
ഡല്‍ഹി ആര്‍. ആര്‍. ഹോസ്പിറ്റലിലെ മെഡിക്കല്‍ ബോര്‍ഡ് എനിക്ക് 80 ശതമാനം അംഗവൈകല്യം സ്ഥിരീകരിച്ചുകഴിഞ്ഞിരുന്നു. കഴുത്തിനോട് ചേര്‍ത്തുകെട്ടിയ തുണിയില്‍ വലതുകൈ സ്ഥിരമായി തൂക്കിയിട്ടുകൊണ്ട് ഇനിയങ്ങോട്ട് മറ്റൊരു ജീവിതത്തിന്റെ തുടക്കം. ഹുസൈന്‍ സാഗറിന്റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ഇരട്ട നഗരങ്ങള്‍ എന്നറിയപ്പെടുന്ന ഹൈദരാബാദും സെക്കന്ദരാബാദും. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സാധാരണക്കാരനായ എന്നെ ഒരു ജവാന്‍ ആക്കി മാറ്റിയ നഗരം. സെക്കന്ദരാബാദില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ മറുവശത്ത് നിന്നും വന്ന കാറ്റിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒഴുക്കിയ വിയര്‍പ്പിന്റെ മണമില്ലേ എന്ന് സംശയിച്ചുപോയി. ട്രെയിനില്‍ നിന്ന് ഇറക്കിയ എന്റെ സ്റ്റീല്‍ പെട്ടിയും സ്വന്തം ജന്മനാടിനെ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. ആര്‍ട്ടിലറിയുടെ ഒരു മീഡിയം റെജിമെന്റിലേക്കാണ് എന്റെ പുതിയ പോസ്റ്റിങ്. റെജിമെന്റില്‍ നിന്നും വന്ന ജീപ്പില്‍ എല്ലാ ഔപചാരികതയോടുംകൂടി തന്നെ പുതുതായി വന്ന ഓഫീസറെ സ്വീകരിച്ചുകൊണ്ടുപോയി.
കഴിഞ്ഞ 35 വര്‍ഷം ഒരു സാധാരണ ജീവിതം നയിച്ച ഞാന്‍ ഇനിയങ്ങോട്ട് അംഗവൈകല്യക്കാരുടെ പട്ടികയില്‍. ഏതാണ്ട് നിര്‍ജീവമായ വലത് കൈയും തൂക്കി നടക്കുന്നതിനേക്കാള്‍ നല്ലത് ആ ഭാഗം ഇല്ലായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയിട്ടുണ്ട്. റെജിമെന്റിലെ ഏറ്റവും ജൂനിയര്‍ ഓഫീസര്‍ ആയതുകൊണ്ട് ആദ്യകാലങ്ങളില്‍ വളരെ കഷ്ടപ്പെട്ട് പി.ടി, ഡ്രില്‍ തുടങ്ങിയ എല്ലാ പരേഡുകള്‍ക്കും പോകുമായിരുന്നു. എന്റെ സ്ഥിതി മനസ്സിലാക്കിയ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സക്സേന എന്നെ സാധാരണ പരേഡുകളില്‍ നിന്നും ഒഴിവാക്കി. ഫാമിലി ക്വാർട്ടറിന് വേണ്ടി അപേക്ഷ കൊടുത്തു. താമസിയാതെ തന്നെ ക്വാർട്ടർ കിട്ടി. സുധയെയും മകനെയും ഇങ്ങോട്ട് കൂട്ടി വന്നു. ശ്രീരാഗിനെ അവിടുത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ത്തു. പുതിയ ജീവിതരീതി ഇനി അവര്‍ക്കും കുറേ മനസ്സിലാക്കിയെടുക്കാനുണ്ട്.
ഓഫീസര്‍ മെസ്സില്‍ ഡൈനിങ് ഇന്‍ പാര്‍ട്ടിവെച്ച് ഞങ്ങളെ സ്വാഗതം ചെയ്തു. ആദ്യത്തെ ഒത്തുചേരലില്‍ തന്നെ പാര്‍ട്ടി ഗെയിമില്‍ ഫസ്റ്റ് വാങ്ങിച്ചുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ കഴിവ് തെളിയിച്ചു. പേപ്പര്‍ ഡാന്‍സ് എന്ന കളിയില്‍ പേപ്പറില്‍ നിന്നുകൊണ്ട് ഡാന്‍സ് ചെയ്യുകയും പേപ്പര്‍ മടക്കി മടക്കി അതിന്റെ വലിപ്പം കുറച്ചുകൊണ്ടുവരികയും ചെയ്യും. അപ്പോഴും പേപ്പറിന് മുകളില്‍ മാത്രം കാലുവെച്ചുകൊണ്ട് രണ്ടുപേരും ഡാന്‍സ് ചെയ്യണം. വിജയിക്കുക എന്നത് എന്നും എന്റെ ഒരു അഭിനിവേശമാണ്. അവസാനം ഒരു കാല്‍ മാത്രം വരാവുന്ന വലിപ്പത്തിലുള്ള പേപ്പറിന് മുകളില്‍ സുധയെ പുറത്തുകയറ്റി ഒരു കാലില്‍ നിന്നുകൊണ്ട് ഡാന്‍സ് ചെയ്തുകൊണ്ട് ആ സമ്മാനം നേടിയെടുത്തു.
ഓഫീസര്‍ ആയതിനുശേഷം ഉള്ള ആദ്യത്തെ ഫാമിലി സ്റ്റേഷന്‍ സെക്കന്ദരാബാദ് ആയതുകൊണ്ടുതന്നെ പുതിയ ഒരു വീടിന് വേണ്ട എല്ലാ സാധനങ്ങളും അവിടെ നിന്നും വാങ്ങി. പൊതുവേ അലങ്കാരപ്രിയനായ ഞാന്‍ 'ബ്ലാക്ക് മെറ്റലിനു' പ്രസിദ്ധമായ ഹൈദരാബാദ് ചാര്‍മിനാറിനടുത്തുള്ള മാര്‍ക്കറ്റില്‍ പോയി ബ്ലാക്ക് മെറ്റലില്‍ തീര്‍ത്ത കാവല്‍ഭടന്‍, മുഖം നോക്കുന്ന കണ്ണാടികള്‍, മേശവിളക്ക് തുടങ്ങി കുറെയധികം സാധനങ്ങള്‍ വാങ്ങി. വീടിന് മുഴുവന്‍ വേണ്ടുന്ന കര്‍ട്ടന്‍, അടുക്കള സാധനങ്ങള്‍, 30 പേര്‍ക്കെങ്കിലും ഭക്ഷണം കഴിക്കാന്‍ പറ്റിയ വിധത്തില്‍ ഫുള്‍ പ്ലേറ്റ്, ക്വാർട്ടർ പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, വിവിധതരം ഗ്ലാസ്സുകള്‍, ഭക്ഷണം വിളമ്പിവെക്കാനുള്ള പാത്രങ്ങള്‍ തുടങ്ങിയ എല്ലാം വാങ്ങി.
മധ്യപ്രദേശിലെ മൗ എന്ന ആര്‍മി കന്റോണ്‍മെന്റില്‍ കോഴ്സ് ചെയ്യുകയായിരുന്ന ഒരു ഓഫീസര്‍ വഴി സീനറി പെയിന്റിങ്ങുകള്‍ വരുത്തിച്ചു. പെയിന്റിങ്ങുകള്‍ക്ക് പ്രശസ്തമായ സ്ഥലമാണ് മൗ. എന്നെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവിടാനുമൊക്കെ ആര്‍മിയുടെ ജോങ്ക വരുമായിരുന്നു. ജോങ്ക എന്ന് പറയുന്നത് ജീപ്പിനെ പോലെ തന്നെയുള്ള ഒരു വാഹനമാണ്. ഒരു ജോങ്ക എനിക്ക് പ്രത്യേകമായി നീക്കിവെച്ചു. സമയം കിട്ടുമ്പോഴൊക്കെ സെക്കന്ദരാബാദ് മിലിറ്ററി ഹോസ്പിറ്റലില്‍ പോയി ഫിസിയോതെറാപ്പിയും ചെയ്യുമായിരുന്നു. അംഗവൈകല്യമുള്ള ഒരു ഓഫീസര്‍ക്ക് എത്രമാത്രം ചെയ്യാന്‍ പറ്റും എന്ന മറ്റ് ഓഫീസര്‍മാരുടെ മുന്‍ധാരണ ഞാന്‍ ആഴ്ചകള്‍കൊണ്ടുതന്നെ മാറ്റിയെടുത്തു. സ്വന്തമായി കാര്യങ്ങള്‍ പഠിക്കുന്നതിനോടൊപ്പം തന്നെ, ജവാന്മാരുടെ ക്ഷേമത്തിന് എന്നും മുന്‍ഗണന കണ്ടിരുന്ന ഞാന്‍ അവരുടെയും സീനിയര്‍ ഓഫീസര്‍മാരുടെയും സ്നേഹം ഒരുപോലെ പിടിച്ചുപറ്റി.
ഓഫീസും താമസസ്ഥലവുമായി മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ മാത്രമേ ഔദ്യോഗിക വാഹനം വിളിക്കാറുള്ളൂ. വൈകുന്നേരങ്ങളില്‍ എപ്പോഴും ട്രാക്ക്സ്യൂട്ടുമിട്ട് നടന്നാണ് പോകാറ്. അങ്ങനെയാകുമ്പോള്‍ കുറഞ്ഞത് ആറ് കിലോമീറ്റര്‍ ഒരു ദിവസം നടക്കാമല്ലോ. അങ്ങനെ ഒരു ദിവസം പൊതുനിരത്തിലൂടെ നടന്നുവരുമ്പോള്‍ ഒരു തെരുവുപട്ടി എന്നെ കടിച്ചു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ലൂയി പാസ്റ്ററായി അഭിനയിച്ച വ്യക്തിയെ അതിനുശേഷം തരത്തില്‍ കിട്ടുന്നത് ഇപ്പോഴായിരിക്കും. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്‍ കണ്ടുപിടിച്ച ആളിന്റെ രൂപത്തില്‍ തകര്‍ത്ത് അഭിനയിച്ചതിന്റെ പ്രതികാരമായിരിക്കാം. കടി പാന്റിന് പുറത്തുകൂടി ആയിരുന്നെങ്കിലും പിറ്റേന്ന് മുതല്‍ പൊക്കിളിന് കുറച്ച് സൂചികള്‍ വെക്കേണ്ടി വന്നു.
ഒരു കുട്ടി മാത്രം മതിയെന്ന് കരുതിയിരുന്ന ഞങ്ങള്‍ക്ക് മറ്റൊരു കുട്ടികൂടി ജനിച്ചു. സെക്കന്ദരാബാദ് മിലിറ്ററി ഹോസ്പിറ്റലില്‍വെച്ച് ജനിച്ച അവള്‍ക്ക് ശ്രദ്ധ എന്ന് പേരിട്ടു. സുധയുടെ അച്ഛനും അമ്മയും ആ സമയത്ത് സഹായത്തിനായി അവിടെയുണ്ടായിരുന്നു. ശ്രദ്ധയ്ക്ക് ഒരു മാസം ആയിട്ടേയുള്ളൂ. ആ സമയത്താണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കാര്‍ഗില്‍ യുദ്ധം തുടങ്ങിയത്. കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ വിജയ്ക്കായി സെക്കന്ദരാബാദിലുള്ള ഞങ്ങളുടെ റെജിമെന്റും ഞങ്ങള്‍ക്കായി നിര്‍ദേശിക്കപ്പെട്ട യുദ്ധമേഖലയിലേക്ക് പോകേണ്ടി വന്നു.
രാജസ്ഥാനിലെ പാക് അതിര്‍ത്തിലായിരുന്നു ഞങ്ങള്‍ക്ക് വിന്യസിക്കേണ്ടിയിരുന്നത്. ഇങ്ങനെയുള്ള സമയങ്ങളില്‍ ആര്‍മിക്ക് പോകാനായി പ്രത്യേകം തീവണ്ടികളുണ്ട്. വാഹനങ്ങള്‍ കയറ്റുന്നതിനും, സാധനങ്ങള്‍ കയറ്റുന്നതിനും, ജവാന്മാര്‍ക്ക് സഞ്ചരിക്കുന്നതിനും ഒക്കെയായി പ്രത്യേകം ബോഗികളുള്ള ട്രെയിന്‍. അതിനനുസരിച്ച് റെയില്‍വേയ്ക്ക് അറിയിപ്പ് കൊടുത്താല്‍ ട്രെയിനുകള്‍ കിട്ടും. ഇതിന്റെയൊക്കെ ആവശ്യകത അറിയിക്കേണ്ടത് എന്റെ ചുമതലയാണ്. കൂടാതെ ജവാന്മാരുടെ റേഷന്‍, ക്ലോത്തിങ്, വണ്ടികളുടെ കാര്യക്ഷമതാ പരിശോധന, വണ്ടികള്‍ക്ക് അധികമായി വേണ്ട ടയറുകളും മറ്റ് യന്ത്രഭാഗങ്ങളും ശേഖരിക്കുക, പെട്രോള്‍ ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ശേഖരിക്കുക തുടങ്ങിയ ഒട്ടനവധി ജോലി എന്റെ ഉത്തരവാദിത്വത്തില്‍ പെട്ടതാണ്. രണ്ടുദിവസത്തിനുള്ളില്‍ പലതും ചെയ്ത് തീര്‍ക്കാനുണ്ട്.
എന്റെ കൂടെ തന്നെ ഓഫീസറായ ലെഫ്റ്റനന്റ് പണിക്കര്‍ ഇവിടെ ആര്‍ട്ടിലറിയുടെ മറ്റൊരു ഫീല്‍ഡ് യൂണിറ്റിലാണ്. എന്തെങ്കിലും സംശയമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ച് മനസ്സിലാക്കും. ഞങ്ങളുടെ നിര്‍ദേശപ്രകാരം യൂണിറ്റിന് അടുത്തുള്ള ത്രിമുള്‍ഗിരി റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ സ്ലൈഡിങ്ങില്‍ പ്രത്യേക തീവണ്ടികള്‍ എത്തിച്ചേര്‍ന്നു. മിലിറ്ററി സ്റ്റേഷന്‍ ഉള്ള ഇടത്തൊക്കെ ഇങ്ങനെയുള്ള റെയില്‍വേ സ്ലൈഡിങ്ങുകളും യാര്‍ഡുകളും ഉണ്ടാകും. ആര്‍മി വണ്ടികളും വലിയ വലിയ ടാങ്കുകളും പീരങ്കികളും ഒക്കെ ട്രെയിനിലേക്ക് കയറ്റാനും ഇറക്കാനുമുള്ള സൗകര്യം വേണം. സെക്കന്ദരാബാദ് സ്റ്റേഷനിലുള്ള ആര്‍മിയുടെ ഡിവിഷനും, ബ്രിഗേഡും മറ്റെല്ലാ യൂണിറ്റുകളും അങ്ങോട്ടേക്ക് പോകുന്നുണ്ട്.
എങ്ങ് നോക്കിയാലും യുദ്ധപ്രതീതി തോന്നിക്കുന്ന ആര്‍മി വണ്ടികളുടെ നിര്‍ത്താതെയുള്ള ചലനം. വെടിക്കോപ്പുകള്‍ കൊണ്ടുവരുന്നു, ട്രെയിനില്‍ അതിനായി നിര്‍ദേശിക്കപ്പെട്ട വാഗണില്‍ കയറ്റുന്നു. അത് കഴിയുമ്പോള്‍ വെടിക്കോപ്പ് നിറച്ച അടുത്ത വണ്ടി വരുന്നു. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങള്‍ ഒരു വാഗണില്‍ കയറ്റുന്നു. മറ്റൊന്നില്‍ റേഷന്‍ കയറ്റുന്നു. ലോഡിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജവാന്മാര്‍ക്ക് വേണ്ടി ലങ്കറില്‍ നിന്നും ഭക്ഷണം എത്തിക്കുന്നു. സെക്കന്ദരാബാദ് നഗരത്തിലെ റോഡുകള്‍ മുഴുവന്‍ ആര്‍മി ട്രക്കുകളുടെ പോക്കും വരവും തന്നെ. ആര്‍മി സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമേ സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകാനായി കുറേ സിവില്‍ ട്രക്കുകളും അനുവദിച്ചു.
ആര്‍മി സപ്ലൈയില്‍ പോയി വഴിയിലേക്ക് വേണ്ട മത്തന്‍, കുമ്പളം, ചിരങ്ങ തുടങ്ങിയ 'ഹാര്‍ഡ് വെറൈറ്റി' പച്ചക്കറികളും, അത്യാവശ്യത്തിനുവേണ്ട പാല്‍പ്പൊടിയും മുട്ടയും ഒക്കെ ശേഖരിച്ച് കൊണ്ടുവന്നു. കുറച്ചുപേര്‍ ഇവിടെ യൂണിറ്റിന്റെ റിയര്‍ പാര്‍ട്ടിയിലും വേണം. അത് പലപ്പോഴും ആരോഗ്യകാരണങ്ങളാല്‍ അയോഗ്യരായവര്‍ ആയിരിക്കാം. ഇവിടുത്തെ ഡ്യൂട്ടി നോക്കുക, കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ബസ് ഓടിക്കുക എന്നീ ആവശ്യങ്ങള്‍ക്കായി ചിലര്‍ ഉണ്ടാകും. അവര്‍ക്ക് വേണ്ട റേഷനും മറ്റും കരുതണം. ഞാന്‍ ഓഫീസര്‍ ആയതുകൊണ്ടാണ് എന്നെ കൂടെ കൊണ്ടുപോകുന്നത്.
80% അംഗഭംഗമുള്ള ഒരു ജവാന്‍ ആണെങ്കില്‍ യുദ്ധഭൂമിയിലേക്ക് ഒരിക്കലും കൊണ്ടുപോകില്ല. അതിനിടയില്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങളും എത്തിക്കണം. സുധ പ്രസവിച്ചുകിടക്കുകയാണ്. അവളുടെ അച്ഛനും അമ്മയും ഉള്ളത് തന്നെ ഭാഗ്യം. ഇപ്പോള്‍ കാര്‍ഗിലില്‍ മാത്രം നടക്കുന്ന സംഘര്‍ഷം ഏത് അവസരത്തിലും അതൊരു വലിയ യുദ്ധമായി മാറാം. അതിനുമുമ്പ് നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ പോയി വിന്യസിക്കണം. അതിര്‍ത്തി ലക്ഷ്യംവെച്ചുകൊണ്ട് ഇന്ത്യന്‍ ആര്‍മി മുഴുവന്‍ നീങ്ങിയിരിക്കുകയാണ്. അതിര്‍ത്തിക്കപ്പുറവും ഇതുതന്നെയാണ് നടക്കുന്നത്.
നമ്മളെപ്പോലെ തന്നെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ഇത്രയും ഒരു തിരക്കുപിടിച്ച സമയം ഉണ്ടായിക്കാണില്ല. ഓരോ ട്രെയിനിനും വേണ്ട എന്‍ജിനുകള്‍ എത്തിക്കാന്‍ തന്നെ വളരെ പാടുപെടുന്നത് കണ്ടു. ജവാന്‍മാര്‍ക്ക് ലീവിന് പോകുമ്പോള്‍ നമുക്ക് ഫ്രീ വാറണ്ട് കിട്ടുന്നത് പോലെ തന്നെ സ്പെഷ്യല്‍ ട്രെയിനിന് വേണ്ടിയുള്ള പ്രത്യേകതരം വാറണ്ട് ഉണ്ട്. അതും എന്റെ കരുതലില്‍ തന്നെയാണ്. അതില്‍ ഒരെണ്ണം എടുത്ത് ആ ട്രെയിനിന്റെ ഭാഗമായിട്ടുള്ള, തുറന്നതും അടഞ്ഞതുമായ വാഗണുകള്‍, എസ്.എല്‍.ആര്‍., സ്ലീപ്പര്‍, മിലിറ്ററി വാന്‍, ബ്രേക്ക് വാന്‍ തുടങ്ങിയ എല്ലാ കോച്ചുകളുടെയും എണ്ണം എഴുതി ഞാന്‍ ഒപ്പിട്ട് റെയില്‍വേയ്ക്ക് കൊടുത്തു. വണ്ടികളുടെ ഉയരം അളന്ന് തിട്ടപ്പെടുത്തി.
'ഓവര്‍ ഡയമെന്‍ഷന്‍' പാടില്ല. ക്രാസ്സ് പോലെയുള്ള വണ്ടികളുടെ ടയറിന്റെ കാറ്റ് അഴിച്ച് അതിന്റെ ഉയരം കുറച്ചു. പ്രതീക്ഷിച്ചതിലും ഒരു ദിവസം വൈകി ട്രെയിന്‍ പുറപ്പെട്ടു. പുതുതായി കല്യാണം കഴിഞ്ഞ് ഭാര്യയെ കൂടെ കൂട്ടിക്കൊണ്ടുവന്നവര്‍ മുതല്‍ അടുത്ത മാസം കല്യാണം നടക്കാനിരിക്കുന്നവര്‍ വരെ അതിലുണ്ട്. ട്രെയിനിലും ചെറിയ രീതിയില്‍ ഓഫീസ് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് എന്റെ 'ക്വാര്‍ട്ടര്‍ മാസ്റ്റര്‍' വിഭാഗത്തിന് ഇവിടെയും പണിയുണ്ട്. ഇങ്ങനെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കിടയില്‍ കൈയിലുള്ള പച്ചക്കറികളും മറ്റും അവിടെ എത്തുന്നതുവരെ തികയില്ല. അതുകൊണ്ടുതന്നെ അത് വഴിയില്‍ ലഭ്യമാക്കുന്നതിനായി ആര്‍മിയുടെ സപ്ലൈ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. ആര്‍മി സപ്ലൈ ഉള്ള സ്ഥലങ്ങള്‍ നോക്കി ഞങ്ങള്‍ ആവശ്യം അറിയിച്ചുകഴിഞ്ഞാല്‍ അവര്‍ അത് സ്റ്റേഷനില്‍ കൊണ്ടുവന്ന് തരും.
പാലും പച്ചക്കറിയുമാണ് കാര്യമായും വേണ്ടത്. പിന്നെ ചിലപ്പോഴൊക്കെ ഇറച്ചിയും ലഭ്യമാക്കിയിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ച പ്രകാരമുള്ള സാധനങ്ങള്‍ ഏകദേശം കണക്കുകൂട്ടിയ സമയം അനുസരിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ കൊണ്ടുവന്നുതരും. ഞാന്‍ അത് ഒപ്പിട്ട് സ്വീകരിക്കും. ഒരാഴ്ച കഴിഞ്ഞാല്‍ എന്തായിരിക്കും എന്നൊന്നും ചിന്തിക്കാതെയുള്ള നല്ല ഉല്ലസിച്ചുകൊണ്ടുള്ള യാത്ര. ജവാന്മാര്‍ പലരും തുറന്ന വാഗണിലെ ആര്‍മി ട്രക്കുകള്‍ക്കുള്ളിലും അതിന്റെ അടിയിലുമായി കാഴ്ചകള്‍ കണ്ട് രസിച്ചുകൊണ്ട് കിടക്കും. എ.സി. കോച്ചിന്റെ ലഭ്യത കുറവ് കാരണം കിട്ടിയ സ്ലീപ്പര്‍ കോച്ചില്‍, പൈപ്പ് കട്ടിലിന്റെ കാലുകള്‍ ഊരിയെടുത്ത് രണ്ട് വശങ്ങളിലുമുള്ള സീറ്റുകള്‍ക്കിടയില്‍ ഉള്ള ഒഴിവ് നികത്തി രാത്രികാലങ്ങളില്‍ അതില്‍ വിരിച്ച് സുഖമായി കിടന്നുറങ്ങും.
ട്രെയിന്‍ നിയന്ത്രിക്കുന്ന ട്രെയിന്‍ ഓ.സി. എന്ന സീനിയര്‍ ഓഫീസര്‍ ലോക്കോ പൈലറ്റുമായും ഗാര്‍ഡുമായും ടെലിഫോണ്‍ വഴി സമ്പര്‍ക്കത്തില്‍ ആയിരിക്കും. കൃത്യസമയങ്ങളില്‍ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയായി ട്രെയിന്‍ ഏതെങ്കിലും സ്റ്റേഷന്റെ യാര്‍ഡുകളില്‍ നിര്‍ത്തിയിടും.
ആ സമയങ്ങളില്‍ എല്ലാവരും പോയി ട്രെയിനിലെ ലങ്കറില്‍ നിന്നും ഭക്ഷണം വാങ്ങിക്കൊണ്ടുവന്ന് അവനവന്റെ സ്ഥലത്ത് വെച്ച് കഴിക്കും. യാര്‍ഡുകളില്‍ വെച്ച് കുക്ക്ഹൗസിലേക്ക് വേണ്ട വെള്ളം നിറയ്ക്കും. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെള്ളം മറിയാതെ സൂക്ഷിക്കുകയും ഭക്ഷണം വെളിയില്‍ പോകാതെ നോക്കുകയും ചെയ്യേണ്ടത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കാരണം പാൻട്രി കാര്‍ പോലെയുള്ള സൗകര്യങ്ങള്‍ ഒന്നുമില്ലാത്തതാണ് ഞങ്ങളുടെ കുക്ക്ഹൗസ്.
സാധാരണ രീതിയിലുള്ള വാഗണ്‍ പകുതി തുറന്നിട്ട് അതിനുള്ളില്‍ മണ്ണെണ്ണ സ്റ്റൗവും മറ്റും ഉപയോഗിച്ചാണ് ഭക്ഷണം പാകംചെയ്യുക. ഇങ്ങനെ പലപ്പോഴും സ്പെഷ്യല്‍ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഓഫീസര്‍ ആയതിനുശേഷം ഇതാദ്യമായാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ മറ്റൊരു ട്രെയിന്‍ യാത്രയാണ് ഓര്‍മ വരുന്നത്. അന്ന് പുണെയ്ക്ക് അടുത്ത് കിര്‍ക്കി എന്ന് പറയുന്ന സ്ഥലത്ത് നിന്നും കുറച്ച് വെടിക്കോപ്പുകളുമായി ദേവലാലിയിലേക്ക് വരേണ്ടതുണ്ടായിരുന്നു. വലിയ ഒരു ഗുഡ്സ് ട്രെയിനില്‍ രണ്ടുമൂന്ന് വാഗണ്‍ നിറയെ തോക്കിന് വേണ്ടുന്ന ചെറിയ തരം വെടിക്കോപ്പുകള്‍. ഒരു ബോഗിയില്‍ ഞങ്ങള്‍ കുറച്ചുപേര്‍ അതിന് കാവല്‍ക്കാരായിട്ട്. യൂണിറ്റില്‍ നിന്നും കൊണ്ടുവന്ന റേഷന്‍ ഉപയോഗിച്ച് ഞങ്ങള്‍ അതിനുള്ളില്‍ തന്നെ ഭക്ഷണം പാകം ചെയ്യുമായിരുന്നു.
പുണെയില്‍ നിന്നും വന്ന ട്രെയിനിന്റെ ഈ മൂന്ന് നാല് ബോഗികള്‍ ബോംബെയില്‍ കല്യാണില്‍ കുറെ ദിവസങ്ങള്‍ വിച്ഛേദിച്ച് ഇട്ടു. പലസ്ഥലങ്ങളില്‍ നിന്നും വരുന്ന ഗുഡ്സ് ബോഗികള്‍ കല്യാണിലെ വലിയ യാര്‍ഡില്‍ വെച്ചാണ് തരംതിരിച്ച് ഓരോ സ്ഥലങ്ങളിലേക്കും വേണ്ടുന്ന ട്രെയിനുകള്‍ ആക്കി മാറ്റി നിശ്ചിത സ്ഥാനത്തേക്ക് പോകുന്നത്. അങ്ങനെ കുറേ ദിവസം അവിടെ നില്‍ക്കേണ്ടി വന്നപ്പോള്‍ കൈയിലുള്ള റേഷന്‍ ഒക്കെ തീര്‍ന്നു. പിന്നീട് നമ്മുടെ ഗാര്‍ഡ് കമാന്‍ഡര്‍ ഹവില്‍ദാറിന്റെ നേതൃത്വത്തില്‍ യാര്‍ഡുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മറ്റ് ട്രെയിനുകള്‍ പരിശോധിച്ചു. അരി കൊണ്ടുപോകുന്ന വാഗണുകളില്‍ നിന്നും ബോഗികള്‍ക്ക് ഇടയിലുള്ള വിടവുകളിലൂടെ അരി മോഷ്ടിച്ച് മറ്റു സാധനങ്ങള്‍ വെളിയില്‍ നിന്നും വാങ്ങി ദിവസവും കിച്ചടിയാക്കി കഴിക്കുമായിരുന്നു. നിഷ്‌കളങ്കമായ കളവ്!
ആര്‍മി സ്പെഷ്യല്‍ ട്രെയിനുകള്‍ ഓരോന്നായി രാജസ്ഥാനിലെ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ എത്തിപ്പെട്ടു. ട്രെയിനുകള്‍ വരുന്നത് പല സ്ഥലങ്ങളില്‍ നിന്നാണെങ്കിലും എല്ലാം എത്തിച്ചേരേണ്ടത് ഏകദേശം ഒരേ സ്ഥലത്താണ്. ആര്‍മി വണ്ടികള്‍ ഇറക്കാന്‍ പറ്റിയ എല്ലാ റെയില്‍വേ സ്ലൈഡിങ്ങുകളിലും അതിനുള്ള സൗകര്യം ഒരുക്കി. രാജസ്ഥാനിലെ മണ്ണിലേക്ക് മറ്റൊരു യുദ്ധത്തിനുള്ള പുറപ്പാട്. മുമ്പ് വന്നത് പരിശീലനത്തിന് ആണെങ്കില്‍ ഇത്തവണ അത് യുദ്ധത്തിന് തന്നെയാണ്. യുദ്ധത്തിന് വേണ്ട എല്ലാ തയാറെടുപ്പുകളും നടത്തി. രാജസ്ഥാനിലെ മണലാരണ്യങ്ങളില്‍ ഓടിക്കാന്‍ നമ്മുടെ വണ്ടികളുടെ ടയറുകള്‍ മാറ്റി 'സാന്‍ഡ് ടയര്‍' ഇടണം. പിന്നെ മരുഭൂമിയുടെ നിറത്തിലുള്ള 'ഡെസേര്‍ട്ട് ടെന്റുകള്‍' വാങ്ങിക്കണം. അതൊക്കെ അവിടെ ഓര്‍ഡനന്‍സ് ഡിപ്പോകള്‍ ലഭ്യമാക്കും. ആര്‍മിയുടെ പുതിയ സപ്ലൈ യൂണിറ്റുമായി ബന്ധപ്പെടണം. ഇതെല്ലാം എന്റെ ഉത്തരവാദിത്ത മേഖലയാണ്.
ദിവസങ്ങള്‍ കുറേ കടന്നുപോയി. ക്രമേണ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിന് ഒരു അയവുണ്ടായി. ഇനി യുദ്ധം ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ജവാന്മാരെയും മറ്റും അവിടെ നിന്നു തന്നെ ലീവിന് അയക്കാന്‍ തുടങ്ങി. എനിക്കും ലീവ് കിട്ടി. കുടുംബം സെക്കന്ദരാബാദില്‍ ആയതുകൊണ്ട് ലീവിന് അങ്ങോട്ട് തന്നെ പോകാം എന്ന് തീരുമാനിച്ചു. ഓണത്തിന്റെ രണ്ടുദിവസം മുമ്പ് സെക്കന്ദരാബാദില്‍ എത്തുന്ന വിധത്തില്‍ ട്രെയിനില്‍ റിസര്‍വ് ചെയ്തു. എന്നാല്‍ അന്ന് പറ്റിയ ഒരു അമളി ഇവിടെ പറയട്ടെ. രാജസ്ഥാനിലെ ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആണെന്നാണ് എന്റെ ഓര്‍മ. റിസര്‍വ് ചെയ്തത് പ്രകാരം രണ്ടാം ക്ലാസ് എ.സി. കോച്ചില്‍ ടിക്കറ്റില്‍ ഉണ്ടായിരുന്ന സീറ്റ് നമ്പറില്‍ പോയി ഇരുന്നു. കുറച്ചുകഴിയുമ്പോള്‍ അതേ സീറ്റിന് മറ്റൊരു അവകാശി കൂടി വന്നു. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ റെയില്‍വേയുടെ ടി.ടി.ഇയെ കണ്ടു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്, ഓഗസ്റ്റ് മാസം 23 -നോ മറ്റോ പോകേണ്ട എന്റെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യാന്‍ കൊടുത്തുവിട്ട ജവാന്‍ സെപ്തംബര്‍ 23-നാണ് ചെയ്തത്.
റിസര്‍വേഷന്‍ ഫോറം പൂരിപ്പിച്ചപ്പോള്‍ 23.8.99 എന്നതിന് പകരം 23.9.99 എന്ന് എഴുതിപ്പോയതോ, ബുക്കിംഗ് ക്ലാര്‍ക്ക് എട്ടിനെ ഒമ്പത് ആയി വായിച്ചതോ എന്തോ എനിക്ക് ഏതായാലും പണി കിട്ടി. അവിടെനിന്ന് യൂണിറ്റിലേക്ക് തിരിച്ചുപോകാനും നിര്‍വാഹമില്ല. ക്യാമ്പ് കുറേ ദൂരെയാണ്. കൂടാതെ എന്നെ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ വന്ന വണ്ടിയും തിരിച്ചു പോയിരുന്നു. സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ഇനി ഒരു വഴിയേ ഉള്ളൂ. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുള്ള ട്രെയിന്‍ ഇനി ഒരു ദിവസം കഴിഞ്ഞേ ഉള്ളൂ. അതില്‍ എ.സി ഒന്നാം ക്ലാസില്‍ സീറ്റ് ഉണ്ട്. എ.സി രണ്ടാം ക്ലാസില്‍ പോകാന്‍ മാത്രം അധികാരമുള്ള എനിക്ക് അത്രതന്നെ അധിക തുക റെയില്‍വേയില്‍ അടച്ച് അതില്‍ ബുക്ക് ചെയ്തു. ഓപ്പറേഷന്‍ സമയമായതുകൊണ്ട് റെയില്‍വേ സ്റ്റേഷനില്‍ തന്നെ ആര്‍മിയുടെ ട്രാന്‍സിറ്റ് ക്യാമ്പ് ഉണ്ടായിരുന്നു. രണ്ട് ദിവസം അവിടെ താമസിച്ചു.
ഒന്നാം ക്ലാസ് എ.സി.യില്‍ ആദ്യമായാണ് യാത്ര ചെയ്യുന്നത്. കൈയില്‍ നിന്നും അനാവശ്യമായി പൈസ നഷ്ടപ്പെട്ടതിന്റെയും രണ്ടുദിവസം വെറുതെ പോയതിന്റെയും വിഷമത്തോടു കൂടി എ.സി. കേബിനുള്ളില്‍ കയറിയപ്പോള്‍ അതില്‍ സഹയാത്രികരായിട്ട് ഹൈദരാബാദിലേക്ക് പോകാനുള്ള രണ്ട് സീനിയര്‍ കേണല്‍മാര്‍. കൂടുതല്‍ പൈസയും കൊടുത്ത് ഒന്നാം ക്ലാസ് എ.സി.യില്‍ കയറിയിട്ട് സുഖമായി പോകാം എന്ന് വിചാരിച്ചപ്പോള്‍ അവിടെയും സീനിയര്‍ ഓഫീസേര്‍സിന്റെ കൂടെ പട്ടാള അന്തരീക്ഷത്തില്‍ എന്നപോലെ പിരിമുറുക്കത്തോടുകൂടി യാത്ര ചെയ്യേണ്ടി വന്നു. സെക്കന്ദരാബാദില്‍ വീട്ടിലെത്തിയത് ഓണ ദിവസം രാവിലെ. റെജിമെന്റില്‍ പോയി ജവാന്മാരുടെ ക്ഷേമമൊക്കെ അന്വേഷിച്ചു.
അവധി കഴിഞ്ഞ് രാജസ്ഥാനിലേക്ക് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുമ്പോഴേക്കും അതിര്‍ത്തിയിലുള്ള പിരിമുറുക്കങ്ങള്‍ ഒക്കെ കഴിഞ്ഞിരുന്നു. യുദ്ധം ഒഴിവായി തിരിച്ചുവരാനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. സാന്റ് ടയറുകളും ഡിസര്‍ട്ട് ടെന്റുകളുമൊക്കെ തന്നെ ഓര്‍ഡനന്‍സ് ഡിപ്പോകളില്‍ തിരിച്ചേല്‍പ്പിച്ചു. ആര്‍മി സപ്ലൈയില്‍ നിന്നുമുള്ള 'ക്ലിയറന്‍സ്' വാങ്ങി. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊക്കെ ആയി എനിക്ക് ആര്‍മി ജീപ്പ്, ജോങ്ക, മാരുതി ജിപ്സി എന്നീ വാഹനങ്ങളില്‍ പല ദിവസങ്ങളിലും കുറേയധികം ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. ഒരു ദിവസം നൂറോളം കിലോമീറ്റര്‍ ഇങ്ങനെ വെറുതെയിരുന്ന് യാത്ര ചെയ്യുന്നതിന് പകരം എന്റെ ഡ്രൈവറോട് എന്നെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പറഞ്ഞു. ഒരു കൈ മാത്രം പ്രവര്‍ത്തനമുള്ള സാബിനെയാണ് ഡ്രൈവിംഗ് പഠിപ്പിക്കേണ്ടത് എന്ന് അറിഞ്ഞുകൊണ്ട് തന്നെ എന്റെ ഡ്രൈവര്‍ ഒരു മടിയും കൂടാതെ എന്നെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തി.
ഇപ്പോള്‍ വലതുകൈ തോളില്‍ തൂക്കി ഇടാറില്ല. ആ കൈ അധികവും വലതു പാന്റിന്റെ പോക്കറ്റില്‍ വച്ചാണ് നടക്കാറ്. സല്യൂട്ട് അടിക്കുന്നത് ഇടതുകൈകൊണ്ട് ആക്കി. ഇങ്ങനെ വലതുകൈയില്‍ അപകടമുള്ളവര്‍ക്ക് ഇത് അനുവദനീയമാണ്. ജവാന്‍ ആയിരുന്ന സമയത്ത് കുറച്ചൊക്കെ ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്നതല്ലാതെ അതിന്റെ നിയന്ത്രണം ഒന്നുമറിയില്ലായിരുന്നു. ഇന്നിപ്പോള്‍ ഒരു കൈയും ഇല്ല. രാജസ്ഥാനിലെ വിശാലമായ റോഡുകളില്‍ വണ്ടികള്‍ വരുന്നതും പോകുന്നതും വളരെ കുറവാണ്. ഡ്രൈവിംഗ് പഠിക്കാന്‍ പറ്റിയ റോഡ് തന്നെ. അധികവും ഇതുപോലുള്ള മിലിറ്ററി വണ്ടികള്‍ മാത്രം കാണാം. ഏതായാലും രാജസ്ഥാനില്‍ നിന്നും തിരിച്ചുവരുന്നതിന് മുമ്പായി തന്നെ ഡ്രൈവിംഗ് ഒരുവിധം വശത്താക്കി.
'ഡി ഇന്‍ഡക്ഷന്‍' എന്ന അതിര്‍ത്തികളില്‍ നിന്നുള്ള ആര്‍മി യൂണിറ്റുകളുടെ തിരിച്ചുപോക്ക് അത്ര എളുപ്പമായിരുന്നില്ല. വരുമ്പോള്‍ ഉണ്ടായിരുന്ന ആ വേഗത റെയില്‍വേക്കും മറ്റേത് വിഭാഗത്തിനും ഉണ്ടായിരുന്നില്ല. കുറെ മാസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരാനുള്ള സ്പെഷ്യല്‍ ട്രെയിന്‍ കിട്ടിയത്. പോകുമ്പോഴുള്ള വേഗത തിരിച്ചുവരുമ്പോള്‍ ഉള്ള ട്രെയിനുകള്‍ക്കും ഇല്ലായിരുന്നു. ഇനിയെല്ലാം പഴയ രീതിയിലേക്ക് തിരിച്ചുവരേണ്ടതുണ്ട്. മാസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍, കുറച്ചൊക്കെ ശബ്ദങ്ങള്‍ ഉച്ചരിച്ച് തുടങ്ങിയ മകള്‍ ശ്രദ്ധ എന്നെ വിളിച്ചത് അങ്കിള്‍ എന്നാണ്. കാരണം അവള്‍ ജനിച്ചത് മുതല്‍ അങ്കിള്‍മാരെയേ കാണുന്നുള്ളൂ. അച്ഛനെയോ പപ്പയേയോ ഡാഡിയേയോ കണ്ടതായോ കേട്ടതായോ അവള്‍ ഓര്‍ക്കുന്നില്ല.
എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. കാരണം പല പട്ടാളക്കാരും പറഞ്ഞുകേട്ടതാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍. സുധയുടെ അച്ഛനും അമ്മയും നാട്ടിലേക്ക് തിരിച്ചുപോയി. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ അമ്മയെ കൂട്ടിയിട്ട് വന്നു. ഒരു ഓഫീസറുടെ അമ്മ എന്ന നിലയിലുള്ള അഭിമാനത്തോടുകൂടി തന്നെ എല്ലാ സുഖസൗകര്യങ്ങളോടും കൂടി കുറച്ചുകാലം അമ്മയും ഞങ്ങളുടെ കൂടെ കഴിഞ്ഞു. പുല്ല് അരിഞ്ഞ് പശുവിനു കൊണ്ടുകൊടുത്ത കാലം, ഉണക്ക ഇലകള്‍ കൊണ്ടുവന്ന് അടുപ്പ് കത്തിച്ചിരുന്ന കാലം, കോലത്ത് വയലില്‍ നിന്നും നെല്ലും ഉഴുന്നും കൊയ്ത് സ്വന്തം തലയില്‍ ചുമടാക്കി കൊണ്ടുവന്നിരുന്ന കാലം. അതില്‍ നിന്നെല്ലാം മാറി അമ്മയെ അപേക്ഷിച്ചിടത്തോളം ഒരു രാജകീയജീവിതം. വീടിനോട് ചേർന്നുള്ള 'സെര്‍വന്റ് ക്വാർട്ടേഴ്സില്‍' താമസിക്കാന്‍ വേലക്കാരായിട്ട് ആരെങ്കിലുമുണ്ടാകും. അവര്‍ അവിടെ താമസിക്കുന്നതിന്റെ പ്രതിഫലമായിട്ട് വീട്ടിലെ എല്ലാ ജോലികളും സൗജന്യമായി ചെയ്തുതരും. അങ്ങനെ അവിടെ താമസിക്കുന്ന സ്ത്രീയും അമ്മയുടെ കാര്യങ്ങളില്‍ വേണ്ടപോലെ ശ്രദ്ധ ചെലുത്തിയിരുന്നു.
മൂന്നുവര്‍ഷത്തെ സര്‍വീസ് ആയപ്പോള്‍ ക്യാപ്റ്റന്‍ റാങ്കിലേക്ക് ഉയര്‍ത്തപ്പെട്ടു. ആര്‍മിയുടെ ആചാരമനുസരിച്ച് തുണിയില്‍ തുന്നിച്ചേര്‍ത്ത പുതിയ റാങ്കുകള്‍ മദ്യം നിറച്ച ഗ്ലാസില്‍ മുക്കി എടുത്തിട്ടാണ് പഴയ റാങ്ക് മാറ്റി പുതിയത് വെയ്ക്കുക. ചെറുപ്പക്കാരായ ഓഫീസര്‍മാര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് പലതരത്തിലുള്ള മദ്യം ഒഴിച്ചിട്ടാണ് അത് പലപ്പോഴും തയാറാക്കുക. പ്രമോഷന്‍ ആയി കഴിഞ്ഞാല്‍ ആ മദ്യം പ്രമോഷന്‍ ആയ ആള്‍ തന്നെ കുടിക്കണം. പിന്നെ എഴുന്നേല്‍ക്കുന്നത് ചിലപ്പോള്‍ അടുത്ത ദിവസമായിരിക്കും. എന്നാല്‍ നോണ്‍ ഡ്രിങ്കര്‍ ആയതുകൊണ്ട് എന്റെ നിര്‍ബന്ധപ്രകാരം എനിക്ക് അത് സോഫ്റ്റ് ഡ്രിങ്കില്‍ മുക്കിയിട്ടാണ് ചെയ്തത്. രണ്ട് ചുമലുകളിലും മൂന്ന് വീതം നക്ഷത്രങ്ങള്‍. ആര്‍മി റാങ്കുകളില്‍ വെച്ച് കാണാന്‍ നല്ല രസമുള്ള റാങ്കുകളില്‍ ഒന്നാണിത്.
മദ്യത്തെപ്പറ്റി പറഞ്ഞപ്പോഴാണ് മറ്റൊരു രസകരമായ അനുഭവം ഓര്‍മ വന്നത്. നോണ്‍ ഡ്രിങ്കര്‍ ആയതുകൊണ്ടുള്ള കുഴപ്പം തന്നെയാണത്. ഞാന്‍ ജവാന്‍ ആയിരുന്ന റോക്കറ്റ് റെജിമെന്റില്‍ നിന്നും കമ്മീഷന്‍ എടുത്ത ആദ്യത്തെ ഓഫീസര്‍ ഞാന്‍ ആണെങ്കിലും അതിനുമുമ്പ് അവിടെ കുറച്ചുകാലം സര്‍വീസ് ചെയ്യുകയും പിന്നീട് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഓഫ് ഗണ്ണറിയില്‍ സെലക്ഷന്‍ ആയപ്പോള്‍ അവിടെ നിന്ന് മറ്റൊരു യൂണിറ്റിലേക്ക് പോവുകയും പിന്നീട് എന്നെപ്പോലെ തന്നെ ഓഫീസര്‍ ആവുകയും ചെയ്ത എന്റെ ഒരു സീനിയര്‍ ഹവില്‍ദാര്‍ ശിവധാന്‍ ഉണ്ടായിരുന്നു. ഒരു റെജിമെന്റിന്റെ തന്ത്രപ്രധാനമായ രണ്ട് നിയമനങ്ങളാണ് ആ യൂണിറ്റിന്റെ അഡുജുറ്റന്റും ക്വാര്‍ട്ടര്‍മാസ്റ്ററും. ഇവിടെ അദ്ദേഹം അഡുജുറ്റന്റും ഞാന്‍ ക്വാര്‍ട്ടര്‍മാസ്റ്ററും ആണ്. റോക്കറ്റ് റെജിമെന്റിന് വളരെ അഭിമാനിക്കാവുന്നതാണ്.
അവരുടെ രണ്ട് ജവാന്‍മാരാണ് ഇപ്പോള്‍ മറ്റൊരു മീഡിയം റെജിമെന്റിന്റെ പ്രധാനമായ രണ്ടു പോസ്റ്റുകളില്‍ ഇരിക്കുന്നത്. ക്യാപ്റ്റന്‍ ശിവധാന്‍ ഫാമിലി വെച്ചിരുന്നില്ല. ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ ഭക്ഷണത്തിന് വിളിച്ചു. ക്യാപ്റ്റന്‍ ശിവധാന്‍ നന്നായി കുടിക്കുന്ന വ്യക്തി ആണ്. ഞാന്‍ കുടിക്കില്ലെങ്കിലും വീട്ടില്‍ എല്ലാതരം 'ബ്രാന്‍ഡുകളും' വെക്കുമായിരുന്നു. ഓള്‍ഡ് മോങ്ക് റം ആണ് അദ്ദേഹത്തിന് ഇഷ്ടം. ഞാന്‍ അദ്ദേഹത്തിന്റെ ഗ്ലാസില്‍ മദ്യം ഒഴിച്ച് സല്‍ക്കരിച്ചുകൊണ്ടേയിരുന്നു. കുടിക്കുന്ന ഓരോരാള്‍ക്കും അവനവന്റെ ലഹരിയുടെ ശേഷി അറിയാം. അദ്ദേഹത്തിന്റെ കണക്കനുസരിച്ച് കുടിച്ചുകഴിഞ്ഞിട്ടും ലഹരി പിടിക്കാത്തത് കാരണം എന്നോട് ചോദിച്ചു ഞാന്‍ ഏത് റം ആണ് കൊടുത്തുകൊണ്ടിരിക്കുന്നത് എന്ന്. ഞാന്‍ പറഞ്ഞു 'റം ഓള്‍ഡ് മോങ്ക്.'
'കേന്‍ ഐ സീ ദ ബോട്ടില്‍ പ്ലീസ്'
ക്യാപ്റ്റന്‍ ശിവധാന്‍ ആവശ്യപ്പെട്ടത് പ്രകാരം ഞാന്‍ അകത്തുനിന്നും റം ബോട്ടില്‍ കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചുകൊടുത്തു. ബോട്ടില്‍ കാണിച്ചുകൊടുത്ത ഉടനെ തന്നെ അദ്ദേഹം ചോദിച്ചു നിങ്ങളുടെ ഹെല്‍പ്പര്‍ ആരാണ് എന്ന്. ഞാന്‍ പേര് പറഞ്ഞു. ക്യാപ്റ്റന്‍ ശിവധാന്‍ ചിരിച്ചു. എന്റെ ഹെല്‍പ്പര്‍ ഞാന്‍ ഇല്ലാത്ത സമയം നോക്കി റം കുടിച്ചിട്ട് അതില്‍ അത്രതന്നെ വെള്ളം ഒഴിക്കുമായിരുന്നു. ഇങ്ങനെ പലപ്പോഴുമായി വെള്ളം ചേര്‍ക്കപ്പെട്ട ബോട്ടിലിലെ റമ്മിന്റെ മങ്ങിയ നിറം കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് കാര്യം പിടികിട്ടി. നോണ്‍ ഡ്രിങ്കറായ എനിക്കും അതൊരു പാഠമായിരുന്നു.
പതിനെട്ടാം വയസ്സില്‍ നാടുവിട്ട് വന്നപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന നാട്ടിലെ ചില കൂട്ടുകാരെ ഇപ്പോള്‍ 18 വര്‍ഷത്തിനുശേഷം വീണ്ടും ഒന്ന് കാണാം എന്ന് കരുതി. അന്ന് എന്നെ കാണാന്‍ ബാരക്കില്‍ വന്നിരുന്ന രവിയും, പപ്പനുമൊക്കെ ഇന്ന് ഇവിടെ സ്വന്തമായി നല്ല നിലയില്‍ ബിസിനസ് തുടങ്ങിയിരിക്കുകയാണ്. ആര്‍മി വാഹനം എടുത്തുതന്നെ അവരുടെ സ്ഥലങ്ങളിലേക്ക് പോയി. ശശിക്ക് ആശ്രിത നിയമനം വഴി സംസ്ഥാന സര്‍ക്കാരില്‍ ജോലി കിട്ടിയപ്പോള്‍ നാട്ടിലേക്ക് പോയിരുന്നു. അതിനിടയില്‍ സിയാച്ചിനില്‍ ഉണ്ടായിരുന്ന കൃഷ്ണേട്ടന്‍ ഇവിടെ ഡെന്റല്‍ സെക്ഷനില്‍ പോസ്റ്റിംഗ് വന്നു. ഹവില്‍ദാര്‍ റാങ്കില്‍ പെന്‍ഷന്‍ പോകാന്‍ കാത്തിരുന്ന കൃഷ്ണേട്ടന് അപ്പോള്‍ വന്ന ഒരു നിയമമനുസരിച്ച്, ഭാഗ്യത്തിന് രണ്ട് കൊല്ലം കൂടി സര്‍വീസ് കൂട്ടിക്കിട്ടി.
അത് കൃഷ്ണേട്ടന് വലിയ അനുഗ്രഹമാവുകയും അദ്ദേഹത്തിന് നായബ് സുബേദാര്‍ റാങ്ക് ലഭിക്കുകയും ചെയ്തു. അമ്മയുടെ പല്ല് കാണിക്കാന്‍ വേണ്ടി പലപ്പോഴും അദ്ദേഹത്തിന്റെ ഡെന്റല്‍ ക്ലിനിക്കില്‍ പോകുമായിരുന്നു. നാട്ടില്‍ ഞാന്‍ സുരേന്ദ്രനും അദ്ദേഹം കോമിലെ കൃഷ്ണേട്ടനും ആയിരുന്നു എങ്കിലും ഇവിടെ ഇപ്പോള്‍ അദ്ദേഹം നായബ് സുബേദാര്‍ കൃഷ്ണനും ഞാന്‍ ക്യാപ്റ്റന്‍ സുരേന്ദ്രനും ആണ്. ഇവിടെ രണ്ടുപേരും യൂണിഫോമിലാണ്. അതുകൊണ്ട് അതിന്റേതായ ചില ആചാരമര്യാദകള്‍ പാലിക്കേണ്ടതുണ്ട്. അദ്ദേഹം എനിക്കും ഞാന്‍ തിരിച്ചും സല്യൂട്ട് നല്‍കി. വളരെ അഭിമാനം തോന്നിയ നിമിഷം. നൂറുകണക്കിന് സല്യൂട്ടുകള്‍ ദിവസവും സ്വീകരിക്കുന്നുണ്ടെങ്കിലും ആ ഒരു സല്യൂട്ട് എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു.
ഇന്‍ഫന്ററി അറ്റാച്ച്മെന്റ് കഴിഞ്ഞതിന് ശേഷമുള്ള ഓഫീസര്‍ പദവിയിലെ ആദ്യത്തെ പോസ്റ്റിങ് ആണിത്. അതുകൊണ്ടുതന്നെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനും പറ്റി. ഇവിടെ ഞാന്‍ കണ്ട മറ്റൊരു കാര്യംകൂടി പറയട്ടെ. മതേതരത്വം എന്ന് വീമ്പിളക്കി നടക്കുന്ന നമ്മുടെ നാട്ടുകാര്‍ ആര്‍മിക്കുള്ളിലെ മതസൗഹാര്‍ദം ആണ് കാണേണ്ടത്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സക്സേന കഴിഞ്ഞാല്‍ അടുത്തത് ലഫ്റ്റനന്റ് കേണല്‍ അസീസ് ഹുസൈന്‍ ആണ്. കേണല്‍ സക്സേന ലീവിന് പോകുമ്പോള്‍ ഇദ്ദേഹമാണ് ഡ്യൂട്ടി നോക്കുന്നത്. ആര്‍മിക്കുള്ളിലെ മന്ദിര്‍ അഥവാ അമ്പലങ്ങളെ, എല്ലാ മതക്കാര്‍ക്കും വേണ്ടിയുള്ള 'സര്‍വ്വധര്‍മസ്ഥലം' എന്നാണ് വിളിക്കാറ്.
ഇവിടെ വിശേഷദിവസങ്ങളില്‍ ഗണപതിഹോമങ്ങളും മറ്റുപൂജകളും നടക്കും. മന്ദിരത്തിലെ പൂജാരിയുടെ നിര്‍ദേശപ്രകാരം റെജിമെന്റിന്റെ കമാന്‍ഡിങ് ഓഫീസറും, അദ്ദേഹം ഇല്ലെങ്കില്‍ അതിന് തൊട്ടടുത്തുള്ള ഓഫീസറും ആണ് ഗണപതിഹോമത്തെ നയിക്കേണ്ടത്. ഇങ്ങനെയുള്ള അവസരങ്ങളില്‍ മുസ്ലിം ഓഫീസര്‍ ആയ ലെഫ്റ്റനന്റ് കേണല്‍ ആസീഫ് ഹുസൈന്‍ ആണ് ഹോമകുണ്ഡത്തില്‍ എള്ളും മറ്റു പൂജാ ദ്രവ്യങ്ങളും നിക്ഷേപിക്കുക. നമ്മുടെ നാട്ടില്‍ ഇങ്ങനെയുള്ള കാര്യം ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റുമോ. അതാണ് ആര്‍മി. കേണല്‍ സക്സേനയ്ക്ക് ശേഷം കേണല്‍ ആസിഫ് ഹുസൈന്‍ റെജിമെന്റിന്റെ കമാന്‍ഡ് ഏറ്റെടുത്തു.
വലതുകൈയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ എനിക്ക് നല്ല ഒരു ഓഫീസര്‍ എന്ന രീതിയില്‍ പേരെടുക്കാന്‍ സാധിച്ചു. എഴുതുന്നതും ഒപ്പിടുന്നതും എല്ലാം ഇടത് കൈകൊണ്ട് തന്നെയായി. ഒപ്പില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുന്നതുകൊണ്ട് ബാങ്കില്‍ നിന്നും പലപ്പോഴും സംശയം പ്രകടിപ്പിച്ചിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു ശാഖ അവിടെയുണ്ടായിരുന്നു. രണ്ടാഴ്ചക്കാലം രാവിലെ ഓഫീസില്‍ പോകുന്നതിന് മുമ്പ് അവിടെ പോയി കിഴിയും മറ്റു പഞ്ചകര്‍മ്മ ചികിത്സകളും ചെയ്തു വരുമായിരുന്നു. മുമ്പ് നാട്ടില്‍ അവധിക്ക് പോയ സമയത്ത് ഒരു നാട്ടുവൈദ്യനെ കൊണ്ടും ഇതുപോലെ ചികിത്സിപ്പിച്ചിരുന്നു. വലതുകൈയെ ഫിസിയോതെറാപ്പി ചെയ്തും മറ്റുമായി കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ അത് ശോഷിച്ച് അതിന്റെ ഉള്ള ശക്തിയും നഷ്ടപ്പെടും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തന്നിരുന്നു. ഏകദേശം ഡ്രൈവിംഗ് പഠിച്ചുകഴിഞ്ഞു.
എപ്പോഴും ആര്‍മി വണ്ടിയെ ആശ്രയിച്ചിരിക്കാന്‍ പറ്റില്ല. പക്ഷേ ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാത്തതുകൊണ്ട് ഇവിടെയും ഒരു വീഴ്ച പറ്റി. ആര്‍മിയില്‍ ഇങ്ങനെ എന്നെപ്പോലെ യുദ്ധകാരണത്താല്‍ വികലാംഗര്‍ ആയിട്ടുള്ള ഓഫീസര്‍മാര്‍ക്ക്, 20% അര്‍ഹതപ്പെട്ട വ്യക്തിയും 80% ആര്‍മിയും പണം അടച്ചിട്ട് ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍ നല്‍കുമായിരുന്നു. ഡ്രൈവിംഗ് ഒക്കെ കുറച്ച് വശത്തായതിനുശേഷം ഞാന്‍ അതിന് അപേക്ഷിച്ചപ്പോള്‍ ആ വ്യവസ്ഥ ഇപ്പോള്‍ ഇല്ല എന്ന് പറഞ്ഞ് ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും മറുപടി വന്നു. കാര്‍ഗില്‍ യുദ്ധത്തിനുശേഷം ഇങ്ങനെ ഉള്ളവരുടെ എണ്ണം കൂടിയതു കൊണ്ടായിരിക്കുമോ ആ വ്യവസ്ഥ നിര്‍ത്തലാക്കിയത് എന്നറിയില്ല. ഏതായാലും അന്ന് 40,000 കൊടുത്താല്‍ കിട്ടാമായിരുന്ന രണ്ട് ലക്ഷത്തിന്റെ മാരുതി സെന്‍ കാര്‍ എന്റെ നിര്‍ഭാഗ്യംകൊണ്ട് നഷ്ടപ്പെട്ടു. അതിനിടയില്‍ സുധയെയും ഡ്രൈവിംഗ് പഠിപ്പിച്ചു. വീടിന് അടുത്തുള്ള ഡ്രൈവിംഗ് സ്‌കൂളില്‍ പോയി പഠിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സ് എടുത്തത്. ഒന്നാമത്തെ ടെസ്റ്റില്‍ തന്നെ അവള്‍ പാസായി.
എന്റെ പുതിയ സ്ഥലംമാറ്റം വരാനായി എന്നുള്ളതുകൊണ്ടുതന്നെ 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ഹൈദരാബാദില്‍ വന്നപ്പോള്‍ കാണാന്‍ സാധിക്കാതിരുന്ന ഇവിടുത്തെ പ്രധാന സ്ഥലങ്ങളൊക്കെ ഒന്ന് കാണാമെന്ന് കരുതി. ആദ്യമായി ഔദ്യോഗിക വാഹനവും എടുത്ത്, വര്‍ഷങ്ങള്‍ക്കുമുമ്പ് മുണ്ടും ഉടുത്ത് വന്നിറങ്ങിയ ബാരക്കും ഒരു പട്ടാളക്കാരനായി മാറ്റാന്‍ വേണ്ടി വിയര്‍പ്പൊഴുക്കിയ ആ മൈതാനവും ഒക്കെയൊന്ന് കറങ്ങി കണ്ടു. ഹൈദരാബാദിന്റെ ഏഴാമത് നിസാം ആയിരുന്ന മീര്‍ ഓസ്മാന്‍ അലി 1920-ല്‍ നിര്‍മിച്ച ഓസ്മാന്‍ സാഗര്‍ എന്ന ജലസംഭരണി ആര്‍ട്ടിലറി ട്രെയിനിങ്ങ് സെന്ററിന് അടുത്താണ്. അവിടെ വരെ ഞങ്ങള്‍ ട്രെയിനിങ്ങിന്റെ ഭാഗമായി 10 കിലോമീറ്റര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓടിയെത്തേണ്ടത് ഉണ്ടായിരുന്നു. ട്രെയിനിങ് സമയത്ത് കണ്ട ആകെയുള്ള ഒരു വിനോദസഞ്ചാര സ്ഥലം അതുമാത്രമായിരുന്നു. സ്വന്തം വിയര്‍പ്പൊഴുക്കിയ ആ റോഡിലൂടെ ഇന്ന് ആര്‍മി ജീപ്പിന്റെ മുന്‍ സീറ്റില്‍ ഇരുന്നുകൊണ്ട് സല്യൂട്ട് സ്വീകരിച്ചുകൊണ്ട് അതുവഴി പോകുമ്പോള്‍ അതിലും വലിയ ഒരു ഗൃഹാതുരത്വവും ആത്മസംതൃപ്തിയും വേറെ എന്തുണ്ട്.
രണ്ട് സിറ്റികളുടെയും ഇടയിലുള്ള മറ്റൊരു തടാകമാണ് ഹുസൈന്‍ സാഗര്‍ ലേക്ക്. അതിന്റെ വശത്തുള്ള ടാങ്ക് ബണ്ട് എന്ന് പറയുന്ന സ്ഥലത്ത് രാത്രികാലങ്ങളില്‍ പോയി ഇരുന്നാല്‍ ഉള്ള കാഴ്ച വളരെ മനോഹരമാണ്. ഏതോ ഒരു വിദേശ രാജ്യത്ത് ഇരിക്കുന്നതുപോലെ തോന്നും. തിളങ്ങുന്ന തടാകം, മിന്നുന്ന വിളക്കുകള്‍, ചടുലമായ അന്തരീക്ഷം എന്നിവയുടെ സംയോജനം ഒരു മാന്ത്രിക അന്തരീക്ഷമാണ് സൃഷ്ടിക്കുക. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി കണ്ട് പ്രചോദിതനായ അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ടി. രാമറാവു അതുപോലൊരെണ്ണം തന്റെ നാട്ടിലും സ്ഥാപിക്കണമെന്ന് തീരുമാനിച്ചു.
അങ്ങനെ ഒറ്റശിലയില്‍ നിര്‍മിച്ചെടുത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധപ്രതിമ ഹുസൈന്‍ സാഗര്‍ ലേക്കിന്റെ മധ്യത്തിലുള്ള ഒരു പാറയുടെ മുകളില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. 58 അടി ഉയരമുള്ള ഈ പ്രതിമ സ്ഥാപിക്കുന്നതിനായി 1990-ല്‍ അത് അങ്ങോട്ട് കൊണ്ടുപോകുമ്പോള്‍ അത് തടാകത്തിലേക്ക് മറിയുകയും ആ അപകടത്തില്‍ 10 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുവര്‍ഷത്തെ പ്രയത്നത്തിനുശേഷമാണ് ആ പ്രതിമ വെള്ളത്തില്‍ നിന്നും വീണ്ടെടുക്കാനും അവിടെ സ്ഥാപിക്കാനും കഴിഞ്ഞത്.
ഗോല്‍കൊണ്ട കോട്ടകളെ പറ്റി ഒരുപാട് പറഞ്ഞുകേട്ടിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ കാകതീയ രാജവംശത്തിലെ ഭരണാധികാരിയായ പ്രതാപരുദ്ര ഹൈദരാബാദിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്ത് മണ്‍ഭിത്തികൊണ്ട് നിര്‍മിച്ച, ഗോല്‍കൊണ്ട കോട്ടകള്‍. താഴത്തുനിന്ന് മുകളില്‍ കാണുന്ന ആളെ നോക്കി വെടിവച്ചാല്‍ തന്നെ ആ സ്ഥലത്ത് ഏല്‍ക്കാത്ത വിധത്തിലുള്ള നിര്‍മിതി. ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് പരിപാടിയുണ്ട്. പിന്‍കാലത്ത് കൊല്ലൂര്‍ ഖനികള്‍ പോലുള്ള വജ്രഖനികളും, ഗോല്‍കൊണ്ട ഡയമണ്ടിന്റെ വ്യാപാരവും ഒക്കെയായി ഗോല്‍കൊണ്ട സുല്‍ത്താനേറ്റ് അവരുടെ തലസ്ഥാനമാക്കിയ ഈ നഗരത്തിലെ കോട്ടകള്‍ ഇന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ്.
ഹൈദരാബാദിന്റെ നഗരമധ്യത്തില്‍ ആയതുകൊണ്ട് തന്നെ ചാര്‍മിനാറില്‍ പലപ്രാവശ്യമായി പോയിട്ടുണ്ട്. സ്‌കൂളിലെ ചരിത്ര പുസ്തകത്തില്‍ മാത്രം കണ്ടിരുന്ന, വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കാണാന്‍ ആഗ്രഹിച്ചിട്ട് പറ്റാത്തത് ആയിരുന്നു ചാര്‍മിനാര്‍. കുത്തബ് ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ സുല്‍ത്താനായ സുല്‍ത്താന്‍ മുഹമ്മദ് ഖുലി കുത്തബ് ഷാ, പ്ലേഗ് എന്ന വിഷപ്പനിയില്‍ നിന്നും ഹൈദരാബാദ് നഗരം മുക്തമായപ്പോള്‍ അതിന്റെ പ്രാര്‍ഥന എന്ന രൂപത്തിലാണ് ഇത് നിര്‍മിച്ചത് എന്ന് പറയപ്പെടുന്നു. അവിടെ ഇപ്പോഴും നിര്‍ത്താതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഘടികാരം 1889-ല്‍ സ്ഥാപിച്ചതാണത്രേ. ചാര്‍മിനാറില്‍ നിന്നും ഗോല്‍കൊണ്ട കോട്ടയിലേക്ക് ഭൂഗര്‍ഭ തുരങ്കം ഉണ്ടെന്ന് പറയുന്നു.
ഹൈദരാബാദ് നിസാമിന്റെ കീഴില്‍ ഉണ്ടായിരുന്ന ഒരു കുലീന കുടുംബമായിരുന്നു സലാര്‍ ജംഗ് കുടുംബം. മൂസി നദിയുടെ തെക്കേ തീരത്തുള്ള സലാര്‍ ജംഗ് മ്യൂസിയം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മ്യൂസിയം ആണ്. വ്യത്യസ്ത നാഗരികത മുതലുള്ള വിലയേറിയ ശേഖരങ്ങള്‍ക്ക് ഇത് പ്രസിദ്ധമാണ്. നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്, ബിര്‍ള മന്ദിര്‍, മക്കാ മസ്ജിദ് തുടങ്ങിയ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചു. അപ്പോഴേക്കും എന്റെ പുതിയ സ്ഥലത്തേക്കുള്ള മാറ്റം വന്നു.
ഇനി പോകേണ്ടതും ഒരു ആര്‍ട്ടിലറി യൂണിറ്റിലേക്ക് തന്നെയാണ്. ആര്‍ട്ടിലറിയുടെ ഒരു വളരെ പഴയ ഫീല്‍ഡ് റെജിമെന്റ്. ഇനി റെജിമെന്റുമായിട്ട് ഒരു ബന്ധവുമില്ല. എല്ലാ പോസ്റ്റിങ്ങുകളും ഇതുപോലെ ഒറ്റയ്ക്കുള്ള പോസ്റ്റിങ്ങ് ആയിരിക്കും. കാരണം ഞാന്‍ ഓഫീസര്‍ ആയിരിക്കുന്നത് 'ലോജിസ്റ്റിക്' മേഖല കൈകാര്യം ചെയ്യുന്നതിനുള്ള ക്വാര്‍ട്ടര്‍ മാസ്റ്റര്‍ എന്ന വിഭാഗത്തിലേക്കാണ്. അതുകൊണ്ടുതന്നെ ആര്‍മിയുടെ ഏതുതരം യൂണിറ്റിലേക്കും എന്നെ അയക്കാന്‍ സാധ്യതയുണ്ട്. പോസ്റ്റിങ്ങിന്റെ ഉത്തരവില്‍ സ്ഥലം എഴുതില്ല. അത് ആര്‍മിയുടെ സിഗ്നല്‍ സെന്റര്‍ വഴി അന്വേഷിച്ച് അറിയും.
പഞ്ചാബിലെ ഫിറോസ്പൂര്‍ എന്ന സ്ഥലത്താണ് ഇപ്പോള്‍ റെജിമെന്റ് ഉള്ളത് എന്ന് അറിയാന്‍ കഴിഞ്ഞു. ഇന്ത്യ-പാകിസ്താൻ അതിര്‍ത്തി പ്രദേശമാണ്. ബോംബെയില്‍ നിന്നും വരുന്ന പഞ്ചാബ് മെയില്‍ എന്ന ഒരു ട്രെയിന്‍ മാത്രമേ അവിടുത്തേക്കുള്ളൂ. അത് അവസാനത്തെ റെയില്‍വേ സ്റ്റേഷനാണ്. ഡല്‍ഹിയില്‍ നിന്നും അതിലേക്ക് മാറി കയറണം. ജവാന്‍ ആയിരുന്നപ്പോള്‍ രണ്ടു പെട്ടികളുടെ ഉടമയായിരുന്ന ഞാന്‍ ഇന്ന് ഇരുപതോളം പെട്ടികള്‍ വെച്ചിട്ടുണ്ട്. കൂടാതെ ജവാന്‍ ആയിരുന്ന സമയത്തുള്ള സ്ഥലംമാറ്റങ്ങള്‍ മിക്കവാറും റെജിമെന്റിന്റെ കൂടെ തന്നെയായിരുന്നു. ഇന്നിപ്പോള്‍ എല്ലാ സാധനങ്ങളും ഭദ്രമായി പാക്ക് ചെയ്യണം.
ഫ്രിഡ്ജ്, ടി.വി. മാത്രമല്ല പൊട്ടാന്‍ സാധ്യതയുള്ള ഗ്ലാസ് ചട്ടങ്ങള്‍ ഉള്ള സീനറികളും ഗ്ലാസുകളും ഡിന്നര്‍ സെറ്റുകളും ഒക്കെ തുണികളിലും പേപ്പറുകളിലും ഒക്കെ പൊതിഞ്ഞ് ഭദ്രമായി വെക്കണം. ഓരോ പെട്ടിയിലും വെക്കുന്ന സാധനങ്ങളുടെ പട്ടിക തയ്യാറാക്കും. പുതുതായി എത്തുന്ന സ്ഥലത്ത് പെട്ടെന്ന് തന്നെ വീട് കിട്ടണമെന്നില്ല. അപ്പോള്‍ അത്യാവശ്യ സാധനങ്ങള്‍ എടുക്കുന്നതിനുവേണ്ടിയാണ് ഈ പട്ടിക തയാറാക്കലും പെട്ടികള്‍ക്ക് നമ്പര്‍ എഴുതലുമൊക്ക. സിവില്‍ ട്രക്ക് വാടകയ്ക്ക് എടുത്ത് അതില്‍ പ്രത്യേകമായി സാധനങ്ങള്‍ കയറ്റി അയക്കണം. ജവാന്മാരുടെ സഹായത്തോടെ പാക്കിങ് തുടങ്ങി.
ഇനി ഒരു സ്ഥലമേ കാണാന്‍ ബാക്കിയുള്ളൂ. അത് അടുത്തകാലത്ത് നിര്‍മിക്കപ്പെട്ട രാമോജി റാവു ഫിലിം സിറ്റിയാണ്. പാക്കിങ്ങിന്റെ ഇടയില്‍ ഒരു ദിവസം അതിനായി സമയം കണ്ടെത്തി. 1666 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ സമുച്ചയമാണ് രാമോജി റാവു ഫിലിം സിറ്റി. ഹൈദരാബാദില്‍ നിന്നും 35 ഓളം കിലോമീറ്റര്‍ പോകാനുണ്ട്. സിനിമയില്‍ കാണുന്ന പല അത്ഭുതങ്ങളുടെയും രഹസ്യങ്ങള്‍ അവിടുന്ന് മനസ്സിലായി. റെയില്‍വേ സ്റ്റേഷനുകളും, എയര്‍പോര്‍ട്ടുകളും എല്ലാം അതിനുള്ളില്‍ തന്നെ. കുന്നുകളും, മലകളും, പൂന്തോട്ടങ്ങളും, ആകാശചുമ്പികള്‍ എന്ന് തോന്നിക്കുന്ന കെട്ടിടങ്ങളും, തടാകങ്ങളും എല്ലാം യാഥാര്‍ഥ്യത്തെ വെല്ലുന്ന തനിപ്പകര്‍പ്പ്. ഉള്ളില്‍ സ്ഥലങ്ങളൊക്കെ കറങ്ങി കാണിക്കുന്നതിനായി ചെറിയ ബസുകളുണ്ട്. പല സ്ഥലങ്ങളിലായി സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. ഹൈദരാബാദിലും സെക്കന്ദരാബാദിലും ഇനി കാര്യമായിട്ടൊന്നും കാണാന്‍ ബാക്കിയില്ല എന്ന് സമാധാനിച്ചുകൊണ്ട് വൈകുന്നേരം ആകുമ്പോഴേക്കും വീട്ടിലെത്തി.
ഓഫീസര്‍ വരുമ്പോള്‍ ഡൈൻ ഇന്‍ ചെയ്യുന്നതുപോലെ തന്നെ പോകുന്ന സമയത്ത് ഡൈൻ ഔട്ട് പാര്‍ട്ടിയുണ്ട്. ഞങ്ങള്‍ ആയിരിക്കും അന്നത്തെ അതിഥി. കമാന്‍ഡിങ് ഓഫീസര്‍, ഞങ്ങള്‍ രണ്ടുപേരും ചെയ്ത നല്ല കാര്യങ്ങളുടെ ഒരു പുനരവലോകനം ചെയ്തുകൊണ്ട് സംസാരിക്കും. എന്നിട്ട് റെജിമെന്റിന്റെ സ്മരണിക തരും. അതിന് ഉത്തമമായ ഒരു മറുപടി പ്രസംഗം നല്‍കണം. അതുകഴിഞ്ഞ് ഓഫീസര്‍ മെസ്സിലെ പ്രത്യേകതരം കസേരയില്‍ ഇരുത്തി മറ്റ് ഓഫീസര്‍മാര്‍ എല്ലാം ചേര്‍ന്ന് എടുത്തു 'ഹി ഈസ് എ ജോളി ഗുഡ് ഫെലോ' എന്ന് പാടിക്കൊണ്ട് മെസ്സിന് വെളിയില്‍ കൊണ്ടിടും. ഞങ്ങള്‍ ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നത്. ഇന്‍ഫെന്ററി അറ്റാച്ച്മെന്റ് കഴിഞ്ഞ് ഞാന്‍ വരുമ്പോള്‍ അത് ഡല്‍ഹി ഹോസ്പിറ്റലില്‍ നിന്ന് ആയതുകൊണ്ട് ഇങ്ങനെ ഒന്നുംചെയ്യാന്‍ പറ്റിയിരുന്നില്ല. യൂണിറ്റിന്റെ സ്മരണിക മാത്രം അയച്ചുതന്നിരുന്നു.
എനിക്ക് പകരം പുതിയ ഓഫീസര്‍ ഒന്നും അവിടെ വന്നിരുന്നില്ല. എന്റെ എല്ലാ ഉത്തരവാദിത്വങ്ങളും മറ്റൊരു ഓഫീസര്‍ക്ക് കൈമാറി മറ്റൊരു പുതിയ അധ്യായം തുടങ്ങാനായി പുറപ്പെട്ടു. സെക്കന്ദരാബാദില്‍ മറ്റൊരു യൂണിറ്റില്‍ ഉണ്ടായിരുന്ന എന്റെ കോഴ്സ് മേറ്റ് ആയിരുന്ന ക്യാപ്റ്റന്‍ റാണക്ക് അതേസമയം തന്നെ പോകേണ്ടിയിരുന്നത് ഫിറോസ്പൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഭട്ടിണ്ട എന്ന സ്ഥലത്തേക്ക് ആയിരുന്നു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഒരു ട്രക്ക് എടുത്ത് സാധനങ്ങള്‍ എല്ലാം ഒന്നിച്ച് ഒരു വണ്ടിയില്‍ അങ്ങോട്ടേക്ക് വിട്ടു. മഹത്തായ ഹൈദരാബാദിനോടും സെക്കന്ദരാബാദിനോടും യാത്രയോടൊപ്പം നന്ദിയും പറഞ്ഞ് സാധനങ്ങള്‍ അയച്ചതിന്റെ പിറ്റേന്ന് ഞങ്ങളും ട്രെയിന്‍ കയറി. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും സാധനങ്ങള്‍ കയറ്റിയ ട്രക്കും അവിടെയെത്തും.
(തുടരും)
Content Highlights: lieutenant colonel surendran autobiography army life jeevitham enna theekkadal
Published: 22 Apr 2024, 04:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented