എന്റെ ജീവിതകഥയെ ഞാന്‍ മൂന്ന് പ്രധാന ഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ഓരോ ഭാഗവും ഓരോ വഴിത്തിരിവിന്റെയും വെല്ലുവിളിയുടെയും, അതിജീവനത്തിന്റെയും  കഥയാണ്. ഒരു സാധാരണ പട്ടാളക്കാരനായി ജീവിതം തുടങ്ങി സ്വപ്രയത്‌നത്തിലൂടെ, വഴിയിലെ കല്ലുകളും മുള്ളുകളും അതിജീവിച്ച്, ഒരു ഓഫീസര്‍ ആയതുതന്നെയാണ് ജീവിതത്തിലെ ആദ്യത്തെ വെല്ലുവിളി. രണ്ടാമത്തെ വഴിത്തിരിവും, വെല്ലുവിളിയും, അതിജീവനവും ഇവിടെ ആരംഭിക്കുകയാണ്.

To advertise here,

കിഴക്കന്‍ ഗ്ലേസിയറിന്റെ ആസ്ഥാനമാണ് റീവാടി കോംപ്ലക്‌സ് എന്ന 16000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഞാന്‍ ഇപ്പോഴുള്ള സ്ഥലം. അവിടെനിന്നാണ് ഇന്ത്യ പാകിസ്താൻ അതിര്‍ത്തികളിലുള്ള നമ്മുടെ പോസ്റ്റുകളിലേക്ക് നിയമിക്കപ്പെടുന്നത്. ഏതാനും ദിവസം അവിടുത്തെ ചുമതല എനിക്കായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് എന്നെ അവിടെനിന്നും അതിര്‍ത്തിയിലുള്ള ഒരു പോസ്റ്റിലേക്ക് മാറ്റി. കമാന്‍ഡര്‍ എന്ന നിലയില്‍ ഞാനും പിന്നെ നാലോ അഞ്ചോ ജവാന്മാരും മാത്രം. മഞ്ഞ് മലകള്‍ക്കിടയിലുള്ള വിടവുകളില്‍ നമുക്ക് സൗകര്യമുള്ളതും പാകിസ്​താന്റെ ചലനങ്ങള്‍ കാണാന്‍ സാധിക്കുന്നതുമായ ഇടങ്ങളില്‍ ബങ്കറുകള്‍ ഉണ്ടാക്കി അവിടെ കഴിയണം. ദൂരദര്‍ശിനികളും രാത്രിക്കാഴ്ചാ  ഉപകരണങ്ങളും ഒക്കെയായി ഏതുസമയവും ജാഗ്രതയോടുകൂടി ഇരിക്കുക. 

ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ അവിടെ എന്ത് കാര്യവും ചെയ്യാനുള്ള വെള്ളം ഉണ്ടാക്കിയെടുക്കേണ്ടത് മഞ്ഞുമലകള്‍ പൊട്ടിച്ച് തിളപ്പിച്ചിട്ടാണ്. രാവിലത്തെ പ്രഭാത കര്‍മങ്ങള്‍ക്കും, ഭക്ഷണം പാകംചെയ്യാനും കുടിക്കാനും, വസ്ത്രങ്ങള്‍ കഴുകാനും ഒക്കെ അങ്ങനെ തന്നെ. കുളിക്കുക എന്നത് അസാധ്യമാണ്. അടിവസ്ത്രങ്ങള്‍ ഇടയ്‌ക്കൊക്കെ മാറ്റുമെങ്കിലും അത് കഴുകി ഉണങ്ങിക്കിട്ടാന്‍ തന്നെ പ്രയാസമാണ്. 

മാസത്തില്‍ ഒരിക്കലോ മറ്റോ ആശുപത്രിയില്‍ ഐ.സി.യുവില്‍ കിടക്കുന്ന രോഗിയെ നഴ്‌സുമാര്‍ ചെയ്യുന്നതുപോലെ, ചൂടുവെള്ളത്തില്‍ തുണി നനച്ച് ശരീരത്തെ ഒന്ന് തുടച്ചെടുക്കും. വൈകുന്നേരം കുറച്ചുനേരം ബൂട്ടും സോക്‌സ് അഴിച്ച് കാലുകള്‍ ചൂടുവെള്ളത്തില്‍ മുക്കിവെക്കണം. അതില്‍ സല്‍ഗം എന്ന് പറയുന്ന ഒരു പച്ചക്കറിയുടെ കഷണങ്ങള്‍ മുറിച്ചിട്ടാല്‍ കൂടുതല്‍ ഗുണം ചെയ്യും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ പകല്‍ സമയത്ത് ഞങ്ങള്‍ അറിയാതെ ബൂട്ടിനുള്ളിലേക്ക് കടന്നുചെല്ലുന്ന ചെറിയ ഐസ് കഷണങ്ങള്‍ ഉപദ്രവകാരികളായി മാറും. 

അവിടെ മുഖം ഷേവിങ് ചെയ്യണമെന്നില്ല. പാല്, മുട്ട, സവാള ഇതൊക്കെ തന്നെ സംസ്‌കരിച്ചെടുത്ത് പൊടി രൂപത്തിലാണ് വരുന്നത്. ഇങ്ങനെയുള്ള സാധനങ്ങള്‍ ഒന്നും തന്നെ ഭക്ഷണത്തിന് ഒരു സ്വാദും തരില്ല. പഴങ്ങളും പച്ചക്കറികളും മുറിക്കുന്നതിന് മുമ്പായി വെള്ളത്തില്‍ തിളപ്പിച്ച് എടുക്കണം. ഇല്ലെങ്കില്‍ അതിനെ മുറിക്കാന്‍ പറ്റില്ല. 'ടിന്‍ ഫുഡ്' രൂപത്തില്‍ സംരക്ഷിച്ചുവരുന്ന ഫലങ്ങളും ഇറച്ചിയും മീനുമൊക്കെ ചിലപ്പോള്‍ കിട്ടും. ഡ്രൈ ഫ്രൂട്ട്‌സ്, ബിസ്‌ക്കറ്റ്, ജ്യൂസ് എന്നിവയൊക്കെ അവിടെ ജവാന്മാര്‍ക്കുള്ള പ്രത്യേക ഭക്ഷണത്തിന്റെ ഭാഗമാണ്. 

അതിശൈത്യകാലത്ത് താപനില മൈനസ് 50 ഡിഗ്രി വരെ ഒക്കെ പോകും. ഒക്ടോബര്‍ മാസമായതുകൊണ്ട് മൈനസ് 30 ഡിഗ്രി ആണ് ഇപ്പോള്‍. ബങ്കറിനുള്ളില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ ചില ജവാന്മാര്‍ ഓരോ ദിവസം കഴിയുമ്പോഴും അത് അടയാളപ്പെടുത്തുന്നത് കാണാം. സൗജന്യമായി കിട്ടുന്ന ആര്‍മിയുടെ തന്നെ ഇന്‍ലെന്റില്‍ കത്തെഴുതിക്കൊണ്ടിരിക്കും. അത് പോര്‍ട്ടര്‍ വഴി താഴത്ത് എത്തിച്ച് പിന്നീട് വേണ്ടപ്പെട്ട അഡ്രസ്സില്‍ എത്തുമ്പോഴേക്കും ദിവസങ്ങള്‍ കുറേ കഴിഞ്ഞിരിക്കും.

ദൂരദര്‍ശിനി വഴി അതിര്‍ത്തിക്ക് അപ്പുറത്തേക്ക് നോക്കിയാല്‍ ചിലപ്പോഴൊക്കെ ശത്രു സൈന്യത്തിന്റെ ചലനങ്ങള്‍ കാണാം. അവരുടെയും ഭക്ഷണസാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള പോര്‍ട്ടര്‍മാരെയും കോവര്‍ കഴുതകളെയും പലപ്പോഴും കണ്ടിട്ടുണ്ട്. രണ്ടുവശങ്ങളില്‍ നിന്നും പലപ്പോഴും ആര്‍ട്ടിലറി ഗണ്ണിന്റെ ഫയറിങ് ഉണ്ടാകും. ചിലപ്പോഴൊക്കെ കുറച്ച് സൂര്യപ്രകാശം ഉള്ള ദിവസങ്ങളില്‍ പകല്‍ സമയത്ത് വെളിയിലിരിക്കും. അപ്പോഴേക്കും അപ്രതീക്ഷിതമായി പലയിടങ്ങളിലായി വീഴുന്ന ആര്‍ട്ടിലറി ഷെല്ലുകളും അതിന്റെ കഷണങ്ങളും ഞാന്‍ ഒന്നാമത്തെ അധ്യായത്തില്‍ പറഞ്ഞ കാറ്റില്‍ മാങ്ങ വീഴുന്നതിന് തുല്യമായിരുന്നു. അന്ന് ഞങ്ങള്‍ ആസ്വദിച്ചുകൊണ്ട് മാങ്ങയെ ലക്ഷ്യമാക്കിയാണ് ഓടിയിരുന്നതെങ്കില്‍ ഇന്ന് മാങ്ങയെ പോലെ വീഴുന്ന ഷെല്ലുകളില്‍ നിന്നും രക്ഷപ്പെടാന്‍ ബങ്കറുകള്‍ ലക്ഷ്യമാക്കി ഓടും.

സമയത്തെ പ്രയോജനപ്പെടുത്താം എന്ന് കരുതി അവിടുത്തെ സംഭവങ്ങളൊക്കെ വെച്ചുകൊണ്ട് ഒരു ചെറുകഥ എഴുതാന്‍ തുടങ്ങി. കഥയ്ക്ക് ഞാന്‍ പേരിട്ടിരുന്നത് അധ്യായം 10 എന്നാണ്. എന്റെ ആത്മകഥയുടെ പത്താം അധ്യായം എന്ന രൂപത്തിലാണ് ഞാന്‍ ആ കഥ എഴുതിയിരുന്നത്. ഇന്ന് ഞാന്‍ യഥാര്‍ത്ഥത്തില്‍ എന്റെ ആത്മകഥ എഴുതുമ്പോള്‍ ഇത് പതിനേഴാമത്തെ അധ്യായത്തിന്റെ ഭാഗമാവുകയാണ്. എന്നെ അവിടുത്തെ പോസ്റ്റിലേക്ക് അയക്കാന്‍ ഒരു ഉദ്ദേശംകൂടി ഉണ്ടായിരുന്നു. അവിടെ ഇന്‍ഫന്ററി ജവാന്മാര്‍ പൊതുവേ ഉപയോഗിച്ച് ശീലമില്ലാത്ത ഒരു ആയുധം ഉണ്ടായിരുന്നു. 'ഗ്രാഡ് പി' എന്ന് പേരുള്ള ഒരു റോക്കറ്റ് ലോഞ്ചര്‍. 

placeholder
ലെഫ്റ്റനന്റ് കേണൽ സുരേന്ദ്രൻ എം.കെ. സിയാച്ചിൻ മഞ്ഞുവഴികളുടെ ഉയരങ്ങളിലേക്ക് കയറുന്നു.

ഓഫീസര്‍ ആകുന്നതിനുമുമ്പ് ഞാന്‍ ജോലി ചെയ്ത റോക്കറ്റ് റെജിമെന്റിന്റെ പ്രധാന ആയുധമായ 40 ബാരലുകള്‍ അടങ്ങുന്ന റോക്കറ്റ് ലോഞ്ചറിന്റെ സാങ്കേതികവിദ്യയോട് കൂടിയ ഒറ്റ ബാരല്‍ മാത്രമുള്ള ഒരായുധമാണിത്. എന്റെ മുന്‍കാല പരിചയംവെച്ചുകൊണ്ട് ഇതുവരെ ആരും വെടിവെക്കാതിരുന്ന ആ ഗ്രാഡ് പി ആയുധത്തെ ഉപയോഗിച്ച് പാകിസ്​താന്‍ പോസ്റ്റുകളിലേക്ക് വെടിവയ്ക്കാന്‍ എന്റെ ജാക്ക് റെജിമെന്റിന്റെ കമാന്‍ഡിങ് ഓഫീസര്‍ ഉത്തരവ് നല്‍കി. അത് ഉപയോഗിച്ച് വിദൂരങ്ങളില്‍ ഞങ്ങള്‍ കാണാത്ത പോസ്റ്റുകളിലേക്കും, അതുപോലെതന്നെ നേരിട്ട് കണ്ണുകൊണ്ട് കാണാവുന്ന സ്ഥലങ്ങളിലേക്കും വെടിവെക്കാം. 

ഡയറക്റ്റ് ഫയറിങ് എന്നും, ഇന്‍ഡയറക്റ്റ് ഫയറിങ് എന്നും പറയും. ഉപയോഗിക്കാതെ കിടന്നിരുന്നതുകൊണ്ട് അതിന്റെ കാര്യക്ഷമത കുറവാണെങ്കിലും എന്റെ ഇത്രയും കാലത്തെ അനുഭവംവെച്ചുകൊണ്ട് ഞാനത് ഉപയോഗിച്ച് പാകിസ്​താന്റെ വിദൂര പോസ്റ്റിലേക്ക് വെടിവെച്ചു. ഇന്‍ഡയറക്റ്റ് ഫയറിങ്. അതില്‍ 'റിമോട്ട് ഫയറിങ്' ചെയ്യാം എന്നുള്ള പ്രത്യേകത കൂടിയുണ്ട്. അങ്ങനെ ചെയ്തുകൊണ്ട് ഞാന്‍ എന്റെ പഴയ യാഷിക്കാ ക്യാമറ ഉപയോഗിച്ച്, റോക്കറ്റ് പാകിസ്താനിലേക്ക് പോകുന്നതിന്റെ ഫോട്ടോയും എടുത്തു.

ജന്മദിനവും വിവാഹവാര്‍ഷിക ദിനവും മറന്നാലും ഒരിക്കലും മറക്കാത്ത ഒരു ദിവസത്തിന്റെ കഥയാണ് ഇനി അങ്ങോട്ട്. 1997 നവംബര്‍ 10. ഗ്രാഡ് പി റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഫയറിങ് നല്ല ഫലം കണ്ടെന്നറിഞ്ഞ കമാന്‍ഡിങ് ഓഫീസര്‍, അതിനെ മറ്റൊരു പോസ്റ്റിലേക്ക് മാറ്റാന്‍ വേണ്ടി ഉത്തരവിട്ടു. പലഭാഗങ്ങളിലായി അഴിച്ചുമാറ്റാന്‍ പറ്റുന്ന ഗ്രാഡ് പി ജവാന്മാരുടെ സഹായത്തോടെ ഞാന്‍ അതിനെ സതി എന്ന് പറയുന്ന മറ്റൊരു പോസ്റ്റിലേക്ക് മാറ്റി. ഇവിടുത്തെ ഓരോ പോസ്റ്റിനും ഓരോ പേരുണ്ട്. സിയാച്ചിന്‍ ഗ്ലേസിയറില്‍ അങ്ങനെ ഒരു സ്ഥലം കണ്ടെത്തി അവിടെ ഒരു ഇന്ത്യന്‍ പോസ്റ്റ് നിര്‍മിച്ച ഓഫീസര്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് നല്‍കിയതാണ് ആ പോസ്റ്റിന് എന്ന് പറയുന്നു.

അതിന്റെ എതിര്‍വശത്ത് പാകിസ്​താന്റെ ഗിദ്ധട് പോസ്റ്റ് ആണ്. ഇവിടെ നിന്ന് നോക്കിയാല്‍ നമുക്ക് അവരെയും അവര്‍ക്ക് നമ്മളെയും കാണാം. ഗിദ്ധട് പോസ്റ്റിലേക്ക് നേരിട്ട് റോക്കറ്റ് ലോഞ്ചര്‍ വിടാന്‍, അതായത് ഡയറക്റ്റ് ഫയറിങ് ആയിരുന്നു പദ്ധതി. പലഭാഗങ്ങളിലായി വഹിച്ചുകൊണ്ടുവന്ന ഗ്രാഡ് പിയെ വീണ്ടും പൂര്‍വരൂപത്തിലാക്കി അതിനെ ഗിദ്ധട് പോസ്റ്റിലേക്ക് ഉന്നംവെച്ചുകൊണ്ട് എല്ലാ തയ്യാറെടുപ്പും നടത്തി. ഇനി അതില്‍ റോക്കറ്റ് എന്ന വെടിമരുന്ന് നിറയ്ക്കണം. അതിനുമുമ്പ് റോക്കറ്റിന്റെ അറ്റത്ത് ഒരു ഫ്യൂസ് ഘടിപ്പിക്കാന്‍ ഉണ്ട്. ഫ്യൂസ് പോയി ശക്തിയായി തറയില്‍ ഇടിച്ചാല്‍ മാത്രമേ റോക്കറ്റ് പൊട്ടിത്തെറിക്കുകയുള്ളൂ. 

ഈര്‍പ്പം തട്ടാതിരിക്കാനും, മറ്റു കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും വേണ്ടി ഫ്യൂസുകള്‍ വരുന്നത് ഫ്യൂസ് ബോക്‌സ് എന്ന സീല്‍ ചെയ്ത ഒരു ഇരുമ്പ് പെട്ടിയിലാണ്. എല്ലാ തയ്യാറെടുപ്പുകള്‍ക്കും ശേഷം ഞങ്ങള്‍ ഫ്യൂസ് ബോക്‌സ് തുറക്കുകയായിരുന്നു. ഇത്രയും സമയംകൊണ്ട് നമ്മുടെ ചലനങ്ങളൊക്കെ ശത്രുസൈന്യം എവിടെ നിന്നോ വീക്ഷിക്കുന്നുണ്ടായിരുന്നു. ഒന്നര രണ്ട് കിലോമീറ്റര്‍ ദൂരെ നിന്ന് വെടിവെച്ചാല്‍ പോലും ഉന്ന സ്ഥാനത്ത് എത്തുന്ന ഒരു 'സ്‌നൈപ്പര്‍ റൈഫിള്‍' ഉപയോഗിച്ച്, കൂട്ടത്തിലെ ലീഡര്‍ ഞാനാണെന്ന് മനസ്സിലാക്കിയിട്ട് ആയിരിക്കണം, അവര്‍ എന്റെ നേര്‍ക്ക് ഒരു വെടിയുതിര്‍ത്തു. അത് നേരെ വന്നുകൊണ്ടത് എന്റെ വലത് നെഞ്ചില്‍ ആണ്. എന്തോ ഒരു ശക്തമായ അടികിട്ടിയ ഓര്‍മ മാത്രം. നെഞ്ചില്‍ വെടിയേറ്റ് ഞാന്‍ അവിടെ മഞ്ഞുമലകള്‍ക്ക് മുകളില്‍ തന്നെ ബോധമറ്റുവീണു. കൂടെയുള്ളവര്‍ ബങ്കറില്‍ നിന്നും വെള്ളം കൊണ്ടുവന്ന് മുഖത്ത് തെളിച്ചുകാണും, കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ബോധം തിരിച്ചുകിട്ടി. പക്ഷേ ഒരു കാര്യം തിരിച്ചറിഞ്ഞു. എന്റെ വലത് കൈക്ക് ഒരു അനക്കവുമില്ല. 

വൈദ്യസഹായമൊന്നും അവിടെയില്ലായിരുന്നു. ആര്‍മി മെഡിക്കല്‍ കോറിലെ ഡോക്ടറും നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഒക്കെ ഉള്ളത് റീവാടി കോംപ്ലക്‌സിലാണ്. ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 'ഫീല്‍ഡ് പട്ടി' എന്ന് പറയുന്ന മരുന്ന് പുരണ്ട തുണി ഉപയോഗിച്ച് ശരീരത്തിലെ വസ്ത്രങ്ങള്‍ കീറി വലതുനെഞ്ചിലെ തോളിനടുത്ത് വെടികൊണ്ട ഭാഗത്തായി രക്തമൊഴുക്ക് കുറക്കാനായി തല്‍ക്കാലം കെട്ടിവച്ചു. ഓഫീസര്‍ക്ക് വെടിയേറ്റ് അപകടം പറ്റിയ കാര്യം ഫീല്‍ഡ് ടെലിഫോണ്‍ വഴി റീവാടി കോംപ്ലക്‌സിലും താഴത്ത് യൂണിറ്റ് ആസ്ഥാനത്തും ഒക്കെ അറിയിച്ചു. എങ്ങനെയെങ്കിലും എന്നെ കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്തെത്തിക്കണം. അതിര്‍ത്തിയുടെ രണ്ട് വശത്തുനിന്നും ആര്‍ട്ടിലറി ഫയറിങ് ഘോരഘാരം നടക്കുകയായിരുന്നു. 

ഫയറിങ് നിന്നാല്‍ മാത്രമേ എന്നെ ആ വഴിയിലൂടെ താഴത്തേക്ക് കൊണ്ടുപോകാന്‍ പറ്റൂ. അപകടം മനസ്സിലാക്കിയ ഞങ്ങള്‍ ഇന്ത്യന്‍ സൈഡില്‍ നിന്നുള്ള ഫയറിങ് നിര്‍ത്തിവെച്ചു. പ്രകോപനം ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ സ്വാഭാവികമായും അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഫയറിങ്ങും ക്രമേണ ഇല്ലാതായി. ഇപ്പോള്‍ ഞാന്‍ ഉള്ളത് 18000 അടിയിലാണ്. അവിടെനിന്നും 2000 അടി താഴത്ത് വന്നാല്‍ മാത്രമേ റീവാടി കോംപ്ലക്‌സില്‍ എത്തി വൈദ്യസഹായം കിട്ടുകയുള്ളൂ. മാത്രമല്ല വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാനായി ഹെലികോപ്ടറിനും മറ്റും അവിടെ വരെ മാത്രമേ വരാന്‍ പറ്റൂ. സമയമാണ് ഇവിടെ പ്രധാന ഘടകം. എത്രയും പെട്ടെന്ന് താഴത്ത് എത്തിച്ചാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ. സതി പോസ്റ്റില്‍ നിന്നും താഴത്തേക്കുള്ള വഴി വളരെ ദുര്‍ഘടമാണ്. 

ഞങ്ങള്‍ ഇവിടെ എത്തിപ്പെട്ടത് തന്നെ കയറുകളിലൂടെ തൂങ്ങിയും പര്‍വതാരോഹണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചും ഒക്കെയാണ്. ഇങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്നും ആണ് ഇത്രയും ഭാരമുള്ള എന്നെയും വഹിച്ചുകൊണ്ട് താഴത്തേക്ക് പോകേണ്ടത്. പക്ഷേ എന്തിനും പോരുന്ന ഇന്‍ഫെന്ററി ജവാന്മാര്‍ സമയം കളഞ്ഞില്ല. അവര്‍ എന്നെ അവരുടെ ശരീരവുമായി ബന്ധിച്ച് കയറിലൂടെ തൂങ്ങി താഴത്തേക്ക് വലിച്ചു. പറ്റുന്ന ഇടങ്ങളില്‍ സ്ട്രെച്ചറില്‍ കിടത്തി നാലുപേര്‍ ചുമന്നുകൊണ്ട് താഴത്തേക്ക് നടന്നു. അതും എളുപ്പമായിരുന്നില്ല. എനിക്ക് തനിയെ നടന്നിട്ട് അവരെ സഹായിക്കണം എന്നുണ്ടായിരുന്നു.

പക്ഷേ ശരീരത്തില്‍ നിന്നും രക്തം കുറെ നഷ്ടപ്പെട്ടത് കാരണം അതിന്റെ ശക്തി കിട്ടുന്നില്ല. അവസാനം ഒരു യുക്തി തോന്നി. ബങ്കറില്‍ നിന്നും ഞങ്ങള്‍ രാത്രി ഉറങ്ങാന്‍ ഉപയോഗിക്കുന്ന സ്ലീപ്പിങ് ബാഗ് കൊണ്ടുവന്ന് അതില്‍ എന്നെ കിടത്തി ചെയിന്‍ ഇട്ട് വലിയ കയര്‍കൊണ്ട് രണ്ട് കാലുകളും ചേര്‍ത്ത് കെട്ടി. എന്നിട്ട് രണ്ടോ മൂന്നോ ജവാന്മാര്‍ ചേര്‍ന്ന് ഐസ് മലകള്‍ക്കിടയില്‍ ഉള്ള വഴികളിലൂടെ എന്നെ താഴത്തേക്ക് വലിക്കാന്‍ തുടങ്ങി. വഴിയിലുടനീളം പുതുതായി മഞ്ഞ് വീണുകൊണ്ടിരിക്കുന്നത് കാരണം ആ ജോലി കുറച്ച് എളുപ്പമായിരുന്നു. പക്ഷേ ചെറിയ ദൂരം വലിക്കുമ്പോഴേക്കും ഓക്‌സിജന്റെ കുറവുകൊണ്ട് അവര്‍ക്ക് ശ്വാസം മുട്ടും. അങ്ങനെ ജവാന്മാര്‍ മാറിമാറി വലിച്ചുകൊണ്ടേയിരുന്നു. 

ഞാന്‍ ധരിച്ചിരിക്കുന്ന വെള്ളവസ്ത്രം പകുതിയില്‍ കൂടുതല്‍ ചുവപ്പ് ആയിരിക്കുന്നു.  മൈനസ് 30 ഡിഗ്രി തണുപ്പില്‍ മുകളില്‍ നിന്നും തുടര്‍ച്ചയായി വീണുകൊണ്ടിരിക്കുന്ന മഞ്ഞിന് പുറമേ സ്വന്തം ചോരയില്‍ കുതിര്‍ന്ന് ശരീരത്തോട് ഒട്ടിപ്പിടിച്ചിരിക്കുന്ന എന്റെ വസ്ത്രങ്ങള്‍ എനിക്ക് തരുന്ന തണുപ്പും വെടിയുണ്ട കീറിയെടുത്ത മാംസക്കഷണങ്ങള്‍ വഴി ശരീരം മുഴുവന്‍ വ്യാപിച്ച അസഹനീയ വേദനയും സഹിച്ചേ പറ്റൂ. കാരണം ഇതൊരു ജീവന്‍-മരണ പോരാട്ടമാണ്. 

ഓഫീസറായിട്ട് ആറുമാസമേ ആയുള്ളൂ. ആ ജീവിതം ജീവിച്ച് തുടങ്ങിയതേയുള്ളൂ. അഞ്ച് വയസ്സുള്ള മകന്‍, ആറ് വര്‍ഷം മാത്രം നീണ്ട ദാമ്പത്യജീവിതം, ഇല്ല മറ്റൊരു വീരനാരിയെ കൂടി സൃഷ്ടിക്കാന്‍ പാടില്ല. എനിക്ക് ജാതകത്തില്‍ വിശ്വാസമില്ലെങ്കിലും സുധ പറയുമായിരുന്നു, അവളുടെ ജാതകഗുണം കൊണ്ടാണ് ഞാന്‍ ഓഫീസറായതെന്ന്. അങ്ങനെയാണെങ്കില്‍ ഈ ജീവിതം ഇവിടെ അവസാനിച്ചു കൂടല്ലോ! ഇതുവരെ ഞാന്‍ വിചാരിച്ചതെല്ലാം നേടിയെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ മാത്രം തോറ്റുപോകരുത്. ജവാന്മാര്‍ മാറിമാറി എന്നെ വലിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. എന്തൊരു വിരോധാഭാസം. ചെറുപ്പകാലത്ത് കുട്ടികളെല്ലാം ചേര്‍ന്ന് കവുങ്ങ് മരത്തിന്റെയോ തെങ്ങിന്റെയോ ഓലയില്‍ കിടത്തി എല്ലാവരും ചേര്‍ന്ന് ആസ്വദിച്ച് വലിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഒരാളുടെയും മുഖത്ത് ആഹ്ളാദമില്ല. ഇത് മരണത്തില്‍ നിന്നും ജീവിതത്തിലേക്കുള്ള വലിച്ചുകയറ്റലാണ്. അതില്‍ വിജയം ആര്‍ക്കായിരിക്കും എന്ന കാര്യത്തില്‍ ഒരാള്‍ക്കും നിശ്ചയമില്ല. 

മണിക്കൂറുകള്‍ക്കു മുമ്പ്, നേരെ മുകളില്‍ വെച്ച് മേഘപാളികള്‍ക്കുള്ളില്‍ കൂടി ഒളിച്ചു നോക്കിക്കൊണ്ടിരുന്ന മങ്ങലേറ്റ സൂര്യന്‍ പോലും പടിഞ്ഞാറുവശത്തേക്ക് മാറിക്കഴിഞ്ഞു. സമയം അഞ്ച് മണിയെ ആയുള്ളൂ എന്ന് ആരോ പറയുന്നത് കേട്ടു. പക്ഷേ ഇവിടെ നവംബര്‍ മാസത്തില്‍ അഞ്ച് മണിക്ക് തന്നെ സൂര്യന്‍ അസ്തമിക്കും. ഇരുട്ടും തണുപ്പും വര്‍ധിക്കാന്‍ തുടങ്ങി. ഇടയില്‍ ആരോ ഫ്‌ളാസ്‌കില്‍ ചായ കൊണ്ടുവന്ന് എല്ലാവര്‍ക്കും തന്നു. റീവാടി കോംപ്ലക്‌സില്‍ നിന്നും പുതുതായി കുറച്ച് ജവാന്മാര്‍ വന്ന് ഇതുവരെ എന്നെ വലിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വിശ്രമം നല്‍കി. 

കാലില്‍ കെട്ടിയ കയറുകള്‍ ഇടയ്ക്ക് അയവു വരുത്തുന്നുണ്ടായിരുന്നു. ഇല്ലെങ്കില്‍ അത് മറ്റൊരു പ്രശ്‌നത്തിലേക്ക് വഴിമാറും. സ്ഥിരമായി ഉപയോഗിക്കുന്ന വഴിയില്‍ നിന്നും കുറച്ച് വ്യതിചലിച്ചാല്‍ അത് മഞ്ഞു മലകള്‍ക്കിടയിലെ ഏതെങ്കിലും ഗര്‍ത്തത്തിലേക്ക് ചെന്ന് വീഴാം. കൂടാതെ 'അവലാഞ്ച്' എന്ന് അറിയപ്പെടുന്ന മഞ്ഞുമലകളുടെ ഉരുള്‍പൊട്ടല്‍ എവിടെയും ഏതുസമയത്തും സംഭവിക്കാം. മുന്‍കാലങ്ങളില്‍ അങ്ങനെ അതില്‍ അകപ്പെട്ടുപോയ ജവാന്മാരുടെ മൃതശരീരം അമ്പതോളം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കേടുപാടും കൂടാതെ അതേപടി കിട്ടിയ സംഭവങ്ങളുണ്ട്.

ശൂന്യമായ ആകാശത്തില്‍ മാത്രം നോക്കി സ്ലീപ്പിങ് ബാഗിനുള്ളില്‍ കിടക്കുമ്പോള്‍ മനസ്സിനുള്ളിലെ തിരശ്ശീലയില്‍ എന്തൊക്കെയോ വന്നുപോകുന്നുണ്ടായിരുന്നു. നാട്ടിലെ പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ ചേതനയറ്റ ശരീരത്തിന് മേല്‍ റീത്തുകളും പുഷ്പങ്ങളും അര്‍പ്പിക്കുന്ന ഒരുപാട് പേര്‍, ബൂട്ടും ബെല്‍റ്റും ധരിച്ച കുറെ പട്ടാളക്കാര്‍ എന്തൊക്കെയോ ചെയ്തു തീര്‍ക്കാനായി ഒരു ഗ്രാമത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ആകാശത്തേക്കുള്ള ആചാരവെടിയോടുകൂടി എല്ലാ ശബ്ദവും നിശ്ചലമാകുന്നു.

 അവസാനം അത് കുറേ വേണ്ടപ്പെട്ടവരുടെ മുന്നില്‍വെച്ച് തീജ്വാലകളായി മാറുന്നു. ഒരു പട്ടാളക്കാരന്റെ സന്തതസഹചാരിയായ പെട്ടിയുമായി കുറച്ച് ഭടന്മാര്‍ വീട്ടിലേക്ക് വരുന്നു. ഡല്‍ഹിയിലെ റിപ്പബ്ലിക് ഡേ പരേഡില്‍ തന്റെ മകന്റെ കൈപിടിച്ചുകൊണ്ട് രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള അംഗീകാരം വാങ്ങിക്കുന്ന ഒരു ചെറുപ്പക്കാരി. ജീവിതത്തിനും മരണത്തിനും ഇടയില്‍ ചാഞ്ചാടി കളിക്കുന്ന ഒരു ജീവന്റെ ഉപബോധമനസ്സിലെ  മാറിമറിയുന്ന ഈ രംഗങ്ങളിലെ കഥാപാത്രങ്ങള്‍ ആരെന്ന് വ്യക്തമല്ല.

എല്ലാവരുടെയും പരിശ്രമത്തിന് അവസാനം ഫലം കണ്ടു. ഒരു റെജിമെന്റിനെ മുഴുവന്‍ മുള്‍മുനയിലാക്കിക്കൊണ്ട് ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ വലിയൊരു ജോലി അവസാനം രാത്രി 10 മണിക്ക് അതിന്റെ ലക്ഷ്യത്തിലെത്തി. ഡോക്ടര്‍ക്കും അവിടെ കൂടിയിരിക്കുന്നവര്‍ക്കും ഒക്കെ സമാധാനമായി. എനിക്ക് ബോധമുണ്ട്, ഞാന്‍ സംസാരിക്കുന്നുണ്ട്. അന്ന് രാത്രി മുഴുവന്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ അദ്ദേഹത്തിന്റെ ടെന്റിനുള്ളില്‍ കഴിച്ചുകൂട്ടി. കല്‍ക്കരി കത്തിച്ച് ചൂടാക്കിയ ടെന്റിനുള്ളില്‍ ഡോക്ടര്‍ എന്റെ  മുറിവ് പരിശോധിച്ചു. നിശബ്ദമായ അന്തരീക്ഷത്തിന് വിരാമം ഇട്ടുകൊണ്ട്, ഇതുവരെ വെടിയുണ്ട ശരീരത്തിനുള്ളില്‍ തന്നെ ഉണ്ടെന്ന് ധരിച്ച ഞങ്ങളോട് ഡോക്ടര്‍ പറഞ്ഞു. 'ദ ബുള്ളറ്റ് വാസ് ത്രൂ ആന്‍ഡ് ത്രൂ.'

ബുള്ളറ്റ് നെഞ്ചിന്റെ ഒരു വശത്തുകൂടി വന്ന് മറുവശത്തുകൂടി കടന്നുപോയത്രേ! ഗ്ലൂക്കോസും മറ്റുവേദന നിര്‍മാര്‍ജന മരുന്നുകളും കടത്തിവിട്ടുകൊണ്ട് രാത്രി ആ ടെന്റിനുള്ളില്‍ തന്നെ കഴിഞ്ഞു. അതിനപ്പുറം അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ലായിരുന്നു. എല്ലാവര്‍ക്കും നേരം വെളുക്കാനുള്ള കാത്തിരിപ്പായിരുന്നു. ഇനിയും കടമ്പകള്‍ ഏറെയുണ്ട്. രാവിലെ ഹെലികോപ്റ്റര്‍ വരുന്നതിനുവേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി. പക്ഷേ കാലാവസ്ഥ നന്നായാല്‍ മാത്രമേ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ പറ്റൂ. താഴത്തുനിന്നും ഏഴ് ദിവസം എടുത്താണ് ഞാന്‍ ഇവിടെ എത്തിയിരുന്നത്. 

ഈ അവസ്ഥയില്‍ അങ്ങനെ ഒരു തിരിച്ചുപോക്ക് സാധ്യമല്ല. നേരം വെളുത്തപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് അന്നത്തെ കാലാവസ്ഥയായിരുന്നു. ഭാഗ്യം കടാക്ഷിച്ചു. 'ചീറ്റ' എന്ന ചെറിയ ഹെലികോപ്റ്റര്‍ വന്നിറങ്ങി. എയര്‍ഫോഴ്‌സും ആര്‍മിയിലെ ഏവിയേഷന്‍ വിഭാഗവും ഉപയോഗിക്കുന്ന ഒരു ഹെലികോപ്റ്ററാണ് ചീറ്റ. സിയാച്ചിന്‍ പോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇത് ഇന്ത്യന്‍ ആര്‍മിയുടെ നട്ടെല്ലാണ്. ഇതുപോലുള്ള അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് ചീറ്റ ഹെലികോപ്റ്റര്‍ ആണ്. രണ്ട് പൈലറ്റ്മാര്‍ ചേര്‍ന്ന് എന്നെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ 12000 അടിയില്‍ സ്ഥിതിചെയ്യുന്ന പാര്‍ത്താപൂര്‍ എന്ന സ്ഥലം ലക്ഷ്യമാക്കി, അതിര്‍ത്തിക്കപ്പുറം ഉള്ളവര്‍ കാണാതെ താഴ്ന്ന് പറന്നു. 

മഞ്ഞുമലകളുടെ വലിപ്പച്ചെറുപ്പത്തിനനുസരിച്ച് പ്രത്യക്ഷവും അപ്രത്യക്ഷവുമായിക്കൊണ്ടിരിക്കുന്ന സൂര്യകിരണങ്ങള്‍ക്കൊപ്പം മനസ്സിനുള്ളിലെ ആശാകിരണങ്ങള്‍ക്കും ചിറക് വിരിയുകയായിരുന്നു. ഫീല്‍ഡ് ഏരിയകളില്‍ ഉള്ള ആര്‍മിയുടെ ചെറിയ ചെറിയ ഹോസ്പിറ്റലുകളെ ഫീല്‍ഡ് ഹോസ്പിറ്റല്‍, ഫീല്‍ഡ് ആംബുലന്‍സ് എന്നൊക്കെ വിളിക്കും. അങ്ങനെ ഒരു ഫീല്‍ഡ് ആംബുലന്‍സ് ആണ് പര്‍ത്താപൂരില്‍ ഉള്ളത്. അത്യാവശ്യം വേണ്ടുന്ന ഡോക്ടര്‍മാരും മറ്റു സജ്ജീകരണങ്ങളും ഒക്കെ ഉണ്ടാകും. ഹോസ്പിറ്റലിന് മുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. നാലുപേര്‍ സ്ട്രെച്ചറുമായി ഓടിയെത്തി. നേരെ കൊണ്ടുപോയി ആസ്ബസ്റ്റോസ് കെട്ടിടത്തിനുള്ളില്‍ എനിക്കായി തയ്യാറാക്കിവെച്ചിരിക്കുന്ന കിടക്കയില്‍ കിടത്തി. ജാക്ക് റെജിമെന്റില്‍ നിന്നും രക്തദാനത്തിനായി ജവാന്മാര്‍ വന്നിരുന്നു. ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ ഞാന്‍ രക്തദാനം നല്‍കിയിരുന്നു. ഇന്ന് അത് തിരിച്ചുവാങ്ങിക്കാന്‍ പോവുകയായിരിക്കും. 

ഐ.സി.യു.വില്‍ അഡ്മിറ്റ് ചെയ്തു. പച്ച ഡ്രസ്സുകളും മുഖാവരണങ്ങളും ധരിച്ച ഡോക്ടര്‍മാര്‍ ചുറ്റും കൂടി. ഓപ്പറേഷന് വേണ്ടുന്ന എല്ലാ തയാറെടുപ്പുകളും നടത്തി. രക്തം പരിശോധിച്ചു. എക്‌സറേ എടുത്തു. അവര്‍ തന്ന ഇഞ്ചക്ഷന്‍ എന്നെ ഏതോ ഒരു ലോകത്തേക്ക് എത്തിച്ചു. രാത്രിയില്‍ എപ്പോഴോ ബോധം വന്നു. എന്തൊക്കെയോ പൈപ്പുകളും വയറുകളും ശരീരത്തില്‍ ബന്ധിച്ചിട്ടുണ്ട്. തൂക്കിയിട്ടിരിക്കുന്ന ചുവന്ന ബാഗില്‍ നിന്നും ഉറ്റിയുറ്റി വീഴുന്ന രക്തത്തുള്ളികള്‍, അത് എന്റെ ശരീരത്തിലേക്കാണ് പോകുന്നത് എന്ന് മനസ്സിലായി. കട്ടിലിന്റെ വശത്ത് തൂക്കിയിട്ടിരിക്കുന്ന മറ്റൊരു സഞ്ചിയില്‍ മൂത്രശേഖരണം നടക്കുന്നുണ്ടായിരുന്നു.  

പ്രസവിച്ചു കിടക്കുന്ന സ്ത്രീയോടൊപ്പം ഒന്നുമറിയാതെ കിടക്കുന്ന കൊച്ചിനെ പോലെ എന്റെ വലതു കൈ ശരീരത്തോട് ഒട്ടി ചലനമറ്റു കിടക്കുന്നുണ്ട്. ഇടത് കൈയുടെ സഹായത്തോടെ അതിനെ അല്പം നീക്കിവച്ചു. വീട്ടുകാരും നാട്ടുകാരും ഇല്ലാത്ത ഇങ്ങനെയുള്ള സ്ഥലത്ത് പരിചയമുള്ള ആരെങ്കിലും ഒരാളുണ്ടെങ്കില്‍ അത് വലിയൊരു കാര്യമാണ്. നമ്മുടെ നാട്ടിലെ കൃഷ്‌ണേട്ടന്‍, ഇന്ന് ഹവില്‍ദാര്‍ കൃഷ്ണന്‍ ഇതിന് അടുത്ത് ബേസ് ക്യാമ്പില്‍ ആര്‍മിയുടെ ഡെന്റല്‍ സെക്ഷനില്‍ ആയിരുന്നു. ഞാന്‍ സിയാച്ചിനിലേക്ക് പോകുമ്പോള്‍ എന്റെ മെഡിക്കല്‍ ചെയ്തതായി ഓര്‍മയുണ്ട്. എന്നെ ശുശ്രൂഷിച്ച  ഡോക്ടറോട് ഞാന്‍ അക്കാര്യം പറഞ്ഞു. സന്ദേശം കിട്ടിയതനുസരിച്ച് പിറ്റേന്ന് കൃഷ്‌ണേട്ടന്‍  ബേസ് ക്യാമ്പില്‍ നിന്നും വരാന്‍ പുറപ്പെടുമ്പോഴേക്കും എന്നെ അവിടെ നിന്നും മാറ്റിയിരുന്നു.

പര്‍ത്താപൂര്‍ ഫീല്‍ഡ് ആംബുലന്‍സില്‍ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയില്ല. വെടികൊണ്ട ഭാഗത്തെ മുറിവുകളൊക്കെ വൃത്തിയാക്കി തുന്നിക്കെട്ടി. അടുത്ത ദിവസം എന്നെ ആര്‍മിയുടെ മറ്റൊരു വലിയ ഹോസ്പിറ്റലായ ചണ്ഡീഗഡിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പര്‍ത്താപൂരിലുള്ള ആര്‍മിയുടെ തോയ്‌സ് എന്ന വിമാനത്താവളത്തില്‍ നിന്നും അവധിക്ക് പോകുന്ന ജവാന്മാരെയുംകൊണ്ട് ചണ്ഡീഗഢിലേക്ക് പോകുന്ന വിമാനത്തില്‍ ഒരു സീറ്റ് എനിക്കായി നല്‍കപ്പെട്ടു. ഗ്ലൂക്കോസും മരുന്നും ശരീരത്തില്‍ കയറ്റിക്കൊണ്ടു തന്നെയായിരുന്നു ആ യാത്ര. 

അവിടെയും കൂടെ ഗ്ലൂക്കോസ് ബോട്ടില്‍ പിടിച്ചുകൊണ്ടിരിക്കാന്‍ അവധിക്കോ മറ്റോ  പോവുകയായിരുന്ന നാട്ടുകാരനായ ക്യാപ്റ്റന്‍ ഗോപി ഉണ്ടായിരുന്നത് വളരെ ആശ്വാസം തോന്നി. അതുവരെ അറിയാത്ത അദ്ദേഹത്തെ അവിടെവെച്ചാണ് പരിചയപ്പെടുന്നത്. ഞങ്ങളുടെ വീട്ടുകാര്‍ തമ്മില്‍ അറിയാമെങ്കിലും അദ്ദേഹത്തിന്റെ അച്ഛന്‍ എയര്‍ഫോഴ്‌സില്‍ ആയിരുന്നതുകൊണ്ട് അദ്ദേഹം പഠിച്ചതും വളര്‍ന്നതും ഒക്കെ ഉത്തരേന്ത്യയില്‍ ആയിരുന്നു. ഞാനും കുറെ വര്‍ഷങ്ങളായിട്ട് പുറത്തുതന്നെയാണല്ലോ. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ പരസ്പരം അറിയില്ലായിരുന്നു.

മുന്‍കൂട്ടി വിവരം നല്‍കിയത് പ്രകാരം കമാന്‍ഡ് ഹോസ്പിറ്റലില്‍ നിന്നും വന്ന ആംബുലന്‍സ് ചണ്ഡീഗഡ് എയര്‍പോര്‍ട്ടില്‍ നിന്നും എന്നെയും വഹിച്ച് ഹോസ്പിറ്റലിലേക്ക് പോയി. ചണ്ഡിഗഢ് കമാന്‍ഡ് ഹോസ്പിറ്റലില്‍ ആറ് ദിവസം ഐ.സി.യുവില്‍ തന്നെ കിടന്നു. ഇതുവരെയും നാട്ടിലോ വീട്ടിലോ കാര്യങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. ഡോക്ടര്‍മാര്‍, നാട്ടിലേക്ക് ടെലഗ്രാം ചെയ്യട്ടെ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അതിന് സമ്മതിച്ചില്ല. വീട്ടുകാരൊക്കെ വെപ്രാളത്തിലാകും. ഭാഷ പോലും അറിയാത്ത അവര്‍ ചണ്ഡീഗഢിലേക്ക് വരാന്‍ ശ്രമിക്കും. ഒരുവിധം ശരിയായാല്‍ ഞാന്‍ തന്നെ വീട്ടില്‍ അറിയിക്കാം എന്ന് വിചാരിച്ചു. ഇനി ഫലം മറ്റൊന്നായാല്‍ എല്ലാവരും തനിയെ അറിഞ്ഞുകൊള്ളും. ചലനമറ്റ  വലതു കൈയോടൊപ്പം ഗ്ലൂക്കോസ് തൂക്കിയ ഇടതുകൈകൂടി ചേര്‍ന്നപ്പോള്‍, നഴ്‌സിങ്ങിന് പഠിക്കുന്ന കുട്ടികള്‍ ഭക്ഷണം വായില്‍വെച്ച് തരുമായിരുന്നു.

ആറാം ദിവസം ഐ.സി.യു.വില്‍ നിന്നും മാറ്റിയപ്പോള്‍ നഴ്‌സിംങ് അസിസ്റ്റന്റിന്റെ സഹായത്തോടുകൂടി ഞാന്‍ വീല്‍ചെയറില്‍ വന്നു എസ്.ടി.ഡി. ബൂത്തില്‍വെച്ച് സുധയുടെ വീട്ടിലേക്ക് വിളിച്ചു. അവള്‍ അന്ന് എന്റെ വീട്ടിലായിരുന്നു. ഫോണെടുത്ത അവളുടെ അച്ഛനോട് ഇടറിയ തൊണ്ടയോടുകൂടി ഒരുവിധം കാര്യങ്ങള്‍ പറഞ്ഞു. പിന്നെ വീട്ടില്‍ കോലാഹലമായി. വൈകുന്നേരം എന്റെ വീട്ടില്‍ നിന്നും വന്ന സുധക്ക് അവളുടെ വീട്ടിലെ പ്രത്യേക സ്‌നേഹപ്രകടനങ്ങള്‍ കണ്ടപ്പോള്‍ എന്തോ പന്തികേട് ഉണ്ടെന്നുതോന്നി. അവസാനം സുധയോട് അവളുടെ അച്ഛന്‍ എങ്ങനെയൊക്കെയോ കാര്യങ്ങള്‍ ബോധിപ്പിച്ചു. സിയാച്ചിനില്‍ നിന്നും സുഖവിവരങ്ങള്‍ പറഞ്ഞുകൊണ്ട് എഴുതിയ കത്ത് അതിന്റെ തലേദിവസം അവള്‍ക്ക് കിട്ടിയതേ ഉണ്ടായിരുന്നുള്ളൂ.

placeholder
വര: ബാലു വി.

ഭര്‍ത്താവ് ശത്രു സൈന്യത്തിന്റെ വെടിയേറ്റ് ആശുപത്രിയിലാണ് എന്നറിഞ്ഞാല്‍ ഏതു ഭാര്യക്കാണ് പരിഭ്രാന്തി ഉണ്ടാകാതിരിക്കുക. പിന്നീട് അവര്‍ ട്രങ്കുകള്‍ ബുക്ക് ചെയ്തും മറ്റും എന്നെ ബന്ധപ്പെടാന്‍ കുറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആ സമയത്ത് സുധ മകനെ സ്‌കൂളില്‍ വിടാന്‍ കണ്ണൂരില്‍ വരുമായിരുന്നു. കണ്ണൂര്‍ ആര്‍മി പ്രീ പ്രൈമറി സ്‌കൂളില്‍ അവനെ ചേര്‍ത്തതേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ ജാക്ക് റെജിമെന്റിലെ ഒരു ഓഫീസര്‍ മേജര്‍ ഝാ അന്ന് കണ്ണൂര്‍ ഡി.എസ്.സി. സെന്ററില്‍ പോസ്റ്റിങ്ങ് ആയിരുന്നു. ഞാനുമായി ബന്ധപ്പെടാന്‍ അവരും കുറെ ശ്രമിച്ചെങ്കിലും നടന്നില്ല. അവരുടെ ഭാര്യ മിസ്സിസ് ഝാ സുധയെ അവരുടെ വീട്ടില്‍ വിളിച്ച് വേണ്ടുന്ന സഹായങ്ങളൊക്ക ചെയ്യുന്നുണ്ടായിരുന്നു.

രണ്ടാഴ്ചയ്ക്കുശേഷം അവിടെ നാഡീരോഗ വിദഗ്ധരുടെ അഭാവം കാരണം ചണ്ഡീഗഢില്‍ നിന്നും ഡല്‍ഹിയില്‍ പുതുതായി തുടങ്ങിയ ആര്‍മിയുടെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ആയ ആര്‍.ആര്‍. ഹോസ്പിറ്റലിലേക്ക് മാറ്റി. ഇത്തവണ ചണ്ഡീഗഢില്‍ നിന്നും രാജധാനി എക്‌സ്പ്രസില്‍ മറ്റൊരു സഹായിയുടെ കൂടെയാണ് അയച്ചത്. അപ്പോഴേക്കും എന്റെ വലതുകൈയുടെ വിരലുകള്‍ മുഴുവന്‍ തടിച്ച് വീര്‍ത്ത് വെള്ളം നിറഞ്ഞ് വല്ലാത്ത ഒരു അവസ്ഥയിലായി കഴിഞ്ഞിരുന്നു. ഡല്‍ഹിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ എന്നെ പരിശോധിച്ചപ്പോഴാണ് അത് 'ഫ്രോസ്റ്റ് ബൈറ്റ്' എന്ന അസുഖമാണെന്ന് പറഞ്ഞത്. 

തീ കനലിനെ പോലെ തന്നെയാണ് ഐസ് കട്ടകളും. അത് കുറേസമയം നമുക്ക് കൈയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് കൂടുതല്‍ തണുപ്പ് തട്ടിയാല്‍ തീ പൊള്ളലേല്‍ക്കുന്നതുപോലെ തന്നെ വരുന്ന ഒരു അസുഖമാണ് ഫ്രോസ്റ്റ് ബൈറ്റ്. പലപ്പോഴും ശരീരഭാഗങ്ങള്‍ മുറിച്ച് കളയേണ്ടതായി വന്നിട്ടുണ്ട്. ഞങ്ങള്‍ സിയാച്ചിനില്‍ രണ്ട് കൈയുറകള്‍ ധരിക്കും. അടിയില്‍ കമ്പിളി തുണികൊണ്ട് ഉണ്ടാക്കിയതും അതിനുമുകളില്‍ ആയി ഐസ് തട്ടാതിരിക്കാന്‍ തുകലിലോ മറ്റോ നിര്‍മിച്ച മറ്റൊന്നുകൂടി ധരിക്കും. 

എനിക്ക് വെടികൊണ്ട് വീണ സമയത്ത്, ആ കൈയില്‍ ധരിച്ചിരുന്ന മുകളിലെ കൈയുറ അഴിഞ്ഞുവീണിരുന്നു. കമ്പിളി തുണി കൊണ്ടുള്ളത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ആരും ശ്രദ്ധിച്ചില്ല. കൂടാതെ സംവേദനം നഷ്ടപ്പെട്ടത് കാരണം എനിക്ക് തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. അങ്ങനെ 10 മണിക്കൂര്‍ മൈനസ് 30 ഡിഗ്രിയില്‍ തണുപ്പ് തട്ടിയതിന്റെ ഫലമായിട്ടാണ് അത് ക്രമേണ ഫ്രോസ്റ്റ് ബൈറ്റ് ആയി മാറിയത്.

ഡല്‍ഹിയില്‍ ട്രീറ്റ്‌മെന്റ് തുടര്‍ന്നു. ഫ്രോസ്റ്റ് ബൈറ്റ് ബാധിച്ച വിരലുകളൊക്കെ കീറിമുറിച്ച് അതിനുള്ളിലെ ദുഷിച്ച ചലവും ചോരയും കളഞ്ഞ് മരുന്ന് വെച്ച് കെട്ടി. കൈയുടെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ വേണ്ടി തോളിനുള്ളിലെ നഷ്ടപ്പെട്ടുപോയ നാഡിക്ക് പകരം കാലില്‍ നിന്നും എടുത്ത് അവിടെ തുന്നിച്ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിരലിലെ മുറിവുകള്‍ ഉണങ്ങിയെങ്കിലും അഗ്രഭാഗങ്ങള്‍ നിര്‍ജീവമായി കറുത്ത കല്‍ക്കരി കഷണങ്ങള്‍ പോലെ ആയിക്കഴിഞ്ഞിരുന്നു. അങ്ങനെ മൂന്ന് വിരലുകളുടെ അഗ്രഭാഗം മുറിച്ച് മാറ്റേണ്ടിവന്നു.

ഡല്‍ഹി ആര്‍.ആര്‍. ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ വാര്‍ഡ് മുഴുവന്‍ ഇതുപോലെ അപകടം പറ്റി വരുന്നവരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതില്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ശത്രു സൈന്യത്താല്‍ പരിക്കേറ്റവര്‍ എന്നെപ്പോലെ ചിലര്‍ മാത്രം. ബാക്കിയെല്ലാം തന്നെ ജമ്മു കാശ്മീര്‍ എന്ന ഒരൊറ്റ സംസ്ഥാനത്ത് കാവല്‍ നില്‍ക്കുന്നവര്‍. ഭീകരവാദികളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും ആയുധങ്ങളാല്‍ അഗഭംഗം പറ്റിയ ഒട്ടനവധി ചെറുപ്പക്കാരായ പട്ടാളക്കാര്‍. കൈ കാലുകള്‍, മുറിച്ചുമാറ്റപ്പെട്ടവര്‍, തലപൊട്ടിയവര്‍, കണ്ണ് പോയവര്‍, നട്ടെല്ലിന്റെ ക്ഷതം കാരണം ജീവച്ചവമായി കട്ടിലില്‍ തന്നെ കഴിയുന്നവര്‍, ഒട്ടനവധി വീല്‍ചെയര്‍ രോഗികള്‍. 

തന്റെ നഷ്ടപ്പെട്ടുപോയ കാലുകള്‍ക്ക് പകരം ജയ്പൂര്‍ ഫൂട്ട് എന്ന കൃത്യമക്കാലും ധരിച്ച് ചിലര്‍, തന്റെ പകുതിഭാഗവും നഷ്ടപ്പെട്ട ശരീരത്തില്‍, മുമ്പുണ്ടായിരുന്ന കാല്‍മുട്ടിന് മുകളില്‍ ഘടിപ്പിച്ച പ്രത്യേക ഷൂവുമിട്ട് മറ്റ് ചിലര്‍. മുമ്പ് ലോകം കണ്ടതില്‍ നിന്നും രണ്ടോ മൂന്നോ അടി താഴെ നിന്നാണ് ഇപ്പോള്‍ അവര്‍ ലോകം കാണുന്നത്. തന്റെ ഭര്‍ത്താവിനെ ജീവനോടെയെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന സമാധാനത്തോടെ അവരെ എടുത്ത് വീല്‍ചെയറിലും വണ്ടികളിലും കയറ്റുന്ന ഭാര്യമാര്‍. ശരീരത്തിനുള്ളിലൂടെ 32 ബുള്ളറ്റുകള്‍ കടന്നുപോയിട്ടും ചിന്നി ചിതറിയ വയറുകള്‍ക്കും കുടല്‍മാലകള്‍ക്കും പകരം എന്തൊക്കെയോ തുന്നിച്ചേര്‍ത്ത ഒരു ശരീരവുമായി, മലമൂത്ര സഞ്ചികള്‍ ശരീരത്തിന് വെളിയില്‍ വീല്‍ചെയറുമായി ഘടിപ്പിച്ച്, സുസ്‌മേര വദനനായി മറ്റുള്ളവരുടെ സ്‌നേഹാന്വേഷണം നടത്തുന്ന ഒരു കേണല്‍ എന്നെയും കാണാന്‍ വന്നു. അദ്ദേഹം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രചോദനമായിരുന്നു.

ഇനി അങ്ങോട്ടുള്ള ജീവിതം വ്യക്തമായി തുടങ്ങിയ ഞാന്‍ ഇടതുകൈകൊണ്ട് എഴുതിത്തുടങ്ങാന്‍ ആരംഭിച്ചു. വീട്ടിലേക്കും, ഒന്ന് രണ്ട് കൂട്ടുകാര്‍ക്കും, ജാക്ക് റെജ്‌മെന്റിലേക്കും കത്തുകള്‍ എഴുതിത്തുടങ്ങി. ഞാന്‍ ആലോചിക്കുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ലെഫ്റ്റനന്റ് പാണ്ടെയുടെ കൈ ഗ്രാനൈഡ് പൊട്ടി നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് വേണ്ടി എഴുതാന്‍ സഹായിച്ച ഞാന്‍ ഇന്ന് അതേ അവസ്ഥയിലാണ്. ഇന്ന് ഞാന്‍ ആഗ്രഹിച്ച പദവിയില്‍ എത്തിയെങ്കിലും അതുപോലെതന്നെ എന്റെ വലതുകൈയുടെ ചലനം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രവചനാതീതമായ ജീവിതം. വികലാംഗ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാന്‍ വേണ്ടി ആര്‍.ആര്‍. ഹോസ്പിറ്റലിന്റെ രജിസ്ട്രാറുടെ ഓഫീസില്‍ പോയപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു.

'ഓഫീസര്‍ ആയതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ പറ്റിയത്. ഇപ്പോള്‍ തോന്നുന്നില്ലേ ഓഫീസര്‍ ആകണ്ടായിരുന്നു എന്ന്.'
എന്റെ ഉത്തരം അദ്ദേഹത്തെ ഞെട്ടിക്കുകയാണോ അതോ എന്നോടുള്ള ബഹുമാനം കൂട്ടുകയാണോ ചെയ്തതെന്നറിയില്ല. ഞാന്‍ പറഞ്ഞു:
'സര്‍, ഓഫീസര്‍ ആകുക എന്നത് ഞാന്‍ ആഗ്രഹിച്ച, എന്റെ ഒരു സ്വപ്നമായിരുന്നു. കൈ നഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാന്‍ ഈ ജീവിതം തന്നെയാണ് ആഗ്രഹിക്കുന്നത്.' 

നാട്ടിലൊക്കെ ആണെങ്കില്‍ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ദിനംപ്രതി എത്രപേര്‍ സന്ദര്‍ശിക്കാന്‍ വരും. ഇവിടെ എന്നെ കാണാനോ ചോദിക്കാനോ ആരുമില്ല. ജാക്ക് റെജിമെന്റില്‍ നിന്നും എന്റെ സഹായത്തിനായി അയച്ച ഒരു ജവാന്‍ മാത്രം കൂടെയുണ്ട്. 

ഓപ്പറേഷന്‍ തിയേറ്ററില്‍ പോയി വരുമ്പോഴൊക്കെ ആകാംക്ഷയോടെ കാത്തിരിക്കാന്‍ പുറത്ത് വീട്ടുകാരോ കൂട്ടുകാരോ ഇല്ല. സേവനം ചെയ്യുന്ന യൂണിറ്റും സിയാച്ചിനില്‍  ആയതുകൊണ്ട് അങ്ങനെയും ആരുമില്ല. എങ്കിലും ചിലരെയെങ്കിലും ഈ സമയത്ത് ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. ഡല്‍ഹിയില്‍ ആകെ ഉണ്ടായിരുന്നത് എന്റെ ഇളയ സഹോദരീ ഭര്‍ത്താവിന്റെ, സഹോദരീ ഭര്‍ത്താവായ അനന്തന്‍ മാത്രമായിരുന്നു. അദ്ദേഹം ഡല്‍ഹിയില്‍ കുടുംബസമേതം താമസിക്കുകയാണ്. എന്റെ കാര്യം അറിഞ്ഞ അനന്തന്‍ പലപ്പോഴും എന്നെ കാണാന്‍ വരുമായിരുന്നു. അതെനിക്ക് ഒരു വലിയ സമാധാനമായിരുന്നു. 

എന്റെ കുടുംബത്തിന്റെ എല്ലാം പ്രതിനിധി ആയി അദ്ദേഹമായിരുന്നു എന്നെ നോക്കിയിരുന്നത്. അതുപോലെ തന്നെ ഒരു ദിവസം ബാംഗ്ലൂരില്‍ ഉണ്ടായിരുന്ന എന്റെ ഭാര്യാ സഹോദരന്റെ, ഭാര്യാ സഹോദരന്‍ രാധാകൃഷ്ണന്‍ ജോലിപരമായ ആവശ്യത്തിന് ഡല്‍ഹിയില്‍ വന്നപ്പോള്‍ എന്നെ കാണാന്‍ വന്നിരുന്നു. എന്റെ കൂടെ ചണ്ഡിഗഢില്‍ മിനര്‍വ അക്കാദമിയില്‍ കോച്ചിങ്ങിന് ഉണ്ടായിരുന്ന എയര്‍ഫോഴ്‌സിലെ ഹാരീഷ് ഞാന്‍ ഓഫീസര്‍ ആയതും ഇങ്ങനെയൊക്കെ സംഭവിച്ചതും അറിഞ്ഞ് എന്നെ കാണാന്‍ വന്നിരുന്നു. 

അവന്റെ കൂടെ എന്റെ കൂട്ടുകാരന്‍ രഘുവിന്റെ അനുജന്‍ രാജീവനും ഉണ്ടായിരുന്നു. രാജീവനും എയര്‍ഫോഴ്‌സില്‍ തന്നെയാണ്. പൂനെയില്‍ നിന്നും റിപ്പബ്ലിക് ഡേ പരേഡുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വന്നതായിരുന്നു. പിന്നീട് ഒരു അവസരത്തില്‍ രാജീവനെ കണ്ടപ്പോള്‍ ഞാനന്ന് ഓഫീസര്‍ വാര്‍ഡിലെ കട്ടിലില്‍ കിടന്നുകൊണ്ട് പറഞ്ഞ കാര്യം ഓര്‍മിപ്പിച്ചു. വെടികൊണ്ട് കൈ പോയി എന്നതായിരുന്നില്ല എന്റെ സങ്കടം, മറിച്ച് അന്ന് ഇത്രയും തയാറെടുപ്പ് നടത്തിയിട്ട് അവസാനം പാകിസ്​താനിലേക്ക് റോക്കറ്റ് വെടിവയ്ക്കാന്‍ പറ്റിയില്ലല്ലോ എന്നതായിരുന്നുവത്രേ. 

പിന്നെ അവിടെ ആര്‍.ആര്‍. ഹോസ്പിറ്റലില്‍ തന്നെ പോസ്റ്റിങ്ങ് ആയിരുന്ന കണ്ണൂര്‍ക്കാരനായ ഹവില്‍ദാര്‍ മോഹനന്‍, നാട്ടുകാരന്‍ ആയതുകൊണ്ട് ഉള്ള സ്‌നേഹംകൊണ്ട് മാത്രം എന്നെ വന്ന് കണ്ട് ആവശ്യങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുമായിരുന്നു. പിന്നെ ഓപ്പറേഷന്‍ തിയേറ്ററില്‍ എന്നെ നോക്കിയിരുന്ന മറ്റൊരു മലയാളിയായ ഷീല എന്ന ഒരു  ഒ.ടി. മേട്രണ്‍ ഒഴിവുസമയങ്ങളില്‍ എന്നെ കാണാന്‍ വരുമായിരുന്നു. അവര്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുമായിരുന്നു. കൂടാതെ കൂട്ടപ്രാര്‍ത്ഥന നടത്തിയിരുന്നു എന്ന് പറഞ്ഞു. ഹിന്ദുവായ ഷീല പഠിച്ചതൊക്കെ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളില്‍ ആയിരുന്നു. ഇന്നിപ്പോള്‍ ക്രിസ്തുമത വിശ്വാസിയാണ്. 

എനിക്ക് ബൈബിളിന്റെ ഒരു 'പുതിയ നിയമം' സമ്മാനിച്ചു. സിയാച്ചിന്‍ ഗ്ലേസിയര്‍ മുതല്‍ താടി വളര്‍ത്തിയിരുന്ന ഞാന്‍ ഇപ്പോഴും താടിയില്‍ തന്നെയാണുള്ളത്. എന്നെ കണ്ടാല്‍ യേശുക്രിസ്തുവിനെ പോലെ ഉണ്ടോ എന്ന് ഒരു സംശയം. ഷീലയുമായി കൂടുതല്‍ അടുത്തപ്പോഴും അവളുടെ ദിവസവുമുള്ള പ്രഭാഷണവും കേട്ടപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. അവര്‍ എന്നെക്കൂടി അവരുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ ആ വഴിക്ക് പോകുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അവരുടെ വരവും കുറഞ്ഞു.

നാട്ടില്‍ നിന്നും വരുന്ന കത്തുകള്‍ക്ക് പുറമേ ഞാന്‍ ചിലപ്പോഴൊക്കെ പുറത്ത് എസ്.ടി.ഡി.യില്‍ പോയി വീട്ടിലേക്ക് ഫോണ്‍ ചെയ്യുമായിരുന്നു. പിന്നെ ബാംഗ്ലൂര്‍ എയര്‍ഫോഴ്‌സില്‍ ഉണ്ടായിരുന്ന രഘു ചിലപ്പോഴൊക്കെ ഫോണ്‍ വിളിക്കുമെന്നതായിരുന്നു മറ്റൊരു ആശ്വാസം. ആര്‍മിക്ക് നമ്മുടേതായ 'ആസ്‌കോണ്‍' എന്ന ആശയവിനിമയ സംവിധാനം ഉണ്ടായിരുന്നു. അതുവഴി ആര്‍മി യൂണിറ്റുകളുമായി അന്യോന്യം ബന്ധപ്പെടാന്‍ വളരെ എളുപ്പമായിരുന്നു. മറ്റുള്ളവരുമായുള്ള രഘുവിന്റെ ബന്ധത്തിന്റെ  പ്രത്യേകതകൊണ്ട് അവനത് കൂടുതല്‍ എളുപ്പമായി. കഴിഞ്ഞവര്‍ഷം എസ്.എസ്.ബി. ഇന്റര്‍വ്യൂവിന് ബാംഗ്ലൂരില്‍ പോയി ഓഫീസറായി സെലക്ട് ആയപ്പോള്‍ ഇങ്ങനെയൊക്കെയാണ് വരാന്‍ പോകുന്നത് എന്ന് ഞങ്ങള്‍ ആരും പ്രതീക്ഷിച്ചിരുന്നതല്ല. 

പിന്നെ ജാക്ക് റെജിമെന്റിന്റെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഒരു സീനിയര്‍ ഓഫീസര്‍ എന്നെ വന്ന് കാണുകയും അവരുടെ വീട്ടില്‍ ഭക്ഷണത്തിന് വിളിക്കുകയും ചെയ്തു. ഹോസ്പിറ്റലിന് തൊട്ടടുത്ത് തന്നെയാണ് അവരുടെ താമസസ്ഥലം. അദ്ദേഹം എന്നെ ഭക്ഷണത്തിന് വിളിച്ചതില്‍ എനിക്ക് വലിയ അഭിമാനം തോന്നി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓഫീസര്‍ ക്വാർട്ടേഴ്‌സില്‍ പോയിട്ടുണ്ടെങ്കിലും ഇന്ന് ആദ്യമായിട്ടാണ് ഒരു അതിഥി എന്ന നിലയില്‍ അങ്ങോട്ടേക്ക് പോകുന്നത്. ഒരു കേണലിന്റെ വീട്ടില്‍ പോകുമ്പോഴുള്ള ഔപചാരികതയെ പറ്റി പറഞ്ഞുതരാന്‍ ആരുമില്ലായിരുന്നെങ്കിലും ഒരു രോഗിയോടുള്ള പരിഗണന എന്ന നിലയില്‍ എന്റെ പരിമിതികള്‍ അദ്ദേഹം മനസ്സിലാക്കിക്കൊണ്ട് അതൊന്നും ഗൗരവമായി എടുക്കില്ലെന്ന് ഞാനും ചിന്തിച്ചു.

വലത് കൈയുടെ മുട്ടിന് മുകളിലുള്ള ചലനശക്തി കുറേശ്ശെ തിരിച്ചുകിട്ടി തുടങ്ങിയിരുന്നു. എന്നാല്‍ കൈമുട്ടിന് താഴെയുള്ള ഭാഗവും പ്രത്യേകിച്ച് കൈപ്പത്തിയും നിര്‍ജീവമായിരുന്നു. കൈപ്പത്തി തളര്‍ന്ന് വീണുപോകാതിരിക്കാന്‍ വേണ്ടി കൈയുടെ അളവിന് അനുസരിച്ച് ഒരു പ്രത്യേകതരം ആവരണം ഉണ്ടാക്കി കൈ എല്ലായ്‌പ്പോഴും അതിനുള്ളില്‍ കയറ്റി തോളിനോട് കൂടി തൂക്കിയിടണമായിരുന്നു. അതിനിടയില്‍ രണ്ട് ഓപ്പറേഷനുകള്‍ കഴിഞ്ഞു. എല്ലാം അറിഞ്ഞുകൊണ്ടുള്ള ഹോസ്പിറ്റല്‍ ജീവിതമാണ് കൂടുതല്‍ ദുസ്സഹമെന്ന് തോന്നുന്നു.

ഇപ്പോള്‍ കുറെ 'സീനിയര്‍ പേഷ്യന്റ്' ആയിരിക്കുന്നു. ഞാന്‍ പുതുതായി വരുന്ന രോഗികളെ സമാധാനിപ്പിക്കാനും അടുത്ത് കിടക്കുന്നവരുടെ ഗ്ലൂക്കോസ് ബോട്ടില്‍ തീരുമ്പോള്‍ അത് നിര്‍ത്താനും നഴ്‌സിനെ അറിയിക്കാനും ഒക്കെ തുടങ്ങി. ഒരു കൈയുമായി ജീവിക്കാന്‍ പൊരുത്തപ്പെട്ട് തുടങ്ങി. ആശുപത്രി ജീവിതം മടുത്തപ്പോള്‍ ഒരു ദിവസം അനുവാദം വാങ്ങി ഒരു സിനിമയ്ക്ക് പോകാം എന്ന് വിചാരിച്ചു. 11 ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ 'ടൈറ്റാനിക്' എന്ന സിനിമ ഇറങ്ങിയിരുന്നത് ആ സമയത്തായിരുന്നു. മറ്റൊരു മലയാളിയെയും കൂടെ കൂട്ടി ആ സിനിമ പോയി കണ്ടു.

ഒരു ഓപ്പറേഷനുശേഷം രണ്ടു മാസത്തെ ലീവിന് നാട്ടിലേക്ക് വിട്ടു. അപകടത്തിനു ശേഷത്തെ പരസഹായം ഇല്ലാത്ത ആദ്യത്തെ യാത്ര. ഡല്‍ഹി തിരുവനന്തപുരം രാജധാനിയില്‍ ആയിരുന്നു യാത്ര. എന്റെ നിസ്സഹായത മനസ്സിലാക്കിയ സഹയാത്രികള്‍ പല കാര്യത്തിലും എന്നെ സഹായിച്ചു. ഇടതുകൈകൊണ്ട് സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ ശീലിച്ചുതുടങ്ങിയിരുന്നു. പക്ഷേ ട്രെയിനില്‍ ബാത്‌റൂം ഉപയോഗിക്കേണ്ട കാര്യത്തില്‍ കുറെ കഷ്ടപ്പെടേണ്ടി വന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജ്യേഷ്ഠനും, സുധയും അവളുടെ ചേച്ചിമാരും അച്ഛനും ഒക്കെ വന്നിരുന്നു. 

ശത്രുസൈന്യത്തിന്റെ വെടിയുണ്ടയും നെഞ്ചിലേറ്റി, ദീര്‍ഘകാല ആശുപത്രി ജീവിതവും നയിച്ച്, ജീവിതത്തിലേക്ക് തിരിച്ചുവന്ന എന്നെ കാണാനുള്ള ഉല്‍ക്കണ്ഠ. അവിടെ നിന്നും ടാക്‌സി പിടിച്ച് വീട്ടിലേക്ക് വന്നു. അമ്മക്ക് പൊട്ടിക്കരയാതിരിക്കാന്‍ പറ്റിയില്ല. കഴിഞ്ഞവര്‍ഷം എന്റെ തോളില്‍ നക്ഷത്രം വെച്ചുതന്ന അമ്മ ഇന്ന് എന്നെ കാണുന്നത് അതേ തോളില്‍ തൂക്കിയിട്ട നിര്‍ജീവമായ വലതുകൈയും ആയിട്ടാണ്. ചെറിയ രീതിയിലുള്ള ഫിസിയോതെറാപ്പിയുമായി ഞാന്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. അറിഞ്ഞവരൊക്കെ എന്നെ കാണാന്‍ വന്നു.

ലീവ് കഴിഞ്ഞ് ആര്‍.ആര്‍. ഹോസ്പിറ്റലില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുമാസത്തെ അവധി അടക്കം ആറുമാസത്തെ ആശുപത്രി ജീവിതം. അസുഖം കാരണം കൂടുതല്‍ കാലം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകേണ്ടി വന്നാല്‍ ആ കാലയളവ് സര്‍വീസില്‍ നിന്നും കുറക്കുകയും അത് പെന്‍ഷനേയും മറ്റും ബാധിക്കുകയും ചെയ്യും. പക്ഷേ യുദ്ധത്തില്‍ പറ്റിയ അപകടകാരണത്താലാണ് ഇങ്ങനെയുള്ള അഡ്മിഷന്‍ എങ്കില്‍ അത് ബാധകമല്ല. ഹോസ്പിറ്റലില്‍ ആണെങ്കിലും ഇന്‍ഫന്ററി അറ്റാച്ച്‌മെന്റില്‍ ഒരു വര്‍ഷം പൂര്‍ത്തിയായി. ആര്‍മി ഹെഡ് കോര്‍ട്ടറില്‍ ജോലിചെയ്യുന്ന ജാക്ക് റെജിമെന്റ് ഓഫീസറായ കേണല്‍ സിസോഡിയ എന്നെ കാണാന്‍ വന്നപ്പോള്‍ എന്തെങ്കിലും സഹായം വേണമോ എന്നൊക്കെ ചോദിച്ചിരുന്നു. 

ദക്ഷിണേന്ത്യയില്‍ എവിടെയെങ്കിലും പോസ്റ്റിങ് കിട്ടിയാല്‍ അത് ഉപകാരപ്രദമായിരിക്കും എന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുപ്രകാരമായിരിക്കണം എന്റെ പുതിയ പോസ്റ്റിങ്ങ് സെക്കന്ദരാബാദിലേക്ക് വന്നു. എന്റെ പെട്ടിയും മറ്റ് സാധനങ്ങളും ജാക്ക് റെജിമെന്റില്‍ നിന്നും ജവാന്മാര്‍ കൊണ്ടുവന്ന് തന്നു. അതിനിടയില്‍ ആര്‍മിയിലെ സെക്കന്‍ഡ് ലെഫ്റ്റനന്റ് എന്ന പദവി നിര്‍ത്തലാക്കി നേരെ രണ്ട് നക്ഷത്രത്തോട് കൂടിയുള്ള ലെഫ്റ്റനന്റ് ആര്‍മിയുടെ ആദ്യത്തെ റാങ്ക് ആക്കി മാറ്റിയിരുന്നു. അതുപ്രകാരം ഞാനും യൂണിഫോമില്‍ രണ്ട് സ്റ്റാര്‍ വെച്ച് ലെഫ്റ്റനന്റ് ആയി പുതിയ യൂണിറ്റിലേക്ക് തിരിച്ചു.

തുടരും

ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.