
ശ്രീനഗർ: കുൽഗാമിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച ഓപ്പറേഷനിൽ സുരക്ഷാസേനകൾ കാട്ടിയ ഏകോപനത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ സൈന്യം, സി.ആർ.പി.എഫ്., രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ സംയുക്തവും ഏകോപിതവുമായ നീക്കത്തിലൂടെയാണ് താഴ്‌വരയിലെ ലഷ്കറിന്റെ അവസാനത്തെ പ്രാദേശിക ഭീകരനായ ലത്തീഫ് ഭട്ടിനെ വധിക്കാൻ സാധിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഓപ്പറേഷനിൽ ധീരജവാന്മാരെ രാജ്യം സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ലത്തീഫ് ഭട്ടിനൊപ്പം ഇയാളുടെ പ്രധാന കൂട്ടാളിയായ ഉമർ നിസാറിനെയും വധിക്കാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപടിക്കു പിന്നാലെ സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ ജി.പി. സിങ്ങും എക്സിൽ പ്രതികരിച്ചു. ‘ചില പ്രതികാരങ്ങൾ സമയമെടുത്ത് പൂർത്തിയാക്കുന്നതാണ് ഉചിതം’, എന്നർഥംവരുന്ന വാക്കുകളാണ് അദ്ദഹം കുറിച്ചത്. ‘നിങ്ങൾക്ക് ഓടാം, ഒളിക്കാനാവില്ല’, എന്ന് ജമ്മു കശ്മീർ പോലീസും പ്രതികരിച്ചു.
സങ്കൽപോറ മേഖലയിലുള്ള മസ്ജിദിൽ കുടുങ്ങിയ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാ സേന വധിച്ചത്. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് പ്രദേശത്ത് നടത്തിയ സംയുക്ത തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് ലത്തീഫ് ഭട്ടിന്റെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സേന തിരച്ചിൽ ശക്തമാക്കുകയും ബുധനാഴ്ച രാവിലെ ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. ഒൻപത് റൈഫിൾസ് കമാൻഡിങ് ഓഫീസറും കുൽഗാം എസ്.എസ്.പി അനയാത്ത് അലിയും ചേർന്ന് വീഡിയോ കോളിലൂടെ ലത്തീഫ് ഭട്ടിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായില്ല. സൈന്യം നിങ്ങളെ വളഞ്ഞിട്ടുണ്ട് എന്ന് അറിയിച്ചപ്പോൾ തനിക്ക് അള്ളാഹുവിനെ കാണണമെന്നും അതിൽ സന്തോഷവാനാണെന്നുമായിരുന്നു മറുപടി.
മസ്ജിദിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സുരക്ഷാ സേന പരമാവധി സംയമനം പാലിച്ചെങ്കിലും സേനയ്ക്ക് നേരെ ഇയാൾ വെടിയുതിർക്കുന്നത് തുടർന്നിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാ സേന ഇയാളെ വധിച്ചത്.
Content Highlights: Union Home Minister Amit Shah praised the security forces for their exceptional synergy during the Kulgam encounter., Lashkar-e-Taiba's active local terrorist Latief Bhat and his associate Umar Nissar were neutralized., The joint operation involved J&K Police, Indian Army, CRPF, and intelligence agencies., Top security officials issued strong warnings to remaining terrorists following the successful mission.
Published: 18 Nov 2026, 02:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented