
യാത്രയയക്കാന്‍ കുറേപേര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിരുന്നു. അവര്‍ തന്നെ സാധനങ്ങളൊക്കെ ട്രെയിനിനകത്ത് എടുത്തുവെച്ചു. ബെഡ്ഡ് റോളും സ്യൂട്ട്കേസും സീറ്റിന് അടിയിലായി സൂക്ഷിച്ചു. സ്റ്റീല്‍ ബോക്‌സ് ശൗചാലയത്തിനും വാതിലിനും അടുത്തായി വെച്ചു. ട്രെയിന്‍ പുക തുപ്പി മുന്നോട്ട് നീങ്ങിത്തുടങ്ങി. കൊണ്ടുവിടാന്‍ വന്നവരൊക്കെ കണ്ണില്‍ നിന്നും മറയുന്നതുവരെ ട്രെയിനിന്റെ വാതിലിനടുത്ത് വന്ന് അവരോട് കൈവീശി കാണിച്ചു. ലങ്കറില്‍ കാത്തിരിക്കുന്ന ആട്ടിറച്ചിയും ചപ്പാത്തിയും ലക്ഷ്യമാക്കി അവരും, റെയില്‍വേ ടൈം ടേബിളില്‍ മാത്രം കണ്ട ഒരു സ്ഥലം ലക്ഷ്യമാക്കി ഞാനും യാത്ര തുടര്‍ന്നു.
'പട്ടാളത്തിലെ ബന്ധം റെയില്‍വേ സ്റ്റേഷന്‍ വരെ മാത്രം' എന്ന ഒരു ചൊല്ല് നമ്മുടെ ഇടയില്‍ ഉണ്ട്. ഇതുവരെ തമാശയായി മാത്രം എടുത്തിരുന്ന ആ വാചകത്തിന്റെ അര്‍ഥം ഇന്ന് സ്വയം ഉള്‍ക്കൊള്ളുകയാണ്. ആര്‍മിയില്‍ ചേര്‍ന്നതിനുശേഷം ഉള്ള ഒറ്റയ്ക്കുള്ള ആദ്യത്തെ യാത്രയാണ്. ബി.എ. ഒന്നാം വര്‍ഷത്തെ പരീക്ഷയ്ക്ക് വേണ്ടുന്ന ബുക്കുകള്‍ ഒക്കെ കയ്യിലുണ്ട്. ക്യാമ്പിനുള്ളിലെ ബഹളത്തില്‍ നിന്നും സീനിയര്‍മാരുടെ കല്‍പനകളില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ ആദ്യദിവസം. സമയം കളയാതെ സൂട്ട്‌കേസില്‍ നിന്നും പുസ്തകം എടുത്ത് അമേരിക്കന്‍ ഹിസ്റ്ററി പഠിക്കാന്‍ തുടങ്ങി. ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും കണ്ണുകള്‍ അറിയാതെ വാതിലിനടുത്തു വെച്ച പെട്ടിയിലേക്ക് പോകും. കറുത്ത പെയിന്റ് അടിച്ച പെട്ടിയിലെ വെളുത്ത അക്ഷരത്തില്‍ എഴുതിവെച്ച നമ്പറും റാങ്കും പേരും എന്നെ നോക്കി ചിരിച്ചുകൊണ്ട് പറയും 'പേടിക്കേണ്ട, ഞങ്ങളും നിങ്ങളുടെ പെട്ടിയും സുരക്ഷിതരാണ് ഭയപ്പെടാതെ പഠിച്ചോളൂ.'
Also Read
പോകുന്ന വഴിക്ക് മറ്റൊരു ആശയം മനസ്സില്‍ ഉദിച്ചു. മധ്യപ്രദേശിലെ ഗ്വാളിയര്‍ വരെയാണ് ഈ ട്രെയിന്‍. അവിടെ ഇറങ്ങി താല്‍ബട്ടിലേക്കുള്ള ട്രെയിന്‍ പിടിക്കണം. ഗ്വാളിയറിന് മുന്നിലുള്ള സ്റ്റേഷനാണ് ആഗ്ര. എന്തിന് ഒരു അവസരം പാഴാക്കണം. ഗ്വാളിയറിനുപകരം ആഗ്രയില്‍ ഇറങ്ങി താജ്മഹല്‍ കണ്ടു അവിടുന്ന് ട്രെയിന്‍ മാറിക്കയറാം എന്ന് തീരുമാനിച്ചു.
കൂലിയെ വിളിച്ച് ലഗേജുകള്‍ പുറത്തെത്തിക്കുമ്പോഴേക്കും കുറേ സൈക്കിള്‍റിക്ഷക്കാര്‍ ചുറ്റും ഒത്തുകൂടി. നമ്മുടെ നാട്ടില്‍ കാണാന്‍ പറ്റാത്ത ഒരു സാധനമാണ് സൈക്കിള്‍റിക്ഷ. മനുഷ്യരെ ചുമക്കുന്നതിനായി മനുഷ്യര്‍ ഓടിക്കുന്ന മൂന്നു ചക്രമുള്ള ഒരു സൈക്കിള്‍. എവിടേക്കാണ് പോകേണ്ടത് എന്ന് ഓരോരുത്തരും ചോദിച്ചു. എന്റെ ഉദ്ദേശം മനസ്സിലാക്കിയത് പോലെ ചിലര്‍ ഇങ്ങോട്ട് ചോദിച്ചു;
'സര്‍, താജ്മഹല്‍ കാണണമോ.'
അതിലും സമര്‍ഥനായ ഒരാള്‍ പറഞ്ഞു.
'സര്‍ താജ്മഹല്‍ കാണിച്ച് ഇവിടെ സ്റ്റേഷനില്‍ തന്നെ കൊണ്ടുവിടാം.'
അതെനിക്കിഷ്ടപ്പെട്ടു. കാത്തുനില്‍ക്കുന്നതിന്റെ കൂലിയടക്കം ചേര്‍ത്ത് അദ്ദേഹവുമായി വിലപേശല്‍ നടത്തി താജ്മഹല്‍ കാണാനായി പുറപ്പെട്ടു. ആദ്യമായിട്ടാണ് ഒരു മനുഷ്യന്‍ വഹിക്കുന്ന വണ്ടിയില്‍ യാത്രക്കാരന്‍ ആകുന്നത്. പണ്ടുകാലത്തെ രാജാക്കന്മാരെയും പല്ലക്കിനെയും പറ്റി ഓര്‍ത്തുപോയി. പാവം തോന്നിയെങ്കിലും, അന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടില്‍ വെക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് അന്ന് അദ്ദേഹത്തിന് കിട്ടുന്ന സമ്പാദ്യത്തിന് അനുസരിച്ചിരിക്കും എന്നുള്ള കണ്ടെത്തല്‍ എനിക്ക് സമാധാനം തന്നു. ഉയരമുള്ള റോഡുകളില്‍ അദ്ദേഹം ഒഴുക്കുന്ന വിയര്‍പ്പ് കണ്ടപ്പോള്‍ ഞാന്‍ റിക്ഷയില്‍നിന്നും ഇറങ്ങി കൂടെ നടന്നു. കാരണം ഞാന്‍ മാത്രമല്ല എന്റെ ലഗേജിന്റെ ഭാരം കൂടി അദ്ദേഹത്തിന് വലിക്കാന്‍ ഉണ്ടായിരുന്നു.
താജ് മഹലിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. പക്ഷേ ഞാന്‍ ആലോചിക്കുന്നത് അതായിരുന്നില്ല. ചരിത്ര ബുക്കുകളില്‍ പഠിപ്പിക്കാത്ത ചില ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം തേടുകയായിരുന്നു. ഏഴോ അതില്‍ കൂടുതലോ ഭാര്യമാര്‍ ഉണ്ടായിരുന്ന ഷാജഹാന്‍ ഒരു ഭാര്യയോട് മാത്രം ഇങ്ങനെ പക്ഷഭേദം കാണിക്കാന്‍ പാടുണ്ടോ? ഒരു ടൂറിസ്റ്റ് ഗൈഡ് പറഞ്ഞത് അനുസരിച്ച് താജ്മഹല്‍ ഉണ്ടാക്കിയ പ്രധാന വാസ്തുശില്പിയുടെ രണ്ട് കൈകളും, ഇനി ഇതുപോലെ ഒന്ന് ഇദ്ദേഹം നിര്‍മിക്കാന്‍ പാടില്ല എന്ന ഉദ്ദേശത്തോടെ ഷാജഹാന്‍ വെട്ടിക്കളഞ്ഞിരുന്നത്രെ. ഒരു ചക്രവര്‍ത്തിക്ക് യോജിച്ചതാണോ ഇതൊക്കെ ഫോട്ടോകളില്‍ മാത്രം കണ്ടിരുന്ന താജ്മഹല്‍ ചുറ്റിക്കണ്ടു. സ്ഥാനീയ ഫോട്ടോഗ്രാഫര്‍മാര്‍ വന്ന് ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിച്ചു. അതിനൊന്നും സമയമുണ്ടായിരുന്നില്ല. എന്റെ ലഗേജുമായി സൈക്കിള്‍ റിക്ഷക്കാരന്‍ പുറത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നതുകൊണ്ട് അധികം സമയം കളയാതെ അവിടെനിന്നും തിരിച്ചു.
ഇവിടുന്ന് താല്‍ബട്ടിലേക്ക് 300 കിലോമീറ്ററില്‍ കുറവേ ഉള്ളൂവെങ്കിലും, ഒരുപാട് ട്രെയിനുകള്‍ പോകുന്ന മാര്‍ഗമാണെങ്കിലും അപൂര്‍വം ചില ട്രെയിനുകള്‍ മാത്രമേ അവിടെ നിര്‍ത്തൂ. ഝാന്‍സിയാണ് പ്രധാന സ്റ്റേഷന്‍. കുറെ കാത്തിരിപ്പിനുശേഷം താല്‍ബട്ടില്‍ നിര്‍ത്തുന്ന ഒരു ട്രെയിന്‍ കിട്ടി. അധികം തിരക്കില്ലാത്ത മിലിറ്ററി കമ്പാര്‍ട്ട്‌മെന്റില്‍ കയറി, കിട്ടിയ സീറ്റില്‍ ഇരുന്ന്, ആഗ്രയില്‍ നിന്നും വാങ്ങിയ അവിടുത്തെ പ്രശസ്തമായ ആഗ്ര പേട്ട തിന്നുകൊണ്ട് വീണ്ടും പുസ്തകമെടുത്ത് വായിക്കാന്‍ തുടങ്ങി. ഏതോ പിതാവ് തന്റെ കുട്ടിയോട് പറയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പുസ്തകം മടക്കിവെച്ച് പുറത്തേക്ക് നോക്കിയത്. വിജനമായ സ്ഥലം. ഫൂലന്‍ ദേവിയും മറ്റു കൊള്ളക്കാരും വിഹരിച്ചിരുന്ന ചമ്പല്‍ ഘട്ടത്തിലൂടെയാണ് വണ്ടി പോകുന്നത്. ആരും കൊള്ളക്കാരായിട്ടല്ല ജനിക്കുന്നത്. ജീവിതസാഹചര്യങ്ങള്‍ പലരെയും പല വഴിയിലേക്ക് തിരിച്ചുവിടുകയാണ്.
ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വത്തില്‍ അങ്ങേയറ്റം ബലിയാടായവള്‍, സ്വന്തം ബന്ധുക്കളില്‍ നിന്ന് ഏറ്റുവാങ്ങിയ അനീതി, ചെറിയ പ്രായത്തില്‍ തന്നെ ലൈംഗികാതിക്രമത്തിനിരയായവള്‍, തന്റെ പതിനൊന്നാമത്തെ വയസ്സില്‍ തന്നെക്കാളും മൂന്നിരട്ടി പ്രായമുള്ള പുരുഷനുമായി വിവാഹം നടത്തേണ്ടിവന്ന പാവം പെണ്‍കുട്ടി, ഒരവസരത്തില്‍ മുഴുവന്‍ ഗ്രാമവാസികളുടെയും മുന്നില്‍വെച്ച് വിവസ്ത്രയായി പോയി കിണറ്റില്‍ നിന്നും വെള്ളം കോരികൊണ്ടുവരേണ്ടിവന്ന പെണ്‍കുട്ടി. പ്രതികാരത്തിന്റെ തീ ജ്വാലയില്‍ നിന്നും ജനിക്കപ്പെട്ട ഒരു കൊള്ളക്കാരി 'ചമ്പല്‍ കീ റാണി' ഫൂലന്‍ദേവി. അവരും അവരുടെ സംഘങ്ങളും കുതിരകളും തോക്കുകളും വിരാജിച്ച പ്രദേശത്തുകൂടിയാണ് ട്രെയിന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചമ്പല്‍ക്കാടുകള്‍ എന്ന് നമ്മള്‍ പറയാറുണ്ടെങ്കിലും അവിടെ കാടുകള്‍ ഒന്നും കണ്ടില്ല. മൊത്തം മണ്‍കൂനകള്‍തന്നെ. ആര്‍ക്കും എവിടെയും ഒളിച്ചിരിക്കാം.
ചമ്പല്‍ക്കാടുകളെ കുറിച്ചുള്ള കുപ്രസിദ്ധമായ അറിവുകള്‍ മാത്രമേ കൂടുതലും നമ്മള്‍ കേട്ടിരുന്നുള്ളൂ. ബട്ടേശ്വര അമ്പലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചെറുതും വലുതുമായ 200 ക്ഷേത്ര ശൃംഖലകള്‍ 25 ഏക്കറിനുള്ളില്‍ ആയി ആ സ്ഥലത്ത് പരന്ന് കിടക്കുന്നുണ്ടത്രെ. അതുകൂടാതെ ആഗ്ര ഗ്വാളിയര്‍ ഹൈവേയില്‍ ദോള്‍പുരിനും മൊറൈനയ്ക്കും ഇടയിലുള്ള പ്രശസ്തമായ, പ്രത്യേകിച്ചും ട്രക്ക് ഡ്രൈവര്‍മാരുടെ വിശ്വസ്തനായ ബാബാ ദേവ്പുരി മന്ദിര്‍ അതിനടുത്താണ് എന്നറിയാന്‍ കഴിഞ്ഞു. ബാബാ ദേവപുരി ഡ്രൈവര്‍മാര്‍ക്ക് ഇടയില്‍ വിശ്വസ്തനായി മാറാന്‍ ഉണ്ടായ ഐതിഹ്യം ഇങ്ങനെയാണ്. മുന്‍കാലങ്ങളില്‍ അപൂര്‍വമായി മാത്രം അതുവഴി പോകാറുണ്ടായിരുന്ന വണ്ടികളില്‍ ഒന്ന് അവിടെവച്ച് കേടായി.
ഡ്രൈവര്‍ ഭക്ഷണമോ വെള്ളമോ ഒന്നുമില്ലാതെ കഷ്ടപ്പെടുമ്പോള്‍ ഒരു ബാബ അവിടെ വന്ന് അയാള്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവുമൊക്കെ കൊടുത്തു. ഭക്ഷണം കഴിച്ച് തിരിഞ്ഞു നോക്കുമ്പോഴേക്കും ബാബ അവിടെനിന്നും അപ്രത്യക്ഷനായി. മാത്രമല്ല ഡ്രൈവര്‍ നോക്കുമ്പോള്‍ കേടായ വണ്ടി തനിയെ നന്നായിരിക്കുന്നു. ബാബ ദേവപുരിയുടെ സമാധിസ്ഥലം ആയിരുന്നു അത്. അതിനടുത്തായി തന്നെ ആ വണ്ടിയുടെ ഡ്രൈവര്‍ ഒരു മന്ദിര്‍ പണിയുകയായിരുന്നു. ആ വിശ്വാസത്തിന്റെ പേരില്‍ അതുവഴി പോകുന്ന നൂറുകണക്കിന് ട്രക്ക് ഡ്രൈവര്‍മാര്‍ വണ്ടി അവിടെ നിര്‍ത്തി മന്ദിരത്തില്‍ പ്രാര്‍ത്ഥിച്ച് അവിടുത്തെ പ്രസാദമായ പാല്‍ കേക്കും കഴിച്ചിട്ടേ മുന്നോട്ടുള്ള യാത്ര തുടരൂ.
പലപ്പോഴും ട്രെയിനുകള്‍ കൊള്ളയടിക്കുന്ന പ്രദേശംകൂടിയാണിത്. ഏതായാലും ഇത്രയും വലിയ എന്റെ സ്റ്റീല്‍ പെട്ടി അവര്‍ കൊണ്ടുപോകില്ല എന്നറിയാം എങ്കിലും അങ്ങനെ വല്ല കൊള്ളക്കാരും ട്രെയിനില്‍ കയറിയാല്‍ പട്ടാളക്കാരനായ എന്നെക്കൊണ്ട് മറ്റുള്ളവരുടെ രക്ഷയ്ക്കായി എന്ത് ചെയ്യാന്‍ പറ്റും എന്ന് കണക്കുകൂട്ടുകയായിരുന്നു. ട്രെയിന്‍ ഝാന്‍സിയും ബബീനയും കഴിഞ്ഞ് താല്‍ബട്ടില്‍ എത്തുമ്പോഴേക്കും രാത്രിയായിരുന്നു. വല്ലാത്ത ഒരു സ്റ്റേഷന്‍ തന്നെ. ആവശ്യത്തിനുവേണ്ട ലൈറ്റ് പോലും ഇല്ല. ആകെയുള്ള ഒരു 'ഹൈമാസ്റ്റ് ലൈറ്റ്' അതിന്റെ കഴിവിന്റെ പരമാവധി തരാന്‍ പറ്റുന്ന മഞ്ഞ വെളിച്ചംകൊണ്ട് പരിസരങ്ങള്‍ അവ്യക്തമായി കാണിച്ചുതരുന്നുണ്ടായിരുന്നു.
സിഗ്‌നല്‍ ലൈറ്റും കൈയില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന വെളുത്ത യൂണിഫോം ധരിച്ച സ്റ്റേഷന്‍ മാസ്റ്ററെ കൂടാതെ, വരുന്നതും പോകുന്നതുമായ യാത്രക്കാരായ കുറച്ച് പട്ടാളക്കാരും. പ്ലാറ്റ്‌ഫോമില്‍ ഒന്നോ രണ്ടോ ചായക്കടകള്‍ മാത്രം. അപൂര്‍വം ചില ആര്‍മി വണ്ടികള്‍ അല്ലാതെ ഒരൊറ്റ കാറോ മറ്റ് വാഹനങ്ങളോ കാണാന്‍ കഴിഞ്ഞില്ല. എങ്ങും ഒരു ശ്മശാനമൂകത പോലെ. ഇങ്ങനെയുള്ള ഒരു ഓണംകേറാമൂലയില്‍, അതും രാത്രി സമയത്ത് വണ്ടി ഇറങ്ങിയപ്പോള്‍ ഇനി അങ്ങോട്ടുള്ള കാലത്തെ കുറിച്ച് വല്ലാത്ത ഉത്കണ്ഠ തോന്നി. പുതിയ യൂണിറ്റിലേക്ക് ഇന്ത്യയുടെ പല ഭാഗത്തുനിന്നും ഉള്ള ജവാന്മാര്‍ വരാനുണ്ട് എന്നതുകൊണ്ട് തന്നെ ആകെയുള്ള രണ്ടോ മൂന്നോ ട്രെയിനിന്റെ സമയം നോക്കി അവരെ കൂട്ടാനായി ആര്‍മി വണ്ടികള്‍ വരും എന്ന് എല്ലാം അറിയാവുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു.
താല്‍ബട്ടിലെ പുതിയ യൂണിറ്റിലെ പുതിയ പരിസ്ഥിതിയുമായി ഒത്തുചേരാന്‍ തുടങ്ങി. പുതിയ ആള്‍ക്കാരുമായി പുതിയ കൂട്ടുകെട്ട് തുടങ്ങി. ഇവിടെ വന്നവരില്‍ അധികപേരും സിക്കുകാര്‍ അഥവാ സര്‍ദാര്‍ജിമാരാണ്.
ഓഫീസര്‍മാരും അതിനുതാഴെയുള്ള ജെ.സി.ഒ. എന്ന് വിളിക്കുന്ന ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍മാരും കുറെ സീനിയറും ജൂനിയറുമായ ജവാന്‍മാരും എത്തിച്ചേര്‍ന്നു. ഇവരെല്ലാം ചേര്‍ന്ന് വേണം ഒരു പുതിയ യൂണിറ്റിന് രൂപംകൊടുക്കാന്‍. നസീറാബാദിലെ പോലെ തന്നെ പുതിയ 'ലൊക്കേഷന്‍' ആയതുകൊണ്ട് പണിയും കൂടുതലായിരുന്നു. എല്ലാം പൂജ്യത്തില്‍ നിന്ന് തുടങ്ങണം. ജവാന്മാരുടെ റേഷന്‍, ക്ലോത്തിങ്ങ്, തോക്കുകള്‍, വെടിമരുന്നുകള്‍, ടെന്റുകള്‍, ഭക്ഷണം പാകംചെയ്യാനുള്ള പാത്രങ്ങള്‍ തുടങ്ങി, പീരങ്കികളും ആര്‍മി വണ്ടികളും വരെ പല സ്ഥലങ്ങളില്‍ നിന്നുമായി വരേണ്ടതുണ്ട്.
പുതിയ യൂണിറ്റില്‍ ഓഫീസ് പണികള്‍ കൂടുതല്‍ ഉണ്ടായിരുന്നതുകൊണ്ടും ക്ലര്‍ക്ക്മാരുടെ അഭാവം കൊണ്ടും ഓഫീസ് സഹായത്തിനായി എന്നെ അവിടേക്ക് നിയമിച്ചു. ഓഫീസില്‍ ആയതുകൊണ്ട് നൈറ്റ് ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്ക് പഠിക്കാന്‍ കൂടുതല്‍ സമയം കിട്ടി. അതുപോലെതന്നെ ഞാന്‍ ഒഴിവ് സമയങ്ങളില്‍ ഓഫീസിലെ പഴയ ടൈപ്പ് റൈറ്ററില്‍ ടൈപ്പ് റൈറ്റിംഗ് പഠിക്കാന്‍ തുടങ്ങി. എ.എസ്.ഡി.എഫ്.ജി.എഫ്, ടൈപ്പ് റൈറ്റിംഗില്‍ ലോവറും ഹയറും പാസായ ജ്യേഷ്ഠന്‍ പണ്ട് പറഞ്ഞത് ഓര്‍മയുണ്ട്. കുറേയൊക്കെ അങ്ങനെ പരിശീലിച്ചു. രാത്രി 12 മണി വരെ ഒക്കെ ടൈപ്പ് ചെയ്യും. ഇവിടെയുള്ള പല ക്ലര്‍ക്ക്മാരും രണ്ട് വിരലുകള്‍കൊണ്ട് ടൈപ്പ് ചെയ്ത് ശീലിച്ചവരാണെങ്കിലും ഞാന്‍ നേരായ വഴിയിലൂടെ തന്നെ പഠിച്ചെടുക്കാം എന്ന് തീരുമാനിക്കുകയും കുറെയൊക്കെ വിജയം കണ്ടെത്തുകയും ചെയ്തു.
റോക്കറ്റ് റെജിമെന്റ് എന്നറിയപ്പെടുന്ന നമ്മുടെ റെജിമെന്റിലേക്ക് വേണ്ട 'റോക്കറ്റ് ലോഞ്ചര്‍' ഗണ്‍ ജബല്‍പൂറില്‍ നിന്നും കൊണ്ടുവരാന്‍ നിയമിതരായ ടീമില്‍ ഞാനുമുണ്ടായിരുന്നു. ഇങ്ങനെയുള്ള പോക്ക് വരവില്‍ എനിക്ക് പഠിക്കാന്‍ കൂടുതല്‍ സമയം കിട്ടുമെന്നും പുതുതായി ഒരു സ്ഥലംകൂടി കാണാന്‍ പോകുന്നു എന്നും ഉള്ള ചിന്തകള്‍ എന്നെ സന്തോഷത്തിലാക്കി.
ഇവിടെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ എനിക്ക് ആരെയും കിട്ടിയില്ല. പക്ഷേ ഗുഡ്ഗാവുകാരനായ ലെഫ്റ്റനന്റ് യാദവ്, ട്രെയിനിങ്ങ് കഴിഞ്ഞ് പുതുതായി യൂണിറ്റില്‍ ജോയിന്‍ ചെയ്ത ഡെഹ്‌റാഡൂണ്‍കാരനായ സെക്കന്‍ഡ് ലെഫ്റ്റനന്റ് പാണ്ഡെ, ആന്ധ്രപ്രദേശുകാരനായ അമ്മ ഹിന്ദുവും അച്ഛന്‍ മുസ്ലിമും ആയിരുന്നതിനാല്‍ പേരില്‍ ഒരു പ്രത്യേകത ഉണ്ടായിരുന്ന സെക്കന്‍ഡ് ലെഫ്റ്റനന്റ് നസിറുദ്ദീന്‍ ദുബേ എന്നിവര്‍ പലപ്പോഴും എന്നോട് ഇംഗ്ലീഷില്‍ ആയിരുന്നു സംസാരിച്ചിരുന്നത്. ഓഫീസര്‍മാര്‍ പൊതുവേ ജവാന്മാരോട് ഇംഗ്ലീഷില്‍ സംസാരിക്കില്ലെങ്കിലും ബി.എ.ക്ക് പഠിക്കുന്ന ഒരു ജവാന്‍ എന്ന നിലയിലും എന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കാന്‍ തോന്നിയതുകൊണ്ടുമായിരിക്കാം അവര്‍ക്ക് അങ്ങനെ തോന്നിയത്. ലെഫ്റ്റ്‌നന്റ് യാദവ് എപ്പോഴും എന്റെ ഒരു അഭ്യുദയകാംക്ഷി ആയിരുന്നു. എന്റെ പേര് മുഴുവനായും വിളിക്കില്ല. പേരിന്റെ കൂടെയുള്ള എം.കെ എന്ന് മാത്രമേ വിളിക്കൂ. മുന്നൂറോളം പേര്‍ കൂടി നിന്നിരുന്ന നമ്മുടെ ഒരു റെജിമെന്റ് 'ഫാള്‍ ഇന്‍'ല്‍ റെജിമെന്റിന്റെ അഡ്ജുട്ടന്റ് ആയിരുന്ന യാദവ് സാബ് എന്നോട് ഇംഗ്ലീഷില്‍ ദേഷ്യപ്പെട്ടതും അതിന് ഞാന്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കിയതും ഒക്കെ ഒരു ദിവസം ഓഫീസര്‍ ആകാന്‍ സ്വപ്നം കണ്ടുനടക്കുന്ന എന്നില്‍ വലിയ പ്രചോദനം തന്ന സംഭവങ്ങളില്‍ ഒന്നായിരുന്നു.
ഒരു വ്യക്തിയുടെ മുന്നോട്ടുള്ള ജീവിതയാത്രയില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ പ്രവര്‍ത്തനം അയാള്‍ക്ക് വളരെയധികം പ്രചോദനം നല്‍കാന്‍ കാരണമാകാറുണ്ട്. പുതിയ യൂണിറ്റിന്റെ ക്യാമ്പിനും റോക്കറ്റ് ഫയറിങ്ങിനും ഒക്കെയായി രാജസ്ഥാനില്‍ പോയി ഞങ്ങള്‍ വിന്യസിച്ചത് രാജസ്ഥാന്‍ കനാലിന്റെ ഒരു വശത്തായിരുന്നു. നമ്മുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം അതിനെ ഇന്ദിരാഗാന്ധി കനാല്‍ എന്ന് പേരിട്ടു. 450 ഓളം കിലോമീറ്റര്‍ നീളമുള്ള ഈ കനാല്‍ രാജസ്ഥാനിലെ മരുഭൂമിയെ തന്നെ പച്ചപ്പ് വിരിപ്പിച്ച ഒരു ജലസേചന പദ്ധതിയായിരുന്നു. വിശ്രമ സമയങ്ങളില്‍ ജവാന്മാര്‍ ഈ കനാലില്‍ കുളിക്കാനും തുണി കഴുകാനും ഒക്കെയായി പോകുമായിരുന്നു. ഒരു ദിവസം നമ്മുടെയൊക്കെ ജൂനിയര്‍ ആയിരുന്ന ഓപ്പറേറ്റര്‍ ഷേര്‍ സിങ്ങിനെ കാണാനില്ല. ക്യാമ്പിന്റെ ചുറ്റുപാടൊക്കെ അന്വേഷിച്ചപ്പോള്‍ അവന്റെ പകുതി കഴുകിയ യൂണിഫോമും മറ്റു തുണികളും ഒക്കെ കനാലില്‍ ഇറങ്ങുന്നതിന്റെ വശത്തായി കണ്ടു.
നീന്തലറിയാത്ത, ഒറ്റയ്ക്ക് കുളിക്കാന്‍ വന്ന ഷേര്‍ സിംഗ് നല്ല ഒഴുക്കുള്ള ഇന്ദിരാഗാന്ധി കനാലില്‍ പെട്ടതായി ഞങ്ങള്‍ക്കെല്ലാം തോന്നി. നീന്തലില്‍ വിദഗ്ധരായ ഞങ്ങള്‍ കുറച്ചു പേര്‍, ഒന്നും ആലോചിക്കാതെ കനാലിലേക്ക് എടുത്ത് ചാടി. ആഴത്തില്‍ പോയി ഷേര്‍ സിഗിനെ മുങ്ങി തപ്പാന്‍ തുടങ്ങി. ചാടുന്നത് ഒരിടത്ത് ആണെങ്കില്‍ വെള്ളത്തില്‍ നിന്ന് നിവര്‍ന്നു വരുമ്പോഴേക്കും അടിയൊഴുക്ക് കാരണം ഞങ്ങള്‍ മീറ്ററുകള്‍ക്കപ്പുറം ആയിരിക്കും പൊങ്ങുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഫലം കണ്ടില്ല. അവസാനം ഗ്രാമത്തില്‍ നിന്നും കൊണ്ടുവന്ന ഒരു മീന്‍ വലയോ മറ്റോ ഉപയോഗിച്ചാണ് ഷേര്‍ സിംഗിന്റെ മൃതദേഹം കനാലിന്റെ കുറെ ദൂരെ വെച്ച് കിട്ടിയത്.
റെജിമെന്റിനെ മുഴുവന്‍ നടുക്കിയ ഈ സംഭവത്തിന്റെ 'കോര്‍ട്ട് ഓഫ് എന്‍ക്വയറി' അഥവാ അന്വേഷണ കോടതിയില്‍ അംഗമായിരുന്നു അപ്പോഴേക്കും ക്യാപ്റ്റനായ യാദവ് സാബ്. പ്രധാന സാക്ഷികളില്‍ ഒരാളായി ഞാനും ഉണ്ടായിരുന്നു. ഇംഗ്ലീഷില്‍ തയാറാക്കിയ കോര്‍ട്ട് ഓഫ് എന്‍ക്വയറി ജവാന്മാരെ വായിച്ച് കേള്‍പ്പിച്ച് ഹിന്ദിയില്‍ മനസ്സിലാക്കിയതിനുശേഷം വേണം അതില്‍ അവരുടെ ഒപ്പുകള്‍ വാങ്ങാന്‍. എന്നാല്‍ എന്റെ കാര്യത്തില്‍ അതുണ്ടായില്ല. ക്യാപ്റ്റന്‍ യാദവ് എന്നോട് സംസാരിക്കുന്നത് കണ്ടപ്പോള്‍ അടുത്തുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ സബര്‍ബാളിന് ഒരു സംശയം.
'സുരേന്ദ്രനോട് ഇംഗ്ലീഷില്‍ ആണോ സംസാരിക്കുന്നത്.'
ക്യാപ്റ്റന്‍ യാദവ് മറുപടി നല്‍കി.
'യേസ്. ഹി സ്പീക്‌സ് ബെറ്റര്‍ ദാന്‍ യു.'
'അവന്‍ താങ്കളെക്കാളും നന്നായിട്ട് ഇംഗ്ലീഷ് സംസാരിക്കും' എന്ന ക്യാപ്റ്റന്‍ യാദവിന്റെ മറുപടി തമാശയായിട്ട് പറഞ്ഞതാണെങ്കിലും അത് എന്നില്‍ പ്രചോദനത്തിന്റെയും ഉത്സാഹത്തിന്റെയും മറ്റൊരു മൊട്ടു മുളപ്പിക്കുകയായിരുന്നു. ഓപ്പറേറ്റര്‍ ഷേര്‍ സിംഗിന്റെ നാട്ടില്‍ നിന്നും ബന്ധുക്കള്‍ വന്ന് ഭൗതികശരീരം അവിടെ ഹനുമാന്‍ഘട്ടില്‍ തന്നെയുള്ള ശ്മശാനത്തില്‍ എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി സംസ്‌കരിച്ചു.
അതിനിടയില്‍ കണ്ണൂര്‍ അഴീക്കോടുകാരനായിരുന്ന ക്യാപ്റ്റന്‍ രാമചന്ദ്രന്‍ യൂണിറ്റില്‍ ജോയിന്‍ ചെയ്തു. ക്യാപ്റ്റന്‍ രാമചന്ദ്രന്‍ കുറെ വര്‍ഷത്തെ ജവാന്‍ സര്‍വീസിനുശേഷം കമ്മീഷന്‍ എടുത്ത് ഓഫീസര്‍ ആയതാണ്. ആദ്യമായിട്ടാണ് ജവാനില്‍ നിന്നും ഓഫീസര്‍ ആയ ഒരാളെ കാണുന്നത്. അദ്ദേഹത്തിന്റെ വരവ് എനിക്ക് ഒന്നുകൂടി പ്രചോദനം നല്‍കുന്നതായിരുന്നു.
രാജസ്ഥാനില്‍ നിന്നും ക്യാമ്പ് കഴിഞ്ഞ് വന്നപ്പോള്‍, നാട്ടില്‍ നിന്നും സുഹൃത്ത് സുരേഷിന്റെ കത്ത് വന്നു. അവന് 'വിന്‍ മെഡികേര്‍' എന്ന മരുന്ന് കമ്പനിയില്‍ മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി ജോലി കിട്ടിയെന്നും ഡല്‍ഹിയില്‍ ട്രെയിനിങ്ങില്‍ ആണ് ഉള്ളത് എന്നും എഴുതി. ട്രെയിനിങ്ങ് കഴിഞ്ഞ് കേരള എക്‌സ്പ്രസില്‍ നാട്ടിലേക്ക് തിരിച്ചു പോകുന്ന അവനെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍വെച്ച് 'കാണാന്‍ പറ്റുമോ' എന്ന് ചോദിച്ചു. ട്രെയിന്‍ വരുന്ന ദിവസവും, സമയവും, കോച്ച് നമ്പറും, സീറ്റും ഒക്കെ അറിയിച്ചു. 50 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനില്‍ പോയി അവനെ കാണണം. സുഹൃത്തുക്കള്‍ എന്നും എന്റെ ഒരു ബലഹീനതയായിരുന്നതുകൊണ്ട് തന്നെ എനിക്ക് പോകാതിരിക്കാന്‍ കഴിഞ്ഞില്ല. ഇതിനകം ഓഫീസര്‍മാരുടെയൊക്കെ 'ഗുഡ് ബുക്കില്‍' പേര് എഴുതപ്പെട്ട എനിക്ക് അന്നത്തെ ഒരു ദിവസത്തെ പരേഡ് ഒഴിവാക്കി പുറത്തേക്ക് പോകാനുള്ള 'ഔട്ട് പാസ്' എന്ന അനുമതി പത്രം കിട്ടി.
താല്‍ബട്ടില്‍ നിന്നും ഝാന്‍സിലേക്ക് വല്ലപ്പോഴുമൊക്കെ പോകുന്ന ഒരു ബസ്സില്‍ കയറിക്കൂടി. അവിടുത്തെ ബസുകള്‍ നമ്മുടെ നാട്ടിലെ പോലെ വൃത്തിയും ഭംഗിയും ഉള്ളതൊന്നുമല്ല. കൃത്യമായ സമയങ്ങളില്‍ മാത്രം പുറപ്പെടുന്ന ഏതാനും ചില ബസുകള്‍, അതില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ഇരട്ടി ആള്‍ക്കാര്‍. ചിലപ്പോള്‍ ബസ്സിന്റെ മുകള്‍വശത്ത് പോലും ആള്‍ക്കാര്‍ ഇരിക്കുന്നത് കാണാം. അതൊക്കെ അവിടെ ഒരു സാധാരണ സംഭവമാണ്. ബീഡിയുടെയും തമ്പാക്കുവിന്റെയും ഗന്ധമുള്ള യാത്രക്കാര്‍. നല്ല വേഷം ധരിച്ച അപൂര്‍വം ചില യാത്രക്കാര്‍, മിക്കവാറും അവര്‍ മിലിട്ടറിക്കാര്‍ അല്ലെങ്കില്‍ അവിടുത്തെ അധ്യാപകരോ ഡോക്ടര്‍മാരോ ആയിരിക്കും. അങ്ങനെ വെറുതെ ഒന്ന് കണ്ണോടിച്ചപ്പോള്‍ തികച്ചും അപരിചിതമായ ആ നാട്ടില്‍, പരിചയമുള്ള ഒരു മുഖം. അത് എന്റെ ജ്യേഷ്ഠന്റെ കൂടെ പഠിച്ച, പിന്നീട് സുബേദാര്‍ മേജര്‍ ആയി വിരമിച്ച, ഇന്ന് ബബീനയില്‍ ആര്‍മിയില്‍ ജോലി ചെയ്യുന്ന നീലങ്ങപുറത്ത് ദാമോദരന്‍ എന്ന വ്യക്തിയായിരുന്നു. അദ്ദേഹം ആര്‍മിയില്‍ ആണെന്നുമാത്രം അറിയാമായിരുന്നു. നാടുവിട്ടതിനുശേഷം അദ്ദേഹത്തെ ആദ്യമായാണ് കാണുന്നത്. അതും ഇങ്ങനെ ഒരു ബസ്സില്‍വെച്ച്.
സുരേഷിന്റെ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഇപ്പോള്‍ പുറപ്പെട്ടു കാണും. ഞാന്‍ ആലോചിക്കുകയായിരുന്നു. അന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എന്നെ വണ്ടി കയറ്റാന്‍ വന്നപ്പോള്‍ കുറച്ചെങ്കിലും ഹിന്ദി സംസാരിച്ചിരുന്നത് സുരേഷ് മാത്രമായിരുന്നു. ഇന്ന് ഞാന്‍ ഹിന്ദിയില്‍ മാസ്റ്റര്‍ ആയിരിക്കുന്നു. ആദ്യമായി ഞാന്‍ ഒരു കോളേജിന്റെ വാതില്‍ കാണുന്നത് സുരേഷിന് പ്രീ ഡിഗ്രിക്ക് ചേരാന്‍ വേണ്ടിയുള്ള കോളേജ് അപ്ലിക്കേഷന്‍ ഫോം വാങ്ങാന്‍ വേണ്ടി പോയപ്പോഴാണ്. ഞാന്‍ അന്ന് പഠിച്ചുകൊണ്ടിരുന്ന ഐ.ടി.ഐക്ക് സമീപമായിരുന്നു അവന്റെ ശ്രീനാരായണ ഗുരു കോളേജ്. ഇന്നിപ്പോള്‍ ആദ്യമായിട്ടാണ് കുറച്ചുനേരത്തേക്കെങ്കിലും ഒരു എ.സി. കമ്പാര്‍ട്ട്‌മെന്റില്‍ കയറാന്‍ പോകുന്നത്. അതും സുരേഷ് കാരണംതന്നെ.
സുരേഷിന്റെ വീട്ടുകാര്‍ക്ക് അവന്റെ കൂട്ടുകാരായ ഞങ്ങളോടുള്ള മതിപ്പ് ഒരു ദിവസംകൊണ്ട് നശിപ്പിച്ചുകളഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു. സുരേഷിന്റെ വീട്ടില്‍ ഒരു വളര്‍ത്തുനായ ഉണ്ടായിരുന്നു. ഒരു ദിവസം ഞങ്ങള്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അറിഞ്ഞത് അവന്റെ നായ ചത്തു പോയി എന്ന്. അതറിഞ്ഞ ഞങ്ങള്‍ കളിയും കഴിഞ്ഞ് പോകുന്ന വഴിക്ക്, കറുത്ത കൊടിയും പിടിച്ച് 'മൗന ജാഥ സിന്ദാബാദ്' എന്ന മുദ്രാവാക്യവും മുഴക്കി തമാശരൂപേണ സുരേഷിന്റെ വീട്ടിന്റെ മുന്‍വശത്തുകൂടി ജാഥയായി പോയി. നായയെ വളര്‍ത്തി ശീലമില്ലാത്ത ഞങ്ങള്‍ക്ക് ആര്‍ക്കും തന്നെ അതിന്റെ ഗൗരവം മനസ്സിലായില്ല. ഞങ്ങളെ അപേക്ഷിച്ച് ഒരു നായ ചാകുന്നതില്‍ എന്തിരിക്കുന്നു. പക്ഷേ വീട്ടിലെ ഒരു കുടുംബാംഗത്തെ പോലെ സ്‌നേഹിച്ച വളര്‍ത്തുനായ നഷ്ടപ്പെടുന്നതിലുള്ള സങ്കടം ആ വീട്ടുകാര്‍ക്കേ അറിയൂ. പിന്നീട് കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ ഞങ്ങള്‍ അതോര്‍ത്ത് ദുഃഖിച്ചിട്ടുണ്ട്.

ഇതിനുമുമ്പ് ഇതുപോലെ ദേവലാലിയില്‍ ഉള്ളപ്പോള്‍ കൂട്ടുകാരെ കാണാന്‍ കുറച്ചുദിവസത്തെ ലീവ് എടുത്തിട്ട് ബോംബെയില്‍ പോയിരുന്നു. സുഹൃത്തുക്കളായ രമേശനും സുഭാഷും ബോംബെയില്‍ ആയിരുന്നു. രമേശന്റെ അമ്മാമന്‍മാരൊക്കെ അവിടെയായിരുന്നത് കാരണം അവനെ അങ്ങോട്ട് കൊണ്ടുപോയി ജോലി വാങ്ങിച്ച് കൊടുത്തിരുന്നു. ചെറുപ്പം മുതലേ പൈസയുടെ കാര്യത്തില്‍ ആയാലും എന്തായാലും വലിയ കണക്കുകൂട്ടലുകളോടുകൂടി ജീവിതത്തെ മുന്നോട്ട് നയിച്ച ആളായിരുന്നു രമേശന്‍. സുഭാഷ് കൂട്ടത്തിലെ ഏറ്റവും ശാന്തനായിരുന്നു. ആര്‍മിയില്‍ നിന്നും വിരമിച്ചശേഷം ബോംബെയില്‍ ജോലി ചെയ്യുകയായിരുന്ന അവന്റെ അച്ഛന്‍ ഇതുപോലെ അവനെയും അവന്റെ ജ്യേഷ്ഠന്മാരെയും അങ്ങോട്ട് കൊണ്ടുപോവുകയായിരുന്നു. ജ്യേഷ്ഠന്മാര്‍ ജോലി ചെയ്യുകയും സുഭാഷ് അവിടെ പഠിക്കുകയുമായിരുന്നു. പത്താം ക്ലാസിനുശേഷമുള്ള സുഭാഷിന്റെ വിദ്യാഭ്യാസം ബോംബെയില്‍ ആയിരുന്നു.
ബോംബെയിലേക്കുള്ള ട്രെയിന്‍ കയറി താണയിലിറങ്ങി ഓട്ടോ പിടിച്ച് നേരം പുലരുന്നതിന് മുമ്പ് തന്നെ അവന്റെ ഫ്‌ലാറ്റിനു മുമ്പില്‍ എത്തിയതും അസമയത്ത് ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഗേറ്റിനുവെളിയില്‍ ഇരുന്ന് നേരം പുലരാന്‍ കാത്തിരുന്നതും ഓര്‍മയുണ്ട്. സുഭാഷിന്റെ വീട്ടിലും രമേശന്റെ വീട്ടിലും കൂടാതെ നാട്ടുകാരനായ പ്രഭാകരേട്ടന്റെ വീട്ടിലും പോയി. പ്രഭാകരേട്ടന്‍ വോള്‍ട്ടാസില്‍ ജോലി ചെയ്യുകയായിരുന്നു. അവരെയും അവരുടെ അച്ഛന്‍ കൊണ്ടുപോയതാണ്. ഞാന്‍ പോയ സമയത്ത് അവരുടെ അമ്മ നാരായണിയേച്ചിയും കുറച്ചുകാലത്തേക്ക് ബോംബെയില്‍ വന്ന സമയം ആയിരുന്നു. നാരായണിയേച്ചി എന്റെ അമ്മയുടെ ഉറ്റ സുഹൃത്താണ്. ഇത്രയും ആദിത്യ മര്യാദയുള്ള ഒരു സ്ത്രീയെ ഞാനിതിനുമുമ്പ് കണ്ടിട്ടില്ല. ചായയോടൊപ്പം പ്ലേറ്റില്‍ വച്ചിരിക്കുന്ന ഒരു സാധനം പോലും തിരിച്ച് അടുക്കളയിലേക്ക് കൊണ്ടുപോകുന്ന പ്രശ്‌നമില്ല. നിര്‍ബന്ധിച്ചു എന്തൊക്കെയോ കഴിപ്പിച്ചു. ടെലിവിഷന്റെ വരവ് അപ്പോള്‍ തുടങ്ങിയതേ ഉണ്ടായിരുന്നു. നാടുകളില്‍ ഒന്നും അധികമായി എത്തിയിരുന്നില്ല. അന്ന് ബോംബെയില്‍വെച്ചാണ് ആദ്യമായി ടെലിവിഷന്‍ കാണുന്നത്.
ബസ് ഝാന്‍സിയില്‍ എത്താന്‍ ഇനിയും ഒരു മണിക്കൂര്‍ എടുക്കും. ചിന്ത വീണ്ടും കൂട്ടുകാരോടൊത്തുകഴിഞ്ഞ ആ ദിവസങ്ങളിലേക്ക് തന്നെ പാഞ്ഞുപോയി. കുറേ സ്വാതന്ത്ര്യസമര സേനാനികളെ സൃഷ്ടിക്കുകയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒന്നിലധികം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്ന ഒരു നാട്ടില്‍ ആയിരുന്നു ഞാനും വളര്‍ന്നത്. 1940-ലെ മോറാഴ സംഭവം എല്ലാവര്‍ക്കും അറിയാമല്ലോ. സര്‍ക്കാരിന്റെ മര്‍ദനനയത്തിനെതിരായി മലബാറില്‍ എങ്ങും മര്‍ദ്ദന പ്രതിഷേധ ദിനം ആചരിച്ചു. തലശ്ശേരിയില്‍ രണ്ടുപേര്‍ മരിച്ചു. മൊറാഴയില്‍ പോലീസുകാരും ജനക്കൂട്ടവും ഏറ്റുമുട്ടി. എസ്.ഐ. കുട്ടികൃഷ്ണ മേനോന്‍ കൊല്ലപ്പെട്ടു. മോറാഴ സംഭവം എന്നറിയപ്പെട്ട ഈ കേസില്‍ കല്യാശ്ശേരിക്കാരനായ കെ.പി.ആര്‍. ഗോപാലനെ വധശിക്ഷക്ക് വിധിച്ചതും പിന്നീട് ഗാന്ധിജിയും മറ്റ് ദേശീയ നേതാക്കളും ഇടപെട്ട് അത് ജീവപര്യന്തം ആക്കി മാറ്റിയതും ഒക്കെ ചെറുപ്പം മുതലേ പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയുള്ള നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വീര്യം കുറയാന്‍ പാടില്ലല്ലോ.
ഞാന്‍ നേരത്തെ പറഞ്ഞ കുഞ്ഞിരാമന്‍ മാഷും അച്ഛനും തമ്മില്‍ വിരോധത്തില്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മകന്‍ ഹരിയും ഞാനും ചെറുപ്പത്തിലേ കൂട്ടുകാരായിരുന്നു. ഹരി എന്നേക്കാളും രണ്ട് വയസ്സ് ഇളയതാണ്. പിന്നീട് ഞങ്ങളുടെ ഗ്രൂപ്പ് വളര്‍ന്ന് 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ആയി മാറുകയും അതിന് 'ഹീറോ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്' എന്നും ഞങ്ങള്‍ ഇരിക്കുന്ന വീടിനടുത്ത കവലയ്ക്ക് 'ഹീറോ കോര്‍ണര്‍' എന്നും പേരിട്ടു. ഞാനായിരുന്നു ക്ലബ്ബിന്റെ ആദ്യകാല പ്രസിഡന്റ്. ഇന്നും ഞാന്‍ തന്നെയാണ് എന്ന് കൂട്ടുകാര്‍ പറയാറുണ്ട്. കാരണം ക്ലബ്ബ് ഇതുവരെ പിരിച്ചുവിട്ടിട്ടില്ലല്ലോ ക്ലബ്ബിലെ ഏറ്റവും ഇളയ മെമ്പറും തമാശക്കാരനും ആയിരുന്നു ഹരി.
ഞങ്ങള്‍ കുഞ്ഞരി എന്നാണ് വിളിച്ചിരുന്നത്. കുഞ്ഞരിക്ക് ഒന്ന് ഒന്നര വയസ്സുള്ളപ്പോള്‍ മാരകമായ അസുഖത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന ആളാണ്. നാട്ടുകാര്‍ ഒക്കെ ഹരിയുടെ വീട്ടില്‍ ഒത്തുകൂടിയപ്പോള്‍ അമ്മയുടെ സാരിയുടെ ഒരറ്റം പിടിച്ചുകൊണ്ട് ഞാനും കൂടെ പോയത് ഓര്‍മയുണ്ട്. 'പെരുമലയന്റെ' നാട്ടു ചികിത്സ കൊണ്ട് മാത്രമാണ് അന്ന് ഹരി രക്ഷപ്പെട്ടത്. കോളേജില്‍ പഠിക്കുമ്പോള്‍ കോഷന്‍ ഡിപ്പോസിറ്റ് അഥവാ ജാഗ്രത നിക്ഷേപം തിരിച്ചുകിട്ടാത്തതുമായി ബന്ധപ്പെട്ട് കുട്ടികളെല്ലാം പ്രിന്‍സിപ്പാളിനെ വളഞ്ഞപ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിച്ചുപറഞ്ഞത് പ്രകാരം ഹരി പ്രിന്‍സിപ്പാളിന്റെ കോളര്‍ പിടിക്കുകയും അവസാനം ആ കാരണം കൊണ്ടുതന്നെ, ഹരി ഒഴിച്ച് മറ്റുള്ളവര്‍ക്ക് എല്ലാം പണം തിരിച്ചുകിട്ടുകയും ചെയ്ത സംഭവം ഉണ്ടായിരുന്നു.
അന്നൊക്കെ നാട്ടില്‍ അംഗനവാടികള്‍ ഉണ്ടായിരുന്നില്ല. പക്ഷേ സര്‍ക്കാരിന്റെ വക അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കൊക്കെ സൗജന്യ ഭക്ഷണ വിതരണം ഉണ്ടായിരുന്നു. അത് ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവും, റവ തിളപ്പിച്ചെടുത്ത പാല് എന്ന് വിളിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള ഒരു പാനീയവും ഒക്കെയായിരുന്നു. നാട്ടിലെ ഏതെങ്കിലും ഒരു സ്ത്രീ ആയിരുന്നു അത് ഏറ്റെടുത്ത് ചെയ്തിരുന്നത്. വല്ലപ്പോഴും ഒക്കെ സര്‍ക്കാര്‍ വക മുട്ട വിതരണവും ഉണ്ടായിരുന്നു. അത് മുന്‍കൂട്ടി അറിയുന്നതുകൊണ്ട് അന്നത്തെ ദിവസം അവിടെ, വെള്ളിയാഴ്ചകളില്‍ ഇറങ്ങുന്ന പുതിയ സിനിമ കാണാന്‍ എത്തുന്നവരെപ്പോലെ 'ഹൗസ് ഫുള്‍' ആയിരിക്കും. വൈകുന്നേരം ആകുമ്പോള്‍ ഞങ്ങള്‍ തൂക്കുപാത്രവും എടുത്ത് അവിടേക്ക് പോകും. ബാലവാടി എന്നാണ് പൊതുവേ ആ സ്ഥലത്തിനെ വിളിച്ചിരുന്നത്. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഞങ്ങള്‍ അത് വാങ്ങിയിട്ട് വരും. ആ കാലങ്ങളില്‍ രണ്ടോ മൂന്നോ കുട്ടികള്‍ ഇല്ലാത്ത വീട് കുറവായിരുന്നു.
വാങ്ങിക്കൊണ്ടുവരുന്നതിന്റെ കൂലിയായിട്ട് കുറെയൊക്കെ ഞങ്ങള്‍ തന്നെ കുടിക്കും. ഹരിയും ഞാനും ഒന്നിച്ചാണ് ഇതിനായി പോയിരുന്നത്. 'വിപ്ലവകാരികളായ' ഞങ്ങള്‍ കാലക്രമേണ ഒരു കാര്യം മനസ്സിലാക്കിയെടുത്തു. ഇത് വിതരണം ചെയ്യുന്ന സ്ത്രീ അവരുടെ കൂട്ടുകാര്‍ക്ക് കൂടുതലും, ഞങ്ങളെപ്പോലെയുള്ള പയ്യന്മാര്‍ക്ക് അളവില്‍ കുറവുമായിരുന്നു തന്നിരുന്നത്. അനീതിക്കെതിരെ പോരാടാന്‍ ഞങ്ങള്‍ രണ്ടുപേരും തീരുമാനിച്ചു. 'സേവ നോക്കി പാല് കൊടുക്കല്‍' എന്ന പേരില്‍ ഞങ്ങള്‍ പോസ്റ്ററുകള്‍ ഉണ്ടാക്കി വഴിയോരങ്ങളില്‍ പലയിടത്തും ഒട്ടിക്കാന്‍ തുടങ്ങി.
നോട്ടുബുക്കിലെ കുറെ പേജുകള്‍ അങ്ങിനെ ചിലവായി. ചിത്രം വരയ്ക്കാന്‍ മോശമായിരുന്നില്ലല്ലോ. അവരുടെ വീട്ടില്‍ പശുക്കള്‍ ഉണ്ടായിരുന്നത് കാരണം കുട്ടികള്‍ക്കുള്ള പശുവിന് ഭക്ഷണം കൊടുക്കുന്നതായിട്ടുള്ള കാര്‍ട്ടൂണുകള്‍ വരച്ചു. സൗജന്യ ഭക്ഷണം കുറച്ച് കിട്ടിയിരുന്നവരൊക്കെ ഞങ്ങളെ പ്രശംസിക്കുകയും മറ്റുള്ളവര്‍ ദേഷ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത് നന്നായി ഗുണം ചെയ്തു. അടുത്ത ആഴ്ച മുതല്‍ നമുക്ക് തരുന്ന വിഹിതം കൂടി എന്ന് മാത്രമല്ല നല്ലവണ്ണം ഇളക്കി അടിയില്‍ നിന്നും കട്ടികൂടിയ പദാര്‍ത്ഥം നമുക്കായി തന്നുതുടങ്ങി. അതുകൊണ്ട് ഒട്ടിച്ച പോസ്റ്ററുകള്‍ പിന്നീട് ഞങ്ങള്‍ തന്നെ കീറിക്കളഞ്ഞു.
യുക്തിവാദ ചിന്താഗതി അന്നേ മനസ്സില്‍ ഉദിച്ചിരുന്നു. നാടുമുഴുവന്‍ തറവാട് ശ്മശാനങ്ങള്‍ ആയിരുന്നു. എന്റെ വീടിന് ചുറ്റുമായി തന്നെ മൂന്നുനാലെണ്ണം ഉണ്ടായിരുന്നു. മരിച്ചു കഴിഞ്ഞാല്‍ ആ രാത്രി ആത്മാവ് അടുത്തുള്ള വീടുകളിലും കിണറിലും ഒക്കെ വെള്ളമെടുക്കാന്‍ പോകുമായിരുന്നത്രേ. അതുകൊണ്ടുതന്നെ അന്നത്തെ ദിവസം പാത്രങ്ങളോ തൊട്ടികളോ ഒന്നും തന്നെ ആരും വീട്ടിന് പുറത്ത് വെക്കുമായിരുന്നില്ല. ഈ കഥകളൊക്കെ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് വലിയ രസമായിരുന്നു. കൂട്ടുകാരുടെ വെല്ലുവിളി ഏറ്റെടുത്ത് രാത്രി ഒറ്റയ്ക്ക് പോയിട്ട് ശ്മശാനത്തില്‍ നിന്നും കെട്ടടങ്ങാത്ത കനല്‍ കഷ്ണങ്ങള്‍ എടുത്തുകൊണ്ടു വന്നിട്ടുണ്ട്.
പ്രായം കൂടുന്നതിനനുസരിച്ച് വിപ്ലവ വീര്യവും കൂടാന്‍ തുടങ്ങി. ക്ഷേത്രങ്ങള്‍ കൂടാതെ കാവുകളും കോട്ടങ്ങളും തെയ്യങ്ങളും ഒക്കെ മലബാറിന്റെ മാത്രം വിശേഷം ആയിരുന്നു. വീടിന് 100 മീറ്റര്‍ അകലെയായി ഒരു കോട്ടമുണ്ടായിരുന്നു. ആശാരികോട്ടം എന്നറിയപ്പെട്ടിരുന്ന ആ കോട്ടത്തിലെ പ്രധാന തെയ്യങ്ങളില്‍ ഒന്നായിരുന്നു കണ്ടാകര്‍ണ്ണന്‍. ശിവപുത്രിയായ ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ടത്തില്‍ രൂപമെടുത്ത് കര്‍ണത്തിലൂടെ പുറത്തുവന്ന ഭീകരമൂര്‍ത്തിയാണത്രേ കണ്ടാകര്‍ണ്ണന്‍. എനിക്ക് ചെറുപ്പത്തില്‍ വസൂരി വന്നപ്പോള്‍, ഐതിഹ്യപ്രകാരം വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന ദൈവത്തെ ആണല്ലോ വീട്ടുകാര്‍ കുറ്റപ്പെടുത്തിയത് എന്ന് വെറുതെ ആലോചിക്കാറുണ്ട്.
ജനുവരി മാസത്തിലെ അവസാന ദിവസമാണ് അവിടെ തെയ്യം തുടങ്ങുക. മിക്കവാറും മഞ്ഞ് പെയ്യുന്ന ആ പ്രഭാതത്തിലെ അതിരാവിലെ പുറപ്പെടുന്ന തെയ്യത്തെ കാണാന്‍ വളരെ ദൂരെ നിന്നുപോലും തലയില്‍ തൊപ്പിവെച്ച് യുവാക്കളും, പട്ടാളത്തിലുള്ള പേരക്കുട്ടികള്‍ കൊടുത്ത കമ്പിളി കുപ്പായം ധരിച്ച് പ്രായംചെന്നവരും എത്തുമായിരുന്നു. പുറപ്പാടിനെ വിളിച്ചറിയിക്കുന്ന പ്രത്യേക രീതിയിലുള്ള ചെണ്ടമേളത്തിന്റെ ധ്വനി നമ്മുടെ കാതുകളില്‍ എത്തുമ്പോള്‍, മൂടിപ്പുതച്ച് കിടക്കുന്ന പുതപ്പിനെ ഒരു വശത്തേക്ക് മാറ്റിയിട്ട് ഞങ്ങള്‍ കുട്ടികളും ഓടുമായിരുന്നു. എല്ലാംകൊണ്ടും നിശ്ചലം എന്ന് തോന്നിക്കുന്ന, മറ്റു പ്രകാശങ്ങളൊന്നും ഇല്ലാത്ത ഭക്തിപൂര്‍ണമായ ആ അന്തരീക്ഷത്തില്‍ 16 തീപ്പന്തങ്ങള്‍ ചുറ്റിലും നീളമുള്ള മുടിയുടെ മുകളറ്റംവരെ ചെറിയ പന്തങ്ങളുംവെച്ചുകൊണ്ടുള്ള കണ്ടാകര്‍ണ്ണന്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു.
പകലന്തിയോളംതന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങള്‍ക്ക് ആശീര്‍വാദവും നല്‍കിക്കൊണ്ട് നില്‍ക്കുന്ന തെയ്യത്തിന്റെ സമാപന ചടങ്ങും ബലിതര്‍പ്പണവും ആയി ബന്ധപ്പെട്ട് ക്ഷേത്രമുറ്റത്ത് ഒരു ഗുരുതി പൂജ അഥവാ ഗുരുസി നടത്തും. വാഴപ്പോളകള്‍കൊണ്ടും കുരുത്തോലകള്‍കൊണ്ടും അലങ്കരിച്ച് പന്തങ്ങളും വിളക്കുകളുംവെച്ച് വലിയ ഉരുളിയില്‍ ചുണ്ണാമ്പും മഞ്ഞളും കലര്‍ത്തിയ വെള്ളത്തില്‍, വിശ്വാസികള്‍ കൊണ്ടുവരുന്ന കുറേയേറെ നേര്‍ച്ചക്കോഴികളുടെ കഴുത്തറുത്ത് അതിന്റെ രക്തം ഉരുളിയിലെ വെള്ളത്തില്‍ കലര്‍ത്തി ക്ഷേത്ര തന്ത്രിയുടെ കാര്‍മികത്വത്തില്‍ ദൈവകൃപ വരുത്തുന്ന ഒരു ചടങ്ങ്.
യുക്തിവാദ ചിന്താഗതി തലക്കുപിടിച്ച ഞങ്ങള്‍ മൂന്ന് കൂട്ടുകാര്‍ ഉണ്ടായിരുന്നു. മോഹന്‍ദാസ് എന്ന മോഹനനും ശശികുമാര്‍ എന്ന സി.പി.ശശിയും പിന്നെ ഞാനും. പഠിപ്പിന്റെ കാര്യത്തില്‍ ആയാലും പാഠ്യേതര വിഭാഗത്തില്‍ ആയാലും ഞങ്ങള്‍ക്കിടയില്‍ നല്ല മത്സരം ആയിരുന്നു. മോഹനന്‍ നല്ലവണ്ണം വായിക്കുമായിരുന്നു. നമ്മുടെ നാട്ടിലെ വായനശാലയിലും ഗ്രന്ഥാലയത്തിലും എന്നെ ചേര്‍ത്തതും എന്നില്‍ വായനാശീലം വളര്‍ത്തിയതും ഒക്കെ മോഹനന്‍ ആയിരുന്നു. മോഹനന്റെ അച്ഛന്‍ മാധവന്‍ മാസ്റ്റര്‍ ഞങ്ങളുടെ ഹൈസ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. അതുകൊണ്ടുതന്നെ ആ പാരമ്പര്യം മോഹനനും കിട്ടിയിട്ടുണ്ട്. കരകൗശല വിദ്യയില്‍ രണ്ടുപേരും ഒന്നിനൊന്ന് മെച്ചമായിരുന്നു.
തെര്‍മോക്കോളും കാര്‍ഡ് ബോര്‍ഡും ഉപയോഗിച്ച് ഞങ്ങള്‍ സ്വന്തം വീടിന്റെ മാതൃക ഉണ്ടാക്കുമായിരുന്നു. മോഹനന്‍ കുറച്ച് സമയം കൊണ്ട് കൂടുതല്‍ പഠിക്കുന്ന സ്വഭാവക്കാരന്‍ ആയിരുന്നു. ഞാനാണെങ്കില്‍ തിരിച്ചും. എനിക്ക് കുറെ സമയംകൊണ്ട് കുറച്ചേ പഠിക്കാന്‍ പറ്റൂ. പക്ഷേ പരിശ്രമം ചെയ്യുന്ന കാര്യത്തില്‍ ഞാനായിരുന്നു മുന്നില്‍. ശശിയുടെ അച്ഛന്‍ തമിഴ്‌നാട്ടില്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ശശിയുടെ അച്ഛന്‍ ലീവിന് വരുമ്പോഴൊക്കെ ശശി പുതിയ പുതിയ ഡ്രസ്സുകള്‍ ധരിച്ചുവരുമായിരുന്നു. ആദ്യമായി നമ്മുടെ സ്‌കൂളില്‍ മഴക്കോട്ട് ധരിച്ച് വന്നതും ഇവരില്‍ ആരോ ഒരാള്‍ തന്നെയായിരുന്നു. പുതിയ ഒരു സാധനത്തെ കണ്ട് ഞങ്ങള്‍ കുട്ടികളൊക്കെ നോക്കിനിന്നത് ഓര്‍മയുണ്ട്.
ഞങ്ങള്‍ മൂന്ന് യുക്തിവാദി കുട്ടികളും ചേര്‍ന്ന് ആശാരി കോട്ടത്തെ കോഴിബലി നിര്‍ത്തിക്കണമെന്ന് തീരുമാനിച്ചു. അതല്ല രസം, ഈ പറഞ്ഞ മോഹന്‍ദാസിന്റെ അച്ഛന്‍ മാധവന്‍ മാസ്റ്റര്‍ ക്ഷേത്ര കമ്മിറ്റിയിലെ ഒരു പ്രധാന അംഗമായിരുന്നു. യുക്തിവാദ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി നമ്മുടെ നാട്ടുകാരനായിരുന്ന ഗംഗന്‍ അഴീക്കോട് എന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തെ കണ്ട് അഭിപ്രായം തേടി. എസ്.പി.സി.എ അഥവാ 'സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ്' എന്ന പേരിലുള്ള പക്ഷിമൃഗാദികളെ ക്രൂരതയില്‍ നിന്നും സംരക്ഷിക്കാനുള്ള സംഘടനയുടെ വക്താക്കളായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു.
നാടുമുഴുവന്‍ പോസ്റ്ററുകള്‍ എഴുതി പതിപ്പിച്ചു. തെയ്യദിവസം അവിടെ പോലീസ് വരുമെന്ന് ഞങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. നാടുമുഴുവന്‍ ചര്‍ച്ചയായ വിഷയത്തില്‍ അവസാനം ഞങ്ങളും ഞങ്ങളുടെ എസ്.പി.സി.എയും ജയിച്ചു. ആചാരത്തിന്റെ ഭാഗമായി ഒരു കോഴിയെ മാത്രം ബലികൊടുത്ത് ഗുരുതി തര്‍പ്പണം നിറവേറ്റി. ആ വിപ്ലവം ഒരു കൊല്ലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തവര്‍ഷം ആകുമ്പോഴേക്കും എനിക്ക് ആര്‍മിയില്‍ ജോലിയും കിട്ടി. അതുകൊണ്ട് ഒരു ഗുണമുണ്ടായി. പിന്നീട് ഏത് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ചോദിച്ചാലും എസ്.പി.സി.എയുടെ പൂര്‍ണരൂപം പറയുമായിരുന്നു. പിന്നീട് ഏതോ ഒരു മത്സര പരീക്ഷയില്‍ രണ്ടു മാര്‍ക്ക് കൂടുതല്‍ നേടിത്തരാനും ഇത് സഹായിച്ചിട്ടുണ്ട്.
ബസ് ഝാന്‍സിയില്‍ എത്തി. റെയില്‍വേ സ്റ്റേഷനില്‍ പോയി സമയം അന്വേഷിച്ചു. ഇനിയും ഒരു മണിക്കൂറോളം വേണം സുരേഷ് യാത്രക്കാരനായ കേരള എക്‌സ്പ്രസ് എത്തിച്ചേരാന്‍. ഉച്ചഭക്ഷണം കഴിക്കാന്‍ നേരം കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൂരിയും സബ്ജിയും വാങ്ങി കഴിച്ചു. ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ സ്റ്റീല്‍ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ എന്തോ ഒരു അഭിമാനം തോന്നുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചരിത്ര പുസ്തകത്തില്‍ ഉണ്ടായിരുന്ന, മകനെയും പിന്നിലിരുത്തിക്കൊണ്ട് വാളുയര്‍ത്തി ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ഝാന്‍സി റാണി എന്ന റാണി ലക്ഷ്മി ഭായിയുടെ ചിത്രം ഏതൊരു കുട്ടിക്കും എളുപ്പത്തില്‍ മറക്കാന്‍ പറ്റുന്നതായിരുന്നില്ല.
ഝാന്‍സിയെ ആക്രമിക്കാന്‍ വന്ന നാഥേ ഖാനും സഹായത്തിനുവന്ന താന്തിയാ തോപ്പിയും ഒക്കെ ചരിത്ര പുസ്തകത്തില്‍ നിന്നും കുറച്ചുനേരത്തേക്ക് എന്റെ മനസ്സിലേക്ക് കടന്നുവന്നു. പ്രത്യേകിച്ച് ഇപ്പോള്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥി കൂടി ആണല്ലോ. പഠിക്കുന്ന കാലത്ത്, ഇങ്ങനെ ഒരു സൗഭാഗ്യം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന, ആ ഝാന്‍സി റാണിയുടെ നാട്ടിലാണ് ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ രാജ്യഭാരം ഏറ്റെടുക്കുകയും മുപ്പതാം വയസ്സില്‍ രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിക്കുകയും ചെയ്ത ആ മഹത് വനിത ആര്‍ക്കാണ് പ്രചോദനം അല്ലാത്തത്. സ്റ്റേഷനിലേക്ക് വരുന്ന വഴിയില്‍ ഒരു വലിയ കുന്നിന്‍പുറത്ത് സ്ഥിതിചെയ്യുന്ന ഝാന്‍സി കോട്ട കാണാമായിരുന്നു. ഇന്ന് ഏതായാലും സമയമില്ല. അത് മറ്റൊരു ദിവസത്തില്‍ കാണാമെന്ന് തീരുമാനിച്ചു.
ഭൂതകാല സ്മരണകളും കൂട്ടുകാരോടൊത്ത് കഴിഞ്ഞ ദിനങ്ങളും ഝാന്‍സി റാണിയുടെ സ്മരണകളും കൊണ്ട് സമയം പോയതറിഞ്ഞില്ല. കേരള എക്‌സ്പ്രസ് സ്റ്റേഷനില്‍ വന്നെത്തി. സുരേഷ് അറിയിച്ചിരുന്ന എ.സി. ത്രീ കോച്ചില്‍ അവനെ പോയി കണ്ടു. കത്തുകളിലൂടെ അറിയിക്കാന്‍ പറ്റാതിരുന്ന കഥകള്‍ ഒക്കെയും പരസ്പരം കൈമാറി. ട്രെയിന്‍ 10 മിനിറ്റ് അവിടെ സ്റ്റോപ്പ് ഉണ്ട്. ട്രെയിനിലേക്ക് വെള്ളം കയറ്റാനോ എന്‍ജിന്‍ മാറ്റാനോ ഒക്കെ ഉണ്ടത്രേ.
സുരേഷിനോട് യാത്ര പറഞ്ഞ് താല്‍ബട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും രാത്രിയായിരുന്നു. എനിക്ക് ക്യാമ്പ് വിട്ട് പുറത്തുപോകാന്‍ അനുവദിച്ച സമയം കഴിഞ്ഞിരുന്നെങ്കിലും ആരും ഒന്നും പറഞ്ഞില്ല. എത്തിയ ഉടനെ തന്നെ അടുത്ത ദിവസത്തെ പി.ടി. പരേഡിന് വേണ്ടുന്ന ഡ്രസ്സുകള്‍ ഒക്കെ ഒരുക്കിവച്ചു.
തുടരും
Content Highlights: Lieutenant Colonel Surendran M.K. writes about Phoolan Devi and Jhansi Rani in autobiography
Published: 26 Mar 2024, 10:30 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented