'ഗാന്ധിയൻ ഉപവാസം' എന്ന് ഇന്ന് ഏത് മൂന്നാംകിട പട്ടിണികിടക്കൽ സമരത്തേയും വിശേഷിപ്പിക്കുന്നത് കേൾക്കാറുണ്ട്. സമരം ചെയ്യുന്നവർക്കും അതിനെ വിശേഷിപ്പിക്കുന്നവർക്കും ഗാന്ധിയൻ ഉപവാസ സമരത്തെക്കുറിച്ച് ഒന്നുമറിയാത്തതുകൊണ്ടാണ് ലജ്ജയേതുമില്ലാതെ ഇതിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

മഹാനഗരമോടികളിൽനിന്ന് മാറി, ചില ത്രിസന്ധ്യകളിൽ, വിദൂരമായ ഇന്ത്യൻ ഗ്രാമങ്ങളിലെ പൊടിമൺപാതകളിലൂടെ യാത്ര ചെയ്യേണ്ടിവന്നപ്പോഴൊക്കെ, ഉയർന്നുപൊങ്ങുന്ന മൺധൂളികൾ ഒന്നടങ്ങുമ്പോൾ അതിനുള്ളിൽനിന്ന് ഒരു മനുഷ്യൻ ഉയിർക്കൊണ്ടുവരുന്നതായി ഞാൻ സങ്കൽപ്പിക്കാറുണ്ട്; വെറുതേ ഒരു രസത്തിന്. അർദ്ധനഗ്നനായി, വടികുത്തി, വട്ടക്കണ്ണടവെച്ച മഹാത്മാഗാന്ധിയുടെ രൂപം. ഇന്ത്യൻ ഗ്രാമങ്ങളിലെ പൊടിമൺകൂട്ടങ്ങളിൽനിന്ന് ഗാന്ധി പുറത്തേയ്ക്ക് വന്നു എന്നെഴുതിയാലും, ഏതെങ്കിലും ചലച്ചിത്ര സംവിധായകൻ അങ്ങിനെയൊരു ദൃശ്യം ചിത്രീകരിച്ചാലും അതൊരിക്കലും അതിശയയോക്തിപരമാവില്ല എന്ന കാര്യം തീർച്ച. ആധുനിക ഇന്ത്യയുടെ ദേശീയ നേതാക്കളിൽ മറ്റാരെ ഇങ്ങിനെ ചിത്രീകരിച്ചാലും സാമാന്യബോധമുള്ളവർ നെറ്റുചുളിയ്ക്കും. പക്ഷേ,ഗാന്ധിയുടെ കാര്യത്തിൽ ആരും ഇതവിശ്വസിക്കില്ല. കാരണം, ഗാന്ധി എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളും അവിടത്തെ പൊടിമണ്ണുപുരണ്ട ജീവിതവുമാണ്. അഭേദങ്ങളില്ലാത്ത യാഥാർത്ഥ്യമാണത്.
മഹാത്മാഗാന്ധിയുടെ നിശിതവിമർശകനായിരുന്ന എന്റെ അച്ഛന്റെ സ്വകാര്യപുസ്തക ശേഖരത്തിൽ നിറയെ ഗാന്ധി സാഹിത്യമായിരുന്നു. ഗാന്ധി എഴുതിയവയും ഗാന്ധിയെക്കുറിച്ച് എഴുതപ്പെട്ടവയും. എന്തിനേയും ആഴത്തിൽ പഠിച്ചതിന് ശേഷം യോജിക്കുകയും വിയോജിക്കുകയും വിമർശിക്കുകയും ചെയ്യുക എന്ന പഴയകാല അന്തസ്സ് പുലർത്തിയിരുന്നവരിൽ ഒരാളായിരുന്നു അച്ഛൻ. ഗാന്ധിയുടെ സാമ്പത്തിക ദർശനങ്ങളിലും വ്യക്തിജീവിത നിഷ്ഠകളിൽച്ചിലതിലും മാത്രമായിരുന്നു അച്ഛന് യോജിപ്പുണ്ടായിരുന്നത്. 'ഗാന്ധി ഒരു കിണ്ടി വെള്ളവുമായിപ്പോയി പ്രഭാതകൃത്യങ്ങളും കുളിയും കഴിഞ്ഞ് അരക്കിണ്ടി വെള്ളവുമായി തിരിച്ചുവരും' എന്ന വി.കെ.എന്നിന്റെ വാചകം അച്ഛൻ എപ്പോഴും ഉദ്ധരിക്കുമായിരുന്നു. ജീവിതത്തിന്റെ കണക്കുപുസ്തകം അങ്ങിനെയായിരിക്കണം എന്നച്ഛൻ വിശ്വസിച്ചു. കുത്തഴിഞ്ഞ കണക്കുപുസ്തകവുമായി ഞാൻ ജീവിക്കുന്നത് കാണുമ്പോഴെല്ലാം അൽപ്പം സങ്കടത്തോടെ അച്ഛൻ പറയുമായിരുന്നു: 'ഗാന്ധിയെ വായിച്ചാൽ മാത്രം പോര, ജീവിതത്തിലും ഗാന്ധി വേണം.'
മഹാത്മാഗാന്ധി ജീവിച്ച വഴികളിലൂടെ യാത്ര ചെയ്ത് ഞാനൊരു പുസ്തകമെഴുതിയപ്പോൾ അച്ഛൻ അതിനെ അത്ര ഗൗനിച്ചില്ല. പുസ്തകങ്ങളിലല്ല, പ്രവൃത്തിയിലും കണിശതകളിലുമാണ് ഗാന്ധി എന്ന് അച്ഛൻ വിശ്വസിച്ചിരുന്നു എന്ന് തോന്നുന്നു. ഗാന്ധിയെക്കുറിച്ച് 'He preached what he practiced' എന്ന് ലൂയി ഫിഷർ എഴുതിയത് പിന്നീട് വായിച്ചപ്പോൾ ഞാൻ അച്ഛന്റെ ഈ വിശ്വാസത്തെ ഓർത്തു. പല പല വിഷയങ്ങളിലുള്ള ഗാന്ധി സാഹിത്യമാണ് ഞാൻ ആദ്യം വായിച്ചുതുടങ്ങിയത്. മതം, തത്വചിന്ത, വിദ്യാഭ്യാസം, രാഷ്ട്രീയം, സാമൂഹികജീവിതം... അത്ഭുതകരമായ വൈവിധ്യങ്ങളുള്ള ഒരു മനുഷ്യനെയാണ് അവ എനിക്കുമുന്നിൽ വെളിവാക്കിത്തന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന അതേ ഗൗരവത്തോടെ ഗാന്ധി മനുഷ്യന്റെ ആരോഗ്യത്തിൽ ആട്ടിൻപാലിന്റെ പങ്കിനെക്കുറിച്ച് സംസാരിച്ചു; മതങ്ങളേയും മതഗ്രന്ഥങ്ങളേയും കുറിച്ച് സംസാരിച്ച് അടുത്ത നിമിഷം കുടുംബാസൂത്രണത്തെക്കുറിച്ചും ബ്രഹ്മചര്യത്തേക്കുറിച്ചും സംസാരിക്കാൻ അദ്ദേഹത്തിന് ഒട്ടും മടിയില്ലായിരുന്നു; വിദ്യാഭ്യാസത്തെക്കുറിച്ചും നിസ്സഹകരണ സമരത്തെക്കുറിച്ചും സംസാരിക്കുന്ന അതേ ആവേശത്തിൽത്തന്നെ ഗാന്ധി വേപ്പിലച്ചട്ടിണിയെക്കുറിച്ചും എനിമയെടുത്ത് വയർ ശുദ്ധീകരിക്കുന്നതിനെക്കുറിച്ചും സംസാരിക്കും. ഒരു വിഷയത്തിലും ഈ മനുഷ്യൻ ആധികാരികത അവകാശപ്പെട്ടില്ല. തെറ്റുകൾ സംഭവിച്ചപ്പോഴെല്ലാം തുറന്ന മനസ്സോടെ തിരുത്തി. ബ്രിട്ടീഷ് വൈസ്രോയിമാരോട് സംസാരിക്കുന്ന അതേ ഗൗരവത്തോടെയും ആത്മാർത്ഥതയോടെയും ആശ്രമത്തിലേയും ഇന്ത്യൻ ഗ്രാമങ്ങളിലേയും കുട്ടികളോടും സംസാരിച്ചു. അദ്ദേഹം നിരന്തരം പഠിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. കാബൂൾ മുതൽ കന്യാകുമാരി വരെ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴും ചിട്ടയായി ഉണർന്നു, പ്രാർത്ഥിച്ചു, നടന്നു, സ്വന്തം കക്കൂസ് സ്വയം കഴുകി, നൂറ് വാല്യം പുസ്തകങ്ങൾ എഴുതി, ചിന്തിച്ചു, മൗനം പാലിച്ചു, നൂൽനൂറ്റു, പ്രസംഗിച്ചു, അപഥസഞ്ചാരിയായ മൂത്തമകൻ ഹരിലാലിനെയോർത്ത് ദു:ഖിച്ചു.... അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരമ്പപ്പോടെ ഞാൻ ജീവിച്ച കാലമായിരുന്നു ഗാന്ധി സാഹിത്യവായനയുടേത്.
ഗാന്ധിയെക്കുറിച്ച് പലരും എഴുതിയ പുസ്തകങ്ങളുടെ വായനയായിരുന്നു പിന്നെ: ലൂയി ഫിഷർ, ഡോ.രാജേന്ദ്രപ്രസാദ്, ആചാര്യ കൃപലാനി, സുമിത്ര ഗാന്ധി കുൽക്കർണി... ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സമസ്തതലങ്ങളെക്കുറിച്ചും അതിസൂക്ഷ്മ ജ്ഞാനമുള്ള, സത്യത്തിൽ ഉറച്ച് ധീരനായ, അപാരമായ ക്ഷമയുള്ള, ഈ രാജ്യത്തിന്റെ മിടിപ്പറിഞ്ഞ് സന്ദർഭത്തിനനുസരിച്ച് സമരങ്ങൾക്ക് രൂപം നൽകുന്ന ഗ്രാൻഡ് ഡിസൈനറായ, എതിർക്കുമ്പോഴും ആരോടും വിദ്വേഷം സൂക്ഷിക്കാത്ത, പ്രവൃത്തിച്ച് കാണിച്ചതിന് ശേഷം മാത്രം പ്രസംഗിച്ച, ജനസാഗരത്തിന് നടുവിലിരിക്കുമ്പോഴും കാറ്റിലുലയാത്ത തിരിനാളം പോലെ ഏകാകിയായ, സിരകൾ വലിഞ്ഞുമുറുകുമ്പോഴും ഫലിതം പറയുന്ന, മനസ്സ് അശാന്തമാവുമ്പോഴെല്ലാം പ്രാർത്ഥനയിലും ഭജനുകളിലും തല ചായ്ച്ച, സ്വന്തം കുടുംബത്തിന് ഒരിക്കലും അമിതപ്രാധാന്യം നൽകാത്ത, ദിവസത്തിലെ 24 മണിക്കൂറിനെ കടുകുമണിയോളംപോലും കളയാത്ത ഒരാളായി ഈ പുസ്തകങ്ങളിലെല്ലാം ഗാന്ധി നിറഞ്ഞുനിന്നു. മീരാബഹനും ഗാന്ധിയും തമ്മിലുള്ള ബന്ധം വായിച്ച് ഹൃദയം തണുത്തപ്പോൾ രബീന്ദ്രനാഥ ടാഗോറും ഗാന്ധിയും സി.എഫ്.ആൻഡ്രൂസും തമ്മിലുള്ള ബന്ധവും കത്തിടപാടുകളും വായിച്ച് ഹൃദയം തളിർക്കുകയും എപ്പോഴൊക്കെയോ കരഞ്ഞുപോവുകയും ചെയ്തു.
മഹാത്മാഗാന്ധി ജനിച്ച പോർബന്തറിലെ വീട് തൊട്ട് അദ്ദേഹം വെടിയേറ്റു വീണ ന്യൂഡെൽഹിയിലെ ബിർള ഹൗസ് വരെ നടത്തിയ യാത്രയിലൂടെയാണ് ഗാന്ധി ബ്രഹ്മപുത്രയേക്കാളും നർമ്മദയേക്കാളും ഗംഗയേക്കാളും മഹാബാഹുവായ ഒരു നദിയായിട്ടാണ് ഈ രാജ്യത്തിലൂടെ പ്രവഹിച്ചിരുന്നതെന്നു മനസ്സിലാക്കിയത്. രാജ്കോട്ട്, കോച്ച്റബ്ബ്, സബർമതി, ദണ്ഡി, വാർധ, കൊൽക്കത്ത, ഡൽഹി… എല്ലായിടത്തും ആഴത്തിൽ പതിഞ്ഞിരുന്നു ആ കാൽപ്പാടുകൾ. എല്ലാം ദീർഘ ദീർഘമായ യാത്രകളുടെ തുടർച്ചകളായിരുന്നു.
ഏതോ വിദേശരാജ്യത്ത് കുറേക്കാലം പാർത്ത് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇന്ത്യയിൽ വന്നിറങ്ങി, ഈ സമൂഹത്തിൽ ഇടപെടുകയും സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളായിരുന്നില്ല ഗാന്ധി. 1915 ജനവരി 9-നാണ് നിത്യവാസത്തിനായി ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിൽ എത്തുന്നത്. ഗാന്ധിയുടെ സ്വഭാവം നന്നായറിയാവുന്ന ഗോപാലകൃഷ്ണ ഗോഖലെ അദ്ദേഹത്തോട് പറഞ്ഞു: 'ഒരു വർഷത്തേയ്ക്ക് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുക. യാത്ര ചെയ്യുക, കാണുക, നിരീക്ഷിക്കുക, കേൾക്കുക. നിങ്ങളുടെ കാഴ്ചപ്പാടുകൾ സ്വയം തിരുത്തപ്പെടും. അതിന് ശേഷം മാത്രം കാര്യങ്ങളിൽ ഇടപെടുക!'
അറിവിനേക്കാൾ അനുഭവമാണ് ഇന്ത്യയെന്ന് ഗോഖലേയ്ക്ക് നന്നായറിയാമായിരുന്നു; ഈ രാജ്യത്തിന് ഭൂമിയിലെ മറ്റൊരു രാജ്യവുമായും താരതമ്യങ്ങളില്ല എന്ന കാര്യവും. ഡൽഹിയിലേയോ കൊൽക്കത്തയിലേയോ മുംബെയിലേയോ ചെന്നൈയിലേയോ ബംഗളൂരുവിലേയോ നഗരചത്വരങ്ങളിൽനിന്ന് കാണുന്നതല്ല ഇന്ത്യ. അനേകം ഭാഷകൾ, മതങ്ങൾ, രുചികൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, വസ്ത്രധാരണങ്ങൾ, ആയിരക്കണക്കിന് ഗ്രാമങ്ങൾ, അതിന്റെ പതിന്മടങ്ങ് അടരുകളുള്ള സാമൂഹികജീവിതം, ജാതികൾ, ഉപജാതികൾ, പാട്ടുകൾ, കഥകൾ, പ്രാർത്ഥനകൾ.... ഇവയൊക്കെ മനസ്സിലാക്കാതെയും അനുഭവിക്കാതെയും ഇന്ത്യയിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.
ഗോഖലെയുടെ നിർദ്ദേശപ്രകാരം മുംബെയിൽനിന്ന് അഹമ്മദാബാദിലേയ്ക്ക് പോയ ഗാന്ധി അവിടെനിന്ന് പശ്ചിമ ബംഗാളിലെ ബോൽപ്പൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി ശാന്തിനികേതനിൽച്ചെന്ന് രബീന്ദ്രനാഥ ടാഗോറിനെക്കണ്ടു. ഗോഖലെ മരിച്ചപ്പോൾ കസ്തൂർബയേയും കൂട്ടി പൂനയിലേക്ക് പോയി. തിരിച്ച് ശാന്തിനികേതനിൽത്തന്നെയെത്തി, അവിടെനിന്ന് കൊൽക്കത്തയിലേക്കും ഹരിദ്വാർ, ഹൃഷികേശ്, മഥുര, വൃന്ദാവനം എന്നിവടങ്ങളിലേയ്ക്കും യാത്ര ചെയ്തു. അവിടെനിന്ന് മദ്രാസിലേയ്ക്കും ബെംഗളൂരുവിലേയ്ക്കും പോയി. 1915 മെയ് 11-ന് അഹമ്മദാബാദിലാണ് ആ യത്ര തീർന്നത്. മഞ്ഞും മഴയും ഉഷ്ണവും പൊടിക്കാറ്റുകളും വകവെയ്ക്കാതെ ബഹുജനം തിങ്ങിനിറഞ്ഞ മൂന്നാം ക്ലാസ് കംപാർട്ട്മെന്റിലായിരുന്നു എല്ലാ യാത്രകളും.
1916 ഫിബ്രവരി 4-ന് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ വൈസ്രോയി ഹാർഡിഞ്ച് പ്രഭുവിനും അധ്യക്ഷനായ ദർഭംഗ മഹാരാജാവിനും കിന്നരിത്തലപ്പാവുകൾ ധരിച്ച നാട്ടുരാജാക്കന്മാർക്കും മുന്നിൽ ഗാന്ധിയുടെ പ്രസംഗം ഒരു മനുഷ്യബോംബിന്റെ പ്രഹരശേഷിയോടെ ചിതറി. ആദ്യമായി വേറിട്ട ഒരു ശബ്ദം രാജ്യം കേൾക്കുകയായിരുന്നു. അവിടെനിന്നു യാത്ര തുടർന്ന ഗാന്ധിയും കസ്തൂർബയും പത്ത് ദിവസത്തിന് ശേഷമാണ് മദ്രാസിലെത്തുന്നത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മദ്രാസ് സർവ്വീസ് ലീഗിന്റെ വാർഷികത്തിൽ പ്രസംഗിക്കാനായിരുന്നു യാത്ര. ഗാന്ധിയെ സ്വീകരിക്കാനെത്തിയ സംഘാടകരായ വിദ്യാർത്ഥികൾ അദ്ദേഹത്തെത്തേടി ഒന്നാം ക്ലാസ് കംപാർട്ട്മെന്റിന്റേയും രണ്ടാം ക്ലാസിന്റേയും ജനലോരത്തൂടെ നടന്നു. രണ്ടിലും ഗാന്ധിയെക്കാണാതെ അവർ അമ്പരന്നു. ഒടുവിൽ മൂന്നാം ക്ലാസ് കംപാർട്ട്മെന്റിൽ നാലു ദിവസം നീണ്ട യാത്രയാൽ ക്ഷീണിച്ച്, ആസകലം പൊടിയിൽക്കുളിച്ച വസ്ത്രങ്ങളാൽപ്പൊതിഞ്ഞ് ഗാന്ധിയും കസ്തൂർബയും ഇരിക്കുന്നത് അവർ കണ്ടു. വിദ്യാർത്ഥികൾ ഗാന്ധിയുടേയും കസ്തൂർബയുടേയും ശരീരത്തിൽനിന്ന് ഇന്ത്യയെ മണത്തു. ഇന്ത്യൻ ഗ്രാമങ്ങളുടെ ചൂരറിഞ്ഞു. സ്റ്റേഷന് പുറത്ത് കാത്തുനിന്നിരുന്ന കുതിരവണ്ടികളിൽനിന്ന് കുതിരകളെ മാറ്റി, സ്വയം കുതിരകളായി വലിച്ചാണ് ആ വിദ്യാർത്ഥികൾ ഗാന്ധിയേയും കസ്തൂർബയേയും കോളേജിലേയ്ക്ക് കൊണ്ടുപോയത്!
ഇത്തരത്തിൽ സുദീർഘങ്ങളായ യാത്രകൾക്കും അനുഭവങ്ങൾക്കും ശേഷമാണ് സാധാരണ മനുഷ്യരുടെ ചെറിയ പ്രശ്നങ്ങളിൽ ഗാന്ധി ഇടപെട്ടു തുടങ്ങുന്നത്. അഹമ്മദാബാദ് കോട്ടൺമിൽ സമരം, ചമ്പാരൻ സത്യാഗ്രഹം, ബർദോളി... മെല്ലെ മെല്ലെ മെല്ലെ ഗാന്ധി പടർന്നു തുടങ്ങുകയായിരുന്നു. മഹാത്മാവായി പന്തലിക്കുകയായിരുന്നു. ഗാന്ധിയുടെ ചിത്രം പതിച്ച ടീഷർട്ടിട്ടും ഗാന്ധിയുടെ പ്ലക്കാർഡുകൾ പിടിച്ചും ഇന്ത്യയെ പിടിച്ചുലയ്ക്കാനുള്ള സമരങ്ങൾ നടത്തുന്ന ആരും ഗാന്ധി നടത്തിയ അത്ഭുതകരമായ ഒരുക്കങ്ങളെക്കുറിച്ച് ഓർക്കാറില്ല. സമരങ്ങൾക്കിറങ്ങുന്നതിന് മുൻപ് ഇന്ത്യയെ അറിയുക എന്ന മാന്ത്രികകല അഭ്യസിക്കാറുമില്ല. നഗരങ്ങളിൽനിന്നല്ല; ഗ്രാമങ്ങളിൽനിന്നാണ് മഹാസമരങ്ങൾ ആരംഭിക്കേണ്ടത് എന്ന ഗാന്ധിയൻ തത്വം അവർ പഠിക്കാറില്ല. ഗ്രാമങ്ങളെ ഉണർത്താതെ ഒരിക്കലും ഇന്ത്യ ഉണരില്ല എന്ന് അന്ന് ഗാന്ധി പറഞ്ഞതിൽ ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല.
ഗാന്ധി നടത്തിയ എല്ലാ സമരങ്ങൾക്കും സവിശേഷമായ പ്രവേഗ(Momentun)വും താളവും രൂപഘടനയും അപാരമായ മൗലിക കൗശലവുമുണ്ടായിരുന്നു. സബർമതി ആശ്രമത്തിന്റെ തൊട്ടടുത്തുതന്നെ ഉപ്പു കുറുക്കുന്ന സ്ഥലമുണ്ടായിട്ടും ഗാന്ധി മുന്നൂറ്റിയെൺപതിലധികം കിലോ മീറ്ററുകൾക്കപ്പുറമുള്ള ദണ്ഡിയിലേക്ക് നടന്നതിന് കാരണം, സമരം എന്നത് പതിയെപ്പതിയെ വളർന്ന് പെരുകിപ്പെരുകി പ്രവാഹമാവേണ്ട ജൈവികമായ ചലനമാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്. പ്രഭാതഭക്ഷണം കഴിഞ്ഞാരംഭിച്ച് രാത്രി ഭക്ഷണമാവുമ്പോഴേയ്ക്കും ഒരു സമരത്തിലും ഗാന്ധി ഫലം പ്രതീക്ഷിച്ചിരുന്നില്ല. കൃത്യമായ പ്ലാനിങ്ങും അപാരമായ ക്ഷമയുമായിരുന്നു ഗാന്ധിയുടെ സമരങ്ങളെ ഒരു കലാരൂപത്തെപ്പോലെ മനോഹരമാക്കിയത്.
'ഗാന്ധിയൻ ഉപവാസം' എന്ന് ഇന്ന് ഏത് മൂന്നാംകിട പട്ടിണികിടക്കൽ സമരത്തേയും വിശേഷിപ്പിക്കുന്നത് കേൾക്കാറുണ്ട്. സമരം ചെയ്യുന്നവർക്കും അതിനെ വിശേഷിപ്പിക്കുന്നവർക്കും ഗാന്ധിയൻ ഉപവാസ സമരത്തെക്കുറിച്ച് ഒന്നുമറിയാത്തതുകൊണ്ടാണ് ലജ്ജയേതുമില്ലാതെ ഇതിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. രാഹുൽ ഗാന്ധി നരേന്ദ്രമോദിക്കെതിരെയോ നരേന്ദ്രമോദി രാഹുൽഗാന്ധിക്കെതിരേയോ ഉപവസിച്ചാൽ രണ്ടുപേരും വിശന്നു തളരുകയല്ലാതെ മറ്റൊരു ഫലവുമുണ്ടാവില്ല. കാണം ആശയവ്യത്യാസങ്ങൾക്കുപരിയായി ഹൃദയങ്ങൾ കീഴടക്കപ്പെടുമ്പോഴാണ് ഉപവാസ സമരങ്ങൾ ഫലപ്രാപ്തിയിലെത്തുന്നത്. ഉപവസിക്കുന്നയാളിന്റെ ജീവന് ആർക്കെതിരെയാണോ ഉപവസിക്കുന്നത് അയാളിൽ സ്നേഹത്തിന്റെ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കണം. ഇയാൾ ജീവിച്ചിരിക്കേണ്ടത് എന്റെ ആത്മാവിന്റെ ആവശ്യമാണെന്ന് എതിർവശത്തുള്ളയാൾക്ക് തോന്നണം. വെട്ടിയും കൊന്നും കലി പൂണ്ട് മനുഷ്യർ മതഭേദമില്ലാതെ കൊൽക്കത്തയിൽ ഗാന്ധിയുടെ ഉപവാസക്കിടക്കക്കരികെ വന്നത് ഗാന്ധി മരിക്കരുതെന്ന് അവരുടെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് ആരോ മന്ത്രിച്ചതുകൊണ്ടാണ്. കഠിനമായി എതിർത്തുകൊണ്ടിരിക്കുമ്പോഴും ഗാന്ധി ജീവിക്കണമെന്നു മോഹിച്ചവരായിരുന്നു ബ്രിട്ടീഷ് വൈസ്രോയിയും മുഹമ്മദലി ജിന്നയും അംബേദ്കറുമെല്ലാം- അപ്പുറത്ത് അന്തസ്സുള്ള ഒരു എതിരാളിക്കു വേണ്ടിയാണെങ്കിൽപ്പോലും.
ഇന്ത്യയുടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് ബഹുവിധമായ ജനങ്ങളോട് ഇടപഴകിയതുകൊണ്ടാവണം ഇന്ത്യയെ ഒരിക്കലും ഏകശിലാ രൂപത്തിലേയ്ക്ക് ചുരുക്കാൻ സാധിക്കില്ലെന്ന സത്യം ഗാന്ധിയ്ക്ക് മനസ്സിലായിരുന്നു. ബഹുസ്വരമാണ് ഈ രാജ്യത്തിന്റെ സംഗീതം എന്ന തിരിച്ചറിവിൽനിന്നുകൊണ്ടായിരുന്നു ഗാന്ധിയുടെ ഓരോ ചുവടും. മറ്റു പല കാര്യങ്ങളിലേയും നിലപാടുകൾ സ്വയം തിരിച്ചറിഞ്ഞ് ഗാന്ധി നവീകരിച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ നാനാത്വ വൈവിധ്യത്തെക്കുറിച്ചുള്ള ബോധ്യം വെടിയേറ്റ് വീഴുംവരെ ഗാന്ധിയിൽ ഇടറാതെ നിന്നു. ജാതി നിർമ്മാർജ്ജനം, ന്യൂനപക്ഷ പരിഗണന, മതസാഹോദര്യം എന്നിവയെ ഗാന്ധി തന്റെ പ്രധാന ജീവിത സന്ദേശമാക്കിയതിന് കാരണം സ്വാനുഭാവാധിഷ്ഠിതമായ ഈ ബോധ്യം തന്നെയായിരിക്കണം.
അന്നും ഇന്നും ഡൽഹിയിലിരിക്കുന്നവർക്ക് ഗാന്ധിയെ മനസ്സിലാവാത്തതിന് പ്രധാന കാരണം ഇന്ത്യയെന്താണെന്നും ഇന്ത്യൻ ഗ്രാമങ്ങളെന്താണെന്നും അറിയാതെ കൊണാട്ട് പ്ലേസിലും ജൻപഥിലുമൊക്കെ എത്തുന്നതുകൊണ്ടാണ്. ഗാന്ധി ഗ്രാമങ്ങളിലൂടെ നടന്നുനടന്ന് പൊടിമൺചേലയുമായി ഡൽഹിയിലെത്തിയപ്പോൾ മറ്റുള്ളവർ വിമാനത്താവളത്തിൽ പരിമളങ്ങൾ പുരണ്ട വസ്ത്രങ്ങളോടെ വന്നിറങ്ങിയവരായിരുന്നു. പ്രസംഗങ്ങളല്ല പ്രവൃത്തിയാണ് ഗാന്ധി എന്ന സത്യം അവർ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.
നാഗരികനായ നെഹ്റുവിന് ഗ്രാമീണനായ ഗാന്ധിയെ മുഴുവനായി മനസ്സിലായിരുന്നില്ലെന്ന കാര്യം തീർച്ചയാണ്. അത് നെഹ്റുവിന്റെ പരിമിതിയായിരുന്നു; ഗാന്ധിയുടെ പിഴവായിരുന്നില്ല. ലോകപൗരനും സ്വപ്നാടനകനുമായിരുന്ന നെഹ്റുവിന്റെ കാഴ്ചപ്പാടുകളെ ഗാന്ധി തമസ്കരിച്ചില്ല; ചവറ്റുകുട്ടയിൽ എറിഞ്ഞതുമില്ല. അവ അടുത്ത ഘട്ടത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ ഗാന്ധി തന്റെ ഗ്രാമങ്ങളെ മുറുകെപ്പിടിച്ചു. ഇവിടെ ഗാന്ധിയും നെഹ്റുവും ഒരേ പോലെ ശരിയായിരുന്നു; ചിലപ്പോഴൊക്കെ തെറ്റും. രണ്ടുപേരും കലഹങ്ങളില്ലാതെ സമാന്തര രേഖപോലെ നീണ്ടുപോയി; അപ്പോഴും അവരിരുവരും സ്നേഹത്തോടെ കൈകോർത്തു പിടിച്ചിരുന്നു.
അമേരിക്കൻ പത്രപ്രവർത്തകനായ ലൂയി ഫിഷർ ഗാന്ധിയുടെ ജീവചരിത്രമെഴുതാനായി വാർധ ആശ്രമത്തിലെത്തി. നടത്തത്തിനിടയിലും ഭക്ഷണം കഴിക്കുമ്പോഴും നൂൽനൂൽക്കുമ്പോഴുമെല്ലാം ഫിഷറിന് തന്നെ ഇന്റർവ്യൂ നടത്താൻ ഗാന്ധി അനുവാദം നൽകി. ഒരു ദിവസം ഫിഷർ പറഞ്ഞു: 'I thought you are perfect.'
അപ്പോൾ ഫിഷറിനോട് ഗാന്ധി പറഞ്ഞു: 'No. I am very imperfect. Before you are gone you will have discovered a hundred of my faults and if you don't, I will help you to see them.'
ഇത്രമേൽ സത്യസന്ധനും സുതാര്യനുമായിരുന്നു ഗാന്ധി. പിഴവുകൾക്ക് മേൽ പിഴവുകളെ തിരുത്തിത്തിരുത്തി സ്വയം സ്ഫുടം ചെയ്തു അദ്ദേഹം.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം നടന്ന യുവജനപ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തി ജർമ്മനിയിലേക്ക് തിരിച്ചുപോകും മുമ്പ് ഒരു ഇംഗ്ലീഷ് മാഗസിന് നൽകിയ ദീർഘമായ അഭിമുഖത്തിലൊരിടത്ത് യൂട്യൂബർ ധ്രുവ് റാട്ടി പറഞ്ഞു: 'ഞങ്ങളെല്ലാം നിറയെ അഭിനിവേശമുള്ളവരാണെന്നു ഞാൻ കരുതുന്നു. പക്ഷേ, ഞങ്ങൾക്ക് കുറച്ച് പരിചയക്കുറവുണ്ട്. വഴിയിൽ എന്തെങ്കിലും തെറ്റുപറ്റിയാൽ ക്ഷമിക്കണമെന്നു ഞാൻ എല്ലാവരോടും അപേക്ഷിക്കുന്നു. പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിലും ഞങ്ങൾക്ക് 20 വർഷത്തെ പരിചയം പോലുമില്ല. ഞങ്ങൾ ഞങ്ങൾക്കാവും വിധം ചെയ്യുന്നു... ഞാനെന്റെ സുഹൃത്തുക്കളോട് എപ്പോഴും പറയാറുണ്ട്- Just try to keep Gandhiji in mind.'
അത്രയെങ്കിലും സുതാര്യതയും സത്യസന്ധതയും ആ വാക്കുകളിലുണ്ട്. അങ്ങിനെയാവുമ്പോഴും, 'ഗാന്ധിയാണ് ഞങ്ങളുടെ വഴികാട്ടി, ഞങ്ങൾ ഗാന്ധിയൻ സമരമാണ് ചെയ്യുന്നത്' എന്ന് പറയുന്ന പ്രക്ഷോഭകർക്കും സമരക്കാർക്കും 'ആദ്യം പോയി ഇന്ത്യ കാണൂ, വിമാനങ്ങളിൽനിന്നിറങ്ങി ഇന്ത്യയെ ആഴത്തിലും പരപ്പിലും പഠിച്ച്, ഗ്രാമങ്ങളിലെ പൊടിമൺപാതകളിലൂടെ നടന്ന് ഡൽഹിയിലേക്ക് വരൂ' എന്നുപദേശിക്കാൻ ഒരു ഗോഖലെ ഇല്ലാതെ പോയി. കഷ്ടം.
*തലക്കെട്ടിന് ഡി.വിനയചന്ദ്രന്റെ പി: സമസ്തകേരളം പി.ഒ എന്ന കവിതയോട് കടപ്പാട്
Published: 16 Nov 2026, 12:38 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented