'മോര്‍ണിംഗ് പാഞ്ച് ബജെ ഫാള്‍ ഇന്‍, വിത്ത് പാക്ക് ലഞ്ച്'.
ബാറ്ററി ഹവില്‍ദാര്‍ മേജറിന്റെ ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന ഓര്‍ഡര്‍ വന്നുകഴിഞ്ഞു. ഡല്‍ഹിയിലേക്ക് പോകുന്നതിനായി ബാറ്ററിയിലെ മുഴുവന്‍ ആള്‍ക്കാരും വാഹനങ്ങളും ഗണ്ണും എല്ലാമായി രാവിലെ 5 മണിക്ക് മൈതാനത്തില്‍ ഹാജരാകണം. അതിനുമുമ്പ് ലങ്കറില്‍ പോയി അവനവന്റെ പാക്ക് ലഞ്ച് കരസ്ഥമാക്കണം. ഇങ്ങനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള നീക്കങ്ങള്‍ക്കിടയില്‍ പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി എല്ലാവര്‍ക്കും വിതരണം ചെയ്യും. പിന്നെ രാത്രി ഭക്ഷണം ഞങ്ങള്‍ എവിടെയാണോ പോയി തമ്പടിക്കുന്നത്, അവിടെ ലഭിക്കും. ഓരോ വാഹനത്തിലും യാത്ര ചെയ്യുന്നവരുടെ കണക്ക് അനുസരിച്ച് ഞങ്ങള്‍ അഞ്ചും ആറും പേരുടെ സംഘത്തിന് വേണ്ട ഭക്ഷണം ലങ്കറില്‍ പോയി വാങ്ങിവന്നു. പൂരിയും ഉരുളക്കിഴങ്ങ് സബ്ജിയും തന്നെ. രണ്ട് പൂരി രാവിലത്തേക്കും ആറെണ്ണം ഉച്ചത്തേക്കുമായി ആളെണ്ണം എട്ട് പൂരി വെച്ചുതന്നു. ചിലപ്പോള്‍ ജീരകം വറുത്തിട്ട മഞ്ഞ കളര്‍ നല്‍കിയ ചോറും ഉണ്ടാകും. പക്ഷേ എത്ര മോശമായാലും തണുത്തതായാലും വെളിയില്‍വെച്ച് ഇതൊക്കെ കഴിക്കാന്‍ വലിയ സ്വാദാണ്. നാട്ടിലെ അമ്പലങ്ങളില്‍ വല്ലപ്പോഴുമൊക്കെ കഴിക്കുന്ന ഭക്ഷണംപോലെയാണ്.
രണ്ടോ മൂന്നോ ദിവസത്തെ ഇടവേളകളിലായി ഓരോ ബാറ്ററി ആയിട്ടാണ് ഡല്‍ഹിയിലേക്കുള്ള നീക്കം തീരുമാനിച്ചിരിക്കുന്നത്. പലതരത്തിലുള്ള ആയുധങ്ങളും തന്ത്രപ്രധാനമായ ഉപകരണങ്ങളുമൊക്കെ ചേര്‍ന്ന അറുപതില്‍ കൂടുതലുള്ള വാഹന വ്യൂഹങ്ങളെ അപകടങ്ങള്‍ ഒന്നുംകൂടാതെ ഡല്‍ഹിയില്‍ എത്തിക്കണം. ബാറ്ററി കമാന്‍ഡറുടെ ചെറിയ വാഹനമായ ജീപ്പ് അല്ലെങ്കില്‍ ജിപ്‌സി, വാഹനവ്യൂഹങ്ങള്‍ക്ക് മുന്നിലും ബാറ്ററിയുടെ രണ്ടാം കമാന്‍ഡറിന്റെ വാഹനം ഏറ്റവും പിറകിലും ആയിട്ടുണ്ടാവും. അവര്‍ തമ്മില്‍ റേഡിയോ സെറ്റിലൂടെ ആശയവിനിമയം നടത്തും. വഴിയില്‍ വെച്ച് ഏതെങ്കിലും വണ്ടി കേടായാല്‍ അതിനെ നന്നാക്കി എടുത്തുകൊണ്ടുവരണം. അതിനായി ഇ.എം.ഇ.യിലെ ജവാന്മാരും മെഡിക്കല്‍ കാര്യങ്ങള്‍ക്കായി ആര്‍മി മെഡിക്കല്‍ കോറിലെ ജവാന്‍മാരും കൂടെയുണ്ടാവും.
Also Read
വാഹനങ്ങള്‍ തമ്മിലുള്ള അകലം, വേഗത തുടങ്ങി പല 'കോണ്‍വോയ് ഡിസിപ്ലിനും' ശ്രദ്ധിച്ചു കൊണ്ടുവേണം പോകാന്‍. സിവില്‍ ഏരിയയിലൂടെയാണ് പോകുന്നത്. അതും നാഷണല്‍ ഹൈവേ. എല്ലാവരും നല്ല ഡിസിപ്ലിന്‍ തുടരണം. വഴിയില്‍ രണ്ടുനേരത്തെ ചായയും ഉണ്ടാക്കി വിതരണംചെയ്ത്, കുക്ക് ഹൗസ് വണ്ടിയും അതിന്റെ കൂടെ ഒരു വെള്ളം വണ്ടിയും ഒരു ജെ.സി.ഒ.വിന്റെ കീഴില്‍ സ്വതന്ത്രമായി വിട്ടു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് എത്തി, രാത്രി ഭക്ഷണത്തിനുവേണ്ട തയാറെടുപ്പ് തുടങ്ങാമല്ലോ. പലപ്പോഴും ആര്‍മി യൂണിറ്റുകള്‍ ഉള്ള സ്ഥലം ലക്ഷ്യം വെച്ചുകൊണ്ടായിരിക്കും ഇതൊക്കെ പദ്ധതിചെയ്യുക. ആഗ്രയിലെ ഒരു ആര്‍മി യൂണിറ്റിന്റെ വലിയ മൈതാനത്തായിരുന്നു അന്ന് രാത്രി ഞങ്ങള്‍ ക്യാമ്പടിച്ചത് എന്ന് തോന്നുന്നു. മുട്ടക്കറിയും കൂട്ടിയുള്ള രാത്രി ഭക്ഷണത്തിന് ഒരിക്കലുമില്ലാത്ത സ്വാദ്.
കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തെ ആര്‍മി ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. ഡല്‍ഹിയില്‍ സിറ്റിയുടെ നടുവില്‍ തന്നെയാണ് നമ്മുടെ റെജിമെന്റിന്റെ സ്ഥലവും. വികസനത്തിന്റെ വിത്ത് പോലും പാകാത്ത ഒരു നാടന്‍ ഗ്രാമത്തില്‍ നിന്നും ഏഷ്യന്‍ ഗെയിംസ് നടത്തിയ ഏഷ്യാഡ് ഗ്രാമത്തിലേക്കുള്ള പരിവര്‍ത്തനം. കാളവണ്ടികളുടെയും ട്രാക്ടറുകളുടെയും നാട്ടില്‍ നിന്നും കൊടിവെച്ച വാഹനങ്ങളുമായി പോകുന്ന മന്ത്രിമാരുടെ നാട്ടിലേക്ക്. ഹോസ്പിറ്റല്‍ പോലും ഇല്ലാത്ത ഒരു നാട്ടില്‍ നിന്നും ഇന്ത്യയുടെ ഒന്നാം നമ്പറായ 'എയിംസ്' ഹോസ്പിറ്റലിന്റെ നാട്ടിലേക്ക്. ഒരു ഹൈസ്‌കൂള്‍ പോലും ഇല്ലാതിരുന്ന നാട്ടില്‍ നിന്നും മഹത്തായ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നാട്ടിലേക്ക്. ഖാപ്പ് പഞ്ചായത്തിലൂടെ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു നാട്ടില്‍ നിന്നും നമ്മുടെ മഹത്തായ സുപ്രീം കോടതിയുടെ നാട്ടിലേക്ക്. നമ്മുടെ അഹങ്കാരങ്ങളായ കുത്തബ് മിനാറിന്റെയും ചുവന്ന കോട്ടയുടെയും നാട്ടിലേക്ക്. ഡല്‍ഹിയിലെ ജീവിതവുമായി ഒത്തുചേര്‍ന്നു.

ബി.എ. ഫൈനല്‍ എക്‌സാം അടുത്ത് എത്താറായി. അതിനിടയില്‍ എനിക്ക് പഠിക്കാന്‍ നല്ല സമയം കിട്ടി. ഞങ്ങള്‍ മുന്‍പ് ഉണ്ടായിരുന്ന സ്ഥലമായ താല്‍ബട്ടില്‍ ഞങ്ങള്‍ വന്നതിനുശേഷം പല സ്ഥലങ്ങളില്‍ നിന്നും റെയില്‍വേ വഴി വന്ന സാധനങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഒരാള്‍ വേണമായിരുന്നു. അവിടെ ഇപ്പോള്‍ ഉള്ളത്, മുമ്പ് എന്നെ ബോക്‌സിങ് പഠിപ്പിച്ച ഹവില്‍ദാര്‍ ഗുര്‍ദീപ് സിംഗ് ആണ്. കുറച്ച് സീനിയര്‍ റാങ്കില്‍ ഉള്ളവരെയും കല്യാണം കഴിച്ച് ഫാമിലിയൊക്കെ ഉള്ളവരെയും മാത്രമേ അങ്ങനെ ഒറ്റയ്ക്കുള്ള ഡ്യൂട്ടിക്ക് വിടാറുള്ളൂ. പക്ഷേ എന്റെ സ്വഭാവം നന്നായി അറിയുന്ന എന്റെ മേലുദ്യോഗസ്ഥര്‍, ഹവില്‍ദാര്‍ ഗുര്‍ദീപ് സിംഗിന് ലീവിന് പോകേണ്ട സമയമായതിനാല്‍ എന്നെ അങ്ങോട്ടേക്ക് വിട്ടു. ഞാന്‍ ബി.എ.ക്ക് പഠിക്കുന്നുണ്ടെന്നും അത് എനിക്ക് ഒരു ഉപകാരമാകും എന്നും എന്നെ അവിടേക്ക് അയച്ച മലയാളിയായ ക്യാപ്റ്റന്‍ ജോണ്‍സിന് അറിയാമായിരുന്നു. ഏതായാലും അത് എനിക്ക് ഒരു വലിയ ഉപകാരമായി. പഠിക്കാന്‍ ഒരുപാട് സമയം കിട്ടി.
ഞാന്‍ നാട്ടില്‍ ലീവിലുഉള്ളപ്പോള്‍ തന്നെ രണ്ടാമത്തെ അനുജത്തി സുരജക്കും ഒരു വരനെ കണ്ടെത്തി. രാധാകൃഷ്ണന് കോയമ്പത്തൂരില്‍ 'മരുതമലൈ കോവില്‍' എന്ന അമ്പലത്തിന്റെ പരിസരത്ത് ബിസിനസ് ആയിരുന്നു. നാട്ടില്‍ കല്യാണത്തിന് വന്ന അവന്റെ കൂട്ടുകാരായ തമിഴന്മാര്‍ക്കൊക്കെ പെണ്ണിനെ മാത്രമല്ല പെണ്ണിന്റെ ജ്യേഷ്ഠനെയും നല്ലവണ്ണം പിടിച്ചു. കാരണം, ഇതുവരെ പഠിച്ചെടുത്ത തമിഴ് ഭാഷയെല്ലാംതന്നെ ഒരു ദിവസംകൊണ്ട് അവരുടെ മുന്നില്‍ പറഞ്ഞ് തീര്‍ക്കുകയായിരുന്നു ഞാന്‍.
നാട്ടില്‍ നിന്നും ടെലഗ്രാം വന്നു. ഞാന്‍ ബി.എ. പാസായിരിക്കുന്നു. ഓഫീസില്‍ നിന്ന് ടെലിഗ്രാം വായിച്ചുകൊണ്ട് വരുമ്പോള്‍ ആദ്യമായി കണ്ടത് ക്യാപ്റ്റന്‍ ഗുപ്തയെ ആയിരുന്നു. ആദ്യമായി സന്തോഷം പങ്കിട്ടത് അദ്ദേഹവുമായിട്ടാണ്. എനിക്ക് ഹസ്തദാനം തന്നു. എല്ലാവര്‍ക്കും വലിയ സന്തോഷമായി. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇത്രയും കാലത്തെ പരിശ്രമത്തിന്റെ ഫലം കണ്ടെത്തിയിരിക്കുന്നു. വിനോദവും വിശ്രമവും ഇല്ലാത്ത കഴിഞ്ഞ നാല് വര്‍ഷത്തെ അവധി ദിനങ്ങള്‍. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട്, തന്നിരുന്ന എല്ലാ ജോലികളും 100% ആത്മാര്‍ത്ഥതയോടുകൂടി തന്നെ ചെയ്തുതീര്‍ത്തുകൊണ്ട്, ജോലിക്കിടയിലും നൈറ്റ് ഡ്യൂട്ടിക്കിടയിലും കിട്ടിയ ഇടവേളകളെ ഫലപ്രദമായി ഉപയോഗിച്ച്, ജീവിതത്തിലെ ഒരു സെക്കന്‍ഡ് പോലും വെറുതെ കളയരുത് എന്ന സിദ്ധാന്തത്തിലൂടെ നേടിയെടുത്ത വിജയം.
ബാറ്ററിയില്‍ എല്ലാവര്‍ക്കും മിഠായി വിതരണം ചെയ്തു. ഓഫീസര്‍മാര്‍ എല്ലാം നന്നായി അഭിനന്ദിച്ചു. അവര്‍ക്കെല്ലാം തന്നെ എന്നോട് വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. കാരണം ഓഫീസര്‍ മെസ്സിലും ലേഡീസ് മീറ്റിലും ഒക്കെ വേണ്ട തീം പാര്‍ട്ടിക്ക് അനുയോജ്യമായ അലങ്കാരങ്ങളും മറ്റും ചെയ്യുന്നത് ഞാനും രമേശനും കൂടിയായിരുന്നു. പിന്നീട് പുതുതായി പോസ്റ്റിങ് വന്ന പത്തനംതിട്ടക്കാരനായ മധു ഞങ്ങളെ സഹായിക്കാന്‍ തുടങ്ങി. സര്‍വേയര്‍ മധു നല്ല കലാകാരനായിരുന്നു. ചിത്രകല മാത്രമല്ല നല്ലൊരു അഭിനേതാവ് കൂടിയായിരുന്നു മധു. മധു വന്നതിനുശേഷം ഞങ്ങളുടെ പണി കുറച്ച് കുറഞ്ഞു കിട്ടി.
ഓഫീസര്‍ ആകുക എന്ന എന്റെ ലക്ഷ്യത്തിലേക്കുള്ള ഒന്നാം പടി കടന്നു. കമ്മീഷന്‍ ടെസ്റ്റിന് പോകാനുള്ള യോഗ്യത നേടിയിരിക്കുന്നു. പക്ഷേ ചെറിയ സര്‍വീസില്‍ തന്നെ ഓഫീസര്‍ ആകാനുള്ള 'ആര്‍മി കേഡറ്റ് കോളേജ്' വഴിയുള്ള പ്രവേശനത്തിനുള്ള വയസ്സിന്റെ പരിമിതി കഴിഞ്ഞിരിക്കുന്നു. ഇനിയുള്ളത് സര്‍വീസിന്റെയും രഹസ്യ റിപ്പോര്‍ട്ടിന്റെയും ഒക്കെ അടിസ്ഥാനത്തിലുള്ള പ്രവേശനങ്ങളാണ്. 9 വര്‍ഷത്തെ സര്‍വീസ് വേണം. എനിക്ക് അത് ആയിക്കഴിഞ്ഞു. ഇനി വേറെ പാഠ്യപുസ്തകങ്ങള്‍ പഠിക്കാന്‍ ഇല്ലാത്തതുകൊണ്ട് മുമ്പോട്ടുള്ള ജീവിതരീതി മാറ്റി.
പ്രധാന നഗരമായതുകൊണ്ട് അതിന്റെ ഗുണങ്ങള്‍ പലതുമുണ്ടായിരുന്നു. സ്വന്തമായി ഇംഗ്ലീഷ് ന്യൂസ് പേപ്പറും, കോമ്പിറ്റേഷന്‍ സക്‌സസ്, റീഡേഴ്‌സ് ഡൈജസ്റ്റ് എന്നീ മാസികകളും വരുത്താന്‍ തുടങ്ങി. മനോരമ ഇയര്‍ ബുക്ക് വാങ്ങി. സി.എസ്.ഡി. കാന്റീനില്‍ നിന്നും ഒരു പോക്കറ്റ് റേഡിയോ വാങ്ങി. നൈറ്റ് ഡ്യൂട്ടിയിലും മറ്റും അത് എപ്പോഴും കൈയില്‍കൊണ്ടുനടക്കും. ബി.ബി.സി. ന്യൂസ് കേള്‍ക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. അങ്ങനെ പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനുള്ള എല്ലാ ഉറവിടവും കണ്ടെത്തി.
എനിക്കുശേഷം നാട്ടിലെ മറ്റു കൂട്ടുകാര്‍ക്ക് എല്ലാം ജോലിയായി. സി.വി. രമേശനും സുരേഷും ഹരിയും മാത്രമേ ഇപ്പോള്‍ നാട്ടിലുള്ളൂ. രമേശന് മാങ്ങാട്ട് പറമ്പിലുള്ള കെല്‍ട്രോണില്‍ ജോലി കിട്ടി. സുരേഷ് മെഡിക്കല്‍ റെപ്രസെന്ററ്റീവ് ജോലി വിട്ട് പിന്നീട് എല്‍.എല്‍.ബി. എടുത്ത് വക്കീലായി. ഹരിക്ക് ബാങ്കില്‍ കിട്ടി. പി.വി രമേശനും സുഭാഷിനും ബോംബെയില്‍ ജോലിയായി. രഘുവിന് എയര്‍ഫോഴ്‌സില്‍ കിട്ടി. ശശി ബാംഗ്ലൂരിലും പിന്നീട് ദുബായിലും പോയി. രാധാകൃഷ്ണന്‍ ചെന്നൈയിലും പിന്നീട് അമേരിക്കയിലേക്കും പോയി. മോഹനന്‍ മധ്യപ്രദേശില്‍ എസ്. കുമാര്‍സില്‍. അരുണ്‍ പോളിടെക്‌നിക്കും എന്‍.ടി.ടി.എഫും പഠിച്ച് ബാംഗ്ലൂരില്‍ ജോലിയായി.
1990-ല്‍ പ്രധാനമന്ത്രി വി.പി സിംഗ്, സംവരണവുമായി ബന്ധപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട് നാട് മുഴുവന്‍ വിദ്യാര്‍ഥികള്‍ സമരംചെയ്യുകയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ദേശബന്ധു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജീവ് ഗോസ്വാമി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്ത സമയമായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടിയപ്പോള്‍ ആഭ്യന്തരസുരക്ഷയ്ക്കായി നമ്മുടെ യൂണിറ്റിന് പോകേണ്ടിവന്നു.
ഡല്‍ഹി തുഗ്ലക്കാബാദ് റേഞ്ചില്‍ 'ട്രെയിനിങ് ഫിലിമിനു'വേണ്ടിയുള്ള ഷൂട്ടിംഗ് നടക്കുകയായിരുന്നു. കുറെ ഗണ്ണുകളും മറ്റു വാഹനങ്ങളും ഒക്കെ ആയിട്ട് ഞങ്ങള്‍ രാവിലെ പോകും വൈകുന്നേരം തിരിച്ചുവരും. മൂന്നാല് ദിവസത്തെ പരിപാടിയുണ്ടായിരുന്നു. റോക്കറ്റ് ലോഞ്ചര്‍ മറ്റ് ഗണ്ണുകളെ പോലെയല്ല. മറ്റ് ഗണ്ണുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് വേറെ വലിയ വാഹനങ്ങളുടെ പിന്നില്‍ ഘടിപ്പിച്ചിട്ടാണ്. എന്നാല്‍ റോക്കറ്റ് ലോഞ്ചര്‍ 40 ബാരലുകളും വഹിച്ചുകൊണ്ട് സ്വയം ഓടിക്കാവുന്ന ഒരു വാഹനം തന്നെയാണ്. പക്ഷേ റഷ്യന്‍ നിര്‍മിതമായതുകൊണ്ട് അത് 'ലെഫ്റ്റ് ഹാന്‍ഡ്' ഡ്രൈവിംഗ് ആണ്. യുദ്ധക്കളത്തില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ഡല്‍ഹി പോലെയുള്ള തിരക്കേറിയ റോഡില്‍ അത് അറിയാതെ വരുന്ന മറ്റ് വാഹനങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് സാധ്യത വരുത്തിയിട്ടുണ്ട്.
ഒരു ദിവസം രാവിലെ പോകുമ്പോള്‍ ഒരു മാരുതിക്കാറുകാരന്‍ നമ്മുടെ ഗണ്ണുമായി ഇടിച്ചു. തന്റെ തെറ്റ് മനസ്സിലാക്കിയ മാരുതി ഡ്രൈവര്‍ ആര്‍മിക്കാരെ കണ്ട് വല്ലാതെ ഭയന്നുപോയി. അദ്ദേഹത്തിന്റെ കാറിനും കുറേ കേടുപറ്റി. പിന്നെ ഞങ്ങളെല്ലാവരും ഇറങ്ങി ഗണ്ണില്‍ കുടുങ്ങിക്കിടന്ന കാറിനെ പൊക്കി ഒരു വശത്തുവെച്ചിട്ട് ഷൂട്ടിങ്ങിനുവേണ്ടി തിരിച്ചു. ജ്യേഷ്ഠന്റെയും അനുജത്തിമാരുടെയും കല്യാണം കഴിഞ്ഞു. ഇനി ഒരു അനുജന്‍ പഠിക്കുന്നതേ ഉള്ളൂ. അതുകൊണ്ട് എനിക്കും ഒരു പെണ്ണ് കാണാന്‍ തുടങ്ങി. നാട്ടില്‍ ഒന്ന് രണ്ട് കല്യാണ ദല്ലാള്‍മാരെ ഏല്‍പ്പിച്ചു. അവരെക്കൊണ്ട് സാധിക്കാതെ വന്നപ്പോള്‍, അല്ലെങ്കില്‍ എന്റെ താല്പര്യത്തിനനുസരിച്ചിട്ടുള്ള കുട്ടികളെ കിട്ടാതെ വന്നപ്പോള്‍ നാട്ടിലെ പേപ്പറില്‍' ഡല്‍ഹിയില്‍ ആര്‍മിയില്‍ ജോലിയുള്ള ബിരുദധാരിയായ' എന്ന് തുടങ്ങുന്ന പരസ്യംകൊടുത്തു. കാരണം ആറടി രണ്ടിഞ്ച് ഉയരമുള്ള എനിക്ക് ഒത്ത ഒരു കുട്ടിയെ വേണം. സൗന്ദര്യം വേണം. വിദ്യാഭ്യാസം വേണം. കാരണം നാളെ ഓഫീസര്‍ ആകാന്‍ പോകുന്ന ആളുടെ ഭാര്യയ്ക്ക് വിദ്യാഭ്യാസം കുറയാന്‍ പാടില്ലല്ലോ!. നല്ല ഉയരമുള്ള പെണ്ണിനുവേണ്ടി അന്വേഷിച്ച് നടന്നപ്പോള്‍ ഇഞ്ചിക്കാലിലെ ബാലേട്ടന്‍ എന്നെ ഉപദേശിച്ചു:
'മോനെ, അച്ഛനും അമ്മയും നല്ല ഉയരം ഉള്ളവരായാല്‍ ജനിക്കുന്ന മക്കള്‍ അതിനെക്കാളും ഉയരമുള്ളവര്‍ ആയിരിക്കും.'
ബാലേട്ടന്‍ അത് പറയാന്‍ കാരണമുണ്ട്. ബാലേട്ടനും ഭാര്യയും തീരെ ഉയരം കുറഞ്ഞവരാണ്. അതുപോലെതന്നെയാണ് അവരുടെ മക്കളും. അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ ഗൗരവമായി എടുത്തില്ലെങ്കിലും പിന്നീട് ഞാന്‍ സര്‍വീസ് ചെയ്ത മറ്റൊരു യൂണിറ്റിലെ ഒരു ഓഫീസര്‍ കുടുംബത്തെ കണ്ടപ്പോള്‍ അത് ബോധ്യമായി. കേണല്‍ ഖന്നയും ഭാര്യയും നല്ല ഉയരമുള്ളവരായിരുന്നു. അവരുടെ രണ്ട് ആണ്‍മക്കള്‍ക്കും അതിനേക്കാള്‍ ഉയരം. ഒരാള്‍ ആറര അടിയോളം ഉണ്ട്. ഏതായാലും എന്റെ കാര്യത്തില്‍ അവസാനം അധികം ഉയരമില്ലാത്ത ഒരു ജീവിതപങ്കാളി തന്നെ വന്നെത്തി. പേപ്പറില്‍ പരസ്യം കൊടുത്തിട്ടും ശരിയാകാതെ അവസാനം അവളുടെ ചേച്ചിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന കമ്പനിയിലെ ഒരു സഹപ്രവര്‍ത്തകന്‍ വഴിയാണ് ഞങ്ങളുടെ ബന്ധം ഒത്തുവന്നത്. എന്റെ ജ്യേഷ്ഠനും കൂട്ടുകാരനും കൂടിപ്പോയി പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ട് എനിക്ക് ഫോട്ടോ അയച്ചുതന്നു.
സുധയെ എനിക്കും ഇഷ്ടമായി. എക്കണോമിക്‌സില്‍ എം.എ. എടുത്തിട്ടുണ്ട്. ടൈപ്പ് റൈറ്റിംഗ് ഒക്കെ പഠിച്ചിട്ട്, ഇപ്പോള്‍ പഠിച്ച സ്ഥാപനത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കുകയാണ്. അവളുടെ അച്ഛന്‍ ഈയിടെയായി ആന്ധ്രപ്രദേശ് സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ചതാണ്. എന്റെ നേരിട്ടുള്ള പെണ്ണുകാണല്‍ ചടങ്ങിന് വേണ്ടി എന്റെ അവധിക്ക് വേണ്ടി അവരുടെ വീട്ടുകാരും ഞങ്ങളുടെ വീട്ടുകാരും കാത്തിരുന്നു. അങ്ങനെ രണ്ടുമാസത്തെ ലീവിന് നാട്ടില്‍ പോയി പെണ്ണ് കണ്ട് അതേ ലീവില്‍ തന്നെ കല്യാണവും കഴിച്ചു. രണ്ടാമത്തെ അനുജത്തിയുടെ കല്യാണം കഴിഞ്ഞിട്ട് നാല് മാസമേ ആയിരുന്നുള്ളൂ. അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ അവള്‍ക്ക് സ്വര്‍ണം വാങ്ങാനും മറ്റുമായി ഉപയോഗിച്ചിരുന്നു.
ജീവിതാനുഭവങ്ങള്‍ ഒരുപാടുള്ള സീനിയര്‍മാര്‍ സ്വന്തമായി ഒരു നിക്ഷേപം കരുതണമെന്ന് എപ്പോഴും ഉപദ്ദേശിക്കാറുണ്ടായിരുന്നു. അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലായത്. ജ്യേഷ്ഠനും അളിയന്മാരും അവരുടേതായ ഉത്തരവാദിത്വം നിറവേറ്റിയെങ്കിലും എന്റെ വെറും നാലു മാസത്തെ ശമ്പളവുംകൊണ്ടാണ് കല്യാണത്തിന് പുറപ്പെടുന്നത്. കല്യാണത്തിന് വീഡിയോഗ്രാഫി തുടങ്ങിയ സമയമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ രണ്ട് കുടുംബത്തിലെയുമായി ആദ്യത്തെ കല്യാണ വീഡിയോ ആയിരുന്നു അത്.

ലീവ് കഴിഞ്ഞ് വരുമ്പോള്‍ സുധയെ കൂടെക്കൊണ്ടുപോകാന്‍ സാധിച്ചില്ല. അവിടെ പോയതിനുശേഷം കല്യാണം കഴിച്ച കാര്യം പറഞ്ഞ് വീടിനുവേണ്ടി അപേക്ഷ നല്‍കണം. പക്ഷേ കഴിഞ്ഞ 10 വര്‍ഷത്തെ ലീവ് കഴിഞ്ഞ് തിരിച്ചുപോയത് പോലെ ആയിരുന്നില്ല ഇത്തവണത്തെ പോക്ക്. കലാലയജീവിതം മറ്റുള്ളവരില്‍ നിന്നും കേട്ട് മാത്രം അറിഞ്ഞ ഞാന്‍, പതിനെട്ടാം വയസ്സില്‍ ജീവിതഭാരം ഏറ്റെടുത്ത ഞാന്‍, സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും സ്വാദ് വിദൂരത്തായിരുന്ന ഞാന്‍ ആദ്യമായി അനുഭവിക്കുന്ന ആണ്‍-പെണ്‍ സ്‌നേഹത്തിന്റെ ആഴത്തിലുള്ള തിരിച്ചറിവ്. തറവാട്ടുവീടിന്റെ ഒന്നാംനിലയിലെ മുറിയില്‍ നിന്നും വെളുത്ത മാക്‌സിയുമിട്ട് നില്‍ക്കുന്ന സുധയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ്, ആദ്യമായി അവളും അമ്മയും ചേര്‍ന്നുണ്ടാക്കിയ പലഹാരം അടങ്ങിയ സൂട്ട്‌കേസുമായി കോണിപ്പടികള്‍ ഇറങ്ങിയപ്പോള്‍ 'എനിക്ക് നല്ല ധൈര്യമുണ്ട്, നിങ്ങള്‍ പോകുമ്പോള്‍ ഞാന്‍ കരയില്ല' എന്ന് പറഞ്ഞ സഹധര്‍മ്മിണിയുടെ കണ്ണില്‍ നിന്നും ആദ്യമായി ഒഴുകുന്ന കണ്ണുനീര്‍ കണ്ടു.
ഭാഗ്യത്തിന് അവള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം താല്‍ക്കാലികമായി എല്‍.ഐ.സി.യില്‍ ജോലി കിട്ടിയത് കാരണം അധികം പ്രശ്‌നം ഇല്ലാതെ ദിവസങ്ങള്‍ കടന്നു കിട്ടി. ഡല്‍ഹിയിലെത്തി ആദ്യത്തെ കത്ത് അയച്ചു. അടുത്താഴ്ച വീണ്ടും എഴുതി. രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി കാണുന്നില്ല. പിന്നീട് ഏത് പോസ്റ്റുമാന്‍ കാണിച്ച ദയകൊണ്ടാണെന്ന് അറിയില്ല രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ രണ്ട് കത്തുകള്‍ ഒന്നിച്ചാണ് എനിക്ക് കിട്ടിയത്. മൂന്നാല് മാസം കഴിഞ്ഞ് എനിക്ക് ഡല്‍ഹിയില്‍ ഫാമിലി ക്വാര്‍ട്ടര്‍ കിട്ടി. ഡല്‍ഹി ആയതുകൊണ്ട് തന്നെ അധികപേരും കുടുംബസമേതം താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. കുട്ടികളുടെ വിദ്യാഭ്യാസം, രക്ഷിതാക്കളുടെ ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പുറമേ അപൂര്‍വം ചിലര്‍ക്ക് മാത്രം കിട്ടുന്ന ഡല്‍ഹി എന്ന സൗഭാഗ്യം നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെ പല വീടുകളിലും വേണ്ടത്ര സൗകര്യം ഇല്ലായിരുന്നു. എങ്കിലും എന്നിലെ കലാകാരന്‍, കിട്ടിയ വീടിനെ നന്നായി അലങ്കരിച്ചുവെച്ചു.
അന്നത്തെ രീതി അനുസരിച്ച് ഹണിമൂണിന്റെ ആദ്യഭാഗം കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലും, സെന്റ് ആഞ്ചലോസ് കോട്ടയിലും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ഒക്കെയായി കഴിഞ്ഞ ഞങ്ങള്‍ ഏതായാലും രണ്ടാംഭാഗം ഡല്‍ഹിയില്‍ ആഘോഷിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ഒരു നവരാത്രി സമയത്ത് സുധയെ കൂട്ടാന്‍ ഞാന്‍ നാട്ടില്‍ ലീവിന് വന്നു. നവരാത്രി കാലങ്ങളില്‍ കണ്ണൂരില്‍ നല്ല ഉത്സവപ്രതീതിയാണ്. കടകളുടെ മുന്നില്‍ മത്സരിച്ചുകൊണ്ടുള്ള, ചെറിയ വൈദ്യുതി ബള്‍ബുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പല വിധത്തിലുള്ള കലാരൂപങ്ങളും ടേബ്ലോകളും കൂടാതെ യേശുദാസ്, ജയചന്ദ്രന്‍ തുടങ്ങിയ പല പാട്ടുകാരുടെ പാട്ട് കച്ചേരികളും സംഘടിപ്പിക്കുമായിരുന്നു. ഡല്‍ഹിക്ക് തിരിക്കുന്നതിന് മുമ്പ് രണ്ടുപേരും ചേര്‍ന്ന് നവരാത്രി ആഘോഷങ്ങളും കാണാന്‍ പോയി.
ഇഡ്ഡലി പാത്രം, പുട്ട് പാത്രം തുടങ്ങി അത്യാവശ്യം വീട്ടുസാധനങ്ങള്‍ ഒക്കെ നാട്ടില്‍ നിന്നു തന്നെ വാങ്ങിയിരുന്നു. പുട്ട് പൊടി, തേങ്ങ, വെളിച്ചെണ്ണ, ഉണക്കമീന്‍, മസാലപ്പൊടികള്‍ തുടങ്ങി എല്ലാം കുറേശ്ശെ കൈയില്‍ കരുതിയിരുന്നു. ജീവിതകാലം മുഴുവന്‍ സ്‌നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ആണിന്റെ വിശ്വാസവും, ഇനി അങ്ങോട്ടുള്ള എന്റെ ജീവിതം സ്‌നേഹിക്കുന്ന പുരുഷന്റെ കൈയില്‍ സുരക്ഷിതം എന്ന പെണ്ണിന്റെ വിശ്വാസവും ചേര്‍ന്നുള്ള ഒരു പുതിയ ജീവിതത്തിന്റെ തുടക്കം. ജമ്മുവില്‍ പോകുന്ന നവയുഗ് എക്‌സ്പ്രസ്സിനായിരുന്നു റിസര്‍വേഷന്‍ കിട്ടിയത്.
ഡല്‍ഹിയില്‍ എത്തിയപ്പോള്‍ രാത്രി 12 മണിയായിരുന്നു. അസമയത്തായതുകൊണ്ടുതന്നെ സ്റ്റേഷനില്‍ കൂട്ടുകാരെ ആരെയും വിളിക്കാന്‍ പറ്റിയില്ല. കൂലിയെ വിളിച്ച് സാധനങ്ങള്‍ ഓട്ടോയില്‍ വെപ്പിച്ച് പുതിയ വീട്ടിലേക്ക് തിരിച്ചു. രാത്രിയായതുകൊണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍ ചില എളുപ്പവഴികളിലൂടെ വണ്ടി വിട്ടപ്പോള്‍ ഉള്ളില്‍ ഭയം തോന്നാതിരുന്നില്ല. ആദ്യമായാണ് രാത്രി 12 മണിക്ക് ഭാഷ പോലും അറിയാത്ത ഒരു പെണ്‍കുട്ടിയെയും കൂട്ടി അറിയാത്ത നാട്ടില്‍ അറിയാത്ത ഓട്ടോയില്‍ കയറി സഞ്ചരിക്കുന്നത്. പോകേണ്ടത് മിലിറ്ററി ക്യാമ്പിലേക്ക് ആണ് എന്ന് പറഞ്ഞപ്പോള്‍ ഓട്ടോക്കാരന് ഞങ്ങളെ മനസ്സിലായി.
പിറ്റേന്ന് അവിടുത്തെ 'ബുധവാര്‍ ബസാറില്‍' പോയി. അവിടെ ആഴ്ചയില്‍ ഒരിക്കല്‍ ഓരോ ദിവസങ്ങളില്‍ ഓരോ സ്ഥലങ്ങളില്‍ റോഡിന്റെ വശങ്ങളിലായി ഇങ്ങനെയുള്ള വിപണികള്‍ ഉണ്ടാകും. അവിടെ വീട്ടാവശ്യത്തിനുവേണ്ട എല്ലാ സാധനങ്ങളും കിട്ടും. ഒരുതരം നാടന്‍ ചന്ത. അത് നടത്തുന്ന ദിവസത്തിന്റെ പേരിലാണ് അവിടുത്തെ ചന്ത അറിയപ്പെടുന്നത്. രവിവാര്‍ ബസാര്‍, സോമവാര്‍ ബസാര്‍, ബുധവാര്‍ ബസാര്‍ അങ്ങനെ പല ബസാറുമുണ്ട്. ചപ്പാത്തി ചുടാന്‍ വേണ്ട ചപ്പാത്തി പലകയും കോലും പിറ്റേന്ന് സാമ്പാറുണ്ടാക്കാനും മറ്റുമായുള്ള പച്ചക്കറികളും വാങ്ങി. നാട്ടില്‍ മാത്രമേയുള്ളൂ എന്ന് വിശ്വസിച്ചിരുന്ന ചേനയും പച്ചക്കായയും മുരിങ്ങാക്കായ പോലും കണ്ടപ്പോള്‍ അത്ഭുതം തോന്നി. പച്ചക്കായ നമ്മുടെ നാട്ടിലെ നേന്ത്രക്കായയോ, ഏത്തക്കായയോ ഒന്നുമല്ലെങ്കിലും ഇവിടെ അത് ധാരാളം മതി. പ്രതീക്ഷിക്കാതെ ഇതിനെയൊക്കെ കണ്ടപ്പോള്‍ പണ്ടെപ്പോഴോ സ്‌കൂളില്‍ ഒന്നിച്ചുപഠിച്ച കൂട്ടുകാരെ കണ്ട ഒരു പ്രതീതി. ഓരോ ആഴ്ച കഴിയുമ്പോഴും വീട്ടിലേക്ക് വേണ്ട സാധനങ്ങളുടെ ആവശ്യകത കൂടി വന്നു. ഒരാള്‍ക്ക് വേണ്ടുന്ന സൗജന്യ റേഷന്‍ ആര്‍മിയില്‍ നിന്നുതന്നെ കിട്ടും. കുറെയൊക്കെ രണ്ടുപേര്‍ക്ക് കഴിക്കാന്‍ അതുമതി. പക്ഷേ ഒരു മാസം കഴിഞ്ഞാല്‍ മാത്രമേ റേഷന്‍ കിട്ടൂ.
ഹണിമൂണിന്റെ രണ്ടാംഭാഗവും കഴിഞ്ഞു. കുത്തബ് മിനാർ, ലാല്‍ കില, പാര്‍ലമെന്റ് മന്ദിരം, രാഷ്ട്രപതി ഭവന്‍, ഇന്ത്യാ ഗേറ്റ്, ഹുമയൂണ്‍ ടോമ്പ്, ജുമാമസ്ജിദ്, ജന്ധര്‍ മന്ദര്‍, ചാന്ദിനി ചൗക്ക് തുടങ്ങി എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചു. പണ്ട് ഗണ്ണര്‍ സോഹന്‍സിംഗ് പറഞ്ഞ സിഖ് ഗുരു തേജ് ബഹദൂര്‍ സിംഗിന്റെ തലയറ്റ് വീണ ചാന്ദിനി ചൗക്കിലെ സീസ്ഗഞ്ച് ഗുരുദ്വാര കണ്ടു. ഇങ്ങനെ ഒരു ലാളിത്യം എവിടെയും കണ്ടിട്ടില്ല. ഞങ്ങളുടെ കാല് കഴുകുകയും ഞങ്ങള്‍ അഴിച്ചുവെച്ച ചെരിപ്പുകള്‍ ചെറിയ സര്‍ദാര്‍ജി കുട്ടികള്‍ അടക്കം, തുടച്ചു വൃത്തിയാക്കി വെക്കുകയും ചെയ്യുന്നതായി കണ്ടു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ സ്മാരകമായ രാജ്ഘട്, ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു താമസിച്ച തീന്‍ മൂര്‍ത്തി ഭവന്‍, അവരുടെ മകളും പിന്‍ഗാമിയുമായ ഇന്ദിരാഗാന്ധി വെടിയേറ്റ് വീണ സ്ഥലവും അവരുടെ സമാധി സ്ഥലവും എല്ലാം ഓരോന്നായി കണ്ടു. ഡല്‍ഹിയിലെ കനാട്ട് പ്ലേസില്‍ ഉള്ള പാലികാ ബസാറില്‍ പോയി. ഭൂമിക്ക് അടിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ഒരു ബസാര്‍. അതിനുമുകളില്‍ പാര്‍ക്കുകളും മറ്റുമായി സന്ദര്‍ശകര്‍ക്ക് ഉല്ലസിക്കാനുള്ള സ്ഥലം. ജനുവരി 26-ന്റെ റിപ്പബ്ലിക് ഡേ പരേഡ് കണ്ടു. ഞങ്ങളുടെ യൂണിറ്റിന്റെ റോക്കറ്റ് ലോഞ്ചറും അതിലുണ്ടായിരുന്നു. മറ്റൊരു അവസരത്തില്‍ അന്താരാഷ്ട്ര വ്യാപാരമേള കാണാന്‍ പോയി. അങ്ങനെ ഡല്‍ഹിയെ പരമാവധി മനസ്സിലാക്കി.
സുധയുടെ ജ്യേഷ്ഠന്‍ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. സുധ ജനിച്ചതും ആദ്യകാല ജീവിതവും അവളുടെ അച്ഛന്റെ കൂടെ ആന്ധ്രപ്രദേശില്‍ ആയിരുന്നതുകൊണ്ട് അവളും ചേച്ചിമാരും ജ്യേഷ്ഠനെ അണ്ണന്‍ എന്നാണ് വിളിച്ച് ശീലിച്ചിരുന്നത്. എന്റെ അനുജത്തിയുടെ ഭര്‍ത്താവ് ദുബായില്‍ ആണെന്ന് ആദ്യമേ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ വിദേശത്ത് ജോലിചെയ്യുന്ന രണ്ട് അളിയന്മാര്‍ ഉള്ളത് കാരണം അവര്‍ നാട്ടില്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ സമ്മാനമായി കൊണ്ടുവരുമായിരുന്നു. വസ്ത്രധാരണത്തില്‍ എന്നും നല്ല ശ്രദ്ധ പതിപ്പിച്ചിരുന്ന എനിക്ക് അണ്ണന്‍ തന്ന ഗോള്‍ഡന്‍ സിറ്റിസണ്‍ വാച്ചും, റെയ്ബാന്റെ കൂളിംഗ് ഗ്ലാസും അതിനൊന്ന് കൂടി മാറ്റു കൂട്ടി. അന്ന് റെയിബാൻ കൂളിംഗ് ഗ്ലാസ് ധരിച്ച് നടക്കുന്ന ഏക ജവാന്‍ ഞാനായിരുന്നു. അതുപോലെ ഒരു പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ ബാലകൃഷ്ണന്‍ എനിക്ക് ഒരു ജപ്പാന്‍ നിര്‍മിത യാഷിക്കാ ക്യാമറ സമ്മാനമായി തന്നു.
എനിക്ക് ഫോട്ടോഗ്രാഫിയില്‍ നല്ല താല്‍പര്യമുണ്ടായിരുന്നു. നമ്മുടെ യൂണിറ്റില്‍ നേപ്പാളിയായ ഗുരുങ് എന്ന പേരില്‍ ഉള്ള ഒരു ഡ്രൈവര്‍ ഉണ്ടായിരുന്നു. എന്റെ കൈയില്‍ ക്യാമറ വരുന്നതുവരെ ഫോട്ടോഗ്രാഫി ഡ്രൈവര്‍ ഗുരുങ്ങിന്റെ മാത്രം കുത്തകയായിരുന്നു. അവിടെ നടക്കുന്ന എല്ലാ ചടങ്ങുകളുടെയും ഫോട്ടോയെടുത്ത് അതിന്റെ കോപ്പി ആവശ്യമുള്ള ജവാന്‍മാര്‍ക്ക് കൊടുത്ത് അദ്ദേഹം പൈസ വാങ്ങുമായിരുന്നു. ഗണ്‍ ഫയര്‍ ചെയ്യുന്ന സമയത്ത്, അതായത് റോക്കറ്റിന്റെ ബാരലില്‍ നിന്നും റോക്കറ്റ് വിടുന്ന ആ അര സെക്കന്‍ഡിനുള്ളില്‍ ഫോട്ടോ കൃത്യമായി കിട്ടാന്‍ പ്രയാസമായിരുന്നു. എന്റെ കൈയില്‍ ക്യാമറ വന്നതിനുശേഷം ഞാനും റോക്കറ്റ് ഫയര്‍ ചെയ്യുന്നതിന്റെ ഫോട്ടോ എടുക്കുമായിരുന്നു.
നൈറ്റ് ഫയറിങ്ങിന്റെ ഫോട്ടോ കൃത്യമായി കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നിലായി വേണം കല്ലെറിയാന്‍ എന്ന് പറയുന്നതുപോലെ അങ്ങനെ കണക്കുകൂട്ടി വേണം ഫോട്ടോയെടുക്കാന്‍. ഒരു റീലിലെ 32 ഫോട്ടോവും എടുത്തു കഴിഞ്ഞാല്‍ മാത്രമേ അത് സ്റ്റുഡിയോയില്‍ കൊടുത്ത് കഴുകി ഫോട്ടോയും നെഗറ്റീവും ആയി എടുക്കാന്‍ പറ്റൂ. ഫോട്ടോ കോപ്പിയെടുത്ത് വന്നാല്‍ മാത്രമേ അതില്‍ എത്ര ഫോട്ടോ നന്നായി വന്നിട്ടുണ്ട് എന്ന് അറിയാന്‍ പറ്റൂ. അങ്ങനെ എന്റെ ആദ്യത്തെ ഉദ്യമത്തില്‍ തന്നെ രാജസ്ഥാന്‍ ഫയറിങ് റേഞ്ചില്‍ വച്ചെടുത്ത ഒരു നൈറ്റ് ഫയറിങ്ങിന്റെ ഫോട്ടോ വളരെ നന്നായി കിട്ടി. അറിയപ്പെട്ട ഫോട്ടോഗ്രാഫര്‍ ആയ ഗുരുങ്ങിന് പോലും ഇത്രയും കാലമായിട്ട് ഇങ്ങനെ ഒരു നല്ല ഫോട്ടോ കിട്ടിയിരുന്നില്ല. അതിന്റെ ഗുണമേന്മ കണ്ടിട്ട് ഫോട്ടോയുടെ കോപ്പിക്കായി ആവശ്യക്കാര്‍ കൂടി. ആ ഒരൊറ്റ ഫോട്ടോവിന്റെ നൂറില്‍ കൂടുതല്‍ കോപ്പി എനിക്ക് എടുക്കേണ്ടി വന്നു. കൊടുത്തവരോടൊക്കെ ചിലവിട്ടതിന്റെ പൈസ വാങ്ങി. നഷ്ടം വന്നില്ല ലാഭമേ ഉണ്ടായുള്ളൂ. ഡ്രൈവര്‍ ഗുരങ്ങ് ചെയ്യുന്ന ബിസിനസിന്റെ ഹരം അപ്പോഴാണ് എനിക്ക് മനസ്സിലായത്.
അതിനിടയില്‍ സുധ ഗര്‍ഭിണിയായി. എന്ത് ചെയ്യണം എന്ന് ആലോചിക്കുമ്പോഴേക്കും ആര്‍മിയുടെ ഒരു കോഴ്‌സിന് പോകാന്‍ വേണ്ടി എന്റെ പേര് വന്നു. 'യൂണിറ്റ് ഇന്‍സ്ട്രക്ടര്‍ കോഴ്‌സ്'. കോഴ്‌സിന് പോകേണ്ടത് സ്‌കൂള്‍ ഓഫ് ആര്‍ട്ടിലറി ദേവലാലിയിലാണ്. പണ്ട് ആദ്യമായി ട്രെയിനിങ് കഴിഞ്ഞ് ദേവലാലിയില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ 'പഠിച്ചവര്‍ക്ക് ഇവിടെ നല്ല പ്രതീക്ഷയാണ്' എന്ന് ആരോ പറഞ്ഞത് ഓര്‍മ വന്നു. അന്ന് 'നോട്ട് ഓണ്‍ലി എസ്.എസ്.എല്‍.സി, ബട്ട് ആള്‍സോ ഐ.ടി.ഐ' എന്ന് പറഞ്ഞ ഞാന്‍ ഇന്ന് ഒരു ബി.എ.ക്കാരനാണ്. ഏതായാലും കോഴ്‌സിന് പോകാനുള്ള പ്രീ-ട്രെയിനിങ്ങ് തുടങ്ങി. അതിനുമുമ്പായി സുധയെ നാട്ടിലും വിടണം. പ്രാക്ടിക്കല്‍ ആയി പരിശീലിക്കാനുള്ള ഉപകരണങ്ങളൊക്കെ എന്റെ അപേക്ഷ പ്രകാരം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള അനുമതി കിട്ടി. സുധ ഉറങ്ങിയതിനുശേഷവും ഞാന്‍ അതില്‍ പരിശീലിക്കും. പഠനത്തോടുള്ള എന്റെ സമര്‍പ്പണം അവള്‍ ആദ്യമായാണ് കാണുന്നത്.
അടുത്ത 'എയര്‍ ഡിഫന്‍സ് യൂണിറ്റില്‍' നിന്നുള്ള എന്റെ പരിചയക്കാരനും തളിപ്പറമ്പ് സ്വദേശിയുമായ ഒരു ജവാന്‍ നാട്ടിലേക്ക് ലീവിന് പോകുന്നുണ്ട് എന്നറിഞ്ഞു. മംഗള എക്‌സ്പ്രസിന് അവന്‍ നാട്ടിലേക്ക് പോകുന്ന ദിവസം തന്നെ സുധയുടെയും റിസര്‍വേഷന്‍ ചെയ്തു. ഫാമിലി കോര്‍ട്ടര്‍ കൈമാറി, അവളെ നാട്ടിലേക്ക് വിട്ടു. രണ്ടുദിവസം കഴിഞ്ഞ് ഞാനും മറ്റു രണ്ടുപേരും ദേവലാലിയിലേക്ക് കോഴ്‌സിനായി പുറപ്പെട്ടു. കോഴ്‌സില്‍ നല്ല റിസള്‍ട്ട് വാങ്ങണം. അത് ഓഫീസര്‍ ആകാനുള്ള എന്റെ പ്രയാണത്തില്‍ ഒന്നുകൂടി സഹായിക്കും. രാജ്യത്തെ എല്ലാ റോക്കറ്റ് റെജിമെന്റില്‍ നിന്നും ഉള്ള ജവാന്മാരുണ്ട്. 'ടെക്‌നിക്കല്‍ അസിസ്റ്റന്റ്' അഥവാ ടി.എ. എന്ന ട്രേഡില്‍ പെട്ടവരും ഞങ്ങള്‍ ഗണ്ണര്‍ ട്രേഡ് കാരും ഒന്നിച്ചുചേര്‍ന്നുള്ള കോഴ്‌സ് ആണിത്. ടി.എ എപ്പോഴും ഗണ്ണറേക്കാള്‍ മുന്‍പന്തിയില്‍ ആയിട്ടാണ് കണക്കുകൂട്ടല്‍.

ക്ലാസുകള്‍ എല്ലാം ഹിന്ദിയിലുമാണ്. ഞാന്‍ മാത്രമാണ് ഏക ദക്ഷിണേന്ത്യക്കാരന്‍. കൂടാതെ ദേവലാലിയില്‍ യൂണിറ്റ് ഉള്ള ജവാന്‍മാരുടെ ഓഫീസര്‍ അവിടെ ഇന്‍സ്ട്രക്ടര്‍ ആയിട്ട് ഉണ്ട്. അത് അവര്‍ക്ക് ഗുണം ചെയ്യും. ഏതായാലും നന്നായി പരിശ്രമിക്കാന്‍ തന്നെ തീരുമാനിച്ചു. രണ്ട് തരത്തിലുള്ള പരീക്ഷയിലൂടെ ആണ് ഞങ്ങളെ വിലയിരുത്തി കോഴ്‌സ് റിസള്‍ട്ട് തരിക. എഴുത്തു പരീക്ഷയും പ്രാക്റ്റിക്കലും ചേര്‍ന്ന് എ, ബി, സി. എന്നും, പഠിപ്പിക്കുവാനുള്ള കഴിവിനെ നോക്കി എക്‌സ്, വൈ, സെഡ് എന്നീ മൂന്ന് തരത്തിലും ആണ് റിസള്‍ട്ട്. പൊതുവേ സമര്‍ത്ഥരായ ടി.എ.മാരെയും, എന്തിനും പ്രാദേശിക സഹായം കിട്ടുന്ന ദേവലാലിയിലെ ജവാന്‍മാരെയും കടത്തിവെട്ടി, നാടുവിട്ടതിനുശേഷം മാത്രം ഹിന്ദി പഠിച്ച എനിക്ക് ഹിന്ദിയില്‍ ക്ലാസ് എടുത്ത് 'എക്‌സ്' വാങ്ങിക്കുക എന്ന കടമ്പ ചെറിയതൊന്നുമല്ല. 'എ' കൂടുതല്‍ പേര്‍ക്ക് കൊടുത്താലും ഒരു ക്ലാസില്‍ 'എക്‌സ്' ഒരാള്‍ക്ക് മാത്രമേ കൊടുക്കൂ എന്നാണ് കേട്ടത്.
എന്റെ കഠിനപ്രയത്‌നം തുടര്‍ന്നു. കോഴ്‌സിന്റെ ഭാഗമായി, യുദ്ധഭൂമിയില്‍ ചെയ്യുന്നതിന് സമാനമായി ഗണ്ണുകളെ പല സ്ഥലങ്ങളിലായി വിന്യസിക്കാനുള്ള ചുമതല എനിക്കാണ് കിട്ടിയത്. അത് രാത്രിയാണ് ചെയ്യേണ്ടത്. അത് തെറ്റൊന്നും കൂടാതെ കൂടുതല്‍ പൂര്‍ണതയോടുകൂടി ചെയ്യാന്‍ വേണ്ടി ആ ഞായറാഴ്ച പകല്‍ ഞാന്‍ ഒരു സൈക്കിള്‍ വാടകയ്ക്ക് എടുത്ത് അത് ചെയ്യാനുള്ള സ്ഥലത്ത് പോയി എല്ലാ പദ്ധതികളും മനസ്സിലും മേപ്പിലും കുറിച്ച് സ്വയം പരിശീലനം നടത്തി വന്നു. അതുകൊണ്ടുതന്നെ ആ രാത്രി എനിക്ക് നല്ലവണ്ണം ശോഭിക്കാന്‍ പറ്റി. അതുപോലെ തന്നെയുള്ള പതിവ് പാഠ പദ്ധതിയില്‍ നിന്നും മാറി ഞാന്‍ എന്റേതായ രീതി അവലംബിച്ചു. ഓരോരാള്‍ക്കും ഓരോ വിഷയം കിട്ടി. അതിനെക്കുറിച്ച് 40 മിനിറ്റ് നേരത്തെ ക്ലാസ് എടുക്കണം. സ്‌കൂള്‍ കുട്ടികള്‍ക്ക് 'പ്രോജക്ട്' തയ്യാറാക്കി കൊടുക്കുന്നതുപോലെ എല്ലാം ചെയ്യാന്‍ അവിടെ ദേവലാലി ബസാറില്‍ ഷോപ്പുകളും ആര്‍ട്ടിസ്റ്റുകളും ഉണ്ട്.
എല്ലാവരും പതിവുരീതി തുടര്‍ന്നപ്പോള്‍, കരകൗശലവിദ്യ ഹോബിയായ എനിക്ക് വേണ്ടുന്നത് ഞാന്‍ തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു. തെര്‍മോക്കോളും, കുറച്ചു വയറുകളും സ്വിച്ചുകളും മറ്റ് സാധനങ്ങളും ഒക്കെ ബസാറില്‍ നിന്നും വാങ്ങി വന്നു. എനിക്ക് ക്ലാസ്സെടുക്കാന്‍ ഉള്ളത്, സ്വിച്ച് അമര്‍ത്തിക്കഴിഞ്ഞാല്‍ വൈദ്യുതി ഏതൊക്കെ വഴിയിലൂടെ വന്നു അവസാനം റോക്കറ്റ് ഫയര്‍ ഇങ്ങനെ പോകുന്നു എന്നുമുള്ളതായിരുന്നു. അത് മനസ്സിലാക്കിപ്പിക്കാന്‍ ഞാന്‍ ഒരു മാതൃകതന്നെ ഉണ്ടാക്കി. ബീഹാറികള്‍ തമ്പാക്ക് തിന്ന് ഉപേക്ഷിക്കുന്ന ചെറിയ ചുണ്ണാമ്പ് പാത്രങ്ങള്‍ ആയിരുന്നു ഞാന്‍ ഉണ്ടാക്കിയ മാതൃകയിലെ
'ഇലക്ട്രിക്കല്‍ ഫ്യൂസ്'.
എന്റെ പുതിയ കലാസൃഷ്ടി എന്നെ വിലയിരുത്താന്‍ വന്ന ക്യാപ്റ്റന്‍ മെഹത്തയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. പിന്നെ ചെറുപ്പത്തിലെ പ്രസംഗിച്ച് ശീലമുള്ള എനിക്ക് സഭാകമ്പമില്ലാതെ ക്ലാസ് എടുക്കുക എന്നത് ഒരു പ്രശ്‌നവും ആയിരുന്നില്ല. സമയത്തിന്റെ വില കൃത്യമായി അറിയുന്ന ഞാന്‍ നാല്പത് മിനിറ്റ് ക്ലാസ് എടുത്ത് ക്ലോക്കിലെ സെക്കന്‍ഡ് സൂചി കൃത്യമായി 12 മണിക്ക് മുകളില്‍ എത്തിച്ച് ക്ലാസ് അവസാനിപ്പിച്ചു. ക്യാപ്റ്റന്‍ മെഹത്ത അത് പ്രത്യേകം ശ്രദ്ധിക്കുകയും, ആ കാര്യം പറയുകയും ചെയ്തു. സമയം കൂടുതലായാലും കുറഞ്ഞാലും അത് മാര്‍ക്കിനെ ബാധിക്കും.
അവസാനം കോഴ്‌സുകളും പരീക്ഷകളും എല്ലാം കഴിഞ്ഞു. കോഴ്‌സ് റിസള്‍ട്ട് വന്നു. ക്ലാസ്സില്‍ ഒരു 'എ.എക്‌സ്' മാത്രം. അത് ഞാന്‍ തന്നെ. അതോടൊപ്പം ക്ലാസിലെ ഒന്നാമന്‍ എന്ന പദവികൂടി ലഭിച്ചിരിക്കുന്നു. യൂണിറ്റില്‍ തിരിച്ചെത്തി. കുറേയേറെ അഭിനന്ദനങ്ങള്‍. അപൂര്‍വ്വം ചിലര്‍ മാത്രമേ യൂണിറ്റില്‍ 'എ.എക്‌സ്' റിസള്‍ട്ട് കൊണ്ടുവരാറുള്ളൂ. അങ്ങനെയുള്ളവരുടെ പേരുകള്‍ ഒരു പ്രത്യേക ബോര്‍ഡില്‍ എഴുതപ്പെടും. കമാന്‍ഡിങ് ഓഫീസറുടെ സൈനിക് സമ്മേളനത്തില്‍വെച്ച് അദ്ദേഹം സമ്മാനം തന്നു. ആത്മാവിശ്വാസം കൂടിയതിന്റെ നാളുകള്‍.
'വൈഫ് ഡെലിവേര്‍ഡ് എ സണ്‍.' നാട്ടില്‍നിന്നും ടെലഗ്രാം വന്നു. സുധ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചിരിക്കുന്നു. പ്രസവസമയത്ത് പോകാന്‍ പറ്റിയില്ല ഇനി ഏതായാലും ലീവിന് അപേക്ഷിക്കണം. രണ്ടു മാസത്തെ ലീവിന് പോയി ഭാര്യയെയും എനിക്ക് ആദ്യമായി ജനിച്ച, എന്നെ 'അച്ഛന്‍' എന്ന് വിളിക്കാന്‍ പോകുന്ന, ഞങ്ങള്‍ ശ്രീരാഗ് എന്ന പേരിട്ട എന്റെ മകനെയും കണ്ടു. തിരിച്ച് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ പുതിയ ഒരു വാര്‍ത്തയായിരുന്നു വരവേറ്റത്. ഡല്‍ഹിയിലെ രാജകീയ ജീവിതം അവസാനിച്ച് ഇനി ഞങ്ങള്‍ അവിടുന്ന് കത്വ എന്ന് പറയുന്ന സ്ഥലത്തേക്ക് പോവുകയാണ്. അതിനുള്ള തയാറെടുപ്പ് ആദ്യമേ തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു.
തുടരും
Content Highlights: Lieutenant colonel Surendran M.K. writes army memories
Published: 05 Apr 2024, 05:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented