ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ബാബി ചന്ദ്, രശ്പാൽ കുമാർ എന്നീ രണ്ട് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരുടെ ഭൗതികശരീരം ജന്മനാട്ടിലേക്ക് എത്തിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ശവപ്പെട്ടികളില്ലാതെ ട്രക്കിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ നാടായ കിയാർ ഗ്രാമത്തിലേക്കെത്തിച്ചത് എന്നായിരുന്നു ആരോപണം.
ഇതുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ എക്സിൽ പ്രചരിക്കുന്നുണ്ട്. ‘കിഷ്ത്വാറിൽ വീരമൃത്യു വരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ മാലിന്യം നീക്കുന്ന വാഹനത്തിലാണ് കൊണ്ടുപോയത് എന്ന് കശ്മീർ പോലീസ് മേധാവിയുടെ വെളിപ്പെടുത്തൽ’ എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്.
വീഡിയോയിൽ പറയുന്നത്- “ആ പ്രദേശത്തുണ്ടായിരുന്ന സൈനിക ട്രക്കുകളൊന്നും ഒഴിവുണ്ടായിരുന്നില്ല. അതിനാൽ, വീരമൃത്യു വരിച്ച ഞങ്ങളുടെ രണ്ട് എസ്.പി.ഒ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ ഒരു ഡംപർ ട്രക്കിൽ കൊണ്ടുപോകുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമുണ്ടായിരുന്നില്ല. എന്നാൽ, അവരെ കൊണ്ടുപോയത് ഡംപർ ട്രക്കിലാണോ അതോ മാലിന്യം നീക്കുന്ന ട്രക്കിലാണോ എന്നതല്ല യഥാർത്ഥ പ്രശ്നം അവരുടെ കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരം ലഭിച്ചു എന്നതാണ്.”
എന്നാൽ ഈ ദൃശ്യങ്ങൾ ഡിജിറ്റലിമാനിപ്പുലേറ്റ് ചെയ്തതാണ് എന്നതാണ് യാഥാർഥ്യം.
സി.ആർ.പി.എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ (SDG) സന്ദീപ് ഖിർവാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിൻറേത് എന്ന തരത്തിലുള്ളതാണ് വൈറൽ ദൃശ്യങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പുകൾക്കൊപ്പമാണ് ഈ ദൃശ്യങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭൗതികദേഹം ട്രക്കിൽ എത്തിച്ചു എന്നത് മാത്രമല്ല ഉന്നത പോലീസ് ഉദ്യോഗസ്ഥരൊന്നും തന്നെ അനുഗമിച്ചില്ല എന്നതടക്കമുള്ള പരാതികൾ ഉണ്ടായിരുന്നു. കിശ്ത്വാറിൽ നിന്നുള്ള ബിജെപി എംഎൽഎ ഷഗുൻ പരിഹാർ ഈ വിഷയം, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കുമുന്നിൽ ഉന്നയിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ദേശീയ വാർത്താ ഏജൻസിയായ എഎൻഐ നവംബർ 15ന് എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
കൊല്ലപ്പെട്ട പോലീസുകാരുടെ ഭൗതിക ശരീരങ്ങൾ എത്തിച്ചതുമായി ബന്ധപ്പെട്ട് സി.ആർ.പി.എഫ് ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് മുന്നിൽ ഇങ്ങനെയൊരു പരാമർശം നടത്താൻ സാധ്യതയില്ല. മാത്രമല്ല, ദൃശ്യങ്ങൾ സൂക്ഷമമായി പരിശോധിച്ചാൽ ഇതിൽ കേൾക്കുന്ന സംഭാഷണവും സന്ദീപ് ഖിർവാറിന്‍റെ ചുണ്ടുകളുടെ ചലനവും തമ്മിൽ ചേരുന്നില്ലെന്ന് കാണാം. വൈറൽ ദൃശ്യങ്ങളിൽ എഎൻഐയുടെ ലോഗോയുണ്ട്. എഎൻഐ ഇങ്ങനെയൊരു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നോ എന്ന് പരിശോധിച്ചു. എഎൻഐയുടെ എക്സ് അക്കൗണ്ടിൽ നവംബർ 16ന് പോസ്റ്റ് ചെയ്ത വീഡിയോ കണ്ടെത്തി, “സുരക്ഷാ സേനയിലെ ഏതൊരു ജവാന്റെയും ജീവൻ നഷ്ടപ്പെടുന്നത് വലിയൊരു നഷ്ടമാണ്. ഞങ്ങൾ അവരുടെ കുടുംബങ്ങൾക്കൊപ്പം നിലകൊള്ളുന്നു; അവർക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും.” എന്നാണ് സന്ദീപ് ഖിർവാർ പറയുന്നതാണ് ദൃശ്യങ്ങളിൽ.
കശ്മീരി മാധ്യമമായ മോണിംഗ് കശ്മീരിന്‍റെ യൂട്യൂബ് ചാനലിൽ ഇതിന്‍റെ അൽപംകൂടെ ദൈർഘ്യമുള്ള ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇതും പരിശോധിച്ചതിൽനിന്നു പ്രചരിക്കുന്ന വീഡിയോയിലുള്ളതുപോലെ യാതൊരു പരാമർശവും സന്ദീപ് ഖിർവാർ നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു. വൈറൽ ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്തതാകാം എന്ന സൂചനയാണിത് നൽകുന്നത്. തുടർന്ന് പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചു, ഇതിലെ സംഭാഷണങ്ങൾ 99 ശതമാനവും എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്.
https://youtube.com/shorts/7ghdH5xLJkM?si=bCggYGzZdXGcEiAl
വാസ്തവം
കിഷ്ത്വാറിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സ്‌പെഷ്യൽ പോലീസ് ഓഫീസർമാരുടെ ഭൗതികശരീരം സ്വദേശത്തെത്തിച്ചത് മാലിന്യ ട്രക്കിലാണെന്ന പ്രചാരണം വ്യാജം. ഭീകരർക്കെതിരായ സൈനിക നടപടിയുമായി ബന്ധപ്പെട്ട് സി.ആർ.പി.എഫ് SDG സന്ദീപ് ഖിർവാർ നവംബർ 16-ന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ വ്യാജ ഓഡിയോ ചേർത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: A viral video claimed martyred J&K Special Police Officers were carried in a garbage truck., The video uses digitally manipulated and AI-generated audio over a real CRPF officer's press meet., CRPF SDG Sandeep Khirwar made no such statement regarding garbage trucks., Investigation confirms the viral claim is completely fake.
Published: 17 Nov 2026, 05:09 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented