നേരം പുലർന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ. പശുത്തൊഴുത്തിന്റെ ഭാഗത്തുനിന്നാണ് ശാരദാമ്മ നിലവിളിച്ചത്.
അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ശോഭയും അലറി കരഞ്ഞു പോയി.
തൊഴുത്തിനുള്ളിൽ ചത്തുമലച്ചു കിടക്കുന്ന രണ്ടു പശുക്കൾ. പത്തുലിറ്റർ പാല് വീതം തരുന്ന മുന്തിയിനം പശുക്കളാണ് കണ്ണുകൾ തുറിച്ച് വായിലും മൂക്കിലും നുരയും പതയും വന്നു ചത്തു കിടക്കുന്നത്.
അപ്പോഴേക്കും രവിയും ജലജയും ഹരിയും തറവാട്ടു മുറ്റത്തേക്ക് ഓടി എത്തി.
'ആരാണ് നിലവിളിച്ചത്...? അമ്മേ...എന്തുപറ്റി!'
രവി പകപ്പോടെ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
അതിനു മറുപടി പറയാതെ ശാരദാമ്മ പശുത്തൊഴുത്തിലേക്ക് കൈ ചൂണ്ടി.
ആ കാഴ്ച കണ്ട രവി ഞെട്ടിപ്പോയി.
'എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..?'
ജലജ പേടിയോടെ അമ്മയെ നോക്കി.
രവിയും ഹരിയും പശുക്കളുടെ അടുത്തേക്ക് ചെന്നു.
'പുലി കടിച്ചു കൊന്നതാണോ ഏട്ടാ...' ഹരി തന്റെ സംശയം പറഞ്ഞു.
'പുലി ആണെങ്കിൽ മാംസം കുറച്ചെങ്കിലും ഭക്ഷിക്കാതെ പോകില്ല.... കണ്ണുകൾ മിഴിച്ചിരിക്കുന്നത് കണ്ടില്ലേ... എന്തോ കണ്ടു ഭയന്നതുപോലെയുണ്ട്... '
പശുക്കളെ പരിശോധിച്ച് കൊണ്ട് രവി പറഞ്ഞു.
നിലവിളിയും ബഹളവും കേട്ടുകൊണ്ടാണ് രാമേട്ടൻ എണീറ്റ് വന്നത്. വീടിനോട് ചേർന്നുള്ള ഒരു മുറിയിലാണ് രാമേട്ടൻ താമസിക്കുന്നത്.
'എന്തുപറ്റി രവി സാറേ...?' അയാൾ തൊഴുത്തിനടുത്തേക്ക് വന്നു.
' രാമേട്ടാ... നമ്മുടെ പശുക്കൾ ചത്തു.' വിഷമത്തോടെ രവി പറഞ്ഞു.
രാമേട്ടൻ പശുക്കളുടെ അടുത്ത് ചെന്ന് വിശദമായി പരിശോധിച്ചു.
'പുലി പിടിച്ചതൊന്നുമല്ല സാറേ... വിഷബാധയേറ്റതാണെന്ന് തോന്നുന്നു. കണ്ടില്ലേ പശുക്കളുടെ കഴുത്തിൽ പാമ്പിന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയ പോലുള്ള പാടുകൾ...'
രാമേട്ടൻ പറഞ്ഞപ്പോഴാണ് രവിയും ഹരിയും അത് കണ്ടത്.
കഴുത്തിൽ വലിയ രണ്ട് പല്ലുകൾ ആഴത്തിലിറങ്ങിയിരിക്കുന്നു. ആ മുറിവിൽ നിന്നും രക്തം പൊടിഞ്ഞു നിൽക്കുന്നുണ്ട്.
രാമേട്ടൻ പശുക്കളുടെ കണ്ണുകളിൽ കുറെ നേരം നോക്കി.
' സാറേ... വിഷബാധയേറ്റതാണെങ്കിൽ കണ്ണുകളിൽ നീലനിറം കാണണം. പക്ഷേ അങ്ങനെ ഒന്നും കാണാനില്ല.' സംശയത്തോടെ രാമേട്ടൻ ഇരുവരെയും മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു.
'സാറേ.. ഇതേതോ ദുഷ്ട ശക്തികളുടെ പണിയാണെന്നാ തോന്നുന്നത്. അവറ്റകൾ എന്തോ കണ്ടു ഭയന്നതുപോലെ കണ്ണുകൾ തുറിച്ചാണ് ഇരിക്കുന്നത്. പശുക്കളെ മാടൻതല്ലുക എന്നൊക്കെ അച്ഛനപ്പൂപ്പന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്.. '
രാമേട്ടൻ പറഞ്ഞത് ശരിയാണെന്ന് രവിക്കും തോന്നി. അങ്ങനെ ചില സംഭവങ്ങൾ ആയാളും കേട്ടിട്ടുണ്ടായിരുന്നു.
മൃഗഡോക്ടറെ വരുത്തി പശുക്കളുടെ ശവം പോസ്റ്റ്‌മോർട്ടം ചെയ്യിക്കണമെന്ന് രവി ഉറച്ചു.
അക്കാര്യം അയാൾ എല്ലാവരോടും പറയുകയും ചെയ്തു. അതിനുവേണ്ട ഏർപ്പാടുകൾ ചെയ്യാൻ രാമേട്ടനെ ചുമതലപ്പെടുത്തി. രാമേട്ടൻ ജീപ്പ് എടുത്തു കൊണ്ട് ഡോക്ടറെ കൂട്ടിക്കൊണ്ടു വരാനായി പോയി.
മൂന്നാലു ദിവസങ്ങൾ കടന്നുപോയി. പശുക്കളുടെ മരണകാരണം ശരീരത്തിലെ രക്തം മുഴുവൻ നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയപ്പോൾ രവി അമ്പരന്നുപോയി.
എങ്ങനെയതു സംഭവിക്കുമെന്ന് എത്ര ആലോചിച്ചിട്ടും അയാൾക്ക് മനസ്സിലായില്ല.
കിരൺ ലാപ്‌ടോപ്പിൽ റീൽസ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മേശപ്പുറത്ത് തലയും ഉടലും വേർപെട്ടു കിടക്കുന്ന പ്രതിമ കണ്ടത്. അവൻ ആ തകർന്ന പ്രതിമ എടുത്തു കൊണ്ടുപോയി രണ്ടാം നിലയിലേയ്ക്കു കയറുന്ന സ്റ്റെയർകേസിനടിയിൽ പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന ചെറിയൊരു അറയിലിട്ട് വാതിൽ അടച്ചു.
അന്ന് മഴ മാറിനിന്ന് ഒരു പകലായിരുന്നു.
നല്ല തെളിഞ്ഞ ആകാശം.
' ഏട്ടാ... ഇന്ന് നമുക്ക് ഹണ്ടിംങ്ങിനു പോയാലോ. എത്ര നാളായി ഏട്ടനോടൊപ്പം കാട്ടിൽപോയിട്ട്. ' ഹരി പറഞ്ഞു. 'ഞാനും രാമേട്ടനും മാസത്തിൽ ഒന്ന് കാട്ടിൽ കയറാറുണ്ട്. മരപ്പട്ടിയോ, കേഴയോ ഒക്കെ കിട്ടും. ആരെയും അറിയിക്കാറില്ലെന്ന് മാത്രം. പുറത്തറിഞ്ഞാൽ കേസാ.
ജാമ്യം പോലും കിട്ടത്തില്ല... നിന്റെ ആഗ്രഹം അതാണെങ്കിൽ നമുക്ക് പോകാം. ഇന്നാണെങ്കിൽ കാലാവസ്ഥയും നല്ലതാ...ഹെഡ് ലൈറ്റും തോക്കും തിരയും എല്ലാം റെഡിയാക്കി വെയ്ക്കാം... ' എണീറ്റു കൊണ്ട് രവി പറഞ്ഞു.
രാത്രി! നിലാവിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞ് മലമുകളിൽ നിന്നും താഴേക്ക് വീണു.
കുന്നിൻ മുകളിലെ വീട്ടിൽ നിന്നും വെളിച്ചത്തിന്റെ പാലലകൾ പുറത്തേക്ക് ചിതറി വീഴുന്നുണ്ടായിരുന്നു.
ജലജ സ്വീകരണമുറിയിലെ സെറ്റിയിൽ തല ചായ്ച്ച് കിടന്ന് അല്പം മയങ്ങിപ്പോയി.
പുറത്തെ വാതിലിലൂടെ ഒരു പിശറൻ കാറ്റ് അകത്തേക്ക് വീശി. ഭിത്തിയിൽ കിടന്ന് കലണ്ടറിന്റെ പേജുകൾ മറിഞ്ഞു.
പതിമൂന്നാം തീയതി വെള്ളിയാഴ്ച എന്നെഴുതിയ ഭാഗത്ത് കലണ്ടർ നടുവേ കീറി.
അവിടെ ഭിത്തിക്കുള്ളിൽ നിന്നും ചോരത്തുള്ളികൾ താഴേക്ക് ഒഴുകി.
ക്ലോക്കിൽ പന്ത്രണ്ടടിച്ചപ്പോൾ ജലജ പരിഭ്രമത്തോടെ ഞെട്ടിയുണർന്നു!
രവിയേട്ടനും ഹരിയും മടങ്ങിയെത്താൻ എന്താണ് ഇത്ര താമസിക്കുന്നത്? അവളോർത്തു.
ജലജ ജനലിലൂടെ രാമേട്ടന്റെ മുറിയിലേക്ക് നോക്കി. വെളിച്ചം കാണാനില്ല. രാമേട്ടൻ ഉറങ്ങിയെന്ന് തോന്നുന്നു.
ബെഡ്‌റൂമിൽ കിരൺ മോനും നല്ല ഉറക്കമാണ്. വേലക്കാരി സരളയും ഉറങ്ങിക്കഴിഞ്ഞു.
പാതിരാത്രിയിൽ ഈ ബംഗ്ലാവിൽ ഉറങ്ങാത്ത മനുഷ്യജീവി താൻ മാത്രമേയുള്ളൂ. പശുക്കളെ കൊന്നത് ഏതോ ദുഷ്ടശക്തി ആണെന്ന രാമേട്ടന്റെ വാക്കുകൾ ജലജയുടെ മനസ്സിൽ നിന്നു പോയിരുന്നില്ല. മാത്രമല്ല, ഇന്ന് ഫ്രൈഡേയും ആണ്.
അവളുടെ മനസ്സിൽ വല്ലാത്തൊരു ഭീതി ഫണമുയർത്തി.
അനിതമോളെ കൂട്ടിന് വിളിക്കാമായിരുന്നുവെന്ന് ജലജ ഓർത്തു.
പെട്ടെന്ന് ശക്തിയായ ഒരു ഇടി വെട്ടി. കറന്റ് പോയി. ജലജ മേശപ്പുറത്തിരുന്ന് മെഴുകുതിരി കത്തിച്ചു.
ചതുപ്പു നിലത്തിനപ്പുറം വനാതിർത്തിവരെ ജീപ്പിലാണ് രവിയും ഹരിയും എത്തിയത്. ജീപ്പ് അവിടെ ഇട്ടശേഷം ഇരുവരും വനാന്തർഭാഗത്തേക്ക് നടന്നു.
'ഇന്ന് ഒരു മുയലിനെ പോലും കാണുന്നില്ലല്ലോ... സമയം പന്ത്രണ്ടരകഴിഞ്ഞു. ജലജ കാത്തിരുന്നു മടുത്തു കാണും... ' നിരാശയോടെ രവി പറഞ്ഞു.
' നമുക്ക് പുലിക്കയത്തിനു സമീപം വരെ ഒന്ന് പോയി നോക്കിയാലോ ഏട്ടാ... എന്നിട്ട് മടങ്ങാം...' ഹരി മുന്നോട്ടു നടക്കുന്നതിനിടയിൽ പറഞ്ഞു.
'പുലിക്കയത്തിന് അടുത്തേക്ക് പോവണ്ട... അതത്ര നല്ല സ്ഥലമല്ല...'
' അതൊക്കെ തോട്ടം തൊഴിലാളികൾ ഓരോ നിറം പിടിപ്പിച്ച കഥകൾ ഉണ്ടാക്കി പറയുന്നതല്ലേ ഏട്ടാ...'
'അല്ല ഹരി...ആ കയത്തിനുള്ളിൽ ഏതോ അമാനുഷിക ശക്തിയുണ്ട്... ഒരിക്കൽ ചൂണ്ടയിടാൻ വന്ന നമ്മുടെ രാമേട്ടനെ അത് പേടിപ്പിച്ചു...ഒരാഴ്ച രാമേട്ടൻ പനിച്ചു കിടന്നു.. '
വേണ്ടെങ്കിൽ പോകണ്ട... നമുക്ക് തിരിച്ചു പോകാം...' ഹരി പറഞ്ഞു.
' അതാ നല്ലത്... ഇനി ഒന്നും കിട്ടില്ലെന്ന് മനസ്സു പറയുന്നു. മാത്രമല്ല. സമയം ഒരുപാടായി... '
തലയിലിരുന്ന ഹാറ്റിലെ മഞ്ഞിൻ കണങ്ങൾ തട്ടിക്കളഞ്ഞുകൊണ്ട് രവി പറഞ്ഞു.
അവർ തിരിച്ചു നടക്കാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് മുമ്പിൽ പൊന്തക്കാടിനുള്ളിൽ ഒരു അനക്കം!
രവി തോക്ക്ചൂണ്ടി. ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ ഒരു കൂറ്റൻ കാട്ടുപന്നി തങ്ങൾക്ക് നേരെ പാഞ്ഞു വരുന്നത് അവർ കണ്ടു.
'വിടരുത് അവനെ.... '
പന്നിയുടെ കണ്ണിലേക്ക് ടോർച്ചടിച്ചുകൊണ്ട് ഹരി പറഞ്ഞു.
ഞൊടിയിടയിൽ രവി തോക്കിന്റെ കാഞ്ചി വലിച്ചു. വെടിപൊട്ടി.
മലമടക്കുകളിൽ പ്രതിധ്വനിയുണ്ടായി.
ചുറ്റും മൂടൽമഞ്ഞ് പോലെ പുക ഉയർന്നു.
പന്നിക്ക് വെടിയേറ്റിട്ടുണ്ടെന്ന് രവിക്ക് തീർച്ചയായിരുന്നു.
നേരിയ ഒരു കാറ്റു വീശി.
മൂടൽമഞ്ഞിന്റെ പുകപടലം നീങ്ങിപ്പോയി. അടുത്തനിമിഷം ആ കാഴ്ച കണ്ട് അവർ നടുങ്ങി വിറച്ചു പോയി!
വെടിയേറ്റ പന്നിയുടെ തേറ്റയിൽ നിന്നുചോര ഒലിച്ചിറങ്ങുന്നു. അതിനുചുറ്റും അതേപോലെ അസംഖ്യം പന്നികൾ. അവറ്റകൾ മുരണ്ടുകൊണ്ട് വാ പൊളിച്ചപ്പോൾ രക്തം പറ്റിയിരിക്കുന്ന തേറ്റപ്പല്ലുകൾ അവർ കണ്ടു.
'ഹരി.... നമ്മൾ ഉദ്ദേശിച്ചത് പോലെ അത് യഥാർത്ഥ പന്നിയല്ല... വേറെന്തോ പൈശാചിക ശക്തിയാണ്.. ഇതുപോലെത്തെ സംഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്...വേഗം പോകാം...'
രവി അതു പറഞ്ഞിട്ട് ഓടി. പിന്നാലെ ഹരിയും!
ക്ലോക്കിൽ ഒരു മണി അടിച്ചു.
ജലജ എണീറ്റ് വാഷ്‌ബേസനിൽ പോയി മുഖം കഴുകി ടർക്കി ടൗവലെടുത്ത് തുടച്ചു.
അപ്പോഴാണ് പുറത്തെ ഗെയിറ്റിൽ ഒരു രൂപം ചലിക്കുന്നതുപോലെ അവൾക്ക് തോന്നിയത്.
ജീപ്പ് വരുന്ന ഒച്ചയൊന്നും കേട്ടില്ല. അതിനർത്ഥം രവിയേട്ടനും ഹരിയുമല്ല. മറ്റാരോ ആണ് ഗെയിറ്റിൽ. രാമേട്ടൻ കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ടാവും. ഈ അസമയത്ത് ആരായിരിക്കും?
ജലജ വേഗം ജനാല തുറന്നു പുറത്തേക്കു നോക്കി.
ഗേറ്റിൽ നിന്നും ഒരു മുരൾച്ച കേട്ടു. അതൊരു പുലിയുടെ മുരളൽ പോലെ അവൾക്ക് തോന്നി.
ജലജ സൂക്ഷിച്ചു നോക്കി.
അടുത്ത നിമിഷം അവൾ ഞെട്ടിപ്പോയി!
നിലാവെളിച്ചത്തിൽ ജലജ ആ കാഴ്ച കണ്ടു!
ഗേറ്റിൽ ഒരു വലിയ കാട്ടുപന്നി നിൽക്കുന്നു.
അത് മുക്രയിട്ടുകൊണ്ട് ഗെയ്റ്റിൽ ആഞ്ഞിടിച്ചു.
പെട്ടെന്ന് ആ ജന്തുവിന്റെ തലയുടെ ഭാഗത്ത് പുള്ളിപ്പുലിയുടെ തലയ്ക്ക് സമാനമായ ഒരു തല കിളിർത്തു വന്നു. അത് ഉറക്കെ ഗർജിച്ചു!
(തുടരും)
Content Highlights: Horror Novel Kadal Chekuthan Part 2
Published: 07 Aug 2026, 12:49 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented