വല്ലാത്തൊരു ആവേശത്തോടുകൂടിയാണ് പിപ്പരിയയില്‍ ട്രെയിന്‍ ഇറങ്ങിയത്. ഒരു ട്രെയിനിങ്ങ് സെന്ററിന്റെ ക്വാര്‍ട്ടര്‍ മാസ്റ്ററായി ചുമതല ഏറ്റെടുക്കാന്‍ പോവുകയാണ്. മുന്‍കൂട്ടി അറിയിച്ചത് പ്രകാരം ഞങ്ങളെ സ്വീകരിക്കാന്‍ സ്റ്റേഷനില്‍ ആര്‍മി എജുക്കേഷന്‍ കോര്‍ അഥവാ എ.ഇ.സി. അസോസിയേഷന്റെ ഒരു ടൊയോട്ടാ ക്വാളിസ് കാര്‍ വന്നിരുന്നു. അസോസിയേഷന്റെ വാടകക്ക് ഓടുന്ന കാര്‍ ആയിരുന്നു അത്. ആര്‍മിയുടെ ഓരോ വിഭാഗത്തിനും അവരവരുടെ അസോസിയേഷന്‍ ഉണ്ട്. അത് ആ വിഭാഗത്തിലെ ജവാന്മാരുടെയും വിരമിച്ചവരുടെയും ക്ഷേമത്തിനുവേണ്ടിയുള്ളതാണ്. 'ക്വാളിസ്' കാറിനെ ഞാന്‍ 'കോളിസ്' എന്ന് ഉച്ചരിച്ചതിന് പിന്നീട് ശ്രീരാഗ് ആ കാര്‍ കാണുമ്പോഴൊക്കെ 'ഡാഡിയുടെ കോളിസ് കാര്‍ അതാ'എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അവന് ചെറുപ്പത്തിലെ എല്ലാ വണ്ടികളെയും കുറിച്ച് നല്ലവണ്ണം അറിയാമായിരുന്നു. 

To advertise here,

അസമയത്ത് വരുന്നവര്‍ക്കും  പോകുന്നവര്‍ക്കുമായി് പിപ്പരിയയില്‍ ആര്‍മിയുടെ ഒരു ട്രാന്‍സിറ്റ് ക്യാമ്പുണ്ട്. ഡ്രൈവര്‍ക്ക് കിട്ടിയിരുന്ന നിര്‍ദ്ദേശപ്രകാരം ആദ്യം അവിടേക്ക് കൊണ്ടുപോയി ചായസല്‍ക്കാരം കഴിഞ്ഞ് മേലോട്ടേക്കുള്ള യാത്രയായി. ദുര്‍ഘടമായ ഹില്‍ ഡ്രൈവിംഗ് ആണ്. ജമ്മുവിലുള്ളപ്പോള്‍ ഞാന്‍ ഇങ്ങനെയുള്ള വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കുടുംബസമേതം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യാത്ര. 

കുന്നുകളെയും മലകളെയും ചുറ്റിക്കൊണ്ടുള്ള റോഡുകള്‍ അക്ഷരാര്‍ത്ഥത്തില്‍ 'സ്നേക്ക് റോഡുകള്‍' തന്നെ. വണ്ടി മേലോട്ട് പോകുന്തോറും, താഴത്ത് ചുരുളഴിച്ചുകൊണ്ടിരിക്കുന്ന റോഡുകളെ കാണാന്‍ നല്ല സുഖമായിരുന്നു. രണ്ടു വശങ്ങളിലും കണ്ണിന് ആനന്ദം തരുന്ന വനഭൂമികളും പിന്നെ വെള്ളച്ചാട്ടങ്ങളും ചെറിയ നദികളും. പല വന്യമൃഗങ്ങളും ഉള്ള സ്ഥലമാണത്രേ. 

രാത്രികാലങ്ങളില്‍ അതുവഴി സഞ്ചാരം വളരെ കുറവാണ്. ആര്‍മി വണ്ടികള്‍ തീരെ പോകാറില്ല. ഇതുവരെ കാണാത്ത പലതരത്തിലുള്ള പക്ഷികള്‍ പാറിപ്പറക്കുന്നത് കണ്ടു. ഇത്രയധികം പൂമ്പാറ്റകള്‍ സ്വതന്ത്രമായി പാറി നടക്കുന്നത് കണ്ടിട്ട് കുറേ കാലമായി. സസ്യ ജീവജാലങ്ങളുടെ നല്ലൊരു ഉദാഹരണം. മുകളിലോട്ട് പോകുംതോറും കുരങ്ങന്മാരുടെ കൂട്ടം കണ്ടുതുടങ്ങി. മുലയൂട്ടുന്ന കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് എന്തെങ്കിലും തിന്നാന്‍ കിട്ടുമോ എന്ന് അന്വേഷിച്ച്, അതുവഴി കടന്നുപോകുന്ന വണ്ടികള്‍ക്ക് സമീപം അവര്‍  ഓടിയെത്തും. ഇതൊന്നും മുന്‍കൂട്ടി അറിയാതിരുന്നുകൊണ്ട് കൈയില്‍ ഒന്നും കരുതിയിരുന്നില്ല. ചിലയിടങ്ങളില്‍ ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ഇരിക്കുന്നത് കണ്ടു. 

നല്ല പ്രകൃതി സൗന്ദര്യം കണ്ടപ്പോള്‍ വണ്ടി ഒരുവശത്ത് നിര്‍ത്തി ഇടാന്‍ ഡ്രൈവറോട് പറഞ്ഞു. അതുപോലെ മറ്റുവണ്ടികളും അവിടെ നിര്‍ത്തിയിട്ടുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു ആ സ്ഥലത്തിന് ഡെന്‍വ ദര്‍ശന്‍ എന്നാണ് പറയാറ്. നര്‍മ്മദ നദിയുടെ ഏറ്റവും വലിയ പോഷക നദിയായ തവയുടെ പോഷകനദിയാണ് ഡെന്‍വ. പഞ്ചമടിക്ക് മുകളിലുള്ള ധൂപ്ഘഡില്‍ നിന്നാണ് ഇത് ഉല്‍ഭവിക്കുന്നത്. അവിടെനിന്ന് നോക്കിയാല്‍ ഡെന്‍വ നദിയുടെ സൗന്ദര്യം നന്നായി ആസ്വദിക്കാം പഞ്ചമടി മാര്‍ക്കറ്റിനോട് തൊട്ട് തന്നെയാണ് എ.ഇ.സി ട്രെയിനിങ്ങ് കോളേജ് ആന്‍ഡ് സെന്റര്‍. 

മാര്‍ക്കറ്റില്‍ കുറച്ച് വലിയ ഹോട്ടലുകളും ഏതാനും വിദേശസഞ്ചാരികളെയും കണ്ടു. സാമാന്യം നല്ല തണുപ്പും ഉണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊട്ടിയില്‍ പോയിരുന്നു. അതുപോലെയുള്ള ഒരു കാലാവസ്ഥ തന്നെ. തണുപ്പിന്റെ തുണികളൊക്കെ പെട്ടിക്കകത്താണ്. സാധനങ്ങള്‍ കയറ്റിവിട്ട എന്റെ ട്രക്ക് എത്തിയോ എന്ന് അറിയില്ല. നമ്മുടെ വാഹനം ഗേറ്റിനുള്ളില്‍ കടന്നപ്പോള്‍ തന്നെ ഒരു അഭിമാനം തോന്നി. സെന്റര്‍ ക്വാര്‍ട്ടര്‍  മാസ്റ്റര്‍ എന്ന തസ്തികയിലേക്കുള്ള മാറ്റം. ഗേറ്റിന് വലതുവശത്ത് തന്നെ യുദ്ധസ്മാരകം. വിശാലമായ റോഡ്. എല്ലാറ്റിനും ഒരു അച്ചടക്കം. പഞ്ചമടിയിലെ കല്ലുകള്‍ പോലും 'ബിരുദധാരികള്‍' ആണെന്ന് ആരോ പറഞ്ഞത് വെറുതെയല്ല എന്നുതോന്നി.

ഓഫീസര്‍ മെസ്സില്‍ താമസസൗകര്യം ഒരുക്കിയിരുന്നു. മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടേ പുതിയ ജോലിയിലേക്ക് കയറേണ്ടതുള്ളൂ. ഓഫീസര്‍ മെസ്സില്‍ താമസിക്കുകയായിരുന്ന വനിതാ ഓഫീസര്‍മാരായ തമിഴ്‌നാട്ടില്‍നിന്നുള്ള ക്യാപ്റ്റന്‍ വിനോദിനിയും ആന്ധ്രപ്രദേശില്‍ നിന്നുള്ള ക്യാപ്റ്റന്‍ ലതയും ഒക്കെ വന്ന് ഞങ്ങളെ പരിചയപ്പെട്ടു. അവിടുത്തെ കാര്യങ്ങളൊക്കെ അവര്‍ പറഞ്ഞ് മനസ്സിലാക്കി തന്നു. ബ്രിട്ടീഷ് ക്യാപ്റ്റനായിരുന്ന ജെയിംസ് ഫോര്‍സൈത്ത് ആയിരുന്നു പഞ്ചമടി എന്ന സ്ഥലം കണ്ടെത്തിയത്. കേന്ദ്രപ്രവിശ്യയിലെ സൈന്യവുമായി ഝാന്‍സിയിലേക്ക് പോകുന്ന വഴിക്കാണ് കുന്നിന്‍ പുറത്ത് ഇങ്ങനെ ഒരു ചെറിയ വില്ലേജ് ഉള്ളതായി കണ്ടത്. പിന്നീട് ഈ സ്ഥലം അവരുടെ സാനിറ്റോറിയം ആക്കി മാറ്റുകയായിരുന്നു. അതായത് വസൂരിപോലെയുള്ള പകര്‍ച്ചവ്യാധി അസുഖമുള്ള സൈനികരെ വേറിട്ട് താമസിപ്പിക്കാനുള്ള ഒരു സ്ഥലം.

ഇന്ത്യന്‍ ആര്‍മിയുടെ ജവാന്മാര്‍ക്കും ഓഫീസര്‍മാര്‍ക്കും വേണ്ടി മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ജവാന്‍മാരും ഓഫീസര്‍മാരും ഇവിടെ കോഴ്‌സ് ചെയ്യാനായി വരുന്നുണ്ട്. മ്യാന്‍മാര്‍, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, സൗത്ത് കൊറിയ, കസക്കിസ്താന്‍, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ഓഫീസര്‍മാര്‍ ഇവിടെ വരുന്നുണ്ട്. എ.ഇ.സി. ജവാന്മാര്‍ക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവര്‍ക്കും വേണ്ടുന്ന പലതരത്തിലുള്ള കോഴ്‌സുകള്‍ നടക്കുന്നുണ്ട്. 

എജുക്കേഷനില്‍ ഡിപ്ലോമ കോഴ്‌സ്, ലൈബ്രറി കോഴ്‌സ്, കമ്പ്യൂട്ടര്‍ കോഴ്‌സ്, യൂണിറ്റ് ഇന്‍സ്ട്രക്ടര്‍ കോഴ്‌സ്, മേപ്പ് റീഡിങ് കോഴ്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങി പലതരത്തിലുള്ള കോഴ്‌സുകള്‍ക്ക് പുറമേ ചൈനീസ് ഭൂട്ടാനീസ്, ബര്‍മീസ്, ടിബറ്റന്‍, സിംഹളീസ്, റഷ്യന്‍, ഇറാനിയന്‍ ഭാഷയായ പേര്‍ഷ്യന്‍, അഫ്ഗാനി ഭാഷയായ പുസ്തോ എന്നീ ലാംഗ്വേജ് കോഴ്‌സുകളും ഇവിടെ നടക്കുന്നുണ്ട്. 22 മാസം വരെയൊക്കെ നീണ്ടുനില്‍ക്കുന്ന കോഴ്‌സുകളുണ്ട്. ഇതിനായി 'ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജ് വിങ്ങ്' എന്ന ഒരു പ്രത്യേക സെക്ഷന്‍ തന്നെയുണ്ട്. പിന്നെ പലതരത്തിലുള്ള സംഗീതോപകരണങ്ങള്‍ പഠിക്കാനുള്ള കോഴ്‌സുകളുണ്ട്. അതിനായി പ്രത്യേക 'മിലിറ്ററി മ്യൂസിക് വിങ്ങ്' ഉണ്ട്. ഡല്‍ഹിയിലെ റിപ്പബ്ലിക് ഡേ പരേഡിലും ആര്‍മിയുടെ മറ്റ് പ്രധാന ചടങ്ങുകളിലും കാണാറുള്ള ആര്‍മി ബാന്റുകള്‍ക്കുള്ള പ്രധാന ശിക്ഷണം നല്‍കുന്നത് ഇവിടെവെച്ചാണ്.

ശ്രീരാഗിനെ പുതിയ സ്‌കൂളില്‍ ചേര്‍ത്തു. അവിടെ ആര്‍മി സ്‌കൂള്‍ ഇല്ലാത്തതുകാരണം കേന്ദ്രീയ വിദ്യാലയത്തിലാണ് ചേര്‍ത്തത്. എന്റെയും പോസ്റ്റിങ്ങിനിടയിലുള്ള ഒഴിവുകാലം കഴിഞ്ഞു. സെന്‍ട്രല്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ ഗുമ്മന്റെ ഇന്റര്‍വ്യൂ കഴിഞ്ഞു. ഞാന്‍ ചുമതല ഏറ്റെടുക്കേണ്ടത് മേജര്‍ യാദവ് എന്ന ഒരു സീനിയര്‍ ഓഫീസറില്‍ നിന്നായിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ ഇവിടുത്തെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍. ട്രെയിനിങ്ങ് സെന്റര്‍ ആയതുകൊണ്ട് ഒരു ക്വാര്‍ട്ടര്‍ മാസ്റ്റര്‍ വന്നാല്‍ മാത്രമേ അടുത്ത ആള്‍ക്ക് പോകാന്‍ പറ്റൂ. ഒരുപാട് സാധനസാമഗ്രികളുടെ ചുമതലയുള്ളതുകൊണ്ട് പദവി കൈമാറ്റംചെയ്യാന്‍ ആറുദിവസം വരെ സമയമുണ്ട്. ഒരു സീനിയര്‍ മേജറില്‍ നിന്നും ഒരു ജൂനിയര്‍ ക്യാപ്റ്റനിലേക്കുള്ള കൈമാറ്റം. കൂടാതെ അംഗവൈകല്യമുള്ള ഓഫീസര്‍. മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ കുറിച്ച് പലര്‍ക്കും ഉത്കണ്ഠ ഉണ്ടായിരുന്നു.

പക്ഷേ വിചാരിച്ചതിലും വേഗത്തില്‍ എ.ഇ.സി. കോളേജ് എന്നെ അംഗീകരിച്ചു. എന്റെ കഴിവ് തെളിയിക്കുവാനുള്ള ഒരുപാട് അവസരങ്ങള്‍ കിട്ടി. ഏറ്റവും പ്രധാനമായത് അവിടെ ആര്‍മിയുടെ സപ്ലൈ യൂണിറ്റ് ഇല്ല എന്നതായിരുന്നു. സപ്ലൈ ഓഫീസറുടെ ചുമതല ക്വാര്‍ട്ടര്‍ മാസ്റ്റര്‍ക്ക് തന്നെ ആയിരുന്നു. മറ്റ് സ്ഥലങ്ങളില്‍ ആര്‍മി സപ്ലൈ കോര്‍ ആണ് റേഷന്‍, പാല്, പച്ചക്കറി, ഫലവര്‍ഗങ്ങള്‍, ഇറച്ചി, മുട്ട എന്നിവ വിതരണംചെയ്യുക. ഇതൊക്കെ പുറത്തുനിന്നുള്ള കരാറുകാര്‍ ഒരു കൊല്ലത്തേക്കുള്ള കരാര്‍ എടുത്തിട്ട് എത്തിച്ച് നല്‍കുന്നതാണ്. പഞ്ചമടി സ്റ്റേഷന്റെ കാര്യത്തില്‍ കരാറുകാരില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങിക്കേണ്ടത് എന്റെ ചുമതലയാണ്. അതുകൊണ്ടുതന്നെ ആദ്യ ആഴ്ചയില്‍ തന്നെ അവര്‍ തരുന്ന സാധനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ എനിക്ക് കഴിഞ്ഞു. കൂടാതെ കരാര്‍ എടുക്കുന്ന സമയത്ത് ഓരോ മാസവും ഏതൊക്കെ തരത്തില്‍പ്പെട്ട പച്ചക്കറികളും ഫലവര്‍ഗങ്ങളും എത്ര ശതമാനംവെച്ച് നല്‍കണം എന്നുള്ള കരാറുണ്ട്. 

നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കരാറുകാര്‍ പലപ്പോഴും അവരുടെ ലാഭത്തിനുവേണ്ടി വിലകൂടിയ ഫലങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പകരം കൂടുതല്‍ ലഭ്യമാകുന്ന ഇടത്തരം സാധനങ്ങള്‍ മാത്രം നല്‍കും. ആഴ്ചയില്‍ ഒരു ദിവസം കുടുംബസമേതം താമസിക്കുന്ന ഓഫീസര്‍മാര്‍ക്കും ജവാന്‍മാര്‍ക്കും പച്ചക്കറികളും മറ്റും അവരുടെ വീട്ടില്‍ എത്തിച്ച് നല്‍കണം. ഞാന്‍ ചുമതല ഏറ്റെടുത്ത ആദ്യത്തെ ആഴ്ചതന്നെ പഴത്തിന് പകരം ആപ്പിളും, പച്ചക്കറിയില്‍ ഇഞ്ചി, പച്ചമുളക്, ചെറുനാരങ്ങ, മല്ലിയില തുടങ്ങി ഇതുവരെ അവര്‍ക്ക് കൊടുക്കാതിരുന്ന സാധനങ്ങളും വരുത്തിച്ചുകൊടുത്തു. പച്ചക്കറികളിലും ഫലവര്‍ഗങ്ങളിലും പെട്ടെന്ന് വന്ന മാറ്റം കണ്ടപ്പോള്‍ തന്നെ ഓഫീസര്‍ മാറിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഓഫീസര്‍മാരുടെ ഭാര്യമാര്‍ പോലും എന്നെ പ്രശംസിച്ചുകൊണ്ട് ഫോണ്‍ ചെയ്തു. അത് എനിക്ക് ഒന്നുകൂടി നന്നായി ജോലിചെയ്യാനുള്ള പ്രചോദനമായിരുന്നു.

സപ്ലൈ ഓഫീസറും, മൃഗഡോക്ടറും ഇല്ലാത്തത് കാരണം അറവുശാലയില്‍ വരുന്ന കോഴികളെയും, ആടുകളെയും പരിശോധിക്കുകയും ഉപയോഗിക്കാന്‍ കൊള്ളാത്തവയെ വേര്‍തിരിക്കുകയും ഇറച്ചിയുടെ ഗുണമേന്മ പരിശോധിക്കേണ്ടതുമൊക്ക എന്റെ ചുമതലയായി. സഹായത്തിന് ആര്‍മി സപ്ലൈ കോര്‍ അഥവാ എ.എസ്.സി.യുടെ രണ്ട് ജെ.സി.ഒ.മാര്‍ ഉണ്ടായിരുന്നു. അവിടെയും ശ്രദ്ധവിട്ടാല്‍ കരാറുകാര്‍ ഇറച്ചി കോഴികളിലും ആടിലും വെള്ളം കയറ്റി തൂക്കം വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. ഗുണനിലവാരം ഇല്ലെങ്കില്‍ മുഴുവന്‍ നിരസിക്കാനുള്ള അധികാരം എനിക്കുണ്ട്. മൃഗഡോക്ടര്‍ ഇല്ലാത്തതുകൊണ്ട് തന്നെ കശാപ്പ് ചെയ്ത ആടുകളുടെ കരള്‍ പരിശോധിച്ച് അസുഖമുള്ളവ കണ്ടെത്തി അവയെ മാറ്റി ഇടണം. കൂടെയുള്ള ജെ.സി.ഒ.മാരില്‍ ഒരാള്‍ ഇതിന്റെ കോഴ്‌സ് ചെയ്തതാണ്. 

അവശിഷ്ടങ്ങളൊക്കെ ശരിയായരീതിയില്‍ നശിപ്പിക്കണം. അറവുശാലയിലെ ആട്ടിന്‍ കാഷ്ഠം കാണുമ്പോള്‍, മുമ്പ് സന്യാസി ആവാന്‍ രുദ്രാക്ഷമാല ഉണ്ടാക്കിയതാണ് ഓര്‍മവരിക. ഏറ്റവും ദയനീയമായി തോന്നിയത് ഒരു പത്ത് ആടിനെ കൊല്ലുവാനുണ്ടെങ്കില്‍ പത്തിനെയും ഒരു മുറിയില്‍ ഒന്നിച്ചുകൊണ്ടുവന്ന് ഓരോന്നിനെയായി വെട്ടുമ്പോള്‍ അത് തങ്ങളുടെ കണ്‍മുന്നില്‍ വെച്ച് പിടയുന്നത് കണ്ട് തന്റെ ഊഴം എപ്പോള്‍ വരും എന്ന് ചിന്തിച്ചുകൊണ്ട് മരണത്തിന് മുമ്പേയുള്ള ആ മരണമാണ്. അതും കൂടുതല്‍ ഇറച്ചി കിട്ടാന്‍ വേണ്ടി കഴുത്തിനു പകരം തലയുടെ മധ്യഭാഗത്തുവെച്ച് വെട്ടും. ഇതിനൊക്കെ ഒരു പരിധിവരെ മാറ്റംവരുത്താന്‍ എന്നെക്കൊണ്ട് സാധിച്ചു. കശാപ്പ് റൂമിലേക്ക് ഓരോ ആടിനെയായി കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കി.

പഞ്ചമടിയിലെ ഏറ്റവും വലിയ പ്രശ്‌നം കുരങ്ങന്മാരുടെ ശല്യമാണ്. ചിലപ്പോള്‍ സെന്ററിനുള്ളിലെ റോഡുകളില്‍ മുഴുവന്‍ കുരങ്ങന്മാര്‍ നിറഞ്ഞിരിക്കുന്നത് കാണാം. സ്ത്രീകളും സ്‌കൂളില്‍ പോകുന്ന കുട്ടികളുമൊക്കെ വളരെ ഭയന്നാണ് പോകാറ്. ഞങ്ങളുടെ സെന്ററിനുള്ളില്‍ തന്നെ സൈനികരുടെയും വിരമിച്ചവരുടെയും ആശ്രിതര്‍ക്കായി ഒരു വനിതാ ബി.എഡ്. കോളേജുണ്ട്. കുരങ്ങന്മാരെ ഭയന്ന് അവിടുത്തെ പെണ്‍കുട്ടികള്‍ കൂട്ടമായി മാത്രമേ പോകാറുള്ളൂ. പലപ്പോഴും വീട്ടിനുള്ളില്‍ നിന്നുപോലും സാധനങ്ങള്‍ എടുത്തുകൊണ്ടുപോകും. 

ഒരു ദിവസം ഞങ്ങള്‍ ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. പുറത്ത് ആരോ വന്ന് കോളിംഗ് ബെല്ലടിച്ചു. പകല്‍ സമയത്ത് വീട് അകത്തുനിന്ന് പൂട്ടുന്ന ശീലം ഞങ്ങള്‍ക്കില്ലായിരുന്നു. കോളിംഗ് ബെല്‍ ശബ്ദം കേട്ട് ഞങ്ങള്‍ എഴുന്നേറ്റ് വരുമ്പോഴേക്കും അകത്തുണ്ടായിരുന്ന ഒരു കുരങ്ങനാണ് അവര്‍ക്ക് വാതില്‍ തുറന്നുകൊടുത്തത്. പോകുന്ന വഴിയില്‍ ഡൈനിങ് ടേബിളിന്റെ മുകളില്‍ ഉണ്ടായിരുന്ന ഒരു പപ്പായയും കൈയിലെടുത്തുകൊണ്ടാണ് പോയത്. പഴത്തിന്റെ തോലുകള്‍ മേശപ്പുറത്ത് തന്നെയുണ്ടായിരുന്നു. 

ആഴ്ചയില്‍ മൂന്ന് ദിവസമാണ് സെന്ററില്‍ പച്ചക്കറികള്‍ വരുന്നത്. അത് വിതരണം ചെയ്യുന്ന സ്ഥലത്ത് കുരങ്ങന്മാരുടെ വലിയ ശല്യം തന്നെയാണ്. കണ്ണുതെറ്റിയാല്‍ എന്തെങ്കിലുമൊക്കെ എടുത്തുകൊണ്ട് ഓടും. അവസാനം ഞാന്‍ കമാന്‍ഡന്റിനോട് പറഞ്ഞ് പച്ചക്കറിയും ഫലങ്ങളും വിതരണംചെയ്യുന്ന സ്ഥലത്ത് ഒരാള്‍ പൊക്കത്തിലുള്ള കമ്പിവലകൊണ്ടുള്ള ഒരു കൂടാരം തന്നെ നിര്‍മിക്കേണ്ടിവന്നു. ഇവിടെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ പുതിയ ആള്‍ വന്നിട്ടുണ്ട് എന്ന കാര്യം കുരങ്ങന്മാരും തിരിച്ചറിഞ്ഞു.

സെന്റര്‍ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ എന്നത് ഒരു ബഹുമാനമര്‍ഹിക്കുന്ന പോസ്റ്റ് തന്നെയായിരുന്നു. സെന്ററില്‍ വിശിഷ്ട വ്യക്തികള്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ സന്ദര്‍ശനത്തിന്റെ ഭാഗമായി മിലിട്ടറി മ്യൂസിക് വിങ്ങില്‍ ബാന്‍ഡ് കച്ചേരികള്‍ നടക്കും. അപ്പോഴൊക്കെ എനിക്കും സുധക്കും പേര് എഴുതി ഒട്ടിച്ച പ്രത്യേക ഇരിപ്പിടങ്ങള്‍ ഉണ്ടായിരിക്കും. അതുപോലെ പല ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍, കോഴ്‌സ് ചെയ്യുന്ന ജവാന്മാരും ട്രെയിനിങ്ങ് ചെയ്യുന്ന റിക്രൂട്ട്‌സുകളും നടത്തുന്ന സിമ്പോസിയങ്ങളിലും ഷര്‍ട്ടും ടൈയ്യും ധരിച്ച് മുന്‍സീറ്റില്‍ തന്നെ പോയി ഇരിക്കേണ്ടതുണ്ട്. കൂടാതെ ഞാന്‍ ഇന്‍സ്ട്രക്ടര്‍ അല്ലെങ്കിലും വിദേശ ഓഫീസര്‍മാര്‍ അടങ്ങുന്ന കോഴ്‌സുകളില്‍ പോലും എന്റെ ജോലി സംബന്ധമായ വിഷയങ്ങളില്‍ ക്ലാസെടുക്കുവാന്‍ എന്നെ നിയോഗിച്ചിട്ടുണ്ട്. 

ഓപ്പണ്‍ ഫോറം എന്ന ഒരു പുതിയ ചര്‍ച്ചാവേദി ആ ദിവസങ്ങളില്‍ അവിടെ തുടങ്ങി. ജവാന്മാരുടെ പ്രശ്‌നങ്ങളും വിഷമങ്ങളും കേള്‍ക്കാനും അതിനു പരിഹാരവും എന്ന രീതിയില്‍ തുടങ്ങിയ ഓപ്പണ്‍ ഫോറം മറ്റ് സ്റ്റാഫ് ഓഫീസര്‍മാരെക്കാളും നല്ല രീതിയില്‍ ഞാന്‍ കൈകാര്യം ചെയ്തതായി പിന്നീട് എല്ലാവരും പറഞ്ഞു. എല്ലാംകൊണ്ടും ഓഫീസര്‍ എന്ന നിലയില്‍ എനിക്കും ഒരു വ്യക്തിത്വവികസനം തന്നെയായിരുന്നു പഞ്ചമടിയിലെ പോസ്റ്റിംങ്. കൂടാതെ മേജര്‍ റാങ്കിന് അര്‍ഹതപ്പെട്ട ഒരു പോസ്റ്റിലാണ് ക്യാപ്റ്റനായ ഞാന്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ സെന്റര്‍ കമാന്‍ഡന്റിന് എന്നെ താല്‍ക്കാലിക മേജര്‍ ആക്കാനുള്ള അധികാരമുണ്ട്. ശമ്പളം ക്യാപ്റ്റന്റേത് ആയിരിക്കുമെങ്കിലും റാങ്ക് മേജര്‍ ആയിരിക്കും. 

അങ്ങനെ ചെറിയ സര്‍വീസില്‍ തന്നെ ഞാന്‍ അവിടെവെച്ച് മേജര്‍ ആയി. അക്കാലങ്ങളില്‍ എ.ഇ.സി. ഓഫീസര്‍മാര്‍ക്ക് പൊതുവേ പ്രമോഷന്‍ വളരെ മന്ദഗതിയിലാണ്. കൂടാതെ അവര്‍ക്ക് 27 വയസ്സുവരെ ഓഫീസര്‍ ആയിട്ട് ജോയിന്‍ ചെയ്യാം. 17 കൊല്ലം ഓഫീസര്‍ സര്‍വീസുള്ള മേജര്‍മാര്‍ വരെ അവിടെയുണ്ട്. ആ സ്ഥാനത്താണ് ആറരവര്‍ഷം സര്‍വീസുള്ള ഞാന്‍ മേജര്‍ ആകുന്നത്. എന്നെപ്പോലെ സര്‍വീസില്‍ നിന്നും കമ്മീഷന്‍ എടുത്ത് ഓഫീസര്‍ ആകുന്നവരെ പ്രായംകൊണ്ട് പ്രത്യേകിച്ച് തിരിച്ചറിയാന്‍ പറ്റും. എന്നാല്‍ ഇപ്പോള്‍ ആ ഒരു വ്യത്യാസം മനസ്സിലാകില്ല. ഇപ്പോള്‍ അവിടെയുള്ള അധിക മേജര്‍മാരും എന്റെ പ്രായക്കാരോ അതിലും കൂടിയവരോ ഒക്കെയാണ്. പില്‍ക്കാലത്ത് ആര്‍മി പ്രമോഷനില്‍ പല മാറ്റങ്ങള്‍ വരികയും ആറുവര്‍ഷം കഴിഞ്ഞാല്‍ എല്ലാവരും മേജര്‍ ആവുകയും ചെയ്യുമായിരുന്നു.

മേജര്‍ ആയതിനുശേഷം ക്യാപ്റ്റന്‍ അക്കമഡേഷന്‍ മാറി പുതിയ മേജര്‍ അക്കമഡേഷന്‍ കിട്ടി. വീട് കിട്ടിയിരിക്കുന്നത് 'പാണ്ഡവ് കേവ്' എന്ന് പറയുന്ന സ്ഥലത്ത് തന്നെയാണ്. പാണ്ഡവ് കേവ് സെന്ററിനുള്ളില്‍ തന്നെ. ഐതിഹ്യപ്രകാരം മഹാഭാരതത്തിലെ പഞ്ചപാണ്ഡവന്മാര്‍ അവരുടെ 13 വര്‍ഷത്തെ ഒളിവുകാലത്ത് താമസിച്ചിരുന്ന ഗുഹകളാണ് പാണ്ഡവ്  കേവ്. കേവ് എന്നാല്‍ ഗുഹ എന്നര്‍ത്ഥം. അതുപോലെതന്നെ പഞ്ചമടി എന്ന പേര് വീണതുതന്നെ അഞ്ച് ഗുഹ എന്ന അര്‍ത്ഥത്തില്‍ നിന്നാണത്രെ. ഐതിഹ്യം ആണെങ്കിലും അമ്മ ചെറുപ്പകാലത്ത് പറഞ്ഞുതരാറുണ്ടായിരുന്ന മഹാഭാരതകഥയിലെ കഥാപാത്രങ്ങള്‍ താമസിച്ചിരുന്ന പാണ്ഡവ കേവിനടുത്താണ് ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയാണ്. 

മേജര്‍ മുതല്‍ അങ്ങോട്ടുള്ള റാങ്കുകള്‍ക്ക് മൂന്ന് കിടപ്പുമുറികളോട് കൂടിയുള്ള പാര്‍പ്പിടമാണ്. ഞാന്‍ പോകുന്നിടത്തൊക്കെ കഴിയുന്നതും താഴത്തെ നിലയിലെ വീടുകളാണ് എടുക്കാറ്. എന്റെ അംഗപരിമിതി കാരണം എനിക്ക് അതിന് പരിഗണന കിട്ടാറുമുണ്ട്. അങ്ങനെയെടുത്ത വീടുകളുടെ മുന്‍വശം, ഞാന്‍ പാര്‍ട്ടി നടത്താന്‍ പറ്റിയ പുല്‍മൈതാനങ്ങള്‍ തീര്‍ത്തും വശങ്ങളില്‍ ലൈറ്റുകള്‍ പിടിപ്പിച്ചും നന്നായി അലങ്കരിക്കാറുണ്ട്. എങ്ങനെയുള്ള വീട് കിട്ടിയാലും അതിന്റെ അകമായാലും പുറമായാലും നല്ല രീതിയിലുള്ള രൂപകല്‍പന ചെയ്ത് അലങ്കരിക്കുക എന്നത് എന്റെ ഒരു ഹോബിയായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ താമസിച്ചിരുന്ന വീടുകള്‍ ഒഴിയുമ്പോഴൊക്കെ തന്നെ പുതുതായി വരുന്ന ഓഫീസര്‍മാര്‍ എന്റെ വീടിനുവേണ്ടി മത്സരിക്കാറുണ്ട്. അതുപോലെ തന്നെ പാര്‍ട്ടികള്‍ നടത്തുന്ന കാര്യത്തിലും എനിക്ക് പ്രത്യേക താല്‍പര്യമായിരുന്നു. 

എന്റെ മുന്നില്‍ പോസ്റ്റിങ്ങ് വരികയോ പോവുകയോ ചെയ്യുന്ന ഏതൊരു ഓഫീസറിനെയും കുടുംബത്തെയും ഞാന്‍ വീട്ടില്‍ ഭക്ഷണത്തിന് വിളിക്കാതെയിരുന്നിട്ടില്ല. ഇത്രയും സര്‍വീസിനിടയ്ക്ക് അത് എന്റെ ഒരു ശീലമായി കഴിഞ്ഞിരുന്നു. ഞാന്‍ മദ്യം കഴിക്കാറില്ലെങ്കിലും വരുന്നവരുടെ രുചിക്ക് അനുസരിച്ചുള്ള ഒരുവിധം എല്ലാതരം മദ്യവും ഞാന്‍ സൂക്ഷിക്കാറുണ്ടായിരുന്നു. പിന്നെ യൂണിഫോമിന് പുറത്തും ഞങ്ങള്‍ നല്ല ദമ്പതികള്‍ എന്ന രീതിയില്‍ ഇതിനകം പേരെടുത്ത് കഴിഞ്ഞിരുന്നു. അവിടെ ക്ലബ്ബില്‍ നടന്നിരുന്ന പലതരത്തിലുള്ള മത്സരങ്ങളിലും ഞങ്ങള്‍ 'ബെസ്റ്റ് കപ്പിളിനുള്ള' സമ്മാനം വാങ്ങുമായിരുന്നു.

മറ്റ് രീതിയിലുള്ള സാമൂഹിക പ്രതിബദ്ധതകൂടി മനസ്സില്‍ വളരാന്‍ തുടങ്ങി. സെന്ററിലെ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥവാ എം.ടി. എന്ന് പറയുന്ന വാഹന സമൂഹങ്ങളുടെയും അതിന്റെ ഡ്രൈവര്‍മാരുടെയും ചുമതല എനിക്കായിരുന്നു. മാറിമാറി വരുന്ന മിലിട്ടറി ഡ്രൈവര്‍മാരെ കൂടാതെ അവിടെ സ്ഥിരമായി കുറച്ച് യൂണിഫോമില്‍ അല്ലാത്ത സിവിലിയന്‍ ഡ്രൈവര്‍മാര്‍ കൂടി ഉണ്ടായിരുന്നു. പാവങ്ങളെ ചൂഷണം ചെയ്യാന്‍ എവിടെയും കുറച്ചുപേര്‍ ഉണ്ടാവുമല്ലോ. എനിക്ക് ക്രമേണ അറിയാന്‍ കഴിഞ്ഞു അതില്‍ കുറച്ച് ഡ്രൈവര്‍മാര്‍ പഞ്ചമടി മാര്‍ക്കറ്റിലെ വലിയ പലിശക്ക് കടം കൊടുക്കുന്ന ചിലരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. എല്ലാമാസവും വാങ്ങുന്ന ശമ്പളത്തിന്റെ ഒരു വിഹിതം പലിശയായിട്ട് കൊടുക്കാനേയുള്ളൂ. 

ഒരു ലക്ഷം കടം വാങ്ങിയാല്‍ മാസം പത്തായിരംവെച്ച് കെട്ടണമത്രേ. അതായത് 120% പലിശ. അവരുടെ കെണിയില്‍ വീണാല്‍ പിന്നെ രക്ഷപ്പെടാന്‍ പറ്റില്ല. ഇതറിഞ്ഞ ഞാന്‍ ഡ്രൈവറെയും കൂട്ടി അവരെ കാണാന്‍ പോകാന്‍ തീരുമാനിച്ചു. ഞാന്‍ ചര്‍ച്ചക്കായി വരുന്ന കാര്യം അവരെ അറിയിച്ചു. യൂണിഫോമിനോടുള്ള ബഹുമാനംകൊണ്ടോ, എന്തോ കാര്യങ്ങളൊക്കെ ഞാന്‍ പോകാതെ തന്നെ പരിഹരിക്കപ്പെട്ടു. മുതലിനെക്കാളും എത്രയോ ഇരട്ടി പലിശയായി തന്നെ ഇത്രയും കാലംകൊണ്ട് അവര്‍ കൈപ്പറ്റിയിട്ടുണ്ട്. 

ശ്രദ്ധയെ ആദ്യമായി അവിടുത്തെ നഴ്‌സറി സ്‌കൂളില്‍ ചേര്‍ത്തു. ശ്രദ്ധയും സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ സ്ഥിതിക്ക് വെറുതെയിരിക്കേണ്ട എന്ന് കരുതി സുധയും സ്‌കൂളില്‍ പഠിപ്പിക്കാന്‍ പോയാലോ എന്ന് ആലോചിച്ചു. പുതിയ അധ്യയന വര്‍ഷം തുടങ്ങിയപ്പോള്‍ ശ്രദ്ധ പഠിക്കുന്ന മഷാല്‍ നഴ്‌സറി സ്‌കൂളില്‍ തന്നെ അവളും ടീച്ചറിനായി അപേക്ഷിക്കുകയും അവിടെ ജോലി കിട്ടുകയും ചെയ്തു. മഷാല്‍ എന്നത് ദീപശിഖ എന്നതിന്റെ ഹിന്ദി വാക്കാണ്. എ.ഇ.സി. സെന്ററിന്റെ അടയാളമായി സ്വീകരിച്ചിരിക്കുന്നത് ദീപശിഖ  ആയിരുന്നു.

മൊബൈല്‍ ടവറുകളും ഫോണുകളും നാട്ടിലൊക്കെ വന്നുതുടങ്ങി. എന്നാല്‍ പഞ്ചമടിയില്‍ അത് കുറെ താമസിച്ചാണ് വന്നത്. ആഡംബരത്തിന്റെയും പദവിയുടെയും മുഖമുദ്ര. ഏതായാലും ആദ്യമായി ബി.എസ്.എന്‍.എല്ലിന്റെ ഒരു മൊബൈല്‍ ടവര്‍ അവിടെ സ്ഥാപിതമായി. 'നോക്കിയ' കമ്പനിയുടെ ഒരു ചെറിയ കറുത്ത മൊബൈല്‍ ഫോണ്‍ ഞങ്ങളും വാങ്ങി. പുതിയ കണക്ഷന്‍ എടുത്തു. പ്രീപെയ്ഡ്, റീചാര്‍ജ് ഒന്നുമില്ല. ഉപയോഗത്തിനനുസരിച്ച് ബില്ല് വരും. അതുംകൊണ്ട് മറ്റൊരു സ്ഥലത്ത് പോയാല്‍ ബില്‍ ഇരട്ടിയാണ്. ഇങ്ങോട്ട് വരുന്ന വിളികള്‍ക്കും ബില്ല് വരും. ഏതായാലും വലിയ സുഖം തോന്നി. മുമ്പ് വീട്ടില്‍ വന്ന് ലാന്‍ഡ് ലൈനിലൂടെ ഫോണ്‍ ചെയ്യേണ്ട സ്ഥലത്ത് ഇന്ന് എവിടെനിന്നും ആരെ വേണമെങ്കിലും ബന്ധപ്പെടാമല്ലോ. നമ്പര്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു.

'ഭാരതീയ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്' ഇന്ത്യയില്‍ മൂന്ന് സ്ഥലങ്ങളില്‍ 'നാഷണല്‍ അഡ്വഞ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍' ഉണ്ട്. അതില്‍ ഒന്ന് പഞ്ചമടിയിലാണ്. ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും കുട്ടികള്‍ അവിടെ ക്യാമ്പിനായി വരാറുണ്ട്. കണ്ണൂര്‍ പഴയങ്ങാടിയിലെ ഡോക്ടര്‍ സുകുമാരന്‍ ആയിരുന്നു അന്ന് ആ സ്ഥാപനത്തിന്റെ തലവന്‍. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഒരു ക്യാമ്പില്‍ ശ്രീരാഗിനെയും ചേര്‍ത്തു. പാരാസെയിലിംങ്ങ് ചെയ്യാന്‍ മടിച്ചതുപോലെ തന്നെ ആദ്യം നിര്‍ബന്ധിച്ചാണ് അയച്ചതെങ്കിലും പിന്നീട് അവന്‍ അതാസ്വദിച്ചു. 

ആദ്യമായി വീട്ടില്‍ നിന്നും വിട്ടുനിന്ന് സ്വന്തം കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് ചെയ്യാനും പ്രാപ്തനായി. പര്‍വതാരോഹണം, കുതിര സവാരി, പട്രോളിന് പര്യവേഷണം, പ്രകൃതിവിജ്ഞാനം, ജല പ്രവര്‍ത്തനങ്ങള്‍, റൈഫിള്‍ ഷൂട്ടിംഗ് തുടങ്ങിയ പലതരത്തിലുള്ള സാഹസികതകളും വിനോദവും ചേര്‍ന്നുള്ളതായിരുന്നു അവരുടെ ക്യാമ്പ്. അവരുടെ ഓരോ ക്യാമ്പ് ഫയറിനും ഓരോ വിശിഷ്ടാതിഥിയുണ്ടാകും. അത് മിക്കവാറും ഞങ്ങള്‍ ആര്‍മി ഓഫീസര്‍ ആരെങ്കിലുമൊക്കെയായിരിക്കും. മഹാരാഷ്ട്രയില്‍ നിന്നും വന്ന സ്‌കൂള്‍ കുട്ടികളുടെ ഒരു ക്യാമ്പില്‍ ഒരു പ്രാവശ്യം വിശിഷ്ടാതിഥിയായി എന്നെയും ക്ഷണിച്ചു. ആര്‍മിക്ക് പുറത്തുള്ള എന്റെ ആദ്യത്തെ ചടങ്ങായിരുന്നു അത്. വീട്ടിലെ ഷോക്കേസില്‍ വെക്കാന്‍ ഭാരതീയ സ്‌കൗട്ടിന്റെ കൂടി ഒരു സ്മരണിക കിട്ടി.

സത്പുരകളുടെ രാജ്ഞി എന്നറിയപ്പെടുന്ന പഞ്ചമടി ഒരു വളരെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. വെള്ളച്ചാട്ടങ്ങളും ഗുഹാക്ഷേത്രങ്ങളും ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. ബീ ഫാള്‍, സില്‍വര്‍ ഫാള്‍, ഡച്ചസ് ഫാള്‍, പഞ്ചമടി തടാകം, അപ്‌സര വിഹാര്‍ തുടങ്ങിയ വെള്ളച്ചാട്ടങ്ങളും 'ഫോറസ്റ്റ് പൂളുകളും.' മഹാദേവ്, ഗുപ്ത് മഹാദേവ്, ജഡാശങ്കര്‍  എന്നിവിടങ്ങളിലെ ശിവന്റെ ഗുഹാക്ഷേത്രങ്ങളും. മലമുകളിലെ ധൂബ്ഗഡ് എന്ന സൂര്യാസ്തമയം കാണാനുള്ള വിനോദസഞ്ചാരികളുടെ പ്രത്യേക സ്ഥലം.

പഞ്ചമടിയുടെ വടക്ക് സ്ഥിതിചെയ്യുന്ന പ്രകൃതിദത്തമായ ഒരു ഗുഹയും ഹിന്ദു ആരാധനാലയവുമാണ് ജഡാശങ്കര്‍. മുകളില്‍ കൂറ്റന്‍പാറകള്‍ ഉള്ള അഗാധമായ മലയിടുക്കിലാണ് ജടാശങ്കര്‍ സ്ഥിതിചെയ്യുന്നത്. അവിടെയുള്ള ശിവലിംഗങ്ങള്‍ എല്ലാം സ്വാഭാവികമായി രൂപപ്പെട്ടതാണെന്ന് പറയപ്പെടുന്നു. പ്രദേശത്ത് കാണുന്ന ഉറവകളാല്‍ പോഷിപ്പിക്കപ്പെട്ട രണ്ട് കുളങ്ങളുണ്ട്. അതില്‍ ഒന്നില്‍ തണുത്ത വെള്ളവും മറ്റൊന്നില്‍  ചൂടുവെള്ളവുമാണ്. പുരാണ കഥാപാത്രമായ ശേഷ്‌നാഗ് എന്ന നൂറുതല പാമ്പിനോട് സാമ്യമുള്ളതാണ് ഈ ഗുഹ. ഭസ്മാസുരന്റെ കോപത്തില്‍ നിന്ന് പരമശിവന്‍ മറഞ്ഞിരുന്ന ഗുഹകളാണ് ജഡാശങ്കര്‍ എന്ന ശിവക്ഷേത്രം എന്ന് ഐതിഹ്യമുണ്ട്.

മറ്റ് രണ്ട് ശിവക്ഷേത്രങ്ങളാണ് ഗുപ്ത് മഹാദേവ് എന്ന ചോട്ടാ മഹാദേവും, ബഡാ മഹാദേവും. മഹാവിഷ്ണു മോഹിനി എന്ന അപ്‌സരയുടെ രൂപമെടുത്ത് ബ്രഹ്‌മാസുരന്‍ എന്ന രാക്ഷസനെ വധിച്ച സ്ഥലമാണ് ബഡാ മഹാദേവ് എന്നും സ്ഥാനീയര്‍ വിശ്വസിക്കുന്നുണ്ട്. ഈ ഗുഹയില്‍ നിന്ന് വെള്ളം തുടര്‍ച്ചയായി ഒഴുകുകയും ഒരു വിശുദ്ധ കുളം രൂപപ്പെടുകയും ചെയ്യുന്നു. ഈ കുളത്തില്‍ കുളിച്ചാല്‍ പാപങ്ങള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം!

അവിടെനിന്നും നടക്കാനുള്ള ചെറിയ ദൂരത്തില്‍ തന്നെയാണ് ചോട്ടാ മഹാദേവ്. നേരിയതും ഇടുങ്ങിയതുമായ 40 അടി ഗുഹ. ഒരേസമയം അഞ്ചോ ആറോ പേരെ മാത്രമേ അതിനുള്ളില്‍ അനുവദിക്കുകയുള്ളൂ. പുരാണമനുസരിച്ച് ഭസ്മാസുരനില്‍ നിന്നും ഒളിക്കാനാണ് ശിവന്‍ ഇവിടെയും താമസിച്ചിരുന്നത് എന്നാണ് വിശ്വാസം. ഈ സ്ഥലം വിനോദസഞ്ചാരികളുടെ വലിയ ആകര്‍ഷണവും യോഗികള്‍ക്കും ആത്മീയര്‍ക്കും ഒരു ധ്യാനകേന്ദ്രവുമാണ്.

സൂര്യാസ്തമയം കാണാനുള്ള ഒരു ജനപ്രിയ സ്ഥലമാണ് ധൂബ്ഗഡ്. പഞ്ചമടിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് അത്. പല സമയങ്ങളിലായി ഈ സ്ഥലങ്ങളൊക്കെ പോയി കണ്ടു. പക്ഷേ എവിടെ പോയാലും കുരങ്ങന്മാരെക്കൊണ്ടുള്ള ബുദ്ധിമുട്ട് വളരെ കൂടുതലായിരുന്നു. മുമ്പ് ഡ്രൈവറെ കൂടെക്കൂട്ടിയിരുന്ന ഞാന്‍ ഇപ്പോള്‍ പല സ്ഥലങ്ങളിലും ഒറ്റക്ക് തന്നെയാണ് കാര്‍ ഓടിച്ചുപോകുന്നത്.
     
സെന്റര്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ ഗുമ്മന്‍ മേജര്‍ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം കിട്ടി ഡല്‍ഹിയിലേക്ക് പോയി. ശക്തനായ സര്‍ദാര്‍ജിക്ക് പകരംവന്ന സൗമ്യനായ മലയാളി ബ്രിഗേഡിയര്‍ നായര്‍ സെന്റര്‍ കമാന്‍ഡന്റ് ആയി ചുമതല ഏറ്റെടുത്തു. തൊഴില്‍ സംബന്ധമായി എനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി തന്ന ഒരു പോസ്റ്റിങ്ങ് ആയിരുന്നു ഇവിടത്തേത്. ബസ്സ്, കാര്‍, ജിപ്‌സി തുടങ്ങിയ പഴയ 50 ശതമാനത്തോളം വണ്ടികള്‍ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച്, അതിനെ വേണ്ട സ്ഥലങ്ങളില്‍ നിക്ഷേപിച്ച് പുതിയ വണ്ടികള്‍ വരുത്തിച്ചു. 

ഓഫീസര്‍മാരുടെയും ജവാന്മാരുടെയും റേഷന്റെ കാര്യത്തില്‍ വലിയ ഒരു മാറ്റംതന്നെ വരുത്താന്‍ സാധിച്ചു. ഓരോ യൂണിറ്റിനും അവകാശപ്പെട്ട സാധനങ്ങളുടെ പട്ടികയുണ്ട്. അത് ഓരോ 5 കൊല്ലത്തിലും ആവശ്യത്തിനനുസരിച്ച് പുതുക്കണം. ഞാന്‍ പഞ്ചമടിയില്‍ ഉള്ള സമയത്താണ് അങ്ങനെയുള്ള ഒരു അവസരം വന്നത്. ആവശ്യമില്ലാത്ത പഴയ പല സാധനങ്ങളും എടുത്തുകളയുകയും പുതുതായി കുറെയധികം സാധനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതിനായി രണ്ടുതവണ ഡല്‍ഹിയിലും പോകേണ്ടി വന്നിരുന്നു. എന്റെ അധികാരപരിധിയിലുള്ള എല്ലാ കാര്യങ്ങളും മെച്ചപ്പെടുത്തിവരുമ്പോഴേക്കും അവിടുത്തെ കാലാവധി കഴിഞ്ഞു.

പ്രതീക്ഷിച്ചതുപോലെ തന്നെ അവിടുന്നുള്ള മാറ്റത്തിന്റെ ഉത്തരവ് വന്നു. എനിക്ക് പകരം വരുന്നത് എന്റെ കൂടെത്തന്നെ കമ്മീഷന്‍ എടുത്ത കൂര്‍ഗ്കാരനായ മേജര്‍ ബലിയപ്പയാണ്. പഞ്ചാബില്‍ നിന്നും വന്ന എനിക്ക് പോകേണ്ടത് പഞ്ചാബിലേക്ക് തന്നെ. ഏഷ്യയിലെ ഏറ്റവും വലിയ സൈനികതാവളങ്ങളില്‍ ഒന്നായ മാമുന്‍ കേന്റ്. 17-18 നൂറ്റാണ്ടില്‍ രജപുത്ര ഭരണാധികള്‍ ഭരിച്ച ഈ പ്രദേശം ലോകപ്രശസ്തമാണ്. ഞാന്‍ മുമ്പ് ഉണ്ടായിരുന്ന കട്ടുവ എന്ന സ്ഥലത്ത് നിന്ന് 30 കിലോമീറ്റര്‍ പിറകിലാണ്. പക്ഷേ കട്ടുവ ജമ്മുവില്‍ ആണെങ്കില്‍ മാമുന്‍ കേന്റ് പഞ്ചാബിലാണ്. കട്ടുവയില്‍ ഉണ്ടായിരുന്നപ്പോള്‍ അവിടെയൊക്കെ പോയതുകൊണ്ട് ഒരു പുതുമ തോന്നിയില്ല. പക്ഷേ ഇനി പോകുന്നത് ആര്‍മിയുടെ മറ്റൊരു വിഭാഗത്തിലേക്ക്. ആര്‍മഡ് റെജിമെന്റ് എന്ന പാറ്റണ്‍ ടാങ്കുകളുടെയും റഷ്യന്‍ ടാങ്കുകളുടെയും ലോകത്തേക്ക്.

ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

പഞ്ചമടിയിലെ എല്ലാ സ്ഥലങ്ങളും കണ്ടുകഴിഞ്ഞതാണ്. കൂടാതെ അവിടെനിന്ന് ലീവെടുത്ത് ജബല്‍പൂര്‍, അലഹബാദ്, കാശി എന്ന് വിളിക്കുന്ന വാരണാസി, ബോംബെ എന്നീ സ്ഥലങ്ങളൊക്കെ കുടുംബസമേതം പോയി കണ്ടതാണ്. പക്ഷേ മധ്യപ്രദേശ് വിട്ട് പോകുന്നതിന് മുമ്പായി് ഇവിടുത്തെ ഖജുരാഹോ ക്ഷേത്രങ്ങള്‍ കണ്ടില്ലെങ്കില്‍ അത് വലിയൊരു നഷ്ടമാവും എന്ന് തോന്നി. കുട്ടികളെ കൂട്ടി പോകാന്‍ പറ്റാത്തതായി തോന്നിയതുകൊണ്ട് ഇതുവരെ അവിടെ പോയിരുന്നില്ല. സ്‌കൂള്‍ വെക്കേഷന്‍ സമയത്ത് ആയിരുന്നു ഈ പോസ്റ്റിങ്ങ്. അതുകൊണ്ടുതന്നെ ഞാന്‍ നയതന്ത്രപരമായ ഒരു തീരുമാനമെടുത്തു. 

എല്ലാവര്‍ഷവും സ്‌കൂള്‍ അവധി സമയത്താണ് നാട്ടില്‍ പോകാറുള്ളത്. ഇത്തവണ പോസ്റ്റിങ്ങിന്റെ തയ്യാറെടുപ്പുകൊണ്ട് നാട്ടില്‍ പോകാന്‍ പറ്റിയില്ല. അതുകൊണ്ട് സുധയെയും കുട്ടികളെയും നാട്ടിലേക്ക് വിടാന്‍ തീരുമാനിച്ചു. ഞാന്‍ നേരെ മാമുന്‍ കേന്റിലേക്കും. ഞങ്ങള്‍ ഒരു ടാക്‌സി എടുത്ത് ഇറ്റാര്‍സിവരെ വന്നു. സുധയെയും മക്കളെയും  നാട്ടിലേക്കുള്ള ട്രെയിനില്‍ കയറ്റിവിട്ടു. ഞാന്‍ പോകുന്ന വഴിക്ക് ഖജുരാഹോ ക്ഷേത്രങ്ങള്‍ കണ്ട് പുതിയ യൂണിറ്റിലേക്ക് പോകുന്ന വിധത്തില്‍ പ്ലാന്‍ ചെയ്തു. ഏതായാലും 'ബ്രേക്ക് ജേര്‍ണി' എന്ന് പറയുന്ന ഒരു യൂണിറ്റില്‍ നിന്നും മറ്റൊന്നിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയിലുള്ള സമയമുണ്ട്.

വളരെ പഴയ ക്ഷേത്രങ്ങള്‍. ചണ്ടേല രാജവംശക്കാര്‍ എ.ഡി. 885നും 1000നും ഇടയില്‍ നിര്‍മിച്ച ക്ഷേത്രങ്ങളാണ്. ചരിത്രരേഖകള്‍ പ്രകാരം 85 ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ 25 എണ്ണം മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നും പറയുന്നു. ഖജുരാഹോ ക്ഷേത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികളുണ്ട്. അതില്‍ കൂടുതലും ക്ഷേത്രത്തിനകത്തും പുറത്തും ലൈംഗികമായ കലകളാണ്. ചിലയിടങ്ങളില്‍ ശൃംഗാര കൊത്തുപണികള്‍ ഉണ്ട്. കാമത്തെ മനുഷ്യജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമായി കണക്കാക്കുന്ന ഹൈന്ദവപാരമ്പര്യത്തിന്റെ ഭാഗമാണ് ശൃംഗാര കലകള്‍ എന്നും അതിന്റെ പ്രതീകാത്മകമായ അല്ലെങ്കില്‍ വ്യക്തമായ പ്രദര്‍ശനം ഹിന്ദു ക്ഷേത്രങ്ങളില്‍ സാധാരണമാണെന്നും പണ്ഡിതന്മാര്‍ പറയുന്നു. 

ഇത്രയും കൊത്തുപണികളുള്ള ക്ഷേത്രങ്ങള്‍ ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഏതായാലും ഞാനെടുത്ത തീരുമാനം നല്ലതുതന്നെ എന്ന് തോന്നി. ഇപ്പോള്‍ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് ഏതുസമയത്തും മറ്റുള്ളവരുമായി ബന്ധപ്പെടാനും സൗകര്യമുണ്ടല്ലോ. ഏതായാലും ഇതുവരെ കാണാത്ത ആര്‍മഡ് റെജിമെന്റിനെയും ചുറ്റുപാടുകളെയും, മനസ്സില്‍ സ്വയം നിര്‍മിച്ചടുത്ത ചിത്രവുമായി എന്നെയുംകൊണ്ടുള്ള ട്രെയിന്‍ സ്റ്റേഷനിലെ പച്ചക്കൊടി നല്‍കിയ അനുവാദവുമായി പഞ്ചാബിന്റെ മണ്ണ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. 

(തുടരും)