1980, പള്ളിമേടയിൽ കൂടിയ രാത്രി യോഗത്തിന് ഒരു മാസം പ്രായമായിട്ടുണ്ടാകണം. ഒരു ദിവസം അഞ്ച് മണിയോടെ അയല്പക്കത്തെ വയലിൽ കളപറി കഴിഞ്ഞ്, ചാക്കോച്ചേട്ടന്റെ വീട്ടിലേക്കുള്ള നെല്ല് കമ്പിളികണ്ടത്തെ മില്ലിൽ കൊണ്ടുപോയി കുത്തിച്ചു വന്ന വഴിയിൽ, അപ്പന്റെ നേരെ ഇളയ അനുജൻ, വല്യപ്പാപ്പാൻ തെള്ളിത്തോട്ടിൽ അമ്മയെ കാത്തു നിന്നു. നെല്ലുകുത്തിക്കാനായി പോകുമ്പോൾ, റേഷൻകാർഡ് എടുത്തു  തെള്ളിത്തോട്ടിലേക്കു ചെല്ലാൻ അമ്മ എന്നോട് വീടിനക്കരെ നിന്നു ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. അന്ന് വൈകുന്നേരത്തെ ഞങ്ങളുടെ അത്താഴത്തിനുള്ള അരി വാങ്ങാനായിരുന്നു അത്. തെള്ളിത്തോട്ടിൽ അക്കാലത്തു മേക്കാട്ടുകാർ നടത്തിയിരുന്ന ചായക്കടയും കുഞ്ഞപ്പൻ ചേട്ടന്റെ റേഷൻകടയുമാണ് ഉണ്ടായിരുന്നത്. ചായയും കടിയും കൂടാതെ കമ്പിളികണ്ടത്തുനിന്ന് ചാരായം വാങ്ങിവരുന്നവർ അവിടെ കൂട്ടംകൂടിയിരുന്നു നാട്ടുവർത്തമാനം പറഞ്ഞു കുടിക്കുന്ന പതിവും ഉണ്ടായിരുന്നു.

To advertise here,

അമ്മ പോയി അല്പം കഴിഞ്ഞപ്പോൾത്തന്നെ, ഞാൻ റേഷൻ കാർഡുമെടുത്തു തെള്ളിത്തോട്ടിൽ എത്തി. റേഷൻ കടയുടെ മുന്നിലെ തിണ്ണയിലെ തൂണുകളിൽ ഒന്നിൽപിടിച്ചു, മേക്കാട്ടുകടയിലെ ചില്ലലമാരയിലെ പലഹാരങ്ങളെ നോക്കി കൊതിയോടെ വെള്ളമിറക്കി നിന്നു. അമ്മ വന്നു റേഷൻകടയിൽനിന്ന് ഒരുകിലോ പച്ചരി വാങ്ങി. പണം കൊടുത്തു കാർഡ് പതിപ്പിച്ചു വാങ്ങി എന്റെ കയ്യിൽ തരുമ്പോളാണ് വല്യപ്പാപ്പാൻ മേക്കാട്ടു കടയിൽനിന്ന് ഇറങ്ങി വന്നത്. വെളുത്ത അടിവസ്ത്രം കാണും വിധം മുണ്ട് മടക്കിക്കുത്തി വല്യപ്പാപ്പാൻ അമ്മയുടെ അടുത്തേക്ക് വന്നു. അമ്മയുടെ കരണംതീർത്ത് അടിച്ചുകൊണ്ടായിരുന്നു അപ്പാപ്പന്റെ തുടക്കം.
''നീ കെട്ടിയോനില്ലാതെ നാട്ടിൽക്കൂടെ വ്യഭിചരിച്ചുനടന്നു കുടുംബക്കാരെ മുഴുവൻ നാണം കെടുത്തുമല്ലേടി...'
അമ്മയുടെ നീണ്ട മുടിക്കെട്ടിൽ പിടിച്ചുവലിച്ചുകൊണ്ട് വല്യപ്പാപ്പൻ അലറി. കുടിച്ചുതീർത്ത ചാരായത്തിന്റെ ഊർജ്ജവും ചേർത്ത് ആ ദിവസങ്ങളിൽ വഴിയിൽ നിരത്തിയ മിറ്റലിലൂടെ വല്യപ്പാപ്പാൻ അമ്മയെ വലിച്ചിഴച്ച് കുര്യക്കോച്ചേട്ടന്റെ വീടിനടുക്കലേക്ക് കൊണ്ടുപോയി... അമ്മ പാടുപെട്ട് എഴുന്നേൽക്കുന്നതും കുതറി ഓടാൻ നോക്കുന്നതും ഞാൻ കണ്ടു. മേക്കാട്ടുകടയിൽ നിന്നു ഇറങ്ങിവന്ന കൊച്ചപ്പാപ്പാൻ ജേഷ്ഠൻ പറഞ്ഞതനുസരിച്ചു അമ്മയെ ഇരുകയ്യുംചേർത്ത്, പിന്നിൽനിന്ന് ഒരത്തിൽ പിടിച്ചു നിർത്തി. അമ്മയുടെ മുഖത്ത് വല്യപ്പാപ്പാൻ പലവട്ടം അടിക്കുമ്പോൾ അമ്മ അലറികരഞ്ഞു. ഞാൻ നിസ്സഹായനായി റേഷൻ കടയുടെ തിണ്ണയിൽത്തന്നെ നിന്നു.
''നീ രാത്രീൽ വീട്ടിൽ ആളെ വരുത്തി വ്യഭിചരിക്കും ആല്ലേടി...? എന്നാപ്പിന്നെ, ഞാനും ഇടയ്ക്കു അങ്ങ് വരാമെടി... നിനക്ക് എല്ലാർക്കും കൊടുക്കാങ്കിൽ എനിക്കും മേലേ....?''
വല്യപ്പാപ്പൻ ആ വാചകം പൂർത്തിയാക്കിയത് അന്നെനിക്ക് അറിയാമായിരുന്നതിലും ഏറെ കടുപ്പമുള്ള തെറികളുമായാണ്. ഒരു കൈ കൊണ്ടു അമ്മയുടെ മുടിക്ക് ചുറ്റിപ്പിടിച്ചു, മറ്റൊരു കൈകൊണ്ട് അമ്മയുടെ തോർത്ത് എടുത്തുമാറ്റുന്ന വല്യപ്പാപ്പന്റെ രൂപം ഇന്നുമുണ്ട് എന്റെ മനസ്സിൽ.
''നിർത്ത്... ചേട്ടായി ഇതെന്നതാ കാണിക്കുന്നേ...'
കൊച്ചപ്പാപ്പൻ ജേഷ്ഠനോട് തട്ടിക്കയറിക്കൊണ്ട്, അമ്മയുടെ ഒരത്തിൽനിന്ന് കയ്യെടുത്തു മേക്കാട്ടു കടയിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി. അമ്മ വല്യപ്പാപ്പന്റെ മുഖത്തേക്ക് കാറിത്തുപ്പി. അത് കായികശേഷിയിലെ അമ്മയുടെ കുറവ് മറികടക്കാനുള്ള അവസാന ശ്രമമായിരുന്നിരിക്കണം!
''നിനക്ക് വികാരിയച്ചൻ പറഞ്ഞാൽ പോലും അനുസരിക്കാൻ മേലല്ലേ...'
കരഞ്ഞുകൊണ്ട് ഞാൻ അമ്മയുടെ അടുക്കലേക്കു ഓടിയെത്തുമ്പോളേക്കും വല്യപ്പാപ്പൻ അമ്മയെ കുര്യക്കോച്ചേട്ടന്റെ പറമ്പിന് അപ്പുറം, കുന്നുംചെരുവിലൂടെ ചേലമല ബേബിചേട്ടന്റെ പറമ്പിലേക്കു തള്ളിവിട്ടു. ഇടവിട്ട് മുറിച്ച മേച്ചിൽപുല്ലിന്റെ കുറ്റികളിൽ ദേഹമുരഞ്ഞ്, തെരുവപ്പുല്ലിനിടയിലൂടെ ഉരുണ്ടുപോയ അമ്മ തെള്ളിത്തോട് പള്ളിയുടെ സെമിത്തേരിയുടെ താഴെ എത്തി.

മേക്കാട്ടുകടയിലിരുന്ന ആരും വല്യപ്പാപ്പനെ എതിർക്കുകയോ അമ്മയെ സഹായിക്കാൻ വരികയോ ചെയ്തില്ല. എന്തിന്, അയാൾ ചെയ്യുന്നത് തെറ്റാണെന്നു പോലും ആരും പറഞ്ഞില്ല. പള്ളിപ്പറമ്പിലൂടെ ഓടിയിറങ്ങി, സെമിത്തേരിയുടെ താഴെ അമ്മ വീണിടത്തു ഞാൻ എത്തിയപ്പോഴേക്കും, ദേഹം മുഴുവൻ മുറിവുകളുമായി അമ്മ തെരുവപ്പുല്ലിനിടയിലൂടെ വഴിയിലേക്ക് നടന്നു കയറിയിരുന്നു. മേക്കാട്ടു കടയിൽ ചാരായം കുടിച്ചുകൊണ്ടിരുന്ന വല്യപ്പനെയും വല്യപ്പാപ്പനെയും കൂട്ടി വീട്ടിലേക്ക് പോകാനായി കടയുടെ തിണ്ണയിലെത്തിയ കൊച്ചപ്പാപ്പാൻ ചോരയിൽ കുളിച്ചു, അഴിഞ്ഞു കാറ്റിൽ പറക്കുന്ന മുടിയുമായി ഒരു ഭ്രാന്തിയെപ്പോലെ നിൽക്കുന്ന അമ്മയെയാണ് കണ്ടത്.
''ചേടത്തി വീട്ടിൽ പോ. ചേട്ടായിക്കും അപ്പനും നല്ല പൂസാ. ഞാൻ എന്താ ചെയ്കാ?''
അമ്മയുടെ അടുക്കലെത്തിയ കൊച്ചപ്പാപ്പൻ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
''നീ മാറി നിൽക്ക്. എനിക്ക് അച്ചാച്ചനോടും നിന്റെ ചേട്ടനോടുമാണ് പറയാനുള്ളത്. അവൻ ഇന്ന് എന്നോട് ചെയ്തതിന്റെ കണക്ക് ഞാൻ ഇന്ന് തന്നേ തീർക്കണം. അല്ലങ്കിൽ എനിക്കും എന്റെ പിള്ളേർക്കും ഈ നാട്ടിൽ ജീവിക്കാൻ പറ്റില്ല. ഇനിയും എന്റെ ദേഹത്ത് തൊടാൻ നിങ്ങളെ ആരെയും ഞാൻ അനുവദിക്കില്ല.''
കൊച്ചപ്പാപ്പന്റെ കൈ തട്ടിമാറ്റി അമ്മ മേക്കാട്ടുകടയുടെ തിണ്ണയോടു ചേർന്നുനിന്ന് അലറി.
''എടാ, എറങ്ങി വാടാ. ഇത് മേരിയാ... ഇനി നിനക്ക് എന്നെ അടിക്കാനാവുമോ എന്നൊന്ന് നോക്കിക്കേ.''
മനോനില തെറ്റിയപോലെ അലറിയ അമ്മയുടെ അടുക്കലേക്കു പാഞ്ഞടുത്ത വല്യപ്പാപ്പാനെ പിടിച്ചു നിർത്താൻ ആരൊക്കെയോ പരിശ്രമിച്ചെങ്കിലും, അതൊന്നും അയാൾക്ക് അമ്മയുടെ അടുത്തെത്താൻ തടസ്സമായില്ല.
''അമ്മച്ചിയേ...'
എന്ന അലർച്ചയോടെ വല്യപ്പാപ്പാൻ മെറ്റൽ നിരത്തിയിട്ട വഴിയിലേക്ക് വീഴുമ്പോൾ പള്ളിപ്പറമ്പുവഴി ഓടിവന്ന ഞാൻ, കുരിശ്ശടിയിൽ എത്തിയിരുന്നു. അമ്മയുടെ തോളിൽ കിടന്നിരുന്ന തോർത്ത് മടക്കി അതിനുള്ളിൽ മൂന്നുനാല് ഉരളൻ മെറ്റലുകൾ ചേർത്തുകെട്ടി വല്യപ്പാപ്പനെ അടിച്ച അമ്മ, തന്റെ പക തീരുവോളം ആക്രമണം തുടർന്നു. കുര്യാക്കോച്ചേട്ടന്റെ വീടിനോട് ചേർന്നുള്ള ആട്ടിൻ കൂടിന്റെ ഇറമ്പിലിരുന്ന അരിവാൾ എടുത്തു അമ്മ വല്യപ്പന് നേരെ നീങ്ങി. അമ്മയുടെ വരവിൽ പന്തികേട് തോന്നിയ വല്യപ്പൻ കുരിശ്ശടിവഴി പള്ളിപ്പറമ്പിലൂടെ പൂരണിക്കാരുടെ കുന്നു കയറി തറവാട്ടിലേക്ക് ഓടി. മെറ്റൽ കല്ലുകൾ നിരത്തിയിരുന്ന വഴിയിൽ കിടന്നിരുന്ന വല്യപ്പാപ്പനെ അമ്മ പിന്നെയും ഒന്നുരണ്ടുവട്ടം കൂടി അടിച്ചു. തോർത്തിന്റെ കെട്ടഴിച്ചു കല്ലുകൾ അപ്പാപ്പന് നേരെ എറിഞ്ഞിട്ടു അമ്മ കയ്യിലിരുന്ന അരിവാൾ കുരിയാക്കോച്ചേട്ടന്റെ തിണ്ണയിലേക്കിട്ടു.
''ഇനി നീയോ നിന്റെ കുടുംബത്തിൽ ആരെങ്കിലുമൊ എന്നെ ഉപദ്രവിച്ചാൽ കൊല്ലാൻപോലും ഞാൻ മടിക്കിയേല.''
വീണുകിടന്ന വല്യപ്പാപ്പാനെ ചവിട്ടി അമ്മ റേഷൻ കടയുടെ തിണ്ണയിൽ വച്ചിരുന്ന അരിയും തവിടും പകുത്തു കെട്ടിയ ചാക്കും തലയിലെടുത്തു ചാക്കോച്ചേട്ടന്റെ വീട്ടിലേക്ക് നടന്നു. മേക്കാട്ടു ചേട്ടത്തിയുടെ കടയിലിരുന്നു ചാരായം കുടിച്ചിരുന്ന നാട്ടുപ്രമാണിമാർ മൂക്കത്തു വിരൽവച്ചുകൊണ്ട് കടത്തിണ്ണയിലേക്ക് ഇറങ്ങിനിന്നു. മുമ്പോട്ടു തള്ളിനിന്ന തന്റെ ഉണ്ണിവയറ് തടവി, തോളിൽ കിടന്ന മുഷിഞ്ഞ തോർത്തിൽ ഇടയ്ക്കിടെ കൈ തുടച്ചുകൊണ്ട്, കുഞ്ഞുമോൻ ചേട്ടൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ചില്ലലമാരിയിൽ പല തട്ടുകളിലായി കിടന്ന എണ്ണപ്പലഹാരങ്ങൾ എന്നിൽ കൊതി ജനിപ്പിച്ചില്ല. റേഷൻ കടയുടെ മുന്നിലെ മണ്ണണ്ണ വീപ്പക്ക് മുകളിൽ  വച്ചിരുന്ന പച്ചരിയുമെടുത്തു വീട്ടിലേക്ക് നടക്കുമ്പോൾ അമ്മയുടെ ചോരപുരുണ്ട മുഖമായിരുന്നു മനസ്സു നിറയെ. കുഞ്ചിരക്കാട്ടു പാറയിലൂടെ ഒഴുകിയ തെള്ളിത്തോട് മുറിച്ചുകടക്കുമ്പോൾ അമ്മ തിരിഞ്ഞ് എന്റെ കയ്യിൽപ്പിടിച്ചു. അതിനുശേഷം ഒരിക്കലും അമ്മയെ തെറിപറയാനോ അടിക്കാനോ വല്യപ്പാപ്പാൻ തുനിഞ്ഞില്ല. തുടർന്നുവന്ന പന്ത്രണ്ടു വർഷക്കാലം അപ്പന്റെ കുടുംബത്തിലെ ആരും അമ്മയോടെന്നല്ല ഞങ്ങൾ നാലു കുട്ടികളോടും സംസാരിച്ചില്ല. ഞായറാഴ്ച കുർബാനകൾക്ക് ശേഷം, വീർത്ത മുഖവുമായി അന്യരെപ്പോലെ അവർ പള്ളിമുറ്റത്ത് അകലേക്ക് നോക്കി നില്കുന്നത് കണ്ടാണ് ഞങ്ങൾ പിന്നങ്ങോട്ട് വളർന്നത്. അപ്പന്റെ അനിയന്മാരുടെ കല്യാണങ്ങൾക്കും ഞങ്ങൾക്ക് വിളിയുണ്ടായില്ല. 

വികാരിയച്ചന്റെ വാക്കുകൾക്ക് വില കൊടുക്കാത്ത പാപിനിയായി മുദ്രയടിക്കപ്പെട്ട അമ്മക്ക് പള്ളിപ്പൊതുയോഗങ്ങളിൽ പങ്കെടുക്കാനായില്ല. തുടർന്നുവന്ന കുറെ മാസങ്ങൾ ഞായറാഴ്ച കുർബാനക്കിടയിൽ ദിവ്യകാരുണ്യ സ്വീകരണത്തിനു കയ്യിലെടുത്ത ഓസ്തി അല്പനിമിഷങ്ങളിലേക്കെങ്കിലും മടിച്ചു നിന്നിട്ടാണ് വികാരിയച്ചൻ അമ്മയുടെ നാവിൽ വച്ചുകൊടുത്തത്. പള്ളിക്കുർബാനകളിൽ മറ്റു കുട്ടികൾ, എന്റെ അടുത്തുനിന്നു അകലമിട്ടു മാറിനിന്നു. വേദപാഠ ക്ലാസുകൾ കഴിഞ്ഞ് സമപ്രായക്കാർ സാറ്റും കള്ളനും പോലീസും ഒക്കെ കളിച്ചപ്പോൾ എന്നെ മാറ്റി നിർത്തി. അന്ന് പള്ളിവാതിലിന്റെ നടയിലിരുന്നു മറ്റുള്ള കുട്ടികൾ ഓടിക്കളിക്കുന്നത് കണ്ടിരുന്ന ഞാൻ കണ്ണു നനച്ചെങ്കിലും, ആ അവഗണയിൽ അലിഞ്ഞില്ലാതാകാൻ തയ്യാറായില്ല. തുടർന്നു വന്ന മാസങ്ങളും വർഷങ്ങളും ഞങ്ങൾ നാലു മക്കൾക്കും ഒറ്റപ്പെടലിന്റെയും അവഹേളനങ്ങളുടെയും നാളുകളായിരുന്നു. 

വികാരിയച്ചന്റെ അധ്യക്ഷതയിൽ ക്രിസ്മസ് കാലത്ത് കൂടിയ രാത്രി യോഗത്തിൽ എടുത്ത തീരുമാനങ്ങളെ അംഗീകരിക്കാതിരുന്ന അമ്മയോട് അമ്മയുടെ സഹോദരങ്ങൾക്കും പരിഭവമായിരുന്നു. ഞങ്ങൾ മക്കളെ അപ്പന്റെ തറവാട്ടുവീട്ടിൽ ഏൽപ്പിച്ച്, നാടുവിട്ടുപോയ അപ്പൻ മടങ്ങിയെത്തും വരെ, സ്വന്തം വീട്ടിൽ പോയി നിൽക്കാനുള്ള തീരുമാനത്തെ എതിർത്ത അമ്മ തന്റേടിയും 'കുത്തഴിഞ്ഞു' ജീവിക്കുന്നവളുമായി പെട്ടന്നു തന്നെ നാട്ടിൽ മുദ്രയടിക്കപ്പെട്ടു. ഭർത്താവില്ലാതെ കെട്ടുറപ്പില്ലാത്ത കുടിലിൽ ജീവിച്ച അമ്മ 'പിഴച്ചവൾ' എന്ന് മുദ്രകുത്തപ്പെട്ടു. അവരുടെ 'കുത്തഴിഞ്ഞ' ജീവിതത്തേക്കുറിച്ച് മേക്കാട്ടു കടയിലിരുന്നു അന്തിക്കള്ളും ചാരായവും കുടിച്ചു നാട്ടിലെ പുരുഷന്മാർ അപ്പന്റെ കുടുംബക്കാർക്കൊപ്പം കഥകൾ മെനഞ്ഞു രസിച്ചു. അതിനൊപ്പം ഭർത്താവിന്റെ അനുജനെ വഴിയിൽ ആളുകളുടെ മുന്നിലിട്ട് അടിച്ചു വീഴ്ത്തിയ മേരി തന്റേടിയായി. അമ്മയും ഞങ്ങളും കമ്പിളികണ്ടത്തെയും തെള്ളിത്തോട്ടിലെയും വഴിയിലൂടെ നടക്കുമ്പോൾ ആളുകൾ അടക്കം പറഞ്ഞു. കർത്താവിന്റെ അഭിഷിക്തനായ വികാരിയച്ചനെ അമ്മ ധിക്കരിക്കുക മാത്രമല്ല പുരോഹിതനുനേരെ അരിവാളോങ്ങിയ മേരിക്ക് 1980-ന്റെ ആരംഭം മുതൽ അഭിസാരികക്കൊത്ത സ്വഭാവസർട്ടിഫിക്കറ്റിന് നാട്ടുക്കൂട്ടം അർഹതനൽകി ആദരിച്ചു. അതൊക്കെ കൊണ്ടാകണം അമ്മാവന്മാരോ അമ്മയുടെ സഹോദരിമാരോ മൂന്നാല് മാസക്കാലം അമ്മയേയും ഞങ്ങളെയും കാണാൻ വന്നില്ല.

''അമ്മവീട്ടിൽ ഇപ്പോൾ കൊയ്ത്തിന്റെ കാലമല്ലേ? അവിടെപ്പോയാൽ രണ്ട് കണ്ടമെങ്കിലും കൊയ്യാനായി കൊച്ചമ്മാവൻ നമുക്ക് തരില്ലേ...?''
ഒരു വൈകുന്നേരം ജെസ്സി അമ്മയോട് പറഞ്ഞു. വീടിനു താഴെയുള്ള അയൽക്കാരുടെ വയലുകളെല്ലാം കൊയ്തു മെതിക്കാൻ ഞങ്ങൾ എല്ലാവരും പോയിരുന്നു. വിഹിതം കിട്ടിയ പതമ്പ് നെല്ല് മുറ്റത്തു പരമ്പിലിട്ടുണക്കി ചാക്കിൽ കെട്ടി അടുക്കളയിൽ അടുക്കി വച്ചു. നാലഞ്ച് പറ നെല്ലുണ്ട്. മഴയാകും മുമ്പേ പുഴുങ്ങിയുണങ്ങി കുത്തിച്ചാൽ കുറേ ആഴ്ച്ചകൾ വീട്ടിൽ കുത്തരിക്കഞ്ഞി ഉണ്ടാകും.
''നിങ്ങൾ ഒരെടെത്തേക്കും പോകുന്നില്ല. നമുക്കുള്ളതൊക്കെ കഴിച്ച് നമ്മുടെ കുടിലിൽ കിടന്നാൽ മതി. എന്നെ മനസ്സിലാക്കാൻ പോലും എന്റെ സഹോദരങ്ങൾക്ക് സാധിച്ചില്ലങ്കിൽ പിന്നെയെന്തിനാ ഈ കുടുംബമൊക്കെ...?''
മുറ്റത്തു കിടന്ന പരമ്പ് ചുരുട്ടിക്കെട്ടി ഭിത്തിയിൽ ചാരി വയ്‌ക്കൊമ്പോൾ അമ്മ പറഞ്ഞു. അത് പറയുമ്പോൾ ആ സ്വരം ഇടറിയിരുന്നു.
ഞാൻ ജനിച്ച് 40 ദിവസമായപ്പോൾ അമ്മയുടെ അപ്പനും എനിക്ക് രണ്ട് വയസുള്ളപ്പോൾ അമ്മയുടെ അമ്മയും മരിച്ചുപോയിരുന്നു. ഞാൻ 'അത്തം' നക്ഷത്രക്കാരനായതിനാലാണ് അവർ അകാലത്തിൽ മരിച്ചതെന്ന സംസാരവും അമ്മവീട്ടിൽ ഉണ്ടായിരുന്നു. അമ്മവീട്ടിൽ അവർ എട്ട് മക്കളാണ്. അമ്മ രണ്ടാമത്തെയാൾ. അമ്മയേക്കാൾ രണ്ട് വയസ്സ് മൂത്ത ആങ്ങള വിവാഹം കഴിച്ചിരുന്നില്ല. മിക്കവാറും വീടുവിട്ട് ബന്ധുവീടുകളിൽ കറങ്ങി നടന്ന്, അവിടങ്ങളിൽ പണിയെടുത്തും താമസിച്ചും പോന്ന പാപ്പാങ്കിൾ വല്ലപ്പോഴുമേ വീട്ടിൽ ചെന്നിരുന്നുള്ളു. കുറച്ചുകാലം കഴിഞ്ഞ് അദ്ദേഹവും മരിച്ചു. പിൽക്കാലത്ത് ആ മരണത്തിന്റെ ഉത്തരവാദിത്തവും എന്റെ നാളിനായി. അമ്മയുടെ മൂന്ന് ആങ്ങളമാരും മൂന്ന് അനുജത്തിമാരും തെള്ളിത്തോട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി പൂതാളിയിലാണ് താമസിച്ചിരുന്നത്. മൂത്തമ്മാവൻ തറവാടിനക്കരെ വീടുവച്ച്, വല്യപ്പനും വല്ല്യമ്മയും മരിക്കുന്നതിന് മുന്നേ താമസം മാറിയിരുന്നു. കൊച്ചമ്മാവനും കുഞ്ഞമ്മാവനും അമ്മയുടെ മൂന്ന് അനുജത്തിമാരുമാണ് ആക്കാലത്ത് അമ്മയുടെ തറവാട്ടിൽ താമസിച്ചിരുന്നത്.

പള്ളിമേടയിലെ രാത്രി യോഗം കഴിഞ്ഞ്, കുറേ മാസങ്ങൾക്ക് ശേഷം ഒരു വെള്ളിയാഴ്ച, അമ്മയുടെ രണ്ട് അനുജത്തിമാർ വീട്ടിൽ വന്നു. വികാരിയച്ചനോട് മറുതലിച്ചു നിന്ന അമ്മയോട് പിണക്കത്തിലായിരുന്ന തറവാട്ടിലെ കാരണവരായ കൊച്ചമ്മാവൻ ഞങ്ങളുടെ അടുക്കലേക്കു പറഞ്ഞയച്ചതായിരുന്നു കുഞ്ഞമ്മയെയും കൊച്ചാന്റിയെയും. ഒരു കുട്ടിച്ചാക്കിൽ പുഴുങ്ങിയുണങ്ങിയ നെല്ലു കുത്തിച്ചതും ഒരു പ്ലാസ്റ്റിക് കൈസഞ്ചിയിൽ ഒരു ചക്കപ്പഴത്തിന്റെ നാലൊന്നും താറവാട് വീടിനു താഴെ കുഞ്ഞമ്മാവൻ കൃഷി ചെയ്തുണ്ടാക്കിയ പടവലങ്ങയും കത്രിക്കയും പാവക്കയും രണ്ട് പൊതിക്കാത്ത തേങ്ങയും കൊടുത്താണ് കൊച്ചമ്മാവൻ സഹോദരിമാരെ ഞങ്ങളുടെ വീട്ടിലേക്ക് അയച്ചത്. പറത്തോട്ടിലെത്തി, നെല്ലുകുത്തിച്ചു കുട്ടിച്ചാക്കിനു കുടുമി കെട്ടി, തവിട് അതിലിട്ട് തലച്ചുമടുമായാണ് കുഞ്ഞമ്മ വീട്ടിൽ വന്നത്.
''ഇതെന്താ നിങ്ങടെ പെണക്കമൊക്കെ മാറിയോ...? എന്നെ വീട്ടിൽ കയറ്റില്ലാന്നും നിങ്ങളാരും എന്റെ വീടിന്റെ പടിചവിട്ടില്ലെന്നും പറഞ്ഞിട്ട് എന്തു പറ്റി...'  വേദന പിടിച്ചടക്കി അമ്മ കുഞ്ഞമ്മയുടെ തലയിലെ കുട്ടിച്ചാക്ക് പിടിച്ചിറക്കി തിണ്ണയിൽ വെച്ചുകൊണ്ട് ചോദിച്ചു. കൊച്ചാന്റി കയ്യിലിരുന്ന സഞ്ചി തിണ്ണക്കരുകിൽ മുറ്റത്തു തന്നെ വെച്ചു. അമ്മവീട്ടിലെ തേൻതുള്ളി വരിക്കയുടെ മണം...! പാണ്ടുപിടിച്ച പൊട്ടിയ മുഖകണ്ണാടിയിൽ നോക്കി ജെസ്സിയും ലാലിയും കണ്മഷികൊണ്ട് പൊട്ടുകുത്തി.

കുഞ്ഞമ്മക്ക് അന്ന് ഇരുപത്തിരണ്ട് വയസ്സുണ്ടാകും. അന്ന് കുഞ്ഞമ്മ അണിഞ്ഞിരുന്ന ഒരു വയലറ്റ് പാവാടയിലെ വലിയ മഞ്ഞപ്പൂക്കൾ ഇന്നുമെന്നെ നോക്കി ചിരിക്കുന്നുണ്ട്. കൊച്ചമ്മാവന്റെ ഏതോ പഴയ ഡബിൾ മുണ്ടിന്റെ കരയുള്ള ഭാഗം കീറികളഞ്ഞു റോസ് നിറത്തിലുള്ള  'വസന്ത കളർ പൗഡർ' മുക്കിയെടുത്ത ഹാഫ്‌സാരിയുടെ ഞെറിവിൽ പറക്കാൻ മോഹിച്ചിരിക്കുന്ന ഒരു പക്ഷിയെപ്പോലെ ഒരു പൗച്ചും ഉണ്ടായിരുന്നു.
''മാഞ്ഞാന് ആകെ സങ്കടമാരുന്നു. അതാ ഇതൊക്കെ തന്ന് ഞങ്ങളെ വിട്ടത്. ചേച്ചിയും പിള്ളേരും വയറ് നിറച്ച് ഒന്നും കഴിക്കുന്നുണ്ടാവില്ലന്ന് ഞാൻ എന്നുംതന്നെ പറയും. ആര് കേൾക്കാൻ....? എനിക്ക്, തന്നെ ഇറങ്ങിയിങ്ങ് പോരാൻ പറ്റുവോ..?''
അത് പറയുമ്പോൾ കുഞ്ഞമ്മ കരച്ചിലിന്റെ വക്കിലായിരുന്നു.
''നെല്ല് പറത്തോട്ടിൽ  കുത്തിച്ചു കൊണ്ടുവന്നു ചേച്ചിക്ക് തരാൻ മഞ്ഞാൻ ഇന്ന് ഉച്ചക്കാ പറഞ്ഞെ. ഇവള് പള്ളിക്കൂടം വിട്ടു വന്നിട്ടാ, ഞങ്ങള് വീട്ടീന്ന്  പോന്നെ...' കുഞ്ഞമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
മറുപടിയൊന്നും പറയാതെ അമ്മ കുഞ്ഞമ്മയേയും കൊച്ചാന്റിയേയും ചേർത്തു പിടിച്ചു. ആ മൂന്നു സഹോദരിമാരുടെ നിസ്സഹായമായ തേങ്ങലിന് കുഞ്ചിരക്കാട്ട് പാറയിലൂടെ ഒഴുകിയ തെള്ളിത്തോട് സാക്ഷിയായി. അമ്മവീട്ടിൽനിന്ന് കൊണ്ടുവന്ന കുത്തരിയിട്ട് വെച്ച ചോറും പാവയ്ക്കാ വറുത്തരച്ചുവെച്ച ചാറുകറിയും പടവലങ്ങാത്തോരനും ഒക്കെയായി അന്നത്തെ ഞങ്ങളുടെ അത്താഴം കുശാലായിരുന്നു.

പിറ്റേന്ന് ബിന്ദുവും ഞാനും കുഞ്ഞമ്മയോടൊപ്പം അമ്മവീട്ടിലേക്കു പോയി. ഞങ്ങളുടെ നാട്ടിൽ ആകെയുണ്ടായിരുന്ന ആന, പൂങ്കുടിക്കാരുടെ വീടിന്റെ മുറ്റത്ത് പനയോല തിന്നുന്നുണ്ട്. ശനിയാഴ്ച ആയതിനാൽ സാറാമ്മ ആശാത്തിയുടെ കളരിയിൽ ആളനക്കമൊന്നും ഉണ്ടായിരുന്നില്ല. കുരുവിള സിറ്റിയിലേക്ക് ഞങ്ങൾ നടക്കുമ്പോഴേക്കും ബിന്ദു ഉറങ്ങിത്തുടങ്ങി. അവളെ എടുത്ത് തോളിലിട്ട്, കുഞ്ഞമ്മ എന്റെ കൈ പിടിച്ചു പോകുമ്പോളാണ് പിറകിൽനിന്നൊരു വിളി.
''എടി പെങ്കൊച്ചേ ഒന്ന് നിന്നേ...'
കുരുവിള സിറ്റിയിൽ അന്ന് കൊല്ലന്റെ ഒരു ആലയും പലഹാരം നിറഞ്ഞ അലമാര ഇല്ലാത്ത ഒരു ചായക്കടയുമാണ് ഉണ്ടായിരുന്നത്. ചുട്ടുപൊള്ളുന്ന ഇരുമ്പിലേക്കു വെള്ളം വീഴുന്ന ഒച്ചയുടെ അകമ്പടിയോടൊപ്പം മുണ്ട് മടക്കികുത്തി തോർത്ത് മാത്രം തോളത്തിട്ട ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
''നീയേതാടി കൊച്ചേ? നിന്നെ ഇവിടൊന്നും ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ....?''
അത് പറയുമ്പോൾ കുഞ്ഞമ്മയെയും കുഞ്ഞമ്മയുടെ തോളിൽ കിടന്നുറങ്ങുന്ന ബിന്ദുവിനെയും കുത്തിവെച്ച, മൂട് കീറിയ നിക്കറും മുഷിഞ്ഞ ഷർട്ടും ഇട്ട എന്നെയും അയാൾ മാറിമാറി നോക്കി.
''എന്റെ വീട് പൂതാളീലാ...'
കുഞ്ഞമ്മ പേടിച്ചാണ് മറുപടി പറഞ്ഞത്. അപ്പോഴേക്കും ചായക്കടയിൽ ഉണ്ടായിരുന്നവരും ആലയിൽ ഉണ്ടായിരുന്നവരും എത്തി.
''നീ ഇവിടെ എവിടെ വന്നതാ?''
അയാൾ പരുഷമായി ചോദിക്കുമ്പോളും ഞങ്ങൾ കുട്ടികളെ മാറിമാറി നോക്കിക്കൊണ്ടിരുന്നു.
''ഞാൻ എന്റെ ചേച്ചിയുടെ വീട്ടിൽ വന്നതാ...'
ഉറങ്ങുന്ന ബിന്ദുവിനെ ചേർത്തുപിടിച്ചുകൊണ്ട് കുഞ്ഞമ്മ പറഞ്ഞു.
''നിന്റെ ചേച്ചിയെ ഇവിടെ എവിടാ കെട്ടിച്ചിരിക്കുന്നെ..?''
'' ഇവിടെ കൊച്ചിന്റെ കെട്യോളാ എന്റെ ചേച്ചി..''

അത് പറയുമ്പോൾ കുഞ്ഞമ്മയെപ്പോലെ എനിക്കും പേടിയായി തുടങ്ങിയിരുന്നു. ആ ആറു വയസ്സുകാരന് നാട്ടുകാരുടെ സദാചാര ഉത്തരവാദിത്തങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല.
''നിന്നെ കെട്ടിച്ചതാണോടി പെണ്ണേ...'
കൂട്ടത്തിലൊരാൾ വിളിച്ചു ചോദിച്ചു.
''അല്ല...'
കുഞ്ഞമ്മ കെട്ടിച്ചു വിടാതിരുന്നിട്ടും കുട്ടികളുമായി നടന്നതിന്റെ കുറ്റബോധവും പേറി മറുപടി പറഞ്ഞു.
''അപ്പം ഈ പിള്ളേരോ?''
തോളിൽ കിടന്ന ചുട്ടിത്തോർത്തുകൊണ്ട് നെഞ്ചും വയറുമൊക്കെ തടവിക്കൊണ്ട് അയാൾ ചോദിച്ചു.
''ഇത് ചേച്ചീടെ പിള്ളേരാ. ഞാൻ ഇവരെ കൊണ്ടുപോകാൻ വന്നതാ...'
കുഞ്ഞമ്മ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
''ഞങ്ങളങ്ങ് പേടിച്ചു പോയി. ഹാഫ് സാരീം ചുറ്റി കെട്ടിക്കാത്ത ഒരു പെണ്ണ് പിള്ളേരേം ആയിട്ടു നമ്മടെ നാട്ടിക്കൂടെ നടന്നാൽ എങ്ങനാ ശരിയാകുന്നതെന്ന്.?''
''എന്നാ നീ പൊക്കോടി കൊച്ചേ...'

നാട്ടുക്കൂട്ടത്തിന്റെ വിധി നൽകാത്ത സദാചാര വിചാരണ കഴിഞ്ഞ് ഞങ്ങൾ  കർമ്മലീത്ത മഠത്തിന് മുന്നിലെ ചേറു നിറഞ്ഞ വഴിയിലൂടെ പാറത്തോട് ടൗൺ അവസാനിക്കുന്നിടത്തു നിന്നു പൂതാളിക്കുന്നു കയറി. അമ്മയുടെ തറവാട്ടിലെ തൊടിയിൽ സ്ഥിരം പണിക്കു വന്നിരുന്ന അന്നമത്തന്റെയും ഏലിയുടെയും മറിയയുടേയുമൊക്കെ വീടുപറ്റി ഞങ്ങൾ മല കയറി. പൂതാളിയിലെ തറവാടിന്റെ തൊഴുത്തിൽ കൊച്ചമ്മാവൻ പാൽ വിൽക്കാനായി വളർത്തിയിരുന്ന പശുക്കളും എരുമയും പുല്ലും പിണ്ണാക്കും വെള്ളവും യഥേഷ്ടം കിട്ടാൻ കുഞ്ഞമ്മയുടെ വരവും കാത്തു നിന്നു.

തറവാട്ടുവീട്ടിൽ കശുമാങ്ങായിട്ടു വാറ്റിയ കോട്ടോടി കൂടിയിരുന്നു കുടിച്ച പൂതാളിക്കാർ ഏതെല്ലാം കൃഷിയിലൂടെ വരുമാനം കൂട്ടാമെന്ന് കൂട്ടുചർച്ച നടത്തി. അന്ന് രാത്രി വൈകി, കോട്ടോടിയുടെ പറ്റിലെങ്കിലും തെരുവപ്പുല്ലു ചെത്തി വാറ്റി കിട്ടുന്ന തൈലത്തിലും കൂടുതൽ വരുമാനം കഞ്ചാവ് കൃഷിക്കാണ് എന്ന് കൂടിയിരുന്നു കുടിച്ചവർ കണ്ടെത്തി. വീടിനു താഴെ തൊടിയിലെ പന്നിക്കൂട്ടിൽ ആ രാത്രി കൊച്ചമ്മാവന്റെ കാളിപ്പന്നി പെറ്റു. ഒൻപതു കുഞ്ഞുങ്ങൾ. തോടിനു മുകളിൽ നിന്ന നാട്ടുമാവിനോട് ചേർന്നുള്ള കുന്നിലെ തെരുവപ്പുല്ലു മരണം കാത്തു നിന്നു. തെരുവപുല്ല് വഴിമാറി, ചുറ്റും കിളച്ച് തടം വെട്ടി ഭാവിയിൽ നട്ട്  വളർത്താൻ പോകുന്ന നീലച്ചടയൻ കഞ്ചാവ് ചെടികളെ കാത്ത് നാട്ടുമാവും അതിനു താഴെ ഞാവൽമരവും നിന്നു. പൂതാളിയിൽ വരാനിരിക്കുന്ന നീലച്ചടയനടക്കമുള്ള വിവിധയിനം കഞ്ചാവ് കൃഷിക്കുവേണ്ടി മരിക്കേണ്ടി വരുമെന്ന് ഭയന്ന് ആ നാട്ടു മാവും ഞാവൽ മരവും തൊടിയിൽ തേങ്ങി. അപ്പോഴും കണ്ടു തീരാത്ത ഏതോ സ്വപ്നത്തിന്റെ ബാക്കിയെന്നപോലെ കുഞ്ഞമ്മയുടെ കട്ടിലിൽ ഞാൻ കിടന്നുമുള്ളി. നീലച്ചടയൻ നട്ടു തുടങ്ങും മുൻപേ എനിക്ക് കുഞ്ഞമ്മയുടെ അടി വീണു.

(നാലാം ഭാഗം അടുത്ത ബുധനാഴ്ച)