പഞ്ചാബ് മെയില്‍ മൂന്നാം ദിവസം ഞങ്ങളെ ഫിറോസ്പൂരില്‍ കൊണ്ടെത്തിച്ചു. ഇത്തവണ കുടുംബസമേതം തന്നെയാണ് പോയത്. അതിനുള്ള അനുവാദം എഴുത്ത് മുഖാന്തരം ആദ്യമേ വാങ്ങിയിരുന്നു. ഏതൊരു പുതിയ യൂണിറ്റിലേക്ക് പോകുമ്പോഴും അവിടുത്തെ കമാന്‍ഡിങ് ഓഫീസര്‍ക്ക് ഔദ്യോഗികമായി ഒരു കത്തെഴുതും. അതില്‍ ഒരു സ്വയം പരിചയപ്പെടുത്തല്‍ ഉണ്ടായിരിക്കും. പുതുതായി വീട് കിട്ടുന്നത് വരെ ഓഫീസര്‍ മെസ്സിലെ ഗസ്റ്റ് റൂമില്‍ താമസസൗകര്യം ഒരുക്കും.

To advertise here,

രാവിലെ അഞ്ചുമണിക്കാണ് ഫിറോസ്പൂര്‍ കണ്ടോണ്‍മെന്റില്‍ ചെന്നിറങ്ങിയത്. പ്രകാശഭരിതമായ വലിയൊരു നഗരത്തില്‍ നിന്നും മങ്ങിയ വെളിച്ചം മാത്രമുള്ള മറ്റൊരു സ്ഥലത്തേക്ക്. അതിര്‍ത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ അവിടെയൊക്കെ കൂടുതല്‍ പ്രകാശഭരിതമാക്കുന്നത് ഉചിതമല്ല. എവിടെ നോക്കിയാലും ഒരു അതിര്‍ത്തി നഗരത്തിന്റെ തോന്നല്‍ വരുന്നുണ്ടായിരുന്നു.

ഞങ്ങളെ സ്വീകരിക്കാന്‍ മലയാളിയായ ക്യാപ്റ്റന്‍ അര്‍ജുന്‍ സ്റ്റേഷനില്‍ വന്നിരുന്നു. റെജിമെന്റ് രാജസ്ഥാനില്‍ ക്യാമ്പിന് പോയിരിക്കുകയാണെന്നും ഇവിടെ ക്യാപ്റ്റന്‍ അര്‍ജുനും കുറച്ച് റിയര്‍ പാര്‍ട്ടിയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. എന്റെ സാധനങ്ങള്‍ കയറ്റിയ ട്രക്ക് അവിടെ എത്തി എന്നും സാധനങ്ങളൊക്കെ ഇറക്കി ഭദ്രമായി വച്ചിട്ടുണ്ട് എന്നും ഉണങ്ങി തുടങ്ങിയ പൂച്ചെട്ടികളില്‍ വെള്ളം ഒഴിച്ചിട്ടുണ്ട് എന്നും ഒക്കെ ബാറ്ററി ഹവില്‍ദാര്‍ മേജര്‍ അറിയിച്ചു. അപരിചിതമായ വഴികളിലൂടെ ഞങ്ങളെയും വഹിച്ചുകൊണ്ടുള്ള ജോങ്ക ഗസ്റ്റ് റൂമിലേക്ക് തിരിച്ചു.

ആര്‍ട്ടിലറി യൂണിറ്റുകള്‍ക്കിടയില്‍ പേരെടുക്കപ്പെട്ട യൂണിറ്റുകളില്‍ ഒന്നാണിത്. രണ്ട് യുദ്ധ ബഹുമതികള്‍ നേടിയിട്ടുണ്ട്. സിഖ് മതക്കാര്‍ മാത്രമടങ്ങിയ ഒരു യൂണിറ്റ് ആണിത്. പാചകക്കാരും, തൂപ്പുകാരും, ക്ലര്‍ക്കുമാരുമൊക്കെയായി ചിലര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുണ്ടാകും. സിഖ് മതക്കാരുടെ ആരാധനാലയമായ ഗുരുദ്വാരയും അവരുടെ മത ഗുരുവായ ഗ്രന്ഥിയും ഉണ്ട്. ഒരു യൂണിറ്റില്‍ 30 ശതമാനമോ മറ്റോ ഒരു പ്രത്യേക മതത്തില്‍പ്പെട്ടവര്‍ ഉണ്ടെങ്കില്‍ ആ മതത്തിന്റെ ആരാധനാലയവും അതിന്റെ കാര്‍മികത്വം  വഹിക്കുന്നതിന് അവരുടെ മത ഗുരുക്കന്മാരും ഉണ്ടാകും. അങ്ങനെ ആര്‍മിയില്‍ പൂജാരികള്‍ക്ക് പുറമേ ജെ.സി.ഒ. റാങ്കിലുള്ള ഗ്രന്ഥിമാരും, പാസ്റ്റര്‍മാരും, ഇമാംമാരും ഒക്കെ ഉണ്ട്. മിക്കവാറും ട്രെയിനിങ്ങ് സെന്ററുകളില്‍ ആയിരിക്കും ഇവര്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. 

സിഖ്കാരുടെ സംസ്‌കാരവുമായി പെട്ടെന്ന് തന്നെ ഇഴകി ചേര്‍ന്നു. അവരുടെ ഗുരുദ്വാരയില്‍ പോകുമ്പോഴൊക്കെ എന്തെങ്കിലും തുണികൊണ്ട് തല മറക്കണമായിരുന്നു. മലയാളിയായ ഒരു ഓഫീസര്‍ അവരോട് പഞ്ചാബിയില്‍ സംസാരിക്കുമ്പോള്‍ അവര്‍ സ്നേഹത്തോടും കൗതുകത്തോടുംകൂടി നോക്കുമായിരുന്നു. ഫിറോസ്പൂര്‍ എന്നുപറയുന്ന സ്ഥലത്തെപ്പറ്റിയും കുറച്ച് പറയാം. തുഗ്ലക്ക് രാജവംശത്തിന്റെ ഭരണാധികാരി ആയിരുന്ന ഫിറോസ് ഷാ തുഗ്ലക്കിന്റെ പേരിലറിയപ്പെട്ട ഈ നഗരം സത്ലജ് നദിയുടെ തീരത്താണ്. ഇവിടുന്ന് 10 കിലോമീറ്റര്‍ പോയി കഴിഞ്ഞാല്‍ ഹുസൈന്‍ വാല എന്ന ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയാണ്. ഇവിടുത്തെ മണ്ണില്‍ കാലുകുത്തുന്ന ഏതൊരു വ്യക്തിയിലും രാജ്യസ്നേഹത്തിന്റെ ഒരു പ്രത്യേക അനുഭൂതി തന്നെ ഉണരും. 

നമുക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി തരാനുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷുകാരാല്‍ തൂക്കിലേറ്റപ്പെട്ട വെറും 23 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നു ശഹീദ് ഭഗത് സിങിന്റെയും, ശഹീദ് രാജ്ഗുരുവിന്റെയും ശഹീദ് സുഖ്ദേവ് സിങിന്റെയും ഭൗതികശരീരം സംസ്‌കരിച്ച സ്ഥലം ആയിരുന്നു സത്ലജ് നദിയുടെ തീരത്തുള്ള ഹുസൈന്‍ വാല. ഭഗത് സിങിന്റെ അനുജന്റെ മകന്‍ ഇതിനിടെ ആഗസ്റ്റ് 15-ന് ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ വന്ന് സംസാരിക്കുന്നത് കേട്ടു. അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞ് കേട്ടതാണ്. ലാഹോര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട ഭഗത് സിങിന്റെ ഭൗതികശരീരം ബ്രിട്ടീഷുകാര്‍ കഷണങ്ങളാക്കി ചാക്കില്‍ കെട്ടി ജയിലിന്റെ പിന്‍വശത്തെ മതില്‍ പൊളിച്ച് അതുവഴി കടത്തി കൊണ്ടുവന്ന് ഹുസൈന്‍ വാലയില്‍ സംസ്‌കരിക്കുകയായിരുന്നുവത്രേ. 

ഇന്നിവിടെ ദേശീയ രക്തസാക്ഷി സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ശഹീദ് മേള സംഘടിപ്പിക്കും. അന്നത്തെ കേന്ദ്ര നിയമസഭയില്‍ ബോംബ് വെക്കാന്‍ ഭഗത് സിങിന്റെ കൂടെ ഉണ്ടായിരുന്ന ബതുകേശ്വര്‍ ദത്ത് പിന്നീട് 1965-ല്‍ മരണമടഞ്ഞപ്പോഴും, ഭഗത് സിങിന്റെ അമ്മ വിദ്യാവതിയുടെയും ഭൗതികശരീരം അവരുടെ അന്ത്യാഭിലാഷ പ്രകാരം ഇവിടെ തന്നെയാണ് മറവ് ചെയ്തിരിക്കുന്നത്. 1947-ലെ വിഭജന സമയത്ത് ഇത് പാകിസ്ഥാന്റെ കൈയില്‍ പോയെങ്കിലും പിന്നീട് 12 ഇന്ത്യന്‍ ഗ്രാമങ്ങള്‍ പകരമായി നല്‍കി ആ സ്ഥലം ഞങ്ങള്‍ തിരിച്ചുവാങ്ങി.

ഒരു ദിവസം ഹുസൈന്‍ വാല അതിര്‍ത്തി കാണാന്‍ പോയി. ഇപ്പോള്‍ എന്റെ ഔദ്യോഗിക വാഹനം മാരുതി ജിപ്സിയാണ്. ജിപ്സിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ രക്തം തിളക്കുന്നതായും ശരീരം മുഴുവന്‍ രോമാഞ്ചം കൊള്ളുന്നതുമായി തോന്നി. അതിര്‍ത്തി മുഴുവന്‍ ബി.എസ്.എഫ്.ന്റെ കാവലുണ്ട്. കമ്പിവേലികള്‍ കൊണ്ടും, 'ഡിച്ച് കം ബന്ദ്' എന്ന പ്രതിരോധ സംവിധാനത്താലും അതിര്‍ത്തി മുഴുവന്‍ മറച്ചിട്ടുണ്ട്. ഞാന്‍ ആലോചിക്കുകയായിരുന്നു. നമ്മുടെ നാട്ടിലും ഒരുപാട് രക്തസാക്ഷി മണ്ഡപങ്ങള്‍ ഉണ്ട്. ശഹീദ് ദിനങ്ങള്‍ ആഘോഷിക്കുന്നുണ്ട്. പക്ഷേ അതൊക്കെ ഓരോ പാര്‍ട്ടിക്കാരുടെ കൊടിവെച്ചുകൊണ്ടുള്ള രക്തസാക്ഷി മണ്ഡപങ്ങളാണ്, പാര്‍ട്ടികളുടെ പേരില്‍ അന്യോന്യം കത്തി വെച്ച് രക്തസാക്ഷികള്‍ ആയവര്‍. അതിന്റെ പേരില്‍ മുതലെടുക്കുന്ന ഇന്നത്തെ പാര്‍ട്ടി നേതാക്കന്മാര്‍. എന്നാല്‍ ഇവിടെ കാണുന്നത് നിസ്വാര്‍ത്ഥ രാജ്യസേവനത്തിന്റെ പ്രതീകമാണ്.

placeholder
ചിത്രീകരണം: ബാലു വി.
ചിത്രീകരണം: ബാലു വി.

ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ രണ്ട് സ്ഥലങ്ങളിലാണ് രണ്ട് സൈന്യങ്ങളും ഒന്നിച്ച് 'റിട്രീറ്റ്' അഥവാ പിന്‍വാങ്ങല്‍ പരേഡ് നടത്തുന്നത്. അത് ഒന്ന് അമൃതസറിന് അടുത്ത വാഗാ അത്താരി അതിര്‍ത്തിയിലും മറ്റൊന്ന് ഇവിടെ ഹുസൈന്‍ വാലായിലുമാണ്. ബി.എസ്.എഫ്. ആണ് ഇത് ചെയ്യുന്നത്. അന്നത്തെ റിട്രീറ്റ് പരേഡിന് സാക്ഷ്യംവഹിച്ചാണ് തിരിച്ചുവന്നത്. അതിനിടയില്‍ 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ തീവ്രവാദ ആക്രമണം ഉണ്ടായി. അതുമായി ബന്ധപ്പെട്ട് ഒരു യുദ്ധ സാഹചര്യമുണ്ടാവുകയും ഓപ്പറേഷന്‍ പരാക്രമം എന്ന പേരില്‍ യൂണിറ്റുകള്‍ അതിര്‍ത്തികളിലേക്ക് വിന്യസിക്കാനുള്ള ഉത്തരവ് വരികയും ചെയ്തു. 

നമ്മുടെ ഉത്തരവാദിത്ത മേഖല പഞ്ചാബില്‍ അമൃതസറിന് അടുത്തുള്ള അതിര്‍ത്തി മേഖലയാണ്. ആര്‍മി വണ്ടികള്‍ കോണ്‍വായി ആയി അങ്ങോട്ടേക്ക് പുറപ്പെട്ടു. ഫിറോസ്പൂരില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ. അന്ന് സുധയെ ഡോക്ടറെ കാണിക്കേണ്ട ദിവസമായിരുന്നു. കമാന്‍ഡിങ് ഓഫീസറുടെ ഭാര്യയോട് കാര്യം പറഞ്ഞിട്ട് ഞങ്ങളൊക്കെ അവിടെ നിന്നും മറ്റൊരു യുദ്ധപ്രതീക്ഷയുമായി ഇറങ്ങി. ഇങ്ങനെയുള്ള സമയങ്ങളില്‍ യൂണിറ്റില്‍ താമസിക്കുന്ന എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം നോക്കുക സീനിയര്‍ ഓഫീസര്‍മാരുടെ ഭാര്യമാര്‍ തന്നെയാണ്.

യുദ്ധത്തിന് വേണ്ടുന്ന എല്ലാ തയാറെടുപ്പുകളും തുടങ്ങി. അതിര്‍ത്തികളില്‍ മൈന്‍ വിരിച്ചു. വേണ്ടത്ര വെടിക്കോപ്പുകളും ഇന്ധനങ്ങളും എത്തിച്ചു. പിന്നീട് അവിടുത്തെ വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് കേന്ദ്രത്തില്‍ എന്നെ ഡ്യൂട്ടിക്ക് അയച്ചു. ഫീല്‍ഡ്, മീഡിയം, ബോഫേര്‍സ്, റോക്കറ്റ് തുടങ്ങി എല്ലാ തരത്തില്‍പ്പെട്ട വെടിയുണ്ടകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലം. അതിന്റെ സൂക്ഷിപ്പും, അതുപോലെ യുദ്ധം തുടങ്ങിക്കഴിഞ്ഞാല്‍ യൂണിറ്റുകള്‍ക്ക് വെടിയുണ്ടകള്‍ കണക്കിന് അനുസരിച്ച് നല്‍കുകയും വേണം. പിന്നീട് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവിടെ നിന്നും മാറി. ഞങ്ങളുടെ റെജിമെന്റിന്റെ സംഭരണശാല സ്ഥിതിചെയ്യുന്ന അതിര്‍ത്തിക്കടുത്ത 'തരണ്‍ തരണ്‍' എന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിലാണ് എനിക്ക് പിന്നീട് താമസിക്കാനുള്ള സൗകര്യം കിട്ടിയത്. ഞങ്ങള്‍ ഉണ്ടായിരുന്ന രാജസ്ഥാന്‍ അതിര്‍ത്തിയും പഞ്ചാബ് അതിര്‍ത്തിയും തമ്മില്‍ ഇങ്ങനെ ഒരു വ്യത്യാസമുണ്ട്. ഇവിടെ ജനസാന്ദ്രത കൂടുതലുള്ള സ്ഥലമാണ്. അമൃതസറില്‍ നിന്നും 22 കിലോമീറ്റര്‍ ആണ് ദൂരം. അതിനടുത്ത ഖേമ്കരണ്‍ സെക്ടറിലാണ് ഓഫീസുള്ളത്.

ഒരു ദിവസം വൈകുന്നേരം അവിടെനിന്നും ഓഫീസിലേക്ക് നടന്നുപോകുമ്പോള്‍ താടി നീട്ടി വളര്‍ത്തിയ പരിചയമായ ഒരു മുഖം കണ്ടു. അത് മുമ്പ് എന്റെ റോക്കറ്റ് റെജിമെന്റില്‍ ഉണ്ടായിരുന്ന ഒരു സുബേദാര്‍ ബിയന്ത് സിങ് ആയിരുന്നു. അദ്ദേഹത്തിന്റെ ജന്മദേശം ആണ് അത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്‍ഷന്‍ വന്നതാണ്. വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായി കണ്ടതിലുള്ള സന്തോഷവും അതോടൊപ്പം പരിചയവും പുതുക്കി. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഈ മണ്ണിലൂടെ നടക്കുമ്പോള്‍ തന്നെ കാലിന് ഒരു തരിപ്പാണ്. ലോകംകണ്ട ഏറ്റവും വലിയ ടാങ്ക് യുദ്ധങ്ങളില്‍ ഒന്നായ 1965-ലെ അസല്‍ ഉത്തര്‍ യുദ്ധം എന്നറിയപ്പെടുന്ന ഇന്ത്യ പാക്ക് യുദ്ധം നടന്ന ഖേമ്കരണ്‍ സെക്ടര്‍. ആന്റി ടാങ്ക് ജീപ്പ് മാത്രം ഉപയോഗിച്ചുകൊണ്ട് 8 പാകിസ്ഥാന്‍ പാറ്റേണ്‍ ടാങ്കുകളെ നശിപ്പിക്കുകയും ഒമ്പതാമത്തേതിനെ നശിപ്പിക്കുന്നതിനിടയില്‍ വീരമൃത്യു  പ്രാപിക്കുകയും ചെയ്ത കമ്പനി ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിനെ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. 

പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്ര നല്‍കി ആദരിച്ച അദ്ദേഹത്തിന്റെ സ്മാരകം ഇവിടെ കാണാം. വിഭജനത്തിന് മുമ്പൊക്കെ തരണ്‍ തരണില്‍ നിന്നും ഫിറോസ്പൂരിലേക്ക് പോകാന്‍ വളരെ എളുപ്പമായിരുന്നു. ഇന്ന് അതിനിടയിലുള്ള പല സ്ഥലങ്ങളും പാകിസ്ഥാന്റെ കൈയിലാണ്. അതുകൊണ്ടുതന്നെ തരണ്‍ ഇപ്പോള്‍ ഒരു ഒറ്റപ്പെട്ട ഗ്രാമം പോലെയാണ്. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ ഇതുവരെയും റെയില്‍ ഗതാഗതം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിര്‍ത്തിയിലെ അത്താരി റെയില്‍വേ സ്റ്റേഷന്‍. എവിടെ നിന്ന് നോക്കിയാലും കമ്പിവേലികള്‍ മാത്രം കാണുന്ന റെയില്‍വേ സ്റ്റേഷനുകള്‍. നമ്മുടെ നാട്ടിലെ ടോള്‍ ബൂത്ത് പോലെയുള്ള പരിശോധനാ കേന്ദ്രങ്ങള്‍. അപ്പുറത്തുള്ളത് വാഗാ സ്റ്റേഷന്‍. പാസ്പോര്‍ട്ട്, വിസ മുതല്‍ എല്ലാ ചെക്കിങ്ങും അവിടെയാണ് നടക്കുക.

സുധയും കുട്ടികളും ഫിറോസ്പൂരില്‍ തന്നെയായിരുന്നു. അതിര്‍ത്തിക്ക് അടുത്ത പ്രദേശമായതുകൊണ്ട് അവിടെയും വീടുകളില്‍ 'ബംഗര്‍' കുഴിച്ചിട്ടുണ്ടായിരുന്നു. വേണ്ടിവന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി ആയിരുന്നു ഈ ബംഗറുകള്‍. പലപ്പോഴൊക്കെ ഞങ്ങള്‍ ഓരോ ഓഫീസര്‍ ആയിട്ട് അങ്ങോട്ടേക്ക് പോകാറുണ്ടായിരുന്നു. അവിടെ റിയര്‍ പാര്‍ട്ടിയില്‍ ഉള്ള ജവാന്മാരുടെയും അവരുടെ ഫാമിലിയുടെയും ക്ഷേമം നോക്കണം. ഇങ്ങനെ വരുന്ന സമയത്തും പലപ്പോഴും നമ്മുടെ വണ്ടി ഞാന്‍ തന്നെയായിരുന്നു ഓടിക്കാറുള്ളത്. ഇപ്പോള്‍ കൈക്കും പണ്ടത്തെക്കാള്‍ ബലം ഉണ്ട്. സല്യൂട്ടും ഞാന്‍ ഇപ്പോള്‍ വലതുകൈകൊണ്ട് തന്നെയാണ് ചെയ്യാറ്. ഞാനും സുധയും ഡ്രൈവിംഗ് പഠിച്ച സ്ഥിതിക്ക് ഇനി ഒരു കാര്‍ വാങ്ങാം എന്ന് തന്നെ തീരുമാനിച്ചു. കൂടാതെ ഓഫീസര്‍ ആയിട്ട് അഞ്ചാമത്തെ വര്‍ഷവും ആവുകയാണ്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി പലപ്പോഴും ആര്‍മി വണ്ടി വിളിക്കുന്നത് ഉചിതമായി തോന്നിയില്ല.

സ്വന്തം വണ്ടി ഉപയോഗിക്കുന്നവര്‍ക്ക് 'ട്രാവലിംഗ് അലവന്‍സും' കിട്ടും. ഞാന്‍ ഇതുവരെ അതിന് അര്‍ഹനായിരുന്നില്ല. ആര്‍മി സി.എസ്.ഡി. വഴി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ നമുക്ക്  നികുതി ഇളവുണ്ട്. കാന്റീന്‍ വഴി പുതിയ മാരുതി കാറിനായി അപേക്ഷിച്ചു. പക്ഷേ ഫിറോസ്പൂരില്‍ ഏജന്‍സി ഇല്ലാത്തത് കാരണം ബട്ടിണ്ടയില്‍ പോയിട്ടാണ് കാര്‍ വാങ്ങിയത്. അങ്ങനെ മറ്റൊരു ചിരകാല സ്വപ്നം കൂടി പൂര്‍ണമായി. പോകുമ്പോള്‍ ഞാനും ഡ്രൈവറും കൂടിയാണ് പോയത്. തിരിച്ചുവരുമ്പോള്‍ എന്റെ മാരുതി കാര്‍ ഞാന്‍ തന്നെ ഒറ്റയ്ക്ക് ഓടിച്ചു വന്നു. ആര്‍മി വണ്ടികള്‍ ഓടിച്ച പരിചയമേ ഉള്ളൂ. ആദ്യമായിട്ട് ഒരു കാറിന്റെ  ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത്  സ്വന്തം കാറിലാണ് എന്നതിന്റെ അഭിമാനം തോന്നി. സ്‌കൂട്ടര്‍ പഠിച്ച സമയത്തും സ്വന്തം സ്‌കൂട്ടറിലാണ് ആദ്യമായി കയറിയത്.

placeholder
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.)
ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.)
| Photo: Special arrangement

അങ്ങനെ 100 കിലോമീറ്റര്‍ ഓടിച്ച് വന്നപ്പോഴേക്കും ഒരു തികഞ്ഞ ഡ്രൈവറായി മാറി. ചെറിയ വേഗതയില്‍ ബട്ടിണ്ടയില്‍ നിന്നും പുറപ്പെട്ട കാര്‍ ഫിറോസ്പൂരില്‍ എത്തുമ്പോഴേക്കും നല്ല വേഗതയില്‍ ആയിരുന്നു. എന്റെ പിന്നില്‍ തന്നെ, പോയ വണ്ടിയുമായി ഡ്രൈവര്‍ കൂടെയുണ്ടായിരുന്നു. രാത്രി എല്ലാ ഓഫീസര്‍മാരുടെയും വീട്ടില്‍ പുതിയ കാറുമായി പോയി അവര്‍ക്കൊക്കെ മധുരപലഹാരങ്ങള്‍ കൊടുത്തു. പിറ്റേന്ന് കാലത്ത് തന്നെ ഓപ്പറേഷന്‍ മേഖലയില്‍ തിരിച്ചുപോകേണ്ടതുണ്ടായിരുന്നു.

ഓപ്പറേഷന്‍ വിജയ് പോലെ തന്നെ ഓപ്പറേഷന്‍ പരാക്രമവും ഒരു തീരുമാനവും ഇല്ലാതെ ഇങ്ങനെ നീണ്ടുപോയി. പിരിമുറുക്കത്തിന് കുറച്ച് അയവ് വന്നപ്പോള്‍ ഓരോരുത്തരെയായി ലീവിന് വിടാന്‍ തുടങ്ങി. അങ്ങനെ ഞാനും കുടുംബസമേതം നാട്ടിലേക്ക് തിരിച്ചു. അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പ്രശ്നങ്ങള്‍ കൂടിയപ്പോള്‍ എനിക്ക് തിരിച്ചുപോകാനായി ടെലഗ്രാം വന്നു. സുധയേയും കുട്ടികളെയും നാട്ടില്‍ തന്നെ ആക്കി ഞാന്‍ വീണ്ടും യുദ്ധസ്ഥലത്തേക്ക് തിരിച്ചു. കലക്ടറുടെ ഓഫീസില്‍  പോയി കാര്യങ്ങള്‍ പറഞ്ഞ് പിറ്റേന്നുള്ള ഡല്‍ഹി രാജധാനിയില്‍ ഒരു സീറ്റ് ഉറപ്പിച്ചു. അതും ഒരു അനുഭവമായിരുന്നു. രാവിലെ അഞ്ചുമണിക്കോ മറ്റോ ആയിരുന്നു കണ്ണൂരില്‍ നിന്നും ട്രെയിന്‍. അതിനനുസരിച്ച് അലാറംവെച്ച ക്ലോക്ക് എന്തുകൊണ്ടോ രാവിലെ ശബ്ദിച്ചില്ല.

പെട്ടെന്ന് ഉറക്കം ഞെട്ടിയപ്പോള്‍, വണ്ടി വരാന്‍ ഇനി അരമണിക്കൂര്‍ പോലുമില്ല. വീട്ടില്‍ നിന്ന് സ്റ്റേഷനിലേക്ക് ഏകദേശം അരമണിക്കൂര്‍ എടുക്കും. എന്റെ നാട്ടിലുള്ള സ്‌കൂട്ടറില്‍ അനിയന്‍ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ ആയിരുന്നു പദ്ധതി. അന്ന് കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ജ്യേഷ്ഠന്‍ റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. കിട്ടിയ സാധനവും എടുത്ത് ഒരു ബാഗിലാക്കി സ്‌കൂട്ടറിന്റെ പിന്നില്‍ ഞാന്‍ അനിയനെ അമര്‍ത്തി പിടിച്ചുകൊണ്ടിരുന്നു. ഒന്നും നോക്കാതെ പരമാവധി വേഗതയില്‍ അവന്‍ സ്‌കൂട്ടര്‍ ഓടിച്ചു. സ്റ്റേഷനില്‍ നിന്നും ജ്യേഷ്ഠന്‍ വേവലാതിപ്പെടുകയായിരുന്നു. അന്യോന്യം ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും വണ്ടി സ്റ്റേഷനില്‍ വന്നു നില്‍ക്കുന്നുണ്ടായിരുന്നു. പ്ലാറ്റ്ഫോമിലൂടെ ഓടിക്കൊണ്ട് തന്നെ ഞാന്‍ ട്രെയിനില്‍ കയറി. എന്നെ കാത്തുനിന്നതുപോലെ ട്രെയിന്‍ അപ്പോള്‍ തന്നെ പുറപ്പെട്ടു. അന്നത്തെ അതിവേഗതിയിലുള്ള സ്‌കൂട്ടര്‍ ഓട്ടത്തില്‍ പലപ്പോഴും സ്‌കൂട്ടറിന്റെ ബാലന്‍സ് തെറ്റിപ്പോയിട്ടുണ്ടായിരുന്നു എന്ന് പിന്നീട് ഒരിക്കല്‍ അനിയന്‍ രഞ്ജിത്ത് പറഞ്ഞു.    

ഡല്‍ഹിയില്‍ നിന്നും അമൃതസര്‍ലേക്കുള്ള റിസര്‍വേഷന്‍ ഇല്ലായിരുന്നു. ട്രെയിനില്‍ കയറിയിട്ട് ടി.ടി.ഇ.യോട് കാര്യം പറഞ്ഞു. യുദ്ധഭൂമിയില്‍ നിന്ന് വിളി വന്നതുകാരണം ലീവ് അവസാനിപ്പിച്ച് തിരിച്ച് വിളിപ്പിച്ചതാണ്, അതുകൊണ്ട് എങ്ങനെയെങ്കിലും ഒരു സീറ്റ് തരണമെന്ന് പറഞ്ഞു. എന്റെ കൈയുടെ അവസ്ഥയും കാണിച്ചുകൊടുത്തു. ഏതൊരാള്‍ക്കും സഹതാപം തോന്നുന്ന ഈ ഒരു അവസരത്തില്‍ പോലും അദ്ദേഹം എനിക്ക് സീറ്റ് തരാതെ പൈസ വാങ്ങി മറ്റുള്ളവര്‍ക്ക് സീറ്റ് കൊടുക്കുന്നുണ്ടായിരുന്നു. ഇത്രയും ദയാഹീനരായ ആള്‍ക്കാര്‍ ഉണ്ടല്ലോ എന്ന് ചിന്തിച്ചുപോയി. റെയില്‍വേയില്‍ നിന്നും പലപ്പോഴും മോശമായ അനുഭവമേ ഉണ്ടായിട്ടുള്ളൂ. എന്റെ വികലാംഗത്വം കാരണം റെയില്‍വേയില്‍ നിന്നും ലഭിച്ച ഒരു പാസ് ഉണ്ടായിരുന്നു. ആ പാസ് ഉപയോഗിച്ചാല്‍ 50 ശതമാനം സൗജന്യ നിരക്കില്‍ ഒരു സഹായിയോടുകൂടി യാത്ര ചെയ്യാം. എന്നാല്‍ പലപ്പോഴും ഞാന്‍ ഒറ്റക്കായിരുന്നു യാത്ര ചെയ്തിരുന്നത്. അപ്പോഴൊക്കെ ടി.ടി.ഇ. ഈ പാസില്‍ ഒറ്റയ്ക്ക് പോകാന്‍ പറ്റില്ല എന്ന് പറഞ്ഞ് വഴക്കിടുമായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി എപ്പോള്‍ യുദ്ധത്തിന് ഉത്തരവ് നല്‍കുമെന്ന് കരുതി ഞങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ടി.വി.യില്‍ ആയാലും റേഡിയോയില്‍ ആയാലും ദിവസവും വാര്‍ത്ത കേള്‍ക്കാനായി കാത്തിരിക്കുമായിരുന്നു. യുദ്ധം ഒരിക്കലും നല്ലതല്ല എന്ന് നമുക്കറിയാം. പക്ഷേ പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണം എന്ന് ഞങ്ങളുടെ എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. പശ്ചാത്യ മാധ്യമങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു ആണവയുദ്ധത്തിന്റെ സാധ്യതയും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുമായിരുന്നു ചര്‍ച്ച. പിന്നീട് അന്താരാഷ്ട്ര നയതന്ത്ര മധ്യസ്ഥതയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും അതിര്‍ത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും അങ്ങനെ വലിയൊരു യുദ്ധം ഒഴിവാകുകയും ചെയ്തു.

അതിര്‍ത്തിയില്‍ പിരിമുറുക്കം കുറഞ്ഞെങ്കിലും കുറേ കാലം അവിടെത്തന്നെ കഴിയേണ്ടി വന്നു. എന്റെ റോക്കറ്റ് റെജിമെന്റും അന്ന് അമൃതസര്‍ മേഖലയില്‍ വിന്യസിച്ചിരുന്നു. അതറിഞ്ഞ ഞാന്‍ ഒരു ദിവസം പഴയ ആള്‍ക്കാരെ ഒക്കെ കാണാന്‍ അങ്ങോട്ട് പോയി. ഗേറ്റ് കടക്കുമ്പോള്‍ തന്നെ ആദ്യമായി കണ്ടത് ഗേറ്റില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ഗണ്ണര്‍  മനോഹര്‍ ലാലിനെയാണ്. മനോഹര്‍ലാല്‍ ഇപ്പോള്‍ നായക്ക് ആണ്. അദ്ദേഹം വളരെ സന്തോഷത്തോടുകൂടി എനിക്ക് സല്യൂട്ട് നല്‍കി. ഞങ്ങള്‍ ഒരുമിച്ച് ഒരു ബാരക്കില്‍ കിടന്നുറങ്ങിയവരായിരുന്നു. സുഖവിവരങ്ങള്‍ അന്വേഷിച്ച് ഞാന്‍ വണ്ടി ഉള്ളിലേക്ക് കൊണ്ടുപോയി. 

ഡല്‍ഹിയില്‍ എന്റെ ബാറ്ററി കമാന്‍ഡര്‍ ആയിട്ട് കുറച്ച് കാലം ഉണ്ടായിരുന്ന ഒറീസക്കാരനായിരുന്ന മേജര്‍ പരീതയുടെ മകന്‍ സുമന്‍ പരീത ഇപ്പോള്‍ അവിടെ ലെഫ്റ്റ്നനന്റ് ആയി വന്നിട്ടുണ്ട്. താല്‍ബട്ടില്‍ യൂണിറ്റ് ആദ്യമായി തുടങ്ങിയ സമയത്ത് എന്റെ ആദ്യത്തെ ബാറ്ററി കമാന്‍ഡര്‍ ആയിരുന്ന, എന്നെ ക്ലര്‍ക്കിലേക്ക് മാറാന്‍ സമ്മതിക്കാതിരുന്ന മേജര്‍ ബി.എന്‍. ശര്‍മയുടെ മകന്‍ സഞ്ജീവ് ശര്‍മയും ഇപ്പോള്‍ അവിടുത്തെ ഓഫീസറാണ്. രണ്ടുപേരുടെ അച്ഛന്‍മാരോടും ഞാന്‍ ഓഫീസര്‍ ആയ കാര്യം പറയാന്‍ പറഞ്ഞു. അവരൊക്കെ നമ്മുടെ മുമ്പില്‍ വളര്‍ന്ന കുട്ടികളാണ്. 

അന്ന് അവര്‍ അങ്കിളെന്നും ഭയ്യാ എന്നും വിളിച്ചു നടന്നിരുന്ന ജവാന്മാരെ ഓഫീസര്‍ ആയി വന്നതിനുശേഷവും അറിയാതെ പലപ്പോഴും അങ്ങനെ തന്നെ വിളിച്ചുപോയിട്ടുണ്ട്. ഞാന്‍ എന്റെ ബാറ്ററിയുടെ 'ഗണ്‍ ഏരിയയില്‍' പോയി. എന്റെ ജിപ്സി ഗണ്ണിന്റെ ഒരു സൈഡില്‍ പാര്‍ക്ക് ചെയ്ത് ഞാന്‍ ജവാന്മാരുടെ കൂട്ടത്തിലേക്ക് പോയി. എന്റെ കൂടെ മുമ്പുണ്ടായിരുന്ന എല്ലാവരെയും കണ്ടു. പലര്‍ക്കും പ്രമോഷന്‍ ആയിട്ടുണ്ട്. ഞാന്‍ ഇന്ന് ഈ നിലയില്‍ എത്താന്‍ ചെയ്ത അധ്വാനം അവരൊക്കെ കണ്ടതാണ്. എന്റെ ഈ ഉയര്‍ച്ചയില്‍ അവരൊക്കെ അഭിമാനിച്ചു. പുതുതായി ചേര്‍ന്ന ജവാന്മാരെ എനിക്ക് പരിചയപ്പെടുത്തി.

ഞാന്‍ ജലന്ധറില്‍ നിന്നും ഓഫീസര്‍ സെലക്ഷന്‍ ആയി പോകുന്ന സമയത്ത് അവിടെ പുതുതായി വന്ന തമിഴ്നാട്ടുകാരനായ ഒരു സെക്കന്റ് ലെഫ്റ്റനന്റ് മുരുകന്‍ ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ആര്‍മി പരിസ്ഥിതിയുമായി പൊരുത്തപ്പെട്ട് പോകാന്‍ അദ്ദേഹത്തിന് വലിയ പ്രയാസമായിരുന്നു. ഇന്ന് കല്യാണമൊക്കെ കഴിച്ച് അദ്ദേഹം ഭാര്യയെ കുറച്ച് ദിവസത്തേക്ക് അമൃതസറില്‍ കൂട്ടിവന്നിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ കീഴില്‍ ജവാന്‍ ആയിരുന്ന ഞാന്‍, ഇന്ന് അദ്ദേഹത്തോടൊപ്പം തന്നെ ക്യാപ്റ്റനാണ്. ഒരു ദിവസം ഞങ്ങള്‍ കുടുംബസമേതം, അവരുടെ കൂടെ അത്താരി വാഗ ബോര്‍ഡറിലെ റിട്രീറ്റ് ഡ്രില്‍ കാണാന്‍ പോയി. 

ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ, ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ രണ്ട് സ്ഥലങ്ങളില്‍ ആണ് റിട്രീറ്റ് ഡ്രില്‍ ഉള്ളത്. ഹുസൈന്‍ വാല അതിര്‍ത്തിയിലെ ഡ്രില്‍ ഞാന്‍ മുമ്പ് കണ്ടതാണ്. രണ്ടാമത്തേത് ഇവിടെയുള്ള അത്താരി വാഗാ ബോര്‍ഡര്‍ എന്ന് പറയുന്ന സ്ഥലമാണ്. ആദ്യം പറഞ്ഞ സ്ഥലത്തെ ബോര്‍ഡര്‍ ഡ്രില്‍ കാണാന്‍ പൊതുവേ സ്ഥാനിയര്‍ മാത്രമാണ് ഉണ്ടാകാറ്. എന്നാല്‍ ഇവിടെയാണെങ്കില്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും ഉള്ള ആള്‍ക്കാര്‍ക്ക് പുറമേ വിദേശീയരായ വിനോദസഞ്ചാരികളും ഉണ്ടാകാറുണ്ട്. അടുത്തകാലത്ത് ജമ്മു കാശ്മീരില്‍ തുറന്ന അമന്‍ സേതു എന്ന ഇന്ത്യയെയും പാക്കിസ്ഥാന്‍ അധീന കാശ്മീരിനെയും തമ്മില്‍  ബന്ധിക്കുന്ന 'ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്' ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏക റോഡുമാര്‍ഗം ഇതുതന്നെയാണ്. 

ഇവിടെ റിട്രീറ്റ് ഡ്രില്‍ എന്ന പരേഡ് ചെയ്യുന്നത് ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് എന്ന ബി.എസ്.എഫ്. ഉം പാക്കിസ്ഥാന്റെ റേഞ്ചേഴ്സ് എന്ന സൈന്യവും  ചേര്‍ന്നാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ശൗര്യം കാത്തുകൊണ്ടുള്ള കൊമ്പന്‍ മീശവെച്ച ഭടന്മാരും, ഇസ്തിരി പൊട്ടാത്ത ഡ്രസ്സുകളും. കാല്‍മുട്ടുകള്‍ നെഞ്ചുവരെ ഉയര്‍ത്തിക്കൊണ്ടുള്ള പരേഡുകള്‍. ഇത് കാണുമ്പോള്‍ ഓരോ പൗരന്റെയും ശരീരം രോമാഞ്ചമണിയും. ബാക്കി എല്ലായിടവും ഭദ്രമായി അടച്ച അതിര്‍ത്തിയിലെ ഈ റോഡിന്റെ നടുവിലായി രണ്ടുപേര്‍ക്കും ഓരോ ഗേറ്റുകള്‍ ഉണ്ട്. സൂര്യാസ്തമയ സമയത്ത് രണ്ട് ഭാഗത്തുനിന്നുമുള്ള ഗേറ്റുകള്‍ രണ്ടുപേരുടെയും സൈനികര്‍ തുറന്നുകൊടുക്കും.  സൈനികരുടെ പരേഡിനും റിട്രീറ്റിന്റെ പൈപ്പ് മേളത്തിനും ഇടയില്‍ ഒരേസമയത്ത് രണ്ടുപേരുടെയും ദേശീയ പതാക താഴ്ത്തിക്കെട്ടി കൃത്യമായി മടക്കി രണ്ട് സൈനികരും തമ്മില്‍ ഹസ്തദാനം നല്‍കി പരേഡിന് അന്ത്യം കുറിച്ചുകൊണ്ട് ഗേറ്റുകള്‍ വീണ്ടും അടക്കപ്പെടും. രാജ്യസ്നേഹത്തിന്റെ മാറ്റുരയ്ക്കുന്ന മറ്റൊരു അനുഭവമാണ് ഇവിടെ.

റെജിമെന്റിന്റെ പ്രധാന ഭാഗം അമൃതസറിനടുത്തും റിയര്‍ പാര്‍ട്ടി ഫിറോസ്പൂരിലും ആയതുകൊണ്ട് തന്നെ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര അനിവാര്യമായിരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലുള്ള റോഡ് യാത്ര നല്ല രസമുള്ളതാണ്. റോഡിന്റെ രണ്ടുവശങ്ങളിലും അവരുടെ കൃഷിഭൂമി ആയിരിക്കും. ആര്‍മി വണ്ടികള്‍ പോകുന്നത് കണ്ടാല്‍ അവര്‍ നിര്‍ത്തിയിട്ട് നമുക്ക് കരിമ്പ്, ചോളം എന്നിവയൊക്കെ തരുമായിരുന്നു. പിന്നെ വണ്ടി റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ട് ഇത് പറിച്ചെടുക്കുന്ന പട്ടാളക്കാരും ഉണ്ട്. രാജസ്ഥാനില്‍ ക്യാമ്പിന് പോകുമ്പോള്‍ ഇതുപോലെ തണ്ണിമത്തന്‍ ഒരുപാട് കിട്ടുമായിരുന്നു. ഞങ്ങള്‍ ക്യാമ്പ് ചെയ്യുന്നത് തന്നെ പലപ്പോഴും ഇങ്ങനെയുള്ള കൃഷിഭൂമിക്ക് അടുത്തായിരിക്കും. ഇതുപോലെ, ആദ്യമായി ട്രെയിനിങ്ങ് കഴിഞ്ഞ് ദേവലാലിയില്‍ പോസ്റ്റിങ്ങ് വന്നപ്പോള്‍ എന്നെ റെജിമെന്റിന്റെ ഫുട്ബോള്‍ ടീമില്‍ ചേര്‍ത്തിരുന്നു. രാവിലത്തെ ഓട്ടവും പ്രാക്ടീസും ഒക്കെ കഴിഞ്ഞാല്‍ വരുന്ന വഴിയില്‍ വലിയ പേരക്ക തോട്ടങ്ങളുണ്ട്. അവിടെയും കയറി പേരക്കകളൊക്കെ പറിച്ചുതിന്നുകൊണ്ടാണ് വരവ്. നിഷ്‌കളങ്കമായ മറ്റൊരു കളവ്! 

സെക്കന്തരാബാദില്‍ പോസ്റ്റിങ്ങ് ആയിരുന്ന സമയത്ത് വണ്ടിയുമെടുത്ത് മുന്തിരി തോട്ടങ്ങളില്‍ പോയി അവിടെനിന്നും ഒരു മായവും ചേര്‍ക്കാത്ത പുതിയ മുന്തിരി പെട്ടികള്‍ വാങ്ങിക്കൊണ്ടുവരുമായിരുന്നു. പഞ്ചാബിലും രാജസ്ഥാനിലും ഒക്കെ സൗജന്യമായി തരുന്നത് പോലെ ദക്ഷിണേന്ത്യയില്‍ അതൊന്നും പ്രതീക്ഷിക്കേണ്ട. ഫിറോസ്പൂരിലേക്ക് വരുന്ന വഴിയിലാണ് പഞ്ചാബിലെ പ്രധാന രണ്ട് നദികളായ ബിയാസും സത്ലജും കൂടിച്ചേരുന്ന ഹരിക്കെ എന്ന് പറയുന്ന സ്ഥലം. അവിടെ വലിയ അണക്കെട്ടുകളും മറ്റും ഉണ്ട്. നദിയിലെ വെള്ളം വടക്ക് പടിഞ്ഞാറോട്ട് ഒഴുകി പാക്കിസ്ഥാന്‍ വഴിയാണ് പിന്നീടുള്ള പോക്ക്. ഹരിക്കെയില്‍ നദിയില്‍ നിന്നും പിടിച്ച ഉടനെയുള്ള നല്ല റെഹു മത്സ്യം കിട്ടും. ഫിറോസ്പൂരില്‍ ഇത്ര നല്ല മത്സ്യം കിട്ടാത്തതുകൊണ്ട് തന്നെ അതുവഴി പോകുമ്പോഴൊക്കെ മത്സ്യം വാങ്ങുമായിരുന്നു.

placeholder
പ്രതീകാത്മക ചിത്രം | AP
പ്രതീകാത്മക ചിത്രം | AP

ഏതായാലും പഞ്ചാബിലെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അമൃതസറിലെ ഗോള്‍ഡന്‍ ടെബിളും ജാലിയന്‍വാലാബാഗും കാണാമെന്ന് വിചാരിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആ കറുത്ത അദ്ധ്യായം. 100 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 1919-ലെ പഞ്ചാബികളുടെ ഏറ്റവും വലിയ ആഘോഷദിവസമായ ബൈശാഖി ദിനത്തില്‍ ഗോള്‍ഡന്‍ ടെമ്പിളിന് തൊട്ടടുത്ത ഉദ്യാനമായ ജാലിയന്‍വാലാബാഗില്‍ പ്രതിഷേധത്തിന് ഇരുന്ന നൂറുകണക്കിന് സാധാരണക്കാരെ ബ്രിട്ടീഷ് ബ്രിഗേഡിയര്‍ ജനറല്‍ ഡയറിന്റെ ഉത്തരവ് പ്രകാരം നിറത്തോക്കുകള്‍ കൊണ്ട് കൂട്ടക്കൊല ചെയ്യുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം നൂറുകണക്കിന് ജനങ്ങള്‍ എടുത്തുചാടിയ ആ ഉദ്യാനത്തിലെ കിണറും, വെടിയുണ്ടകളാല്‍ ചിത്രം വരയ്ക്കപ്പെട്ട അവിടുത്തെ ഇഷ്ടിക ചുമരുകളും കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്ന് ഈ സ്വാതന്ത്ര്യം നേടിത്തരാന്‍ ജീവത്യാഗംചെയ്ത ഞങ്ങളുടെ പൂര്‍വികരെ അറിയാതെ സ്മരിച്ചുപോയി. 

ഇന്ന് രാജ്യസ്നേഹം അല്ല. മതസ്നേഹവും പാര്‍ട്ടി സ്നേഹവുമാണ്. രാജ്യത്തിനുവേണ്ടി ബലിയാടാകാന്‍ ഞങ്ങളെപ്പോലെയുള്ള കുറച്ചുപേര്‍ ഉണ്ടല്ലോ. ഇവിടെയും ഞങ്ങളെ സ്‌കൂളില്‍ പഠിപ്പിക്കാത്ത ഒരു ചരിത്രമുണ്ട്. അതാണ് സര്‍ദാര്‍ ഉദ്ധം സിങിന്റേത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയ ജനറല്‍ ഡയറിനെ വര്‍ഷങ്ങള്‍ക്ക് ശേഷം വെടിവെച്ചുകൊന്ന് അതിന്റെ പ്രതികാരം തീര്‍ത്ത കഥ. 1940 മാര്‍ച്ചില്‍ ലണ്ടനിലെ  കാക്സോണ്‍ ഹാളില്‍ ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെയും സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടെയും സംയുക്ത യോഗത്തില്‍ ഉദ്ധം സിംങ് ഒരു റിവോള്‍വറുമായി ഹാളില്‍ പ്രവേശിച്ച് പ്രസംഗവേദിയിലേക്ക് നീങ്ങിയ ജനറല്‍ ഡയറിനെ രണ്ടുതവണ വെടിവച്ചു.

പുസ്തകത്തിനുള്ളിലെ പേജുകള്‍ റിവോള്‍വറിന്റെ ആകൃതിയില്‍ മുറിച്ചെടുത്ത് അതിനുള്ളില്‍ ആയിരുന്നു റിവോള്‍വര്‍ ഒളിപ്പിച്ച് വെച്ചിരുന്നത്. ആ വര്‍ഷം ജൂലായില്‍ തന്നെ ഉദ്ധം സിങിനെ കുറ്റക്കാരന്‍ എന്ന് വിധിച്ച് തൂക്കിലേറ്റി. പിന്നീട് 1974-ല്‍ ഇന്ത്യയില്‍ നിന്നുള്ള ഇടപെടല്‍ കാരണം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ചിതാഭസ്മം 7 കലങ്ങളിലായി വിഭജിച്ച് അതിലൊന്ന് ഇപ്പോഴും ജാലിയന്‍വാലാബാഗിലെ ദേശീയ സ്മാരകത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

ജാലിയന്‍വാലാബാഗിന് അടുത്ത് തന്നെയാണ് ഗോള്‍ഡന്‍ ടെമ്പിള്‍ അഥവാ സുവര്‍ണ്ണമന്ദിര്‍ എന്നറിയപ്പെടുന്ന സിഖ്കാരുടെ ധാര്‍മികസ്ഥലമായ ശ്രീഹര്‍മന്ദിര്‍ സാഹിബ് എന്ന ഗുരുദ്വാര. നാലു വശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന, രണ്ടു നിലകളിലായി നിര്‍മിക്കപ്പെട്ട ഈ സ്വര്‍ണമന്ദിരത്തിന്റെ നിര്‍മാണത്തില്‍ 500 കിലോയിലധികം സ്വര്‍ണം ഉപയോഗിച്ചിട്ടുണ്ട്. വെള്ളത്തില്‍ മുഴുവന്‍ വലിയ മത്സ്യങ്ങളാണ്. ഗുരുവിന്റെ ലങ്കറില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് ദിവസവും ഭക്ഷണം നല്‍കുന്നുണ്ട്. ഇത്രയും പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നുണ്ടെങ്കിലും സ്വാദിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

മുഗളന്‍മാരാലും അഫ്ഗാനികളാലും പലതവണ ആക്രമിക്കപ്പെട്ട ഈ സുവര്‍ണമന്ദിര്‍ വീണ്ടും അതുപോലെതന്നെ പുതുക്കിപ്പണിയേണ്ടി വന്നിരുന്നു. ഇവിടെ നില്‍ക്കുമ്പോള്‍ ജാലിയന്‍വാലാബാഗില്‍ നിന്നുള്ളതിന് വിപരീതമായ ഒരു വികാരമായിരുന്നു. ഇത്രയും പരിശുദ്ധമായ ഒരു ഭൂമിയില്‍ ആയിരുന്നില്ലേ സിഖ് തീവ്രവാദത്തിനെതിരായ ഇന്ത്യന്‍ ആര്‍മിയുടെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്നത്. സ്വന്തം പട്ടാളക്കാരും സ്വന്തം ജനതയും ഒരുപോലെ മരിച്ചുവീണ ആരാധനാലയം. അതുമായി ബന്ധപ്പെട്ട് രാജ്യം എന്തൊക്കെ കണ്ടതാണ്. ഒരുപാട് സിഖ് പട്ടാളക്കാര്‍ അന്ന് ആര്‍മി യൂണിറ്റുകളില്‍ നിന്നും ഒളിച്ചോടി പോയിട്ടുണ്ട്. രാജ്യസ്നേഹത്തിനും മേല്‍ മതസ്നേഹത്തിനുള്ള മറ്റൊരു ഉദാഹരണം. കുറേക്കാലമായി പൂട്ടിക്കിടന്നിരുന്ന ഹൈദരാബാദിലെ ആര്‍മി ജയില്‍ ആ സമയത്താണ് വീണ്ടും തുറക്കേണ്ടി വന്നത്.

ഓപ്പറേഷന്‍ പരാക്രമം കഴിഞ്ഞ് എല്ലാവരും തിരിച്ചെത്തി. എന്റെ റോക്കറ്റ് റെജിമെന്റ് ഇപ്പോഴും ജലന്ധറില്‍ തന്നെയാണ്. ഫിറോസ്പൂരും ജലന്ധറും തൊട്ടടുത്ത ജില്ലകളാണ്. ഇവിടുന്ന് 135 കിലോമീറ്റര്‍ ഉണ്ട്. അതിനിടയില്‍ മകന്‍ ശ്രീരാഗിന് മില്‍ട്രി സ്‌കൂളിലേക്കുള്ള ഒരു പ്രവേശന പരീക്ഷക്കായി ജലന്ധറില്‍ പോകേണ്ടിവന്നു. അവന്റെ നഴ്സറി വിദ്യാഭ്യാസം തുടങ്ങിയത് ഇവിടെ ജലന്തറില്‍വെച്ച് തന്നെയായിരുന്നു. ലെഫ്റ്റനന്റ് കേണല്‍ പാണ്ഡെയാണ് ഇപ്പോള്‍ അവിടെ രണ്ടാം കമാന്‍ഡന്റ്. ഞാന്‍ ഓഫീസര്‍ ആയതിനുശേഷം ആദ്യമായി കാണുകയാണ്. അതുപോലെതന്നെ ഞങ്ങളില്‍ മറ്റൊരു സാമ്യത കൂടി വന്നുകഴിഞ്ഞു. അദ്ദേഹത്തിന്റെ വലതുകൈ കൃത്രിമക്കൈയാണ്. എന്റെ വലതുകൈ ചലനമറ്റതും. അവര്‍ എനിക്ക് ഓഫീസര്‍ മെസ്സില്‍ ഒരു ഗസ്റ്റ് റൂം അനുവദിച്ചു. 

കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ബജാജ് സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ട് പോകാന്‍ പോലും ധൈര്യപ്പെടാതിരുന്ന ഓഫീസര്‍ മെസ്സില്‍ ഞാനിന്ന് എന്റെ സ്വന്തം മാരുതി കാര്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ഒരുകാലത്ത് എനിക്ക് നിഷേധിക്കപ്പെട്ടിരുന്ന വരാന്തയില്‍ ഇട്ടിരിക്കുന്ന ചാരു കസേരകള്‍ ഇന്ന് എന്നെയും സുധയെയും മക്കളെയും സ്വീകരിച്ചിരുത്തി. ഒരുകാലത്ത് ഞാന്‍ വെള്ളം നനച്ചിരുന്ന ഓഫീസര്‍ മെസ്സിന് മുന്നിലെ പൂന്തോട്ടത്തില്‍ ഇന്ന് ശ്രീരാഗും ശ്രദ്ധയും ഓടിക്കളിക്കുന്നു. ഓഫീസര്‍ മെസ്സിലെ ചാരുകസേലയില്‍  ഇരുന്നുകൊണ്ട് ഞാന്‍ അത് ആസ്വദിക്കുന്നു. ജീവിതത്തില്‍ ഇതിലും വലുതായി എന്തെങ്കിലും നേടാന്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല.

ഒരു ബാരക്കിലെ 20 കട്ടിലുകളില്‍ ഒന്നില്‍ മാത്രം അര്‍ധരാത്രി വരെ ടേബിള്‍ ലാമ്പ്  കത്തിയിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്റെ കാര്‍ ബാരക്കിനടുത്ത്നിര്‍ത്തിയിട്ട് സീനിയര്‍ ജെ.സി.യോവിനേയും കൂട്ടി അങ്ങോട്ടേക്ക് പോയി. ആ കട്ടിലില്‍ ഇന്ന് മറ്റേതോ ജവാന്റെ ഡെറിയും കമ്പിളിപ്പുതപ്പും വിരിച്ചുകിടക്കുന്നുണ്ട്. ഇന്ത്യന്‍ ആര്‍മിയിലേക്ക് ഒരു പുതിയ ഓഫീസറിനെ ജന്മം നല്‍കി കൊടുത്ത ബാരക്കിനോട് യാത്ര പറഞ്ഞ് തിരിക്കുമ്പോഴേക്കും ലങ്കറില്‍ നിന്നും ഒരു ജവാന്‍ ചായ കൊണ്ടുതന്നു. ചായ കുടിച്ചുകൊണ്ട് തന്നെ അവിടെയൊക്കെ ഒന്ന് ചുറ്റി. സീനിയര്‍ ജെ.സി.ഒ. മുതല്‍ താഴെ ഗണ്ണര്‍ ഹവില്‍ദാര്‍ വരെയുള്ളവരുടെ വൈകുന്നേരങ്ങളിലെ പ്രഭാഷണം കേട്ട് മടുത്ത റോള്‍ കാള്‍ ഗ്രൗണ്ടിലെ പ്രായംചെന്ന മരം എന്നെ നോക്കി പുഞ്ചിരിച്ചത് പോലെ തോന്നി. നിങ്ങള്‍ ഇതില്‍ നിന്നൊക്കെ രക്ഷപ്പെട്ടല്ലോ, ഞാന്‍ ഇനിയും എത്ര കാലം ഇവരുടെ പ്രഭാഷണം കേള്‍ക്കണം എന്നായിരുന്നു ആ ചിരിയുടെ അര്‍ത്ഥം. പുതുതായി വന്ന ജവാന്മാരുടെ പ്രചോദനത്തിനായി സീനിയര്‍ ജെ.സി.ഒ അവരോട് പറഞ്ഞു:
''സാബിനെ നോക്കൂ, നിങ്ങളെപ്പോലെ ഒരുകാലത്ത് ഗണ്ണര്‍ ആയിരുന്നു.''

പിറ്റേന്ന് ശ്രീരാഗിന്റെ പ്രവേശന പരീക്ഷയും കഴിഞ്ഞ് ഫിറോസ്പൂരിലേക്ക് തിരിച്ചു. ജലന്ധര്‍ ലൗലി സ്വീറ്റ്സില്‍ നിന്നും ഒരു കിലോ മോത്തിചൂര്‍ ലഡു വാങ്ങി കാറില്‍ വെച്ചു. ലൗലി സ്വീറ്റ്സിലെ മധുര പലഹാരങ്ങള്‍, പ്രത്യേകിച്ച് ലഡ്ഡു ഇന്ത്യന്‍ ആര്‍മി മുഴുവന്‍ പ്രശസ്തമായിരുന്നു. ദീപാവലിയുക്കും മറ്റും പല സ്ഥലങ്ങളില്‍ നിന്നും ആള്‍ക്കാര്‍ വന്നിട്ട് ആവശ്യത്തിനനുസരിച്ച് കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. 1961-ല്‍ ചെറിയ ഒരു 'സ്വീറ്റ് ഷോപ്പ്' ആയി തുടങ്ങിയ അവര്‍ ഇന്ന് ഇന്ത്യയിലെ തന്നെ പ്രശസ്തമായ ലൗലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയുടെ കൂടി ഉടമകളാണ്. സമര്‍പ്പണത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. 

നിരുത്സാഹപ്പെടുത്താന്‍ പലരുമുണ്ടാകും. ഭക്ഷണമേഖലയില്‍ നിന്നും വിദ്യാഭ്യാസ മേഖലയിലേക്ക് തിരിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ കളിയാക്കിയിരുന്നത്രേ. 'അബ് ലഡു ബേചനെ വാലെ ഡിഗ്രി ബേചേഗേ.' ലഡു വില്‍ക്കുന്നവര്‍ ഇനി ഡിഗ്രി വില്‍ക്കും എന്ന്. ജലന്ധറില്‍ ഉള്ളപ്പോള്‍ അവരുടെ ലഡു കുറേ കഴിച്ചതാണ്. ഞാന്‍ ഓഫീസര്‍ ആയി പോകുന്ന സമയത്തും ഈ ലഡു വിതരണം ചെയ്തിട്ടുണ്ട്. ഏതായാലും ഇവിടം വരെ വന്നതല്ലേ. അവസരം വെറുതെ കളയേണ്ട എന്ന് കരുതി. അതിനിടെ ഫിറോസ്പൂരില്‍വെച്ച് വലിയൊരു അപകടത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടു. റെജിമെന്റ് ഒക്കെ ക്യാമ്പിന് പോയ സമയമായിരുന്നു. ഞാന്‍ പോയിരുന്നില്ല. എനിക്കായിരുന്നു അന്ന് റിയര്‍ പാര്‍ട്ടിയുടെ ചുമതല.

ഫിറോസ്പൂരില്‍ ആര്‍മിയുടെ ഒരു പാരാ സെയിലിംഗ് ക്ലബ്ബ് ഉണ്ടായിരുന്നു. അതിന്റെയും താല്‍ക്കാലിക ചുമതല എന്റെ കൈയില്‍ വന്നു. ശ്രീരാഗിന് അന്ന് പത്തു വയസ്സിനടുത്ത് പ്രായമുണ്ട്. ആദ്യം കുറെ ഭയന്ന് നിന്നെങ്കിലും നിര്‍ബന്ധപൂര്‍വം അവനെയും പാരാ സെയിലിങ് ചെയ്യിച്ചു. പാരച്ചൂട്ടില്‍ ആകാശമൊക്കെ കറങ്ങി വന്നപ്പോള്‍ ഇനിയും പോകണമെന്ന് ശാഠ്യം പിടിച്ചെങ്കിലും അതിന് ഞാന്‍ സമ്മതിച്ചില്ല. എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ എന്നോട് ചോദിച്ചു സാബിന് എന്തുകൊണ്ട് ചെയ്തുകൂടാ എന്ന്. അങ്ങനെ അവസാനം ഞാനും പാരാ സെയിലിങ്ങിന് തയ്യാറായി. ഹെല്‍മറ്റ് ധരിച്ച്, പാരചൂട്ടിന്റെ ഹുക്കുകളൊക്കെ ശരീരത്തില്‍ ഭദ്രമായി കെട്ടി ഉറപ്പിച്ച് നീളം കൂടിയ കയറിന്റെ  ഒരറ്റം ശരീരത്തിലും മറ്റേ അറ്റം ജീപ്പിന്റെ പിറകിലുമായി കെട്ടി. എല്ലാം റെഡിയായി ജീപ്പ് ഓടിത്തുടങ്ങി. ജീപ്പിന്റെ പിന്നാലെ കുറച്ച് ഓടിയാലേ അത് പൊങ്ങാന്‍ തുടങ്ങുകയുള്ളൂ. 

നിലത്തു നിന്നും ഉയരാന്‍ തുടങ്ങിയപ്പോഴേക്കും ഞാന്‍ അപകടം മനസ്സിലാക്കി. പാരച്യൂട്ട് പൊങ്ങുന്നില്ല. ഞാന്‍ താഴേക്ക് വീഴുകയാണ്. എന്റെ ഭാരം അന്ന് തൊണ്ണൂറ് കിലോവില്‍ കൂടുതല്‍ ഉണ്ടായിരുന്നു. ആ സമയത്ത് കാറ്റിന്റെ വേഗത കുറഞ്ഞതുകൊണ്ടോ, കൈ സ്വാധീനമില്ലാത്ത ഒരു ഓഫീസറെയാണ് വലിക്കുന്നത് എന്ന ജീപ്പ് ഡ്രൈവറുടെ പെട്ടെന്നുണ്ടായ ചിന്ത കാരണം വണ്ടിയുടെ വേഗത കുറഞ്ഞതോ എന്തോ ഞാന്‍ താഴേക്ക് തന്നെ പതിക്കുകയായിരുന്നു. കൃത്യമായ മനസാന്നിധ്യത്തോട് കൂടി, ആവശ്യമായ വേഗതയില്‍ ഞാന്‍ മുന്നോട്ടുതന്നെ ഓടി ശരീരത്തിന്റെ സമതുലിത വീണ്ടെടുത്തത് കാരണം വീണപ്പോള്‍ അധികമൊന്നും പറ്റിയില്ല. അതോടുകൂടി പാരാ സെയിലിംങ് ചെയ്യാനുള്ള മോഹവും അവസാനിപ്പിച്ചു.   

ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

കുറച്ച് ദിവസം കഴിയുമ്പോഴേക്കും പ്രതീക്ഷിക്കാതെ എന്റെ അടുത്ത പോസ്റ്റിങ്ങ് വന്നു. ഇത്തവണ പോകേണ്ടത് മധ്യപ്രദേശിലെ പഞ്ചമടി എന്ന് പറയുന്ന സ്ഥലത്താണ്. ആര്‍മി എജുക്കേഷന്‍ കോര്‍ കോളേജ് ആന്‍ഡ് ട്രെയിനിങ്ങ് സെന്റര്‍. ആദ്യമായാണ് ആര്‍ട്ടിലറി വിട്ട് പുറത്തേക്ക് പോകുന്നത്. കൂടാതെ ഇതുവരെ എല്ലാം റെജിമെന്റില്‍ ഉള്ള സര്‍വീസ് ആയിരുന്നു. ആദ്യമായാണ് ഒരു ട്രെയിനിങ്ങ് സെന്ററിലേക്ക് പോകുന്നത്. ട്രെയിനിങ്ങ് സെന്ററിലെ ജീവിതരീതിയൊക്കെ ഹൈദരാബാദില്‍ ട്രെയിനിങ്ങ് ചെയ്തപ്പോള്‍ കണ്ടതാണ്. എങ്കിലും ഇത്ര ചെറിയ സര്‍വീസില്‍ തന്നെ ഒരു സെന്ററിന്റെ ക്വാര്‍ട്ടര്‍ മാസ്റ്ററായി നിയമിക്കുമെന്ന് കരുതിയിരുന്നില്ല. സെന്റര്‍ കമാന്‍ഡ് ചെയ്യുന്നത് ബ്രിഗേഡിയര്‍ റാങ്കിലുള്ള ഓഫീസറാണ്. 

എജുക്കേഷന്‍ കോറില്‍ വരുന്ന ജവാന്മാര്‍ ഡിഗ്രിയോ പോസ്റ്റ് ഗ്രാജുവേഷനോ എടുത്തവരായിരിക്കും. അവരെ നേരിട്ട് ഹവില്‍ദാര്‍ റാങ്കിലേക്കാണ് നിയമിക്കുക. പെട്ടെന്ന് നാട്ടില്‍ എനിക്ക് നാലഞ്ചുവര്‍ഷം ജൂനിയര്‍ ആയി പഠിച്ച ബാബു എന്ന് വിളിക്കുന്ന പ്രദീപനെ ഓര്‍ത്തുപോയി. പോസ്റ്റ് ഗ്രാജുവേഷനും ബി.എഡും കഴിഞ്ഞ ബാബുവിന് ആര്‍മി എജുക്കേഷന്‍ കോറില്‍ ഹവില്‍ദാര്‍ ആയി് സെലക്ഷന്‍ കിട്ടിയതായിരുന്നു. ബാബുവിന്റെ അച്ഛന്‍ ആര്‍മിയില്‍ സുബേദാര്‍ മേജര്‍ ആന്‍ഡ് ഹോണറി ലെഫ്റ്റനന്റ് ആയിട്ട് വിരമിച്ച വ്യക്തിയായിരുന്നു. ആര്‍മി യൂണിഫോം കണ്ടുവളര്‍ന്ന ബാബുവിന് ഏതെങ്കിലും ഒരു ഫോഴ്സില്‍ ചേരണമെന്ന് വലിയ ആഗ്രഹമായിരുന്നു. 

കേരള പോലീസിലേക്കുള്ള എസ്.ഐ. ടെസ്റ്റിലും പരീക്ഷ എഴുതിയ ബാബുവിന് ഏതാണ്ട് അതിലും കിട്ടും എന്നുള്ള ഉറപ്പുണ്ടായിരുന്നു. ആ സമയത്ത് ബാബു എന്നോട് ആര്‍മിയിലെ എജുക്കേഷന്‍ ഹവില്‍ദാറുമായി ബന്ധപ്പെട്ട ചില സംശയങ്ങളും ഉപദേശങ്ങളും ഒക്കെ ചോദിച്ചതായിട്ട് ഓര്‍മയുണ്ട്. അവസാനം പഞ്ചമടി വരെ പോയ ബാബു അവിടുന്ന് വിമുഖത കാണിച്ച് തിരിച്ചുവരികയും വിചാരിച്ചത് പോലെ തന്നെ പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ചേരുകയും ചെയ്തു. പിന്‍കാലത്ത് എ.എസ്.പി. റാങ്കിലാണ് ബാബു വിരമിച്ചത്.

പഞ്ചമടിയിലെ ട്രെയിനിങ്ങ് കഴിഞ്ഞ് ഹവില്‍ദാര്‍ ആയി് പുറത്തേക്ക് വരുന്ന ജവാന്മാരെ ഇന്ത്യന്‍ ആര്‍മിയിലുള്ള എല്ലാ യൂണിറ്റുകളിലും പോസ്റ്റ് ചെയ്യും. എജുക്കേഷന്‍ ഹവില്‍ദാര്‍ അഥവാ ജെ.സി.ഒ. എല്ലാ യൂണിറ്റുകളിലും ഉണ്ടാവും. നമ്മുടെ യൂണിറ്റിലെ എജുക്കേഷന്‍ ഹവില്‍ദാറിനെ വിളിപ്പിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു. അത് ഒരു 'ഹില്‍ സ്റ്റേഷന്‍' ആണത്രേ. മെയിന്‍ റൂട്ടില്‍ ആണെങ്കില്‍ ഭോപ്പാലില്‍ നിന്നും 210 കിലോമീറ്റര്‍ അകലെയാണ്. ഡല്‍ഹി ജബല്‍പൂര്‍ റൂട്ടില്‍ പിപ്പരിയ എന്ന് പറയുന്ന സ്ഥലത്ത് ട്രെയിന്‍ ഇറങ്ങിയാല്‍ അവിടുന്ന് 55 ഓളം കിലോമീറ്റര്‍ മുകളിലേക്ക് റോഡ് മാര്‍ഗം പോകണം. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് പഞ്ചമടി. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസവും മറ്റ് മെഡിക്കല്‍ സൗകര്യങ്ങളും ഒക്കെ കുറവാണ്.

ഏതായാലും പഞ്ചമടിയിലേക്കുള്ള തയാറെടുപ്പ് തുടങ്ങി. ഇത്തവണ സ്വന്തമായി തന്നെ ട്രക്ക് എടുക്കണം. കാരണം സാധനങ്ങളുടെ കൂടെ കാറുകൂടി ട്രക്കില്‍ കയറ്റേണ്ടതുണ്ട്. ഓഫീസര്‍ മെസ്സില്‍ നിന്നും അവരുടെ സ്മരണിക തന്ന് 'ഹി ഈസ് എ ജോളി ഗുഡ് ഫെലോ' പാടി ഡൈനിങ് ഔട്ട് ചടങ്ങ് കഴിഞ്ഞു. സിഖ്കാരുടെ റെജിമെന്റ് ആയതുകൊണ്ട് പോകുന്ന സമയത്ത് അവരുടെ ഗുരുദ്വാരയിലും ഒരു ചടങ്ങുണ്ട്. അതിന് 'സരോപ' നല്‍കല്‍ എന്ന് പറയും. ഗുരുദ്വാരയില്‍ വരുമ്പോഴും പോകുമ്പോഴും വിശിഷ്ടാതിഥികളെ ആദരിക്കുന്ന ഒരു ചടങ്ങാണ് അത്. ഗുരുദ്വാരയില്‍ വിളിച്ച് ധാര്‍മികമായ ചടങ്ങുകള്‍ കഴിഞ്ഞതിനുശേഷം കഴുത്തില്‍ പൊന്നാട അണിയിക്കുകയും അവരുടെ പ്രധാന ആയുധമായ തള്‍വാര്‍ എന്ന് പറയുന്ന നീളം കൂടിയ ഒരു വാള്‍ അവിടുത്തെ ഓര്‍മയ്ക്കായി തരികയും ചെയ്തു. വീട്ടില്‍ അലങ്കരിച്ചുവെക്കുന്നതിനായി അതേ രൂപത്തിലുള്ള മറ്റൊന്നുകൂടി ഞാന്‍ അമൃതസറില്‍ നിന്നും വരുത്തിച്ചു.

ആര്‍മി സ്‌കൂളില്‍ നിന്നും ശ്രീരാഗിന്റെ ടി.സി. വാങ്ങി. ഗ്യാസ് കണക്ഷനും ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈന്‍ ടെലിഫോണും അവരുടെ ഓഫീസുകളില്‍ നിക്ഷേപിച്ച് പുതിയ സ്ഥലത്ത് പുതിയ കണക്ഷന് വേണ്ടിയുള്ള രേഖകള്‍ വാങ്ങി. കാറും വീട്ടുസാധനങ്ങളും കൃത്യമായി ട്രക്കില്‍ കയറ്റി. കാറിനെ ട്രക്കിലേക്ക് കയറ്റാന്‍ പറ്റിയ പ്രത്യേക സ്ഥലങ്ങളുണ്ട്. കാറിനെ വണ്ടിയുമായി കൃത്യമായി മുറുക്കി കെട്ടിയില്ലെങ്കില്‍ അവിടെ എത്തുമ്പോഴേക്കും പെയിന്റുകള്‍ ഉരഞ്ഞുപോകാനും മറ്റ് കേടുപാടുകള്‍ സംഭവിക്കാനും ഇടയുണ്ട്. അങ്ങനെ പല ഓഫീസര്‍മാരും പറഞ്ഞുകേട്ടിട്ടുണ്ട്. കാറിന്റെ വശങ്ങളിലൊക്കെ പഴയ തുണികളും കാറിന്റെ മുന്നിലും പിന്നിലുമൊക്കെ കിടക്കകളും ലോഡ് ചെയ്തു. ഏതായാലും നാട്ടിലേക്കുള്ള ദൂരം കുറച്ചുകൂടി കുറയുകയാണല്ലോ. സാധനങ്ങളൊക്കെ കയറ്റിവിട്ട്, വീട് കൈമാറിയതിനുശേഷം ഒന്നോ രണ്ടോ ദിവസം മെസ്സിലെ ഗസ്റ്റ് റൂമില്‍ താമസിച്ചിട്ട് പുതിയ സ്ഥലത്തേക്ക് പോകുന്നതാണ് പതിവ്.

തുടരും

ആത്മകഥയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം.