
അമ്മവീട്ടിലെയും പൂതാളിയിലെ മറ്റു പറമ്പുകളിലും ഇഞ്ചിയും മഞ്ഞളും കുരുമുളകും ഒക്കെയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. അമ്മവീടിനോട് ചേര്‍ന്ന്, അമ്മയുടെ സമ്പന്നനായ അമ്മാവന്റെ ചാമിക്കുഴി എന്ന് വിളിച്ചിരുന്ന തോട്ടത്തില്‍ നിറയെ ഏലം കൃഷി ചെയ്തിരുന്നു. അക്കാലത്തു പൂതാളിയില്‍ ഏലകൃഷി നടത്തിയിരുന്ന അമ്മയുടെ അമ്മാവന് പൂതാളിയില്‍ അവരുടെ വീടിന്റെ പരിസരത്തായി ഏക്കറുകളോളം തൊടിയും വയലുമൊക്കെ ഉണ്ടായിരുന്നു. കൂടാതെ, പാറത്തോട്ടില്‍ ടൗണിന്റെ ഒത്ത നടുക്കായി ഒരു വലിയ കെട്ടിടവും അയാള്‍ക്കുണ്ടായിരുന്നു. പൂതാളിയിലും പാറത്തോട്ടിലുമൊക്കെ പണം പലിശക്ക് കൊടുത്തിരുന്ന അയാള്‍ ഞങ്ങളോട് സംസാരിക്കാന്‍പോലും ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മയുടെ അപ്പന് വല്യപ്പനോടൊപ്പം കിഴക്കന്‍ മലയിലേക്ക് കുടിയേറിയപ്പോള്‍ തൊടുപുഴ അടുത്തുള്ള അവരുടെ തറവാട് വീട്ടില്‍ ബാക്കി സഹോദരങ്ങള്‍ താമസിച്ചു. കഠിനാധ്വാനിയായ വല്യപ്പന് പൂതാളിയില്‍ കാടുവെട്ടിത്തെളിച്ച് ഏക്കറുകളോളം ഭൂമിയില്‍ കൃഷി ചെയ്തു, ജീവിതം കരപ്പിടുപ്പിച്ചു കഴിഞ്ഞാണ്, വല്യമ്മയുടെ ആങ്ങളയും ഒരനുജത്തിയും അവരുടെ കുടുംബങ്ങളുമായി പൂതാളിയിലേക്ക് വന്നതെന്നാണ് കേട്ടറിവ്.
കാരണവര്‍ കാടുതെളിച്ചു പണിതുകൂട്ടിയ പുരയിടങ്ങളിലെ വിളവ് അമ്മയുടെ അപ്പനെ ആര്‍ഭാടത്തിലേക്കും സ്ഥിരം കൂട്ടുചേര്‍ന്നുള്ള മദ്യപാനത്തിലേക്കും നയിച്ചു. വല്യമ്മയുടെ ആങ്ങളക്കും കുടുംബത്തിനുമൊക്കെ നിര്‍ലോഭം സഹായങ്ങള്‍ ചെയ്തു. അമ്മയുടെ വല്യപ്പന്റെ മരണശേഷം, രാത്രി മദ്യപിച്ചെത്തുന്ന അപ്പന് വല്യമ്മയെ അടിക്കുന്നത് പതിവായി. പകല്‍ മുഴുവന്‍ നാട്ടില്‍ കറങ്ങി നടന്ന വല്യപ്പന് കൊയ്ത്തു കഴിയുമ്പോള്‍ വീട്ടിലെത്തി നെല്ല് മുഴുവന്‍ വിറ്റു കാശുവാങ്ങി വീണ്ടും കുടിക്കാന്‍ പോയി. വല്യമ്മയും കൊച്ചമ്മാവനും കുഞ്ഞമ്മയുമൊക്കെ പരിസരത്തെ വീടുകളില്‍ കൊയ്ത്തിനുപോയി കിട്ടുന്ന നെല്ല് മാത്രമായി കുടുംബത്തിന് ആകെ ആശ്രയം.ഞാന്‍ ജനിച്ചു നല്‍പ്പത് ദിവസമായപ്പോള്‍ അമ്മയുടെ അപ്പന് മരിച്ചു. തലേന്ന് രാത്രിയിലും മദ്യപിച്ചു ലക്കുകെട്ടെത്തിയ വല്യപ്പന് വല്യമ്മേയെയും മക്കളെയും തല്ലിച്ചതച്ചിരുന്നു. ''ദുഷ്ടനെ പനപോലെ വളര്ത്തുവാണല്ലോ ദൈവം.... ഈ കാലന് ഒന്ന് ചത്തിരുന്നെങ്കില്‍...' എന്ന് തലേന്ന് അടികൊണ്ടു കാറുന്നതിനിടയില് വല്യമ്മ വിളിച്ചു പറഞ്ഞതിനെക്കുറിച്ച് അയല്പക്കകാര് അടക്കിപ്പിടിച്ചു സംസാരിച്ചു. വല്യപ്പനെ പറത്തോട്ടിലെ പള്ളിക്കുന്നില്‍ ആക്കാലത്ത് മണ്ണ് കിളച്ച് കലപ്പകൊണ്ട് നിരത്തിയെടുത്ത സെമിത്തേരിയില്‍ അടക്കി. വല്യപ്പന് ആത്മഹത്യ ചെയ്തതാണെന്നും വല്യമ്മ കൊന്നതാണെന്നും ഒക്കെ പൂതാളിയില്‍ നാട്ടുകാര്‍ പിറുപിറുത്തു.
Also Read
വല്യപ്പന് മരിച്ചു കുറച്ച് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അമ്മവീടിന് അയൽവക്കുള്ള ഒരു ചേടത്തിക്കു വല്യപ്പന് പ്രത്യക്ഷപ്പെട്ടു. അന്ന് ഉച്ചകഴിഞ്ഞപ്പോള്‍ വല്യപ്പന്റെ ആത്മാവ് ചേടത്തിയുടെ ദേഹത്ത് പ്രവേശിച്ചുവത്രെ. വല്യപ്പനെ അനുകരിച്ചു ചേടത്തി സംസാരിക്കാന്‍ തുടങ്ങി. പൂതാളിയിലെ കുടിയേറ്റ കൃഷിക്കാരായ നാട്ടുകാര്‍ മരിച്ചുപോയ വല്യപ്പന്റെ പരലോകവിശേഷം അറിയാനും ഇഹലോകത്തുനിന്ന് വിട വാങ്ങിയ ചരിത്രമറിയാനും ചേടത്തിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടി. വല്യമ്മയുടെ ആങ്ങളയും അനുജത്തിയുടെ ഭര്‍ത്താവും ചേട്ടത്തിയിലൂടെ സംസാരിച്ച വല്യപ്പന്റെ ആത്മാവിനെ കേട്ടുനിന്നു. വല്യപ്പന്റെ ആത്മാവ് പലവട്ടം ചേടത്തിയിലൂടെ സംസാരിച്ചതിനാലാകണം വല്യമ്മയുടെ ആങ്ങളയുടെയും അനിയത്തിയുടെ ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ പാറത്തോട് പള്ളി വികാരിക്കും വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്കി. കൊച്ചമ്മാവനെയും വല്യമ്മയെയും അമ്മയുടെ അനുജത്തി കുഞ്ഞമ്മയെയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ദിവസം മുഴുവന്‍ ചോദ്യം ചെയ്തു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ചേടത്തി സ്വന്തം സ്വരത്തില്‍ മാത്രം സംസാരിച്ചു. അപ്പോഴൊന്നും വല്യപ്പന്റെ ആത്മാവ് അവിടെ എത്തിയില്ലത്രെ. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് വന്നു. നല്‍പ്പത് ദിവസം മുന്‍പ് അടക്കിയ വല്യപ്പന്റെ ദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പറത്തോട് പള്ളിയിലും സെമിത്തേരിക്ക് ചുറ്റും ഓടിക്കൂടിയ നാട്ടുകാരുടെ കൂടത്തില്‍ വല്യപ്പന്റെ ആത്മാവ് കേറിക്കൂടിയ ചേടത്തി എത്തിയില്ലെത്രെ. തുടര്‍ന്നു വന്ന ആഴ്ചകളില്‍ അമ്മയുടെ അമ്മയും കൊച്ചമ്മാവനും മറ്റു സഹോദരങ്ങളും പൂതാളിയിലും പാറത്തോട്ടിലുമൊക്കെ കൊലയാളികളെപ്പോലെ തലകുനിച്ചു ജീവിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്വാഭാവിക മരണം എന്ന് പറഞ്ഞതിനാലാകണം ചേടത്തിയെത്തേടി വല്യപ്പന്റെ ആത്മാവ് പൂതാളിയിലേക്ക് പിന്നീട് ചെന്നില്ല. ഒരു കുടുംബം മുഴുവന്‍ അപമാനിതരായ ആ കാലത്ത് അപ്പന് അമ്മയുടെ കുടുംബത്തെ ചേര്‍ത്തു പിടിച്ചിരുന്നുവെന്നാണ് അമ്മ പറഞ്ഞുള്ള അറിവ്. വല്യപ്പന് ദേഹത്ത് പ്രവേശിച്ച ചേടത്തിക്ക് കിട്ടിയ നാട്ടുപെരുമയൊന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് കിട്ടിയില്ല.
വല്യപ്പന്റെ മരണശേഷം കൊച്ചമ്മാവന് കുഞ്ഞമ്മാവനെയും കുഞ്ഞമ്മയെയും ഇളയ സഹോദരിമാരെയും കൂട്ടി പറമ്പില്‍ കൃഷിയിറക്കി കുടുംബം നോക്കി. അടുത്തുള്ള പറമ്പില്‍ കൂലിപ്പണിക്ക് പോയും കൊച്ചമ്മാവനും കുടുംബം പോറ്റാന്‍ തുടങ്ങി. പശുക്കളും എരുമയുമൊക്കെ അമ്മവീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലും മുറ്റത്തും നിറഞ്ഞത് കൊച്ചമ്മാവന് പുതിയ വരുമാന മാര്‍ഗങ്ങള്‍ നല്കി. വല്യപ്പന്റെ മരണവും തുടര്‍ന്നുവന്ന കോലാഹലങ്ങളും വല്യമ്മയെ മാനസികമായി തളര്‍ത്തി. തുടര്‍ന്നുവന്ന മാസങ്ങളില്‍ വല്യമ്മ സ്ട്രോക് വന്നു കിടപ്പായി. രണ്ട് വര്‍ഷത്തെ ചികിത്സക്കൊടുവില്‍ വല്യമ്മ മരിച്ചപ്പോള്‍ എനിക്ക് രണ്ട് വയസ്സാണ് പ്രായം. അങ്ങനെ എന്റെ ജന്മനക്ഷത്രം അമ്മയുടെ കുടുംബത്തിലുള്ളവര്‍ക്ക് അപകടകാരിയാണെന്ന് വീട്ടുകാരും നാട്ടുകാരും കണ്ടെത്തിയത്രെ.
അപ്പന് നാടുവിട്ടു പോയിക്കഴിഞ്ഞു പള്ളിമേടയില്‍ കൂടിയ രാത്രിയോഗവും അമ്മ ഞങ്ങള്‍ മക്കളുമായി ഒറ്റയ്ക്ക് ജീവിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ഞങ്ങളോട് അകന്ന കൊച്ചമ്മാവന് മൂന്നുന്നാല് മാസത്തെ പിണക്കത്തിന് ശേഷമാണ് കുഞ്ഞമ്മയെയും കൊച്ചാന്റിയേയും ഞങ്ങളുടെ വീട്ടിലേക്ക് അരിയും പച്ചക്കറിയും ചക്കപ്പഴവും തേങ്ങയുമൊക്കെ കൊടുത്തു വിട്ടത്. പിറ്റേന്ന് കുഞ്ഞമ്മയോടൊപ്പം അമ്മവീട്ടില്‍ എത്തിയ എന്നെയും ബിന്ദുവിനെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വെള്ളിയാഴ്ച പള്ളിക്കൂടം കഴിഞ്ഞ് ജെസ്സി എത്തുമെന്ന് വീട്ടില്‍നിന്ന് പോരുന്നതിനു മുന്നേ അമ്മ പറഞ്ഞിരുന്നു. വല്യപ്പന് മരിക്കുന്നതിനും മുന്നേ, മൂത്തമ്മാവന് തറവാടിന് അക്കരെയുള്ള തൊടിയില്‍ വീടുവച്ചു താമസം മാറിയിരുന്നു. മൂത്തമ്മാവന്റെ മകനും എനിക്കും ഒരേ പ്രായമായിരുന്നു. ആ ഞായറാഴ്ച പൊട്ടന്കാട്ടിലെ അവന്റെ അമ്മ വീട്ടില്‍ പോയി മടങ്ങി വന്നപ്പോള്‍ തറവാട്ടില്‍ ബിന്ദുവിനോടും എന്നോടുമൊപ്പം കളിക്കാന്‍ അവന് വന്നു.
''എല്ലക്കല്ലില്‍ വന്നപ്പോള്‍ ബസു വരാന്‍ താമസിച്ചപ്പോള്‍ മേടിച്ചതാ...'
അമ്മായി മകന് ഇട്ടിരിക്കുന്ന മുന്‍പിലും പിറകിലും പോക്കറ്റ് ഉള്ള ചാണകപ്പച്ച നിക്കറും പോക്കറ്റ് ഇല്ലാത്ത ബനിയനോടുകൂടി തൊപ്പിയുമുള്ള മകന്റെ ഉടുപ്പ് കാണിച്ചുകൊടുത്തുകൊണ്ട് കുഞ്ഞമ്മയോട് പറഞ്ഞു.
തൊഴുത്തിനോട് ചേര്‍ന്ന് നിന്ന കാപ്പി മരത്തിന്റെ ചുവട്ടില്‍ മണ്ണുവാരി അപ്പം ചുട്ടു കളിച്ചിരുന്ന ബിന്ദുവും ഞാനും അമ്മാവന്റെ മകന്റെ പുത്തനുടുപ്പില് കൊതിയോടെ നോക്കിനിന്നു.
''എന്നാപ്പിന്നെ വെലക്കൊറഞ്ഞതാണേലും ഒരുടുപ്പ് നമ്മടെ ബാബുമോനൂടെ വാങ്ങാരുന്നില്ലേ?''
കുഞ്ഞമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അമ്മായി മകനെയും കൂട്ടി പീലിച്ചേട്ടന്റെ കിണറ്റുകരയിലേക്ക് പോയി.
അമ്മ വീടിന്റെ അടുക്കളയില്‍ പ്രായം പറയാനാവാത്ത ഒരു കാപ്പിക്കലം ഉണ്ടായിരുന്നു. അതിന് അമ്മയുടെ വല്യപ്പന്റെ കുടിയേറ്റ കാലത്തോളം വയസ്സുണ്ടാകും. അടുപ്പും മൂട്ടില് എപ്പോഴും കുത്തിയിരുന്ന ആ കാപ്പിക്കലം മുഴുവന്‍ കരിപുരണ്ടതായിരുന്നു. കുഞ്ഞമ്മയോ കൊച്ചായന്റിയോ എപ്പോഴും കാപ്പി തിളപ്പിച്ചിരുന്ന ആ കലത്തില്‍ പകുതി നിറഞ്ഞ കടുംകാപ്പി ഇല്ലാത്ത സമയമില്ല. അടുക്കളയിലെ സ്ലാബിനടിയില്‍ കുഞ്ഞമ്മ വിറകുകള്‍ക്കടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന ജീരകട്ടിന്നില്നിന്ന് കുറച്ചു ചില്ലറപൈസ പെറുക്കിക്കൂട്ടി അന്നുച്ചകഴിഞ്ഞു കൊച്ചമ്മാവനെ ഏല്‍പ്പിച്ചത് എന്റെ ഓര്‍മയിലുണ്ട്. അന്ന് വൈകീട്ട് പാറത്തോട്ടില്‍ പാല് കൊടുത്തിട്ട് കൊച്ചമ്മാവന് മടങ്ങി വന്നപ്പോള്‍ തൊപ്പി ഇല്ലാത്തതെങ്കിലും ഒരു പച്ച നിക്കറും തീമഞ്ഞ നിറമുള്ള ഷര്‍ട്ടും കൂട്ടത്തില്‍ ബിന്ദുവിന് വാടാമുല്ലപൂക്കളുടെ നിറമുള്ള ഉടുപ്പും വാങ്ങി വന്നു. പിറ്റേന്ന് കുഞ്ഞമ്മ താഴെ തോട്ടില്‍ പോയി ഞങ്ങളെ രണ്ടുപേരെയും കുളിപ്പിച്ച് ഞങ്ങള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അലക്കി ഉണ്ടപ്പാറയിലിട്ട് ഉണക്കി, തലേന്ന് വാങ്ങി വന്ന ഉടുപ്പണിയിച്ചാണ് ഞങ്ങളെ ജെസ്സിയോടൊപ്പം അമ്മയുടെ അടുക്കലേക്ക് വിട്ടത്. കുത്തിയിട്ട പുട്ടുപോലെ തലേന്നണിഞ്ഞ അലക്കിയുണങ്ങിയ നിക്കറും ഷര്‍ട്ടും പേപ്പറില്‍ പൊതിഞ്ഞു എന്റെ കക്ഷത്തില്‍ ഉണ്ടായിരുന്നു.
പിറ്റേന്ന് ഞങ്ങളുടെ അയല്പക്കത്തെ ചാക്കോച്ചന് ചേട്ടന്റെ വീട്ടില്‍ അടയ്ക്ക പൊളിക്കാന്‍ അമ്മയും ഞങ്ങളും പോയി. അക്കാലത്തു ഒരു തുലാം അടയ്ക്ക പൊളിക്കുന്നതിന് 50 പൈസയാണ് കൂലി. അമ്മയും ഞങ്ങള്‍ നാലു മക്കളും കൂടി പോയിരുന്നതിനാല്‍ മറ്റു പണിക്കാര്‍ക്ക് കിട്ടുന്നതിലേറെ കൂലി അമ്മക്കാണ് കിട്ടുക. ആറു വയസ്സടുത്തു പ്രായമുള്ള ഞാനും ബിന്ദുവും ഒരു തുലാം അടയ്ക്ക വൈകുന്നേരം ആകുമ്പോളും പൊളിക്കില്ല. അതുകൊണ്ട് മുഴുവന്‍ പൊളിച്ചുകഴിഞ്ഞു അമ്മയും ജെസ്സിയും ലാലിയും ചേര്‍ന്ന് ഞങ്ങളുടേത് കൂടി പൊളിച്ചു തീര്‍ക്കും. കൂലി കരുതി ആയിരുന്നില്ല അമ്മ ബിന്ദുവിനെയും എന്നെയും കൊണ്ടുപോയിരുന്നത്. ചാക്കോച്ചന് ചേട്ടന്റെ വീട്ടില്‍നിന്നും പത്തുമണിയാകുമ്പോള്‍ കിട്ടുന്ന കപ്പയും ഉച്ചക്കത്തെ ചോറുമൊക്കെയായിരുന്നു പ്രധാന പ്രലോഭനം.
അന്നത്തെ അടയ്ക്കാപൊളി ഉച്ചകഴിഞ്ഞു നാലുമണിയോടെ തീര്‍ന്നു. അവരുടെ നെല്ല് കുത്തിക്കാനായി അമ്മ കമ്പിളികണ്ടത്തെ മില്ലിലേക്ക് പോയി. വൈകുന്നേരത്തെ അത്താഴം ഉണ്ടാക്കാന്‍ ജെസ്സിയും ലാലിയും വീട്ടിലേക്കും പോയി. ബിന്ദുവുമായി മറ്റു കുട്ടികള്‍ക്കൊപ്പം കുറേനേരംകൂടി കളിച്ചിട്ട് ഞാന്‍ അവളെ ഇല്ലാതെയാണ് വീട്ടിലേക്ക് പോയത്. കുറേക്കഴിഞ്ഞു ബിന്ദു വന്നപ്പോള്‍ ഒരു വാടത്തേങ്ങയും കൊണ്ടുവന്നു. വഴിയില്‍ കിടന്നു കിട്ടിയതാണ് എന്നാണ് അമ്മ ചോദിച്ചപ്പോള്‍ അവള് പറഞ്ഞത്. വാക്കത്തിയെടുത്തു അമ്മ ആ തേങ്ങ വെട്ടിപ്പൊളിച്ചപ്പോള്‍ ഞാന്‍ അടുത്തുതന്നെ നിന്നു. ഉള്ളതില്‍ വലിയ പൂള് അമ്മയുടെ കയ്യില്‍നിന്നും കിട്ടുമെന്നു കരുതി ആര്‍ത്തിയോടെ നിന്ന ഞാന്‍ തേങ്ങ വെട്ടിപ്പൊട്ടിച്ചപ്പോള് നിരാശനായി. അകം മുഴുവന്‍ ചീഞ്ഞ തേങ്ങ അമ്മ വര്‍ക്കിച്ചേട്ടന്റെ ഈറ്റക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു.
പിറ്റേന്ന് ഞായറാഴ്ച ചാക്കോച്ചന് ചേട്ടന്റെ വീട്ടില്‍ കൊയ്ത്തായിരുന്നു. അമ്മയോടൊപ്പം തെള്ളിത്തോട് പള്ളിയില്‍ രാവിലത്തെ കുര്‍ബാന കൂടി, വേദപാഠ ക്ലാസ്സില്‍ പോകാതെ ഞങ്ങള്‍ കൊയ്യാന്‍ പോയി. അമ്മയോടുള്ള കരുണകൊണ്ടാകണം ചാക്കോച്ചന് ചേട്ടനും ചേടത്തിയും ഉള്ളതിലെ വലിയ രണ്ട് വയലുകള്‍ ഞങ്ങള്‍ക്കു വേണ്ടി മാത്രം മാറ്റിവച്ചു. അമ്മയും ജെസ്സിയും കൊയ്യും. എട്ട് വയസ്സുകാരി ലാലിയാണ് കറ്റ കെട്ടുക. ഞാന്‍ രണ്ട് കറ്റയും ബിന്ദു ഒരു കറ്റയും വീതം ചുമന്ന് ചാക്കോച്ചന് ചേട്ടന്റെ വീടിന്റെ മുറ്റത്തുകൊണ്ടുപോയി ചതുരത്തില്‍ അടുക്കും. ഉച്ചകഴിഞ്ഞു കൊയ്ത്തു കഴിയുമ്പോള്‍ അമ്മയും ജെസ്സിയും ലാലിയും വാഴവള്ളിയില്‍ കെട്ടി തലച്ചുമടായി മുഴുവന്‍ കറ്റയും അവരുടെ വീട്ടുമുറ്റത്ത് എത്തിക്കും.
അന്നുച്ചയ്ക്ക്, ചാക്കോച്ചന് ചേട്ടന്റെ ഭാര്യ അവരുടെ മൂത്ത മകളെയും കൂട്ടി ചോറും കറികളുമായി കണ്ടത്തിലേക്കു വന്നു. കൊയ്തുകൊണ്ടിരുന്ന കണ്ടത്തിന്റെ നടുക്കുണ്ടായിരുന്ന ഒരു കൊച്ചു പാറയിലിരുന്നാണ് ഞങ്ങള്‍ ഊണ് കഴിച്ചത്. ചേടത്തി വിളമ്പിത്തന്നത് കഴിച്ചിട്ട് ജെസ്സിയുടെയും ലാലിയുടെയും പാത്രത്തില്‍നിന്ന് ഒരു വിഹിതംകൂടി കിട്ടാനായി ഞാന്‍ വഴക്കിട്ടു. വഴക്കിടാതെ തന്നെ അനുജത്തി ബിന്ദു അവളുടെ പകുതിച്ചോറ് എനിക്ക് തന്നതും ഞാന്‍ അതിനോടകം കഴിച്ചു തീര്‍ത്തിരുന്നു.
''മേരി, ഇന്നലെ അടയ്ക്കാ പൊളിച്ചു പോയപ്പോള്‍ മേരീടെ എളേയാള്, ഞങ്ങടെ മോളിലെ പറമ്പിലെ തേങ്ങേന്ന് വീണ് ഉരുണ്ടു വഴീ വന്ന ഒരു തേങ്ങ കട്ടെടുത്തോണ്ടാ പോയത്...'
ചേടത്തിയത് പറഞ്ഞിട്ടും, ആ തേങ്ങ ചീഞ്ഞതായിരുന്നെന്നൊന്നും അമ്മ പറഞ്ഞില്ല. കണ്ടത്തിനു നടുവിലെ ഉണ്ടപ്പാറയില്‍ ഇരുന്നു കൊണ്ടു അമ്മ ബിന്ദുവിന്റെ വലതുകയ്യുടെ പെരുവിരല്‍ ആ കല്ലിലേക്ക് വലിച്ചു വെച്ചു. കൊയ്ത്തിന് ഉപയോഗിച്ച അരിവാള്‍ തിരിച്ചു പിടിച്ചു അതിന്റെ മാടുകൊണ്ട് അവളുടെ വിരലില്‍ ആഞ്ഞടിച്ചു.
''ഒരിക്കലും ആരുടേയും ഒന്നും കട്ടെടുക്കരുത്....''
അത് പറയുമ്പോള്‍ അമ്മയുടെ ആത്മാവിന്റെ വേദന ഞങ്ങള്‍ കേട്ടു. ബിന്ദുവിന്റെ വിരലും നഖവും വീര്‍ത്തുകെട്ടി. നഖത്തിന് പിറകില്‍ നിന്ന് ചോരയോഴുകി. ജെസ്സി ബിന്ദുവിനെ മടിയില്‍ ചേര്‍ത്തിരുത്തി ആശ്വസിപ്പിക്കുന്നത് മറക്കാന്‍ പറ്റുന്നില്ല.
അമ്മയോട് ദേഷ്യപ്പെട്ടുകൊണ്ട് ചേടത്തി അവരുടെ വീട്ടിലേക്ക് മടങ്ങി.
പിന്നീടുള്ള കുറേ രാത്രികളില്‍ ബിന്ദു ഉറങ്ങിയില്ല. അവളുടെ വിരല്‍ വീര്‍ത്തുകെട്ടി നഖം അടര്‍ന്നു പോയി. ബിന്ദുവിനെ തോളിലിട്ട് മുറ്റത്തുകൂടി അവളെ ഉറക്കാനായി പാട്ടുപാടുന്ന അമ്മ. മക്കളോട് താന്‍ ചെയ്ത ക്രൂരത ഓര്‍ത്തു അമ്മയുടെ ഹൃദയം എത്രമാത്രം വിങ്ങിപ്പൊട്ടിയിരുന്നു. അവളെ മടിയിലിരുത്തി ആഴ്ചകളോളം കമ്മ്യൂണിസ്റ്റ് പള്ളയുടെ ഇലയും തൊട്ടാവാടി ഇലയുമൊക്കെ ഒന്നിച്ചരച്ചു അവളുടെ നഖം പറിഞ്ഞ വിരല്‍ ഉണങ്ങും വരെ അമ്മയുടെ മനസ്സും മുറിവുണങ്ങാതെ തന്നെ ഇരുന്നു.
ജൂണ്‍ മാസത്തില്‍ പള്ളിക്കൂടം തുറക്കുന്ന അന്നുതന്നെ മഴക്കാലം തുടങ്ങുന്നത് കുടയില്ലാത്ത കുട്ടികളോട് കുശുമ്പുകുത്താനാണെന്ന് കുട്ടിക്കാലം മുതല്‍ ഞാന്‍ ഓര്‍ത്തിരുന്നു. അഞ്ചു വയസ്സായിട്ടും പള്ളിക്കൂടത്തില്‍ പോകാന്‍ പറ്റാത്തതിന്റെ വിഷമവും പേറിയാണ് അനുജത്തി ബിന്ദുവിനോടൊപ്പം മുറ്റത്തും തൊടിയിലുമൊക്കെ ഞാന്‍ കളിച്ചു നടന്നത്. ഞങ്ങളുടെ നാട്ടില്‍ ആനയും ലോറിയും ജീപ്പുമൊക്കെ ഉണ്ടായിരുന്ന പൂങ്കുടിക്കാരുടെ വീടിനടുത്തുണ്ടായിരുന്ന ആശാന് കളരിയുടെ മുമ്പില്‍നിന്ന്, സാറാമ്മട്ടീച്ചര് കുട്ടികളെ മണലില്‍ അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിക്കുന്നത് നോക്കി ഞാന്‍ കൊതിയൂറി നില്ക്കും. കുട്ടികള്‍ മണലിലില്‍ അക്ഷരങ്ങളെ സൃഷ്ടിക്കുന്നതും അല്പസമയത്തിനുള്ളില് കയ്യോടിച്ച് അവയെ കൊന്നുകളയുന്നതും, അവരുടെ ചെയ്തികളെ നിയന്ത്രിക്കാന്‍ എന്നവണ്ണം ചൂരലും പിടിച്ചു സാറാമ്മ ആശത്തി നിന്നു. കളരിക്ക് തൊട്ടടുത്തു പൂങ്കുടിയാന പനപ്പട്ട തിന്നു അവരുടെമുറ്റത്തു നിന്നു. ഇടയ്ക്കിടെ വന്നുപോകുന്ന അവരുടെ ലോറിയും ജീപ്പുമൊക്കെ കണ്ട് എന്നും വൈകുന്നേരമാകുമ്പോളാണ് ബിന്ദുവും ഞാനും വീട്ടിലെത്തുക. അപ്പോഴേക്കും ജെസ്സിയും ലാലിയും പള്ളിക്കൂടം കഴിഞ്ഞ് വീട്ടില്‍ എത്തിയിട്ടുണ്ടാകും.
1980-ലെ ജൂണ്‍ മാസത്തില്‍ അമ്മ എന്നെ പള്ളിക്കൂടത്തില്‍ ചേര്‍ത്തു. അക്കാലത്തു ഒന്നാംക്ലാസില്‍ ഉച്ചവരെയും രണ്ടാം ക്ലാസില്‍ ഉച്ചകഴിഞ്ഞും മാത്രമാണ് പഠനം. ഒന്നാം ക്ലാസ്സില്‍ കുരുവിള സാര്‍ പഠിപ്പിക്കുമ്പോള്‍ മറ്റു കുട്ടികള്‍ ആശാന് കളരിയില്‍ പോയിട്ടുള്ളതിനാല്‍ അക്ഷരങ്ങള്‍ അവര്‍ക്ക് പെട്ടന്നു വഴങ്ങി. ആ വര്‍ഷം മുഴുവന്‍ കുരുവിള സാറിന്റെ അടി വാങ്ങുന്നതില്‍ ഞാന്‍ ഒന്നാമതായി തുടര്‍ന്നു. എന്റെ തൊട്ടടുത്തിരുന്ന ബിജു മാത്രമാണ് അന്നെന്നോട് കൂട്ടു കൂടിയിരുന്നത്. കുരുവിള സാര്‍ 'തറ'യും 'പന'യുമൊക്കെ എഴുതിക്കുമ്പോള്‍ അന്തംവിട്ടിരുന്ന എന്നെ തലേവര്‍ഷം അവന് ആശാന് കളരിയില്‍ പഠിച്ച 'അ' യും 'ക' യുമൊക്കെ സ്ലേറ്റില്‍ എഴുതി കാണിച്ചിട്ടും എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ല. ഉച്ചവരെയുള്ള ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനു മുന്‍പ് ബിജു വീട്ടില്‍നിന്നും കൊണ്ടുവന്ന ഇന്റാലിയം പാത്രത്തിലെ ചോറുണ്ണുന്നത് ഞാന്‍ നോക്കി നില്ക്കും. അത് പലവട്ടം ആയപ്പോളാണ് ഒരു ദിവസം പറത്തോട് പള്ളിയുടെ മുറ്റത്തുള്ള ടാപ്പില്‍ അവന് കൈ കഴുകാന്‍ പോയപ്പോള്‍ എന്നെയും കൂട്ടിയത്. തിരികെ ക്ലാസ്സില്‍ വന്ന്, അവന്റെയൊപ്പം ചോറ്റുപാത്രത്തില്‍ നിന്നും ഒന്നിച്ചു കഴിക്കുന്ന രീതി ആ വര്‍ഷം മുഴുവന്‍ ഞങ്ങള്‍ തുടര്‍ന്നു. രണ്ടില്‍ ഉച്ചകഴിഞ്ഞായിരുന്നു ക്ലാസ്സ്. അതുകൊണ്ട് തന്നെ പിന്നങ്ങോട്ട് അവന്റെ ഉച്ചയൂണിന്റെ വീതം കിട്ടാന്‍ ഞാന്‍ മൂന്നാം ക്ലാസ്സില്‍ എത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. തൊട്ടടുത്ത വര്‍ഷം മേരിട്ടീച്ചറിന്റെ ക്ലാസ്സില്‍ എത്തിയപ്പോഴാണ് തെറ്റില്ലാതെ മുഴുവന്‍ അക്ഷരങ്ങളും ഞാന്‍ പഠിച്ചത്. അവര്‍ക്കെന്നോട് കരുണയോ വാത്സല്യമോ എന്നൊന്നും ഇന്നും എനിക്കറിയാത്ത ഒരു അടുപ്പമുണ്ടായിരുന്നു. അക്ഷരങ്ങളെ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്.
മൂന്നാം ക്ലാസ്സിലേക്ക് കയറുമ്പോള്‍, അപ്പന് നാടുവിട്ടുപോയപ്പോള്‍ ജപ്തിവരെയെത്തിയ കൃഷിവായ്പ, ആ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പൂര്‍ണ്ണമായും അടച്ചു തീര്‍ക്കണം എന്ന അറിയിപ്പ് അമ്മക്ക് സഹകരണ ബാങ്കില്‍നിന്ന് ലഭിച്ചു. അക്കാലത്ത് അയല്‍ക്കാരുടെ തൊടികളിലുള്ള പണിയൊക്കെ വിട്ട്, കമ്പിളികണ്ടത്ത് ഉടമ്പടിയായി പണിയെടുത്തു ചെയ്തിരുന്ന കുഞ്ഞൂഞ്ഞമ്മ ചേച്ചിയുടെ കൂടെ അമ്മ പണിക്കു പോയിത്തുടങ്ങി. കല്ല് ചുമടും കട്ടന്‍സ് ചുമടും ഒക്കെയായി അമ്മ തീര്‍ത്തും ക്ഷീണിച്ചെങ്കിലും, കൃഷിയിടങ്ങളില്‍ പോകുന്നതിലേറെ കൂലി ലഭിച്ചു. ഞങ്ങളുടെ ഭക്ഷണവും വസ്ത്രവുമൊക്കെ വാങ്ങുന്നതു കൂടാതെ വര്‍ഷാവര്‍ഷം സഹകരണബാങ്കിലെ വായ്പയുടെ പലിശ അടച്ച് പുതുക്കാനും അമ്മയുടെ പുതിയ പണി സഹായിച്ചു. ദിവസവും കുഞ്ഞൂഞ്ഞമ്മ ചേച്ചിയുടെ കൂടെ അവരെടുക്കുന്ന ഉടമ്പടിപ്പണിക്ക് കൂലിക്കാരിയായി പോകുന്നത് കൂടാതെ, അയല്പക്കങ്ങളിലെ നെല്ലുകുത്തിക്കാന് പോക്കും, കമ്പിളികണ്ടത്തെ കൊളപ്രത്തിന്റെ ചായക്കടയോട് ചേര്‍ന്ന് അവര്‍ വളര്‍ത്തിയിരുന്ന കന്നുകാലികള്‍ക്കുള്ള പുല്ലു ചെത്തി എത്തിക്കുന്ന പണിയുമൊക്കെ അമ്മ തുടര്‍ന്നു. ആ നാളുകളില്‍ തെള്ളിത്തോട്ടില്നിന്ന് ചിന്നാര്‍ പോകുന്നവഴിക്കു താമസിച്ചിരുന്ന പാമ്പാക്കടയിലെ ലൈസിചേച്ചി തൃശൂരില്‍ നഴ്സറി ടീച്ചര്‍ പരിശീലനത്തിന് പോയി. സഹകരണ ബാങ്കിലെ വായ്പയുടെ പലിശ അപ്പന് ഞങ്ങളെ ഉപേക്ഷിച്ചുപോയപ്പോള്‍ മുതല്‍ അമ്മ കൃത്യമായി അടച്ചിരുന്നെങ്കിലും ആ വര്‍ഷാവസാനം അത് പൂര്‍ണ്ണമായി അടച്ചുതീര്ക്കണമെങ്കില് വീട്ടിലെ ചെലവുകള്‍ കാര്യമായി കുറയണമെന്ന് അമ്മക്കറിയാമായിരുന്നു.
പാമ്പാക്കടക്കാരുടെ വീടുപണിക്കുള്ള കല്ലുചുമടിന് കുഞ്ഞൂഞ്ഞമ്മ ചേച്ചിയോടൊപ്പം പോയപ്പോള്‍ ഉച്ചയൂണിന്റെ സമയത്താണ് അവധിക്കു വന്ന ലൈസിചേച്ചി അമ്മയോട് തൃശ്ശൂരുള്ള, കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തേക്കുറിച്ച് പറഞ്ഞത്. ലൈസിച്ചേച്ചി അവിടെ താമസിക്കുന്നതിന് അടുത്താണ് ആ സ്ഥാപനമെന്നും അവിടെ പഠനത്തിനോ ഭക്ഷണത്തിനോ ഒന്നും പണം കൊടുക്കേണ്ടതില്ലന്നും അറിയിച്ചു. ഞാന്‍ അപ്പോള്‍ മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. മോളിടീച്ചറും ആനി ടീച്ചറും മാറിമാറി പഠിപ്പിച്ചിരുന്ന ആ ക്ലാസ്സിലേക്ക് ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകില്ലെന്ന് ഞാനറിഞ്ഞത് പള്ളിക്കൂടം തുറക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. ആ ഞായറാഴ്ച തെള്ളിത്തോടുപള്ളിയില് ഉച്ചക്കുര്ബാന കഴിഞ്ഞ് ഞാനിനി പറത്തോട്ടിലെ പള്ളിക്കൂടത്തിലല്ല പഠിക്കുന്നതെന്നും തൃശൂര്‍ എന്ന് പറയുന്ന സിറ്റിയില്‍ ആണെന്നും ഒക്കെ വീമ്പിളക്കി യാത്ര പറഞ്ഞത് എന്റെ കൂട്ടുകാരന് ബിജുവിനോട് മാത്രമാണ്.
അപ്പോഴേക്കും കമ്പിളികണ്ടത്തെ വഴി കല്ലാര്‍കുട്ടി മുതല്‍ മെറ്റലിട്ട് ഭംഗിയാക്കിയിരുന്നു. തെള്ളിത്തോട്ടിലേക്കു വര്‍ഷങ്ങള്‍ക്കു മുന്പിട്ടിരുന്ന മെറ്റല്‍ അവിടവിടെ ചിതറി വഴിയിലും വഴിക്കുപുറത്തുമൊക്കെയായി കിടന്നു. ആ നാളുകളിലാണ് ഞങ്ങളുടെ നാട്ടിലേക്കു ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രാവിലെ കമ്പിളികണ്ടത്തുനിന്ന് നാല് ബസുകളുണ്ട്. രാവിലെ അഞ്ച് ഇരുപതിന് കോതമംഗലത്തിനുള്ള പി.എം.എസ്, ആറ് നല്പ്പത്തിന്റെ എരുമേലിക്കുള്ള കോംറേഡ്, എട്ടുമണിയുടെ എറണാകുളത്തേക്കുള്ള ജീസസ്, ഒന്പതിനു കട്ടപ്പനക്കുള്ള സി.എം.എസ്. വഴി നന്നാക്കിക്കഴിഞ്ഞ്, ബസ് വന്നത് നാട്ടുകാര്‍ വലിയ ഉത്സവം പോലെയാണ് കൊണ്ടാടിയത്. 1982-ലെ ഓണാവധി തീരുന്നതിന്റെ തലേന്ന്, ഞങ്ങള്‍ ഇളയ മൂന്നുപേരെ തൃശ്ശൂര്‍ അടുത്ത് കളത്തോട്ടിലെ അനാഥശാലയിലാക്കാന് അഞ്ച് ഇരുപതിന്റെ പി.എം.എസ്സിന് അമ്മ ഞങ്ങളുമായി കമ്പിളികണ്ടത്ത്നിന്ന് വണ്ടി കയറി. അനാഥനല്ലാതിരുന്നിട്ടും അനാഥനായി ജീവിക്കാനുള്ള ഒരു നീണ്ട യാത്ര. ആ യാത്ര കൊണ്ടുവന്ന കണ്ണീരിന്റെ ഉപ്പുരസം ഇന്നും എന്നെ വിട്ടുപോയിട്ടില്ല. അവിടെ ആ അനാഥശാലയില്‍ ഞങ്ങളെ കാത്തു ഇരുട്ടിലും വെളിച്ചത്തിലും പേടിപ്പെടുത്തിയ നിഴല്‍ രൂപങ്ങള്‍ പതിയിരുന്നു.
( അഞ്ചാം ഭാഗം അടുത്ത ബുധനാഴ്ച)
Content Highlights: Childhood Memories by babu abraham From Parathot to Paris part 4
Published: 27 Nov 2024, 11:40 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented