
''വെള്ളച്ഛൻ ഇപ്പോ വെളിച്ചപ്പാടല്ല. അയാളുടെ ശരീരത്തിൽ ഭഗവതി കേറിയിരിക്കുകയാണ്. ശരീരം മാത്രമാണ് വെളിച്ചപ്പാടിന്റേത്.'' - അമ്മ പറഞ്ഞു.
നിള അത്ഭുതത്തോടെ വെളിച്ചപ്പാടിനെ നോക്കി. ആ കണ്ണുകൾ തീക്ഷ്ണം. ശബ്ദം ഭയങ്കരം.
Also Read
''മകള് പറ. എന്താണ് വിഷമം?'' - വെള്ളച്ഛന്റെ ശരീരത്തിലെ ഭഗവതി വീണ്ടും ചോദിച്ചു.
വൃദ്ധ കണ്ണീര് തുടച്ചു.
''വീട്ടില് സ്വസ്ഥതയില്ല ഭഗവതീ.''
''എന്തുപറ്റി? ആരാ കുഞ്ഞിന്റെ സ്വസ്ഥത കെടുത്തിയത്?''
''ന്റെ മരുമോള്.''
നിള അവർ പറയുന്ന കാര്യം ശ്രദ്ധിച്ചു. മരുമകളും മകനും ചേർന്ന് അവരെ ഉപദ്രവിക്കാറുണ്ടത്രേ. നല്ല സ്‌നേഹമുള്ള കുട്ടിയായിരുന്നു മകൻ. മരുമകൾ അവനെ വശീകരിച്ച് അമ്മക്ക് എതിരാക്കി. അതൊക്കെയാണവരുടെ പരാതി.
''കുട്ടികളല്ലേ മകളേ, ക്ഷമിക്കൂ.''- ഭഗവതി ഉപദേശിച്ചു
''ഭൂമിയോളം ക്ഷമിച്ചു. ഇനി വയ്യ.''
''അവരോട് മനസ് തുറന്ന് സംസാരിക്കൂ മകളേ.''
''അങ്ങനെ സംസാരിക്കാൻ പറ്റിയ പെണ്ണല്ല അവൾ.''
ആ സംസാരം അങ്ങനെ അരമണിക്കൂറോളം നീണ്ടു. ദേവിയോട് പരാതി പറയാനെത്തിയ ബാക്കിയുള്ളവർ അക്ഷമരായി. അവർ മുറുമുറുപ്പ് തുടങ്ങി. വൃദ്ധയുടെ പരാതികൾ തീരുന്നേയില്ല. ഭഗവതി പരിഹാരങ്ങൾ പലതു നിർദേശിച്ചിട്ടും വൃദ്ധ തൃപ്തയായില്ല. പതിയെ പതിയെ വെളിച്ചപ്പാടിന്റെ ശബ്ദത്തിലെ ഗാംഭീര്യം കുറഞ്ഞു. കണ്ണുകളിലെ തീക്ഷ്ണത മാഞ്ഞു. ചിലമ്പുകളുടെ കിലുക്കം നേർത്തു നേർത്തു വന്നു. വൃദ്ധ പരാതി പറഞ്ഞു കൊണ്ടേയിരുന്നു. അവസാനം വെളിച്ചപ്പാടിന്റെ ശരീരത്തിൽ നിന്ന് ഭഗവതി പാടേ ഒഴിഞ്ഞു പോയി. അയാൾ വീണ്ടും കാവിലെ വെള്ളച്ഛനായി.
''ശരി, ദേവകിയേടത്തി, ഇപ്പോ പൊയ്‌ക്കോളൂ. വൈകുന്നേരം ഞാനങ്ങോട്ട് വരാം. മരുമകളോട് സംസാരിക്കാം.'' - വെള്ളച്ഛൻ തളർച്ചയോടെ പടിയിലിരുന്നു.
വൃദ്ധ മനസില്ലാമനസോടെ തല കുലുക്കി. പിന്നെ തിരിച്ചു പോയി. അപ്പോഴേക്കും ആളുകൾ ഓരോരുത്തരായി പിരിഞ്ഞു പോയിരുന്നു. നടയുടെ മുന്നിൽ നിളയും അച്ഛനും അമ്മയും മാത്രമായി.
''മാധവൻ എപ്പോഴാ വന്നത്?'' -വെള്ളച്ഛൻ അച്ഛനോട് ചോദിച്ചു.
''ഇന്നലെ.''
''ഇത് മകളല്ലേ? മകളുടെ പേര് എന്നത്?'' - വെള്ളച്ഛൻ നിളയോട് ചോദിച്ചു.
''നിള.''- അവൾ പറഞ്ഞു.
വെള്ളച്ഛന്റെ മുഖം വിടർന്നു.
''നദീനാമം. നദി പോലൊഴുകട്ടെ.'' -വെള്ളച്ഛൻ നിളയുടെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു.
''ഇവിടെ വന്നപ്പഴാ ഞങ്ങൾ ചില കാര്യങ്ങൾ കേട്ടത്.'' -അച്ഛൻ പറഞ്ഞു.
വെള്ളച്ഛൻ പുരികമുയർത്തി.
''കണ്ണാടിക്ക്് എന്തോ ശാപം...''
''ഓ, അവളെ പറ്റിയാണോ? വനതി?'' - വെള്ളച്ഛൻ ഉദാസീനതയോടെ ചോദിച്ചു.
''ഉം.''
''പലതും ആളുകൾ ഊതിപ്പെരുപ്പിച്ചുണ്ടാക്കുന്ന കഥകളാ.''
''എന്നാലും ഒന്ന് കരുതിയിരിക്കുന്നത് നല്ലതല്ലേ. വെള്ളച്ഛൻ ഓരോ ചരട് ജപിച്ചുതന്നാൽ....''
''അതൊക്കെ തരാം. പക്ഷേ, അതൊക്കെ അവനന്റെ മനസമാധാനത്തിനാണ്. അവളുടെ അടുത്ത് ഉടക്കാൻ നിൽക്കാണ്ടിരുന്നാ മതി. അതാണ് പ്രധാനം.''
വെള്ളച്ഛൻ സഹായിയോട് എന്തോ മന്ത്രിച്ചു. അയാൾ ഉടനെ അകത്ത് നിന്ന് ഒരു താലം എടുത്തു വന്നു. ഭസ്മം പൂശിയ കുറേ ചരടുകളും ഏലസുകളുമായിരുന്നു താലത്തിൽ. വെള്ളച്ഛൻ അതിലൊന്നെടുത്തു. കണ്ണടച്ച് എന്തോ ജപിച്ചു. പിന്നെ നിളയുടെ കൈയ്യിൽ കെട്ടി കൊടുത്തു.
''പേടിക്കണ്ട ട്ടോ.'' -വെള്ളച്ഛൻ പറഞ്ഞു.
നിള തലയാട്ടി.
അടുത്തത് അമ്മയുടെ ഊഴമായിരുന്നു. പിന്നെ അച്ഛൻ.
മൂന്നു പേരുടേയും കൈയ്യിൽ ചരട് ജപിച്ചു കെട്ടിയ ശേഷം വെള്ളച്ഛൻ പറഞ്ഞു: ''വനതിയുടെ അറിവുകൾ നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്. ഈ ചരട് അവളെ നിയന്ത്രിക്കാനുള്ളതല്ല. സ്വയം നിയന്ത്രിക്കാനുള്ളതാണ്.''
തിരികെ വീട്ടിലേക്ക് നടക്കുമ്പോഴും നിളയുടെ മനസിൽ വെള്ളച്ഛന്റെ വാക്കുകളായിരുന്നു. ആ ദുർമന്ത്രവാദിനിയോട് ഏറ്റുമുട്ടാൻ ഭഗവതിയുടെ വെളിച്ചപ്പാടിനു പോലും സന്ദേഹം. ഒന്നുകിൽ ഇവിടുത്തെ ആളുകളെല്ലാം കടുത്ത അന്ധവിശ്വാസികളായിരിക്കണം. അല്ലെങ്കിൽ വനതിക്ക് അപാരമായ എന്തൊക്കെയോ കഴിവുണ്ടായിരിക്കണം.
അവർ പാടത്തു നിന്ന് ഒരിടവഴിയിലേക്കിറങ്ങി. ഇടവഴിയുടെ ഇരുവശത്തും മരക്കൂട്ടങ്ങളായിരുന്നു. പലതരം പക്ഷികളുടെ ശബ്ദങ്ങൾ അവിടെ മുഴങ്ങി. പക്ഷികളൊക്കെയും വനതിയുടെ ചാരന്മാരാണത്രേ.
''എന്റെ ഓർമ്മയിൽ അവളൊരു പാവം കുട്ടിയായിരുന്നു. ആരോടും അധികം മിണ്ടാട്ടമില്ലാത്ത കുട്ടി. അവളെങ്ങനെയാണ് കണ്ണാടിയുടെ പേടിസ്വപ്നമായി മാറിയതെന്ന് എനിക്ക് പിടി കിട്ടുന്നില്ല.''
അച്ഛൻ പറഞ്ഞു നാക്കെടുത്തില്ല. തൊട്ടു പിന്നിൽ നിന്നും ഒരു വാഹനത്തിന്റെ ഹോൺ മുഴങ്ങി. മൂന്നു പേരും ഞെട്ടിത്തിരിഞ്ഞു.
കറുത്ത സ്‌കൂട്ടിയിൽ വരുന്ന ആളെ കണ്ട് അവരുടെ ശബ്ദം അറിയാതെ നിലച്ചു. കാലുകൾ വിറച്ചു.
അത് വനതിയായിരുന്നു.(ദുർമന്ത്രവാദിനി) (തുടരും....)
Content Highlights: Kannadiyile Manthravadhini Novel Part 8
Published: 15 May 2026, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented