
കമ്മ്യൂണിസത്തിന്റെയും നക്സലിസത്തിന്റെയും ഒക്കെ നാടായിരുന്നല്ലോ നമ്മുടെ കേരളം. നാടിനെ കുലുക്കിയ കോങ്ങാട്ട് സംഭവം നടക്കുമ്പോള്‍ എനിക്ക് എട്ടു വയസ്സായിരുന്നു. പാലക്കാട് കോങ്ങാട് എന്ന് പറയുന്ന സ്ഥലത്ത് നക്സലൈറ്റുകള്‍ ജന്മിയായിരുന്ന നാരായണന്‍കുട്ടി എന്ന് പറയുന്ന ആളുടെ തല വെട്ടിയെടുത്ത് വീട്ടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച കഥ നാട്ടുകാര്‍ പറഞ്ഞത് കേട്ടപ്പോള്‍ മനുഷ്യന്മാര്‍ക്ക് ഇങ്ങനെയും ചെയ്യാന്‍ പറ്റുമോ എന്ന് ആലോചിച്ചിട്ടുണ്ട്. ജനിച്ചത് അടുത്തില നാട്ടിലായിരുന്നെങ്കിലും വളര്‍ന്നത് അച്ഛന്റെ നാടായ കല്യാശേരിയില്‍ ആയിരുന്നുവെന്ന് പറഞ്ഞല്ലോ. പട്ടാളജീവിതം കഴിഞ്ഞ് വന്ന അച്ഛന്‍ അന്ന് മലബാറിലെ പ്രശസ്ത സ്ഥാപനമായ വെസ്റ്റേണ്‍ ഇന്ത്യ കോട്ടന്‍സില്‍ വാച്ച്മാന്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ അഞ്ച് പേരായിരുന്നു. ഞാന്‍ രണ്ടാമത്തേത്. 'പത്തായപ്പുര' എന്ന് വിളിച്ചിരുന്ന ഒരു ഓടുമേഞ്ഞ പഴയ വീട്ടിലായിരുന്നു എന്റെ ഓര്‍മവെച്ച കാലം മുതല്‍ ഞങ്ങള്‍ വളര്‍ന്നത്.
ചെറുപ്പം മുതലേ അതുല്യമായ ഒരു ജീവിതരീതിയായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. മണ്ണുകൊണ്ട് ഉണ്ടാക്കുന്ന ചിരട്ടപ്പുട്ടിനുപോലും മറ്റു കുട്ടികളുടെതില്‍ നിന്നും ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. മരച്ചില്ലകളും, ഇലകളും തെങ്ങോലകളും മട്ടലുകളും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന ചെറിയ കൂടാരങ്ങള്‍ക്കും ഉണ്ടായിയുന്നു ഒരു പ്രതേകത. മറ്റുള്ളവരുടെ കൂടാരത്തില്‍ ഇഴഞ്ഞുനീങ്ങി ഉള്ളിലെത്തണമെങ്കില്‍ ഞാന്‍ ഉണ്ടാക്കുന്നതില്‍ നിവര്‍ന്നുകൊണ്ടുതന്നെ പോകാം. നമ്മുടെ നാട്ടില്‍ 'പൊങ്ങ് 'എന്ന് പറയുന്ന, മരച്ചീനിക്കമ്പിനുള്ളില്‍ കിട്ടുന്ന തെര്‍മോക്കോളിനോട് സാമ്യമുള്ള ഒരു സാധനത്തിന് പലതരത്തിലുള്ള മഷി കളര്‍ കൊടുത്തിട്ട് മുള്ളിന്റെ കമ്പുകളില്‍ കുത്തിവെച്ച് പൂച്ചെടികള്‍ നിര്‍മിച്ചിരുന്ന കാലം, കളിമണ്ണ് കൊണ്ട് പക്ഷികളെയും പാമ്പിനെയും നിര്‍മിച്ച കാലം, പരുത്തികൊണ്ട് പക്ഷികളെയും തത്തകളെയും നിര്‍മിച്ച കാലം, മുട്ടത്തോടിലും വൈക്കോലിലും ഒക്കെ കലാസൃഷ്ടികള്‍ നെയ്തെടുത്ത് സ്വന്തം പ്രദര്‍ശനശാല ഒരുക്കിയിരുന്ന കാലം. കരകൗശലവിദ്യയാണ് എന്റെ വിനോദം എന്ന് മനസ്സിലാക്കി തുടങ്ങിയിരുന്നു.
ജനുവരി മാസങ്ങളില്‍ വിളക്കില്‍ ഒഴിക്കുന്ന വെളിച്ചെണ്ണപോലും തണുത്തുറച്ച് മെഴുകുപോലെ ആകുമായിരുന്നു. കാറ്റിനെയും മഴയെയും ഒരുപോലെ ആഗ്രഹിച്ചിരുന്ന കാലം. വര്‍ഷങ്ങളായി വെയില്‍ കൊണ്ട് കരിമ്പിച്ച 'മേഗ്ലൂര്‍ ടൈലിന്' മുകളില്‍ പല രൂപത്തിലും ഭാവത്തിലും കാലവര്‍ഷം ചെണ്ട കൊട്ടുന്നതും, അത് ഓടിലൂടെ ഒഴുകി അതിന്റെ വേഗതയ്ക്ക് അനുസരിച്ച് മുറ്റത്ത് കുഴികള്‍ സൃഷ്ടിക്കുന്നതും കണ്ടും കേട്ടും ഉറങ്ങാന്‍ ഒരു രസം തന്നെയാണ്. വര്‍ഷങ്ങളായി മേല്‍ക്കൂരയില്‍ കൈകോര്‍ത്ത് കിടന്നിരുന്ന ഓടുകളില്‍ ചിലതെങ്കിലും പണിമുടക്കാന്‍ തുടങ്ങിയിരിക്കും. തന്നില്‍ പതിക്കുന്ന സൂര്യകിരണങ്ങളെ ഉള്ളിലേക്ക് എറിഞ്ഞ് തന്റെ പ്രതിഷേധം രേഖപ്പെടുത്താറുണ്ടെങ്കിലും അത് ശരിക്കും തിരിച്ചറിയാന്‍ മഴക്കാലം തന്നെ വേണ്ടിവരും. ചിതല്‍ എടുക്കാന്‍ തുടങ്ങിയ ബെഞ്ചിന്റെ മുകളില്‍ കയറി ഓടുകള്‍ക്കിടയിലെ വിടവുകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന അച്ഛനോ ജ്യേഷ്ഠനോ വേണ്ടുന്ന തെങ്ങോല കഷണങ്ങള്‍ എടുത്തുകൊടുക്കേണ്ട ജോലി എന്റേതായിരുന്നു. പോയ വര്‍ഷം എഴുതി പഠിച്ച പുസ്തകത്തിന്റെ പഴയ പേജുകള്‍ പുതിയ കടലാസ് ബോട്ടുകളായി രൂപം കൊണ്ട്, അത് വീട്ടുമുറ്റത്തെ പുതുതായി രൂപം കൊള്ളുന്ന കുമിളകളെയും, വെള്ളത്തിലേക്ക് അലിഞ്ഞുചേരുന്ന പഴയതിനെയും ശ്രദ്ധിക്കാതെ യാത്ര തുടരുമ്പോള്‍, കൊച്ചുമനസ്സില്‍ കാത്തിരിക്കുന്നത് അടുത്ത ചുമതലയായിരുന്നു. മഴ പെയ്തുകഴിഞ്ഞാല്‍ അടുത്ത വീട്ടിലെ ആള്‍താമസമില്ലാത്ത പറമ്പുകളില്‍ പോയാല്‍ അത് മാങ്ങയുടെയും കശുവണ്ടിയുടെയും ഒരു ചാകരയായിരിക്കും. പാലപ്പൂവും ഇലഞ്ഞിപ്പൂവും വീഴുന്ന കാലങ്ങളില്‍ രാവിലെയായിക്കിട്ടാന്‍ കാത്തുകിടക്കുമായിരുന്നു. അടുത്ത വീട്ടിലെ പറമ്പില്‍ ഈ പറഞ്ഞ മരങ്ങളും പൂക്കളും ധാരാളം ഉണ്ടായിരുന്നു. നൂലില്‍ കോര്‍ത്ത്, ആരും അതുവരെ ചെയ്യാത്തത്ര നീളത്തിലുള്ള പൂമാലകള്‍ ഉണ്ടാക്കുക എന്നത് ഒരു വാശിയായിരുന്നു. പുതിയ മാലകള്‍ ഉണ്ടാക്കുമ്പോള്‍ പഴയത് എടുത്തുകളയും. ഗിന്നസ് ബുക്കിനെപ്പറ്റി ഒന്നും അന്ന് അറിയില്ലായിരുന്നല്ലോ!

ബുദ്ധിവെച്ച കാലം മുതല്‍ തന്നെ പല ആദര്‍ശങ്ങള്‍ക്കും ഉടമയായിരുന്നു. പൗഡര്‍ പോലെയുള്ള സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കില്ല, ചെരുപ്പ് ധരിക്കില്ല. കൈത്തറി അല്ലെങ്കില്‍ ഖദര്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നുള്ളൂ. പുകവലിയോ മദ്യപാനമോ ജീവിതത്തില്‍ ഒരിക്കലും ശീലമാക്കില്ല എന്ന് പ്രതിജ്ഞ എടുത്തു. ആദ്യകാല തീവണ്ടികളെ പോലെ തന്നെ, ചിരട്ട കത്തിച്ച് ഇന്ധനം നിറച്ച ഇസ്തിരിപ്പെട്ടികൊണ്ട് അമ്മ തേച്ച് മിനുക്കിയെടുത്ത ട്രൗസറും കുപ്പായവും ധരിപ്പിച്ച് 'തറ' 'പറ' എഴുതിയ പുസ്തകവും തോളിലേറ്റി നടുനിവര്‍ന്നുള്ള നടത്തംകൊണ്ടായിരിക്കണം ചിലരൊക്കെ അന്നെന്നെ 'ജെന്റില്‍മാന്‍' എന്ന് വിളിച്ചിരുന്നു. മാണിക്കോത്തെ മുരളിയേട്ടനാണ് ആ പേര് എനിക്കിട്ടത് എന്നാണ് എന്റെ ഓര്‍മ. വാഴ ഇലയോ, കുറുക്കൂട്ടി ചപ്പോ, ലഞ്ച് ബോക്സിന്റെ ജോലി നോക്കിയിരുന്ന കാലം. മുറ്റമടിക്കുന്ന സ്ത്രീകള്‍ അറിയാതെതന്നെ ഒരു കൈ കൊണ്ട് മാറ് മറക്കുന്നതുപോലെ, വലതുകൈ ഇടത് പോക്കറ്റിലെ പെന്‍സിലിനെയും റബ്ബറിനെയും സംരക്ഷിച്ചുകൊണ്ട്, ഉച്ചഭക്ഷണത്തിനായി സ്‌കൂളില്‍ നിന്ന് വീട്ടിലേക്കും തിരിച്ച് അങ്ങോട്ടും ഉള്ള ഓട്ടം, സമയത്തിന്റെ വിലയെ തിരിച്ചറിയാനുള്ള ഒരു പരിശീലനം ആയിരുന്നു.
ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ വസൂരി വന്നിട്ട് അടുത്ത വീട്ടില്‍ നിന്നും കൊണ്ടുവന്ന വേപ്പില വിരിച്ച മെത്തയില്‍ ഏകാന്ത ജീവിതം നയിക്കുമ്പോഴും അസുഖം വരാനുണ്ടായിരുന്ന കാരണം വീട്ടുകാര്‍ കണ്ടെത്തിയിരുന്നു. വീട്ടിനടുത്തുള്ള ആശാരി കോട്ടത്ത് അഗ്നി കണ്ടകര്‍ണന്റെ ഗുരുസിയും ബലിതര്‍പ്പണവും നടക്കുന്ന സമയത്ത് തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് കരഞ്ഞതാണത്രേ കാരണം. അപ്പോള്‍ അതിനുള്ളിലെ യുക്തി ഞാന്‍ തേടുകയായിരുന്നു. സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു മുച്ചിലോട്ട് കാവുണ്ടായിരുന്നു. പൂരകാലങ്ങളില്‍ നാടിന് മുഴുവന്‍ ഒരാഴ്ച വേണ്ടുന്ന ചെമ്പകപ്പൂ തരാന്‍ മാത്രം കഴിവുള്ള വലിയ ചെമ്പക മരങ്ങളോടുകൂടിയ കാവ്. അറിവുകൊണ്ട് വിജയം നേടിയ ഒരു ബ്രാഹ്‌മണ കന്യക, ഏറ്റവും വലിയ നോവ് പേറ്റുനോവെന്നും ഏറ്റവും വലിയ രസം കാമരസമെന്നും പണ്ഡിതന്മാരുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞതിന്, അപവാദപ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍ അപമാന ഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ആ ബ്രാഹ്‌മണ കന്യക ആണത്രേ മുച്ചിലോട്ട് ഭഗവതി. ആ കാവിന്റെ മുറ്റത്ത് കൂടിയായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. ആദ്യകാലങ്ങളില്‍ ഒക്കെ മറ്റുള്ളവരെപ്പോലെ കുറച്ചുനേരം അവിടെനിന്ന് പ്രാര്‍ത്ഥിച്ചിട്ട് മാത്രമേ സ്‌കൂളില്‍ പോകുമായിരുന്നുള്ളൂ. ക്രമേണ ഞാന്‍ എന്നോടുതന്നെ ചോദിക്കുമായിരുന്നു ഇതിന്റെ യുക്തി എന്താണെന്ന്. അങ്ങനെ അടുത്തില മുച്ചിലോട്ട് കാവിലെ തെയ്യദിവസം ജനിച്ച ഞാന്‍ മറ്റൊരു മുച്ചിലോട്ട് കാവിന്റെ മുറ്റത്ത് കൂടിയുള്ള യാത്രയിലൂടെ നിരീശ്വരവാദിയും യുക്തിവാദിയുമായി മാറുകയായിരുന്നു.
പഠിക്കുന്ന കാലത്ത് തന്നെ കൂട്ടുകാരൊക്കെ കുറവായിരുന്നു. ഏതൊരു പ്രവര്‍ത്തിയിലും വ്യത്യസ്തത കാണാന്‍ ചെറുപ്പം മുതലേ ശ്രമിച്ചിരുന്നു. മറ്റ് സമപ്രായക്കാരൊക്കെ ചേര്‍ന്ന് സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും മറ്റും അടുത്ത പറമ്പിലെ പുളിമരത്തിന്റെ കീഴില്‍ കൊടി ഉയര്‍ത്തി ആഘോഷിക്കുമ്പോള്‍ ഞാന്‍ എന്റെ വീട്ടുപറമ്പില്‍ ഇതൊക്കെ ഒറ്റയ്ക്ക് തന്നെ ആഘോഷിക്കുമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തിയറ്ററുകളില്‍ മാറിമാറി വരുന്ന സിനിമയുടെ പരസ്യവുമായി അടുത്തുള്ള പാപ്പിനിശ്ശേരി ബിന്ദുവില്‍നിന്നും, മാങ്ങാട് നിഷയില്‍ നിന്നും, കണ്ണപുരം മണികണ്ഠനില്‍ നിന്നുമൊക്കെ വരുന്ന പഴയ അംബാസിഡര്‍ കാറും ജീപ്പും റോഡിലുള്ളവര്‍ക്കൊക്കെ സിനിമാപരസ്യത്തിന്റെ പല നിറത്തിലുള്ള നോട്ടീസ് വിതരണം ചെയ്തുകൊണ്ടുപോകുമായിരുന്നു. വണ്ടിക്ക് മുകളില്‍ കെട്ടിയ ഉച്ചഭാഷിണിയിലൂടെ വരുന്ന അറിയിപ്പിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ കിഴക്കുനിന്ന് വരുന്ന വണ്ടിയെ ലക്ഷ്യമാക്കി പടിഞ്ഞാറോട്ടും പടിഞ്ഞാറ് നിന്ന് വരുന്ന വണ്ടിയെ ലക്ഷ്യമാക്കി കിഴക്കോട്ടും ഓടുമായിരുന്നു. അങ്ങനെ ശേഖരിക്കുന്ന നോട്ടീസിനെ, അച്ഛന്‍ ഷേവ് ചെയ്ത് ഉപേക്ഷിക്കുന്ന പഴയ ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് രൂപപ്പെടുത്തി, കടയില്‍നിന്നു സാധനങ്ങള്‍ പൊതിഞ്ഞുതരുന്ന ചണനൂലില്‍ മൈദമാവ് കലക്കിയതോ മരങ്ങളില്‍നിന്നു കിട്ടുന്ന സാധാരണ പശയോ ചേര്‍ത്ത് ഒട്ടിച്ച് തോരണങ്ങളാക്കി ശേഖരിച്ച് വെക്കുമായിരുന്നു. നാട്ടിലെ തുന്നല്‍ക്കാരിയായ ഒരു ചേച്ചിയെക്കൊണ്ട്, ബാക്കി വരുന്ന തുണികൊണ്ട് തുന്നിച്ചേര്‍ത്ത കൊടിയില്‍ സ്വന്തമായി വരച്ച അശോകചക്രം ചേര്‍ത്ത്, നീളമുള്ള മുളയില്‍ കെട്ടി നേരത്തെ പറഞ്ഞ തോരണങ്ങളുംകൂടി ചേര്‍ത്ത് അലങ്കരിച്ച് വരുമ്പോള്‍ മറ്റുള്ളവരെല്ലാംകൂടി അടുത്ത പറമ്പില്‍ ചെയ്തതിനേക്കാളും വലിയ ആഘോഷമായി മാറുമായിരുന്നു ഞാന്‍ ഒറ്റയ്ക്ക് ചെയ്തത്.

അന്ന് അഞ്ചാംപീടികയില്‍ കൊല്ലന്‍ ദാമോദരന്റെ ഒരു സൈക്കിള്‍ കട ഉണ്ടായിരുന്നു. മണിക്കൂറിന്റെ കണക്കനുസരിച്ച് വാടക കൊടുത്താല്‍ അയാള്‍ സൈക്കിള്‍ ഓടിക്കാന്‍ തരും. നാട്ടിലെ കുട്ടികളെല്ലാം കശുവണ്ടി വിറ്റ കാശുമായി പോയിട്ട് സൈക്കിള്‍ വാടകയ്ക്ക് എടുത്ത് അങ്ങനെയാണ് സൈക്കിള്‍ പഠിച്ചിരുന്നത്. രണ്ടുരൂപയോ മറ്റോ കൊടുത്താല്‍ സൈക്കിള്‍ ഒരു ദിവസം മുഴുവന്‍ വീട്ടില്‍ വെയ്ക്കാം. അങ്ങനെ മറ്റുള്ള കുട്ടികള്‍ സൈക്കിള്‍ പഠിച്ചിരുന്ന സമയത്ത് ഞാന്‍ എന്തുകൊണ്ടോ അതില്‍ ഏര്‍പ്പെട്ടിരുന്നില്ല. പിന്നീട് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിനുശേഷമാണ് ഞാന്‍ സൈക്കിള്‍ പഠിച്ചത്. എനിക്ക് താഴെ മൂന്നു കുട്ടികള്‍ ഉണ്ടായിരുന്നതുകൊണ്ട് പലപ്പോഴും ഒരു കുട്ടി എന്റെ ചുമലിലോ തോളത്തോ ഒക്കെ ആയിട്ടുണ്ടാവുമായിരുന്നു. മറ്റ് ജോലികളിലും ചെറുപ്പം മുതലേ ഞാന്‍ അമ്മയെ സഹായിച്ചിരുന്നു. അമ്മയും അച്ഛനും വളരെ സത്യസന്ധത ഉള്ളവരായിരുന്നു. അച്ഛനെ കുറിച്ച് പിന്നീട് പറയാം. അന്ന് അമ്മയെപ്പോലെ തന്നെ 'സത്യസന്ധയായ', തീരെ വെള്ളം ചേര്‍ക്കാത്ത പാല്‍ തരുന്ന ഒരു കറവ പശു ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ വീട്ടിലെ പാലിന് ആവശ്യക്കാര്‍ കൂടുതല്‍ ആയിരുന്നെങ്കിലും അടുത്തുള്ള ഒന്നോ രണ്ടോ വീട്ടില്‍ കൊടുക്കാന്‍ വേണ്ടുന്ന പാല്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. സ്‌കൂളില്‍നിന്നും വന്നാല്‍ പശുവിന് വേണ്ടുന്ന പുല്ല് പറിച്ചുകൊണ്ട് കൊടുക്കുക, ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഒരു കൈയില്‍ പുസ്തകവുമായി പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോവുക എന്നതൊക്കെ എന്റെ ജോലിയായിരുന്നു.
വീട്ടില്‍ സ്വന്തമായി കിണറില്ലായിരുന്നു. അടുത്ത വീട്ടിലെ തറവാട്ട് കിണറില്‍ നിന്നും തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളംകോരി കൊണ്ടുവന്ന്, വീട്ടിലെ ചെമ്പ് പാത്രങ്ങളില്‍ ശേഖരിക്കുമായിരുന്നു. നമുക്ക് സ്വന്തമായി കോലത്ത് വയലില്‍ കൃഷിഭൂമി ഉണ്ടായിരുന്നു. അതില്‍ നെല്ല്, ഉഴുന്ന് എന്നിവ നടാനും അത് കൊയ്തുകൊണ്ടുവരാനും ഒക്കെ ഞാന്‍ അമ്മയെ സഹായിച്ചിരുന്നു. അന്നത്തെ മിക്സിയായ 'ആട്ടമ്മിയില്‍' അടുത്ത ദിവസത്തെ ദോശക്ക് വേണ്ടുന്ന മാവ് ഞാന്‍ സ്വന്തമായി ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അമ്മയുടെ തറവാട്ടില്‍ ആണ്ടിലൊരിക്കല്‍ ഉണ്ടാകുന്ന തെയ്യം കാണാന്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ ചെറിയ വയസ്സില്‍തന്നെ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്ക് നിന്നിട്ടുണ്ട്. വിറകടുപ്പ് കത്തിക്കാനായി കുഴല്‍കൊണ്ട് ഊതി പരാജയപ്പെട്ട് കരഞ്ഞപ്പോള്‍ അടുത്ത വീട്ടിലെ ശാന്തേച്ചി വന്ന് സഹായിച്ചത് ഓര്‍മയുണ്ട്. തീപ്പെട്ടിപോലും വിരളമായ ആ കാലങ്ങളില്‍ അടുത്ത വീട്ടിലെ അടുപ്പില്‍ നിന്നും തീ കൊണ്ടുവന്ന് സ്വന്തം വീട്ടിലെ അടുപ്പ് കത്തിച്ചിരുന്നത്രെ. അന്ന് പലരും അടുത്തുള്ള വയലുകളില്‍ കൊല്ലത്തിലൊരിക്കല്‍ പച്ചക്കറി കൃഷി ചെയ്യുമായിരുന്നു. വര്‍ഷം മുഴുവന്‍ വേണ്ടുന്ന വെള്ളരിക്കയും മത്തനും കുമ്പളങ്ങയുമൊക്കെ അങ്ങനെ ലഭ്യമായിരുന്നു. അതിന് വെള്ളമൊഴിക്കാനും വളമിടാനുമൊക്കെ ഞാനും ജ്യേഷ്ഠനും എപ്പോഴും അമ്മയുടെ കൂടെയുണ്ടായിരുന്നു.
(തുടരും)
Content Highlights: Lieutenant Colonel Surendran M.K., Autobiography, Jeevitham enna theekkadal
Published: 05 Feb 2024, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented