്ലേ എന്ന് സംശയിച്ചിട്ടുണ്ട്. സാഹിത്യസമാജത്തിനായി കൂട്ടുകാര്‍, പഠിക്കുന്ന ബുക്കിലെ കവിതകളും മറ്റു വിഷയങ്ങളും തിരഞ്ഞെടുക്കുമ്പോള്‍, ഒരു വ്യത്യസ്തതയ്ക്കായി ഞാന്‍ അവരൊന്നും കേള്‍ക്കാത്ത കവിതകളും പദ്യങ്ങളും ചൊല്ലുമായിരുന്നു. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ജ്യേഷ്ഠന്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസിലായിരുന്നു. അവന്റെ ബുക്കിലെ കവിതകള്‍ ആയിരുന്നു ഞാന്‍ തിരഞ്ഞെടുത്തിരുന്നത്. ഇതുവരെ കേള്‍ക്കാത്ത കവിത കേട്ട് കൂട്ടുകാരൊക്കെ അന്തം വിട്ടുനില്‍ക്കുമായിരുന്നു.

'കൂരിരുട്ടിന്റെ കിടാത്തി, യെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി,
ചീത്തകള്‍ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തി വെടുപ്പെഴുന്നോള്‍'
വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാക്ക എന്ന കവിത ജ്യേഷ്ഠന്റെ ബുക്കില്‍ നിന്നും പഠിച്ചിട്ട് ചൊല്ലുമായിരുന്നു. കാക്കയും കുയിലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയ ആ ഒരു വയസ്സുകാരന്‍ ഇന്ന് ഏഴാം ക്ലാസില്‍ എത്തിയപ്പോള്‍ കാവതിക്കാക്കയും ബലിക്കാക്കയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞിരുന്നു. ഹിന്ദി ടീച്ചറുടെ മകളുടെ കാര്യം പറഞ്ഞപ്പോള്‍ ഒരു കാര്യംകൂടി ഓര്‍മ വന്നു. അന്ന് ഞാന്‍ ആറാം ക്ലാസിലാണോ അതോ ഏഴാം ക്ലാസിലാണോ എന്ന് കൃത്യമായി ഓര്‍മയില്ല. ഹിന്ദി എനിക്ക് നല്ല ഇഷ്ടമുള്ള വിഷയം ആയിരുന്നു. വാര്‍ഷിക പരീക്ഷ അടുത്ത് എത്താറായി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനുള്ളില്‍ ഒരു സുപ്രഭാതത്തില്‍ എന്റെ ഹിന്ദി നോട്ടുബുക്ക് കാണുന്നില്ല. വീട്ടിലും സ്‌കൂളിലുമായി സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒക്കെ തപ്പിനോക്കി. ശ്രമം വിഫലമായപ്പോള്‍ ക്ലാസിലെ സഹപാഠിയും അയല്‍വാസിയുമായ ഉണ്ണികൃഷ്ണന്റെ ഹിന്ദി നോട്ടുബുക്ക് വാങ്ങി, അതുമുഴുവന്‍ ഒരു പുതിയ ബുക്കില്‍ പകര്‍ത്തി എഴുതാന്‍ തീരുമാനിച്ചു. പുതുതായി ഉണ്ടാക്കിയ ബുക്കില്‍ നിന്നും പഠിക്കുമ്പോള്‍ അത് കൊല്ലം മുഴുവന്‍ എഴുതി പഠിച്ച ബുക്കിന്റെ ഗുണം ചെയ്യില്ല എന്ന് അറിയാമായിരുന്നു. പഠിച്ചുകൊണ്ടിരിക്കുന്ന നോട്ടുബുക്ക് ആകുമ്പോള്‍ അതിലെ ഓരോ ചോദ്യവും ഉത്തരവും ഏത് പേജിലെ ഏത് ഭാഗത്താണ് ഇന്ന് നമുക്ക് മനപാഠം ആയിരിക്കും. ഗത്യന്തരമില്ലാതെ പുതിയ സംരംഭവുമായി മുന്നോട്ടുപോയി. രാപ്പകല്‍ അധ്വാനിച്ച് ഉണ്ണികൃഷ്ണന്റെ നോട്ടുബുക്ക് മുഴുവന്‍ എന്റെ പുതിയ നോട്ടിലേക്ക് പകര്‍ത്തി എഴുതിയതിനുശേഷം ഒരു ഞായറാഴ്ച അവന്റെ നോട്ടുബുക്ക് തിരിച്ചുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവന്റെ വീട്ടില്‍ പോയി. ഉണ്ണിയുടെ അമ്മാവന്‍ ഒരു സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയ പ്രവര്‍ത്തകനും ഒക്കെ ആയിരുന്നതിനാല്‍ അവന്റെ വീട്ടില്‍ പല പഴയതും സമകാലീനമായതുമായ പുസ്തകങ്ങള്‍ കാണുക പതിവായിരുന്നു. അകത്ത് എന്തോ പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഉണ്ണിയെ കാത്തിരുന്ന ഞാന്‍ ആ പുസ്തകങ്ങളൊക്കെ മറിച്ചു നോക്കിയ കൂട്ടത്തില്‍ അതാ കിടക്കുന്നു എന്റെ നഷ്ടപ്പെട്ടുപോയ പഴയ ഹിന്ദി നോട്ട് ബുക്ക്. ഇത്രയും കഷ്ടപ്പെട്ടതിനുശേഷം പഴയ ബുക്ക് തിരിച്ചു കിട്ടിയപ്പോള്‍ എനിക്ക് സന്തോഷവും സങ്കടവും ദേഷ്യവും എല്ലാം ചേര്‍ന്ന ഒരു വികാരമാണ് വന്നത്. 

ഉണ്ണിയെന്ന സഹപാഠിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഒരു ഉത്തരം തരാന്‍ അവന് കഴിഞ്ഞില്ല. അവന്റെ ഒരു ബന്ധുവിന്റെ കട നമ്മുടെ സ്‌കൂളിന്റെ മുന്നില്‍ ഉണ്ടായിരുന്നു. അവന്റെ പ്രസ്താവന പ്രകാരം എന്റെ ബുക്ക് അവന് ആ കടയില്‍ നിന്നും കളഞ്ഞു കിട്ടിയതാണത്രെ. എന്നാല്‍ ഇതുവരെയായിട്ടും എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല എന്ന ചോദ്യത്തിനും അവന് ഒരു വ്യക്തമായ ഉത്തരമില്ലായിരുന്നു. ഏതായാലും നാടുവിട്ട് പോയ മകന്‍ തിരിച്ചുവരുമ്പോള്‍ അമ്മയ്ക്ക് ഉണ്ടാകുന്ന സന്തോഷത്തോടുകൂടി, ഞാന്‍ എന്റെ പഴയ ഹിന്ദി നോട്ടുബുക്കുമായി വീട്ടിലേക്ക് തിരിച്ചുവന്നു.

placeholder
വര: മദനന്‍
വര: മദനന്‍

മോറാഴ യു.പി. സ്‌കൂളിലെ അവസാന വര്‍ഷം. സ്‌കൂള്‍ ലീഡര്‍ ആയി മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ജോഡിയായി നില്‍ക്കുന്ന കൂട്ടുകാരന്റെ ആഗ്രഹത്തിന് വഴങ്ങി സെക്കന്‍ഡ് ലീഡര്‍ ആയി മത്സരിച്ചു. പാര്‍ട്ടി ഫണ്ട് ഇല്ലല്ലോ, തിരഞ്ഞെടുപ്പ് പ്രചരണം കുറച്ച് ചിലവുള്ള പരിപാടിയായിരുന്നു. പോസ്റ്റര്‍ എഴുതി ഒട്ടിക്കാനായി കടലാസുകളും വിവിധതരം കളര്‍ പെന്‍സിലുകളും കളര്‍ മഷിയും ഒക്കെ ആവശ്യമായിരുന്നു. അനുജത്തി രജനി അപ്പോള്‍ ചെറിയ ക്ലാസില്‍ പഠിക്കുന്നുണ്ടായിരുന്നു. അവള്‍ക്ക് മിഠായി വാങ്ങാന്‍ അച്ഛന്‍ തരുന്ന 10 പൈസയില്‍ നിന്നും ഒരു പൈസയുടെ മിഠായി വാങ്ങിക്കൊടുത്ത് ബാക്കി പൈസ ഇതിനായി ഉപയോഗിക്കുമായിരുന്നു. അങ്ങനെ അവസാനം എതിര്‍ സ്ഥാനാര്‍ത്ഥിയെ ചെറിയ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച് സ്‌കൂളിന്റെ സെക്കന്‍ഡ് ലീഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ അസംബ്ലിയെ നിയന്ത്രിക്കുന്നതും സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതും ഒക്കെ കൂടാതെ സ്‌കൂളില്‍ സമരം വരുമ്പോള്‍ അതിന്റെ മുന്‍നിരയിലും നില്‍ക്കേണ്ടിവന്നു.

എഴുപതുകളില്‍ നമ്മുടെ രാജ്യത്ത് ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ടിരുന്ന സമയം. എവിടെ നോക്കിയാലും സര്‍ക്കാറിന് എതിരായുള്ള സമരം തന്നെ. നാളത്തെ വാഗ്ദാനങ്ങള്‍ ആയ നമ്മള്‍ കുട്ടികള്‍ക്കും വെറുതെ ഇരിക്കാന്‍ പറ്റുമോ
'ഇന്ദിരെ,നീ ഒരു പെണ്ണല്ലേ,
നിനക്ക് മക്കള്‍ രണ്ടല്ലേ,
നിനക്ക് തിന്നാന്‍ അരി ഇല്ലേ, അവര്‍ക്ക് തിന്നാന്‍ അരിയില്ലേ,
ഭാരതമക്കള്‍ക്ക് അരി എവിടെ?'
ഭരിക്കുന്ന സര്‍ക്കാരിനെതിരായിട്ടും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരായിട്ടും ഉള്ള മുദ്രാവാക്യങ്ങള്‍ ഞങ്ങള്‍ ഏറ്റു പറഞ്ഞു. ഏഴ് ബിയില്‍ പഠിക്കുന്ന ഇന്ദിര എന്ന പെണ്‍കുട്ടിയെ നോക്കിയിട്ട് ആയിരുന്നു മുദ്രാവാക്യം വിളി എന്നത് മറ്റൊരു കാര്യം. സമരത്തെ നേരിടാന്‍ എല്ലാ അധ്യാപകരും ഒന്നിച്ച് ചേര്‍ന്നു. സമരം ചെയ്യുന്നവരെല്ലാം ഒരുഭാഗത്തും മറ്റുള്ളവരെല്ലാം മറുഭാഗത്തുമായി മാറി നില്‍ക്കാന്‍ പറഞ്ഞു. ക്രമേണ നമ്മുടെ അംഗസംഖ്യ കുറഞ്ഞുവന്നു. അവസാനം സമരം ചെയ്യുന്നവരായിട്ട് ഞാനും സ്‌കൂള്‍ ലീഡറും പിന്നെ മറ്റൊരു കുട്ടിയും മാത്രം. ഏതൊരു ഹര്‍ത്താലിനും സമരത്തിനും ചെയ്യുന്നതുപോലെ തന്നെ ഞങ്ങളും റോഡ് തടയാന്‍ തീരുമാനിച്ചു. ആകെ ഉണ്ടായിരുന്ന മീനാക്ഷി ബസിനെ കാത്ത് ആയിരുന്നു ഇരുന്നതെങ്കിലും ആദ്യമായി വന്നത് ഒരു ചെങ്കല്ല് കയറ്റിയ ലോറി ആയിരുന്നു. അടുത്തെത്തിയ ലോറി ഡ്രൈവര്‍ വണ്ടി ന്യൂട്രലില്‍ ഇട്ടിട്ട് ആക്സിലേറ്റര്‍ കൊടുത്തു വലിയ ശബ്ദം ഉണ്ടാക്കിയപ്പോള്‍ ഞങ്ങളെല്ലാം റോഡില്‍ നിന്നും എണീറ്റ് ഓടി. മരണഭയം ആണല്ലോ ഏറ്റവും വലിയ ഭയം! ഒരു സ്‌കൂളിലെ സമരം വിജയിച്ചാല്‍ ഞങ്ങള്‍ അടുത്തുള്ള മറ്റൊരു സ്‌കൂളില്‍ പോയി അവിടുത്തെ കുട്ടികളെയും സമരം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഭാരത മക്കള്‍ക്ക് അരി കിട്ടാന്‍ വേണ്ടിയൊന്നുമായിരുന്നില്ല നമ്മുടെ സമരം, മറിച്ച് ഒരു അവധി കിട്ടുക എന്നതായിരുന്നു പ്രധാനം.

വയലാര്‍ രാമവര്‍മ്മയുടെ 'പെരിയാറേ പെരിയാറേ പര്‍വ്വത നിരയുടെ പനിനീരേ കുളിരും കൊണ്ട് കുണുങ്ങി നടക്കും മലയാളി പെണ്ണാണ് നീ- ഒരു മലയാളി പെണ്ണാണ് നീ' എന്ന എ.എം. രാജയും പി. സുശീലയും പാടിയ പാട്ടിനെ, സ്‌കൂളിന്റെ ദേശീയ ഗാനമായി സ്വീകരിച്ച്, അതിനെ സ്‌കൂള്‍ കഴിഞ്ഞ് പോകുന്ന നൂറുകണക്കിന് കുട്ടികളുടെ സംഗീതത്തിന്റെ ഏക മാനദണ്ഡമായി പ്രഖ്യാപിച്ച സംഗീത അധ്യാപകനായിരുന്നു കുഞ്ഞപ്പ മാഷ്. ഏതോ ഒരു സമരത്തിനിടയില്‍ മാഷ് ഒരു കുട്ടിയെ അടിച്ചതായി അറിഞ്ഞു. അപ്പോള്‍ വന്നു ശരിയായ കണ്ണൂര്‍ ഭാഷയിലെ അടുത്ത മുദ്രാവാക്യം.
'കുഞ്ഞപ്പ മാഷ് തച്ചിനി പോലും, നാണക്കേട് പറയല്ലപ്പാ'.
ഉച്ച സമയത്ത് പുറത്തുപോയപ്പോള്‍, സൈക്കിളിന് പഞ്ചര്‍ ഒട്ടിക്കുകയും കാറ്റടിക്കുകയും ഒക്കെ ചെയ്തിരുന്ന മമ്മൂഞ്ഞി എന്ന കടക്കാരന്‍ ചോദിച്ചു 'കുഞ്ഞപ്പ മാഷെ ആരാണ് അടിച്ചത്' എന്ന്. അപ്പോഴാണ് ഉച്ചാരണശുദ്ധിയുടെ പ്രാധാന്യം മനസ്സിലായത്. ഞങ്ങള്‍ പറഞ്ഞു കുഞ്ഞപ്പ മാഷെ അല്ല, കുഞ്ഞപ്പ മാഷ് ആണ് അടിച്ചത് എന്ന്.

സര്‍ക്കാരിനെതിരായി സമരം ചെയ്യുക മാത്രമല്ല, വേണ്ട സമയത്ത് സര്‍ക്കാരിനോട് കൂറ് കാണിക്കാനും ഞങ്ങള്‍ കുട്ടികള്‍ മുന്‍പന്തിയിലായിരുന്നു. 93,000 പാക്കിസ്ഥാനി ഭടന്മാരെ യുദ്ധ തടവുകാരാക്കിക്കൊണ്ട്, ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന് ജന്മം നല്‍കിയ 1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത്, ഞങ്ങള്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് യാഹ്യ ഖാനിന്റെ കോലം കത്തിച്ചുകൊണ്ട് നമ്മുടെ രാജ്യസ്നേഹം കാണിക്കുമായിരുന്നു.

ഏഴാം ക്ലാസ് വരെയുള്ള മോറാഴ യു.പി. സ്‌കൂളിലെ പഠനം പൂര്‍ണമാക്കി സ്‌കൂള്‍വിടുന്ന അതേ വര്‍ഷം തന്നെയായിരുന്നു, സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും മൂന്നാം വയസ്സില്‍  എന്നെ ഹരിശ്രീ എഴുതിക്കുകയും ചെയ്തിരുന്ന രാമന്‍ മാഷ് വിരമിക്കുന്നതും. സ്‌കൂള്‍ കുട്ടികളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്ന ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ മാഷിന്റെ വിരമിക്കല്‍ സംബന്ധിച്ച് എനിക്കും ഒരുപാട് ഉത്തരവാദിത്തം ഉണ്ടായിരുന്നു. വിരമിക്കുന്ന മാഷിന്റെ സങ്കടത്തോടൊപ്പം സ്‌കൂള്‍ വിടുന്ന ഞങ്ങളും സങ്കടംപങ്കുവെച്ച് സ്‌കൂളിന്റെ പടിയിറങ്ങി. പിന്നീട് ഏഴാം ക്ലാസിന്റെ പരീക്ഷാഫലം അറിയാന്‍ വേണ്ടി ഒരു ദിവസം പോയി. പാസായ ഞങ്ങളൊക്കെ അന്യോന്യം മിഠായി വിതരണം ചെയ്ത് വിജയമാഘോഷിച്ചു. ചിലരൊക്കെ വിദ്യാഭ്യാസം അവിടെ തന്നെ അവസാനിപ്പിച്ചു എന്നാണ് കേട്ടത്. ചെറുകുന്നിലും കല്യാശേരിയിലും ഹൈസ്‌കൂള്‍ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളും രണ്ട് ഭാഗമായി വിഭജിക്കപ്പെട്ടു. പുതിയ ജീവിതത്തിന്റെ തുടക്കത്തിനായി ഇനിയും ഒരു മാസം കാത്തിരിക്കണം.

(തുടരും)