ട്രൗസറിന്റെ കാലം കഴിഞ്ഞു. ഇനിയങ്ങോട്ട് മുണ്ട്. ഹൈസ്‌കൂളില്‍ ആരും ട്രൗസറിട്ട് പോകില്ല. ജ്യേഷ്ഠന്‍ ഉടുത്തിരുന്ന മുണ്ടുകള്‍ അതിന്റെ പരമാവധി ജോലി നോക്കി വിരമിച്ചിരുന്നു. അതുകൊണ്ടുതന്നെ അച്ഛന്‍ കമ്പനിയില്‍ നിന്നും വരുമ്പോള്‍ ഒരു ജോഡി മുണ്ട് എനിക്കായി കൊണ്ടുവന്നു. പുതിയ മുണ്ടും ഉടുത്ത്, അത് അഴിഞ്ഞുപോകുന്നുണ്ടോ എന്ന് പലപ്രാവശ്യം നോക്കി, അച്ചടിമണം മാറാത്ത പുതിയ നോട്ടുബുക്കുകളും ജനിക്കാന്‍ ഒരു കൊല്ലം താമസിച്ചുപോയതുകൊണ്ടുമാത്രം അടുത്ത വീട്ടിലെ ചേച്ചിമാരോ ചേട്ടന്മാരോ പഠിക്കാനും, മയില്‍പീലി വളര്‍ത്താനും ഉപയോഗിച്ച, കീറിത്തുടങ്ങിയ, പകുതി വിലയ്ക്ക് വാങ്ങിയ അവരുടെ പഴയ പുസ്തകങ്ങളും പേറിക്കൊണ്ട് ഞങ്ങള്‍ കൂട്ടുകാരെല്ലാം പുതിയ സ്‌കൂളിലേക്ക് പോയിത്തുടങ്ങി.

To advertise here,

ഏഴാം ക്ലാസിലെ സുഹൃത്തായിരുന്ന രാമചന്ദ്രന്‍ മാത്രം ചെറുകുന്ന് സ്‌കൂളിലേക്ക് പോയി. എന്റെകൂടെ പോകാന്‍ കളിക്കൂട്ടുകാരായ മോഹനനും ശശിയും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ പത്തോളം ഡിവിഷനുകള്‍ ഉണ്ടായിരുന്ന എട്ടാം ക്ലാസില്‍ ഞങ്ങള്‍ ഓരോരുത്തരും ഓരോ ക്ലാസിലായി. എന്നാലും ഉച്ച സമയത്തും, സമയം കിട്ടുമ്പോഴും ഒക്കെ ഞങ്ങള്‍ ഒന്നിക്കുമായിരുന്നു. പത്താം ക്ലാസില്‍ എത്തിയപ്പോഴേക്കും ഞങ്ങളുടെ നാട്ടില്‍നിന്നും ആദ്യമായി 'യൂണിയന്‍ ബസ്' എന്ന പേരില്‍ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു ബസ് കണ്ണൂരിലേക്ക് ആരംഭിച്ചത്. നാട്ടില്‍ ആദ്യമായി തുടങ്ങിയ ബസിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടി ഞങ്ങള്‍ ചിലപ്പോഴൊക്കെ 10 പൈസയുടെ ടിക്കറ്റ് വാങ്ങി വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുമായിരുന്നു. 

ചിലപ്പോഴൊക്കെ ഉച്ചസമയത്തുള്ള ഇടവേളയില്‍ ഓടിക്കിതച്ച് വീട്ടില്‍ വന്ന് ഉച്ചഭക്ഷണവും കഴിച്ച് തിരിച്ചുപോകും. ചിലപ്പോള്‍ അമ്മ 'പോക്കറ്റ് മണി' തരും. 25 പൈസ കൊടുത്താല്‍ കുഞ്ഞമ്പുവിന്റെ കടയില്‍ നിന്നും വലിയ സവാളയും കപ്പയും മുറിച്ചിട്ട നല്ല ചെറുപയര്‍ കറിയും നാരങ്ങ ഇലയൊക്കെ ഇട്ടുവച്ച പ്രത്യേകതരം കാപ്പിയും കിട്ടും. ചില ദിവസങ്ങളില്‍ അതായിരിക്കും ഭക്ഷണം. ചിലപ്പോള്‍ അമ്മ വാഴയിലയില്‍ പൊതിഞ്ഞു തരുന്ന ദോശയും തേങ്ങാ ചമ്മന്തിയും കാണും. ചിലപ്പോള്‍ ഒന്നും വേണ്ടെന്ന് പറയും. ആ ദിവസങ്ങളില്‍ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തുണിയോ പേപ്പറോ വിരിച്ച് അതില്‍ പലതരത്തിലുള്ള മിഠായിയും കടലയും തേങ്ങാപ്പൂളും ഒക്കെ വില്‍ക്കുന്ന കണ്ണന്‍മൂസറിന്റെ അടുത്ത് നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കും. അങ്ങനെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ചെലവിടുക വലിയ പ്രയാസമായിരുന്നു.

അന്ന് ഞങ്ങളുടെ 'സ്‌കൂള്‍ സുന്ദരിയായ' ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. തല്‍ക്കാലം സുന്ദരി എന്ന് തന്നെ പേരിരിക്കട്ടെ. എല്ലാ ആണ്‍കുട്ടികളും പ്രേമിച്ചിരുന്നത് അവളെ ഒരുത്തിയെയാണ്. അവളുടെ വീട്ടിലേക്ക് പോകാന്‍ സ്‌കൂളിന്റെ മുന്നിലുള്ള പ്രധാന റോഡില്‍കൂടിതന്നെ കുറെ നടക്കണം. സുന്ദരി എപ്പോഴും ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകും. അപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാം അവളുടെ പിന്നാലെ അവളുടെ വീടിനടുത്തുവരെ റോഡിലൂടെ നടക്കും. തിരിഞ്ഞുനോക്കിയാല്‍ അങ്ങനെ ഒന്നില്‍ കൂടുതല്‍ സംഘങ്ങള്‍ ഇതേ ഉദ്ദേശത്തില്‍ നടക്കുന്നത് കാണാം. സുന്ദരി ഭക്ഷണം കഴിച്ചുവരുന്നതുവരെ ഞങ്ങള്‍ റോഡില്‍ എവിടെയെങ്കിലും സമയം കഴിച്ചുകൂട്ടും. തിരിച്ച് അവളുടെ പിന്നാലെ തന്നെ നടന്ന് സ്‌കൂളില്‍ എത്തുമ്പോഴേക്കും നാണു ശിവായിയുടെ ബെല്ലടി ശബ്ദം കേള്‍ക്കാം. പിന്നെ അവനവന്റെ ക്ലാസിനെ ലക്ഷ്യം വെച്ചുനീങ്ങും. ഇങ്ങനെ ആണ്‍കുട്ടികളുടെ കൂട്ടംകൂടിയുള്ള നടത്തം റോഡ് ഗതാഗതത്തെ പോലും ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിനൊരു മാറ്റം ആവശ്യമാണെന്ന് തോന്നി.

ആ ഇടയ്ക്കാണ് വാസന്തി എന്ന പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പുതുതായി ചേര്‍ന്നത്. ഇതും ശരിക്കുള്ള പേരല്ല, കേട്ടോ. യുവജനോത്സവസമയത്ത് ആ വര്‍ഷം ഇറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന സിനിമയിലെ ' തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി, അയ്യപ്പസ്വാമീ, അയ്യപ്പസ്വാമീ' എന്ന ഒറ്റപ്പാട്ട് കൊണ്ട് കുട്ടികളെ മുഴുവന്‍ കയ്യിലെടുത്ത വാസന്തിയോട് ആയിരുന്നു പിന്നെ ഞങ്ങളുടെ ആകര്‍ഷണം. പലപ്പോഴും പിന്നാലെ നടന്നിട്ട് 'അയ്യപ്പസ്വാമി, നെയ്യപ്പസ്വാമി' എന്ന് വിളിച്ചിട്ടുണ്ട്. ആ ദേഷ്യം കാണാനും ഒരു രസമല്ലേ. പിന്നെ പെണ്‍കുട്ടികളുമായി ഇടപഴകാന്‍ കിട്ടുന്ന ഏക അവസരമാണ് സേവനവാരം. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങുന്ന സേവനവാരം ഒരാഴ്ച നീണ്ടുനില്‍ക്കും. ആ ഒരാഴ്ച ഞങ്ങള്‍ സ്‌കൂള്‍ പരിസരത്തും മറ്റും ശുചീകരണം നടത്തും. ചുറ്റുപാടുമുള്ള കാട് വെട്ടി പുല്ല് പറിച്ചെടുത്ത്, പരിസരത്തുള്ള എല്ലാ മാലിന്യങ്ങളും പെറുക്കിയെടുത്ത്, വേണ്ടരീതിയിലുള്ള മാലിന്യനിര്‍മാര്‍ജനം നടത്തും. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പറഞ്ഞ ഗാന്ധിജിയുടെ ഓര്‍മ പുതുക്കാന്‍ ഇതിലും വലിയ ആഘോഷം എന്താണുള്ളത്. ഞങ്ങള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് ശര്‍ക്കരയിട്ട കാപ്പിയും പലഹാരമായി, പുഴുങ്ങിയ മധുരക്കിഴങ്ങും ഉണ്ടാക്കും. നന്നായി പണിയെടുക്കുന്ന കുറച്ചു കുട്ടികള്‍ക്ക് അവസാന ദിവസം അധ്യാപകര്‍ സമ്മാനമായി സോപ്പോ, സോപ്പ് പെട്ടിയോ മറ്റെന്തെങ്കിലുമൊക്കെയോ തരും.

placeholder
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(ഒന്നാമത്തെ വരിയില്‍ ഇടത്തുനിന്നും ഒന്നാമത്) സ്‌കൂള്‍കാലചിത്രം
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(ഒന്നാമത്തെ വരിയില്‍ ഇടത്തുനിന്നും ഒന്നാമത്) സ്‌കൂള്‍കാലചിത്രം | Photo Special arrangement 

 പഠിക്കാന്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു. ക്ലാസ് പരീക്ഷയും കഴിഞ്ഞ് ഉത്തരക്കടലാസുമായി വരുന്ന  അധ്യാപകരുടെയും അധ്യാപികമാരുടെയും കയ്യില്‍നിന്നും അത് കിട്ടാന്‍ വളരെ ഉത്സാഹത്തോടെ കാത്തിരിക്കും. ആരാണ് ആ പരീക്ഷയിലെ ഒന്നാമന്‍ എന്നറിയാന്‍. ഞങ്ങള്‍ രണ്ടോ മൂന്നോ പേരുടെ ഇടയില്‍ ആയിരിക്കും എപ്പോഴും ആ മത്സരം. എന്നാല്‍ ഇംഗ്ലീഷില്‍ വളരെ മോശമായിരുന്നു. അതിന് ചില കാരണങ്ങളൊക്കെ ഉണ്ട്. മറ്റു വിഷയങ്ങള്‍ പഠിപ്പിച്ചു തന്നിരുന്ന അമ്മ ഇംഗ്ലീഷ് പഠിക്കാത്തത് കാരണം അത് എന്നെയും ബാധിച്ചു. പിന്നെ പ്രാഥമിക വിദ്യാഭ്യാസം നേടിയപ്പോള്‍ ഇംഗ്ലീഷ് വിഷയത്തില്‍ വ്യവസ്ഥാപിതമായ ഒരു രീതിയിലുള്ള പഠനം കിട്ടിയിരുന്നില്ല. മൂന്നാം ക്ലാസില്‍ എ,ബി,സി,ഡി പഠിപ്പിച്ചതല്ലാതെ കാര്യമായി അക്ഷരങ്ങളോ വാക്കുകളോ ചേര്‍ത്ത് വായിക്കാന്‍ ഒന്നും പഠിപ്പിച്ചില്ല. പിന്നീട് അഞ്ചാം ക്ലാസില്‍ കാണുന്നത് 'ജാക്ക് ആന്‍ഡ് ജില്‍ വെന്റ് അപ്പ് ദി ഹില്‍' എന്ന ഇംഗ്ലീഷ് പദ്യമാണ്. ഒന്നും മനസ്സിലാകാത്ത ഞാന്‍ എല്ലാം മനപ്പാഠമാക്കുക എന്ന രീതി തുടങ്ങി.

പാഠപുസ്തകത്തില്‍ നോക്കി ജാക്കിന്റെയും ജില്ലിന്റെയും പടം നോട്ടുബുക്കില്‍ വെറുതെ വരച്ചിടുമായിരുന്നു. ഇന്ദിര ടീച്ചര്‍ ചിത്രംനോക്കി പ്രോത്സാഹിപ്പിച്ചതല്ലാതെ ഇംഗ്ലീഷിലെ എന്റെ കഴിവില്ലായ്മ കണ്ടുപിടിക്കാന്‍ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ നാരായണന്‍ മാഷുടെ ക്ലാസ്സില്‍ മുക്കാല്‍ മണിക്കൂര്‍ കഴിച്ചുകൂട്ടുക എന്നത് എന്നും ഒരു ദുഃസ്വപ്നമായിരുന്നു. ബ്ലാക്ക് ബോര്‍ഡില്‍ എഴുതിക്കൊണ്ടിരിക്കുന്ന ചോക്ക് കഷണം ഏത് സമയത്താണ് ഞങ്ങളുടെ മുഖം ഉന്നം വച്ചുകൊണ്ട് വരുന്നത് എന്ന് പറയാന്‍ പറ്റില്ല. മലയാളം ഇഷ്ടവിഷയമായിരുന്നെങ്കിലും മോശമായ കൈയക്ഷരവും അക്ഷരത്തെറ്റും കാരണം വിചാരിച്ചത്ര മാര്‍ക്ക് പലപ്പോഴും കിട്ടാറില്ലായിരുന്നു. കൈയക്ഷരം നന്നാക്കാന്‍വേണ്ടി കോപ്പി എഴുതുക പതിവായിരുന്നല്ലോ. മലയാളം അധ്യാപിക, ശാന്തമ്മ ടീച്ചര്‍ ഒരു പുതിയ രീതി പ്രയോഗിച്ചു. കോപ്പിയെഴുത്തില്‍ അഞ്ചര മാര്‍ക്ക് കിട്ടുന്ന കുട്ടി പിന്നീട് അത് തുടരേണ്ട ആവശ്യമില്ല. പലരും ആ കടമ്പ പെട്ടെന്ന് തന്നെ കടന്നപ്പോള്‍ ഞാന്‍ അഞ്ച് മാര്‍ക്കില്‍ തട്ടി നില്‍ക്കുമായിരുന്നു. അവസാനം ചിത്രരചനയിലുള്ള വൈഭവം കൈയെഴുത്തില്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയപ്പോഴാണ് അഞ്ചര മാര്‍ക്ക് കിട്ടിയതും കോപ്പിയെഴുത്തിന് ഒരു പര്യവസാനം വന്നതും. ചിത്രരചനയെ പറ്റി പറഞ്ഞപ്പോള്‍ അതുകൂടി ഒന്ന് ഓര്‍ത്തുപോയി. സുഹൃത്ത് മോഹനന്റെ അച്ഛന്‍ മാധവന്‍ മാഷ് ആയിരുന്നു ചിത്രകലാ  അധ്യാപകന്‍. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കല്യാശ്ശേരി എന്നതിന്റെ ചുരുക്കപ്പേരായ ജി.എച്ച്.എസ്.കെ. എന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതി അതിനെ മുറിച്ചെടുത്ത് ഡ്രോയിങ് ബുക്കില്‍ വച്ചിട്ട് ചുവപ്പ്, പച്ച, നീല, കറുപ്പ് എന്നീ മഷികളില്‍  ഉപയോഗശൂന്യമായ 'ടൂത്ത് ബ്രഷ്' ഉപയോഗിച്ച് 'സ്‌പ്രേ പെയിന്റ്' ചെയ്ത് ഉണ്ടാക്കുന്ന പുതിയ കലാരൂപം പഠിപ്പിച്ചത് മാഷായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇത് അറിയുമായിരുന്നെങ്കില്‍ സ്‌കൂള്‍ നേതൃസ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ഒരുപക്ഷേ കുറച്ചുകൂടി വോട്ടുകള്‍ കൂടുതല്‍ കിട്ടുമായിരുന്നു.

ക്ലാസ്സില്‍ ഞാന്‍ എന്നും ഒരു തമാശക്കാരന്‍ ആയിരുന്നു. അധികം മിണ്ടാത്ത പ്രകൃതമായിരുന്നു എങ്കിലും അധ്യാപകര്‍ പറയുന്ന തമാശയ്ക്ക് പറ്റിയ എതിര്‍ തമാശ പെട്ടെന്ന് തന്നെ വരുമായിരുന്നു. ഗണിത അധ്യാപകനായ സുകുമാരന്‍ മാഷ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ക്ലാസില്‍ കുട്ടികള്‍ക്ക് ഉദാഹരണം പറഞ്ഞുകൊണ്ട് ക്ലാസ് എടുക്കുകയായിരുന്നു. മാഷ് പല ദിവസം കഴിച്ച ഇഡ്ഡലിയുടെ ശരാശരി കണക്ക് കൂട്ടുന്ന കാര്യമാണ്. മാഷ് പറയാന്‍ തുടങ്ങി, ഞാന്‍ ഒരു ദിവസം 3 ഇഡ്ഡലി  കഴിച്ചു, പിറ്റേന്ന് 5, അടുത്ത ദിവസം 2 ഇഡ്ഡലി, അതിനടുത്ത ദിവസം 15. അത് കേട്ട് കുട്ടികളെല്ലാം ചിരിക്കാന്‍ തുടങ്ങുമ്പോഴേക്കും, മാഷേ അന്ന് ഒന്നാം തീയതി ആയിരിക്കും അല്ലേ എന്ന് എന്റെ എതിര്‍ ചോദ്യം വരും. ഒന്നാംതീയതി ശമ്പളം കിട്ടിയ ദിവസം ആയതുകൊണ്ട് കൂടുതല്‍ ഇഡ്ഡലി തിന്നാനുള്ള സാമ്പത്തികാവസ്ഥയെയാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന്   മനസ്സിലാക്കിയ കുട്ടികളെല്ലാം പൊട്ടിച്ചിരിക്കും. അതുപോലെയുള്ള ഒരുപാട് തമാശകള്‍.

അടിയന്തരാവസ്ഥക്കാലത്താണ് ഞങ്ങള്‍ ഹൈസ്‌കൂളില്‍ പഠിച്ചിരുന്നത്. കല്യാശ്ശേരി ഹൈസ്‌കൂളില്‍ സ്‌കൂള്‍ രാഷ്ട്രീയത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. യു.പി. സ്‌കൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്ന ഞാന്‍ ഇവിടെ വന്നപ്പോള്‍ ക്ലാസ്സ് ലീഡര്‍ പോലും ആകാന്‍ പറ്റിയില്ല. എല്ലാറ്റിലും രാഷ്ട്രീയം. ക്ലാസ്സ് ലീഡര്‍ ആയി മത്സരിക്കാന്‍ പോലും ഏതെങ്കിലും ഒരു വിദ്യാര്‍ഥി സംഘടനയുടെ ഭാഗമായിരിക്കണം. അങ്ങനെ ഞാനും ഒരു സംഘടനയുടെ ഭാഗമായി. ക്ലാസില്‍ ലീഡര്‍ ഒന്നും ആകാന്‍ പറ്റിയിരുന്നില്ലെങ്കിലും അതുകൊണ്ട് ഒരു ഗുണമുണ്ടായി. വിദ്യാര്‍ഥി സംഘടനയുടെ ഏതോ ഒരു സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ ആദ്യമായി കണ്ടു.

യുവജനോത്സവങ്ങളില്‍ പല മത്സരത്തിന്റെയും ഭാഗമാകാന്‍ ശ്രമിച്ചിട്ടുണ്ട്. കഥാപ്രസംഗത്തിന് പേര് കൊടുത്തെങ്കിലും ആരുടെയും സഹായം കിട്ടാത്തത് കാരണം അത് വേണ്ടെന്ന് വെച്ചു. ചിത്രം വരക്കുമായിരുന്നെങ്കിലും മത്സരത്തില്‍ പങ്കെടുക്കാന്‍ മാത്രം വിദഗ്ധനായിരുന്നില്ല. പൊതുവേ മത്സരം കുറവായ ചെറുകഥ മത്സരത്തിലും കവിത മത്സരത്തിലും പങ്കെടുത്തു. കവിത എഴുത്തുമത്സരത്തില്‍ പങ്കെടുക്കാന്‍ മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മൂന്നാം സ്ഥാനം എനിക്ക് തന്നെ കിട്ടി. അത് ഞാന്‍ ചെയ്ത ഒരു വിഡ്ഢിത്തത്തിന്റെ ഫലമാണെന്ന് പിന്നീട് തോന്നി. കൃത്യമായി കാകളി വൃത്തത്തില്‍ തയ്യാറാക്കിയ കവിതയുടെ വരികള്‍ മറ്റുരണ്ടുപേരെയും അപേക്ഷിച്ച് കുറഞ്ഞുപോയി എന്ന് തോന്നിയിട്ട് പിന്നെ വൃത്തമൊന്നും നോക്കാതെ തല്‍സമയം കുറേക്കൂടി എഴുതിക്കൂട്ടി. എങ്കിലും കലാമത്സരത്തില്‍ കിട്ടുന്ന ആദ്യത്തെ സമ്മാനം. അതിനുമുമ്പ് ഒരു പുസ്തക അവലോകന മത്സരംവെച്ചിരുന്നു. ഞങ്ങള്‍ വായിച്ചിട്ടുള്ള ഏതെങ്കിലും ഒരു പുസ്തകത്തെപ്പറ്റി അവലോകനം ചെയ്യണമായിരുന്നു. ഞാനാണെങ്കില്‍ അടുത്തകാലത്തൊന്നും ഒരു പുസ്തകം വായിച്ചിട്ടില്ല. കൂട്ടുകാരന്‍ മോഹനന്റെ നിര്‍ബന്ധത്തിനുവഴങ്ങി പേര് കൊടുത്തു. ആയിടെ നാട്ടില്‍ നമ്മുടെ ജ്യേഷ്ഠനും മറ്റും ചേര്‍ന്ന് ഒരു നാടകം അഭിനയിച്ചിരുന്നു. ടി.എല്‍. ജോസ് എന്ന നാടകകൃത്തിന്റെ സമുദായം എന്ന നാടകം. പലപ്രാവശ്യം റിഹേഴ്‌സല്‍ കണ്ടതുകൊണ്ട് ആ നാടകത്തെ പറ്റി നന്നായി മനസ്സിലാക്കിയിരുന്നു. ഞാന്‍ ആ നാടകത്തെ കുറിച്ച് നിരൂപണം എഴുതി. വായിക്കുക പോലും ചെയ്യാത്ത ഒരു പുസ്തകത്തെപ്പറ്റി നിരൂപണം. അതിലും ഞങ്ങള്‍ മൂന്നുപേര്‍ മാത്രമേ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നുള്ളൂ. മോഹനന് ഒന്നാം സ്ഥാനവും പുരുഷോത്തമന് രണ്ടാം സ്ഥാനവും കിട്ടിയപ്പോള്‍ മൂന്നാം സ്ഥാനം എനിക്ക് തരാത്തതില്‍ വലിയ സങ്കടം തോന്നി.

നാടക കലാകാരന്മാരുടെ നാടാണ് കല്യാശ്ശേരി. അതുകൊണ്ടുതന്നെ കല്യാശ്ശേരി ഹൈസ്‌കൂളിലെ യുവജനോത്സവത്തില്‍ ഏകാങ്ക നാടകമത്സരം ഒരു മാമാങ്കം പോലെയാണ്. പ്രശസ്ത നാടക കലാകാരന്മാരായ കെ.എം.ആര്‍, വേണു മാഷ്, ഒ.കെ. കുറ്റിക്കോല്‍ എന്നിവരൊക്കെ നമ്മുടെ സ്‌കൂളിലെ അധ്യാപകരായിരുന്നു. കെ.എം.ആര്‍ പിന്നീട് കേരള സാഹിത്യ അക്കാദമിയുടെ ചുമതല വഹിച്ചിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലുള്ള നാടക മത്സരങ്ങളില്‍ ഒക്കെ ഞങ്ങളുടെ സ്‌കൂള്‍ തന്നെയായിരുന്നു ഒന്നാമതായി വന്നിരുന്നത്. നാടക രചനയും സംവിധാനവും നിര്‍വഹിച്ചിരുന്നത് കെ.എം.ആര്‍ എന്ന കെ.എം.രാഘവന്‍ നമ്പ്യാര്‍ ആയിരുന്നു. പ്രതീകാത്മകമായ നാടകരീതിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്‌കൂളിലെ നാടകമത്സരം കാണാന്‍ കാണികളായി മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ മാത്രമല്ല നാട്ടുകാരും ഉണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ മകനും ഞങ്ങളുടെ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ ഏകാംഗ നാടകമത്സരത്തിന്റെ വീറും വാശിയും ഒന്നുകൂടി വര്‍ധിച്ചു.

കഴിഞ്ഞ ക്ലാസുകളില്‍ വച്ചും നാടകത്തില്‍ അഭിനയിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് അവസരം കിട്ടിയിരുന്നില്ല. സ്റ്റേജ് കയറാന്‍ പണ്ടുമുതലേ വലിയ ആഗ്രഹമായിരുന്നു. യു.പി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ഇവിടുത്തെ യുവജനോത്സവം കാണാന്‍ വരുമായിരുന്നു. നാട്ടിലെ ഏക ഡാന്‍സ് ടീച്ചറായ ചെറിയ ടീച്ചര്‍ പഠിപ്പിച്ച 'തോക്കെടുക്കണ കൂട്ടരേ, നോക്കി നോക്കി നില്‍ക്കണേ, ചൈനക്കാര്‍ ഭാരതത്തില്‍ കാലുകുത്താതെ' എന്ന രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്ന സംഘനൃത്തവുമായി സദസിനെ കൈയിലെടുത്ത, അന്ന് അവിടെ പഠിക്കുകയായിരുന്ന സഹപാഠിയായ ഗീതയുടെ ഡാന്‍സ് കണ്ടിരുന്ന കാലത്ത് തന്നെ ഒരു ദിവസം ഈ സ്റ്റേജില്‍ കയറണം എന്ന് ആഗ്രഹിച്ചതാണ്. പത്താം ക്ലാസില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് ഒരു നാടകം ഒരുക്കി. നാടകം എഴുതിയത് ആരെന്നു ഓര്‍മയില്ല. നാടകത്തിന് സംവിധാനം ചെയ്തത് സുഹൃത്ത് ഹരിയുടെ ജ്യേഷ്ഠനും അന്ന് പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയും ആയിരുന്ന സുരേന്ദ്രന്‍ ആയിരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്റ്റര്‍ പേപ്പട്ടി വിഷബാധയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട നാടകമായിരുന്നു. ഞാന്‍ തന്നെയായിരുന്നു മുഖ്യകഥാപാത്രമായ ലൂയി പാസ്റ്റര്‍. എന്നെ ഫ്രഞ്ചുകാരനായ ലൂയി പാസ്റ്റര്‍ ആക്കി മാറ്റാന്‍ മേക്കപ്പ്മാന്‍ ശ്രീധരന്‍ കുറെ കഷ്ടപ്പെട്ടു. തലമുടിയില്‍ കലക്കിച്ചേർത്ത ചായം പൂര്‍ണമായും കഴുകി കളയാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവന്നു. മലേഷ്യയില്‍ സ്ഥിരതാമസക്കാരായ കുടുംബത്തിലെ അനന്തരവന്മാരില്‍ ഒരാളായ മധു താമസിക്കുന്ന പെനാങ്ക് വീട്ടില്‍നിന്നും ഒരു കോട്ട് കിട്ടി. ആരുടെയോ ഒരു പാന്റും കാല്‍പാദത്തേക്കാള്‍ രണ്ടിഞ്ചു നീളംകൂടിയ ഒരു ഷൂസും എല്ലാം ചേര്‍ന്നപ്പോള്‍ ലൂയി പാസ്റ്റര്‍ എന്ന കഥാപാത്രം സ്റ്റേജില്‍ തിളങ്ങി. ബാക്കി മത്സരങ്ങള്‍ എല്ലാം പകലായിരുന്നെങ്കിലും നാടകം നടന്നിരുന്നത് രാത്രിയാണ്. അന്ന് രാത്രി എവിടെനിന്നോ വന്ന ഒരു മഴ എല്ലാ നാടകങ്ങളെയും കുഴപ്പത്തിലാക്കി. സ്റ്റേജ് വെളിയിലായിരുന്നതിനാല്‍ കാണികളുടെ എണ്ണം വളരെ കുറഞ്ഞ് രണ്ടു വശങ്ങളിലും ഉള്ള സ്‌കൂള്‍ വരാന്തകളില്‍ മാത്രം ഒതുങ്ങി നിന്നു. നാടകത്തിന് മാര്‍ക്കിടാന്‍ ആയി മുന്നില്‍ കുടയും പിടിച്ചുകൊണ്ടിരിക്കുന്ന വിധികര്‍ത്താക്കളായ അധ്യാപകര്‍ക്കൊപ്പം കുറച്ചുപേര്‍ മാത്രം കുടയും പിടിച്ചുകൊണ്ട് അങ്ങുമിങ്ങുമായി സദസ്സില്‍ നില്‍പ്പുണ്ടായിരുന്നു. ലൂയി പാസ്റ്റര്‍ തന്റെ പരീക്ഷണശാലയിലെ ടെസ്റ്റ് ട്യൂബില്‍ പേപ്പട്ടി വിഷബാധയ്ക്കുള്ള 'വാക്‌സിന്‍' കൈയിലെടുത്ത് പരിശോധിക്കുമ്പോള്‍ സ്റ്റേജിനുമുകളില്‍ കെട്ടിയ നീല കര്‍ട്ടന്‍ അതുവരെ പിടിച്ചുനിര്‍ത്തിയ മഴവെള്ളം ക്ഷമ കെട്ട് ടെസ്റ്റ് ട്യൂബിലേക്ക് വീഴ്ത്തുന്നുണ്ടായിരുന്നു. പത്തോളം നാടകങ്ങള്‍ ഉണ്ടായിരുന്ന മത്സരത്തില്‍ സമ്മാനം വാങ്ങുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഫ്‌ളാഷ് ബാക്ക് രീതിയില്‍ തുടങ്ങിയ ഞങ്ങളുടെ നാടകത്തിന് മറ്റു നാടകങ്ങള്‍ക്ക് ഒന്നുമില്ലാത്ത ഒരു കൈയടി കിട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ നാടകത്തിന് സമ്മാനം കിട്ടും എന്നും ഒരുപക്ഷേ മികച്ച നടനുള്ള സമ്മാനം എനിക്ക് തന്നെ ആകുമോ എന്നും പ്രതീക്ഷിച്ചു.' പക്ഷേ പിന്നീടാണ് മനസ്സിലായത് നാടക സംവിധായകനായ സുരേന്ദ്രനും എന്റെ ജ്യേഷ്ഠനും അടുത്ത വീട്ടിലെ മധുവേട്ടനും ഒക്കെ അടങ്ങുന്ന സംഘം കാണികളില്‍ പലയിടത്തായി ഇരുന്നിട്ട് വിധികര്‍ത്താക്കളായ അധ്യാപകരുടെ മതിപ്പു കൂട്ടാന്‍ വേണ്ടി ചെയ്ത പണിയായിരുന്നു ഈ കൈയടി എന്ന്. ഇവര്‍ കൈയടിക്കാന്‍ തുടങ്ങുമ്പോള്‍ സ്വാഭാവികമായും അടുത്ത് നില്‍ക്കുന്നവരൊക്കെ കൈയടിക്കും. നാടകത്തിന്റെ ഫലം വന്നപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ഉത്സാഹം എല്ലാം നിരാശയിലേക്ക് വഴിമാറി. മികച്ച നടനുള്ള സമ്മാനം കെ.എം.ആര്‍.ന്റെ മകന്‍ സുധീറിന് കിട്ടും എന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നാരായണന്‍കുട്ടി കൊണ്ടുപോയി.

placeholder
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

കലയുടെയും കളിയുടെയും കമന്റടിയുടെയും കാലം തല്‍ക്കാലം കഴിഞ്ഞു. പത്താം ക്ലാസിന്റെ പൊതുപരീക്ഷയ്ക്കുള്ള സമയമായി. ജീവിതത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ആദ്യത്തെ പരീക്ഷ. വീട്ടുകാരോടൊപ്പം നാട്ടുകാരും ഒരുപോലെ കാത്തിരിക്കുന്ന ഏക പരീക്ഷ. നന്നായി പരിശ്രമിക്കുകയും അതുപോലെതന്നെ പഠിക്കുകയും ചെയ്തിരുന്നെങ്കിലും ശരിയായ മാര്‍ഗനിര്‍ദ്ദേശം കിട്ടായ്മ വല്ലാതെ ദോഷം ചെയ്തിട്ടുണ്ട്. നാട്ടില്‍ അപൂര്‍വ്വം ചില വീടുകളില്‍ മാത്രമേ അന്ന് വൈദ്യുതി ഉണ്ടായിരുന്നുള്ളൂ. ഉമ്മറത്ത് ഒരു മൂലയില്‍ വച്ചിരുന്ന പഴയ ഒരു സ്റ്റൂളും മേശയും അതിനുമുകളില്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു ചിമ്മിനി വിളക്കും പിന്നെ ഉറക്കം വരാതിരിക്കാന്‍ അമ്മ ഉണ്ടാക്കിത്തരുന്ന പാലൊഴിക്കാത്ത കട്ടന്‍ചായയും ആയിരുന്നു പഠിക്കാനുള്ള ആയുധങ്ങള്‍.

രാത്രി എത്ര നേരം വേണമെങ്കിലും ഇരുന്ന് പഠിക്കും. ഉറക്കം ഞെട്ടുന്ന അമ്മ പലപ്പോഴും പറയും 'പഠിച്ചത് മതി മോനെ ഇനി  ഉറങ്ങിക്കോ' എന്ന്. രാവിലെ എഴുന്നേല്‍ക്കുന്ന ശീലം ഇല്ലായിരുന്നു പക്ഷേ രാത്രി എത്ര നേരം വേണമെങ്കിലും ഇരിക്കും. ചിലപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബുക്കില്‍ തലയും താഴ്ത്തി ഉറങ്ങിപ്പോകുന്നതും അറിയില്ല. ഒരു ദിവസം എന്ത് സ്വപ്നാടനമാണ് സംഭവിച്ചത് എന്ന് അറിയില്ല. പഠിക്കാനിരുന്ന ഞാന്‍ ഓര്‍മവരുമ്പോള്‍ ഒരു ജനലും പിടിച്ചുകൊണ്ട് നില്‍ക്കുന്നു. അറിയിപ്പില്ലാതെ വന്ന കാറ്റ് ചിമ്മിനി വിളക്കിലെ വെളിച്ചം അണച്ചിരുന്നു. ശിവരാത്രി സമയമാണെന്ന് തോന്നുന്നു. വീട്ടുമുറ്റത്ത് നെല്‍കൃഷി ഒക്കെ കഴിഞ്ഞ് നെല്ല് വേര്‍തിരിച്ചതിനുശേഷം ബാക്കിവരുന്ന തുരുമ്പില്‍, അമ്മ ചാണകക്കട്ടകള്‍ ഉരുട്ടി വച്ച് അത് ചുട്ടെടുത്ത് ഭസ്മമാക്കി മാറ്റാന്‍ തീ ഇട്ടിരുന്നു. തുരുമ്പിന്‍ കൂമ്പാരത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന ആ ചെറിയ തീ ജ്വാലകള്‍ ആണ് കണ്ണ് തുറന്നപ്പോള്‍ കണ്ടത്. സ്ഥലകാലബോധം തിരിച്ചുകിട്ടാന്‍ കുറച്ചുസമയം എടുത്തു. ഒന്ന് പേടിച്ചെങ്കിലും പിന്നീട് പുസ്തകം മടക്കിവെച്ച്  അകത്തുപോയി കിടന്നുറങ്ങി.

കൊല്ലം അവസാനമായി. സ്‌കൂളിലെ യാത്രയയപ്പ് ചടങ്ങും കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കലും  അന്യോന്യം ഓട്ടോഗ്രാഫ് കൈമാറലും എല്ലാം കഴിഞ്ഞു. ഇത്രയും കാലം ഒന്നിച്ചു പഠിച്ച സഹപാഠികള്‍ ഇനി ഓരോ വഴിയിലേക്ക്. ഏതായാലും പരീക്ഷ എഴുതാന്‍ വരുമ്പോള്‍ ഇനിയും കാണാം എന്ന സമാധാനത്തില്‍ ഞങ്ങളെല്ലാവരും സ്‌കൂള്‍ വിട്ടിറങ്ങി. ഇനി ഒരൊറ്റ ലക്ഷ്യം മാത്രം. എങ്ങനെയെങ്കിലും എസ്.എസ്.എല്‍.സി എന്ന പത്താം ക്ലാസ് പരീക്ഷ പാസാകണം. 6 ദിവസമായി 12 പരീക്ഷകളാണ്. രാവിലെയും വൈകുന്നേരവും ഓരോ പരീക്ഷ. ഇടയില്‍ ഒരു ഞായറാഴ്ച കിട്ടിയാല്‍ ഭാഗ്യം. മറ്റൊരു ഇഷ്ട്ട വിഷയമായ ജീവശാസ്ത്രം പരീക്ഷയുടെ തലേന്ന് രാത്രി മുഴുവന്‍ ഉറങ്ങാതെ പഠിച്ചു. എട്ടാം ക്ലാസ് മുതല്‍ പഠിച്ചിരുന്ന പാഠങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ വരാമെന്നായിരുന്നു ഞങ്ങളോട് പറഞ്ഞിരുന്നത്. ശരിയായ ഒരു മാര്‍ഗ നിര്‍ദേശത്തിന്റെ കുറവായിരുന്നു അതൊക്കെ. തലേന്ന് രാത്രി മുഴുവന്‍ ഉറക്കൊഴിഞ്ഞതിന്റെ ഫലമായി അടുത്ത ദിവസത്തെ കണക്ക് പരീക്ഷക്ക് പഠിക്കാനിരുന്ന ഉടനെ തന്നെ ഉറങ്ങിപ്പോയി. കണക്കിലെ സൂത്രവാക്യങ്ങള്‍ ഒക്കെ തന്നെ ഒന്ന് പുനരവലോകനം ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു. ആ ഒരു ചെറിയ തെറ്റ് കൊണ്ട് തന്നെ കണക്ക് പരീക്ഷയില്‍ ഉണ്ടായിരുന്ന എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി. എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഫലം. ഞങ്ങള്‍ കൂട്ടുകാരെല്ലാം രാവിലെ തന്നെ കുളിച്ചൊരുങ്ങി സ്‌കൂളിലേക്ക് പോയി. പാസായവരുടെ റോള്‍ നമ്പര്‍ സ്‌കൂളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും അതിനുമുമ്പായി ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുകയും ചെയ്യും. ക്ലാസില്‍ ആദ്യത്തെ മൂന്നോ നാലോ സ്ഥാനത്ത് ആണെങ്കിലും 50 ശതമാനത്തില്‍ കൂടുതല്‍ പേര്‍ തോറ്റിരുന്ന ഒരു പരീക്ഷയുടെ ഫലം എന്തായിരിക്കും എന്ന് അറിയാന്‍ ഞങ്ങള്‍ എല്ലാ ആകാംക്ഷയോടും കൂടി കാത്തിരുന്നു. ഇടതുകൈയില്‍ പെന്നുകൊണ്ട് എഴുതിവെച്ച റോള്‍ നമ്പറിലേക്ക് വീണ്ടും വീണ്ടും നോക്കിക്കൊണ്ടേയിരുന്നു. അവസാനം പാസായവരുടെ കൂട്ടത്തില്‍ എന്റെ നമ്പറും പറഞ്ഞു. അടക്കാന്‍ പറ്റാത്ത സന്തോഷം. ഞങ്ങള്‍ പ്രധാന കൂട്ടുകാരായ മൂന്നുപേരും പാസായിരിക്കുന്നു. വീട്ടിലെത്തി. അച്ഛനും അമ്മയ്ക്കും എല്ലാം വലിയ സന്തോഷമായി. ആദ്യശ്രമത്തില്‍ തന്നെ എസ്.എസ്.എല്‍.സി. പാസായികിട്ടിയല്ലോ. പക്ഷേ മാര്‍ക്ക് ലിസ്റ്റ് കൈയല്‍ കിട്ടിയപ്പോള്‍ കണക്ക് പരീക്ഷയുടെ തലേന്ന് ഉറങ്ങി പോയതിന്റെ ഫലം പ്രത്യേകം കണ്ടു.  ഒമ്പതാം ക്ലാസില്‍ നൂറില്‍ 94/96 മാര്‍ക്ക് വാങ്ങിയിരുന്ന എനിക്ക് പത്താം ക്ലാസിന്റെ കൊല്ല പരീക്ഷയില്‍ അതിന്റെ പകുതി മാര്‍ക്ക് പോലും വാങ്ങാന്‍ സാധിച്ചില്ല. സമ്പന്നരായ കുട്ടികളൊക്കെ കോളേജില്‍ പോകുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ എന്റെ കാര്യത്തില്‍ പെട്ടെന്നൊന്നും തന്നെ ഒരു തീരുമാനമായില്ല. 

(തുടരും..... )