ഏഷ്യയിലെ ഏറ്റവും വലിയ ആര്‍മി ബേസുകളില്‍ ഒന്ന് എന്ന് പറഞ്ഞത് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. പത്താന്‍കോട്ടിലേക്കുള്ള പ്രധാന റോഡിന്റെ ഒരു വശത്തായി വലിയ ഒരു കവാടം. ഗേറ്റിനകത്തേക്ക് കടക്കാനുള്ള ആര്‍മി വണ്ടികളുടെ ഒരു നിര, അതുപോലെ മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്തേക്ക് പോകുന്ന വണ്ടികളുടെ മറ്റൊരു നിര. ചുവന്ന തൊപ്പിയിട്ട ആര്‍മിയുടെ പോലീസ് വിഭാഗം ഗേറ്റില്‍ കാവല്‍ നില്‍പ്പുണ്ട്. പോകുന്നതും വരുന്നതുമായ എല്ലാ വണ്ടികളുടെയും കൃത്രിമായ കണക്കെടുക്കുന്നുണ്ട്. വിശദവിവരങ്ങള്‍ എഴുതിയതിനു ശേഷം എന്റെ ജിപ്‌സിയും ഉള്ളിലേക്ക് കടന്നു. പുറത്തേതിനേക്കാളും വിശാലമായ 'മാല്‍ റോഡ്'. പല സിറ്റികളിലും മഹാത്മാഗാന്ധിജിയുടെ പേരിലുള്ള എം.ജി. റോഡ് പോലെ തന്നെയാണ് ആര്‍മി കണ്‍ടോണ്‍മെന്റുകളിലെ മാല്‍ റോഡുകള്‍. പതിനേഴാം നൂറ്റാണ്ടുകളില്‍ ഉല്ലാസ നടത്തങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന 'പ്രൊമെനേഡ്' റോഡുകള്‍ പിന്നീട് അത് സൈനികരുടെ താമസസ്ഥലവുമായി ബന്ധപ്പെട്ട് 'മാരീഡ് അക്കമഡേഷന്‍ ആന്‍ഡ് ലിവിങ് ലൈന്‍ റോഡ്' എന്ന പേരിന്റെ ചുരുക്കമായ മാല്‍ റോഡ് എന്ന് അറിയപ്പെടുകയായിരുന്നു.
മാല്‍ റോഡില്‍ നിന്നും ഓരോ യൂണിറ്റിലേക്കുമുള്ള ചെറിയ റോഡുകളും യൂണിറ്റുകളുടെ പേരും നമ്പറും എഴുതിയ ഗേറ്റുകളും കണ്ടു. അതിലൊന്ന് എന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുകയായിരുന്നു. സാങ്കേതിക യോഗ്യതയുള്ള ഒരു പോസ്റ്റ് ആണ് ക്വാര്‍ട്ടര്‍ മാസ്റ്റര്‍ എന്ന് പറയുന്നത്. ഞങ്ങള്‍ എണ്ണത്തില്‍ കുറവായതുകൊണ്ട് ട്രെയിനിങ് സെന്ററുകളില്‍ സ്ഥിരമായി ആരെങ്കിലും ഉണ്ടാകാറുണ്ടെങ്കിലും യൂണിറ്റുകളില്‍ വല്ലപ്പോഴുമൊക്കെയേ പോസ്റ്റ് ചെയ്യുകയുള്ളൂ. അതുകൊണ്ടുതന്നെ ഒരു ക്വാര്‍ട്ടര്‍ മാസ്റ്റര്‍ പുതിയ ഒരു യൂണിറ്റിലേക്ക് പോകുമ്പോള്‍ പൊതുവേ നല്ല ഒരു സ്വീകരണമാണ് കിട്ടുക.
Also Read
വിശാലമായ മൈതാനത്തുള്ള ഗ്യാരേജില്‍ 45 ഓളം റഷ്യന്‍ നിര്‍മിത ടി-76 ടാങ്കുകള്‍. കുറച്ചുപേര്‍ അതില്‍ ഡീസല്‍ ഒഴിക്കുന്നു. മറ്റ് ചിലര്‍ അതിന്റെ ബാരലുകള്‍ വൃത്തിയാക്കുന്നു. വേറെ ചിലര്‍ ചങ്ങലകള്‍ക്കിടയിലുള്ള വീലുകളില്‍ പുതിയ ഗ്രീസ് നിറയ്ക്കുന്നു. മലയാളിയും കണ്ണൂര്‍ക്കാരനുമായ ലെഫ്റ്റനന്റ് തമ്പാന്‍ അവിടുത്തെ കാര്യങ്ങളെക്കുറിച്ച് സംക്ഷിപ്തമായി പറഞ്ഞു തന്നു. ലെഫ്റ്റനന്റ് തമ്പാന്‍ എന്നെപ്പോലെ തന്നെ സര്‍വീസില്‍ നിന്നും കമ്മീഷന്‍ എടുത്ത് ഓഫീസറായതാണ്. ഇ.എം.ഇയില്‍ നിന്നും കമ്മീഷന്‍ എടുത്ത് ഓഫീസര്‍ ആയതിനുശേഷം അടുത്തകാലത്ത് അവിടുത്തേക്ക് പോസ്റ്റിങ്ങ് ആയതാണ്. എനിക്ക് ഡ്യൂട്ടിയില്‍ ചേരാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും വെറുതെയിരുന്നിട്ട് എന്ത് ചെയ്യാം എന്ന് കരുതി പിറ്റേന്ന് തന്നെ ഡ്യൂട്ടിയില്‍ പ്രവേശിച്ചു.
ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും പഴക്കമേറിയതും അലങ്കരിക്കപ്പെട്ടതുമായ കവചിത റെജിമെന്റുകളില്‍ ഒന്നാണിത്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ഒരു സാധാരണ കുതിരപ്പടയായിരുന്ന റോയല്‍ ഡെക്കാന്‍ ഹോഴ്‌സ്, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സഖ്യത്തില്‍ ആയിരുന്ന ഹൈദരാബാദിലെ നിസാമിന്റെ കീഴിലുള്ള രണ്ട് റെജിമെന്റ്കളുടെ സംയോജനത്തില്‍ നിന്നാണ് രൂപീകരിച്ചത്. ആദ്യ സ്വാതന്ത്ര്യസമരമായ 1857-ലെ ശിപ്പായി ലഹള അഥവാ ഇന്ത്യന്‍ കലാപം മുതല്‍ രണ്ടാം ലോകമഹായുദ്ധം വരെ കണ്ടിട്ടുണ്ട്. ഇന്‍ഫന്ററിയില്‍ കമ്പനികളെ പോലെ, ആര്‍ട്ടിലറിയില്‍ ബാറ്ററികളെ പോലെ ആര്‍മഡ് റെജിമെന്റില്‍ സ്‌ക്വാഡ്രേണുകള്‍ ആണ്. വിഭജനത്തിന് മുമ്പ് ഒരു സ്‌ക്വാഡ്രൺ മുസ്ലിം സ്‌ക്വാഡ്രൺ ആയിരുന്നു.
വിഭജന സമയത്ത് അവര്‍ പാകിസ്താൻ ആര്‍മിയുടെ ഭാഗമായി അങ്ങോട്ടേക്ക് പോയി. ഇതുവരെ ഒന്നിച്ച് നിന്ന ഒരേ യൂണിറ്റിലെ ആള്‍ക്കാര്‍ ഇനിമുതല്‍ ശത്രു സൈന്യങ്ങള്‍ ആയി മാറുകയാണ്. അവരെ കുഴപ്പമൊന്നുമില്ലാതെ പാകിസ്താനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുന്നതില്‍ നമ്മുടെ ഓഫീസര്‍മാര്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇന്നിപ്പോള്‍ മൂന്ന് സ്‌ക്വാഡ്രൺ ജാട്ട്, സിഖ്, ഡോഗ്ര എന്നിവരുടേതാണ്. ആംഡ് റെജിമെന്റില്‍ മറ്റ് റെജിമെന്റ്കളെ അപേക്ഷിച്ച് ചില വ്യത്യാസങ്ങളൊക്കെ ഉണ്ട്. അവിടുത്തെ ഹവില്‍ദാര്‍ ഇവിടെ ദഫേദാറും, സുബേദാര്‍ റിസേല്‍ദാറും ഒക്കെ ആണ്.
ആര്‍മിയില്‍ ഞങ്ങള്‍ കൊണ്ടുനടക്കുന്ന ചില ആചാരങ്ങളൊക്കെയുണ്ട്. വിവാഹ വാര്‍ഷിക ദിവസങ്ങളിലും ജന്മദിനങ്ങളിലും ഒക്കെ രാത്രി 12 മണിക്ക് തന്നെ അവരുടെ വീട്ടില്‍ പോയി അവരെ വിളിച്ചുണര്‍ത്തി കേക്ക് മുറിക്കുകയും മറ്റും ചെയ്ത് അത് ആഘോഷിക്കും. കമാന്‍ഡിങ് ഓഫീസറുടെ വിവാഹ വാര്‍ഷികം ആയിരുന്നു പിറ്റേന്ന്. അതുകൊണ്ട് അന്ന് രാത്രി 12 മണിക്ക് തന്നെ എല്ലാവരും അവരുടെ വീട്ടിലേക്ക് പോയി അവരെ വിളിച്ചുണര്‍ത്തി. എല്ലാ ഓഫീസര്‍മാരെയും അവരുടെ ഭാര്യമാരെയും എനിക്ക് അവിടെ വെച്ച് അന്നുതന്നെ പരിചയപ്പെടാന്‍ സാധിച്ചു. അടുത്ത ദിവസം രാവിലെ യൂണിറ്റിന്റെ 'ഫയറിങ്ങ് പ്രാക്ടീസ്' ആയിരുന്നു. ഓഫീസര്‍മാരുടെ കുറവ് കാരണം എന്നെയാണ് അതിന്റെ ചുമതല ഏല്‍പ്പിച്ചത്. ഏതായാലും ഫയറിങ് റേഞ്ചില്‍ വന്നതല്ലേ. വലത് കൈയ്ക്ക് അപകടം സംഭവിച്ചതിനുശേഷം ഇതുവരെ ഫയറിങ് ചെയ്തിട്ടില്ല. അങ്ങനെ ആദ്യമായി ഇടത് കൈകൊണ്ട് അന്ന് പിസ്റ്റളിന്റെയും മറ്റും ഫയറിങ് ചെയ്തു.
പുതിയ വീട് കിട്ടി. പുതിയ വീട് എല്ലാംകൊണ്ടും പുതിയത് തന്നെയായിരുന്നു. അതിന്റെ നിര്‍മാണം കഴിഞ്ഞിട്ട് മൂന്നുനാല് വര്‍ഷമേ ആയുള്ളൂ. അവിടെ താമസിക്കാന്‍ പോകുന്ന രണ്ടാമത്തെ ഫാമിലിയാണ് ഞങ്ങള്‍. വലിയ സൗകര്യമുള്ള വീട് ആയതുകൊണ്ട് മുമ്പ് ഹൈദരാബാദില്‍ നിന്നും വാങ്ങിയ കര്‍ട്ടന്‍ ഒക്കെ പോരാതെ വന്നു. പത്താൻകോട്ടാണ് അടുത്ത മാര്‍ക്കറ്റ്. അവിടെ പോയി പുതിയ കര്‍ട്ടന്‍ ഒക്കെ വാങ്ങി വന്ന് വീട് നന്നായി അലങ്കരിച്ചതിനുശേഷം നാട്ടില്‍ പോയി സുധയെയും മക്കളെയും കൂട്ടി വന്നു. ആ വരവില്‍ എന്റെ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ നിന്നും കളവ് പോയി. മാമൂന്‍ കേന്റില്‍ വന്ന് പുതിയൊരെണ്ണം വാങ്ങി. ശ്രീരാഗിനെയും ശ്രദ്ധയെയും പുതിയ സ്‌കൂളുകളില്‍ ചേര്‍ത്തു.
ഫീല്‍ഡ് ഏരിയകളില്‍ ആര്‍മി അനുഭവിക്കുന്ന പിരിമുറുക്കത്തില്‍ നിന്നും കുറച്ചു ദിവസമെങ്കിലും മാറിനിന്ന് മനസ്സിനൊക്കെ ഒരു നവോന്മേഷം വരുത്താനായി അവിടെ ഹിമാചല്‍ പ്രദേശിലുള്ള മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന ദല്‍ഹൗസിയില്‍ ഒരു സുഖവാസ കേന്ദ്രം സ്ഥാപിച്ചിരുന്നു. എല്ലാ യൂണിറ്റുകളില്‍ നിന്നും അവിടുത്തേക്ക് കുറച്ചു പേരെ മാറിമാറി വിട്ടുകൊണ്ടേയിരിക്കും. അങ്ങനെ ഒരു പ്രാവശ്യം ഞങ്ങളെയും അവിടെ അയച്ചു. ശ്രീരാഗിന് സ്‌കൂള്‍ ഉള്ളത് കാരണം അവനെ മറ്റൊരു ഓഫീസറുടെ വീട്ടിലാക്കിയാണ് ഞങ്ങള്‍ പോയത്.

| Photo: Special arrangement
കഷ്ടിച്ച് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. യൂണിറ്റിന്റെ സ്ഥലം മാറ്റം വന്നു. ഇനി യൂണിറ്റിന്റെ കൂടെ പുതിയ സ്ഥലമായ ഗ്വാളിയറിലേക്ക് പോവുകയാണ്. ആകസ്മികമായി കുറച്ചുകാലമായി പഞ്ചാബിലും മധ്യപ്രദേശിലുമായി അങ്ങോട്ടുമിങ്ങോട്ടും ഉള്ള സ്ഥലം മാറ്റം ആണ്. മാറിമാറിയുള്ള സ്ഥലംമാറ്റം കുട്ടികളുടെ വിദ്യാഭ്യാസത്തെ വല്ലാതെ ബാധിക്കുന്നുണ്ടായിരുന്നു. ശ്രീരാഗിന്റെ എട്ടാം ക്ലാസ് പഞ്ചമടിയില്‍ ആയിരുന്നെങ്കില്‍ ഒമ്പതാം ക്ലാസ് മാമുന്‍ കേന്റിലും ഇനി പത്താം ക്ലാസില്‍ പഠിക്കാന്‍ പോകുന്നത് ഗ്വാളിയറിലും. മാറിമാറി വരുന്ന സ്ഥലങ്ങളും പുതിയ കൂട്ടുകാരും. ചിലപ്പോള്‍ ആര്‍മി സ്‌കൂള്‍ ആണെങ്കില്‍ ചിലപ്പോള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍. മറ്റു ചിലപ്പോള്‍ സിവില്‍ സ്‌കൂളുകള്‍. ലഗേജുകള്‍ ഒക്കെ സിവില്‍ ട്രക്കില്‍ അയച്ചതിനുശേഷം ഞങ്ങളെല്ലാവരും കൂടി ടാങ്കുകളും ട്രക്കുകളും കയറ്റിയ മിലിറ്ററി സ്‌പെഷ്യല്‍ ട്രെയിനില്‍ തന്നെ ഗ്വാളിയറിലേക്ക് തിരിച്ചു.
ശ്രീരാഗ് കേന്ദ്രീയ വിദ്യാലയത്തിലും ശ്രദ്ധ ഗ്വാളിയാര്‍ പബ്ലിക് സ്‌കൂളിലും ചേര്‍ന്നു. സുധയും ഗ്വാളിയറിലെ ഒരു സ്‌കൂളില്‍ ടീച്ചറായി ജോയിന്‍ ചെയ്തു. ഗ്വാളിയറിലേത് ആര്‍മഡ് റെജിമെന്റിന് അനുവദിച്ച പുതിയ സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ ജോലിയും കൂടുതല്‍ ഉണ്ടായിരുന്നു. പല കാര്യങ്ങളും പുതുതായി നിര്‍മിക്കേണ്ടതുണ്ടായിരുന്നു. രാജസ്ഥാനിന്റെ തലസ്ഥാനവും പിങ്ക് സിറ്റിയും ആയ ജയ്പൂരില്‍ സൂക്ഷിച്ചിരുന്ന ടാങ്കിന്റെ അമുനിഷന്‍ പുതിയ സ്ഥലത്തേക്ക് കൊണ്ടുവരേണ്ടി വന്നു. അത് സൂക്ഷിക്കുവാന്‍ പറ്റിയ ജനവാസമില്ലാത്ത സ്ഥലം കണ്ടെത്തുകയും നിയമാനുസൃതമായ ചട്ടങ്ങള്‍ അനുസരിച്ച് അത് സൂക്ഷിക്കുവാനുള്ള സ്ഥലം രൂപകല്‍പന ചെയ്യേണ്ടതുമൊക്കെ എന്റെ ജോലിയായിരുന്നു.
വെടിക്കോപ്പുകള്‍ സൂക്ഷിക്കുമ്പോള്‍ അവ തമ്മിലുള്ള അകലം, പുറത്തുനിന്നുള്ള താമസസ്ഥലത്ത് നിന്നും അവിടുത്തേക്കുള്ള അകലം തുടങ്ങിയ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. തീ പിടിക്കാനുള്ള സ്വഭാവത്തെ ഗൗനിച്ചുകൊണ്ട് ഏതൊക്കെ തരത്തില്‍പ്പെട്ട അമ്മുനിഷന്‍ ഒന്നിച്ചുവെക്കാം എന്നും ഏതൊക്കെ വെക്കാന്‍ പാടില്ല എന്നും ഒക്കെ കൃത്യമായ ചട്ടങ്ങള്‍ ഉണ്ട്. അഗ്‌നി രക്ഷയുടെ ഭാഗമായി ചുറ്റിലും വലിയ ഉയരങ്ങളില്‍ മണ്‍കൂമ്പാരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇതെല്ലാം ചെയ്ത് വേണ്ടപ്പെട്ട അധികാരികളില്‍ നിന്നും അനുവാദം വാങ്ങിയതിനുശേഷം വെടിക്കോപ്പുകള്‍ എല്ലാം ഇങ്ങോട്ടേയ്ക്ക് കൊണ്ടുവന്നു. അതും എന്റെ കീഴില്‍ ആര്‍മി വണ്ടികളുടെ കോണ്‍വോയികളായി കൊണ്ടുവരികയായിരുന്നു. ഓരോ പോക്കുവരവിനും കുറഞ്ഞത് മൂന്ന് ദിവസം വേണ്ടിവന്നു. ഒരു ദിവസം പോകാന്‍, അടുത്ത ദിവസം സാധനങ്ങള്‍ കയറ്റാന്‍, മൂന്നാം ദിവസം തിരിച്ചുള്ള യാത്ര. ഇത്രയും കാലംകൊണ്ട് രാജസ്ഥാനിലെ ജോധ്പൂര്‍, ജയ്പൂര്‍, ജൈസല്‍മേര്‍, അജ്മീര്‍, ബാഡ്‌മേര്‍ തുടങ്ങി പല സിറ്റികളും കണ്ടിട്ടുണ്ടെങ്കിലും ഈയൊരു കാരണംകൊണ്ട് ജയ്പൂര്‍ സിറ്റി വിശദമായി ഒന്നുകൂടി കാണാന്‍ പറ്റി. ഹവാ മഹല്‍, ജല്‍ മഹല്‍, നഹര്‍ഗഡ് കോട്ട, ജന്തര്‍ മന്ദര്‍, സിറ്റി പാലസ്, അബേര്‍ പാലസ്, ബിര്‍ളാ മന്ദിര്‍ തുടങ്ങി പല സ്ഥലങ്ങളും.
ജയ്പൂരിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളില്‍ ഒന്നായ ജലകൊട്ടാരം എന്ന് അര്‍ത്ഥം വരുന്ന ജല്‍ മഹല്‍ മാന്‍ സാഗര്‍ തടാകത്തിന് നടുവിലുള്ള ഒരു കൊട്ടാരമാണ്. ഇത് ആരാണ് എപ്പോഴാണ് നിര്‍മിച്ചത് എന്ന കാര്യം അജ്ഞാതമാണെങ്കിലും മഹാരാജ സവായ് പ്രതാപ് സിംഗ് തന്റെ താറാവ് ഷൂട്ടിംഗ് ഉല്ലാസയാത്രകള്‍ക്കായി ഒരു വേട്ടയാടല്‍ ലോഡ്ജ് ആയി ഉപയോഗിച്ചിരുന്നതാണ് ജല്‍ മഹല്‍ എന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.
1799-ല്‍ രാജസ്ഥാനിലെ ജുന്‍ജുനു നഗരം സ്ഥാപിച്ച മഹാരാജാ സവായ് ജയ്‌സിങ്ങിന്റെ ചെറുമകനായ മഹാരാജ പ്രതാപ് സിംഗ് ആണ് ഹവാ മഹല്‍ നിര്‍മിച്ചത്. ലാല്‍ചന്ദ് ഉസ്താദ് എന്ന് പറയുന്ന ആളാണ് ഇത് രൂപകല്‍പന ചെയ്തത്. അഞ്ച് നിലകളിലായിട്ടുള്ള ഈ മഹല്‍ അഥവാ കൊട്ടാരത്തിന്റെ പുറംഭിത്തികളില്‍ 953 ജനാലകള്‍ ഉണ്ട്. സ്ത്രീകള്‍ പര്‍ദയ്ക്കുള്ളില്‍ മാത്രം നിന്നിരുന്ന ഒരു കാലഘട്ടത്തില്‍ രാജകീയ സ്ത്രീകള്‍ക്ക് പുറത്ത് നഗരങ്ങളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നോക്കി കാണാന്‍ വേണ്ടിയാണത്രെ ഈ ജനാലകള്‍. തേന്‍കട്ടയുടെ ആകൃതിയിലുള്ളതും മനോഹരമായ കൊത്തുപണികള്‍ ചെയ്തതുമായ ജനാലകള്‍ കൊട്ടാരത്തിലൂടെ കാറ്റ് വീശാന്‍ അനുവദിക്കുകയും അതിനെ ഒരു മികച്ച വേനല്‍ക്കാല കൊട്ടാരമാക്കുകയും ചെയ്യുന്നു. ഹവാ മഹല്‍ എന്നതിന്റെ അര്‍ത്ഥം തന്നെ ഹിന്ദിയില്‍ കാറ്റ് കൊട്ടാരം എന്നാണ്. രാജസ്ഥാനിലെ ഏറ്റവും കഠിനമായ ചൂട് സമയത്താണ് ഞാന്‍ അവിടെ പോയതെങ്കിലും കൊട്ടാരത്തിനുള്ളില്‍ തീരെ ചൂട് ഏല്‍ക്കുന്നില്ലായിരുന്നു.
കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ചിത്കാര പോയി പുതിയ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സച്ചിന്‍ വാട്ടി വന്നു. ഗ്വാളിയര്‍ സ്റ്റേഷന്‍ ഭംഗി കൂട്ടുന്നതിന്റെ ഭാഗമായി എന്നോട് എന്തെങ്കിലുമൊക്കെ അവിടെ ചെയ്യാന്‍ പറഞ്ഞു. ഞാന്‍ ഒരു കള്ളിച്ചെടികളുടെ തോട്ടം അവിടെ നിര്‍മിച്ചു. മെസ്സുകളില്‍ കുടിച്ച് കളയുന്ന 2 ലിറ്ററിന്റെ സോഫ്റ്റ് ഡ്രിങ്ക് ബോട്ടലുകളില്‍ പലതരത്തിലുള്ള കളര്‍ വെള്ളം നിറച്ച് കണ്ണാടി ചില്ലുകളും ഉപയോഗിച്ച് പിരമിഡ് രൂപത്തിലുള്ള പല ആകൃതികളും അതിലുണ്ടാക്കി. അതിനുള്ളില്‍ ലൈറ്റ് കൂടി വന്നപ്പോള്‍ ഗ്വാളിയറിലെ ഞാന്‍ നിര്‍മിച്ച 'കാക്റ്റസ് ഗാര്‍ഡന്‍' അറിയപ്പെട്ടു തുടങ്ങി.
അതിനിടയില്‍ സുധയുടെ ഇളയമ്മയുടെ മകന്‍ എല്‍.ഐ.സി.യില്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ആയിരുന്ന മണി എന്ന് വിളിക്കുന്ന ഷിറോസ് ഡല്‍ഹിയില്‍ ഒരു കോണ്‍ഫറന്‍സിന് പോകുന്ന വഴി അവന്റെ ഒരു ഹരിയേട്ടനോടൊപ്പം ഗ്വാളിയറില്‍ ഇറങ്ങി വീട്ടില്‍ വന്നു. ഷിറോസിന്റെ ജീവിതത്തിലും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുവാനുള്ള ഒരുപാട് പാഠങ്ങളുണ്ട്. അന്നത്തെ കാലത്ത് എസ്.എസ്.എല്‍.സിയില്‍ ഡിസ്റ്റിംഗ്ക്ഷന്‍ വാങ്ങുക എന്ന് പറയുന്നത് തന്നെ ചെറിയ കാര്യമായിരുന്നില്ല ഞാനെന്ന വ്യക്തി അവന്റെ ജീവിതത്തില്‍ ഒരുപാട് പ്രചോദനം നല്‍കിയിട്ടുണ്ട് എന്ന് അവന്‍ പലപ്പോഴും പറയാറുണ്ട്. എന്നെ ഈ ആത്മകഥ എഴുതാന്‍ പ്രേരിപ്പിച്ചവരില്‍ ഏറ്റവും മുന്നില്‍ ഷിറോസ് തന്നെയായിരുന്നു. അവരെ ആര്‍മി ഏരിയയൊക്കെ ചുറ്റി കാണിച്ചു. കൂടാതെ ടാങ്ക് സവാരികൂടി ചെയ്യിച്ചു. അവന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളില്‍ ഒന്നായിരുന്നു അത് എന്ന് അവന്‍ പലപ്പോഴും പിന്നീട് പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ആ സ്ഥലങ്ങളില്‍ കിട്ടുന്ന 'പങ്കജ്' എന്ന് വിളിക്കുന്ന ഒരു പ്രത്യേകതരം മത്സ്യം അവന് കറിവെച്ച് കൊടുത്തത് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും.
ഒരുതവണ നാട്ടില്‍ പോയപ്പോള്‍ അമ്മയെയും കൂട്ടി വന്നു. എ.സി. സ്ലീപ്പര്‍ കോച്ചിലുള്ള അമ്മയുടെ ആദ്യത്തെ യാത്ര. റാങ്ക് എന്താണെന്ന് ഒന്നും ശരിക്ക് അറിയില്ലെങ്കിലും മിലിട്ടറിയിലെ ഒരു 'വലിയ ഉദ്യോഗസ്ഥന്റെ' അമ്മയാണ് ഞാന്‍ എന്ന അഭിമാനം അമ്മയുടെ ഓരോ ചലനത്തിലും ഇപ്പോഴുണ്ട്. അമ്മയ്ക്ക് ആത്മസംതൃപ്തി നല്‍കിയ ഇതുപോലൊരു മറ്റൊരു ട്രെയിന്‍ യാത്രയുണ്ടായിരുന്നു. അത് എന്റെ കൂടെ ഹൈദരാബാദില്‍ നിന്നും വരുമ്പോഴായിരുന്നു. ഹൈദരാബാദില്‍ നിന്നും കണ്ണൂരിലേക്ക് വരുമ്പോള്‍ ഷൊര്‍ണൂരില്‍ നിന്നും ട്രെയിന്‍ മാറിക്കയറണം. ഷൊര്‍ണൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള ജന്‍ശതാബ്ദി എക്‌സ്പ്രസില്‍ എ.സി. ചെയര്‍ കാറില്‍ കയറിയിരുന്നപ്പോള്‍ അടുത്ത സീറ്റില്‍, കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ അമ്മയെയും മറ്റും പുച്ഛത്തോടുകൂടി നോക്കിയിരുന്ന നമ്മുടെ ഒരു അകന്ന ബന്ധു. സമൂഹത്തില്‍ ഉന്നത പദവിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തോടൊപ്പം ഇന്ന് അതേ 'സ്റ്റാറ്റസില്‍' അമ്മ യാത്ര ചെയ്തത് അമ്മയുടെ സന്തോഷ ദിനങ്ങളില്‍ ഒന്നായിരുന്നു. കൂടാതെ അതേ കമ്പാര്‍ട്ട്‌മെന്റില്‍ അന്ന് കേരള സ്പീക്കര്‍ ആയിരുന്ന ജി. കാര്‍ത്തികേയനും ഉണ്ടായിരുന്നു.
രണ്ടുദിവസത്തെ ട്രെയിന്‍ യാത്ര. ചെറിയ ക്ലാസ്സില്‍ ഝാന്‍സി റാണിയെ പറ്റി എന്നെ പഠിപ്പിച്ചുതന്ന അമ്മയ്ക്ക് ട്രെയിന്‍ അവിടെ എത്തിയപ്പോള്‍ ഞാന്‍ ഝാന്‍സി റാണിയുടെ സ്ഥലം കാണിച്ചുകൊടുത്തു. ഗ്വാളിയറില്‍ ഇറങ്ങുന്നതിനു മുമ്പായി ഫൂലന്‍ ദേവിയുടെ സ്ഥലവും പരിചയപ്പെടുത്തി. കുറച്ച് മാസം അമ്മ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. കാലാവസ്ഥ അനുയോജ്യമല്ലാത്തത് കാരണം അധികകാലം അവിടെ താമസിച്ചില്ല. എങ്കിലും ആ ചെറിയ സമയത്തിനുള്ളില്‍ തന്നെ അമ്മയ്ക്ക് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം നല്‍കാന്‍ എനിക്ക് സാധിച്ചു. എന്റെ ചെറുപ്പകാലത്ത് വീട്ടില്‍ ഒരു മഹാഭാരതം ഉണ്ടായിരുന്നത് അമ്മ എപ്പോഴും രാത്രികാലങ്ങളില്‍ വായിക്കുന്നത് കാണാമായിരുന്നു. അതിന്റെ ഇടയിലുള്ള പേജുകളില്‍, ജനിച്ചപാടുള്ള കൃഷ്ണനെ ഒരു കൊട്ടയില്‍ കിടത്തി അച്ഛന്‍ വാസുദേവന്‍ യമുനാ നദി കടത്തുന്നതും ശ്രീകൃഷ്ണന്‍ വെണ്ണ കട്ട് തിന്നുന്നതും പാമ്പിനു മുകളില്‍ കയറി നില്‍ക്കുന്ന ശ്രീകൃഷ്ണന്റെ കാളിയമര്‍ദനവും ഒക്കെയുള്ള പല ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അക്ഷരം വായിക്കാന്‍ അറിയില്ലെങ്കിലും ചിത്രങ്ങള്‍ വരുമ്പോള്‍ കാണിച്ചു തരാന്‍ വേണ്ടി അമ്മയോട് പറയുമായിരുന്നു.

ഓരോ ചിത്രത്തിന്റെയും കഥ അപ്പോള്‍ അമ്മ പറയുമായിരുന്നു. മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്ന കൃഷ്ണന്‍ ജനിച്ച മധുരയിലെ ജന്മഭൂമിയും കളിച്ച് വളര്‍ന്ന വൃന്ദാവനും ഒക്കെ അമ്മയെ കാണിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ കൃഷ്ണഭക്തയായ അമ്മയ്ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം. രണ്ടുമൂന്നു ദിവസത്തെ അവധിയെടുത്തു. രാവിലെ തന്നെ ഗ്വാളിയറില്‍ നിന്നും പുറപ്പെട്ടു. എന്റെ കാറില്‍ തന്നെയായിരുന്നു യാത്ര. അത് അമ്മയ്ക്ക് കൂടുതല്‍ ആനന്ദം നല്‍കി. സ്വന്തം മകന്റെ കാറില്‍ പിന്‍സീറ്റില്‍ പേരക്കുട്ടികളോടൊപ്പം ചേര്‍ന്ന് കിടന്നുകൊണ്ടുള്ള യാത്ര. പണ്ട് അമ്മയുടെ തറവാട്ടില്‍ പോകുമ്പോള്‍ ബസ്സിറങ്ങി തോണിയില്‍ പുഴയും കടന്ന് പിന്നെ ചെരിപ്പുപോലുമില്ലാത്ത കാലുകളുമായി കിലോമീറ്ററോളം നടന്നിട്ടുണ്ട്. ഞാന്‍ പൊതുവേ നല്ല വേഗതയിലാണ് കാര്‍ ഓടിക്കാറുള്ളത്. സുധ എന്നോട് കാറിന്റെ സ്പീഡ് കുറയ്ക്കാന്‍ പറഞ്ഞപ്പോള്‍ അമ്മ അത് വേണ്ടെന്നു പറഞ്ഞു. ഡ്രൈവിംഗ് അമ്മ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.
ആഗ്ര കഴിഞ്ഞിട്ടാണ് മധുര. പോകുന്ന വഴിയില്‍ ആദ്യം ആഗ്രയില്‍ പോയി താജ്മഹലും പരിസരപ്രദേശങ്ങളും കണ്ടു. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ നിര്‍മിച്ച ഫത്തേഫൂര്‍ സിക്രിയിലുള്ള ബുലന്ദ് ദര്‍വാസ കാണണമെന്ന് ആദ്യം കരുതിയെങ്കിലും അവിടുന്ന് 40 കിലോമീറ്ററില്‍ കൂടുതലുള്ളതുകൊണ്ട് അത് വേണ്ടെന്നുവച്ചു. ഞാന്‍ ഇതിനുമുമ്പ് കണ്ടതാണ്. അക്ബര്‍ ഗുജറാത്തിനെതിരെ തന്റെ വിജയത്തിന്റെ സ്മരണക്കായി നിര്‍മിച്ചതാണ് ബുലന്ദ് ദര്‍വാസ അഥവാ വിജയത്തിന്റെ വാതില്‍. മുഗള്‍ വാസ്തുവിദ്യയുടെ ഉദാഹരണമായ ബുലന്ദ് ദര്‍വാസ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കവാടമാണ്. അത് അവിടുത്തെ ജുമാ മസ്ജിദിലേക്കുള്ള പ്രധാന കവാടംകൂടിയാണ്.
ആദ്യദിവസം ആഗ്രയില്‍ താമസിക്കാനാണ് കരുതിയിരുന്നതെങ്കിലും അവിടെ ഗസ്റ്റ് റൂമിന്റെ ചില പ്രശ്‌നങ്ങള്‍ കാരണം നേരെ മധുരയിലേക്ക് വിട്ടു. അന്ന് രാത്രി മധുരയില്‍ ഒരു ആര്‍മി ഗസ്റ്റ് റൂമില്‍ താമസിച്ച് പിറ്റേന്ന് രാവിലെ അവിടെ നിന്നും പുറപ്പെട്ടു. ആദ്യമായി പോയത് ശ്രീകൃഷ്ണന്‍ കളിച്ചുവളര്‍ന്ന വൃന്ദാവനിലേക്കായിരുന്നു. വൃന്ദാവന്‍, ഗോവര്‍ദ്ധന്‍ തുടങ്ങി ശ്രീകൃഷ്ണന്‍ രാധയുമൊത്ത് കളിച്ചുനടന്ന സ്ഥലങ്ങള്‍ ഒക്കെ കണ്ടു. വൃന്ദാവനില്‍ ഇന്ന് 5000-ത്തില്‍ മേലെ അമ്പലങ്ങള്‍ ഉണ്ട്. ഞങ്ങള്‍ പോകുന്നിടത്തെല്ലാം ചെറുതും വലുതുമായ അമ്പലങ്ങള്‍ ആയിരുന്നു. പക്ഷേ ആ സ്ഥലത്തെ പറ്റി കുറച്ച് മുന്‍വിധിയില്ലാത്തവര്‍ പെട്ടുപോകും. പ്രത്യേകിച്ച് ഞങ്ങള്‍ ദക്ഷിണേന്ത്യക്കാര്‍ തന്നെ. അവിടുത്തെ സ്ഥാനിയ പൂജാരിമാര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് നമ്മളെ അവിടെ പിടിച്ചിരുത്തും. പിന്നെ അച്ഛന്റെ പേര്, അമ്മയുടെ പേര്, നക്ഷത്രം എന്തൊക്കെയോ പറഞ്ഞ് മരിച്ചുപോയ അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ ആത്മാവിന് വേണ്ടി പൂജ എന്നൊക്കെ പറഞ്ഞ് അവരുടെ സാമര്‍ത്ഥ്യത്തിനനുസരിച്ച് പോകുന്നവരില്‍ നിന്നും വലിയ തുക ഈടാക്കും.
ഇതിനുമുമ്പ് വാരണാസിയില്‍ വച്ചോ മറ്റോ ഇതുപോലുള്ള അനുഭവം കണ്ടതുകൊണ്ടും, സ്വതവേ നിരീശ്വരവാദി ആയതുകൊണ്ടും ഞാന്‍ അതിലൊന്നും പെട്ടില്ല. അമ്മയ്ക്ക് ഹിന്ദി അറിയാത്തതുകൊണ്ട് പ്രശ്‌നമില്ലാതെ ഞാന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തു. ഓരോ ചുവടുവെപ്പിലും അമ്മ കൃഷ്ണനെയും രാധയെയും അനുഭവിച്ചറിയുകയായിരുന്നു. നദിയില്‍ കുളിച്ചിരുന്ന തോഴിമാരുടെ തുണികള്‍ മോഷ്ടിച്ച് മരത്തില്‍ ഒളിപ്പിച്ച് വെക്കുന്നതിന്റെ സങ്കല്പത്തില്‍ ആയിരിക്കണം യമുനാതീരത്തെ മരങ്ങള്‍ക്ക് മുകളില്‍ ചില വസ്ത്രങ്ങള്‍ തൂക്കിയിട്ടത് കാണാമായിരുന്നു. അച്ഛന്‍ വസുദേവ്, ഗോകുലത്തിൽ നന്ദനേയും യശോദയേയും ഏല്‍പ്പിക്കാനായി കൃഷ്ണനെയും കുട്ടയിലാക്കി തലയില്‍ വെച്ചുകൊണ്ട് നടന്നുപോയ യമുനാ നദി അമ്മ കണ്‍കുളിര്‍ക്കെ നോക്കി നിന്നു. പണ്ട് മഹാഭാരതം വായിക്കുമ്പോള്‍ കണ്ടിരുന്ന ചിത്രത്തിലെ വസുദേവർ സഞ്ചരിച്ച സ്ഥലങ്ങള്‍ കണ്‍മുന്നില്‍ കാണുകയായിരുന്നു. കണ്ണിനേക്കാള്‍ ഏറെ മനസ്സിന് കുളിര്‍മ നല്‍കുന്ന ഒരു അനുഭൂതിയാണ് അവിടെ.
അതുകഴിഞ്ഞ് ഞങ്ങള്‍ കൃഷ്ണന്റെ ആ പവിത്രമായ ജന്മഭൂമിയിലേക്ക് പോയി. ജന്മസ്ഥലം വലിയൊരു അമ്പലമാണ്. അതിനുള്ളിലാണ് ദേവകി കൃഷ്ണനെ പ്രസവിച്ചു എന്ന് പറയുന്ന ജയിലറകള്‍. അതിന് ചുറ്റുമാണ് അമ്പലം നിര്‍മിച്ചിരിക്കുന്നത്. ശ്രീകൃഷ്ണന്റെ കഥ പറയുന്ന 'ലൈറ്റ് ആന്‍ഡ് സൗണ്ട്' പ്രദര്‍ശനവും അവിടെ ഉണ്ടായിരുന്നു. അതൊക്കെ കണ്ട് അമ്പലത്തിന്റെ മുകളിലോട്ട് കയറുമ്പോഴാണ് ഒരു ബാങ്ക് വിളി കേട്ടത്. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊരു കാഴ്ചയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. പ്രധാന അമ്പലത്തിന്റെ ചുമരിനോട് മുട്ടി തന്നെ ഒരു മസ്ജിദ്. മുഗള്‍ ചക്രവര്‍ത്തിമാര്‍ എങ്ങനെ ഇന്ത്യ ഭരിച്ചു എന്നതിന്റെ മറ്റൊരു തെളിവ്.
ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.
പറശ്ശിനിക്കടവില്‍ പോയാല്‍ മുത്തപ്പന്റെയും, ഗുരുവായൂരില്‍ പോയാല്‍ ഗുരുവായൂരപ്പന്റെയും, ശബരിമലയില്‍ പോയാല്‍ അയ്യപ്പന്റെയും ഫോട്ടോ വാങ്ങുന്നത് പോലെ അവിടെനിന്നു, വസുദേവ് ശ്രീകൃഷ്ണനെയും വഹിച്ചുകൊണ്ട് യമുന കടക്കുന്ന ഫോട്ടോ വാങ്ങി. ദശവര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മ മഹാഭാരത പുസ്തകത്തിലൂടെ സാങ്കല്‍പ്പികമായി മാത്രം അനുഭവിച്ചറിഞ്ഞ ആ സ്ഥലം ഇന്ന് സ്വന്തം സാന്നിധ്യത്തിലൂടെ അനുഭവിക്കുമ്പോള്‍ അതിന്റെ ഓര്‍മയ്ക്കായി എന്തെങ്കിലുമൊന്ന് വേണ്ടേ. എല്ലാ മക്കളുടെയും വീട്ടിലേക്കായി മൂന്ന് നാല് ഫോട്ടോ വാങ്ങിയെന്നാണ് തോന്നുന്നത്. അമ്മ അതിനെ ഭദ്രമായി സൂക്ഷിച്ച് പിന്നീട് നാട്ടിലേക്ക് കൊണ്ടുവന്നു. ഗ്വാളിയാര്‍ ജീവിതം കഴിഞ്ഞ് തിരിച്ചുവന്ന അമ്മക്ക് നാട്ടുകാരോട് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കണ്ട കഥ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
പിന്നീട് ഞങ്ങള്‍ ഗ്വാളിയറിലെ കോട്ട കാണാന്‍ പോയി. ഒരു കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന ഗ്വാളിയര്‍ കോട്ട ഇന്ത്യയിലെ ഏറ്റവും മികച്ച കോട്ടകളില്‍ ഒന്നാണ്. മഹത്തായ വാസ്തുവിദ്യയ്ക്ക് പുറമേ സമ്പന്നമായ ഭൂതകാലത്തെ ഓര്‍മിപ്പിക്കുന്നു. മൂന്നാം നൂറ്റാണ്ടില്‍ സൂരജ് സെന്‍ എന്ന് പറയുന്ന ഒരു രാജാവാണ് ഈ കോട്ട നിര്‍മിച്ചത് എന്ന് പറയുന്നു. ഒരുപാട് ചരിത്രങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള ഈ കോട്ട മൂന്ന് നൂറ്റാണ്ടുകളിലായി രണ്ട് മുസ്ലിം രാജവംശം ആക്രമിക്കുകയും ഭരിക്കുകയും ചെയ്തതിനുശേഷം തോമര്‍ രാജവംശം ഇത് പിടിച്ചെടുക്കുകയും അവരുടെ അവസാന ഭരണാധികാരിയായ മാന്‍സിങ്ങ് തോമര്‍ അതിനുള്ളില്‍ ഒരുപാട് സ്മാരകങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
അദ്ദേഹം നിര്‍മിച്ച മാന്‍ മന്ദിര്‍ കൊട്ടാരവും ഭാര്യയുടെ പേരില്‍ നിര്‍മിച്ച ഗുജാരി മഹളും അതില്‍ ചിലത് മാത്രം. പിന്നീട് വീണ്ടും മുഗളന്മാരുടെ ഒരു ഹൃസ്വഭരണത്തിനുശേഷം മറാത്തകള്‍ അത് പിടിച്ചെടുക്കുകയും എന്നാല്‍ പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൈയില്‍ ആവുകയുമായിരുന്നു. അവസാനം പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുടെ സംരക്ഷക സ്ഥാനക്കാര്‍ എന്ന നിലയില്‍ ഗ്വാളിയറിലെ മറാത്ത സിന്ധ്യ കുടുംബം കോട്ട കൈവശപ്പെടുത്തി. 1857-ലെ കലാപകാലത്ത് കോട്ടയില്‍ വലിയ യുദ്ധം നടന്നിരുന്നു. ഝാന്‍സി റാണി, ഝാന്‍സിയില്‍ നിന്നും ഗ്വാളിയര്‍ വരെ യുദ്ധം ചെയ്യുകയും അവസാനം കോട്ടയില്‍ അഭയം തേടുകയും ആയിരുന്നു. ബ്രിട്ടീഷുകാരുമായി ദിവസങ്ങളോളം യുദ്ധം ചെയ്തതിനുശേഷം അവര്‍ ഗ്വാളിയര്‍ കോട്ടയില്‍ നിന്നും തന്റെ കുതിരയോടുകൂടി ചാടി ജീവന്‍ ബലി നല്‍കുകയായിരുന്നു എന്നും അതല്ല ബ്രിട്ടീഷുകാരുടെ വെടിയുണ്ടയാല്‍ മരണപ്പെടുകയായിരുന്നു എന്നും പറയുന്നുണ്ട്. പിന്നീട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഗ്വാളിയറിലെ സിന്ധ്യകള്‍ തന്നെ ഭരണം തുടര്‍ന്നു. മുമ്പ് ഝാന്‍സിയിലെ കോട്ട കണ്ടപ്പോള്‍ തന്നെ ഗ്വാളിയറിലെ കോട്ടയും കാണണമെന്നുള്ള മോഹമുണ്ടായിരുന്നു. അതും സഫലമായി.
ആംഡ് റെജിമെന്റിന്റെ കൂടെ ആദ്യമായി രാജസ്ഥാനില്‍ ക്യാമ്പിന് പോയി. ഗ്വാളിയറിലുള്ളപ്പോള്‍ ടാങ്ക് വെള്ളത്തിലൂടെ ഓടിച്ചുകൊണ്ടുപോകുന്നതിന്റെ പ്രകടനം കണ്ടിരുന്നു. അത് ഒന്നിന് പിറകെ ഒന്നായി പോകുന്നത് കാണാന്‍ നല്ല രസമായിരുന്നു. എന്നാല്‍ ഇവിടെ മരുഭൂമിയില്‍ ടാങ്കുകള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ വാനത്തോളം ഉയരുന്ന പൊടിമണ്ണുകള്‍ അല്ലാതെ വേറെ ഒന്നും കാണാന്‍ പറ്റില്ല. മുന്നില്‍ പോകുന്ന ടാങ്കിന്റെ ബീക്കണ്‍ ലൈറ്റ് ലക്ഷ്യംവെച്ചുകൊണ്ട് മാത്രം പിന്തുടരുന്ന മറ്റു ടാങ്കുകള്‍. എ.പി. ഷെല്ലുകള്‍ എന്ന് പറയുന്ന പ്രത്യേകതരം ആമിനേഷനുകള്‍ ശത്രു സൈന്യത്തിന്റെ ടാങ്കിനുള്ളില്‍ തുളച്ച് കയറി താണ്ഡവനൃത്തമാടി എല്ലാവരെയും നശിപ്പിച്ചിട്ട് മാത്രമേ ശാന്തമാകൂ.
ഇപ്പോള്‍ ഓരോ രണ്ടു വര്‍ഷത്തിലും എനിക്ക് സ്ഥലം മാറ്റം വരുന്നുണ്ട്. മാമുന്‍ കേന്റിലെ ഒരു വര്‍ഷവും ഗ്വാളിയറിലെ ഒരു വര്‍ഷവും കണക്കിലെടുത്ത് എന്റെ സമയം ആയിക്കഴിഞ്ഞു. ഗ്വാളിയര്‍ ആര്‍മിയുടെ തെക്കന്‍ കമാന്‍ഡിന്റെ അധീനതയിലുള്ള സ്ഥലമാണ്. യൂണിറ്റിന്റെ കൂടെയുള്ള സ്ഥലംമാറ്റം ആയതുകൊണ്ട് ഒരു കൊല്ലം മാത്രമല്ലേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അടുത്ത പോസ്റ്റിങ്ങ് തെക്കന്‍ കമാന്‍ഡില്‍ തന്നെ എവിടെയെങ്കിലും തരണം എന്ന് ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. നാടിനടുത്ത് എവിടെയെങ്കിലും കിട്ടും എന്നുള്ള പ്രതീക്ഷയില്‍ ആയിരുന്നു അത്. പോസ്റ്റിങ്ങ് അതുപ്രകാരം തെക്കന്‍ മേഖലയില്‍ തന്നെ അവര്‍ തന്നു.ബെംഗളൂരുവിലോ ഹൈദരാബാദോ പ്രതീക്ഷിച്ചിരുന്ന എനിക്ക് കിട്ടിയത് ഗുജറാത്തിലെ ഇതുവരെ കേള്‍ക്കാത്ത ഒരു സ്ഥലമായ ധരഗ്ധര. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പീരങ്കിപ്പടയിലേക്ക്.
ആര്‍ട്ടിലറിയുടെ ഒരു ഫീല്‍ഡ് റെജിമെന്റ്. അടുത്ത പ്രധാന റെയില്‍വേ സ്റ്റേഷനും എയര്‍പോര്‍ട്ടും 125 കിലോമീറ്റര്‍ അകലെ അഹമ്മദാബാദ്. ഏതായാലും 8,9,10 എന്നീ ക്ലാസുകളില്‍ വ്യത്യസ്ത സ്‌കൂളുകളില്‍ പഠിച്ച ശ്രീരാഗിനെ ഇനി അധികം ഉപദ്രവക്കേണ്ടെന്ന് കരുതി. അവന്‍ ഇപ്പോള്‍ 11-ാം ക്ലാസില്‍ ആയിരിക്കുകയാണ്. ഇടയിലുള്ള മാറ്റം അഭികാമ്യമല്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പത്താം ക്ലാസ് തികയുന്നത് വരെയും, അതുപോലെ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് കഴിയുന്നതുവരെയും അതേ സ്റ്റേഷനില്‍ തുടര്‍ന്ന് പഠിക്കാനുള്ള വ്യവസ്ഥ ആര്‍മിയില്‍ അംഗീകാരം ഉള്ളതുകൊണ്ട്, ആര്‍മി ഹെഡ് കോര്‍ട്ടറില്‍ നിന്നുള്ള പ്രത്യേക അനുമതി പ്രകാരം ഇപ്പോള്‍ താമസിക്കുന്ന വീട് ആ സ്റ്റേഷനില്‍ തന്നെ തുടരാം. ഓഫീസര്‍ പുതുതായി പോകുന്ന സ്ഥലത്ത് പുതിയ വീട് കിട്ടില്ലെന്ന് മാത്രം. അവിടെ ഓഫീസര്‍ മെസ്സിലെ 'സിംഗിള്‍ ഓഫീസേഴ്‌സ് അക്കമഡേഷനില്‍' താമസിക്കണം. ഏതായാലും ഞാന്‍ സുധയെയും മക്കളെയും ഗ്വാളിയറില്‍ തന്നെ വിടാന്‍ തീരുമാനിച്ചു. അവള്‍ക്ക് ഡ്രൈവിങ്ങും അറിയാവുന്നതുകൊണ്ട് പ്രശ്‌നമില്ല. ശ്രീരാഗും കാര്‍ ഓടിക്കുമെങ്കിലും അവന് ലൈസന്‍സ് എടുക്കാനുള്ള പ്രായമായിട്ടില്ല.
(തുടരും)
Content Highlights: Lieutenant Colonel Surendran M.K.'s Indian army life
Published: 03 May 2024, 12:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented