
ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ രൂപപ്പെട്ടുവന്നിട്ടുള്ള ചൈന- പാകിസ്താൻ അച്ചുതണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന സുരക്ഷാ വെല്ലുവിളിയായി മാറി. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തുന്ന സംയുക്ത സൈനിക- തന്ത്രപരമായ സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗതമായി ചൈനയെയും പാകിസ്താനെയും വ്യത്യസ്തമായ സുരക്ഷാ ഭീഷണികളായാണ് ഇന്ത്യ വീക്ഷിച്ചിരുന്നതെങ്കിൽ, നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യം ഒരേസമയം രണ്ട് മുന്നണികളിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഇരട്ട യുദ്ധമുന്നണി ഭീഷണിയായി (Two-Front Threat) പരിണമിച്ചിരിക്കുന്നു. ഒരേസമയം രണ്ട് അതിർത്തികളിലും എതിരാളികൾ സൈനിക സമ്മർദ്ദം ചെലുത്തുമ്പോൾ പ്രതിരോധ സേനയുടെ വിഭവങ്ങൾ, വ്യോമസേന സ്ക്വാഡ്രനുകൾ, കരസേന വിഭാഗങ്ങൾ എന്നിവ വിഭജിക്കപ്പെടാൻ സാധ്യതയേറെയാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'ഇരട്ട മുന്നണി' യുദ്ധമെന്നത് കേവലം ഭാവനാത്മകമായ സൈനിക നിഗമനമല്ല, മറിച്ച് എപ്പോൾ വേണമെങ്കിലും പ്രായോഗികതലത്തിൽ സംഭവിക്കാവുന്ന യാഥാർത്ഥ്യമാണ്. ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധം നയതന്ത്ര തലത്തിൽനിന്ന് സൈനികവും സാങ്കേതികവുമായ സഹകരണത്തിലേക്ക് മാറിയതോടെ, ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്താനും വടക്കൻ അതിർത്തിയിൽ ചൈനയും ഒരേസമയം പ്രത്യാക്രമണം നടത്താനുള്ള സാധ്യതയുണ്ട്. ഔപചാരികമായ സൈനിക സഖ്യങ്ങളിൽ ചൈന പങ്കാളിയാകാറില്ലെങ്കിലും; പാകിസ്താനുമായുള്ള ബന്ധം ഇന്ത്യയെ ഉദ്ദേശിച്ച് മാത്രമാണ് ചൈന നിലനിർത്തുന്നത്.
കരസേനയുടെ നിലവിലെ 14 കോറുകളും 38 ഡിവിഷനുകളും രണ്ട് അതിർത്തികളിലായി വിന്യസിക്കപ്പെട്ടിരിക്കുകയാണ്. വ്യോമസേനയുടെ കാര്യത്തിൽ, രണ്ട് മുന്നണികളിലെയും ഭീഷണികളെ ഫലപ്രദമായി നേരിടാൻ കുറഞ്ഞത് 42 മുതൽ 60 വരെ കോംബാറ്റ് സ്ക്വാഡ്രനുകൾ ആവശ്യമുള്ളപ്പോൾ നിലവിൽ 30 സ്ക്വാഡ്രനുകൾ മാത്രമാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. ഒരു മുന്നണിയിൽ യുദ്ധമുണ്ടാകുമ്പോൾ മറ്റ് അതിർത്തിയിൽനിന്നുള്ള വിഭവങ്ങൾ മാറ്റുന്നത് രണ്ടാം മുന്നണിയെ കൂടുതൽ ദുർബലമാക്കും. ഇതിനുപുറമെ, ഒരു രാജ്യവുമായുള്ള സംഘർഷം ഉടനടി രണ്ടാമത്തെ രാജ്യത്തെ സജീവ സൈനിക ഇടപെടലിന് പ്രേരിപ്പിക്കുന്ന രീതിയിൽ ചൈന-പാകിസ്താൻ കൂട്ടുകെട്ട് ആഴത്തിലുള്ളതായി മാറിയിട്ടുണ്ട്.
ചൈന-പാകിസ്താൻ സൈനിക കൂട്ടുകെട്ടിന്റെ ചരിത്രവും വികാസവും
ചൈനയും പാകിസ്താനും തമ്മിലുള്ള രാജ്യാന്തര ബന്ധം 1951-ൽ ആരംഭിച്ചതാണെങ്കിലും, 1962-ലെ ഇന്ത്യ-ചൈന യുദ്ധമാണ് ഈ പങ്കാളിത്തത്തിൽ വഴിത്തിരിവായത്. യുദ്ധാനന്തരം ഇന്ത്യയ്ക്കെതിരെ ഒരു പൊതു പ്രതിരോധ മുന്നണി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും തിരിച്ചറിഞ്ഞു. ഇന്ത്യ- ചൈന യുദ്ധത്തിന് പിന്നാലെ 1963 മാർച്ച് 2-ന് ബീജിംഗിൽവെച്ച് ഒപ്പുവെച്ച ചൈന-പാകിസ്താൻ അതിർത്തി കരാർ (Sino-Pakistan Boundary Agreement) ദക്ഷിണേഷ്യൻ സുരക്ഷാ സമവാക്യങ്ങളെ പാടേ മാറ്റിമറിച്ച ഒന്നായിരുന്നു. 1947-ൽ പാകിസ്താൻ നിയമവിരുദ്ധമായി കൈയേറിയ ജമ്മു കശ്മീരിന്റെ ഭാഗമായ 5,180 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഷാക്സ്ഗാം താഴ്വര (Trans-Karakoram Tract) ഈ കരാറിലൂടെ പാകിസ്താൻ ചൈനയ്ക്ക് വിട്ടുനൽകി. ഇന്ത്യ ഈ കരാറിനെ പൂർണ്ണമായും തള്ളിക്കളയുകയും ഷാക്സ്ഗാം താഴ്വര തങ്ങളുടെ പരമാധികാര പ്രദേശമാണെന്ന് നിഷ്കർഷിക്കുകയും ചെയ്തു. ഈ നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തി.
സിയാച്ചിൻ ഗ്ലേസിയറിന് തൊട്ടുവടക്കായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം ചൈനയ്ക്ക് കാരക്കോറം പാസിലേക്ക് നേരിട്ടുള്ള പ്രവേശനവും ഇന്ത്യക്ക് മേൽ തന്ത്രപ്രധാനമായ സൈനിക നിരീക്ഷണശേഷിയും നൽകുന്നു. കാരക്കോറം ഹൈവേയുടെ നിർമ്മാണത്തിനും ഈ കരാർ വഴിയൊരുക്കി. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന തത്ത്വത്തിലധിഷ്ഠിതമായാണ് നിലവിൽ ചൈന- പാകിസ്താൻ അച്ചുതണ്ട് നിലനിൽക്കുന്നത്. ഇന്ത്യയെ തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായ പ്രഥമശത്രുവായി പാകിസ്താൻ കാണുമ്പോൾ, തങ്ങളുടെ ആഗോള സൂപ്പർ പവർ പദവിക്കും ഏഷ്യൻ മേധാവിത്വത്തിനും തടസ്സമാകുന്ന പ്രാദേശിക ഭീഷണിയായാണ് ചൈന ഇന്ത്യയെ കണക്കാക്കുന്നത്. അതിനാൽ പൊതുവായ എതിരാളിയാണ് പാകിസ്താനെയും ചൈനയെയും സംബന്ധിച്ചിടത്തോളം ഇന്ത്യ.
ചൈനീസ് തന്ത്രജ്ഞർ ഇന്ത്യയെ ഒരു പ്രധാന സുരക്ഷാ ഭീഷണിയായി വിലയിരുത്തുന്നതിന് ഭൗമരാഷ്ട്രീയവും തന്ത്രപരവുമായ ഒട്ടേറെ ഘടകങ്ങളുണ്ട്. ആദ്യമായി, അതിവേഗം വളരുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയും സൈനിക നവീകരണവും ദക്ഷിണേഷ്യയിലും ഇന്തോ-പസഫിക് മേഖലയിലും ചൈനയുടെ ഏകപക്ഷീയമായ ആധിപത്യത്തിന് പ്രധാന തടസ്സമായി നിൽക്കുന്നു. രണ്ടാമതായി, ചൈനയുടെ ആഗോള അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെ (BRI) പ്രാദേശിക പരമാധികാര ലംഘനം ചൂണ്ടിക്കാട്ടി തുറന്ന് എതിർത്ത ദക്ഷിണേഷ്യയിലെ ഏകരാജ്യം ഇന്ത്യയാണ്.
പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയെ (CPEC) ഇന്ത്യ കടുത്ത ഭാഷയിലാണ് എതിർക്കുന്നത്. മൂന്നാമതായി, ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്റെ സുരക്ഷ ചൈനയ്ക്ക് അതീവ നിർണായകമാണ്. അരുണാചൽ പ്രദേശിലെ തവാങ് മഠവും ടിബറ്റിലെ ലാസ മഠവും തമ്മിലുള്ള ആത്മീയവും ചരിത്രപരവുമായ ബന്ധങ്ങൾ ചൈന തങ്ങളുടെ ഭരണപരമായ നിയന്ത്രണത്തിന് ഭീഷണിയായി കാണുന്നു.
നാലാമതായി, ഇന്ത്യയും അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നിവരടങ്ങുന്ന 'ക്വാഡ്' (QUAD) സഖ്യവും തമ്മിലുള്ള സഹകരണവും വടക്കൻ അതിർത്തികളിൽ ദർബുക്-ശ്യോക്-ദൗലത് ബെഗ് ഓൾഡി (DSDBO) റോഡ് പോലുള്ള തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ നിർമ്മിച്ചതും ബീജിംഗിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യ ഇത്ര വേഗത്തിൽ അടിസ്ഥാന സൗകര്യങ്ങളും സൈനിക നവീകരണവും തന്ത്രപരമായ സഖ്യങ്ങളും വികസിപ്പിക്കുന്നത് ചൈന സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സംഘർഷത്തിൽ പാകിസ്താനെ ഇന്റലിജൻസ് വിവരങ്ങളും സാറ്റലൈറ്റ് സഹായവും നൽകി ചൈന സഹായിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ചൈന സമ്മതിച്ചിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നത് പകൽപോലെ വ്യക്തമാണ്. ഒരു മുന്നണിയിൽ ഒരു രാജ്യം ഇന്ത്യയോട് നേരിട്ട് ഏറ്റുമുട്ടുകയും മറ്റേയാൾ നിശ്ശബ്ദമായി സമ്മർദം കൂട്ടുകയും ചെയ്യുന്ന സാഹചര്യമാണ് ഇനി പ്രതീക്ഷിക്കേണ്ടതെന്ന് മുതിർന്ന സൈനികോദ്യോഗസ്ഥരും വിരമിച്ച സൈനികോദ്യോഗസ്ഥരും സൈനികതന്ത്ര നിരീക്ഷകരും ഒരേപോലെ പറയുന്നത്. ചൈനയെ ഇന്ത്യ ഇപ്പോൾ ഇന്ത്യ-പാക് സംഘർഷത്തിലെ പരോക്ഷ പങ്കാളിയായി കാണുന്നു.
ഒക്ടോബർ 14-ന് ഷിൻജിയാങ്ങിലെ കോർലയ്ക്ക് സമീപം ആരംഭിച്ച 'എക്സർസൈസ് കരാക്കോറം 2026' ഇരു രാജ്യങ്ങളുടെയും ആദ്യ സംയുക്ത റഗുലർ-ആർമി പരിശീലനമാണ്. ഇതുവരെ വ്യോമ, നാവിക സഹകരണമാണ് പ്രകടമായിരുന്നതെങ്കിൽ, ഇപ്പോൾ കരസേനയും ഉൾപ്പെടുന്നു. ഭാവിയിലെ സംഘർഷത്തിൽ എൽഎസിയിലും എൽഒസിയിലും ഒരേസമയം സമ്മർദം ചെലുത്താനുള്ള ശേഷിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തുന്നത്. പടിഞ്ഞാറൻ അതിർത്തിയിലേക്ക് ഇന്ത്യയുടെ ശ്രദ്ധ തിരിച്ചുവിടാൻ ബെയ്ജിങ്ങിന് പാകിസ്താനെ ആശ്രയിക്കാം. ഇതോടെ, ഇന്ത്യക്ക് അവിടെ വലിയ സൈനിക വിഭവങ്ങൾ വിന്യസിക്കേണ്ടി വരികയും വടക്കൻ മേഖലയിൽ ചൈനയ്ക്കെതിരായ സമ്മർദം കുറയുകയും ചെയ്യും. കരസേന മുൻ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഈ ഏകോപനത്തെ 'near absolute collusivity' എന്ന് വിശേഷിപ്പിക്കുകയും ഇരട്ട മുന്നണി ഭീഷണി യാഥാർഥ്യമാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇന്ത്യ- ചൈന അതിർത്തി തർക്കങ്ങളുടെ ചരിത്രവും സമീപകാല സംഭവങ്ങളും
ഇന്ത്യയും ചൈനയും തമ്മിലുള്ള 3,488 കിലോമീറ്റർ നീളമുള്ള യഥാർത്ഥ നിയന്ത്രണ രേഖ (LAC) അതിർത്തി നിശ്ചയിക്കലുകളിലെ വൈരുദ്ധ്യങ്ങളാൽ സങ്കീർണ്ണമാണ്. അതിർത്തി പ്രധാനമായും മൂന്ന് മേഖലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറൻ മേഖല (ലഡാക്ക്)- ബ്രിട്ടീഷ് ഭരണകാലത്ത് 1860-ൽ നിർദ്ദേശിച്ച 'ജോൺസൺ ലൈൻ' പ്രകാരം അക്സായി ചിൻ ഇന്ത്യയുടെ ഭാഗമാണ്. എന്നാൽ, ചൈന ഇത് നിഷേധിക്കുകയും അക്സായി ചിൻ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. മധ്യ മേഖല (ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്)- താരതമ്യേന തർക്കങ്ങൾ കുറഞ്ഞ മേഖലയാണിത്. കിഴക്കൻ മേഖല (അരുണാചൽ പ്രദേശ്)- 1914-ലെ ഷിംലാ കരാർ പ്രകാരം നിശ്ചയിച്ച 'മക്മഹൻ ലൈൻ' (McMahon Line) ഇന്ത്യ അന്താരാഷ്ട്ര അതിർത്തിയായി അംഗീകരിക്കുന്നു. എന്നാൽ, ചൈന മക്മഹൻ ലൈൻ തള്ളിക്കളയുകയും അരുണാചൽ പ്രദേശിനെ 'തെക്കൻ ടിബറ്റ്' എന്ന് വിളിച്ച് അവകാശവാദമുന്നയിക്കുകയും ചെയ്യുന്നു.
1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ അതിർത്തിത്തർക്കം രൂക്ഷമാവുകയും ഇന്ത്യൻ സേനയ്ക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ചൈന പിന്മാറിയെങ്കിലും അക്സായി ചിൻ തങ്ങളുടെ കസ്റ്റഡിയിൽ നിലനിർത്തി. 1967-ൽ സിക്കിം അതിർത്തിയിലെ നാഥു ലാ, ചോ ലാ എന്നിവിടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കുമേൽ ഇന്ത്യൻ സൈന്യം നിർണായക വിജയം നേടി. 1987-ൽ അരുണാചൽ പ്രദേശിലെ സംദോറോങ് ചൂ താഴ്വരയിൽ നടന്ന സൈനിക വിന്യാസം ചൈനീസ് കടന്നുകയറ്റത്തെ വിജയകരമായി ചെറുത്തു. ഇതിന് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കങ്ങൾ അതീവ രൂക്ഷമായില്ലെങ്കിലും പട്രോളിങ്ങിനിടെ പരസ്പരം മുഖാമുഖം വരുന്ന സാഹചര്യങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്.
2020 ജൂണിൽ ലാഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ രക്തരൂഷിതമായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചൈനീസ് ഭാഗത്തും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഇരുരാജ്യങ്ങളും പതിനായിരക്കണക്കിന് സൈനികരെയും ടാങ്കുകളും പീരങ്കികളുമുൾപ്പെടെ വലിയ ആയുധങ്ങളെയും അതിർത്തിയിൽ വിന്യസിച്ചു. നാല് വർഷം നീണ്ട നയതന്ത്ര-സൈനിക ചർച്ചകൾക്ക് ശേഷം 2024 ഒക്ടോബർ 21-ന് ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിലെത്തി.
ഡെപ്സാങ് പ്ലെയിൻസ്, ഡെംചോക്ക് എന്നീ മേഖലകളിൽ 2020 ഏപ്രിലിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് സൈനിക പിന്മാറ്റവും പട്രോളിംഗും പുനഃസ്ഥാപിക്കാൻ ധാരണയായി. സംഘർഷങ്ങൾ ഒഴിവാക്കാൻ ഏകോപിപ്പിച്ച പട്രോളിംഗ് രീതി നടപ്പിലാക്കി. ഇതനുസരിച്ച് ഒരു പട്രോളിംഗ് ടീമിൽ പരമാവധി 14 സൈനികർ മാത്രമേ പാടുള്ളൂ, പട്രോളിംഗിന് പുറപ്പെടുന്നതിന് മുമ്പ് മറുഭാഗത്തെ അറിയിക്കണം, മാസത്തിൽ 2 അല്ലെങ്കിൽ 3 തവണ മാത്രമേ പട്രോളിംഗ് നടത്താവൂ എന്നിവയാണ് പ്രധാന നിബന്ധനകൾ.
എങ്കിലും ഗൽവാൻ, പാങ്കോങ് ത്സോ, ഗോഗ്ര, ഹോട്ട്സ്പ്രിംഗ്സ് എന്നീ നാല് മേഖലകളിൽ നിലവിലുള്ള ബഫർ സോണുകൾ തുടരുന്നുണ്ട്. ഇത്തരം ധാരണകൾ പലപ്പോഴും ചൈന മനപ്പൂർവം ലംഘിക്കുന്നുണ്ട്. ഇത് ചെറിയ സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ട്.
അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ
1962-ലെ യുദ്ധത്തിലെ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് ഇന്ത്യ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ ആധുനികവൽക്കരിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേന വിഭാഗങ്ങൾ സിയാച്ചിൻ ഗ്ലേസിയർ, കാർഗിൽ മേഖലകൾ തുടങ്ങി ലോകത്തിലെതന്നെ ഏറ്റവും കഠിനമായ ഉയർന്ന പർവതമേഖലകളിൽ സ്ഥിരമായി സേവനമനുഷ്ഠിക്കുന്നവരാണ്. നിരന്തരമായ ഈ പോരാട്ടപരിചയം (Real combat experience) ചൈനീസ് സൈന്യത്തിന് അവകാശപ്പെടാനില്ല. പാകിസ്താനുമായും ഭീകര സംഘടനകളുമായും നിരന്തരം ഏറ്റുമുട്ടലുകളോ വെടിനിർത്തൽ ലംഘനങ്ങളോ ഉണ്ടാകുന്നതിനാൽ കരസേന എപ്പോഴും യുദ്ധസജ്ജമാണ്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സാങ്കേതികമായി മുന്നേറിയിട്ടുണ്ടെങ്കിലും, അവരുടെ സൈനികരിൽ ഭൂരിഭാഗത്തിനും യഥാർത്ഥ യുദ്ധരംഗത്തെ പ്രായോഗിക പരിചയം കുറവാണ്.
വ്യോമസേനാ വിമാനങ്ങളുടെ എണ്ണത്തിൽ ചൈന മുന്നിലാണെങ്കിലും, അതിർത്തിയിലെ ഭൂമിശാസ്ത്രം ഇന്ത്യയ്ക്ക് തന്ത്രപരമായ പ്രാധാന്യം നൽകുന്നു. ടിബറ്റിലെയും ഷിൻജിയാംഗിലെയും ചൈനീസ് വ്യോമകേന്ദ്രങ്ങൾ സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന പ്രദേശങ്ങളിലാണ്. സാന്ദ്രത കുറഞ്ഞ വായു കാരണം ചൈനീസ് പോർവിമാനങ്ങൾക്ക് പൂർണ്ണ ആയുധശേഷിയോടെയോ മുഴുവൻ ഇന്ധനത്തോടെയോ പറന്നുയരാൻ കഴിയില്ല. എന്നാൽ അസം, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലെ ഇന്ത്യൻ വ്യോമകേന്ദ്രങ്ങൾ സമതല പ്രദേശങ്ങളിലായതിനാൽ റഫാൽ, സുഖോയ്-30എംകെഐ വിമാനങ്ങൾക്ക് പൂർണ്ണശേഷിയോടെ പ്രവർത്തിക്കാനാകും.
ചൈനീസ് അതിർത്തിയിൽ പ്രത്യാക്രമണം നടത്തുന്നതിനായി ഇന്ത്യ രൂപീകരിച്ച പ്രധാനപ്പെട്ട ഒന്നാണ് XVII മൗണ്ടൻ സ്ട്രൈക്ക് കോർ (Brahmastra Corps). പശ്ചിമ ബംഗാളിലെ പാനാഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കോറിനു കീഴിൽ സങ്കീർണ്ണമായ പർവത മേഖലകളിൽ പെട്ടെന്ന് കടന്നാക്രമണം നടത്താൻ സാധിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ (IBGs) രൂപീകരിച്ചിട്ടുണ്ട്. പർവതനിരകളിൽ പെട്ടെന്ന് വിന്യസിക്കാൻ സാധിക്കുന്ന അമേരിക്കൻ നിർമ്മിത എം 777 അൾട്രാ ലൈറ്റ് ഹൗവിറ്റ്സറുകൾ, ധനുഷ് പീരങ്കികൾ, ചിനൂക്ക് ഹെലികോപ്റ്ററുകൾ എന്നിവ ഈ കോറിനു കീഴിലുണ്ട്.
ചൈന-പാകിസ്താൻ സഖ്യം ദക്ഷിണേഷ്യൻ സന്തുലിതാവസ്ഥയിൽ ആഴത്തിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത്. പാകിസ്താനിലെ ഗ്വാദർ തുറമുഖത്ത് ചൈനീസ് നാവികസേനയ്ക്ക് പ്രവേശനം ലഭിക്കുന്നത് അറബിക്കടലിലും ഹോർമുസ് കടലിടുക്കിന് സമീപവും ചൈനയുടെ തന്ത്രപരമായ സ്വാധീനം വർദ്ധിപ്പിക്കുന്നു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയെ വളയുന്നതിനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണ്. മൂന്ന് ആണവശക്തികൾ അതിർത്തി പങ്കിടുന്ന ഈ മേഖലയിൽ, ചൈനയും പാകിസ്താനും തമ്മിലുള്ള സൈനിക കൂട്ടുകെട്ട് ആണവ നിർവ്യാപന തത്ത്വങ്ങളെ സങ്കീർണ്ണമാക്കുന്നു. പരമ്പരാഗത യുദ്ധത്തിൽ പരാജയം ഭയന്ന് പാകിസ്താൻ തന്ത്രപരമായ ചെറിയ ആണവായുധങ്ങൾ (Tactical Nuclear Weapons) ഉപയോഗിക്കുമെന്ന ഭീഷണി ഉയർത്തുമ്പോൾ, അത് വലിയ തോതിലുള്ള പ്രാദേശിക സംഘർഷത്തിലേക്ക് നയിച്ചേക്കാം. ഇരട്ട മുന്നണി ഭീഷണി നിലനിൽക്കുന്നത് കാരണം ഇന്ത്യയ്ക്ക് തങ്ങളുടെ സാമ്പത്തിക-സൈനിക വിഭവങ്ങളിൽ ഭൂരിഭാഗവും അതിർത്തി സുരക്ഷയ്ക്കായി മാറ്റി വെക്കേണ്ടിവരുന്നു. ഇത് രാജ്യത്തിന്റെ ദീർഘകാല സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ചൈന-പാകിസ്താൻ കൂട്ടുകെട്ട് ഉയർത്തുന്ന ഇരട്ട മുന്നണി സുരക്ഷാ വെല്ലുവിളി കേവലം ഒരു പരമ്പരാഗത യുദ്ധഭീഷണിയല്ല, മറിച്ച് സാങ്കേതികവിദ്യ, സൈബർ വാർഫെയർ, സാമ്പത്തിക സമ്മർദ്ദം എന്നിവ ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ ഒന്നാണ്. 1962-ൽനിന്ന് വ്യത്യസ്തമായി ഇന്ന് ഇന്ത്യ ശക്തമായ കര-വ്യോമ-നാവിക സേന ശേഷിയും ഉയർന്ന പർവത മേഖലകളിലെ പോരാട്ടപരിചയവും സ്വായത്തമാക്കിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് പരമാധികാരവും പ്രാദേശിക സ്ഥിരതയും ദീർഘകാലത്തേക്ക് സുരക്ഷിതമാക്കാൻ സാധിക്കണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ അടിയന്ത സ്വഭാവത്തോടെ പൂർത്തീകരിക്കേണ്ടതുണ്ട്.
- ഭാവിയിൽ ഇരട്ട യുദ്ധമുന്നണി ഭീഷണിയെ ഫലപ്രദമായി പ്രതിരോധിക്കാൻ സംയുക്ത തിയേറ്റർ കമാൻഡുകൾ നടപ്പാക്കുക.
- കുറഞ്ഞുവരുന്ന വ്യോമസേന സ്ക്വാഡ്രനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തദ്ദേശീയ വിമാന നിർമ്മാണവും പുതിയ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതും വേഗത്തിലാക്കുക.
- ഡ്രോൺ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാറ്റലൈറ്റ് നിരീക്ഷണം എന്നീ നോൺ-കോൺടാക്ട് വാർഫെയർ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
- ക്വാഡ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഖ്യങ്ങളിലൂടെയും റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാന ബന്ധങ്ങളിലൂടെയും ഇന്തോ-പസഫിക് മേഖലയിലെ സന്തുലിതാവസ്ഥ നിലനിർത്തുക.
- ചൈനയുടെയും പാകിസ്താന്റെയും സംയുക്ത നീക്കങ്ങളെ നിരന്തരം വിലയിരുത്തി അതിനനുസൃതമായ പ്രതിരോധ തന്ത്രങ്ങൾ രൂപീകരിക്കുക.
Content Highlights: The evolving China-Pakistan axis presents a significant security challenge for India, impacting its national defense strategy and regional stability.
Published: 13 Nov 2026, 11:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented