
താല്‍ബട്ടിലെ കാലാവധി കുറെ നീണ്ടതായിരുന്നു. നസീറാബാദ് പോലെ തന്നെ ഒരു സൗകര്യവും ഇല്ലാത്ത മിലിട്ടറി സ്റ്റേഷന്‍. ബാങ്കിനും മുതിര്‍ന്ന കുട്ടികള്‍ക്കുള്ള സ്‌കൂളിനും സൗകര്യമുള്ള മിലിറ്ററി ഹോസ്പിറ്റലിനും ഒക്കെയായി കുറഞ്ഞത് 25 കിലോമീറ്റര്‍ ദൂരെയുള്ള ബബീനയില്‍ പോകണം. ഇങ്ങ് തെക്കേ ഇന്ത്യയിലേക്കുള്ള വണ്ടികള്‍ കയറണമെങ്കില്‍ 50 കിലോമീറ്റര്‍ എതിര്‍വശത്തുള്ള ഝാന്‍സിയിലേക്ക് പോകണം. എന്നാല്‍ ഇന്ത്യയിലെ ആദ്യത്തെ ശതാബ്ദി എക്‌സ്പ്രസ്, ദിവസവും കാണാനുള്ള ഭാഗ്യവും നമുക്കുണ്ടായിരുന്നു.
നമ്മുടെ യൂണിറ്റിന്റെ തൊട്ടടുത്തുകൂടിയാണ് റെയില്‍വേ ലൈന്‍ പോകുന്നത്. ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അന്നത്തെ റെയില്‍വേമന്ത്രിയായിരുന്ന മാധവ റാവു സിന്ധ്യ ഡല്‍ഹിയില്‍ നിന്നും അദ്ദേഹത്തിന്റെ നാടായ ഗ്വാളിയര്‍ വരെയും പിന്നീട് അത് ഝാന്‍സി വഴി ഭോപ്പാല്‍ വരെയും നീട്ടിയ ആദ്യത്തെ ശതാബ്ദി ട്രെയിന്‍ ദിവസവും അതുവഴി കടന്നുപോകുന്നത് ഞങ്ങള്‍ കൗതുകത്തോടെ നോക്കും. അതായിരുന്നു അന്നത്തെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍.
Also Read
നാട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ ചിലപ്പോഴൊക്കെ, ചിലര്‍ക്കൊക്കെ ഒരു ഭാഗ്യം കിട്ടാറുണ്ട്. യൂണിറ്റ് കഴിഞ്ഞ ഉടനെ ഒരു പഴയ റെയില്‍വേ പാലം ഉണ്ട്. പലപ്പോഴും ആ പാലം കടന്നുപോകുമ്പോള്‍ ട്രെയിനുകള്‍ വളരെ മെല്ലെ മാത്രമേ പോകാറുള്ളൂ. പട്ടാളക്കാര്‍ സ്യൂട്ട്കേസുമായി ട്രെയിനിന്റെ വാതിലിനടുത്ത് വന്നുനില്‍ക്കും. ചാടി ഇറങ്ങാന്‍ പാകത്തിന് വണ്ടിയുടെ വേഗത കുറഞ്ഞിട്ടുണ്ടെങ്കില്‍ അവിടെത്തന്നെ ഇറങ്ങും. ഒരുതവണ മാത്രം എനിക്ക് അങ്ങനെ അവസരം കിട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ വീണ്ടും 50 കിലോമീറ്റര്‍ സഞ്ചരിച്ച് ജാന്‍സിയില്‍ ഇറങ്ങി ബസ്സിന് താല്‍ബട്ടിലേക്ക് തിരിച്ചുവരണം.
അതിനിടയില്‍ ജ്യേഷ്ഠന് പി.എസ്.സി. എഴുതി കേരള പോലീസില്‍ ജോലി കിട്ടിയെന്ന് അറിഞ്ഞു. വളരെ സന്തോഷമായി. അമ്മയുടെ ഒരു മകന്‍ കേന്ദ്രസര്‍ക്കാരിലും മറ്റൊരു മകന്‍ സംസ്ഥാന സര്‍ക്കാരിലും ഉദ്യോഗസ്ഥര്‍. അമ്മയുടെ വിലയും മതിപ്പും നാട്ടില്‍ കൂടി വന്നു. ജ്യേഷ്ഠന്‍ മലപ്പുറം ജില്ലയില്‍ തിരൂരില്‍ ആയിരുന്നു ട്രെയിനിങ് ചെയ്തുകൊണ്ടിരുന്നത്. ഒരു തവണ ലീവിന് പോകുമ്പോള്‍ തിരൂരില്‍ ഇറങ്ങി ജ്യേഷ്ഠനെ കാണാനായി അവരുടെ പോലീസ് ക്യാമ്പിലേക്ക് പോയി. ഞാന്‍ സഹിച്ചത് പോലെയുള്ള ട്രെയിനിങ് സമയത്തെ കഷ്ടപ്പാട് കണ്ടപ്പോള്‍ വലിയ സങ്കടം തോന്നി. പുതിയ ബൂട്ട് ചെയ്ത ഉപദ്രവം കാരണം ഒരു കാലില്‍ ഷൂസും മറ്റേ കാലില്‍ ചെരിപ്പും ഇട്ടുകൊണ്ടാണ് ജേഷ്ഠന്‍ എന്നെ കാണാന്‍ വന്നത്. ഏതായാലും പോലീസ് ഇന്‍സ്ട്രക്ടര്‍മാര്‍ എനിക്ക് ചായയൊക്കെ നല്‍കിയാണ് വിട്ടത്.
അതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. ബബീന ഫയറിങ് റേഞ്ചില്‍ ഗ്രനേഡ് ഫയറിങ് പരിശീലനത്തിന് പോയ ലെഫ്റ്റനന്റ് പാണ്ഡെയുടെ കൈയില്‍ നിന്നും ഗ്രനേഡ് പൊട്ടിത്തെറിച്ച സംഭവം. ചിന്നഭിന്നമായ അദ്ദേഹത്തിന്റെ വലതുകൈ മുട്ടിനുതാഴത്തുവെച്ച് മുറിക്കേണ്ടി വന്നു. കൃത്രിമക്കൈ ഘടിപ്പിക്കേണ്ടിവന്ന അദ്ദേഹം പിന്നീട് ഇടതു കൈകൊണ്ട് സല്യൂട്ട് ചെയ്യുമ്പോള്‍ വലിയ സങ്കടം തോന്നുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഓഫീസില്‍ സഹായിയായി നിന്നിരുന്ന ഞാന്‍ അദ്ദേഹത്തിനുവേണ്ടി എഴുതാന്‍ സഹായിച്ചിരുന്നു. ഇത്രയും കാലംകൊണ്ട് കോപ്പിയെഴുതി കൈയക്ഷരം നന്നാക്കിയ എനിക്ക് മടികൂടാതെ എഴുതാന്‍ സാധിച്ചു.
പാണ്ഡെ സാബിന്റെ കാര്യത്തില്‍ നമുക്ക് സന്തോഷം തന്ന ഏക കാര്യം, അദ്ദേഹവുമായി കല്യാണം നിശ്ചയിക്കപ്പെട്ട പെണ്‍കുട്ടി അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിന് വഴങ്ങാതെ അദ്ദേഹത്തെ തന്നെ കല്യാണം കഴിച്ചു എന്നുള്ളതാണ്. കല്യാണം കഴിച്ചതിനുശേഷം ആണ് ഇങ്ങനെ സംഭവിച്ചിരുന്നത് എങ്കില്‍ എന്തുചെയ്യുമായിരുന്നു എന്നാണ് ആ കുട്ടി ചോദിച്ചത്. ജീവിതത്തില്‍ കണക്കുകൂട്ടല്‍ വേറെയും സംഭവിക്കുന്നത് മറ്റൊന്നുമാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ ആ നല്ല പെണ്‍കുട്ടി. രാജ്യസേവനത്തിനിറങ്ങിയ ഓരോ ധീരജവാന്മാരുടെയും പിന്നില്‍ ഇങ്ങനെ ഓരോ ധീര വനിതകളും ഉണ്ടാകും. പിന്നീട് കുറച്ചുകാലം പാണ്ഡെ സാബിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന് വേണ്ടുന്ന ഓഫീസ് കാര്യങ്ങളൊക്കെ ഞാന്‍ എഴുതിക്കൊടുക്കുമായിരുന്നു. എനിക്ക് കൈയക്ഷരം നന്നാക്കാന്‍ ഒരു സന്ദര്‍ഭംകൂടി കിട്ടി. കാരണം ഒരു ഓഫീസര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ അത് കുറേക്കൂടി നന്നായി എഴുതണമല്ലോ.
വീണ്ടും കുറേപേര്‍ യൂണിറ്റില്‍ പുതുതായി വന്നുചേര്‍ന്നു. മലപ്പുറത്ത് നിന്നുള്ള കെ.വി. സുരേഷും തിരുവനന്തപുരത്തു നിന്നുള്ള ശശിയും പാലക്കാട്ട് നിന്നുള്ള ഹവില്‍ദാര്‍ സഹദേവനും ഹവില്‍ദാര്‍ ചന്ദ്രശേഖരനും അതുപോലെ പഞ്ചാബില്‍ നിന്നുള്ള കുറേ സര്‍ദാര്‍ജിമാരും. തിരുവനന്തപുരത്തുകാരന്‍ ശശി വന്നതിനുശേഷം യൂണിറ്റില്‍ ഉയരത്തിന്റെ കാര്യത്തില്‍ ഞാന്‍ രണ്ടാമനായി. കണ്ണൂര്‍ക്കാരനായ ഒരു വളരെ നീളം കുറഞ്ഞ ശശിയും യൂണിറ്റില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടി തിരുവനന്തപുരത്തുകാരന്‍ ശശിയെ 'ലംബു ശശി' എന്നും കണ്ണൂര്‍ക്കാരന്‍ ശശിയെ 'ചോട്ടു ശശി' എന്നും വിളിച്ചു തുടങ്ങി. ലംബു ശശിക്ക് ഉയരം മാത്രമല്ല നല്ല ശരീരപ്രകൃതം കൂടിയായിരുന്നു. ലംബു ശശി വന്ന ഉടനെ തന്നെ റെജിമെന്റ് ബാസ്‌ക്കറ്റ്‌ബോള്‍ ടീമില്‍ ചേര്‍ന്നു. എന്നെയും പല ടീമിലും ചേരാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും 'ബാറ്ററി' ഫുട്‌ബോള്‍ ടീമില്‍ ഗോള്‍കീപ്പര്‍ ആയി കളിച്ചിരുന്നു എന്നല്ലാതെ എനിക്ക് പഠിപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുകൊണ്ട് അതിനൊന്നും പോയില്ല.
നാല് ബാറ്ററികള്‍ ചേര്‍ന്നാണ് ഒരു ആര്‍ട്ടിലറി റെജിമെന്റ്. ഇന്‍ഫെന്ററിയില്‍ കമ്പനി എന്നാണ് വിളിക്കാറ്. ബാറ്ററികള്‍ തമ്മില്‍ ഓരോ വര്‍ഷവും നടക്കുന്ന മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ 'ചാമ്പ്യന്‍ ബാറ്ററി'ക്കുള്ള അവാര്‍ഡ് കൊടുക്കും. മത്സരങ്ങളില്‍ പ്രധാനമാണ് പലതരത്തിലുള്ള കായിക മത്സരങ്ങള്‍. കളികളില്‍ നിന്നും പൊതുവേ മാറി നിന്നിരുന്ന എനിക്ക് ഒരു വര്‍ഷം ഗത്യന്തരമില്ലാതെ ബാറ്ററി ബോക്‌സിങ് ടീമില്‍ ചേരേണ്ടിവന്നു. ഒരു പ്രത്യേക കാറ്റഗറിയില്‍ കളിച്ചിരുന്ന അസാമിയായ ഗണ്ണര്‍ ശ്രീമല്‍ റായി ബോക്‌സിങ് മത്സരസമയത്ത് ലീവില്‍ ആയിരുന്നു. അവനോട് തിരിച്ചുവരാന്‍ വേണ്ടി ടെലിഗ്രാം അടിച്ചിരുന്നുവെങ്കിലും സമയത്ത് എത്തുമോ എന്നുള്ള ഉറപ്പില്ലാതിരുന്നതിനാല്‍ അവന്റെ അതേ തൂക്കത്തില്‍ വരുന്ന എന്നെ ആ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.
കാരണം, ആരും മത്സരിച്ചില്ലെങ്കില്‍ ആ വിഭാഗത്തില്‍ മാര്‍ക്കൊന്നും കിട്ടില്ല. മത്സരിച്ച് തോറ്റാല്‍ ഒരു പോയിന്റ് കിട്ടും. ആ ഒരു പോയിന്റിന് വേണ്ടിയാണ് എന്നെ നിര്‍ബന്ധപൂര്‍വം ഉള്‍പ്പെടുത്തിയത്. കൈയില്‍ ചുവന്ന കളറിലുള്ള ബോക്‌സിങ് ഗ്ലൗസും ധരിച്ച്, അസമിലേക്കുള്ള ടെലഗ്രാം സമയത്ത് തന്നെ അവിടെ എത്തിച്ചേരണമേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് അവരുടെ കൂടെ ഞാനും പ്രാക്ടീസിന് പോയിത്തുടങ്ങി. ടീം ക്യാപ്റ്റന്‍ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ക്കാരനായ സര്‍ദാര്‍ജി ഗുരുദീപ് സിംഗില്‍ നിന്നും ദിവസവും കിട്ടുന്ന ഇടി കാരണം എന്റെ മൂക്ക് പരന്ന് അസമിയായ ശ്രീമല്‍ റായിയുടെ മുഖം പോലെ ആകുന്നതിന് മുമ്പായി തന്നെ എന്റെ പ്രാര്‍ഥന ഫലിച്ചു. ഗണ്ണര്‍ ശ്രീമല്‍ റായി മത്സരത്തിന് മുമ്പ് തന്നെ യൂണിറ്റില്‍ തിരിച്ചെത്തി.
അതുപോലെ ലംബു ശശി വന്നതിനുശേഷം എനിക്ക് ഒരു ഗുണമുണ്ടായി. ഒരു റെജിമെന്റിന്റെ അഭിമാനത്തിന്റെ പ്രതീകമാണ് അവിടുത്തെ 'ക്വാര്‍ട്ടര്‍ ഗാര്‍ഡ്' എന്ന് പറയുന്ന സ്ഥലം. ജവാന്മാര്‍ അവിടെ 24 മണിക്കൂറിന്റെ ഗാര്‍ഡ് ഡ്യൂട്ടിക്ക് പോകണം. റെജിമെന്റിലെ തന്നെ കുറ്റക്കാരായ തടവുകാരെ പാര്‍പ്പിക്കുന്നതും അവിടെയാണ്. ഏറ്റവും കൂടിയ അച്ചടക്കത്തോട് കൂടിയുള്ള അവിടുത്തെ ഡ്യൂട്ടിക്ക് തൊപ്പി മുതല്‍ ബൂട്ട് വരെ എല്ലാം ഒന്നാം നമ്പര്‍ ആയിരിക്കണം. മുമ്പൊക്കെ ഇതിനെക്കാളും കഠിനമായിരുന്നു. ഇപ്പോള്‍ യൂണിഫോം തുണികള്‍ എല്ലാം ടെറി കോട്ടണ്‍ ആണ്. മുമ്പ് ഞാന്‍ ദേവലാലിയില്‍ ഉണ്ടായിരുന്ന സമയത്തൊക്കെ കോട്ടണ്‍ തുണികള്‍ ആയിരുന്നു.
അതില്‍ സ്റ്റാര്‍ച്ച് മുക്കി ഇസ്തിരി ഇട്ട് പേപ്പര്‍ പോലെ ആക്കി എടുക്കണം. അന്നൊക്കെ മറ്റൊരു രീതികൂടി ഉണ്ടായിരുന്നു. ക്വാര്‍ട്ടര്‍ ഗാര്‍ഡ് ഡ്യൂട്ടിക്ക് ആറ് പേര്‍ക്ക് പകരം ഏഴ് പേര്‍ പോകും. ഏഴുപേരില്‍ ഏറ്റവും കൂടുതല്‍ 'ഡിസിപ്ലിന്‍' ഉള്ള ജവാനെ തിരഞ്ഞെടുത്ത് കമാന്‍ഡിങ് ഓഫീസറുടെ ഓഫീസിലേക്ക് അദ്ദേഹത്തിന്റെ കാവല്‍ഭടനും ദൂതനും ആയിട്ട് വിടും. ഓഫീസ് വൃത്തിയായി സൂക്ഷിക്കേണ്ടതും ഓഫീസ് ഫയലുകള്‍ പറയുന്നിടത്ത് എത്തിക്കേണ്ടതുമൊക്കെ ഈ ജവാന്റെ ജോലിയാണ്. അത് ഏതൊരാള്‍ക്കും ഒരു അഭിമാനത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ അതിനുവേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കും. മത്സരവും അത്രയ്ക്ക് കഠിനമുള്ളതായിരുന്നു. യൂണിഫോമിന്റെ ഭാഗമായ അടിവസ്ത്രങ്ങള്‍ക്ക് പോലും പഠിപ്പിച്ചത് പ്രകാരമുള്ള നമ്പര്‍ ആലേഖനം ചെയ്തിട്ട് പോകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ഗുണമുണ്ട്.
അന്ന് രാത്രി ഡ്യൂട്ടി നോക്കേണ്ടെങ്കിലും അതൊരു നൈറ്റ് ഡ്യൂട്ടിയുടെ കണക്കില്‍ പെടുകയും ചെയ്യും. കാലം കുറെ മാറിയിരിക്കുന്നു. അന്നൊക്കെ ഉസ്താദ് പറഞ്ഞതുപോലെ ബൂട്ടിന്റെ മുന്‍വശം മുഖം കാണുന്ന വിധത്തില്‍ തിളക്കം വരാന്‍ ബൂട്ട് പോളിഷും തുണിയും ഉപയോഗിച്ച് മണിക്കൂറുകള്‍ ഇരുന്ന് ചെയ്തിരുന്ന കാര്യം ഇന്നിപ്പോള്‍ ആ ഭാഗം കറുത്ത ഇനാമല്‍ പെയിന്റ് അടിച്ചോ, തിളക്കമുള്ള റെക്‌സിന്‍ തുന്നിച്ചേര്‍ത്തോ എളുപ്പമാക്കിയിരിക്കുന്നു. എന്നാലും ക്വാര്‍ട്ടര്‍ ഗാര്‍ഡ് ഡ്യൂട്ടി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായതിനാല്‍ അതില്‍നിന്നും പലപ്പോഴും ഒഴിയാന്‍ ശ്രമിക്കുമായിരുന്നു. ലംബു ശശി വന്നതിനുശേഷം അവന്റെ കാലിന് പറ്റിയ ബൂട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് ആ ഡ്യൂട്ടിയില്‍ ഇളവ് വാങ്ങിയിരുന്നു. അവന്‍ തുടങ്ങിവച്ച ആ കീഴ്വഴക്കം പിന്നീട് ഞാനും ഉപയോഗിച്ചു. ദേവലാലിയില്‍ ഉള്ളപ്പോള്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ടിലറി സന്ദര്‍ശിക്കാന്‍ വന്ന അന്നത്തെ ജനറല്‍ എ.വി. കൃഷ്ണറാവുവിന് 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഞാന്‍ ഇന്ന് കുറച്ച് മടിയന്‍ ആയിപ്പോയോ എന്ന് സ്വയം ചോദിച്ചു.
അതിനിടയില്‍ ക്യാപ്റ്റന്‍ രാമചന്ദ്രന്‍ അവിടെ നിന്നും റഷ്യയിൽ ഒരു കോഴ്‌സ് ചെയ്യാന്‍ പോയി. പിന്നീട് ഇതുപോലെ തന്നെ സര്‍വീസില്‍ നിന്നും കമ്മീഷന്‍ എടുത്ത രണ്ടു ഓഫീസര്‍മാര്‍ കൂടി വന്നു. ആന്ധ്രപ്രദേശുകാരനായ ക്യാപ്റ്റന്‍ പീറ്ററും മലയാളിയായ ക്യാപ്റ്റന്‍ ജോണ്‍സും. ഇവരുടെയൊക്കെ സാന്നിധ്യം എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയായിരുന്നു. ഒരു കാര്യം എനിക്ക് മനസ്സിലായിത്തുടങ്ങി. സര്‍വീസില്‍ നിന്നുകൊണ്ട് സ്വപ്രയത്‌നത്തിലൂടെ ഓഫീസര്‍ ആകുന്നവരില്‍ അധികവും തെക്കേ ഇന്ത്യക്കാര്‍ തന്നെയാണ്, പ്രത്യേകിച്ചും കേരളക്കാര്‍. പ്രീഡിഗ്രി പാസായിട്ടാണ് ആര്‍മിയില്‍ ചേര്‍ന്നിരുന്നെങ്കില്‍ എനിക്കും ശ്രമിക്കാമായിരുന്നു.
സര്‍വീസില്‍ ഉള്ളവര്‍ക്കുള്ള കുറഞ്ഞ യോഗ്യത പന്ത്രണ്ടാം ക്ലാസ് മതി. ഇനി ഏതായാലും പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദം പൂര്‍ത്തിയാക്കിയിട്ട് വേണം അതിനുള്ള ശ്രമം. മലയാളികളെ പോലെതന്നെ പഞ്ചാബികളായ സര്‍ദാര്‍ജിമാരും ജാട്ടുകാരായ ഹരിയാനക്കാരും രാജസ്ഥാനികളും ബിഹാറികളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നേപ്പാളികളുമൊക്കെയുള്ള ഒരു മിശ്രിത കുടുംബം തന്നെ ആയിരുന്നു നമ്മുടെ യൂണിറ്റ്. ഞാന്‍ പലപ്പോഴും അവരുടെ കൂട്ടത്തില്‍ കൂടാനാണ് ആഗ്രഹിച്ചിരുന്നത്. പ്രധാനമായും അവരുടെ സംസ്‌കാരവും ഭാഷയും മനസ്സിലാക്കിയെടുക്കുക എന്നതായിരുന്നു ഉദ്ദേശം. ഹിന്ദി അറിയാവുന്ന ഏതൊരാള്‍ക്കും പെട്ടെന്ന് മനസ്സിലാകുന്നതായിരുന്നു പഞ്ചാബിയും ഹരിയാന്‍വി ഭാഷയും. മലയാളികള്‍ക്ക് തമിഴ് പോലെ തന്നെ. തമിഴ് ഇതിനകം തന്നെ സംസാരിക്കാന്‍ മാത്രമല്ല എഴുതാനും വായിക്കാനും കൂടി പഠിച്ചുകഴിഞ്ഞിരുന്നു. അടുത്ത ഭാഷയായ പഞ്ചാബി പഠിക്കാമെന്ന് തീരുമാനിച്ച് സര്‍ദാര്‍ജിമാരുടെ കൂടെ തന്നെ കൂട്ടംകൂടി.
വടക്കേ ഇന്ത്യക്കാര്‍ ഓരോ പ്രാവശ്യം ലീവിന് പോയി വരുമ്പോഴും കൈയില്‍ അഞ്ചു ലിറ്ററില്‍ കുറയാത്ത ഒരു വലിയ പ്ലാസ്റ്റിക് പാത്രത്തില്‍, വീട്ടില്‍ വളര്‍ത്തുന്ന പശുവിന്റെയോ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അവരുടെ എരുമയുടെയോ നാടന്‍ നെയ്യ് കൊണ്ടുവരും. അത് രണ്ടുനേരവും ഭക്ഷണത്തില്‍ ഒഴിച്ചാണ് കഴിക്കുക. അവരുടെ ആരോഗ്യത്തിന്റെയും കായികശക്തിയുടെയും രഹസ്യം അതുതന്നെയാണെന്ന് മനസ്സിലായി. ഒളിമ്പിക്‌സിനും മറ്റും പോകുന്ന ഇന്ത്യന്‍ ടീമില്‍ അതുകൊണ്ടുതന്നെ ആയിരിക്കണം അധികവും ഹരിയാനയില്‍ നിന്നുള്ളവര്‍ തന്നെയാണ്. അതേസമയം പുളി കൂടുതലായും ഇഷ്ടപ്പെടുന്ന നമ്മള്‍ കേരളക്കാര്‍ ലീവ് കഴിഞ്ഞ് വരുമ്പോള്‍ മാങ്ങാ അച്ചാര്‍, ചെമ്മീന്‍ അച്ചാര്‍, കൂടി വന്നാല്‍ പോത്ത് അച്ചാര്‍ എന്നിവയാണ് പ്രധാനമായും കൊണ്ടുവരിക.
തമിഴന്മാരാണെങ്കില്‍ കടലപ്പൊടിയും നല്ല ചുവന്ന മുളകുപൊടിയുമൊക്കെ ചേര്‍ത്ത് 'ഗണ്‍ പൗഡര്‍' എന്ന് വിളിക്കുന്ന ഒരു പ്രത്യേകതരം ചമ്മന്തിപ്പൊടി കൊണ്ടുവരാറുണ്ട്. അതുപോലെ തന്നെ തെക്കന്‍ കേരളക്കാര്‍ക്കിടയില്‍ പ്രാധാന്യമുള്ള മറ്റൊരു ചമ്മന്തിപ്പൊടിയുണ്ട്. തേങ്ങ വറുത്തു പൊടിച്ച് അതില്‍ മറ്റെല്ലാ മസാല പൊടികളും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു സാധനം. അത് ഉണക്ക് ചെമ്മീന്‍ ചേര്‍ത്തും അല്ലാതെയും ഉണ്ടാക്കാം. ലങ്കറില്‍ നിന്നും കിട്ടുന്ന ഭക്ഷണത്തിന് സ്വാദേകാന്‍ ഇതില്‍ നിന്നും കുറച്ച് അതിന്റെ കൂടെ ചേര്‍ത്താല്‍ മതി. അതിന്റെ സ്വാദ് മനസ്സിലാക്കിയ ഞാന്‍ അത് ഉണ്ടാക്കുന്നവിധം ചോദിച്ച് മനസ്സിലാക്കി പിന്നീട് നാട്ടില്‍ നിന്നും വരുമ്പോള്‍ അതുപോലെ അമ്മയെക്കൊണ്ട് ഉണ്ടാക്കി കൊണ്ടുവരുമായിരുന്നു.
സര്‍ദാര്‍ജിമാരുമായുള്ള കൂട്ടുകെട്ട് ഭാഷ പഠിക്കുക എന്നതിലുപരി അവരുടെ സിഖ് മതത്തെ പറ്റി കുറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. സിഖ് മതത്തിന്റെ ധാര്‍മികതയില്‍ അങ്ങേയറ്റം വിശ്വസിക്കുന്നവര്‍ അഞ്ച് 'ക' കൂടെ കൊണ്ടുനടക്കുന്നവരാണ്. 'കേശ്' അഥവാ തലമുടി, 'കങ്കി' എന്നാല്‍ ചീര്‍പ്പ്, 'കൃപ്പാണ്‍' എന്ന അവരുടെ ആയുധമായ വാള്‍, 'ഘട' അഥവാ വള, 'കച്ച' എന്ന അടിവസ്ത്രം. സിഖ് മതസ്ഥാപകനും അവരുടെ ഒന്നാമത്തെ ഗുരുവുമായ ഗുരു നാനാക്ക് മുതല്‍ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംങ് വരെയുള്ളവരുടെ ജീവത്യാഗത്തിന്റെ കഥ കേട്ടപ്പോഴാണ് നമ്മളെ സ്‌കൂളില്‍ പഠിപ്പിക്കുന്ന ചരിത്രം എത്രമാത്രം അനുചിതമായ ഒന്നാണ് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ സിഖ് ജവാന്മാരുമായി ഇടപഴകിയില്ലെങ്കില്‍ ഇന്ന് എനിക്ക് പത്തില്‍, ഒരു മൂന്നു ഗുരുവിന്റെ പേര് പോലും പറയാന്‍ കഴിയില്ലായിരുന്നു.
അതേസമയം നമ്മുടെ രാജ്യത്തെ നശിപ്പിച്ച, മതപരിവര്‍ത്തനം മാത്രം ലക്ഷ്യംവെച്ച് നാടു ഭരിച്ച മുഗള്‍ ചക്രവര്‍ത്തിമാരുടെ ക്രമമനുസരിച്ചുള്ള ഭരണകാലയളവടക്കം മനഃപാഠമാണ്. ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന അവരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിങിന്റെ നാല് ആണ്‍മക്കളെയും മുഗള്‍ ഗവര്‍ണറായ വാസിം ഖാന്‍ വളരെ ദയനീയമായി കൊന്നുകളഞ്ഞു. വെറും ഏഴും ഒമ്പതും വയസ്സുള്ള രണ്ട് മക്കളെ ജീവനോടെ ഇഷ്ടികയോടുകൂടി ചുമരില്‍ വാര്‍ത്തെടുക്കുകയായിരുന്നു. മതപരിവര്‍ത്തനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി കശ്മീര്‍ പണ്ഡിറ്റുകള്‍ അവരുടെ രക്ഷയ്ക്കായി, ഗുരു ഗോവിന്ദ് സിങിന്റെ പിതാവും ഒമ്പതാമത്തെ സിഖ് ഗുരുവുമായ ഗുരു തേജ് ബഹദുര്‍ സിങിനെ അഭയം പ്രാപിച്ചു.
എന്നാല്‍ ഇസ്ലാം മതപരിവര്‍ത്തനത്തിന് എതിരായി നിന്നതുകൊണ്ടുതന്നെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ആജ്ഞപ്രകാരം ഡല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍വെച്ച് അദ്ദേഹത്തെ തലയറുത്ത് കൊല്ലുകയായിരുന്നു. അവിടെയാണ് ഇന്ന് സീസ് ഗഞ്ച് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. സ്വന്തം തല കഴുത്തറ്റ് വീണതിനുശേഷവും മുഗള്‍ സൈന്യത്തിനെതിരായി യുദ്ധം ചെയ്ത സിഖ് യോദ്ധാക്കള്‍ അവരുടെ ഇടയിലുണ്ടത്രെ. സ്വന്തം മതത്തെയും അതില്‍ വിശ്വസിക്കുന്ന ജനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി രക്തസാക്ഷികളായ കുറെ മഹാന്മാരുടെ ചരിത്രം മറച്ചുവെച്ചുകൊണ്ട്, ഭരണത്തിന്റെ കഴിവ് ഉപയോഗിച്ച് മറ്റു മതസ്ഥരെ നിര്‍ബന്ധപൂര്‍വം സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും അതിന് സമ്മതിക്കാത്തവരെ കൊന്നൊടുക്കുകയും ചെയ്ത മുഗള്‍ ചക്രവര്‍ത്തിമാരുടെ ചരിത്രമാണ് നമ്മളെ കൂടുതലായും സ്‌കൂളുകളില്‍ പഠിപ്പിച്ചത് എന്നത് പച്ചയായ യാഥാര്‍ഥ്യം.
നീണ്ടുവളര്‍ന്ന താടിയെ ചെറിയ വലക്കുള്ളില്‍ മടക്കി ഒതുക്കി, വലയുടെ രണ്ടു വശങ്ങളും ചെവിക്ക് മുകളിലായി തലയില്‍ ചേര്‍ത്ത് കെട്ടി, എല്ലാം മറച്ചുകൊണ്ട് തലയില്‍ കെട്ടിയ പഗടിക്കുള്ളില്‍ നിന്നും വമിക്കുന്ന ചൂടിനോടൊപ്പം, കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്ന് ഉത്ഭവിച്ച കോപാഗ്‌നി കൂടിയായപ്പോള്‍ ഗണ്ണര്‍ സോഹന്‍സിങിന്റെ ചുവന്ന് തടിച്ച കണ്ണുകളില്‍ മറ്റൊരു സിഖ് ഗുരു ജന്മമെടുക്കുന്നതുപോലെ തോന്നി. സോഹന്‍സിങ് പറഞ്ഞതിനോട് ഞാനും യോജിച്ചു. ഒരു ഝാന്‍സി റാണിയിലോ, ഛത്രപതി ശിവാജിയിലോ, മഹാറാണാ പ്രതാപ് സിങിലോ മാത്രം ഒതുങ്ങേണ്ടതല്ല ചരിത്ര പുസ്തകങ്ങളിലെ നമ്മുടെ രാജ്യസ്‌നേഹത്തിന്റെ ഉദാഹരണങ്ങള്‍.
റെജിമെന്റ് സ്ഥാപിതമായതിന്റെ ഒന്നാം വാര്‍ഷികം വന്നെത്തി. 'റേസിങ് ഡേ' എന്നാണ് അതിനെ വിളിക്കാറ്. ഓരോ റെജിമെന്റും ഉത്സാഹപൂര്‍വം കൊണ്ടാടുന്ന ഒരു ദിവസമാണ് അത്. ജവാന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒക്കെയുള്ള ചെറിയ ചെറിയ മത്സരങ്ങളും പലതരത്തിലുള്ള ഭക്ഷണശാലകള്‍ അടങ്ങിയ മേളയും മെസ്സിലെ പാര്‍ട്ടികളും ലങ്കറില്‍ 'ബഡാഖാന' എന്ന പേരില്‍ അറിയപ്പെടുന്ന വിഭവസമൃദ്ധമായ ഭക്ഷണവും ചെറിയ നാടകങ്ങളും ഡാന്‍സുകളും ഓരോ സംസ്ഥാനക്കാരുടെയും കലാരൂപങ്ങളുമൊക്കെ അതിന്റെ ഭാഗമായിരിക്കും. മേളയുടെ ഭാഗമായി പ്രച്ഛന്നവേഷമത്സരം ഉണ്ടാവും. നാട്ടില്‍ ജയഭാരത കലാകേന്ദ്രവുമായി പ്രവര്‍ത്തിച്ച എനിക്ക് ഇവിടെ വെറുതെ ഇരിക്കാന്‍ പറ്റുമോ. ഒരു സന്യാസിയുടെ വേഷം കെട്ടാം എന്ന് തീരുമാനിച്ചു.
വെളിയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കാനോ ഒന്നും പറ്റില്ല. പ്രത്യേകിച്ചും താല്‍ബട്ട് പോലെയുള്ള സ്ഥലത്ത് അതൊന്നും തന്നെ കിട്ടാനും വഴിയില്ല. സന്യാസിക്ക് വേണ്ടുന്ന സാധനങ്ങള്‍ സ്വയം ഉണ്ടാക്കാന്‍ തീരുമാനിച്ചു. നാട്ടിലുള്ളപ്പോള്‍ താടിയും മുടിയും ഉണ്ടാക്കിയത് പോലെ തന്നെ, ആര്‍മി ട്രക്ക് ആയ ശക്തിമാന്‍ വണ്ടികളുടെ ഉപേക്ഷിക്കപ്പെട്ട ഡ്രൈവിങ് സീറ്റിന് അടിയില്‍ നിന്നും കിട്ടിയ ചകിരി, തുണിയില്‍ മുടിയുടെ രൂപത്തിലും താടിക്കും മീശക്കും വേണ്ടുന്നത് കമ്പി വളച്ച് അതിലും തുന്നിച്ചേര്‍ത്ത്, ബനിയ കാന്റീനില്‍ നിന്നും കറുത്ത കളര്‍ പൊടി വാങ്ങി അതിന് നിറവും നല്‍കി. താടിയും മുടിയും തയ്യാറായി. സന്യാസിമാര്‍ ധരിക്കുന്ന വസ്ത്രത്തിന് വേണ്ടി നായക്ക് ഹരീന്ദര്‍ സിംഗിന്റെ കാവി നിറത്തിലുള്ള തലപ്പാവ് വാങ്ങി രൂപപ്പെടുത്തി.
കൈയില്‍ പിടിക്കാനുള്ള യോഗദണ്ഡ് കാര്‍ബോര്‍ഡില്‍ വരച്ചുകൊടുത്ത് അതുപോലെ ഒരെണ്ണം റെജിമെന്റിലെ കാര്‍പെന്ററെകൊണ്ട് മരത്തില്‍ നിര്‍മിച്ചെടുത്തു. കമണ്ഡലു, യൂണിറ്റ് മന്ദിരത്തില്‍ നിന്നും സംഘടിപ്പിച്ചു. നെറ്റിക്ക് തൊടാനുള്ള ഭസ്മം ലങ്കറിലെ അടുപ്പില്‍ നിന്നും ഉള്ള വെണ്ണീര്‍ മതി. രുദ്രാക്ഷമാല അന്വേഷിച്ചിട്ട് എവിടെയും കിട്ടിയില്ല. അവസാനം അതിനും വഴി കണ്ടെത്തി. അവിടെ യൂണിറ്റിന് അടുത്ത് തന്നെയാണ് അറവുശാല. നൂറുകണക്കിന് ആടുകളെ ട്രക്കുകളില്‍ കൊണ്ടുവന്ന് ആവശ്യത്തിനനുസരിച്ച് അതിനെ കശാപ്പ് ചെയ്ത് ലങ്കറുകളിലേക്കും മെസ്സുകളിലേക്കും ആവശ്യമായ ആട്ടിറച്ചി വിതരണം ചെയ്യുന്നത് അവിടെവെച്ചാണ്. അവിടെ പോയി കുറെ പഴകി ഉണങ്ങിയ ആട്ടിന്‍ കാഷ്ഠങ്ങള്‍ ശേഖരിച്ച് കൊണ്ടുവന്ന് സൂചിയും നൂലും ഉപയോഗിച്ച് അതിനെ കോര്‍ത്ത് രുദ്രാക്ഷമാല പോലെ ആക്കിയെടുത്തു. സന്യാസിയെ കണ്ട ഒരാള്‍ക്കും അത് തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു. പ്രച്ഛന്നവേഷങ്ങളില്‍ എപ്പോഴും കാണുന്ന കുഷ്ഠരോഗിയായി വേഷം കെട്ടിയ ആള്‍ക്ക് ഒന്നാം സമ്മാനവും എനിക്ക് രണ്ടാം സമ്മാനവും കിട്ടി.
അടുത്തവര്‍ഷം ഞാന്‍ കാളവണ്ടിക്കാരന്‍ ആയിട്ടാണ് വേഷംകെട്ടി വന്നത്. ഇത്തവണ മീശ എടുത്ത് വെളുത്ത താടിവെച്ച് തലക്കെട്ട് കെട്ടി ഒരു കര്‍ഷകവേഷത്തില്‍ കാളവണ്ടിയില്‍ ഇരുന്നുകൊണ്ടാണ് മേള നടക്കുന്ന മൈതാനത്തിലേക്ക് വന്നത്. കാളയെ നിയന്ത്രിക്കാന്‍, ശരിയായ കാളവണ്ടിക്കാരനെയും കൂടെ കൂട്ടിയിരുന്നു. കാളവണ്ടിയും ഞാനും ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ അവിടെ കുട്ടികള്‍ക്കായുള്ള കസേരക്കളി നടക്കുകയായിരുന്നു. കാളവണ്ടി വരുന്നതുകണ്ട് എല്ലാവരും കളിവിട്ട് വശങ്ങളിലേക്ക് ഒതുങ്ങിക്കൂടി. ജനങ്ങളുടെ ബഹളം കണ്ട കാളയും കുറച്ച് പരിഭ്രമിക്കാതിരുന്നില്ല. എന്നെ ആരും തിരിച്ചറിഞ്ഞില്ല.
മേള നടക്കുന്നിടത്ത് ഇത്ര ധൈര്യത്തോടുകൂടി ഏത് കാളവണ്ടിക്കാരന്‍ ആണ് വന്നത് എന്ന് ഓഫീസര്‍മാര്‍ അന്യോന്യം ചോദിക്കാന്‍ തുടങ്ങി. അപ്പോഴാണ് ആരോ എന്നെ മനസ്സിലാക്കിയതും ഇത് പ്രച്ഛന്നവേഷമാണ് എന്ന കാര്യം പറഞ്ഞതും. വേഷത്തില്‍ ഞാനായിരുന്നു ഒന്നാമനെങ്കിലും സീനിയര്‍മാരെ അറിയിക്കാതെയുള്ള എന്റെ പ്രവേശനം ആര്‍മി ഡിസിപ്ലിന് എതിരായി എന്ന കാരണം പറഞ്ഞ് എനിക്ക് ആ വര്‍ഷം സമ്മാനം ഒന്നും തന്നില്ല. അത് പിന്നീട് എന്റെ ബാറ്ററി കമാന്‍ഡര്‍ എന്നോട്പറഞ്ഞിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അടിമയുടെ വേഷം കെട്ടിയിട്ട് എല്ലായ്‌പ്പോഴും ഞാന്‍ തന്നെയായിരുന്നു ഒന്നാം സമ്മാനം കരസ്ഥമാക്കാറുള്ളത്. ബ്രിഗേഡില്‍ ഉണ്ടായിരുന്ന ദീപാവലി മേളയിലും ഇതില്‍ എനിക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. പിന്നീട് ഒരു നാടകത്തില്‍ ശുദ്ധ ഹിന്ദി പറയുന്ന യമരാജന് മലയാള ചുവയുള്ള ഹിന്ദി പറയുന്ന ചന്ദ്രഗുപ്തന്‍ ആയിട്ട് ഞാനും. തമാശ രൂപത്തിലുള്ള നാടകത്തിന് ഇരട്ടി തമാശ.
അതിനിടയില്‍ ആര്‍ട്ടിലറിയില്‍ ക്ലര്‍ക്കിലേക്ക് ഒഴിവ് ഉണ്ടെന്നും മറ്റു ട്രേഡുകളില്‍ നിന്നും ക്ലര്‍ക്കിലേക്ക് മാറാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള പരീക്ഷക്കായി അപേക്ഷിക്കാം എന്നും ഉള്ള അറിയിപ്പ് വന്നു. ഞാന്‍ അപേക്ഷിക്കാന്‍ തീരുമാനിച്ചു. ഓഫീസര്‍ ആകാനുള്ള എന്റെ തീരുമാനം ക്ലര്‍ക്കിലൂടെ കുറച്ചുകൂടി എളുപ്പമാകും എന്ന് ഞാന്‍ കണക്കുകൂട്ടി. ബാറ്ററി കമാന്‍ഡര്‍ ഇന്റര്‍വ്യൂവിന് വിളിപ്പിച്ചു. ഇംഗ്ലീഷും പൊതുവിജ്ഞാനവും ഒക്കെ ചോദ്യമായി പ്രതീക്ഷിച്ചു പോയ എന്നെ ഇന്റര്‍വ്യൂ ചെയ്ത ബിഹാറിയായ മേജര്‍ ബി.എന്‍. ശര്‍മ ചോദിച്ചത് 'തമ്പോല' എങ്ങനെ കളിപ്പിക്കും എന്നായിരുന്നു. ജവാന്മാരുടെ വിനോദത്തിനായി അദ്ദേഹത്തിന് പുതുതായി കിട്ടിയ ചുമതലയായിരുന്നു തമ്പോല കളിപ്പിക്കല്‍.
റെജിമെന്റില്‍ തന്നെ ശീതളപാനീയങ്ങള്‍ നിര്‍മിക്കാനുള്ള യന്ത്ര സാമഗ്രികളും മറ്റും ഉണ്ട്. സോഡ ഉണ്ടാക്കുമ്പോള്‍ കുറച്ച് അതില്‍ 'റം' കൂടി ചേര്‍ത്താല്‍ റം കോളയായി. സൗജന്യമല്ലെങ്കിലും ഞായറാഴ്ചകളില്‍ ജവാന്മാര്‍ക്ക് പക്കുവടയും റംകോളയും തമ്പോല കളിയും ഒക്കെ ചേര്‍ന്ന ഒരു വിനോദമാണ് ഉദ്ദേശിച്ചിരുന്നത്. ഇന്റര്‍വ്യൂവിലെ എന്റെ തമ്പോലകളി പ്രകടനം അദ്ദേഹത്തിന് ഇഷ്ടമായില്ല. അങ്ങനെ ക്ലര്‍ക്കിലേക്ക് മാറാന്‍ കിട്ടിയ വലിയ ഒരു അവസരം നഷ്ടപ്പെട്ടു. ശരിക്കും കാരണം അതൊന്നുമല്ല. ഓഫീസില്‍ ജോലിചെയ്യുന്ന ഹവില്‍ദാര്‍ ബഹദൂര്‍ സിംഗ് ബാറ്ററി കമാന്‍ഡറിനോട് പറഞ്ഞത്രെ 'ഇത്രയും നല്ല ഒരു ഗണ്ണറെ എന്തിനാണ് നഷ്ടപ്പെടുത്തുന്നത്' എന്ന്. അത് അദ്ദേഹത്തിന്റെ യുക്തി, പക്ഷേ തകര്‍ത്തത് എന്റെ ഭാവി.
അദ്ദേഹത്തിന് അത് പറയാന്‍ ഒരു കാരണമുണ്ട്. ചാമ്പ്യന്‍ ബാറ്ററിയെ തിരഞ്ഞെടുക്കാനുള്ള മത്സരങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു 'ഗണ്‍ ഡ്രില്‍ കോംപറ്റീഷൻ' ഏറ്റവും വേഗത്തില്‍ പീരങ്കിയെ തയ്യാറാക്കി ശത്രു സൈന്യത്തിനെതിരെ വെടിയുതിര്‍ക്കാന്‍ പാകപ്പെടുത്തുക എന്നതിന്റെ മത്സരം. 5 പേര്‍ വീതമുള്ള 12 ഗണ്ണുകളാണ് മത്സരത്തിനുണ്ടാവുക. അതില്‍ ഞാന്‍ പ്രധാന കര്‍ത്തവ്യം വഹിക്കുന്ന ഗണ്ണിനാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നാം സമ്മാനം കിട്ടിയിരുന്നത്. അതിന്റെ മുഴുവന്‍ കീര്‍ത്തി എനിക്കാണെന്ന് എല്ലാവര്‍ക്കും അറിയാം. ഏതായാലും എന്റെ ഒരു സ്വപ്നം ബാറ്ററി കമാന്‍ഡറും ഹവില്‍ദാര്‍ ബഹദൂറും ചേര്‍ന്ന് ഇല്ലാതാക്കി.
ഞാനിപ്പോള്‍ വീട്ടിലേക്ക് പണം അയക്കാറില്ല. ജ്യേഷ്ഠനോട് വീട്ടിലെ കാര്യങ്ങള്‍ നോക്കാനും ഞാന്‍ പണം സ്വരൂപിച്ച് നാട്ടില്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യാം എന്നും ഉള്ള ഒരു ധാരണയിലായിരുന്നു അത്. നമുക്ക് എല്ലാ മാസവും ശമ്പളം കൃത്യമായി വാങ്ങണമെന്നില്ല. അത് ലീവിന് വരുമ്പോള്‍ ഒന്നിച്ചുവാങ്ങാം. അതുപോലെ രണ്ടുമാസത്തെ ലീവിന് വരുമ്പോള്‍ മുന്‍കൂട്ടിയുള്ള ശമ്പളംകൂടി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഒരു ഓഫീസറും നാല് പേരടങ്ങുന്ന റൈഫിള്‍ ഗാര്‍ഡും ചേര്‍ന്ന് സ്റ്റീല്‍ പെട്ടിയുമായി ബാങ്കില്‍ പോയി റെജിമെന്റിലെ എല്ലാവര്‍ക്കും കൊടുക്കാനുള്ള ശമ്പളവുമായി വരും. അങ്ങനെ ഒന്നിച്ച് വാങ്ങുന്ന ശമ്പളം, ട്രെയിനില്‍ കൊണ്ടുപോകുന്നതും സുരക്ഷിതമല്ല.
അന്ന് ബോംബെയില്‍ ഉണ്ടായിരുന്ന കൂട്ടുകാരന്‍ സുഭാഷിന്റെ ചേച്ചിയുടെ ഭര്‍ത്താവ് ഝാന്‍സിക്കും ബബീനയക്കും ഇടയിലുള്ള ബി.എച്ച്.ഇ.എല്ലില്‍ മറ്റൊരു കമ്പനി ഏറ്റെടുത്ത് ചെയ്യുന്ന കോണ്‍ട്രാക്ട് വര്‍ക്കിന്റെ എന്‍ജിനീയര്‍ ആയിരുന്നു. അവന്റെ ചേച്ചിയും അവിടെ തന്നെയായിരുന്നു. താല്‍ബട്ടില്‍ ബാങ്ക് ഒന്നുമില്ലാത്തതുകൊണ്ട് ഞാന്‍ ലീവിന് പോകുന്ന വഴി അവിടെ പോയി, അദ്ദേഹത്തിന്റെ കൂടെ ബാങ്കില്‍ പോയി പതിനഞ്ചായിരത്തിന്റെയോ മറ്റോ ഡ്രാഫ്റ്റ് ഉണ്ടാക്കിയെടുത്തു. അച്ഛന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ എല്ലാ ഉത്തരവാദിത്വങ്ങളും ഓരോന്നായി ചെയ്തുതീര്‍ക്കാന്‍ തുടങ്ങി. പലപ്പോഴായി വീടിന് കുറച്ച് മാറ്റം വരുത്തി, പുതിയ കിണര്‍ കുഴിച്ചു, വീട്ടില്‍ വൈദ്യുതി വന്നു.
അതിനിടയില്‍, നേരെ ഇളയ അനുജത്തി രജനിയെ കല്യാണം കഴിപ്പിച്ചുവിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന ബാലകൃഷ്ണന്‍ ആയിരുന്നു വരന്‍. പെണ്ണുകാണാന്‍ വന്നത് ബാലകൃഷ്ണന്റെ രണ്ട് ജ്യേഷ്ഠന്മാരായിരുന്നു. വീട് പുതുക്കിപ്പണിതപ്പോള്‍ ഒരു മുറി, സന്ദര്‍ശക മുറി എന്ന രീതിയില്‍ ഞാന്‍ ഉണ്ടാക്കിയ കരകൗശല വസ്തുക്കള്‍ ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. അവിടെയിരുന്നുകൊണ്ടുള്ള പെണ്ണുകാണല്‍ ചടങ്ങിനിടയിലെ സംസാരത്തിനിടയിലാണ് അറിഞ്ഞത് അതിലെ വല്യേട്ടനും ആര്‍മിയില്‍ ജോലി ചെയ്യുന്ന ആളാണെന്ന്. നമ്മള്‍ രണ്ടുപേരും ലീവിലാണ് ഉള്ളത്. റെജിമെന്റിന്റെ പേരും ഉണ്ടായിരുന്ന സ്ഥലവും ഒക്കെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ദേവലാലിയില്‍ അടുത്തടുത്ത യൂണിറ്റില്‍ ഒരേസമയത്ത് ജോലി ചെയ്തിരുന്നു എന്ന് മനസ്സിലായി. പിന്നെ ദേവലാലിയിലെ വിശേഷങ്ങളും അവരുടെ യൂണിറ്റിലെ സിനിമാ ടാക്കീസില്‍ നമ്മള്‍ സിനിമ കാണാന്‍ പോകുന്ന കഥകളുമൊക്കെയായി. പട്ടാള കഥ നീണ്ടപ്പോള്‍ ഇളയ ജ്യേഷ്ഠന്‍ ഇടപെട്ട് അത് നിര്‍ത്തിക്കേണ്ടി വന്നു.
രജനിയുടെ കല്യാണം കഴിഞ്ഞ് താല്‍ബട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെ യൂണിറ്റില്‍ തന്നെ മറ്റൊരു കല്യാണത്തിന് സാക്ഷ്യംവഹിക്കേണ്ടി വന്നു. റെജിമെന്റിലെ ഏറ്റവും പ്രായംചെന്ന ഹരിയാനക്കാരനായ ഒരു മേജര്‍ സാബിന്റെ മൂത്ത മകളും മഹാരാഷ്ട്രക്കാരനായ ഒരു ചെറുപ്പക്കാരന്‍ ക്യാപ്റ്റനും തമ്മിലുള്ള വിവാഹം യൂണിറ്റ് മന്ദിരില്‍വെച്ച് തന്നെ നടത്തി, ഓഫീസര്‍ മെസ്സില്‍ പാര്‍ട്ടിയും വെച്ചു. വീട്ടുകാര്‍ ക്യാപ്റ്റന്റെ മുറപ്പെണ്ണുമായി കല്യാണം തീരുമാനിച്ചതായിരുന്നെങ്കിലും അദ്ദേഹം ഇവിടെ എന്തോ ചതിയില്‍ പെടുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. മഹാരാഷ്ട്രയില്‍ നിന്നും ക്യാപ്റ്റന്റെ മുറപ്പെണ്ണ് അടക്കം കുറച്ചുപേര്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു.
എന്റെ ആര്‍മിയിലെ ആദ്യത്തെ പ്രമോഷന്‍ വന്നു. ഗണ്ണറില്‍ നിന്നും ലാന്‍സ് നായക്ക്. കൂടെ പ്രമോഷന്‍ കിട്ടിയവര്‍ക്കൊക്കെ വലിയ സന്തോഷമായി. അവര്‍ മിഠായി വിതരണം ഒക്കെ നടത്തി. ഞാന്‍ കാത്തിരിക്കുന്നത് ഈ പ്രമോഷനല്ല. എനിക്ക് എന്ത് വിലകൊടുത്തും ഒരു ദിവസം ഓഫീസര്‍ ആകണം. ഷര്‍ട്ടിന്റെ വലതുതോളിന്റെ വലതുവശത്ത് തുന്നിച്ചേര്‍ക്കുന്ന ഈ ഒരു വെളുത്ത വരക്ക് വേണ്ടിയായിരുന്നില്ല എന്റെ കാത്തിരിപ്പ്, മറിച്ച് രണ്ട് തോളിനും മുകളിലിരുന്ന് തിളങ്ങുന്ന ആ പിച്ചള നക്ഷത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ആര്‍മിയില്‍ കാലെടുത്തുവെച്ച ദിവസം മുതലുള്ള ആഗ്രഹമായിരുന്നു അത്.
മദ്യപാനമില്ല, പുകവലിയില്ല, മറ്റ് ദുശീലങ്ങള്‍ ഒന്നുമില്ല. ഹൈദരാബാദിന്റെ മണമുള്ള എന്റെ സ്റ്റീല്‍ പെട്ടിയുടെ മുകളില്‍ ചെറിയൊരു മേശവിരിയും അതിന്റെ മുകളില്‍ കുറച്ച് ബുക്കുകളും എന്റെ സ്വന്തമായ ഒരു ടേബിള്‍ ലാമ്പും ഏതുസമയവും ഉണ്ടാകും. അതുകൊണ്ടുതന്നെ സീനിയറായാലും ജൂനിയറായാലും എല്ലാവര്‍ക്കും എന്നോട് നല്ല ബഹുമാനം ആയിരുന്നു. പലപ്പോഴും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന അവര്‍, പുസ്തകവും നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അവിടെത്തന്നെ ഉറങ്ങിപ്പോകുന്ന എന്നെ ആയിരിക്കും പലപ്പോഴും കാണാറുള്ളത്. ചിലപ്പോള്‍ പെട്ടിക്ക് മുകളിലുള്ള ടേബിള്‍ ലാമ്പ് അവര്‍ തന്നെ ഓഫ് ചെയ്ത് എന്നെ ഉറങ്ങാന്‍ അനുവദിക്കും. എന്നാലും എവിടെയും ഉണ്ടാകുമല്ലോ കുറച്ച് അസൂയാലുക്കള്‍. ചിലരൊക്കെ പറയും:
''നീ ഓഫീസര്‍ ആയിട്ട് വേണം എനിക്ക് നിന്റെ ഹെല്‍പ്പര്‍ ആയിട്ട് വരാന്‍.''
എല്ലാ ഓഫീസര്‍മാര്‍ക്കും അവരുടെ യൂണിഫോം തയ്യാറാക്കാനും മറ്റുമായി ഒരു ഹെല്‍പ്പര്‍ ഉണ്ടാകും. ഞാനൊരിക്കലും ഓഫീസര്‍ ആകാന്‍ പോകുന്നില്ല എന്ന ഒരു ധ്വനിയോടുകൂടിയാണ് അവരുടെ ആ പരിഹാസം. ഞാന്‍ ഒരാളോടും ഒന്നും എതിര്‍ത്ത് സംസാരിക്കാന്‍ നില്‍ക്കാറില്ല.
പെട്ടിയുടെ കാര്യം പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി പറയാം എന്ന് വിചാരിച്ചു. ഒരു പട്ടാളക്കാരനെ അപേക്ഷിച്ച് അവന്‍ ട്രെയിനിങ് സെന്ററില്‍ നിന്നും വാങ്ങുന്ന ആദ്യത്തെ പെട്ടി അത് അവന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതിനോടുള്ള ബന്ധം അത്ര വലുതാണ്. ഏറെക്കാലത്തെ ജോലിക്കുശേഷം അദ്ദേഹത്തിനോടൊപ്പം വീട്ടിലേക്ക് വരുന്ന ആ പെട്ടി പലപ്പോഴും അദ്ദേഹത്തിന്റെ മരണശേഷവും അവിടെ തന്നെ കാണാം. എന്റെ അച്ഛന്‍ ഉപയോഗിച്ചിരുന്ന അതുപോലൊരു ചെറിയ പെട്ടി അമ്മ കിടക്കുന്ന കട്ടിലിനടിയില്‍ വീടിന്റെ പ്രമാണങ്ങളും മക്കളുടെ ജാതകങ്ങളും ഒക്കെ സൂക്ഷിക്കാന്‍ വെച്ചതായി് കണ്ടിട്ടുണ്ട്. ഇന്നും ആ പെട്ടി തറവാട്ടുവീട്ടില്‍ എവിടെയോ കിടക്കുന്നുണ്ട്.
എന്റെ ഈ പെട്ടി വലിയ ഒരു 'ആക്‌സിഡന്റില്‍' നിന്നും മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്നതാണ്. പുറംഭാഗത്തെ പെയിന്റുകള്‍ അടര്‍ന്ന് തുടങ്ങിയ പെട്ടിയെ പുതുതായി ഒന്ന് പെയിന്റ് ചെയ്യാം എന്ന് കരുതി. കറുത്ത ഇനാമല്‍ പെയിന്റ് വാങ്ങി സ്വന്തമായി തന്നെ പെയിന്റ് അടിച്ച് ഉണങ്ങാന്‍ വേണ്ടി റോഡ് സൈഡില്‍ വച്ചതായിരുന്നു. ലങ്കറിലേക്ക് റേഷന്‍ ഇറക്കാന്‍ വന്ന ശക്തിമാന്‍ വണ്ടി, ഡ്രൈവര്‍ ഹവില്‍ദാര്‍ അമര്‍ സിങ് പിന്നിലോട്ട് എടുത്തപ്പോള്‍ അതിന്റെ ടയര്‍ എന്റെ പെട്ടിയുടെ മുകളിലൂടെ കയറിയിറങ്ങി. ഇതുവരെ ഒന്നിച്ച് കഴിഞ്ഞിട്ടും അന്യോന്യം സ്പര്‍ശിക്കാന്‍ പോലും കഴിയാതിരുന്ന എന്റെ സ്റ്റീല്‍ പെട്ടിയുടെ മുകള്‍ഭാഗവും അടിഭാഗവും ഇന്ന് ഇതാ ഒന്നിച്ച് കെട്ടിപ്പിടിച്ചു കിടക്കുന്നു. മരണം സുനിശ്ചിതം. പക്ഷേ അറിയാതെ പറ്റിപ്പോയ തെറ്റ് തിരുത്തണമെന്ന് ഹവില്‍ദാര്‍ അമര്‍ സിങിന് തോന്നി. പിറ്റേദിവസം റേഷന്‍ എടുക്കാന്‍ വേണ്ടി ബബീനയില്‍ പോയപ്പോള്‍ അതിനെയുംകൂടെ കൊണ്ടുപോയി. അങ്ങനെ കുറച്ച് ദിവസത്തെ ഐ.സി.യു അഡ്മിഷന് ശേഷം എന്റെ സ്റ്റീല്‍ പെട്ടി പുതിയ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
എനിക്ക് ഇവിടെയും നല്ല ഡ്യൂട്ടി തന്നെയാണ് കിട്ടിയിരുന്നത്. മറ്റുള്ളവരുടെ ഡ്യൂട്ടി നിശ്ചയിക്കുക, മറ്റു പ്രമാണങ്ങളൊക്കെ തയ്യാറാക്കുക, ഓഫീസ് കാര്യങ്ങളില്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങള്‍. വൈകുന്നേരങ്ങളില്‍ സീനിയര്‍ ജെ.സി.ഒവിന്റെ രണ്ടു കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനും കുറച്ചു കാലം പോയി.
നാട്ടിലാണെങ്കില്‍ ജ്യേഷ്ഠന്‍ ട്രെയിനിങ്ങൊക്കെ കഴിഞ്ഞ് വീട്ടിനടുത്ത് തന്നെയുള്ള മാങ്ങാട്ട്പറമ്പിലെ പോലീസിന്റെ ആര്‍മട് ബറ്റാലിയനില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. വീട്ടിനടുത്ത് തന്നെ ആയതുകൊണ്ട് അമ്മക്ക് അതൊരു ആശ്വാസമായി. ജ്യേഷ്ഠന്റെ കല്യാണം കഴിഞ്ഞു. അനുജത്തിയെ കഴിപ്പിച്ച് വിട്ടത് ആറ് സഹോദരന്മാരും ഒരു സഹോദരിയും ഉള്ള വീട്ടില്‍ ആണെങ്കില്‍, ജ്യേഷ്ഠന്‍ കഴിച്ചത് നാലു സഹോദരന്മാര്‍ക്കിടയിലെ ഏക സഹോദരിയെ. രണ്ടാമത്തെ അനുജത്തിക്കുവേണ്ടി ആലോചനകള്‍ വന്നുതുടങ്ങി.
ആളുകള്‍ കൂടുന്നിടത്താണല്ലോ പുതിയ വാര്‍ത്തകളുടെ ഉത്ഭവവും പ്രചരണവും നടക്കുക. അത് ശരിയായിരിക്കാം, ചിലപ്പോള്‍ തെറ്റായിരിക്കാം. നാട്ടിലെ പഴയകാലത്തെ ആല്‍ത്തറകളും, ഇപ്പോഴത്തെ കവലകളും കപ്പാലങ്ങളും ഒക്കെയാണ് 'ന്യൂസ് സെന്ററുകള്‍' എങ്കില്‍ ഇവിടെ അത് ബാറ്ററിയുടെ ലങ്കര്‍ ആണ്. അവിടെനിന്ന് വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥയില്‍ പലപ്പോഴും സംശയമുള്ളതുകൊണ്ട് അങ്ങനെയുള്ള വാര്‍ത്തകളെ ഞങ്ങള്‍ പൊതുവേ 'ലങ്കര്‍ ഗപ്പ' എന്ന് പേരിട്ട് വിളിക്കാറുണ്ട്. ഗപ്പ എന്ന ഹിന്ദി വാക്കിന് അര്‍ഥം കിംവദന്തി എന്ന് പറയാം. അങ്ങനെ ഒരു ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പുതിയ ഒരു ലങ്കര്‍ ഗപ്പ കേട്ടു. നമ്മുടെ റെജിമെന്റ് മുഴുവന്‍ താല്‍ബട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറുകയാണ് എന്നതാണ് ആ വാര്‍ത്ത.
വളരെ സന്തോഷം തോന്നിയെങ്കിലും പല ലങ്കര്‍ ഗപ്പകളും കെട്ടിച്ചമച്ചതാകാന്‍ സാധ്യതയുള്ളതുകൊണ്ട് അധികം വിശ്വസിച്ചതുമില്ല. പക്ഷേ മൂന്ന് നാല് ദിവസംകൊണ്ട് കാര്യം സ്ഥിരീകരിക്കപ്പെട്ടു. ഞങ്ങള്‍ ഡല്‍ഹിയിലേക്ക് തന്നെ പോവുകയാണ്. അതിനുവേണ്ട ഒരുക്കങ്ങള്‍ തുടങ്ങാന്‍ ഉത്തരവായി. ഒരു റെജിമെന്റിന്റെ ആയുധങ്ങളും വെടിക്കോപ്പുകളും അടക്കം എല്ലാ സാധനസാമഗ്രികളും കേടുകൂടാതെ പാക്ക് ചെയ്ത് പുതിയ സ്ഥലത്തേക്ക് എത്തിക്കുക എന്നത് ചെറിയ ജോലിയൊന്നുമല്ല. ഏതായാലും നസീറാബാദിനും താല്‍ബട്ടിനുംശേഷം ആദ്യമായി നല്ല ഒരു സ്ഥലത്തേക്ക് മാറ്റം പോവുകയാണ്. രാജധാനിയല്ലെ. ഒരുപാട് സ്ഥലങ്ങള്‍ കാണാനുണ്ട്. ഇവിടെ ആകെ കാണാന്‍ ഉണ്ടായിരുന്നത് 'മാതാടില്ല ഡാം' എന്ന ഒരു അണക്കെട്ടാണ്. പലപ്രാവശ്യമായി അവിടെ പോയിട്ടുണ്ട്. പിന്നെ ഝാന്‍സി റാണിയുടെ കോട്ടയും കണ്ടുകഴിഞ്ഞു. ഏതായാലും രാജ്യത്തിന്റെ തലസ്ഥാനനഗരി കാണാനും അവിടെ സര്‍വീസ് ചെയ്യാനുമുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ചെയ്യുന്ന പണിക്കെല്ലാം ഉത്സാഹം വര്‍ധിച്ചു. അങ്ങനെ കണക്കുകൂട്ടി കാത്തിരുന്ന ആ ദിവസമായി. ഞങ്ങളുടെ ഡല്‍ഹി യാത്രയ്ക്കുള്ള ദിവസം വന്നെത്തി.
തുടരും.....
ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
Content Highlights: Lieutenant colonel Surendran M.K.'s Army memories
Published: 01 Apr 2024, 12:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented