ന്യൂഡൽഹി: ജമ്മു കാശ്മീരിലെ 740 കിലോമീറ്ററിലധികം ദൈർഘ്യമുള്ള നിയന്ത്രണ രേഖയിൽ (LoC) ദുർഘടമായ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി നാല് കാലുകളുള്ള 'റോബോട്ട് നായകളെ' വിന്യസിച്ച് ഇന്ത്യൻ സൈന്യം. സൈനികർക്കും സൈനിക നായ്ക്കൾക്കുമൊപ്പം 'MULE' (മൾട്ടി-യൂട്ടിലിറ്റി ലെഗ്ഗ്ഡ് എക്യുപ്‌മെന്റ്) എന്ന് വിളിക്കപ്പെടുന്ന ഈ നാല് കാലുള്ള റോബോട്ടുകളും ഇപ്പോൾ അതിർത്തി മേഖലകളിൽ നിരീക്ഷണ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

To advertise here,

2024 ജൂണിലാണ് ഇത്തരം 100 റോബോട്ടിക് യൂണിറ്റുകളുടെ ആദ്യ ബാച്ച് സൈന്യത്തിന് ലഭിച്ചത്. നിലവിൽ ജമ്മു കാശ്മീരിലെ അഖ്നൂർ, രജൗരി തുടങ്ങിയ സുപ്രധാന അതിർത്തി മേഖലകളിൽ ഇവയെ സജീവമായി വിന്യസിച്ചിട്ടുണ്ട്. സാധാരണ ചക്രങ്ങളുള്ള വാഹനങ്ങൾക്കോ ട്രാക്ക് വാഹനങ്ങൾക്കോ എത്തിച്ചേരാൻ സാധിക്കാത്ത മലനിരകൾ, മഞ്ഞുമൂടിയ പ്രദേശങ്ങൾ, മരുഭൂമികൾ, പുഴകൾ എന്നിവ എളുപ്പത്തിൽ കടന്നുപോകാൻ ഈ റോബോട്ടുകൾക്ക് സാധിക്കും. 45 ഡിഗ്രി വരെ ചരിവുള്ള പർവതനിരകൾ കയറാൻ ഇവയ്ക്ക് കഴിവുണ്ട്.

മൈനസ് 40 ഡിഗ്രി സെൽഷ്യസ് മുതൽ പ്ലസ് 55 ഡിഗ്രി സെൽഷ്യസ് വരെയുള്ള കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങളിലും തടസ്സമില്ലാതെ പ്രവർത്തിക്കാൻ ഇവ സജ്ജമാണ്. സൈനികരുടെ ശാരീരിക അധ്വാനം കുറയ്ക്കുന്നതിനായി 12 കിലോഗ്രാം മുതൽ 15 കിലോഗ്രാം വരെ ഭാരമുള്ള ആയുധങ്ങൾ, റേഷൻ, ഇന്ധനം എന്നിവ പോരാട്ട മേഖലകളിലേക്ക് എത്തിക്കാൻ ഇവയ്ക്ക് സാധിക്കും.

ഭീഷണികൾ തത്സമയം കണ്ടെത്തുന്നതിനായി 360-ഡിഗ്രി ക്യാമറകൾ, ഇലക്ട്രോ-ഓപ്റ്റിക്സ്, തെർമൽ/ഇൻഫ്രാറെഡ് സാങ്കേതികവിദ്യ, റഡാർ സംവിധാനങ്ങൾ എന്നിവ ഇവയിൽ സജ്ജീകരിച്ചിട്ടുണ്ട്. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ദൗത്യങ്ങൾക്കും ഇവ വലിയ പിന്തുണ നൽകും.

റോബോട്ടുകൾക്ക് പുറമെ, എഐ, ഹൈടെക് സെൻസറുകൾ, സ്മാർട്ട് ഫെൻസിംഗ്, സാറ്റലൈറ്റ് ഇന്റഗ്രേഷൻ, ലേസർ അധിഷ്ഠിത കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച് അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം.